Sunday, December 22, 2024
Novel

നവമി : ഭാഗം 17

എഴുത്തുകാരി: വാസുകി വസു


“നീ വിഷമിക്കേണ്ടാ നവി മോളേ..നിന്നെയും കാണാൻ ആൾ ഇന്ന് തന്നെ വരുന്നുണ്ട്. ഒരുമിച്ച് ഒരേ പന്തലിൽ രണ്ടു പേരുടെയും വിവാഹം നടത്തും” അമ്മ രാധയുടെ വെളിപ്പെടുത്തലിൽ നവമിയാകെ ആടിയുലഞ്ഞു.ഒരിക്കലും ഇങ്ങനെയാണ് പ്രതീക്ഷിച്ചിരുന്നില്ല.

“അച്ഛനു പ്രായമായി വരികയാണ്.എന്റെ കണ്ണടയും മുമ്പ് രണ്ടു പേരുടെയും വിവാഹം നടന്നു കാണണം”

രമണൻ തന്റെ ആഗ്രഹം പറയുന്നത് ഇരുവരും കേട്ടില്ല.മറിച്ച് അപ്രതീക്ഷിതമായി കേട്ടത് വിശ്വസിക്കാൻ കഴിയാതെ നീതിയും നവമിയും ഷോക്കടിച്ചതു പോലെ നിൽക്കുക ആയിരുന്നു….

എന്തുപറയണം എന്നറിയാതെ നീതിയും നവിയും ഷോക്കടിച്ചതു പോലെ നിന്നു.അച്ഛന്റെ വാക്കിനെ ധിക്കരിക്കാനും കഴിയില്ല.മുന്നോട്ടു വെച്ച കാൽ പതിയെ പിന്നിലേക്ക് വലിച്ചു.

“രണ്ടു പേരും വിഷമിക്കണ്ട.അച്ഛനറിയാം നിങ്ങൾക്ക് ഇനിയും പഠിക്കണമെന്നും സ്വന്തമായൊരു ജോലി വാങ്ങണമെന്നും.

വിവാഹം കഴിഞ്ഞാലും പഠിക്കാമല്ലോ.അങ്ങനെയിള്ളൊരു ആലോചനയേ ഉറപ്പിക്കൂ”

എതിർക്കുവാനുളള ഏകവഴിയും അടച്ചു കൊണ്ടാണ് രമണൻ പറഞ്ഞത്.അതിനാൽ മറ്റ് മാർഗ്ഗമില്ലാതെ നീതിയുടെയും നവിയുടെയും മനസ്സ് പരക്കം പാഞ്ഞു.

“മക്കൾ പോയി..റെസ്റ്റ് എടുക്ക്.പതിനൊന്ന് മണി കഴിയും അവരെത്താൻ”

അതുകേട്ടതും അവർ മുറിയിലേക്ക് വലിഞ്ഞു.കട്ടിലിൽ താടിക്ക് കയ്യും കൊടുത്തു ചേച്ചിയും അനിയത്തിയും മുഖാമുഖം നോക്കിയിരുന്നു.

ഇതിപ്പോൾ ശരിക്കും പെട്ടത് നവമി ആയിരുന്നു. മനസിൽ മുളച്ച പ്രണയത്തിന്റെ പുൽനാമ്പ് തുടക്കത്തിലേ നുള്ളേണ്ട അവസ്ഥയായി.അഥർവിനോട് അതേ നിമിഷം ദേഷ്യവും തോന്നി.

“ഇഷ്ടമാണെന്നൊരു ഉറപ്പ് നൽകിയിരുന്നെങ്കിൽ പിടിച്ചു നിൽക്കാൻ കഴിയുമായിരുന്നു.

തനിക്ക് ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞാൽ അച്ഛൻ നടത്തി തരുമെന്ന് അവൾക്ക് നൂറു ശതമാനം ഉറപ്പുണ്ടായിരുന്നു.ഇതിപ്പോൾ ഒന്നിനും കഴിയാത്ത അവസ്ഥ.

നീതിയുടെ അവസ്ഥയും ഒട്ടും വ്യത്യസ്തമായിരുന്നില്ല.പെണ്ണ് കാണാൻ ആളു വരുന്നെന്ന് ഇപ്പോഴും ഉൾക്കൊളളാൻ കഴിഞ്ഞിട്ടില്ല. ഇങ്ങനെയൊരു ചതി തീരെ പ്രതീക്ഷിച്ചിരുന്നില്ല.

നീതിയുടെ മനസ്സിലൂടെ വിവിധതരം ചിന്തകൾ കടന്നു പോയി. അവൾ അനിയത്തിയെ നോക്കി.പാവം തന്റെ വിവാഹം നടക്കുമെന്ന് കരുതി ഒരുപാട് സന്തോഷിച്ചു.ഇപ്പോൾ അവളും പെട്ടു.

” ചേച്ചി…” ദയനീയമായ സ്വരത്തിൽ നവമി വിളിച്ചു. എന്തെന്ന് അർത്ഥത്തിൽ നീതി അവളെ നോക്കി.

“ഇങ്ങനെ കുന്തം വിഴുങ്ങിയത് പോലെ ഇരിക്കാതെ രക്ഷപ്പെടാനുളള വഴിയൊന്ന് പറഞ്ഞു താ””

“ഞാനും നീ പറഞ്ഞതിനെ കുറിച്ചാടീ ആലോചിക്കുന്നത്.ഈ കുരിശിൽ നിന്ന് രക്ഷപ്പെടാനുളള വഴിയാണ്. എന്നാലും അച്ഛനിൽ നിന്ന് ഇങ്ങനെയൊരു ചതി തീരെ പ്രതീക്ഷിച്ചില്ല”

“അതേ ചേച്ചി” നവമി സങ്കടപ്പെട്ടു.

“ഛെ…ചേച്ചിയെ അകപ്പെടുത്തിയെന്ന് കരുതിയതാണ്. ഇപ്പോൾ പത്മവ്യൂഹത്തിൽ പെട്ടത് താനാണ്” വിഷമത്തോടെ നവമി ഓർത്തു.

ഇരുവരും തലപുകഞ്ഞ് ആലോചിച്ചിട്ടും ഒരുവഴിയും തെളിഞ്ഞില്ല.പ്രാന്ത് പിടിച്ചതു പോലെ മുറിയിൽ പരക്കം പാഞ്ഞു.

ഇരിക്കാനും നിൽക്കാനും കഴിയുന്നില്ല.മനസ്സിലെ അസ്വസ്ഥത ശരീരത്തിലേക്ക് ബാധിച്ചതോടെ അവർ തളർന്നു.

“നവമി ആരായാലും വന്ന് കണ്ടിട്ടു പോകട്ടേ..ബാക്കി നമുക്ക് ആലോചിച്ചു ചെയ്യാം” ചേച്ചി പറഞ്ഞതാണ് ശരിയെന്ന് അവൾക്കും തോന്നി. ചെറുക്കനെ കാണാതെ എന്ത് കുറ്റമാണ് കണ്ടെത്തുക.

നീതിയും നവമിയും പതിനൊന്ന് മണിയാകാൻ കാത്തിരുന്നു. ഇടക്ക് അമ്മ വന്നു പറഞ്ഞപ്പോൾ ചെറുതായിട്ടൊന്ന് കൂടി ഒരുങ്ങി.

രണ്ടു പേരും ഒരേ കളർ ചുരീദാർ എടുത്ത് ധരിച്ചു.മെറൂൺ കളറിൽ പ്രിന്റ് ചെയ്ത ചുരീദാറിൽ നീതിയും നവമിയും സുന്ദരികൾ ആയിരുന്നു. എന്നാലും കൂടുതൽ മാച്ച് നീതിക്ക് ആയിരുന്നു.

പതിനൊന്ന് മണി കഴിഞ്ഞപ്പോൾ മുറ്റത്ത് ഒരു കാർ വന്ന് നിന്നു.അതിൽ നിന്ന് രണ്ടു ചെറുപ്പക്കാർ ഇറങ്ങുന്നത് ജനാലയിൽ കൂടി അവർ കണ്ടിരുന്നു. തെറ്റില്ലാത്ത സൗന്ദര്യമുണ്ട്.അത്രമാത്രം.

അവരങ്ങനെ നോക്കി നിൽക്കുമ്പോൾ പിന്നിൽ രാധ വന്ന് നിൽക്കുന്നത് അറിഞ്ഞില്ല.

“ഇഷ്ടമായോടീ നിങ്ങൾക്ക്” അമ്മയുടെ ചോദ്യം കേട്ട് അവർ ഞെട്ടിത്തിരിഞ്ഞു.

“ആളാരാണെന്ന് അറിയാതെ ഇഷ്ടപ്പെട്ടിട്ട് എന്ത് കാര്യം?” നീതി അവസരത്തിനൊത്ത് ഉയർന്നു.

അമ്മക്ക് അവരെ കുറിച്ച് ഡീറ്റെയിൽസ് അറിയാമെങ്കിൽ കിഴിഞ്ഞ് എടുക്കുക എന്നതാണ് ലക്ഷ്യം. അനിയത്തിയെ കണ്ണിറുക്കി കാണിച്ചു. നവമിയത് പെട്ടെന്ന് പിടിച്ചെടുത്തു.

“അതേ..ഞങ്ങൾക്ക് ആരെയാണ് നിങ്ങൾ കരുതി വെച്ചിരിക്കുന്നതെന്ന് അറിയില്ലല്ലോ?”

അനിയത്തി സപ്പോർട്ട് ചെയ്തതോടെ നീതി അമ്മയിൽ പ്രഷർ ചെലുത്തി. ഒടുവിൽ അവർ മനസ് തുറന്നു.

“ജയറാം പച്ച ഷർട്ടിട്ട പയ്യനാണ് നീതിയുടെ ചെക്കൻ.ചെക്ക് ഷർട്ട് ധരിച്ച ചെക്കൻ നവമിക്കും.അവർ ചേട്ടനും അനിയനും ആണ്”

ഓ..അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ. അമ്മ കൂടി അറിഞ്ഞിട്ടാണ് എല്ലാം നടന്നത്.എന്നിട്ട് ഒരു സൂചന പോലും നൽകിയില്ല.

നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഈസിയായിട്ട് ഈ ചടങ്ങ് ഒഴിവാക്കാമായിരുന്നു.

ഇതിപ്പോൾ അവസാന സമയം. എന്നാലും സാരമില്ല. ഒരു വഴിയുണ്ട്.പരീക്ഷിച്ചു നോക്കാം. അവൾ ആശ്വസിച്ചു.

“രാധേ…” രമണന്റെ ശബ്ദം ഹാളിൽ നിന്ന് ഉയർന്നു കേട്ടു…

“ദാ …വരുന്നു” അവർ വിളി കേട്ടു.ശേഷം മക്കളെ നോക്കി.

“ഞാനങ്ങോട്ട് ചെല്ലട്ടെ..പിന്നെ രണ്ടു പേരും കുരുത്തക്കേട് കാണിക്കരുത്.പ്രത്യേകിച്ച് നീ..” നീതിയോടായി പറഞ്ഞിട്ട് രാധ ഹാളിലേക്ക് പോയി..

നീതി എന്തെങ്കിലും ഒപ്പിക്കുമെന്ന് രാധക്ക് അറിയാം.അതാണ് അവരങ്ങനെ പറഞ്ഞത്.അമ്മ മുറി വിട്ടു ഇറങ്ങിയതും നീതി കതക് ലോക്ക് ചെയ്തു.

“നവി ഒരുവഴിയുണ്ട്..നീ കൂടി മനസ് വെച്ചാൽ നടക്കും.നമുക്ക് രക്ഷപ്പെടുകയും ചെയ്യാം”

പൊടുന്നനെ നവമി ദീർഘമായൊന്ന് ശ്വസിച്ചു.ചേച്ചി എന്തെങ്കിലും വഴി കണ്ടെത്തുമെന്ന് അവൾക്ക് ഉറപ്പ് ഉണ്ടായിരുന്നു.

“ചേച്ചി പറയ്..” അവൾ ചേർന്ന് നിന്നു. നീതി അനിയത്തിയുടെ കാതിൽ എന്തെക്കയോ പറഞ്ഞു. അതുകേട്ടതും അവളുടെ മുഖം തെളിഞ്ഞു.

“സൂപ്പർ ഐഡിയ..ഇത് വിജയിക്കും.” സന്തോഷത്തോടെ ചേച്ചിയുടെ കവിളിലൊരുമ്മ കൊടുത്തു. നീതിക്കും ആത്മവിശ്വാസമായി.

അമ്മ വന്ന് കതകിൽ തട്ടിയപ്പോൾ കതക് തുറന്നു.

“വാ ..ചായ കൊടുക്കണം” അമ്മക്ക് പിന്നാലെ ഇരുവരും അടുക്കളയിലേക്ക് നടന്നു.

“ചായ കൊണ്ട് പോയി കൊടുക്ക്” രണ്ടു ട്രേയിലായി ചായക്കപ്പ് അവർ എടുത്തു വെച്ചു.നീതിയും നവിയും പരസ്പരം നോക്കി പുഞ്ചിരിച്ചു.

രാധയുടെ കണ്ണിലത് ഉടക്കി.അവരുടെ നെഞ്ചിലൊരു ഇടിവെട്ടി.മക്കളുടെ പുഞ്ചിരി അത്ര പന്തിയല്ലെന്ന് മനസിലായി.

“ദേ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ..നിങ്ങളുടെ വിവാഹം അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമാണ്.അത് നടത്തി കൊടുക്കണം”

അമ്മ സൂചിപ്പിച്ചതിന്റെ പൊരുൾ മനസിലായെന്ന അർത്ഥത്തിൽ അവർ തലകുലുക്കി.എന്നിട്ട് ട്രേയുമെടുത്ത് ഹാളിലേക്ക് ചെന്നു.

രാധ ഒരുപ്രാവശ്യം കൂടി അവരവർക്കുളള ചെറുക്കന്മാർ ഇന്നവരാണെന്ന് മക്കളെ ഓർമ്മിപ്പിച്ചു.

“ചായ എടുത്തു കൊടുക്ക് മക്കളേ” രമണൻ അനുവാദം നൽകിയതോടെ നീതിയും നവമിയും കണ്ണിൽക്കണ്ണിൽ നോക്കി സിഗ്നൽ നൽകി.

നീതി ചായ ചെക്ക് ഷർട്ടുകാരനും നവമി ജയറാം പച്ച അണിഞ്ഞ പയ്യനും ചായ കൊടുത്തു. രാധയിലൊരു വെള്ളിടി വെട്ടി.അവർ നെഞ്ചത്ത് കൈവെച്ചു.

“ചതിച്ചല്ലോ ഭഗവാനേ കുരുത്തം കെട്ടവളുമാർ..”

“മക്കളേ നിങ്ങൾ ആളുമാറിയാ കൊടുത്തത്..അമ്മ ഒന്നും പറഞ്ഞിരുന്നില്ലേ?” ചോദ്യത്തോടൊപ്പം ഭാര്യയുടെ നേർക്ക് മൂർച്ചയുള്ളൊരു നോട്ടമെറിഞ്ഞു.

“ഞാൻ പറഞ്ഞിരുന്നതാണ്” രാധ മറുപടി കൊടുത്തു. പെൺകുട്ടികൾക്ക് പറ്റിയ അബദ്ധം ഓർത്ത് സഹോദരങ്ങൾ പുഞ്ചിരിച്ചു.

“അച്ഛാ അമ്മയെ കുറ്റപ്പെടുത്തണ്ടാ..ഞങ്ങൾക്ക് ഇഷ്ടപ്പെട്ടവർക്കാണ് ചായ കൊടുത്തത്” ഒരേ സ്വരത്തിൽ നീതിയും നവമിയും മറുപടി കൊടുത്തു. എല്ലാവരും അമ്പരന്നു പോയി.

“അച്ഛാ വിവാഹമെന്നത് രണ്ടു വ്യക്തികൾ തമ്മിൽ ഒന്നിച്ചു ജീവിക്കുകയെന്നതല്ലേ.

ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാനുള്ള അവകാശം എങ്കിലും ഞങ്ങൾക്കില്ലേ.മാതാപിതാക്കൾക്കുളള അവകാശം ഞങ്ങൾ നിഷേധിച്ചില്ലല്ലോ?”

നവമിയുടെ ചോദ്യത്തിന് മുമ്പിൽ രമണനും രാധക്കും ഉത്തരം ഇല്ലായിരുന്നു. ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.

“ഹേയ്..സാരമില്ല.. എന്തായാലും ഞങ്ങൾക്ക് സമ്മതമാണ്” ചെറുപ്പക്കാർ പറഞ്ഞതും ചേച്ചിയും അനിയത്തിയും ഒരുപോലെ നടുങ്ങി.

“ഈശ്വരാ പണി പാളിയോ” എങ്കിലും അച്ഛനിൽ അവർക്ക് വിശ്വാസം ഉണ്ടയിരുന്നു.

“അത് ശരിയാകില്ല..ചേച്ചിയെ അനിയനും അനിയത്തിയെ ചേട്ടനും വിവാഹം കഴിക്കുന്നതും നടക്കില്ല.രണ്ടു പേരും ഒരേ വീട്ടിലാണ് ചെന്ന് കയറുന്നത്.”

രമണൻ തന്റെ തീരുമാനം അറിയിച്ചതും നീതിയിലും നവമിയിലും ആശ്വാസം അനുഭവപ്പെട്ടു.

“നിങ്ങൾ ദയവായി ക്ഷമിക്കണം. ഇത് നടക്കില്ല” രമണൻ അവരോട് ക്ഷമ ചോദിച്ചു. മക്കൾക്ക് വേദന തോന്നിയെങ്കിലും ഇതല്ലാതെ മറ്റ് വഴിയില്ലാത്തതിനാൽ അവർ തല കുനിച്ചു.

“വിളിച്ചു വരുത്തി അപമാനിച്ചതിന് തനിക്ക് നല്ലൊരു പണി തരുന്നുണ്ട്” അവർ ദേഷ്യത്താൽ രമണനു നേരെ വിരൽ ചൂണ്ടി.

“ഞാൻ ക്ഷമ ചോദിച്ചുവല്ലോ”

“തന്റെയൊരു കോപ്പും കേൾക്കണ്ടടോ”

അച്ഛനു നേരെ അവർ കയർത്ത് സംസാരിക്കുന്നത് കണ്ടിട്ട് നീതിക്കും നവിക്കും വിറഞ്ഞു കയറി.

“ഇറങ്ങിപ്പോകാൻ പറയാത്തത് മര്യാദ അല്ലാത്തതിനാലാണ്” നവമി അവരോട് പറഞ്ഞു..

“നീ പോടീ പുല്ലേ” ചെക്ക് ഷർട്ടുകാരൻ നവിയോട് തട്ടിക്കയറി.

“അച്ഛനു ഇപ്പോൾ മനസിലായല്ലോ ഇവരുടെ സംസ്ക്കാരം..” അവൾ അച്ഛനോട് ചോദിച്ചു.

“പുറം മോടിയാൽ ആരെയും അളക്കരുത് അച്ഛാ” രമണന്റെ തല താണു.

“ഇറങ്ങിപ്പോടാ …അച്ഛനെ എന്തെങ്കിലും പറഞ്ഞാൽ നീയൊക്കെ തല്ലും വാങ്ങി ഇവിടെ നിന്ന് ഓടും” നീതി അങ്ങനെ പറഞ്ഞിട്ട് അടുക്കളയിൽ ചെന്ന് വെട്ടുകത്തിയും എടുത്ത് അവരുടെ നേരെ പാഞ്ഞു ചെന്നു.. രാധയും രമണനും നവിയും കൂടി അവളെ തടഞ്ഞു.

ചെറുപ്പക്കാർ പെട്ടെന്ന് പുറത്തേക്കിറങ്ങി.

“നിന്നെയൊക്കെ ഞങ്ങളുടെ കയ്യിൽ കിട്ടും.അപ്പോൾ എടുത്തോളാം”

“ഒന്ന് പോടാ …നീയൊക്കെ ഞൊട്ടും” നീതി പിന്നെയും എന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നു. ചെറുപ്പക്കാർ കാറിൽ കയറി പോയി.രമണൻ തളർച്ചയോടെ കസേരയിൽ ഇരുന്നു..

“എല്ലാം തന്റെയൊരു ധൃതി കാരണമാണ്” അയാൾ സ്വയം കുറ്റപ്പെടുത്തി…

“അച്ഛാ സാരമില്ല.. വിവാഹയോഗം ഞങ്ങൾക്ക് ഉണ്ടെങ്കിൽ നല്ലൊരു ബന്ധം പറയാതെ തേടിവരും.അങ്ങനെ ഇല്ലെങ്കിൽ ഞങ്ങൾ എന്നും അച്ഛന്റെയും അമ്മയുടെയും മക്കളായി കഴിയും”

കരച്ചിലോടെ മക്കൾ അച്ഛനെ കെട്ടിപ്പിടിച്ചു..രാധയുടെയും രമണന്റെയും കണ്ണുകൾ നിറഞ്ഞു. അയാൾ മക്കളെ രണ്ടു പേരെയും ചേർത്തു പിടിച്ചു….

💃💃💃💃💃💃💃💃💃💃💃💃💃💃💃

“എന്തായി പോയ കാര്യം.. നിങ്ങൾക്ക് ഇഷ്ടമായോ?”

“അത് നടക്കില്ല..വിട്ടേക്ക്”

മിഴിയുടെ ഭർത്താവ് ജിത്ത് ആണ് ആ സഹോദരങ്ങളെ ആലോചനയുടെ രൂപത്തിൽ രമണന്റെ വീട്ടിലേക്ക് ദല്ലാൾ വഴി അയച്ചത്.

നവമിയോടും കുടുംബത്തിനോടും ഒടുങ്ങാത്ത പകയാണ് ജിത്തുവിന്.നവി കാരണമാണു അന്ന് നാണം കെട്ടതും മിഴിയെ സ്വീകരിക്കേണ്ടി വന്നതും…

ആ ചെറുപ്പക്കാർ നടന്നതെല്ലാം അയാളോട് ചുരുക്കി പറഞ്ഞു…

“ഛെ‌‌…” അയാൾ നിരാശയോടെ മുഷ്ടി ചുരട്ടി…

“ഇതല്ലെങ്കിൽ മറ്റൊരു വഴി…എന്ത് മാർഗ്ഗം സ്വീകരിച്ചാലും നവമി നിന്നോടും കുടുംബത്തിനോടും ഞാൻ പകരം വീട്ടും”

ഞെരിഞ്ഞ് അമർന്ന പല്ലുകൾക്കിടയിൽ നിന്ന് വാക്കുകൾ പുറത്തേക്ക് ചിതറി തെറിച്ചു…

തുടരും….

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6

നവമി : ഭാഗം 7

നവമി : ഭാഗം 8

നവമി : ഭാഗം 9

നവമി : ഭാഗം 10

നവമി : ഭാഗം 11

നവമി : ഭാഗം 12

നവമി : ഭാഗം 13

നവമി : ഭാഗം 14

നവമി : ഭാഗം 15

നവമി : ഭാഗം 16