അനു : ഭാഗം 6

Spread the love

നോവൽ
എഴുത്തുകാരി: അപർണ രാജൻ


സൂര്യ വെളിച്ചം കണ്ണിലടിച്ചപ്പോഴാണ് അനു കണ്ണുകൾ തുറന്നത് .

കോട്ട് വാ ഇട്ടുക്കൊണ്ട് കൈകൾ ഒക്കെ മുകളിലേക്ക് പൊക്കി ഞെളി പിരി കൊണ്ട് എഴുന്നേറ്റ അനു രക്ത രക്ഷസിനെ പോലെ തന്നെ തന്നെ ഉറ്റു നോക്കുന്ന ഷാനയെയും കരണിനെയും സരൂവിനെയും കണ്ട് അമ്പരന്നു പോയി .

മ്മ് …….

മൂന്നെണ്ണത്തിന്റെയും മുഖം ഭയങ്കര ടെററാണല്ലോ ???

ഇന്നലെ ഞാൻ ഇനി ബോധമില്ലാതെ വന്നു വല്ലോം ഒക്കെ കാണിച്ചു കൂട്ടിയോ ???

അനു തലേന്നത്തെ കാര്യങ്ങൾ ഒക്കെ ഒന്നോർത്തെടുക്കാൻ ശ്രമിച്ചു നോക്കിയെങ്കിലും ഒന്നും തന്നെ അവളുടെ ഓർമയിലേക്ക് വന്നില്ല .

ഒന്നും കത്തണില്ലല്ലോ മഹാദേവാ ……

സാരമില്ല …..

ഒന്നും നടക്കാത്തത് പോലെ പെരുമാറാം ……

“അഹ് ….. സരൂ നീ എപ്പോ വന്നെടി ?? ”

മനസ്സിൽ അങ്ങനെ ഓർത്ത് കൊണ്ട് അനു വിടർന്ന കണ്ണുകളോടെ സരൂവിനെ നോക്കി ചോദിച്ചു .

“ഞാൻ വന്നിട്ട് പത്തിരുപത്താറ് കൊല്ലമായി ….. ”

അനുവിനെ ഒന്ന് ചിറഞ്ഞു നോക്കി കൊണ്ട് സരൂ പറഞ്ഞതും അനു കരണിനെയും ഷാനയെയും മാറി മാറി നോക്കി .

പഴുത്ത മാങ്ങയിൽ കയറി ചവിട്ടിയാൽ എങ്ങനെ ഇരിക്കും ?

അതെ മോന്തയോടെ തന്നെ നോക്കുന്ന അനുവിനെ കണ്ട് കരണിന് ചിരി വരുന്നുണ്ടായിരുന്നു .

എങ്കിലും അവൾ ചിരി കടിച്ചു പിടിച്ചു നിന്നു .

ഇപ്പോൾ ചിരിച്ചാൽ പിന്നെ ഒരു കാലത്തും അനുവിനെ നന്നാക്കി എടുക്കാൻ പറ്റില്ലയെന്ന് അവൾക്കറിയാം ….

“നിങ്ങക്കൊക്കെ എന്നാ പറ്റി ?? ”

അവരെ നോക്കി ചിരിച്ചു കൊണ്ട് അനു ചോദിച്ചതും ഷാന സരൂവിനെ തള്ളി മാറ്റി കൊണ്ട് മുന്നിലേക്ക് കയറി നിന്നു .

“എന്താ പറ്റിയതെന്ന് അല്ലെ ??? എന്താ പറ്റാത്തത് എന്ന് ചോദിക്ക് ?? ”

തന്റെ നേരെ ചീറുന്ന ഷാനയെ കണ്ടപ്പോൾ തന്നെ അനുവിന് മനസ്സിലായി , പ്രശ്നം ഗുരുതരം !!!

“ഇന്നലെ നീ കള്ളും കുടിച്ചു ഒരു രാത്രി മുഴുവൻ പോലീസ് സ്റ്റേഷനിലായിരുന്നു …… എന്ത്യേ ഓർമയില്ലെ ??? ”

സരൂവിന്റെ ചോദ്യം കേട്ടതും അനു തല ചൊറിഞ്ഞു .

എവിടെയൊക്കെയോ എന്തൊക്കെയോ ഓർമ വരുന്നപ്പോലെ ..

“ഓഹ് ഭവതിക്ക് ഒന്നും ഓർമ വരണില്ല്യായിരിക്കും …… എങ്കിൽ കേട്ടോ , ഇന്നലെ കള്ളും കുടിച്ചു ബോധം ഇല്ലാതെ പോലീസ് സ്റ്റേഷനിലായിരുന്നു ഭവതിയുടെ കിടപ്പ് ……. ”

അനുവിനെ നോക്കി പല്ലിറുമിക്കൊണ്ട് ഷാന പറഞ്ഞു .

“ഓ അത്രേ ഉള്ളോ ??? നിന്റെ ഒക്കെ നോട്ടം കണ്ട് ഞാൻ വിചാരിച്ചു വേറെ എന്തോ വല്യ സംഭവാന്ന് ……. ”

കലി കേറി ഉറഞ്ഞു തുള്ളി കൊണ്ടിരിക്കുന്ന ഷാനയെ നോക്കി അനു ഒന്ന് പുച്ഛിച്ചു കൊണ്ട് പറഞ്ഞതും സരൂവിന്റെ മുഖം ചുവന്നു .

” അതെ നിനക്ക് ഇതൊക്കെ നിസ്സാരമായിരിക്കും ……. പക്ഷേ പുറത്തിരിക്കുന്ന ആ മനുഷ്യനുണ്ടല്ലോ ?? നിന്റച്ഛൻ , ആ മനുഷ്യന് സ്വന്തം മോള് ഇങ്ങനെ കുടിച്ചു കൂത്താടി നടക്കുന്നത് , അത്ര അഭിമാനം ഉള്ള കാര്യം ഒന്നും അല്ല ……. ”

സരൂ പറഞ്ഞത് കേട്ട് , അനു സ്തംഭിച്ചു പോയി .

അച്ഛനോ !!!???

ഇവിടെയോ ????

ശങ്കർ ഇവിടെ ഉണ്ടെന്ന് കേട്ടതിനെക്കാൾ അവളെ ഞെട്ടിച്ച കാര്യം ഇന്നലെ അവളെ പോലീസ് സ്റ്റേഷനിൽ നിന്നും ഇറക്കി കൊണ്ട് വന്നത് ശങ്കറായിരുന്നുവെന്ന ചിന്തയായിരുന്നു .

” why are you behaving like this , Anu ?? I’m fed up with this yaar ……. really ……. ”

കരൺ പറഞ്ഞതും അനു ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി .

“ഇന്നലെ നിന്നെ കൊണ്ട് വരാൻ ചെന്നപ്പോൾ ആ പോലീസുക്കാർ നിന്നെ പറ്റി എന്തൊക്കെ അങ്കിളിനോട്‌ പറഞ്ഞുവെന്ന് അറിയോ ??? ”

ഷാന ചോദിച്ചതും അനു നിറ കണ്ണുകളോടെ അവളെ നോക്കി .

“നിന്നെ അഴിച്ചു വിട്ടേക്കുവാണെന്ന് …… ഏതേലും ഒരച്ഛൻ സ്വന്തം മോളെ പറ്റി ഇങ്ങനെ ആണോ കേൾക്കാൻ കൊതിക്കാ ??? ”

സരൂവിന്റെയോ ഷാനയുടെയോ ചോദ്യത്തിനൊന്നും അനുവിന്റെ കൈയിൽ ഉത്തരമില്ലായിരുന്നു .

“Did you know , how much he suffered because of you ??? ”

കരണിന്റെ ചോദ്യം കേട്ടതും അനു കിടക്കയിൽ നിന്നും എഴുന്നേറ്റു പുറത്തേക്ക് നടന്നു .

🎇 🎇 🎇 🎇 🎇

ഹാളിൽ എത്തിയതും തല കുനിച്ചിരിക്കുന്ന ശങ്കറിനെ കണ്ട് അനുവിന്റെ ഉള്ളൊന്ന് പിടഞ്ഞു .

ഇതുവരെ അച്ഛനെ ഇങ്ങനെ താൻ ഇരുത്തിയിട്ടില്ല .

അമ്മ പോയതിന് ശേഷം ഒരിക്കലും അച്ഛനെ ഇങ്ങനെ കാണാൻ താൻ ആഗ്രഹിച്ചിട്ടില്ല .

അതുകൊണ്ട് ഒക്കെയാണ് അച്ഛന്റെ ആഗ്രഹം പോലെ ഡോക്ടറായതും , അച്ഛൻ ആഗ്രഹിച്ച പോലെ ബോൾഡായതും ഒക്കെ …..

എന്നാൽ ഇപ്പോൾ ഞാൻ കാരണം അച്ഛൻ ഇങ്ങനെ ഇരിക്കുന്നു …..

What did you do അനു ????

അവൾ സ്വയം ചോദിച്ചു .

“അച്ഛേ …… ”

അനുവിന്റെ വിളി കേട്ടതും ശങ്കർ പതിയെ തലയുയർത്തി നോക്കി .

തന്റെ കാലിന്റെ ചോട്ടിൽ നിറ കണ്ണുകളോടെ ഇരിക്കുന്ന അനുവിനെ കണ്ട് അയാൾ പതിയെ അവളുടെ നെറുകയിൽ തലോടി .

നിറഞ്ഞ കണ്ണുകൾ അനു കാണാതെയിരിക്കാൻ വേണ്ടി മുഖം മറയ്ക്കാൻ പാട് പെടുന്ന ശങ്കറിനെ കണ്ട് അവൾക്ക് സങ്കടം വന്നു .

“ഞാൻ കുടി നിർത്തി അച്ഛേ ……. ”

ശങ്കറിന്റെ കൈയിൽ പിടിച്ചു കൊണ്ട് അനു പറയുന്നത് കേട്ട് , സരൂവും ഷാനയും കരണും പരസ്പരം നോക്കി .

“സത്യം അച്ഛേ …… അച്ഛേയാണെ സത്യം ഞാൻ നിർത്തി …… ”

ശങ്കറിന്റെ മുഖം തന്റെ നേരെ പിടിച്ചു കൊണ്ട് വിതുമ്പലോടെ അനു പറഞ്ഞതും , ശങ്കർ സത്യമാണോ എന്ന രീതിയിൽ അവളെ നോക്കി .

“സത്യം അച്ഛേ , എനിക്ക് എന്റെ അച്ഛാ അല്ലെ വലുത് ??? ഞാൻ ഇനി കുടിക്കില്ല …….. ”

കരച്ചിലിന്റെ വാക്കോളമെത്തിയ സ്വരത്തിൽ അനു പറഞ്ഞതും പുറകിൽ നിന്ന് ഒരു പൊട്ടിച്ചിരി കേട്ടതും ഒന്നിച്ചായിരുന്നു .

തന്നെ തന്നെ നോക്കി കൊണ്ട് വയറു പൊത്തി ചിരിക്കുന്ന തന്റെ മൂന്ന് സുഹൃത്തുക്കളെ കണ്ട് അനു അന്തം വിട്ട് ശങ്കറിനെ നോക്കി .

ശങ്കറിന്റെ മുഖത്തും ഒരു ആക്കിയ ചിരി കണ്ടപ്പോൾ മാത്രമാണ് , തന്നെ ഇത്രയും നേരം നാലെണ്ണങ്ങളും കൂടി ആസാക്കുകയായിരുന്നുവെന്ന് അനുവിന് മനസ്സിലായത് .

“ഓഹോ , അപ്പോൾ drama ആയിരുന്നല്ലേ ??? ”

ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു കൊണ്ട് അനു ചോദിച്ചതും , ശങ്കർ ഒരു കള്ള ചിരി ചിരിച്ചു .

“നിന്റെ കള്ള് കുടി നിർത്തിക്കണമെന്ന് നിന്റെ ഫ്രണ്ട്സിനൊക്കെ ഒരേ നിർബന്ധം ……. ഇങ്ങനെ ഒരു വളഞ്ഞ വഴിയല്ലാതെ വേറെ ഒന്നും ഞാൻ നോക്കിയിട്ട് കണ്ടില്ല മോളെ ……. ”

ശങ്കർ പറഞ്ഞത് കേട്ട് അനു തിരിഞ്ഞു ഷാനയെയും സരൂവിനെയും കരണിനെയും നോക്കി .

അനുവിന്റെ നോട്ടം നേരിടാൻ വയ്യാതെ ഷാന അടുക്കളയിലേക്കും കരൺ സീലിംഗ് ഫാനിലേക്കും സരൂ ഭിത്തിയിലുള്ള അനുവിന്റെ കലാപരിപാടികളിലേക്കും നോക്കി നിന്നു .

“ഓഹ് ….. ഫാൻ ഒക്കെ സോ ഡെർട്ടിയാ …… ഞാൻ ക്ലീൻ ചെയ്യട്ടെ ….. ”

അനുവിനെ ഒന്ന് പാളി നോക്കി കൊണ്ട് കരൺ സ്റ്റോർ റൂമിലേക്ക് നടന്നു .

“ഒലത്ത് കരിഞ്ഞുന്ന് തോന്നണ് …… നോക്കിട്ട് വരട്ടെ ….. ”

അതും പറഞ്ഞു ഷാന മുങ്ങി .

ഷാന പോയതും അനു സരൂവിനെ നോക്കി പുരികം പൊക്കി .

നാരായണ …….

രണ്ടാളും എന്നെ കൂട്ടാതെ മുങ്ങി ……

ഞാൻ ഇനി എന്തും പറഞ്ഞു മുങ്ങും ???

ഒരെത്തും പിടിയും കിട്ടാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്ന സരൂവിനെ കണ്ട് അനു ചിരിച്ചു .

“തുണി മടക്കി വയ്ക്കാൻ ഉണ്ട് …… പോണില്ലേ ??? ”

“അഹ് ഇപ്പോഴാ ഓർത്തത് !!!! ”

സരൂവിനെ നോക്കി അനു ഒന്നാക്കി ചോദിച്ചതും സരൂ വേഗം തന്നെ അകത്തേക്ക് കയറി പോയി .

ഓടടി ….

ഓട് ……

അച്ഛൻ ഒന്ന് പോകട്ടെ , നിങ്ങളെ ഒക്കെ എന്റെ കൈയിൽ കിട്ടും …..

“ഞാൻ പോയി കഴിഞ്ഞു ഇനി അതുങ്ങളുടെ പപ്പും പൂടയും പറിക്കാമെന്നായിരിക്കും …… ”

റൂമിലേക്ക് നോക്കി കണ്ണുരുട്ടുന്ന അനുവിനെ കണ്ട് ശങ്കർ സോഫയിൽ നിന്നും എഴുന്നേറ്റു കൊണ്ട് ചോദിച്ചു .

“ദെ , കൂടുതൽ ഡയലോഗ് അടിച്ചാൽ തന്തയാണെന്ന് ഒന്നും ഓർക്കില്ല …… ഒരു ലോക്ക് അങ്ങ് വച്ചു തരും …… പിന്നെ അത് അഴിച്ചു തരാൻ ഈ ഞ്യാൻ തന്നെ വേണ്ടി വരും …… ”

ശങ്കറിന്റെ നേരെ തന്റെ ചൂണ്ടു വിരലും നടു വിരലും ചേർത്ത് ചൂണ്ടി കൊണ്ട് കണ്ണുകൾ കൂർപ്പിച്ചു അനു പറഞ്ഞതും ശങ്കർ ചിരിച്ചു .

“ആടി ആശാന്റെ നെഞ്ചത്തേക്ക് തന്നെ കേറ് ….. ”

തന്റെ നെഞ്ചിൽ അടിച്ചു കൊണ്ട് ശങ്കർ പറഞ്ഞതും അനു ചിരിച്ചു .

“എന്നാലും അച്ഛ എന്റെ കുടി നിർത്തിച്ചില്ലേ ?? നോക്കിക്കോ ഞാൻ ഇനി വീട്ടിലേക്ക് വരുമ്പോൾ അച്ഛ ഒളിപ്പിച്ചു വച്ചിരിക്കുന്ന കുപ്പി ഒക്കെ എടുത്തു കമത്തി കളയും ….. ”

ശങ്കറിന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് അനു പറഞ്ഞതും ശങ്കർ ഞെട്ടി അവളെ നോക്കി .

” അതിന് ഞാൻ അല്ലല്ലോ കുടി നിർത്താൻ പറഞ്ഞത് ??? നീ തന്നെ അല്ലെ ഇങ്ങോട്ട് വന്നു പറഞ്ഞത് ??? ”

ശങ്കറിന്റെ ചോദ്യം കേട്ടതും അനു ഒന്ന് പുച്ഛിച്ചു ചിരിച്ചു .

“മോള് കുടിക്കാത്തപ്പോൾ തന്തയും കുടിക്കണ്ട …… ”

ശങ്കറിനെ നോക്കി കോക്രി കാണിച്ചു കൊണ്ട് അനു അകത്തേക്ക് ബാത്‌റൂമിലേക്ക് കയറി പോയി .

“ഇതെവിടത്തെ ന്യായമാടീ !!!?? ”

ബാത്‌റൂമിലേക്ക് കയറി പോയ അനുവിനെ നോക്കി ശങ്കർ വിളിച്ചു ചോദിച്ചു .

“അഹ് ഇവിടെ ഒക്കെ ഇങ്ങനെയാ ……. ”

തിരികെ അനുവിന്റെ മറുപടി കിട്ടിയതും ശങ്കർ മുകളിലേക്ക് നോക്കി കൈ മലർത്തി .

എനിക്കിതെന്തിന്റെ കേടായിരുന്നു ശങ്കറെ ????

✨️✨️✨️✨️✨️✨️✨️✨️✨️

“എന്നാലും അയാൾ എന്ത് വിചാരിച്ചു കാണും ??? ”

വിശ്വയുടെ പറച്ചിൽ കേട്ടതും മേശ പുറത്തിരിക്കുന്ന മീൻ ചട്ടിയെടുത്ത് തല വഴി എറിയാനാണ് ശബരിക്ക് തോന്നിയത് .

ഇതിപ്പോൾ ഇന്നത്തെ ദിവസം നൂറാമത്തെ തവണയാണ് , അന്ന് മാളിൽ വച്ചു കണ്ട തല തെറിച്ച പെണ്ണിന്റെയും അവളുടെ അച്ഛന്റെയും അവന് പറ്റിയ അബദ്ധത്തെ പറ്റിയും പറയുന്നത് .

“എന്റെ പൊന്ന് വിശ്വ , മതി , ഇതിപ്പോൾ എത്രമത്തെ തവണയാ ???? പറയണ നിനക്കില്ലെങ്കിലും കേൾക്കണ ഞങ്ങൾക്കില്ലേടാ ഒരു മടുപ്പ് ……. ”

തന്റെ നേരെ കൈ കൂപ്പി കൊണ്ട് മഹി പറഞ്ഞതും വിശ്വ പിന്നെ കൂടുതൽ ഒന്നും മിണ്ടാൻ പോയില്ല …

🎇 🎇 🎇 🎇 🎇

“അല്ലടാ , എനിക്കൊരു ഡൌട്ട് ??? ”

കൈ കഴുകി കൊണ്ട് വന്നപ്പോഴാണ് , തനിക്കു തോന്നിയ സംശയം ശബരി വിശ്വയോടും മഹിയോടും പങ്കു വച്ചത് .

ശബരിയുടെ സംശയം കേട്ടതും മഹിയും വിശ്വയും മുഖത്തോട് മുഖം നോക്കി , അങ്ങനെ വരോ എന്ന രീതിയിൽ .

“ഏയ് , അവളുടെ പേര് അനുവെന്നല്ലേ വിശ്വ പറഞ്ഞത് ??? വല്യമ്മയുടെ കൊച്ചിന്റെ പേര് അനസ്വലയെന്നാ …… ”

മഹി നിഷേധാർത്ഥത്തിൽ തലയാട്ടി കൊണ്ട് പറഞ്ഞതും ശബരി വിശ്വയെ നോക്കി .

“ടാ , ആ കൊച്ചിനെ അനുന്ന് അല്ലെ വീട്ടിൽ വിളിക്കുന്നത് ??? ”

ശബരിയുടെ നോട്ടം കണ്ട് വിശ്വ മഹിയോടായി പറഞ്ഞു .

“എടാ , നമ്മൾ മാളിൽ വച്ചു കണ്ട അനുവിനെ നീ കണ്ടില്ലെ ??? ഒരു പരിചയം ഇല്ലാത്ത ആളെ കയറി പ്രൊപ്പോസ് ചെയ്യാ , കള്ള് കുടിക്കാ ….. എന്റെ അനു അങ്ങനെ ഒന്നും ചെയ്യില്ല …… വായിൽ വിരലിട്ടാൽ പോലും കടിക്കാത്ത കൊച്ചാ …… ”

മഹി പറഞ്ഞതും ശബരി ചിരിച്ചു .

“എന്ത്യേടാ ചിരിക്കുന്നത് ??? ”

അവന്റെ തൊലിഞ്ഞ ചിരി കണ്ടതും കണ്ണ് രണ്ടും ഉരുട്ടി കൊണ്ട് മഹി ചോദിച്ചു .

“അല്ല , എന്റെ പെങ്ങള് , നിന്റെ ക്യാമുകി , ശ്രിയയെ പറ്റി പോലും നീ ഇങ്ങനെ ഒന്നും പറഞ്ഞു ഞാൻ കേട്ടിട്ടില്ല …… അതോർത്തു ചിരിച്ചു പോയതാ …… ”

ശബരി ശ്രിയയെ പറ്റി പറഞ്ഞപ്പോഴാണ് അവനും അവളെ പറ്റി ഓർത്തത് .

അന്ന് മാളിൽ വച്ച് അങ്ങനെ ഒക്കെ നടന്നതിൽ പിന്നെ ആള് തന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കിയിട്ടില്ല .

അല്ലെങ്കിൽ പിന്നെ വാട്സാപ്പിലോ ഫേസ് ബുക്കിലോ ആള് ഒരു ഗുഡ് മോർണിംഗ് എങ്കിലും അയക്കുന്നതാണ് .

ഇന്നലെ തൊട്ട് അതും നിന്നു .

ഏത് നേരത്താണോ എന്തോ അവളെ എരി കേറ്റാൻ ആ പെണ്ണിനോട് തിരിച്ചു ഇഷ്ടം ആണെന്ന് പറയാൻ തോന്നിയത് ??

ഉള്ളിൽ സ്വയം പ്രാകി കൊണ്ട് അവൻ ശബരിയെ നോക്കി .

“ടാ , പിണക്കം മാറ്റാൻ ഒന്ന് സഹായിക്കടാ …… ”

ശബരിയുടെ കൈയിൽ പിടിച്ചു കെഞ്ചി കൊണ്ട് മഹി പറഞ്ഞതും ശബരി അവനെയും അവന്റെ കൈയിലേക്കും മാറി മാറി നോക്കി .

” അത് മാറാൻ നീ അവളോട് പോയി പറയണം , i luv you ന്ന് ……. അതാല്ലാതെ ഒരു വഴിയും ഞാൻ നോക്കിയിട്ട് കാണുന്നില്ല …… ”

ശബരി പറഞ്ഞതും വിശ്വ പൊട്ടിച്ചിരിച്ചു പോയി .

“ഓ എവിടെ കാണും ഇതുപോലെ രണ്ട് ആത്മാർത്ഥ സുഹൃത്തുക്കൾ ??? ഒരാള് പെങ്ങളെ എങ്ങനെ വളയ്ക്കാമെന്ന് ചോദിക്കുന്നു , സ്വന്തം പെങ്ങളെന്ന് നോക്കാതെ മറ്റേയാൾ വഴി പറഞ്ഞു കൊടുക്കുന്നു ……. അരെ വാ !!!! ”

“അതാണ് അളിയൻ അളിയൻ ബന്ധം …… ”

കൈ കൊട്ടി കൊണ്ട് വിശ്വ പറഞ്ഞതും മഹി ശബരിയുടെ തോളിൽ കൈയിട്ടു കൊണ്ട് പറഞ്ഞു .

✨️✨️✨️✨️✨️✨️✨️✨️✨️

“അങ്കിൾ എപ്പോഴാ തിരിച്ചു പോകുന്നത് ??? ”

ഭക്ഷണം കഴിക്കുന്നതിനിടയിൽ ഷാന ചോദിച്ചത് കേട്ട് അനു തല പൊക്കി ശങ്കറിനെ നോക്കി .

അവിടെ ആള് ചോദ്യം കേട്ടിട്ട് കൂടി ഇല്ല .

സരൂ ഉണ്ടാക്കിയ അവിയലും സാമ്പാറും മൂക്ക് മുട്ടെ തട്ടി കയറ്റുന്ന തിരക്കിലാണ് .

വൈകുന്നേമായതും ശങ്കർ അവരോട് യാത്ര പറഞ്ഞിറങ്ങി .

ഇപ്പോൾ ഇറങ്ങിയില്ലെങ്കിൽ പിന്നെ സമയത്തിന് വീട്ടിലെത്താൻ കഴിയില്ല .

ശങ്കർ പോയതും അനു സരൂവിനെയും കൂട്ടി പുറത്തേക്കിറങ്ങി .

കടയിൽ ഒക്കെ ഒന്ന് കയറണം .

പച്ചക്കറി ഒക്കെ തീർന്നു .

അതാണ് ഉദ്ദേശം .

✨️✨️✨️✨️✨️✨️✨️✨️✨️

“സാറെ , ഒരു അടിപിടി കേസ് ഉണ്ട് …… ”

വിശ്വ ജീപ്പിൽ നിന്ന് വന്നിറങ്ങിയതും രഖുറാം പറഞ്ഞു .

ഓ , ഏതവനൊക്കെയാണോ ???

ഒരു നല്ല ദിവസം പോലും ഇല്ലല്ലോ ???

എപ്പോൾ നോക്കിയാലും വെട്ടും കുത്തും …..

ഇന്നലെ ആ മറ്റവൾ കാരണം ദിവസം പോയി , ഇന്ന് ദെ വേറെ ഏതോ ഒരുത്തൻ ……

പിറുപിറുത്തു കൊണ്ട് അകത്തേക്ക് കയറിയ വിശ്വ അകത്ത് ബെഞ്ചിൽ ഇരിക്കുന്ന അനുവിനെ കണ്ട് രഖുവിനെ നോക്കി .

“വന്നപ്പോൾ പറഞ്ഞില്ലേ , അടിപിടി ….. ”

“ഓ ഇവളെയാവും എടുത്തിട്ട് ചവിട്ടിയത് ……. ”

രഖു പറഞ്ഞതും വിശ്വ അകത്തേക്ക് കയറി പോകുന്നതിനിടയിൽ ഒരു പുച്ഛച്ചിരിയോടെ പറഞ്ഞു .

“അല്ല , സാറെ …. അവളാ തല്ലിയത് ….. ചെക്കൻ ഇപ്പോൾ ഹോസ്പിറ്റലിലാ ……. ”

രഖു പറഞ്ഞത് കേട്ടതും , വിശ്വയുടെ കാലുകൾ ചങ്ങലയ്ക്കിട്ടപ്പോലെ തറഞ്ഞു പോയി .

(തുടരും ……. )

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

-

-

-

-

-