Wednesday, December 25, 2024
Novel

Mr. കടുവ : ഭാഗം 17

എഴുത്തുകാരി: കീർത്തി


ആ വരവ് കണ്ട് ഞാനാകെ പേടിച്ചു. ചന്ദ്രുവേട്ടൻ എന്റെ അടുത്തെത്തിയതും മുഖത്തു ശക്തമായൊരു കാറ്റു വീശി. ഇടതുകവിളിൽ ഒരു പുകച്ചിൽ അനുഭവപ്പെട്ടപ്പോളാണ് കടുവ എന്നെ തല്ലിയതാണെന്ന് മനസിലായത്. അതുകണ്ട് പേടിച്ച് ആവണിക്കുട്ടി സാരിത്തലപ്പിൽ പിടിച്ച് എന്റെ പിറകിൽ ഒളിച്ചുനിന്നു.

അടിയുടെ ആഘാത്തിൽ പിറകിലേക്ക് വേച്ചുപോയ എന്നെ കടുവ പിടിച്ചു നേരെ നിർത്തി. ഇടതുകൈകൊണ്ട് അടികിട്ടിയ കവിൾ ഞാൻ പൊതിഞ്ഞുപിടിച്ചു ഞാൻ നിന്നു.

കടുവ എന്റെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങിനിന്ന്, ആ ചോരക്കണ്ണുകളാൽ ഉറ്റുനോക്കികൊണ്ട് ഗർജ്ജിച്ചു.

“ബാക്കിയുള്ളോരെ മുഴുവൻ ആധി പിടിപ്പിച്ചിട്ട് നീയ്യിവിടിരുന്ന് വിമാനം പറപ്പിച്ച് കളിക്കാണല്ലെടി? ”

പറയുന്നതോടൊപ്പം എന്റെ കൈയിലുണ്ടായിരുന്ന വിമാനം പിടിച്ചുവാങ്ങിച്ച് ഒരേറ്. ദേഷ്യത്തോടെ എറിഞ്ഞതാണെങ്കിലും അത് ശെരിക്കും പറന്ന് എങ്ങോട്ടോ പോയി. മിക്കവാറും അത് ആവണിക്കുട്ടീടെ അച്ഛന്റെ അടുത്ത് എത്തിക്കാണും.
എന്റെ കണ്ണൊക്കെ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. അതൊന്നും ഗൗനിക്കാതെ കടുവ വായിൽ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞു.

“നിന്റെ ഫോണെവിടെ? ”

“സ്റ്റാ… ഫ്…. റൂം ”

തല്ലുകിട്ടിയ വേദനയിൽ വായ തുറക്കാൻപോലും പറ്റുന്നില്ല. എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.

“അത്യാവശ്യസമയത്ത് എടുത്ത് ഉപയോഗിക്കാനല്ലെങ്കി പിന്നെന്തിനാടി നിനക്കൊക്കെ അങ്ങനെയൊരു സാധനം.? ”

കടുവ ശെരിക്കും ഉറഞ്ഞുതുള്ളുകയായിരുന്നു. ഒരു വാളും ചിലമ്പും കൂടി കൈയിൽ ഉണ്ടായിരുന്നെങ്കിൽ ഉത്സവത്തിന് വെളിച്ചപ്പാടായിട്ട് കൊണ്ടുപോകായിരുന്നു.

പെട്ടന്ന് ആവണിക്കുട്ടി “അമ്മേ “ന്നും വിളിച്ച് എന്റെ പിറകിൽ നിന്നും മുന്നിലേക്കോടി. അവൾ ഓടിയ ദിക്കിലേക്ക് നോക്കിയപ്പോൾ ചെറുതായി വീർത്തുന്തിയ വയറുമായി ഒരു സ്ത്രീയും കൂടെ പ്രായമായൊരമ്മയും വരുന്നത് കണ്ടു. അവരുടെ തൊട്ടുപിറകിലായി ഹെഡ് മാഷും പ്യൂൺ ചേട്ടനും.

കവിളുപ്പൊത്തി കൊണ്ടുള്ള എന്റെ നിൽപ്പും ആവണിക്കുട്ടിയുടെ കരച്ചിലും ഒക്കെയായപ്പോൾ തന്നെ എല്ലാർക്കും സംഭവത്തിന്റെ കിടപ്പുവശം ഏതാണ്ട് പിടികിട്ടിയെന്ന് തോന്നുന്നു. അവര് മോളെ ആശ്വാസിപ്പിക്കുന്നുണ്ട്. അവളാണെണെങ്കി തേങ്ങി തേങ്ങി കരയുന്നു.

ചന്ദ്രുവേട്ടന്റെ രൂപം കണ്ട് പേടിച്ചിട്ടാണെന്ന് തോന്നുന്നു ഹെഡ് മാഷ് പോലും ഒരക്ഷരം മിണ്ടുന്നില്ല. എന്നെയൊന്ന് തറപ്പിച്ച് നോക്കിയിട്ട് ചന്ദ്രുവേട്ടൻ അവരുടെ അടുത്തേക്ക് പോയി. എന്നോട് നടത്തിയ തുള്ളലിന്റെ ബാക്കി ഭാഗം അവരുടെ മുന്നിലാണ് അവതരിപ്പിക്കുന്നത്. പോരാത്തതിന് കുഞ്ഞിനെ ഇത്രയും നേരം ഇരുത്തിയതിനുള്ള വാർണിംഗും. പാവം. അവരുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞുപോലും പേടിച്ചുവിറച്ചുകാണും. കുറേ സോറിയും ഇനി ആവർത്തിക്കില്ലെന്നുമൊക്കെ പറഞ്ഞ് അവര് മോളെയും കൊണ്ട് പോയി.

ഞാനെപ്പോഴും ആ നിൽപ്പ് അങ്ങനെതന്നെ നിൽക്കുകയായിരുന്നു. അവിടെനിന്നും കടുവ നേരെ എന്റടുത്തേക്ക് വന്നു. ‘ ഇനിയെന്താ ‘ന്നുള്ള അർത്ഥത്തിൽ ഞാൻ കടുവയുടെ മുഖത്തേക്ക് നോക്കി.

“എന്താ വരുന്നില്ലേ? അതോ ഇനിയും നിനക്ക് വിമാനം പറപ്പിക്കണോ? ”

പിന്നൊന്നും ആലോചിക്കാതെ കടുവയുടെ പിറകെ നടന്നു. സ്റ്റാഫ് റൂം തുറപ്പിച്ച് അതിൽനിന്നും ബാഗെടുത്ത്‌ തന്നു. ഹെഡ് മാഷിനോടും പ്യൂൺ ചേട്ടനോടും യാത്രപറഞ്ഞിറങ്ങി.

ബുള്ളറ്റിന് അടുത്തെത്തിയതും കടുവ അതിൽ കയറിയിരുന്നു. ബുള്ളെറ്റിലോ? അതും കടുവയുടെ കൂടെ? ഇയ്യാൾക്ക് ജീപ്പ് കൊണ്ടുവരായിരുന്നു. ഞാൻ സംശയിച്ചുനിന്നു. ഉടനെവന്നു അടുത്ത ചോദ്യം.

“വിനോദ് സാറിന്റെ ബൈക്കിൽ മാത്രേ നീ കേറുള്ളൂ? ”

എന്നോടുള്ള ദേഷ്യവും വിനോദ് സാറിനോടൊപ്പം അന്ന് ബൈക്കിൽ കയറിയതിനുള്ള കുശുമ്പും ആ ചോദ്യത്തിലുണ്ടായിരുന്നു. കടുവയിൽനിന്നും പരമാവധി അകലം പാലിച്ച് ഞാൻ ബുള്ളറ്റിൽ കയറിയിരുന്നു. പിടിച്ചിരിക്കാനുള്ള ഹാൻഡിൽ തിരഞ്ഞു. കാണുന്നില്ല.

“പിടിച്ചിരിക്കടി ഇല്ലെങ്കിൽ റോഡിൽന്ന് പെറുക്കിയെടുക്കേണ്ടി വരും. ”

ഹാൻഡിൽ ഞാൻ കാണാത്തതാണോ? ഒരിക്കൽക്കൂടി ഞാനാ ബുള്ളറ്റ് മുഴുവൻ അരിച്ചുപെറുക്കി, അങ്ങനെയൊരു സാധനം കാണാനുണ്ടോന്ന്. ഇല്ല. പിന്നെ എവിടെ പിടിക്കാനാ ഇയ്യാള് പറയുന്നേ??? എന്റെ തിരച്ചിൽ കണ്ട് കടുവത്തന്നെ എന്റെ കൈയെടുത്ത് ആ തോളത്ത് വെപ്പിച്ചു.

പോരുന്ന വഴിയിൽ മുഖത്തേക്ക് കാറ്റടിക്കുമ്പോൾ കവിൾ നന്നായി നീറുന്നുണ്ടായിരുന്നു. പോരാത്തതിന് അടികിട്ടിയ കവിളിന് വല്ലാത്ത ഘനവും. ഈശ്വര… എന്റെ പല്ലിനെന്തെങ്കിലും പറ്റിയോ ആവോ? ഏയ്‌… ഉണ്ടെങ്കിൽ അപ്പൊത്തന്നെ പുറത്ത് വന്നേനെ.

നാവുകൊണ്ട് ഒന്ന് ടെസ്റ്റ്‌ ചെയ്തുനോക്കി. ഇരുമ്പ് കലർന്ന ചോരയുടെ രുചിയായിരുന്നു അനുഭവപ്പെട്ടത്.

റോഡിലെ വളവുകൾ തിരിയുന്നതോടൊപ്പം ഞങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞുകൊണ്ടിരുന്നു.

അപ്പോഴൊക്കെ ഞാൻ വീണ്ടും വിട്ടിരിക്കും. ഒന്നുരണ്ടു തവണ തിരിഞ്ഞുനോക്കുക മാത്രമേ ചെയ്തുള്ളൂ. പക്ഷെ ഒരിക്കൽക്കൂടി ആവർത്തിച്ചപ്പോൾ കടുവ വണ്ടി നിർത്തി. എന്നിട്ടൊരു ചോദ്യവും.

“നീയ്യെന്താടി പിറകിലിരുന്ന് ബ്രേക്ക്‌ ഡാൻസ് കളിക്കുന്നുണ്ടോ? കുറേനേരായല്ലോ തുടങ്ങീട്ട്. എന്നാൽ ഇവിടെ ഇറങ്ങിനിന്ന് കളിക്കടി ഞാനുംക്കൂടി കാണട്ടെ. ”

എന്റെ കവിൾ തല്ലിപൊളിച്ചതും പോരാ ഞാനിനി ഡാൻസ് കളിച്ച് കാണിക്കണം പോലും. ഹും…. വായ തുറക്കാൻ പറ്റാത്തോണ്ടാ അല്ലെങ്കിൽ നല്ല മറുപടി ഞാൻ തന്നേനെ. ഞാൻ മിണ്ടാതിരുന്നു. ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

വീട്ടിലെത്തിയപ്പോൾ അവിടെ എല്ലാവരും ഞങ്ങളെ കാത്ത് പുറത്തുതന്നെ നിൽക്കുന്നുണ്ടായിരുന്നു. രാമേട്ടനും ഫാമിലിയുമടക്കം.

ചന്ദ്രുവേട്ടന്റെ കൂടെ എന്നെ കണ്ട് എല്ലാവരുടെയും മുഖത്ത് ആശ്വാസം നിറഞ്ഞു. അമ്മ ഓടിവന്ന് എന്നെ കെട്ടിപിടിച്ചു കരയാനും ഓരോന്ന് ചോദിക്കാനും തുടങ്ങി.

മറ്റുള്ളവറുടെ പക്കലുമുണ്ട് എനിക്കായ് ഒരുപാട് ചോദ്യങ്ങൾ. അടിയുടെ വേദനയിൽ ആരോടും ഒന്നും മിണ്ടാൻ പറ്റാതെ ഞാൻ നിന്നു. അപ്പോഴാണ് അമ്മ എന്റെ കവിളിലെ പാട് ശ്രദ്ധിച്ചത്.

“അയ്യോ… ഇതെന്തു പറ്റിയതാ മോളെ? ”

“സ്സ്….ആഹ്…. ”

ചോദ്യത്തോടൊപ്പം അമ്മ കവിളത്തൊന്ന് തോട്ടതും വേദനകൊണ്ട് ഞാൻ എരിവ് വലിച്ചു.
കടുവയെ നോക്കിയപ്പോൾ ഒരു കൂസലുമില്ലാതെ നിൽക്കുന്നു.

തല്ലിച്ചതച്ച് ഊമയാക്കീട്ട് നോക്കിനിന്നു രസിക്കാതെ ഈ ചോദ്യത്തിന് ഉത്തരം പറ മനുഷ്യ…

“എല്ലാവർക്കും ഇങ്ങനൊരു ട്രീറ്റ് തന്നതല്ലേ. അതിന് എന്റെ വക ഒരു സമ്മാനം കൊടുത്തു. ”

എന്റെ മനസ്സറിഞ്ഞപോലെ കടുവ തന്നെ മറുപടി പറഞ്ഞു. എന്നിട്ട് വീടിനകത്തേക്ക് കയറിപ്പോയി. എല്ലാരും കൂടി വീണ്ടും ചോദ്യോത്തരപംക്തി ആരംഭിച്ചു. വായതുറന്ന് മറുപടി പറയാൻ പാഠത്തോണ്ട് ഞാൻ കുറച്ചുനേരത്തേക്ക് വാസുവേട്ടന്റെ ശിഷ്യത്വം സ്വീകരിച്ചു.

വാസുവേട്ടൻ കാണിക്കുന്നത് പോലെ കൈകൊണ്ട് ഓരോ ആംഗ്യങ്ങൾ കാണിച്ച് പിടിച്ചുനിന്നു. അങ്ങേരുടെ ഭാഷ പഠിച്ചത് എത്ര നന്നായെന്ന് ഞാനോർത്തു.

എന്റെ അവസ്ഥ മനസിലാക്കി അവര് അന്വേഷണങ്ങളൊക്കെ നിർത്തി. രാമേട്ടനും കുടുംബവും അവരുടെ വീട്ടിലേക്ക് പോയി.

അമ്മ എന്നെകൂട്ടി അകത്തേക്ക് പോന്ന് കവിളിൽ ഐസ് പിടിച്ചുതന്നു. ഇനിയിപ്പോ ഇതൊക്കെ ചെയ്തിട്ടെന്താ കാര്യം? ആഹ്…. പുകച്ചിലിന് ഒരാശ്വാസം. അത്രതന്നെ.

അമ്മ കഴിക്കാൻ കുറച്ചു ഉപ്പുമാവ് കൊണ്ടുതന്നു. ഒരു സ്പൂൺ എടുത്ത് വായിൽ വെച്ചതുമാത്രമേ ഓര്മയുള്ളൂ. നിറഞ്ഞ കണ്ണ് അടച്ചുപിടിച്ച് വായിൽ കേറ്റിയത് എങ്ങനെയോ അകത്താക്കി. ഉടനെ അമ്മ കുറച്ചു മംഗോ ജ്യൂസ് കൊണ്ടുതന്നു.

വിശപ്പിന് പരിഹാരമാവില്ലെങ്കിലും ഒരു ജഗ്ഗ് മംഗോ ജ്യൂസ് മുഴുവനും ഒറ്റയിരിപ്പിന് കുടിച്ചുതീർത്തു.

അമ്മ ഇതുകണ്ട് ചിരിക്കണോ കരയണോ ന്നുള്ള സംശയത്തിൽ എന്നെതന്നെ നോക്കിയിരിപ്പുണ്ടായിരുന്നു. എന്റെ അമ്മേ .. അമ്മേടെ മകൻ ഒരു സംഭവമാണ്. ഒരൊന്നൊന്നര സംഭവം.

ഇങ്ങനെ തിന്നാൻ പറ്റാണ്ടാവാനും മാത്രം എന്തടിയാ ആ ഭ്രാന്തൻക്കടുവ അടിച്ചത്. ഇയ്യാള് വല്ല ഉരുക്കുമനുഷ്യനോ മറ്റോ ആണോ? ഹൊ…..

ഞാനും അമ്മയും കൂടി കുറച്ചു നേരം ഐസ് പിടിച്ചോണ്ടിരുന്നു. ആ നേരമത്രയും കടുവയെ പുറത്തേക്കൊന്നും കണ്ടതേയില്ല.

ഒരു ജഗ്ഗ് വെള്ളം കുടിച്ചതല്ലേ പണി കിട്ടി. മാത്രവുമല്ല വന്നപാടെ ഇരിക്കുന്നതാണ് വേഷമൊക്കെ മാറ്റണം. അമ്മയോട് പറഞ്ഞ് ഞാൻ ഔട്ട് ഹൗസിലേക്ക് ഇറങ്ങി.

അപ്പോഴാണ് അച്ഛൻ വന്നത്. വന്ന് കയറിയപ്പോൾ തന്നെ എന്നെ കണ്ടതും എനിക്കായ് കരുതിയ ഡയറി മിൽക്ക് ചോക്ലേറ്റ് എന്റെ നേരെ നീട്ടി. വളരെ കഷ്ടപ്പെട്ട് മുഖത്തൊരു പുഞ്ചിരി വരുത്തി ഞാനത് വാങ്ങിച്ചു.

“എന്തുപറ്റി ഇന്ന് ചിരിക്കത്ര വോൾട്ടേജ് പോരല്ലോ? ”

കവിളിലെ പാട് അച്ഛൻ ശ്രദ്ധിച്ചിട്ടില്ലായിരുന്നു.

“മോള് ചെല്ല്. അമ്മ പറഞ്ഞോളാം. ”

എന്ത് പറയുമെന്നറിയാതെ നിന്ന എന്നോട് അമ്മ പറഞ്ഞു. ഞാൻ ഔട്ട്‌ ഹൗസിലേക്ക് നടക്കുമ്പോൾ അമ്മ എല്ലാം വിശദമായിത്തന്നെ അച്ഛനെ പറഞ്ഞു കേൾപ്പിക്കുന്നുണ്ടായിരുന്നു.

ഔട്ട്‌ ഹൌസിലെത്തി മാറാനുള്ള ഒരു ചുരിദാറുമെടുത്ത് വാഷ് റൂമിലെത്തിയ ഞാൻ ആദ്യം നോക്കിയത് ഭിത്തിയിലെ കണ്ണാടിയിലേക്കാണ്.

അതിലൂടെ എന്റെ മുഖം കണ്ട് ഞാൻതന്നെ അന്തം വിട്ടു. കവിൾ നന്നായി വീർത്തിരിക്കുന്നു. പോരാത്തതിന് റോസ്പൗഡറെ ടുത്ത് വാരിപ്പൂശിയതുപോലെ കവിളെല്ലാം തുടുത്ത് ചൊകചൊകാന്ന് ഇരിക്കണു.

വളരെ ആയാസപ്പെട്ട് വായതുറന്നുനോക്കി ഭാഗ്യം. പല്ലിന് കുഴപ്പമൊന്നുമില്ല
അല്ലെങ്കിൽ ഈ ചെറുപ്രായത്തിൽ തന്നെ വെപ്പുപല്ല് വെച്ച് നടക്കേണ്ടിവന്നേനെ.

ഈശ്വര… ഞാനിനി എങ്ങനെ ചവച്ചരച്ചു കഴിക്കും? ഇതിനി എന്നാ ശരിയാവാ ആവോ? 2ദിവസം കഴിഞ്ഞാൽ സ്കൂളിൽ ഓണാഘോഷമാണ്.

ചിങ്ങത്തിലെ പൂരാടം നാളിലാണ് സ്കൂളിന്റെ സ്ഥാപകൻ മേനോൻ സാറിന്റെ അച്ഛൻ ശിവശങ്കര മേനോന്റെ ജന്മദിനം.

അതുകൊണ്ട് ഇവിടുത്തെ ഓണാഘോഷം അന്നാണത്രെ നടത്തിപോരുന്നത്. ഉച്ചവരെ വിദ്യാർത്ഥികൾക്കും ശേഷം എല്ലാ നാട്ടുകാർക്കുമായും പരിപാടികൾ സംഘടിപ്പിക്കും.

ഈ കവിളും വെച്ച് ഞാനെങ്ങനെ പോവും? എന്റെ ഓണം കുളമായല്ലോ…. ന്റെ മാവേലിത്തമ്പുരാനേ…. !!!

കുളി കഴിഞ്ഞ് ഫ്രിഡ്ജിൽ നിന്നും ഐസ് എടുത്ത് വീണ്ടും കവിളിൽ പിടിച്ചിരുന്നു. വേഗം മാറികിട്ടിയാലോ?
രാത്രിയിൽ വിശന്നിട്ട് ഭക്ഷണം കഴിക്കാന് പറ്റാത്ത സങ്കടത്തിൽ ഇരിക്കുമ്പോളാണ് അമ്മ കൈയിലൊരു കവറുമായി വന്നത്. പിറകെ അച്ഛനും ഉണ്ടായിരുന്നു.

“അവനുവേണ്ടി അച്ഛൻ മോളോട് മാ… ”

പൂർത്തിയാക്കും മുന്നേ ഞാൻ അച്ഛന്റെ വായ പൊത്തി. അരുതെന്ന് തലയാട്ടി. ആ വലിയ മനുഷ്യൻ എന്നോട് മാപ്പ് പറയാ ന്ന് വെച്ചാൽ? ഞാനാ പാപം എവിടെകൊണ്ട് കഴുകിക്കളയും?

“തെ…..റ്റ്…..ന്റെ……യാർന്നു. ”
എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

പിന്നെ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കാൻ നിന്നില്ല. അമ്മ ആ കവർ ഡൈനിങ് ടേബിളിൽ വെച്ച് ഒരു പത്രമെടുത്ത് പുറത്തുവെച്ചു.

“ഇത് കുറച്ചു കഞ്ഞിയാ. വറ്റൊക്കെ നന്നായി ഒടച്ചിട്ടുണ്ട്. കഴിക്കാൻ പറ്റുന്നുണ്ടോ ന്ന് നോക്ക്. ഇല്ലാച്ചാൽ ഇത് കുറച്ചു ജ്യൂസും ഐസ് ക്രീമുമാണ്. വിശപ്പ് മാറില്ല്യാന്ന് അറിയാം. ന്നാലും ഒരാശ്വാസത്തിന്. ”
അമ്മ പറഞ്ഞു.

എന്നിട്ട് അമ്മതന്നെ കഞ്ഞി കോരിത്തരാൻ തുടങ്ങി. അച്ഛൻ ഇതെല്ലാം കണ്ട് സോഫയിലിരുന്നു. ആ നിമിഷം ഞാനെന്റെ അച്ഛനെയും അമ്മയെയും ഓർത്തുപോയി.

കവിളിലെ വേദനയെല്ലാം മറന്ന് കഞ്ഞി പകുതിമുക്കാലും കുടിച്ചുതീർന്നത് ഞാൻ പോലും അറിഞ്ഞില്ല.

ഭൂതകാലത്തിലെ മാധുര്യമുള്ള ഓർമയിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അതുകണ്ടു അമ്മ ചോദിച്ചു.

“വേദനിക്കുന്നുണ്ടോ മോളെ? ”

ഞാൻ ഇല്ലെന്ന് തലയാട്ടി കഞ്ഞി കുടിക്കലൊക്കെ കഴിഞ്ഞ് പിന്നെയും കുറേ കഴിഞ്ഞാണ് അവര് വീട്ടിലേക്ക് പോയത്. അമ്മയ്ക്ക് പോകാൻ തീരെ മനസ്സില്ലായിരുന്നു.

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. വേദന കൂടിയോന്നൊരു സംശയം. ഒടുക്കം എഴുന്നേറ്റ് ലൈറ്റ് ഇടാതെ ഹാളിൽ വന്നിരുന്നു.

ജനലിലൂടെ പുറത്തു നല്ല നിലാവെളിച്ചം കാണുന്നുണ്ട്. കർട്ടൻ കുറച്ചുകൂടി നീക്കിനോക്കിയപ്പോൾ ഉദിച്ചുനിൽക്കുന്ന പൂര്ണചന്ദ്രനെയും ചുറ്റും കുറെ നക്ഷത്രങ്ങളെയും കണ്ടു.

ടെറസിൽ നിന്നാൽ ഇതിലും ഭംഗിയായി കാണാൻ പറ്റുമെന്ന് ഞാനോർത്തു. അങ്ങനെ ഞാൻ ടെറസിലേക്ക് നടന്നു. അവിടെയും ലൈറ്റിന്റെയൊന്നും ആവശ്യമില്ല. നല്ല വെളിച്ചം. കടുവയുടെ പ്രിയപ്പെട്ട ചെടികളെല്ലാം ഉറക്കത്തിലാണ്.

എല്ലാരും പുതിയൊരു പുലരിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. മൊട്ടുകൾ നാളെ വിടരുമെന്ന പ്രതീക്ഷയിൽ, വിരിഞ്ഞ പൂക്കൾക്ക് നാളെ കൊഴിയണമെന്ന സങ്കടത്തിൽ….. ഒരാൾ പോയാലും അടുത്തയാൾക്കു വേണ്ടി സ്വാഗതമേകാൻ പ്രകൃതിയും.

ഞാൻ ടെറസിൽ വെച്ചിട്ടുള്ള കസേരയിൽ ഇരുന്ന് മുന്നിലുള്ള ടീപോയിയിൽ കാൽ കയറ്റിവെച്ച് മാനത്തേക്കും നോക്കി ചാരിയിരുന്നു.

ചെടികൾക്ക് നടുവിൽ ഇവിടെ വന്നിരിക്കാൻ നല്ല രസമാണ്. ശാന്തമായ അന്തരീക്ഷം. കുട്ടികളുടെ എക്സാം പേപ്പർ നോക്കാനും നോട്സ് കറക്റ്റ് ചെയ്യാനുമൊക്കെ ഇവിടെ വന്നിരിക്കാറുണ്ട്.

നാടൊട്ടുക്കും കല്യാണം നടത്താൻ നാഴി പാലുമായി നിൽക്കുന്ന ചന്ദ്രനെ യും വിതറിയിട്ടിരിക്കുന്ന മല്ലിപ്പൂക്കളെ പോലെ ചുറ്റും കുറെ താരകങ്ങളെയും നോക്കി ഞാനവിടെ കിടന്നു.

ആ നക്ഷത്രങ്ങൾക്കിടയിൽ രണ്ടു വലിയ നക്ഷത്രങ്ങൾ എന്നെ നോക്കി കണ്ണുചിമ്മി. അവ ഒരുപക്ഷെ അച്ഛനും അമ്മയുമായിരിക്കും.

‘രണ്ടാളും വിഷമിക്കണ്ട. ഞാൻ വളരെ സുരക്ഷിതമായ സ്ഥലത്താണ്. നിങ്ങളെപ്പോലെ ഒരുപാട് സ്നേഹിക്കുന്ന ഒരച്ഛനും അമ്മയും ഇവിടെയുണ്ട്.

പിന്നെ കുറെ നല്ല ആളുകളും. പിന്നെ വേറെ പ്രധാനപ്പെട്ട ഒരാളുണ്ട്. ചന്ദ്രുവേട്ടൻ. എന്നോട് വഴക്കിടാൻ മാത്രമായൊരാൾ. ദാ എന്റെ കവിൾ കണ്ടോആ കടുവ അടിച്ചതാ.

നല്ല ഭംഗി ണ്ടല്ലേ? വെറുതെ തള്ളിയതോന്നും അല്ല. തെറ്റ് എന്റെ ഭാഗത്തു തന്നെയാ.

ഈ അടി ഞാനർഹിക്കുന്നുണ്ട്. പക്ഷെ ഇങ്ങനെ തല്ലണ്ടാർന്നു. എങ്ങനേലും വഴക്കൊക്കെ അവസാനിപ്പിച്ച് മെരുക്കിയെടുക്കാൻ നോക്കാർന്നു.

ഇനിയിപ്പോ എന്നോട് കൂടുതൽ വെറുപ്പായിരിക്കും. നിങ്ങൾക്ക് പറ്റുമെങ്കിൽ എങ്ങനേലും ആ കടുവയെ ഒന്ന് മനസിലാക്കിപ്പിക്കണം. ചെറിയൊരു ദുരുദ്ദേശവും ഈ മോൾക്കുണ്ടെന്ന് കൂട്ടിക്കോളൂ. ‘

അങ്ങനെ കുറേ വിശേഷങ്ങൾ അവരെ നോക്കി മനസ്സിൽ പറഞ്ഞു.

അപ്പോഴാണ് അപ്പുറത്ത് മുകളിലെ നിലയിൽ ഒരു റൂമിൽ വെട്ടം വീണത്.

എല്ലാരും ഉറങ്ങിയില്ലേ? കർട്ടനിലൂടെ ഒരു നിഴൽരൂപം അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നത് കണ്ടു.ആ നിഴൽരൂപത്തിന്റെ ശരീരപ്രകൃതം കണ്ടിട്ട് കടുവയാണെന്ന് മനസിലായി.

ഇങ്ങേർക്ക് രാത്രി ഉറക്കവും ഇല്ലേ? ഒന്നുമില്ലേലും ഇന്ന് സുഖായിട്ട് ഉറങ്ങാൻ പറ്റുന്ന ദിവസല്ലേ? എനിക്കിട്ട് ഒന്ന് പൊട്ടിച്ച ദിവസം.

…………………………………………………………….

ചന്ദ്രുവിന്റെ മനസാകെ അസ്വസ്ഥമായിരുന്നു. ഉറങ്ങാനായി കണ്ണടച്ചാൽ കവിളും പൊത്തിപ്പിടിച്ച് കരഞ്ഞോണ്ട് നിൽക്കുന്ന ആ പെണ്ണിന്റെ മുഖമാണ് തെളിയുന്നത്. അവൻ റൂമിലെ ലൈറ്റിട്ട് തെക്കുവടക്ക് നടക്കാൻ തുടങ്ങി.

“ശേ… തല്ലണ്ടായിരുന്നു.അമ്മയുടെ സങ്കടവും കരച്ചിലുമൊക്കെ കണ്ടപ്പോൾ അപ്പോഴത്തെ അവസ്ഥയിൽ തല്ലിപ്പോയി.

അന്വേഷിച്ചു ചെന്നപ്പോഴോ പെണ്ണ് ഇരുന്ന് വിമാനം പറപ്പിച്ച് കളിക്കുന്നു. അതും ഇത്തിരി പോന്നൊരു പൊടിക്കുഞ്ഞിന്റെ കൂടെ. നിയന്ത്രണം വിട്ടുപോയി ഇനി പറഞ്ഞിട്ടൊന്നും കാര്യമില്ല.

പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ലല്ലോ. ഇത്രയ്ക്കും കാര്യമാവുമെന്ന് ഞാനും വിചാരിച്ചില്ല.

കവിളൊക്കെ ആകെ നീരുവന്ന് വീർത്തിട്ടുണ്ട്. അമ്മ ഉപ്പുമാവ് ഉണ്ടാക്കികൊടുത്തപ്പോൾ കഴിക്കാൻപോലും പറ്റാതെ ഇരിക്കുന്നുണ്ടായിരുന്നു.

അതുകൊണ്ടാ ആരോടും ഒന്നും പറയാതെ പോയി ഐസ് ക്രീമും കുറച്ചു ഫ്രഷ് ജ്യൂസും വാങ്ങിച്ചു കൊണ്ടുവന്നത്. അമ്മ വഴക്കൊന്നും പറയാതെ കൊണ്ടുപോയി കൊടുത്തു.

അച്ഛനും ഇതുവരെ അതിനെപ്പറ്റി ഒന്നും ചോദിക്കുകപോലും ചെയ്തില്ല. അന്നത്തെ സംഭവങ്ങൾക്ക് ശേഷം അച്ഛനൊന്ന് ചിരിച്ചുകളിച്ച് സംസാരിച്ചു തുടങ്ങിയതായിരുന്നു. എല്ലാറ്റിനും കാരണം എന്റെ ദേഷ്യമാണ്.

അവള് ചെയ്തതും പോക്കിരിത്തരമല്ലേ? ഒന്ന് ഫോൺ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഇക്കണ്ട പ്രശ്നം വല്ലതുമുണ്ടോ? അല്ലെങ്കിലേ പത്തുവയസ്സ് കുറവാണോന്ന് സംശയം ണ്ടാർന്നു. പക്ഷെ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല.

ഒരുവിധത്തിൽ ഒന്ന് ഇണങ്ങിവന്ന് മനസിലെ ഇഷ്ടം പറയാനിരുന്നതാ. സമ്മതമാണെങ്കിൽ കൂടെ കൂട്ടാനും. ഇനിയിപ്പോ അതൊന്നും നടക്കുമെന്ന് തോന്നണില്ല.

പെണ്ണ് വല്ലതും കഴിച്ചോ ആവോ? അമ്മ വിളിച്ചപ്പോൾ കഴിക്കാൻ എനിക്കും തോന്നിയില്ല. അമ്മയോട് ചെന്ന് ചോദിച്ചാലോ? നാണക്കേട്.. സാരല്ല്യ ന്റെ അച്ഛനും അമ്മയും അല്ലെ? മനസമാധാനം ഇല്ലാതെ ഇങ്ങനെ നടക്കുന്നതിലും ബേധല്ലേ? ”

ഓരോന്നോർത്ത് ചന്ദ്രു റൂമിനു പുറത്തിറങ്ങി,
അച്ഛന്റെയും അമ്മയുടെയും റൂമിലെത്തി സംശയിച്ചു സംശയിച്ചാണ് വാതിലിൽ മുട്ടിയത്. മേനോനായിരുന്നു വാതിൽ തുറന്നത്. ഈ നേരത്ത് മകനെ കണ്ടു മേനോൻ അന്തം വിട്ടു.

“നീയ്യെന്താ ഈ നേരത്ത്. നീ ഉറങ്ങീലെ? ”

“ഉറക്കം വന്നില്ല. അമ്മ? ”

“അമ്മ ഉറങ്ങി. എന്തിനാ ഇപ്പൊ അമ്മേനെ? ”

“അത്….. ”
ചന്ദ്രു മടിച്ചു നിന്നു.

“പറയടാ…. എന്താ നീ ഇത്ര നേരായിട്ടും ഉറങ്ങാത്തത്? ”

“എന്തെങ്കിലും കഴിച്ചോ? ”

“ആ ഞങ്ങൾ കഴിച്ചിട്ടാണ് കിടന്നത്. ”

അവൻ ആരെയാണ് ഉദ്ദേശിച്ചതെന്ന് മനസിലായെങ്കിലും മേനോൻ അറിയാത്ത പോലെ ഭാവിച്ചു.

“നിങ്ങളല്ല. ”

“പിന്നെ…? ”

“അവള്. ”

“ഏതവൾ? ”

“എന്റെ അച്ഛാ ഒരുമാതിരി ഒന്നും അറിയാത്ത പോലെ അഭിനയിക്കല്ലേ. പ്രിയടെ കാര്യാ ചോദിച്ചത്.? ”

“തല്ലി ഒരു പരുവാക്കീട്ട് കഴിച്ചോന്ന്. നാണമുണ്ടോ ടാ? ”

“പറ്റിപ്പോയി. വേണം ന്ന് കരുതീട്ടല്ല. എന്റെ സ്ഥാനത്തു അച്ഛനാണെങ്കിലും ചിലപ്പോൾ അങ്ങനെയേ ചെയ്യൂ. ”

“മ്മ്…. ആയിക്കോട്ടെ. സമ്മതിച്ചു. കഴിഞ്ഞത് കഴിഞ്ഞു. ഇനി ഒന്നിന്റെ പേരിലും അതിനെ വേദനിപ്പിക്കരുത്. നിന്റെ ദേഷ്യമൊന്ന് കുറയ്ക്കണം. ”

ചന്ദ്രു ഒന്നും പറയാതെ തിരിഞ്ഞു നടന്നു. അപ്പോൾ മേനോൻ പിറകിൽ നിന്നും വിളിച്ചുപറഞ്ഞു.

“സമാധാനായിട്ട് ഉറങ്ങിക്കോ. പ്രിയ മോള് അമ്മ കൊടുത്ത കഞ്ഞി മുഴുവനും കുടിച്ചിരുന്നു. ”

അതുകേട്ടു ചന്ദ്രു തിരിഞ്ഞു നിന്ന് അച്ഛന് ഒരു കുസൃതിച്ചിരി സമ്മാനിച്ച് റൂമിലേക്ക് പോയി.

മേനോൻ തിരിച്ചു വന്ന് കിടന്നപ്പോൾ ലക്ഷ്മിയമ്മ ഉണർന്നിട്ടുണ്ടായിരുന്നു.
അവർ ചോദിച്ചു.

“എന്താ വിശ്വേട്ടാ? ”

“ഒന്നുല്ല ടോ നമ്മുടെ മോന് ചെറിയൊരു പനി. ”

“അയ്യോ…. എന്നിട്ടെന്താ എന്നെ വിളിക്കാഞ്ഞേ. ”

കട്ടിലിൽ നിന്നെഴുന്നേൽക്കാൻ നോക്കിയ ലക്ഷ്മിയമ്മയെ തടഞ്ഞുകൊണ്ട് മേനോൻ പറഞ്ഞു.

“ഇതങ്ങനെ പിടിക്കാനുള്ള പണിയൊന്നുമല്ല. ചിലപ്പോൾ കുറച്ചു കോംപ്ലിക്കേഷൻസ് ഉണ്ടാവും. അത്രേയുള്ളൂ. പക്ഷെ റിസൾട്ട്‌ അനുകൂലമായിരിക്കും. ”

“നിങ്ങളിതെന്തൊക്കെയാ പറയുന്നേ. അതെന്ത് അങ്ങനെയൊരു പനി? ”

“ഈ പനി അങ്ങനെയാ. പ്രേമപനി. ”

“ആരോട്? ”

“ആരോടായിരിക്കും? ”

“മ്മ്…….. പ്രിയ?

“അതെ. ”

“അങ്ങോട്ട് ചെന്നാലും മതി. ഇങ്ങനെ തല്ലിച്ചതയ്ക്കുന്നവന്റെ കൂടെ ജീവിക്കാൻ ആ കുട്ടി സമ്മതിക്കുമെന്ന് എനിക്ക് തോന്നണില്ല. ”

“താൻ വെറുതെ വേണ്ടാത്തത് പറയണ്ട. എല്ലാം ശെരിയാവും. എനിക്കുറപ്പുണ്ട്. ഇനിയൊന്നു പറയണ്ട. ഉറങ്ങാൻ നോക്ക്. ”

“അച്ഛന്റെയും മോന്റെയും ആഗ്രഹം നടക്കാൻ ഞാനും പ്രാർത്ഥിക്കാം. ”

“അങ്ങനെ നല്ല കാര്യങ്ങൾ വല്ലതും ചെയ്യ്. ”

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11

Mr. കടുവ : ഭാഗം 12

Mr. കടുവ : ഭാഗം 13

Mr. കടുവ : ഭാഗം 14

Mr. കടുവ : ഭാഗം 15

Mr. കടുവ : ഭാഗം 16