Tuesday, April 23, 2024
Novel

നീരവം : ഭാഗം 14

Spread the love

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

രാവിലെ ആദ്യം മീരയാണ് ഉണർന്നത്.മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴാണ് തന്നെ പുണർന്ന് തനിക്ക് അരികിൽ കിടക്കുന്ന നീരവിനെ കണ്ടത്.അതോടെ രാത്രിയിലെ സംഭവങ്ങൾ ഓർമ്മയിൽ തെളിഞ്ഞത്.

കുറ്റബോധം നിഴലിച്ചിരുന്നു മുഖത്ത്.നീരവിനെ ഉണർത്താതെ ആലിംഗനം ചെയ്ത അവന്റെ കൈകൾ പതുക്കെ മാറ്റിവെച്ച് അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു. അപ്പോഴാണ് ശരീരത്തിൽ ഉടയാടകളൊന്നുമില്ലെന്ന് അവൾക്ക് ബോദ്ധ്യം വന്നത്.

നിലത്ത് അലക്ഷ്യമായി കിടന്നിരുന്ന തുണികളെടുത്ത് ധൃതിയിൽ ധരിച്ചിട്ട് ഭിത്തിയിലേക്ക് ചാരി നിന്നു.അവളിൽ നിന്ന് അശ്രുകണങ്ങൾ അടർന്ന് താഴേക്ക് ഒഴുകി.

ചെയ്തു പോയ തെറ്റിന്റെ ആഴങ്ങളിലേക്ക് അപ്പോഴാണ് മനസ്സ് ഉരുകാൻ തുടങ്ങിയത്. ഭൂമി പിളർന്ന് അതിന്റെ മടിത്തട്ടിൽ ഓടിയൊളിക്കാനായി മനസ്സ് ആത്മാർത്ഥമായി ആഗ്രഹിച്ചു.

എത്രസമയം കണ്ണീരൊഴുക്കി അങ്ങനെ നിന്നെന്ന് അറിയില്ല.ഒടുവിൽ വാടി തളർന്ന താമരത്തണ്ട് പോലെ ഇമകൾ കൂട്ടിയടച്ച് മീര താഴേക്ക് തളർന്നിരുന്നു.കാലുകൾക്കിടയിൽ മുഖമൊളിപ്പിച്ച് കുനിഞ്ഞിരുന്നു.

നീരവ് ഉണരുമ്പോൾ മീര കുനിച്ചിരുന്ന് കരയുകയാണ്.അവനൊന്നും സംഭവിക്കാത്ത പോലെ എഴുന്നേറ്റു ലുങ്കി വാരിയുടുത്ത് കട്ടിലിൽ ചെന്നിരുന്നു.

“ചായ വേണം”

ആരോടെന്നില്ലാ നീരവ് ഉറക്കെ പറഞ്ഞു. മീരയത് കേട്ടില്ല.അവളുടെ ശരീരം മാത്രമേ ഇവിടെയുള്ളൂ മനസ്സ് മറ്റെവിടെയോ ആയിരുന്നു.

“നീഹാരികേ എനിക്ക് ചായ വേണം”

ഈ പ്രാവശ്യം ശബ്ദം വല്ലാതെ ഉയർന്നു. മീര ഞെട്ടിപ്പിടഞ്ഞ് നീരവിനെ ഉറ്റുനോക്കി.രാത്രിയിൽ സംഭവച്ച തെറ്റിന്റെ യാതൊരു കുറ്റബോധവും അവന്റെ മിഴികളിൽ ഇല്ലായിരുന്നു. അവനെ നോക്കുന്തോറും അവളിൽ തേങ്ങൽ വീണ്ടും ഉയർന്നു.

ശരീരത്തിന്റെ ശക്തി നഷ്ടപ്പെട്ടു ദുർബല ആയതുപോലെ ആയിരുന്നു മീരയുടെ അവസ്ഥ.നീരവിന്റെ വാശി കൂടിയപ്പോൾ അവൾ ഭിത്തിയിൽ അള്ളിപ്പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു. തലയാകെ ചുറ്റുന്നു.നേരെ നിൽക്കാൻ കഴിയുന്നില്ല.

എങ്കിലും ശ്രമപ്പെട്ട് എഴുന്നേറ്റു ഡ്രസും എടുത്ത് നേരെ ബാത്ത് റൂമിൽ കയറി. തുണികൾ അഴിച്ചു മാറ്റി ഷവറിനു കീഴെ നിന്നു.തണുത്ത ജലം ശരീരമാകെ പതിച്ചപ്പോൾ എവിടെയൊക്കയോ നീറ്റൽ അനുഭവപ്പെട്ടു.

കുറെയേറെ സമയം ഷവറിന് കീഴിൽ അവൾ നിന്നു.മനസ്സും ശരീരവും ചുട്ടു പൊള്ളുകയാണ്.എങ്കിലും മനസ്സിനെയൊരുവിധം അടക്കി നിർത്തി.തല തോർത്തി ഡ്രസ് മാറ്റി ധരിച്ച് മീര പുറത്തേക്കിറങ്ങി.

നീരവിനുളള ചായ എടുക്കാനായാണ് മീര അടുക്കളയിൽ ചെന്നത്.അവളെ കണ്ടതും മീനമ്മ ഇരുത്തിയൊന്ന് നോക്കിയതോടെ ഉള്ളിലൊരു ആന്തലുണ്ടായി.

“ദൈവമേ മീനമ്മ എല്ലാം അറിഞ്ഞാൽ ഈ നിമിഷം തന്നെ ഇവിടെ നിന്ന് ഇറക്കി വിടും”

മനസ്സിലെ ആളൽ പുറമേ കാണാതിരിക്കാൻ അവൾ ശ്രദ്ധിച്ചു.

“അമ്മേ ഏട്ടനുളള ചായ”

“എന്നോടെന്തിനാടീ ചോദിക്കുന്നത്. നീയല്ലേ ഇവിടത്തെ കാര്യക്കാരി.വേണമെങ്കിൽ കൊണ്ട് ചെന്ന് കൊടുക്ക്”

മീനമ്മയുടെ നീരസത്തിന്റെ കാരണം മീരക്ക് ഊഹിക്കാൻ കഴിഞ്ഞു. നീരവേട്ടനെ പുലർച്ചേ ജോഗിങ്ങിനു കൊണ്ടു പോയതിനെ തുടർന്ന് ഉണ്ടായ വഴക്കും നീരജ തന്നെ സപ്പോർട്ട് ചെയ്തതിന്റെ അരിശവുമാണ് ഇപ്പോൾ തന്നിൽ തീർക്കുന്നതെന്ന് മീര ഓർത്തു.

വന്നപ്പോൾ എത്രയോ സ്നേഹത്തോടെ പെരുമാറിയ ആളാണ്.സ്നേഹം വാരിക്കോരി നൽകിയട്ട് ഇപ്പോൾ ചവിട്ടി താഴ്ത്താൻ ശ്രമിക്കുന്നു. മനുഷ്യർ എത്ര പെട്ടന്നാണ് നിറമാറുന്നത്.സങ്കടത്തോടെ അവളോർത്തു.

ഫ്ലാസ്ക്കിൽ നിന്ന് രണ്ടു കപ്പ് ചായയും പകർന്നു മീര മുകളിലെ മുറിയിലെത്തി. ബാത്ത് റൂമിൽ നിന്ന് വെളളത്തിന്റെ ശബ്ദം കേട്ടപ്പോൾ നീരവ് അതിനുള്ളിലാണെന്ന് അവൾക്ക് മനസ്സിലായി.

മീര ചായക്കപ്പ് ടേബിളിൽ വെച്ചിട്ട് കിഴക്ക് ഭാഗത്തുള്ള ജനാല വാതിലിനു അടുത്തെത്തി പാളികൾ മലർക്കെ തുറന്നിട്ടു.

കൊയ്യാൻ പാകമാകാറായ നെൽക്കതിരുകൾ മഞ്ഞിൽ കുളിച്ചു തല താഴ്ത്തി പാടത്ത് നിൽക്കുന്നടത്തേക്ക് മീരയുടെ കണ്ണുകളെത്തി.അങ്ങനെ നോക്കി നിൽക്കുമ്പോഴാണ് അമ്മയുടെ ഓർമ്മകൾ മനസ്സിലേക്ക് വിരുന്നിനെത്തിയത്.

കണ്ണുകൾ വീണ്ടും പെയ്യുവാൻ തുടങ്ങി. എത്ര സമയം അങ്ങനെ നിന്നെന്ന് അറിഞ്ഞില്ല.പിൻ കഴുത്തിലൊരു ചുടു ചുംബനം പതിച്ചതോടെ അവളൊന്ന് പൊള്ളിപ്പിടഞ്ഞു.ഞെട്ടിത്തിരിഞ്ഞ് നോക്കുമ്പോൾ നീരവ് പിന്നിൽ നിൽക്കുന്നു.

കുളി കഴിഞ്ഞു അവൻ ഇറങ്ങി വന്നതൊന്നും അവൾ അറിഞ്ഞിരുന്നില്ല.വേവുന്ന മനസ്സുമായി ലക്ഷ്യബോധമില്ലാതെ അങ്ങനെ നിൽക്കുകയായിരുന്നു..നീരവിനെ കണ്ടതോടെ അവനിൽ നിന്ന് തെന്നി മാറാൻ ശ്രമിച്ചു. കഴിഞ്ഞില്ല അതിനു മുമ്പേ അവളെ വാരിയെടുത്തവൻ തന്നിലേക്ക് അടുപ്പിച്ചു.കുതാൻ ശ്രമിച്ചെങ്കിലും കൂടുതൽ കരുത്തോടെ അവളുടെ ഇടുപ്പിലൂടെ കൈകൾ കോർത്ത് നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.

അവന്റെയോരോ ചുടുനിശ്വാസങ്ങളും അവളുടെ മുഖത്ത് പതിച്ചു കൊണ്ടിരുന്നു. മീരയുടെ കുനിഞ്ഞ ശിരസ്സ് താടിയിൽ പിടിച്ചു ഉയർത്തി ചെയ്യാൻ വിതുമ്പി നിൽക്കുന്ന അവളുടെ മിഴികളിലേക്ക് നോക്കി കൊണ്ടിരുന്നു.

അവന്റെ പ്രണയാർദ്രമായ നോട്ടത്തിൽ നിന്നും ഓടിയൊളിക്കാൻ അവളുടെ കണ്ണുകൾക്ക് കഴിഞ്ഞില്ല.

നീരവിൽ നിന്ന് ഉത്ഭവിക്കുന്നത് അതിതീക്ഷണമായ പ്രണയത്തിന്റെ ചൂടാണെന്ന് മീര തിരിച്ചറിഞ്ഞതോടെ അവളുടെ കൈകൾ അവനെ പുണർന്നു.

ചെഞ്ചൊടിയിൽ അവന്റെ അധരങ്ങൾ മുത്തങ്ങൾ അർപ്പിച്ചതോടെ അവനിലേക്ക് ശാന്തമായി ഒഴുകാനായി അവളും മോഹിച്ചു.

രാത്രിയിൽ സംഭവിച്ച തെറ്റുകൾ ശരിയാണെന്ന് തോന്നിയ നിമിഷങ്ങൾ. വിവേചിക്കാൻ കഴിയാത്ത അവരുടെ മനസ്സിൽ പ്രണയമഴ പല വർണ്ണങ്ങളിലും പെയ്യാൻ തുടങ്ങി..

“നീഹാരികേ..”

നീരവിന്റെ ആർദ്രമായ സ്വരം…അന്തരാത്മാവിലേക്കാ വിളിയൊച്ച തുളഞ്ഞ് കയറി.. മീരക്ക് വിളി കേൾക്കാതിരിക്കാൻ കഴിഞ്ഞില്ല.

“മ്മ് മ്മ്… ”

അവളൊന്ന് മൂളിക്കൊണ്ട് തെല്ലും കുറുകി നിന്നു.നീരവിന്റെ മനസ്സിൽ നീഹാരികയുടെ ഓർമ്മകകളാണ്.മുന്നിൽ നിൽക്കുന്നതും പ്രാണപ്രിയയാണെന്ന് അവൻ കരുതുന്നു.

നീഹാരികയായി മാറാൻ തന്നെയാണ് ഇപ്പോൾ മീര ശ്രമിക്കുന്നത്.ഇവിടെ നിന്ന് കൂടി പുറം തള്ളിയാൽ അവൾക്ക് മുമ്പിൽ മറ്റ് വഴികളില്ല.

നീരവിനോടുളള പ്രണയത്തിന്റെ വിത്തുകൾ മനസ്സിലാദ്യം പാകി മുളപ്പിച്ചത് മീരയാണ്.അതിനാലാണ് അവനു മുമ്പിൽ അവൾ തളർന്ന് പോയത്.നീരവിനെ പിരിയുകയെന്നത് ദേഹിയിൽ നിന്ന് പ്രാണൻ വിട്ടകലുന്ന വേദനയാണ്.അതിനാലാണ് അവന്റെ മനസ്സിൽ ഓർമ്മയുളള നീഹാരികയായി അവൾ സ്വയം മാറിയത്..

“ഇനിയെന്നെ തനിച്ചാക്കി അകന്നു പോകുമോ?”

വേദന നിറഞ്ഞിരുന്നു നീരവിന്റെ സ്വരത്തിൽ..അവന്റെ സങ്കടം അവൾക്ക് മനസ്സിലാകുമായിരുന്നു.ഒരു പുരുഷൻ ഇത്രയധികം ഒരു പെൺകുട്ടിയെ അഗാധമായി പ്രണയിക്കുമോന്ന് മീര സന്ദേഹിച്ചില്ല.കാരണം നീരവിന് സ്നേഹിക്കാനെ അറിയൂന്ന് അവൾക്ക് അറിയാം.

“ഇല്ല…ഏട്ടോയി…ആരൊക്കെ വേർപ്പെടുത്താൻ ശ്രമിച്ചാലും എന്റെ പ്രാണനെ സങ്കടക്കടലിലാക്കി ഞാൻ തനിച്ചാക്കി പോകില്ല”

മീരയുടെ വാക്കുകൾ നീരവിന് പുനർജ്ജന്മം നൽകുകയായിരുന്നു.അവന്റെ ശ്വാസത്തിലുടനീളം നീഹാരികയാണ്.അവൻ ശക്തമായി അവളെ പുണർന്നു. ആ കരുത്തിന് കീഴടങ്ങിയത് പോലെ അവന് വിധേയമായി അവൾ നിന്നു.

രാത്രിയിൽ സംഭവിച്ച തെറ്റുകൾ വീണ്ടും മീര മറന്നു.നീഹാരികയാണെന്ന് കരുതിയെങ്കിലും നീരവ് നൽകുന്ന സ്നേഹം മാത്രം മതി അവളുടെ മുറിവുകളെല്ലാം ഉണക്കാനായിട്ട്..

************************

മീരയെ അവിടെ നിന്ന് ഓടിക്കാനുളള മീനമ്മയുടേയും നീരജിന്റേയും ശ്രമങ്ങൾ നീരജയും മാധവും കൂടി പരാജയപ്പെടുത്തി. അവരിൽ വൈരാഗ്യം വളർന്നതേയുള്ളൂ..അങ്ങനനെയൊരു അവസരത്തിനായി അവർ കാത്തിരുന്നു.

ഒന്നരമാസം പതിയെ കടന്നു പോയി.. നീരവിന് പഴയതിൽ നിന്നൊക്കെ ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ ഉണ്ട്. ശാന്തനാണ് അവൻ.മീരയുടെ കൂടെ അമ്പലത്തിലും ഷോപ്പിങ്ങിനുമെല്ലാം അവനും കൂടെ പോകും.

എങ്കിലും അവന്റെ മനസ്സ് നീഹാരികയും അവളെ ചുറ്റിപ്പറ്റിയുളള ഓർമ്മകളും നിറഞ്ഞതാണ്. മീര പോലും സ്വന്തം പേര് മറന്നു തുടങ്ങി. മാധവും നീരജയും അവളെ നീഹാരികയെന്നാണ് വിളിക്കാറുളളത്.

ഒരുദിവസം രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോഴാണ് മീരക്ക് ചർദ്ദിക്കാൻ തോന്നിയത്.നീരവിന്റെ ഒപ്പമായിരുന്നു കാപ്പി കുടിക്കാൻ ഇരുന്നത്.മാധവും നീരജയും കൂടി ദൂരെയുള്ള കസിന്റെ മാര്യേജിന് വെളുപ്പിനേ പോയിരുന്നു. വീട്ടിൽ നീരജും മീനമ്മയും ഉണ്ടായിരുന്നു.

മനം പുരട്ടൽ അനുഭവപ്പെട്ടതോടെ മീര എഴുന്നേറ്റു വാഷ്ബേസണിനു അടുത്തേക്ക് ഓടിച്ചെന്ന് ചർദ്ധിക്കാൻ തുടങ്ങി. അത് കണ്ടാണ് മീനമ്മ അവളെ ശ്രദ്ധിച്ചത്.

നിർത്താതെയുളള മീരയുടെ ചർദ്ദിൽ മീനമ്മയുടെ ചിന്തകളിൽ സംശയത്തിന്റെ വിത്തുകൾ പാകി.

“എടീ പിഴച്ചവളേ എന്റെ വീട് നീ കുളം തോണ്ടിയോടീ”

മീനമ്മ നെഞ്ചത്തടിച്ച് കരയാൻ തുടങ്ങി.. നീരജിനും നീരവിനും എന്താണ് കാരണമെന്ന് മനസ്സിലായില്ല.

“ഡാ മോനേ ചതിച്ചെടാ അവൾ പ്രഗ്നന്റ് ആണ്”

“അമ്മ എന്താ തമാശ പറയുകയാണോ” അവനത് ഉൾക്കൊളളാനായില്ല.

“ഞാനേ രണ്ടു പെറ്റതാടാ…ഇതൊക്കെ കണ്ടാൽ എനിക്ക് മനസ്സിലാക്കാൻ അത്രയും എക്സ്പീരിയൻസ് മതി”

നീരജിന്റെ ചെവിയിൽ മീനമ്മ അടക്കം പറഞ്ഞു.അതുകേട്ട് അവൻ ശക്തമായി നടുങ്ങി.അവന്റെ മനസ്സ് പ്രതികാരാഗ്നിയിൽ ജ്വലിച്ചു.

“ഇവളെ ഇന്ന് ഞാൻ”

“നീയൊന്ന് അടങ്ങെടാ…ഇന്നു തന്നെ ഇവളെ ഇവിടെ നിന്ന് ഒഴിവാക്കാം”

മുന്നോട്ടാഞ്ഞ നീരജിനെ തടഞ്ഞു നിർത്തിക്കൊണ്ട് അവർ മന്ത്രിച്ചു…

നീരവ് എഴുന്നേറ്റു ചെന്ന് മീരയുടെ പുറത്ത് തടവാൻ ശ്രമിച്ചു. അവളത് തടഞ്ഞു.

“വേണ്ട ഏട്ടായി”

കുറച്ചു സമയം കഴിഞ്ഞു ചർദ്ദിൽ നിന്നതോടെ വായും കഴുകി മീര മുകളിലേയ്ക്ക് പോകാൻ ശ്രമിച്ചു. അവളാകെ ക്ഷീണിതയായിരുന്നു.നീരവ് അവളെ താങ്ങിപ്പിടിച്ച് മുറിയിലേക്ക് കൊണ്ട് പോയി.

“എന്ത് പറ്റി നീഹാരികേ”

മുകളിലെ മുറിയിൽ എത്തിയ ശേഷം നീരവ് സംശയം ചോദിച്ചു. നീരവ് ഇപ്പോൾ ഒരുവിധം നോർമ്മലാണ്..

നീഹാരികയുടെ ഓർമ്മകളിൽ ആണ് ജീവിക്കുന്നു എന്നെയുള്ളൂ..ആ ഓർമ്മയായി മീര നീഹാരികയായി അവന്റെ കൂടെയുണ്ട്.

ഒടുവിൽ താൻ ഭയപ്പെട്ട ആ ദിവസം എത്തിയിരിക്കുന്നു.സന്തോഷത്തേക്കാൾ പേടിയാണ്.കുറച്ചു ദിവസങ്ങൾക്ക് മുമ്പേ സംശയം തോന്നിയിരുന്നു.

ഇനിയെന്താണ് സംഭവിക്കുക എന്നറിയാം..നീരജയും മാധവും കൂടി അറിയുമ്പോൾ ഉറപ്പായും ഇവിടെ നിന്ന് പുറം തളളപ്പെടും.സാധാരണക്കാരിയായ ഒരാളെ അംഗീകരിക്കില്ല.അതും ഇങ്ങനെയൊരു സാഹചര്യത്തിൽ…

“എന്ത് പറ്റി നീഹാരികേ”

നീരവ് വീണ്ടും ചോദ്യം ആവർത്തിച്ചു…

“നീരവേട്ടൻ അച്ഛനാകാൻ പോകുന്നു…”

പറഞ്ഞിട്ട് അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അവനിലേക്ക് ചാരി..തുളുമ്പിയൊഴുകുന്ന അവളുടെ മിഴിനീരിനെ ചുണ്ടുകളാൽ അവൻ ഒപ്പിയെടുത്തു.

കുറച്ചു നേരം കരഞ്ഞതിനാലാകും തല പൊട്ടിപ്പിളരുന്നത് പോലെ മീരക്ക് തോന്നി.

“ഏട്ടാ എനിക്കൊന്ന് കിടക്കണം”

അങ്ങനെ പറഞ്ഞിട്ട് മീര കിടക്കയിലേക്ക് ചാഞ്ഞ് കണ്ണുകളടച്ചു.കുറച്ചു സമയം വെറുതെ ഇരുന്നപ്പോൾ നീരവിന് ബോറായി.അവനും അവളുടെ കൂടെ കിടന്നു.

വൈകുന്നേരം ആയപ്പോഴാണ് നീരവ് കണ്ണുകൾ തുറന്നത്..മീരയെ മുറിയിൽ കണ്ടില്ല.അവൻ താഴെയും വെളിയിലും അൻവേഷിച്ചെങ്കിലും അവളെ കണ്ടെത്താൻ കഴിഞ്ഞില്ല…

“നീഹാരിക എവിടെ?”

മീനമ്മക്കും നീരജിനും മുമ്പിലെത്തി നീരവ് ഭ്രാന്തനെ പോലെയലറി.

“ഞങ്ങൾക്ക് എങ്ങനെ അറിയാം”

ക്രൂരമായ പുഞ്ചിരിയോടെ അവർ കൈ മലർത്തി.തലക്ക് ചൂടു പിടിക്കുന്നത് പോലെ…തലമുടി വലിച്ചു പറിച്ചിട്ട് നീരവ് ഭ്രാന്തൻ ചേഷ്ടകൾ കാണിക്കാൻ തുടങ്ങി. അവർ രണ്ടു പേരും സന്തോഷിച്ചു..

ഭ്രന്ത് പിടിച്ചതു പോലെ നീരവ് അവിടെ ഇരുന്നതൊക്കെ നിലത്തേക്ക് വലിച്ചെറിഞ്ഞു പൊട്ടിച്ചു.നീരജിനെ പിടിച്ചു അവന്റെ തല ഭിത്തിയിൽ ഇടുപ്പിച്ചു.ഇതെല്ലാം കണ്ടു കൊണ്ടാണ് മാധവും നീരജയും വീട്ടിലേക്ക് വന്നത്..

“ദേ നിങ്ങളുടെ ഭ്രാന്ത് പിടിച്ച ചെറുക്കനെ ഏതെങ്കിലും ഭ്രാന്താശുപത്രിയിൽ അഡ്മിൻ ചെയ്യാൻ നോക്ക്..എന്റെ മകന്റെ തല ഭിത്തിയിൽ ഇടുപ്പിച്ച് കൊല്ലാൻ നോക്കിയത് കണ്ടോ മനുഷ്യാ”

നീരജിനെ അവർക്ക് മുമ്പിലേക്ക് നീക്കി നിർത്തി മീനമ്മ അലറി…അവന്റെ തലയിൽ നിന്ന് ബ്ലഡ് ഒലിച്ചിറങ്ങുന്നത് ഞെട്ടലോടെ മാധവും നീരജയും കണ്ടു…

(തുടരും)

നീരവം : ഭാഗം 1

നീരവം : ഭാഗം 2

നീരവം : ഭാഗം 3

നീരവം : ഭാഗം 4

നീരവം : ഭാഗം 5

നീരവം : ഭാഗം 6

നീരവം : ഭാഗം 7

നീരവം : ഭാഗം 8

നീരവം : ഭാഗം 9

നീരവം : ഭാഗം 10

നീരവം : ഭാഗം 11

നീരവം : ഭാഗം 12

നീരവം : ഭാഗം 13