Friday, April 19, 2024
Novel

നീരവം : ഭാഗം 8

Spread the love

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

മീരക്ക് എതിർവശത്താണ് നീരജ് ഇരുന്നത്.അതിനാൽ അവന്റെ കണ്ണുകൾ അവളിൽ ആയിരുന്നു. ഇടക്കിടെ മിഴികൾ കൂട്ടിമുട്ടുമ്പോൾ അവൾ കണ്ണുകൾ പിൻവലിക്കും.

കളി ചിരിയോടെ അവർ ഭക്ഷണം കഴിച്ചു തുടങ്ങി.. കഴിച്ചു പകുതി ആയില്ല അതിനു മുമ്പേ മുകളിലെ മുറിയിൽ നിന്ന് നീരവിന്റെ ഭ്രാന്തൻ അലർച്ച കേട്ടു.

“എടീ നീഹാരികേ നീ എവിടെ പോയി കിടക്കുവാടീ”

വേഗം ചെന്ന് കൈ കഴുകിയട്ട് മീരജ നീരവിന്റെ മുറിയിലേക്ക് ഓടിപ്പാഞ്ഞു ചെന്നു.

മുറിയിലെത്തിയ മീര കണ്ടത് കണ്ണുകൾ തുറിപ്പിച്ച് ഭ്രാന്തമായി അലറുന്ന നീരവിനെ ആയിരുന്നു. ജഡ പിടിച്ച മുടിയിഴകളും തലമുടിയും അനുസരണയില്ലാതെ ഫാനിന്റെ കാറ്റിനൊത്ത് അലക്ഷ്യമായി പാറി പറക്കുന്നു.

“ഞാനിവിടെയുണ്ട് ഏട്ടാ”

മിഴികളിൽ പ്രണയഭാവം നിറച്ച് മീര ശാന്തമായി പറഞ്ഞു. നീരവിന്റെ മിഴികളെരിഞ്ഞു.അവൻ ഭ്രാന്തമായ ആവേശത്തോടെ അവൾക്കരികിലേക്ക് ഓടിയെത്തി.ചങ്ങലക്കിലുക്കം അവളിലൊരു വേദനയായി പടർന്നു കയറി.

“നീയെന്തിനാ ഇവിടെ വീണ്ടും വന്നത്..നീയെന്റെ നീഹാരികയല്ലാ”

നീരവിന്റെ ബലിഷ്ടമായ കരങ്ങൾ മീരയുടെ കഴുത്തിനെ ശ്വാസം മുട്ടിച്ചു.കണ്ണുകൾ കൂടുതൽ പുറത്തേക്ക് തള്ളിയെങ്കിലും അവളവനെ പിടിച്ചു മാറ്റിയില്ല.

“ഏട്ടോയീ.. അസപ്ഷ്ടമായൊരു നിലവിളി മീരയിൽ നിന്നും ഉയർന്നു. അത് നീരവിന്റെ കർണ്ണപുടങ്ങളിൽ തുളച്ചു കയറി. അകലെയെവിടെയോ നീഹാരികയുടെ ശബ്ദം ഓർമ്മയിലേക്ക് ഇരച്ചെത്തിയതോടെ അവന്റെ പിടികൾ മെല്ലെ അയഞ്ഞു.അവളിൽ നിന്ന് അശ്രുകണങ്ങൾ പൊഴിഞ്ഞ് തുടങ്ങി.കണ്ണുനീർ കണ്ടതോടെ അവൻ ശാന്തനായി തുടങ്ങി.

” നീ … നീയെന്റെ നീഹാരികയല്ല.അവളെവിടെ..എല്ലാവരും കൂടി കൊന്നുകളഞ്ഞോ?”

ശാന്തതയോടെയുളള ചോദ്യം..മീരക്ക് ഉത്തരം നൽകാൻ കഴിഞ്ഞില്ല.അവൾ അനുകമ്പയോടെ അവനെ നോക്കി.

“മോളേ മീരാ നീ താഴേക്ക് പൊയ്ക്കോളൂ”

അങ്ങോട്ടേക്ക് കയറി വന്ന മാധവൻ പറഞ്ഞു. അയാളുടെ കയ്യിലെ പ്ലേറ്റിൽ ചോറും കറികളും അവൾ കണ്ടു.

“ഞാൻ വാരി കൊടുത്താലേ മോൻ കഴിക്കൂ..എന്നെ മാത്രമേ അവന് തിരിച്ചറിയാൻ കഴിയുന്നുള്ളൂ..പിന്നെയുളളത് നീഹാരികയുടെ ഓർമ്മകൾ മാത്രമാണ്. എന്റെ മകനാ കുട്ടിയെ ഒരുപാട് ഇഷ്ടപ്പെട്ടു പോയി.

നെഞ്ച് പൊടിയുന്ന വേദനയിൽ മാധവിൽ നിന്ന് വാക്കുകൾ അടർന്ന് വീണു.നീരവിനെയൊന്ന് നോക്കിയട്ട് അവൾ പടികളിറങ്ങി താഴേക്ക് ചെന്നു.അപ്പോഴേക്കും ഭക്ഷണം കഴിച്ചു കഴിഞ്ഞു എല്ലാവരും എഴുന്നേറ്റിരുന്നു.

ബാക്കി വന്ന ഭക്ഷണമെടുത്ത് വേസ്റ്റ് ബോക്സിൽ നിക്ഷേപിച്ചിട്ട് പ്ലേറ്റ് കഴുകി വെച്ചു.കിച്ചണിൽ മീനമ്മ നിൽപ്പുണ്ടായിരുന്നു.

” എന്താ കുട്ടി കഴിക്കുന്നില്ലേ”

“വിശപ്പില്ല അമ്മേ”

മീനമ്മ അവളെ അരുമയോടെ തലോടി..ശേഷം അവളുടെ കയ്യും പിടിച്ചു അവരുടെ മുറിയിലേക്ക് പോയി.അലമാരയിൽ നിന്ന് പഴയൊരു ആൽബമെടുത്ത് മീരയെ കാണിച്ചു.

“ദാ ഇതാണ് നീരവ്…”

മീനമ്മ ചൂണ്ടിക്കാണിച്ച ഫോട്ടോയിലൊക്കെ മീരയുടെ മിഴികളെത്തി.കുഞ്ഞു പ്രായം മുതലേയുളള അടുത്ത കാലത്ത് വരെയുള്ള നീരവിന്റെ പലതരം ഫോട്ടോകൾ.അവളുടെ കണ്ണുകൾ അവന്റെ ഫോട്ടോകളിൽ തറഞ്ഞു നിന്നു.

“സുന്ദരനാണ് ആൾ.

തിളക്കമുള്ള വലിയ ഉണ്ടക്കണ്ണുകളും ഉണ്ടമൂക്കും വട്ടത്തിലുളള മുഖവുമാണ് അവന്റെ പ്ലസ് പോയിന്റ്. ആകർഷണമുളള നോട്ടം ഏതൊരു പെൺകുട്ടിയുടേയും മനം കവരുമെന്ന് ഉറപ്പാണ്.അതിലായിരിക്കും നീഹാരികയും വീണു പോയത്.

അടുത്ത താൾ മീനമ്മ മറിച്ചപ്പോൾ മീരയുടെ മിഴികൾ നീരവിനൊപ്പം നിൽക്കുന്ന സുന്ദരിയായൊരു പെൺകുട്ടിയിൽ ഉടക്കി നിന്നു.

പൂച്ചക്കണ്ണിനെ ഓർമ്മിപ്പിക്കുന്ന ബ്രൗൺ നിറത്തിലുള്ള കണ്ണുകൾ. വട്ടാകൃതിയിലുളള മുഖത്തിനു ഗോപിപ്പൊട്ട് അഴകാണ്.ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികൾ.നീണ്ടകോലൻ മുടി നിതംബം മറഞ്ഞു കിടപ്പുണ്ട്. ആ പെൺകുട്ടിക്ക് മീരയുടെ മുഖവുമായി നല്ല സാമ്യം ഉണ്ടായിരുന്നു..

” നീഹാരിക… അറിയാതെ അവൾ ഉരുവിട്ടു.ശബ്ദം കുറച്ചു ഉച്ചത്തിലായിപ്പോയി.

“അതേ കുട്ടി ഇതാണ്‌ നീരവിന്റെ നീഹാരിക. ഞങ്ങൾക്കെല്ലാം ഒരുപാട് ഇഷ്ടം ആയിരുന്നു. ഈ കുടുംബത്തിലെ മരുമകളായി വലതുകാൽ വെച്ച് കയറുന്നത് ഞാൻ കിനാവ് കണ്ടിരുന്നു. പക്ഷേ അവസാന നിമിഷം നല്ലൊരു ആലോചന വന്നപ്പോൾ അവൾ കാലുമാറി കളഞ്ഞു.”

മീനമ്മ മെല്ലെയൊന്ന് തേങ്ങി..സ്വാന്തനമെന്ന പോലെ മീര തന്റെ കരങ്ങളെടുത്ത് അവരുടെ ചുമലിൽ വെച്ചു.

“ഇപ്പോൾ ഈ കുട്ടി എവിടെയുണ്ട് അമ്മേ”

“അറിയില്ല മോളേ..വിവാഹം കഴിയും മുമ്പേ അവരെല്ലാം ഇവിടെ നിന്ന് വിറ്റുപെറുക്കി പോയി.എവിടെയെല്ലാം തിരക്കി..ഒരറിവും ലഭിച്ചില്ല.ഞാനും മാധവേട്ടനും നീഹാരികയുടെ കാലിൽ വരെ വീണു പറഞ്ഞു. എന്നിട്ടും അവൾ കേട്ടില്ല.അതോടെ തകർന്നു പോയത് എന്റെ മകനായിരുന്നു. ഞങ്ങളുടെ എല്ലാം ജീവൻ”

ശബ്ദമില്ലാതെ കരയുന്ന മീനമ്മയുടെ നിലവിളി മീരയുടെ അന്തരാത്മാവിലേക്ക് തുളച്ചു കയറി. ഗൗരിയമ്മ കരയുന്നത് പോലെയാണ് തോന്നിയത്.

“അമ്മ വിഷമിക്കാതെ…അമ്മയുടെ മകനെ പഴയത് പോലെ തിരിച്ചാക്കി ദൈവം തരും”

പ്രതീക്ഷയോടെ അവൾ പറഞ്ഞു. എങ്കിലും ഉറപ്പിനു വേണ്ടത്ര ശക്തിയുണ്ടായിരുന്നില്ല.

ഒരിക്കൽ പോലും മീനമ്മ നീഹാരികയെ കുറ്റപ്പെടുത്തുകയോ ശപിക്കുകയോ ചെയ്തില്ലെന്ന് മീര പ്രത്യേകം ശ്രദ്ധിച്ചു.മനസ്സിൽ നന്മയുളളവർക്കേ ഇങ്ങനെയൊക്കെ പെരുമാറാൻ കഴിയൂ..

“മോള് രണ്ടു ദിവസം നീരവിന്റെ മുറിയിലേക്ക് പോകണ്ടാ..അവൻ നിന്നെ തിരക്കുമോന്ന് അറിയട്ടേ”

“ശരിയമ്മേ”

മീനമ്മയോട് പറഞ്ഞിട്ട് അവൾ തന്റെ മുറിയിലെത്തി. കുറച്ചു നേരം കിടന്നൊന്ന് മയങ്ങി.ഉണർന്നു എണീറ്റത് നീരജയുടെ ശ്ബ്ദം കേട്ടാണ്.

“ആഹാ..ഉറക്കം കഴിഞ്ഞില്ലേ ഇതുവരെ”

മെല്ലെയൊരു പുഞ്ചിരിയോടെ മീര കിടക്കവിട്ട് എഴുന്നേറ്റു.

“ഞാനൊരു ഫ്രണ്ടിന്റെ വീട്ടിൽ പോയിട്ട് ഇപ്പോഴാണ് വന്നത്”

“അമ്മ പറഞ്ഞു ചേച്ചി”

“പേര് മാറ്റി ഇപ്പോൾ ചേച്ചി എന്നാക്കിയോ വിളി”

നീരജ കുലുങ്ങി ചിരിച്ചു.അവളിൽ നിന്ന് മുത്തുമണികൾ പൊഴിഞ്ഞ് വീഴുന്നതു പോലെ തോന്നി.

“സോറി..അമ്മയാണ് എല്ലാവരുടേയും പ്രായം പറഞ്ഞു തന്നത്”

മീര ക്ഷമയോടെ പറഞ്ഞു… അതൊന്നും സാരമില്ലന്നേ… നീരജ അവളെ ആശ്വസിപ്പിച്ചു…

“ഇവിടെ അടുത്ത് കണ്ണന്റെ ക്ഷേത്രമുണ്ട്..നീ വരുന്നെങ്കിൽ നമുക്ക് ഒരുമിച്ച് പോകാം”

കണ്ണന്റെ അമ്പലമെന്ന് കേട്ടതോടെ മീരയുടെ വലിയ കണ്ണുകൾ വിടർന്നു.അവളുടെ ഏറ്റവും പ്രിയപ്പെട്ട ദേവനാണ് കണ്ണൻ.അവളുടെ ഗ്രാമത്തിലുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മിക്ക ദിവസവും വെളുപ്പിനേ പോകാറുണ്ട്.സങ്കടങ്ങളും പരിഭവങ്ങളും കണ്ണനു മുമ്പിൽ അർപ്പിക്കാറാണു പതിവ്.അശ്രുകണങ്ങളാൽ ഭഗാവാന് അർച്ചനയും ചെയ്യും.

“ഞാനും വരുന്നു ചേച്ചി”

മീര സന്തോഷത്തിലായി..നീരജയോട് പറഞ്ഞിട്ട് കുളിക്കാനായി പോയി.കുളികഴിഞ്ഞ് വന്ന് അലമാരയിൽ നിന്ന് പട്ടുപാവാടയും ബ്ലൗസുമെടുത്ത് ധരിച്ചു..കണ്ണും പിരികവുമെഴുതി.പേരിനൊരു ഗോപിപ്പൊട്ട് നെറ്റിയിൽ ഒട്ടിച്ചു.പൗഡറും കൂടിയിട്ടതോടെ അവളുടെ ഒരുക്കം കഴിഞ്ഞു.

“സുന്ദരിയായിട്ടുണ്ടല്ലോ”

താഴേക്ക് ഇറങ്ങി വന്നപ്പോൾ മീരയെ നീരജ അഭിനന്ദിച്ചു.നീരജിന്റെ കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു.

“ഒരുങ്ങി കഴിഞ്ഞപ്പോൾ ഇവൾക്ക് ഇത്രയും സൗന്ദര്യമോ..ഏതൊരു ആണിന്റെയും വികാരങ്ങൾക്ക് ഇവൾ തീ പിടിപ്പിക്കും”

നീരജ് മനസ്സിൽ പറഞ്ഞു. ആർത്തി പിടിച്ച അവന്റെ നോട്ടം അവൾ അവഗണിച്ചു.

“അടുത്താണന്നല്ലേ ചേച്ചി പറഞ്ഞത്..നമുക്ക് നടന്ന് പോകാം”

കാറിലേക്ക് കയറിയ നീരജ തിരികെ ഇറങ്ങി..അപ്പോഴേക്കും നീരജ് ഓടി അവരുടെ അടുത്തെത്തി.

“ഞാനും കൂടി വരുന്നു”

അതുകേട്ട് മീരയുടെ മുഖം പെട്ടെന്ന് വാടി.അവളെ ശ്രദ്ധിച്ച നീരജ പറഞ്ഞു.

“നീ വരണ്ട മോനേ..ഞങ്ങൾ പൊയ്ക്കോളാം”

മീരയും നീരജയും നടന്നകലുന്നത് നോക്കി അവൻ പല്ല് ഞെരിച്ചു.നീരവിനെ നോക്കാനായി മീരയെ വീട്ടിലേക്ക് ക്ഷണിച്ചതിൽ അവനു പ്രത്യേകം താല്പര്യം ഉണ്ടായിരുന്നു. ആദ്യമായി നേരിൽ കണ്ട നിമിഷം അവൻ അവളുടെ സൗന്ദര്യത്തിൽ മയങ്ങി പോയിരുന്നു..

മീര അമ്മയുടെ കാര്യങ്ങൾ അറിഞ്ഞാൽ വീട്ടിലേക്ക് തിരികെ പോയാലോന്ന് ഭയന്നാണ് നീരജ് നീരയെ കൂടി വിലക്കിയത്.നീരവിന്റെ ട്രീറ്റ്മെന്റ് മുടങ്ങുമെന്ന് അവൻ അവളെ ബോദ്ധ്യപ്പെടുത്തി.തന്നെയുമല്ല ഇവിടെ ആണെങ്കിൽ മീര തനിക്ക് മുമ്പിൽ എപ്പോഴും കാണും.അവസരം വരുമ്പോൾ മനസ്സ് തുറക്കുകയും ചെയ്യാമെന്ന് അവൻ കരുതി.

പത്ത് മിനിറ്റ് ദൂരമേ ഉണ്ടായിരുന്നുള്ളൂ അമ്പലത്തിലേക്ക്..ചെറിയ ഒരു ക്ഷേത്രം.. ശ്രീകോവിലിലെ പ്രതിഷ്ഠ ഉണ്ണിക്കണ്ണനായിരുന്നു.

“എന്റെ കണ്ണാ ഏട്ടായിയുടെ അസുഖം പൂർണ്ണമായും സുഖപ്പെടുത്തണേ..അമ്മക്ക് ഒരാപത്തും വരുത്തരുതേ”

കണ്ണനു മുമ്പിൽ മനമുരുകി അവൾ പ്രാർത്ഥിച്ചു. തന്റെ സങ്കടം ഭഗാവിനു മുമ്പിൽ നിവേദ്യമായി അർപ്പിച്ചു..

“എന്താ ഇത്രയും ദീർഘമായ പ്രാർത്ഥന”

ശ്രീകോവിലിനു പ്രദക്ഷിണം ചെയ്തു പുറത്തേക്ക് അവർ ഇറങ്ങി.അർച്ചന നടത്തിയ ഇലച്ചാർത്തിൽ നിന്ന് ചന്ദനമെടുത്ത് നെറ്റിയിൽ ചന്ദനക്കുറി വരച്ചു കഴിഞ്ഞപ്പോൾ നീരജ മീരയോടായി ചോദിച്ചു.. അവളിൽ നിന്ന് ദീർഘമായൊരു നിശ്വാസം ഉയർന്നു..

“നീരവേട്ടനും അമ്മക്കുമായി പ്രാർത്ഥിച്ചതാണ്”

“ഞാനും ഏട്ടനു വേണ്ടിയാ അമ്പലത്തിൽ വന്നത്…പൂർണ്ണമായും സുഖപ്പെട്ട് ഏട്ടനൊന്ന് നടന്നു കണ്ടാൽ മതിയായിരുന്നു…

മീരയുടെ കണ്ണുകൾ നിറഞ്ഞു… അരയാലിൻ ചുവട്ടിൽ അവർ കുറച്ചു സമയം ചിലവഴിച്ചു.

” എല്ലാം ശരിയാകും ചേച്ചി”

“അങ്ങനെയൊരു ദിവസം വരുമെന്നാണു എന്റെ പ്രതീക്ഷ”

“വാ പോകാം”

മീര വിളിച്ചതോടെ നീരജ എഴുന്നേറ്റു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ അവളുടെ കണ്ണുകൾ കരിമണി മാലയും കരിവളകളും വെച്ചിരിക്കുന്ന കടയിലെത്തി.

“എനിക്കൊരു കരിമണി മാലയും കരിവളയും വാങ്ങിച്ചു തരാമോ ചേച്ചി.എന്റെ കയ്യിൽ പൈസയില്ല”

സങ്കടമായിരുന്നു മീരയുടെ സ്വരത്തിൽ..അത് മനസ്സിലാക്കിയ നീരജ അവൾക്ക് കരിമണി മാലയും കരിവളയും വാങ്ങിക്കൊടുത്തു.

നീഹാരികക്ക് കരിവളയും കരിമണി മാലയും വലിയ ഇഷ്ടം ആണ്.. നീരവ് അവൾക്കതൊക്കെ വാങ്ങിക്കൊടുക്കാറുണ്ട്..മീനമ്മ പറഞ്ഞത് അവളുടെ ഓർമ്മയിൽ ഉണ്ടായിരുന്നു.

രണ്ടു ദിവസം കഴിഞ്ഞു നീരവിന്റെ മുമ്പിലേക്ക് ചെല്ലുമ്പോൾ അതണിഞ്ഞ് വേണമെന്ന് മീരജ തീരുമാനിച്ചു.അതിനാണു അതെല്ലാം വാങ്ങിയതും.

വീട്ടിൽ തിരിച്ച് എത്തുമ്പോൾ സമയം സന്ധ്യയാകാറായി..മീരജ നിലവിളക്ക് കൊളുത്തി സന്ധ്യാദീപം ഉമ്മറപ്പടിയിൽ കൊണ്ട് ചെന്ന് വെച്ചു.വിളക്കിനു മുമ്പിൽ ചമ്രം പടച്ചിരുന്ന നാമം ചൊല്ലിത്തുടങ്ങി.വീട്ടിലില്ലാത്ത പതിവ് കാഴ്ച..മീനമ്മയും നീരജയും അവളോടൊപ്പം കൂടി..

എല്ലാം കണ്ടും കേട്ടും നീരജ് ബുളളറ്റിൽ ഇരിപ്പുണ്ടായിരുന്നു..സന്ധ്യാവിളക്കിന്റെ പ്രകാശത്തിൽ തിളങ്ങുന്ന മറ്റൊരു ദേവിയിലായിരുന്നു അവന്റെ കണ്ണുകൾ…

“മീരയിൽ…

അപ്പോഴേക്കും മറക്കാൻ ശ്രമിച്ചാലും പിന്നെയും ഓർമ്മയിലെത്തിയ മറ്റൊരു മുഖം നീരജിനെയാകെ അസ്വസ്ഥതനാക്കി..അതോടെ അവൻ മെല്ലെ എഴുന്നേറ്റു തന്റെ മുറിയിലേക്ക് പോയി…

(തുടരും)

നീരവം : ഭാഗം 1

നീരവം : ഭാഗം 2

നീരവം : ഭാഗം 3

നീരവം : ഭാഗം 4

നീരവം : ഭാഗം 5

നീരവം : ഭാഗം 6

നീരവം : ഭാഗം 7