Tuesday, December 24, 2024
Novel

Mr. കടുവ : ഭാഗം 10

എഴുത്തുകാരി: കീർത്തി


ഏകദേശം ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെ എടുത്തുനിൽക്കുന്ന ഒരു പെൺകുട്ടിയെയാണ് ഞാനവിടെ കണ്ടത്. വെളുത്തു മെലിഞ്ഞു അത്യാവശ്യം മോഡേണായ പെൺകുട്ടി.

കൂടെ ആ പെൺകുട്ടിയുടെ അമ്മയെന്ന് തോന്നിപ്പിക്കുന്ന പ്രായമായൊരു സ്ത്രീയും. ഞങ്ങളെകണ്ട് ആ കുട്ടിയുടെ മുഖവും ആകെ വിളറിവെളു ത്ത് കഷ്ടപ്പെട്ട് ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

“ഇവളെ എപ്പഴാ അമേരിക്കയിൽന്ന് കെട്ടിയെടുത്തത്. ശല്യം. ”

മിഥുൻ ചേട്ടനായിരുന്നു അത് ചോദിച്ചത്. അവളോടുള്ള ദേഷ്യം മുഴുവനും ആ പറച്ചിലിൽ ഉണ്ടായിരുന്നു.

“രണ്ടു ദിവസായി എത്തീട്ട്. അവള്ടെ ആ മറ്റവന് ബിസിനസിൽ എന്തോ പ്രോബ്ലം സ് ഉണ്ടെന്നൊക്കെ അമ്മ വന്നു പറയണത് കേട്ടു. കാണാനിടവരരുതേന്ന് പ്രാർത്ഥിച്ചു നടക്കാർന്നു. കണ്മുന്നിൽ തന്നെ കൊണ്ടുനിർത്തി. ഛെ…. ”

ഹരിയേട്ടൻ മറുപടി പറഞ്ഞു.

“നമ്മളെന്തിനാ അവളെ ശ്രദ്ധിക്കണേ നമുക്ക് തൊഴാം. വന്നേ. ”

അച്ചുവേട്ടൻ എല്ലാരേം വിളിച്ചു മുന്നോട്ട് നടക്കാൻ ശ്രമിച്ചതും ഹരിയേട്ടൻ അച്ചുവേട്ടന്റെ കൈയിൽ പിടിച്ചുനിർത്തി. എന്താ ന്നുള്ള അർത്ഥത്തിൽ എല്ലാവരും ഹരിയേട്ടനെ നോക്കി.

“നമ്മളോടൊക്കെ ഇത്രയും വലിയൊരു ചതി ചെയ്തവൾക്ക് ഒരു കുഞ്ഞുപണി കൊടുക്കണ്ടെടാ. ”

മനസ്സിൽ എന്തോ കണക്കുകൂട്ടികൊണ്ട് ഹരിയേട്ടൻ എല്ലാവരോടുമായി ചോദിച്ചു. തേപ്പുകഥയുടെ മണമടിച്ചുവെങ്കിലും ഒരുമാതിരി പൊട്ടൻ ആട്ടം കാണുന്നത് പോലെ ഒന്നും മനസിലാവാതെ ഞാനതെല്ലാം കണ്ടും കേട്ടും നിന്നു.

“അവളുടെ മുന്നിൽ നമ്മൾ ജയിച്ചുകാണിക്കണം. അവൾ നിന്നോട് അങ്ങനെ ചെയ്തതിൽ നിനക്ക് ഒരു സങ്കടവുമില്ലെന്നും പണ്ടത്തെപോലെ അടിച്ചുപൊളിച്ചുതന്നെയാണ് ഇപ്പോഴും ജീവിക്കുന്നതെന്ന് കാണിക്കണം. വേണെങ്കിൽ ഒരു വിവാഹം കഴിക്കാൻ പോവാണെന്നും പറയണം. ”

ഹരിയേട്ടൻ ചന്ദ്രുവേട്ടനോട് പറഞ്ഞു.

“ഉവ്വ… ചെന്നപ്പറയുമ്പഴക്കും അവളങ്ങ് വിശ്വസിക്കും. ഒന്ന് പോടാ.”

അച്ചുവേട്ടനാണ് അത് പറഞ്ഞത്.

“അതിനു പറച്ചില് മാത്രല്ലല്ലോ വിത്ത്‌ എവിഡൻസോടുകൂടിയല്ലേ നമ്മൾ അവതരിപ്പിക്കാൻ പോവുന്നത്. ”

“എവിഡൻസോ?? എന്ത് അവിടഡൻസ്?? ”

എല്ലാവരും തങ്ങളുടെ സംശയം അവതരിപ്പിച്ചു.

“ഇവൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയെ നമ്മൾ അവൾക്ക് പരിചയപ്പെടുത്തിക്കൊടുക്കും. അത്രതന്നെ. ”

എന്നിട്ടും ഒന്നും മനസിലാവാതെ എല്ലാരും പരസ്പരം നോക്കി.

“അതിനു അങ്ങനെയൊരാള് ഇല്ലല്ലോ. പിന്നെങ്ങനെ? ”

“അതൊന്നും ഓർത്ത് നിങ്ങൾ ടെൻഷനാവണ്ട എന്റെ കൂടെയെന്ന് നിന്നുതന്നാൽ മതി. ”

അവരോടു അത് പറഞ്ഞശേഷം ഹരിയേട്ടൻ എന്റെ നേർക്ക് തിരിഞ്ഞു.

“പ്രിയ ഞങ്ങൾക്ക് ഒരു സഹായം ചെയ്തുതരണം. ”

“ഞാനോ???എന്താ? ”

ഞാൻ സംശയത്തോടെ ചോദിച്ചു.

“പേടിക്കാനൊന്നുല്ല്യ. ഒരു കുഴപ്പവും ഉണ്ടാവില്ല. താനൊന്ന് അഭിനയിക്കണം. ”

“ഏത് സിനിമേലാ അളിയാ? ”

ചിരിച്ചോണ്ട് ഹരിയേട്ടന്റെ തോളത്തു കൈയിട്ട് അച്ചുവേട്ടൻ അത് ചോദിച്ചപ്പോൾ ഉള്ളിൽ വന്ന ദേഷ്യം കടിച്ചുപിടിച്ച്
ഹരിയേട്ടൻ അച്ചുവേട്ടന്റെ ചെവിയിൽ എന്തോ പറഞ്ഞുകൊടുത്തു. അതുകേട്ട് ഇന്നേവരെ ഒരു അഭിനയസാമ്രാട്ടുകളും അവതരിപ്പിച്ചിട്ടില്ലാത്ത വ്യത്യസ്തങ്ങളായ നിരവധി ഭാവങ്ങൾ ആ മുഖത്തു വിരിയുന്നുണ്ടായിരുന്നു. അവസാനം നെഞ്ചത്ത് കൈവെച്ചു

“ന്റെ തുഞ്ചത്ത് എഴുത്തച്ഛാ….. “ന്നൊരു വിളിയും.എന്നിട്ട് ഹരിയേട്ടന്റെ അടുത്തുനിന്നും ഒരുകൈയകലത്തിൽ മാറിനിന്ന് ചെവിയിൽ വിരലിട്ട് ഇളക്കുന്നുണ്ടായിരുന്നു. ശേഷം ഹരിയേട്ടൻ എന്നോട് പറഞ്ഞു.

“അഭിനയിക്കണം ന്ന് പറഞ്ഞാൽ ദാ ഇപ്പൊ ഇവിടെ കുറച്ചുനേരത്തേക്ക് ദാ ആ കാണുന്ന ചതിയത്തീടെ മുന്നിൽ മൗലീടെ ഫിയൻസിയായിട്ട്. ”

“അത്രേയുള്ളോ. ഏ…. എന്താ പറഞ്ഞേ. !!!!?? ”

ഞെട്ടലോടെ ഞാൻ ചോദിച്ചു. ഹരിയേട്ടൻ പറഞ്ഞത് കേട്ടു അന്തംവിട്ട് ഞാനും കടുവയും പരസ്പരം നോക്കി. നിൽപ്പ്കണ്ടിട്ട് മൂപ്പരുടെ ഏതൊക്കെയോ കിളികളും പറന്നുപോയ ലക്ഷണമാണ്.

“ചങ്കിൽ കൊല്ലണ വാർത്താനൊന്നും പറയല്ലേടാ. ”
അച്ചുവേട്ടനായിരുന്നു.

“ടാ പുല്ലേ നിന്നോട് കുറച്ചുനേരം മിണ്ടാതിരിക്കാൻ പറഞ്ഞു ഞാൻ.. ”

ശേഷം എന്നോടായി തുടർന്നു.

“പ്രിയ പ്ലീസ്. കുറച്ചുനേരത്തേക്ക്. ഞങ്ങൾക്ക് വേണ്ടി. ”

എന്തുപറയണം എന്നറിയാതെ ഞാൻ മിണ്ടാതെനിന്നു.

“ഇതൊന്നും ശെരിയാവില്ലട. വിട്ടേക്ക്. ”

“ടാ മൗലി പ്ലീസ്. എനിക്ക് വേണ്ടി. ഞങ്ങക്ക് നിന്നെ തിരിച്ചു കിട്ടിയ ദിവസം തന്നെ ഇങ്ങനൊരു പണി അവൾക്ക് കിട്ടണം. പ്ലീസ്. സമ്മതിക്കടാ. പ്ലീസ് പ്ലീസ് പ്ലീസ്…… ”

ഹരിയേട്ടൻ കടുവയോട് കെഞ്ചി. കുറച്ചുനേരം ആലോചിച്ചു നിന്നശേഷം കടുവ സമ്മതം പറഞ്ഞു. പിന്നെ എല്ലാവരും എന്റെ അഭിപ്രായം അറിയാൻവേണ്ടി എന്നെ നോക്കി.

എന്താ വേണ്ടതെന്നറിയാൻ രാധുവിനെ നോക്കിയപ്പോൾ അവളും പറഞ്ഞു സമ്മതിക്കാൻ. സമ്മതിക്കാം എന്നാലും എന്തോ ഒരു പേടി.

“അത്…… വേറെ ആരോടെങ്കിലും ചോദിച്ചാലോ? നുണയാണെന്ന് മനസിലാവില്ലേ? ”

ഞാനെന്റെ സംശയം പറഞ്ഞു.

“അതോർത്തു പേടിക്കണ്ട. അത് ചോദിച്ചു വരാനുള്ള ധൈര്യമൊന്നും അവൾക്കില്ല. അഥവാ ചോദിച്ചാൽ അതിനുള്ള മറുപടി ഞങ്ങൾ കൊടുത്തോളം. ”

ഹരിയേട്ടൻ ഉറപ്പു തന്നു. ആ ധൈര്യത്തിൽ ഞാൻ സമ്മതിച്ചു
.
“സമ്മതിക്കാം പക്ഷെ….. ”

“പക്ഷെ…??? ”

“പക്ഷെ പതറാതെ എന്റെ കൂടെ കട്ടക്ക് നിന്നോളാൻ കൂട്ടുകാരനോട് പറ. ”

കടുവയെ നോക്കികൊണ്ട് ഞാൻ ഹരിയേട്ടനോട് പറഞ്ഞു.

“പിന്നെ….. നീയ്യാരാന്നാടി നിന്റെ വിചാരം. വല്യ ശോഭനയല്ലേ?എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട. ”

“ടോ വല്ല്യ ഡയലോഗൊന്നും അടിക്കണ്ട. വേണെങ്കിൽ മതി.”

“വേണ്ടെടി എനിക്കൊരു നിർബന്ധവും ഇല്ല.എന്റെ ഫിയാൻസിയായിട്ട് അഭിനയിക്കാൻ പറ്റിയൊരു സാധനം. കണ്ടാലും പറയും. ”

“വെറുതെയല്ലടോ അവള് തന്നെ തേച്ചത്. കടുവേടെ സ്വഭാവവും കൊണ്ട് കടിച്ചുകീറാൻ വരല്ലേ. തനിക്ക് അങ്ങനെ തന്നെ വേണടോ. ”

“ടി…….. നിന്നെ….. ”

കടുവ ചീറിക്കൊണ്ട് എന്റെ അടുത്തേക്ക് വന്നപ്പോൾ എല്ലാരുംകൂടി കടുവയെ പിടിച്ചു.

“ടാ വേണ്ട.. ”

“രണ്ടാളും ഒന്ന് നിർത്ത്. ഞങ്ങൾ നിങ്ങളുടെ കാല് പിടിക്കാം. ദയവുചെയ്ത് കോളാക്കരുത്. അഭിനയിച്ചാൽ മാത്രം മതി. പ്ലീസ്..”

തൊഴുകൈയോടെ ഹരിയേട്ടൻ പറഞ്ഞപ്പോൾ പരസ്പരം ഒന്ന് നോക്കിയിട്ട് എതിർദിശയിലേക്ക് മുഖം തിരിച്ചു.

“അപ്പൊ ഞാനാ പൂതനേനെ വിളിച്ചോട്ടെ.? ”

“മ്മ്…. ”
ഞങ്ങൾ ഒരുമിച്ച് മൂളി.

മിഥുൻ ചേട്ടൻ വന്ന് എന്നെ പിടിച്ചു രാധുന്റെ അടുത്തുനിന്നും കടുവയുടെ അടുത്ത് കൊണ്ടു നിർത്തി.

“ഇനി തുടങ്ങിക്കോ. സ്റ്റാർട്ട്‌ ക്യാമറ ആക്ഷൻ…… ”

മിഥുനേട്ടൻ പറഞ്ഞു.

തുടക്കമിട്ടത് ഹരിയേട്ടൻ തന്നെയാണ്. ഹരിയേട്ടൻ ആ പെൺകുട്ടിയെ ഞങ്ങളുടെ അടുത്തേക്ക് വിളിച്ചു. അവൾ മുഖത്തു ഒരു കൃത്രിമചിരി വരുത്തിക്കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു.

“ഹായ്….താര. എന്തൊക്കെയുണ്ട്? എപ്പഴാ നാട്ടിലെത്തിയത്? ”

“രണ്ടു ദിവസായി എത്തീട്ട്. നിങ്ങൾക്കൊക്കെ സുഖല്ലേ? ”

“പിന്നെ തീർച്ചയായും സുനാമിയും ഭൂകമ്പവുമൊക്കെ അമേരിക്കയിലായതുകൊണ്ട് പരമസുഖം. ”

അച്ചുവേട്ടനായിരുന്നു. അവൾക്കിട്ട് ഒന്ന് തങ്ങിയതാ. പെണ്ണിന് മനസിലായിന്ന് മുഖം മാറിയപ്പോൾ മനസിലായി.
“മോനാണല്ലേ? എത്രയായി? ”

“ഒരു വയസ്സ് കഴിഞ്ഞു ”

“ഇനിയെന്നാ തിരിച്ചു.? ”

“ഉടനെ പോവും. അമ്മക്ക് വയ്യാന്നു പറഞ്ഞപ്പോൾ വന്നതാണ്. പോവുമ്പോൾ അമ്മയെയും കൊണ്ടുപോകും. പെട്ടന്ന് പോന്നേക്കണംന്ന് പറഞ്ഞിട്ടാ ഗൗതം ഞങ്ങളെ വിട്ടത്. ”

താര പറയുന്നത് ഹരിയേട്ടനോടാണെങ്കിലും നോട്ടം മുഴുവനും കടുവയെയാണ്.

“എന്നാ അധികം ഇവിടെ കറങ്ങിത്തിരിഞ്ഞ് നിക്കാതെ വേഗം പോവാൻ നോക്ക്. ഇല്ലെങ്കിൽ ഞങ്ങൾക്ക് പണിയാകും. ”
അച്ചുവേട്ടൻ പറഞ്ഞു.

“മൗലിയേട്ടൻ എന്താ ഒന്നും മിണ്ടാത്തെ? MBA റാങ്ക് ഹോൾഡർ കറങ്ങിത്തിരിഞ്ഞു നടക്കാണെന്ന് കേട്ടല്ലോ? ”

പുച്ഛം കലർന്നൊരു ചിരിയോടെ അവൾ കടുവയോട് ചോദിച്ചു.

“ഓഹ്….. അപ്പോൾ എന്റെ വിശേഷങ്ങളൊക്കെ നീ അന്വേഷിക്കുന്നുണ്ട്. സന്തോഷം .. ”

“എന്തിനാ ഇപ്പോഴും പഴയതൊക്കെ ഓർത്തിരിക്കുന്നെ? വർഷം മൂന്നു കഴിഞ്ഞില്ലേ, ഇനിയെങ്കിലും എന്നെ ഓർത്തിരിക്കാതെ പുതിയൊരു ജീവിതം തുടങ്ങണം. ”

“അയ്യോ…. നിന്റെ സമ്മതം കിട്ടാൻ വേണ്ടി കാത്തിരിക്കാർന്നു. ഇനി മാറാട്ടാ. ഹും.. അവളെ ഓർത്തിരുന്നു പോലും.”

പുച്ഛത്തോടെ തന്നെ കടുവയും അവൾക്കുള്ള മറുപടി കൊടുത്തു.

“ഇവന്റെ വിശേഷങ്ങളൊക്കെ അന്വേഷിച്ച കൂട്ടത്തിൽ പ്രധാനപ്പെട്ട കാര്യം നീ അറിഞ്ഞില്ലെന്ന് തോന്നണു. അതോ അറിയാത്തതായി ഭാവിക്കുന്നോ? ”

സുധിയേട്ടൻ പറഞ്ഞതു കേട്ട് എന്താ ന്നുള്ള അർത്ഥത്തിൽ അവൾ കടുവയെ നോക്കിനിന്നപ്പോൾ ഹരിയേട്ടൻ എന്നെയും രാധുവിനെയും ചൂണ്ടിക്കൊണ്ട് അവളോട് ചോദിച്ചു

“നിനക്ക് ഈ നിൽക്കുന്നവരെ മനസ്സിലായോ? ”

“ഇത് രാമേട്ടന്റെ മോള് രാധികയല്ലേ. പിന്നെ ഈ കുട്ടി..??? ”

ഞങ്ങളെ സൂക്ഷിച്ചുനോക്കിയശേഷം അവൾ പറഞ്ഞു.

“കണ്ടയുടൻ മനസ്സിലാവാൻ ഇവളെ ഇതിനുമുൻപ് നീ കണ്ടിട്ടില്ല. ഇതാണ്….. ”

ഹരിയേട്ടനെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ കടുവ കൈയുയർത്തി തടഞ്ഞു.

“അത് ഞാൻ പറയുന്നതായിരിക്കും നല്ലത്. താര ഇത് പ്രിയ. പ്രിയ എന്റെ വുഡ്ബിയാണ്. വിവാഹം ഉടനെയുണ്ടാകും ”

എന്റെ തോളിലൂടെ കൈയിട്ട് ചേർത്തുപിടിച്ചുകൊണ്ട് കടുവ പറഞ്ഞു.

പ്രതീക്ഷിക്കതെയുള്ള ആ നീക്കത്തിൽ ഞാനൊന്ന് ഞെട്ടിയെങ്കിലും താരയുടെ മുന്നിൽ അതു കാണിക്കാതെ പുഞ്ചിരിച്ചുകൊണ്ട് ഞാൻ ചന്ദ്രുവേട്ടനോട് ചേർന്നുനിന്നു.

അച്ഛനും ഏട്ടനും ശേഷം മറ്റൊരാളിൽ നിന്ന് ആദ്യമായി എനിക്കൊരു സുരക്ഷിതത്വം ഫീൽ ചെയ്തു.

ഈ കാഴ്ച കണ്ട് പാവം അച്ചുവേട്ടന്റെ കണ്ണ് രണ്ടും ഇപ്പൊ പുറത്തുവരുമെന്ന അവസ്ഥയായിട്ടുണ്ട്.

നോക്കിയപ്പോൾ ബാക്കിയുള്ളവരുടെ സ്ഥിതിയും മറിച്ചല്ല.

താരയാണെങ്കിൽ വിളറിവെളുത്ത് ചിരിക്കാൻ ശ്രമിച്ചു, എന്നിട്ട് എനിക്ക് നേരെ കൈ നീട്ടി.

“ഹായ് പ്രിയ.”

“ഹായ്. ”
ഞാനും പറഞ്ഞു.

“പ്രിയ ഇത് താര. കോളേജിൽ ഞങ്ങളുടെ ജൂനിയർ ആയിരുന്നു. ”

ചന്ദ്രുവേട്ടൻ അവളെ എനിക്ക് പരിചയപ്പെടുത്തിത്തന്നു. അപ്പോളും എന്റെ തോളിലെ പിടി വിട്ടിരുന്നില്ല.

“വെറും ജൂനിയർ !മ്മ്… ഓക്കേ. പ്രിയ എന്തു ചെയ്യുന്നു? ”

“ഞാൻ ഇവിടുത്തെ സ്കൂളിലെ ടീച്ചറാണ്. ”

“ടീച്ചർ.. !!!”
താര പുച്ഛത്തോടെ ചോദിച്ചു.

എന്റെ തൊഴിലിനെ പുച്ഛിക്കുന്നോ? 😠

“അതെന്താ ടീച്ചിങ് അത്ര മോശമാണോ? ”
ഞാൻ ചോദിച്ചു.

“ഏയ്‌.. നോ നോ. ബട്ട്‌ ഇത്രയും വലിയ മംഗലം ഗ്രൂപ്പിന്റെ ഓണറുടെ വൈഫ് ഒരു ടീച്ചറാണെന്ന് കേട്ടപ്പോൾ….. ഐ കാൻണ്ട് ബിലീവ് !.”

അതു കേട്ടു എല്ലാവരും അന്തംവിട്ട് നിന്നു. എന്റെ ദേഷ്യം കണ്ട്രോൾ ചെയ്തു ഞാൻ നിന്നു. കടുവയെ നോക്കിയപ്പോൾ ഒന്നും മിണ്ടാതെ നിൽക്കുന്നു.

അപ്പൊ പിന്നെ ഇതിനുള്ള മറുപടി ഞാൻതന്നെ കൊടുക്കുന്നതായിരിക്കും നല്ലത്.

“താര എന്തു ചെയ്യുന്നു.? ”

“ഞാൻ ഹസ്ബന്റിന്റെ കൂടെ ഞങ്ങളുടെ ബിസിനസ് നോക്കിനടത്തുന്നു. MBA കഴിഞ്ഞതാണ്. ”

അവൾ അഹങ്കാരത്തോടെ പറഞ്ഞു.

“ഇപ്പൊ പറഞ്ഞ ഈ MBA ഡിഗ്രി താര ജനിക്കുമ്പോൾ കൊണ്ടുവന്നതല്ലല്ലോ? ”
ചിരിച്ചുകൊണ്ട്തന്നെ ഞാൻ ചോദിച്ചു.

“പ്രിയ… മൈൻഡ് യുവർ വേർഡ്‌സ്… ”
താര ദേഷ്യപ്പെട്ടു.

“ഹേയ്… ദേഷ്യപ്പെടല്ലേ ഞാൻ മുഴുവനും പറഞ്ഞില്ല.

ഈ MBA കഴിഞ്ഞുന്ന് പറഞ്ഞത് സ്വന്തായിട്ട് കുത്തിയിരുന്ന് പഠിച്ചു, സ്വന്തായിട്ട് തന്നെ എക്സാം നടത്തി, ആ പേപ്പേഴ്സ് സ്വന്തമായി നോക്കി മാർക്ക് ഇട്ടിട്ടല്ലല്ലോ.? തനിക്ക് ബുദ്ധിയുണ്ട് സമ്മതിച്ചു.

പിന്നെ ഇതുപോലെ കുറെ കൂട്ടുകാരുടെ സഹായം. ഇതിനേക്കാളെല്ലാം ഉപരി ഒത്തിരി ടീച്ചേഴ്സിന്റെ പ്രയത്നവും ഇല്ലേ?

നമ്മളെയൊക്കെ കുറെ വഴക്ക് പറഞ്ഞും പണിഷ്മെന്റകൾ തന്നും ഒക്കെ തങ്ങളുടെ ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികളും ജയിച്ചകാണണം നല്ല നിലയിലെത്തി കാണണമെന്ന് ആഗ്രഹിച്ച കുറെ അധ്യാപകർ.

അങ്ങനെ കുറച്ചു കൂട്ടര് തരേടെ ജീവിതത്തിലും ഉണ്ടായിട്ടില്ലേ?

താരക്ക് ഒരു മകനുണ്ടെന്ന് പറഞ്ഞില്ലേ.

അവൻ നാളെ വലുതായി ഒരു ഡോക്ടറോ എഞ്ചിനീയറോ അതുമല്ലെങ്കിൽ നിങ്ങളുടെയൊക്കെ പോലെ ഒരു ബിസിനസ്കാരനൊക്കെ ആവണമെന്ന് ആഗ്രഹിക്കുന്നില്ലേ. അതിനു അവനെ സ്കൂളിലൊന്നും വിടുന്നില്ലേ.

അവനെ പഠിപ്പിക്കാൻ ടീച്ചേർസ് വേണ്ടേ? താര കേട്ടിട്ടുണ്ടോ? മാതാ പിതാ ഗുരു ദൈവം. ന്ന് അച്ഛനും അമ്മയും അധ്യാപകരും കഴിഞ്ഞിട്ടേ ദൈവം പോലും ഉള്ളൂ.

എല്ലാ ജോലിക്കും അതിന്റെതായ അന്തസുണ്ട്. ഒന്നിനെയും വില കുറച്ചു കാണരുത്. പിന്നെ എന്താ പറഞ്ഞത്.

മംഗലം ഗ്രൂപ്പിന്റെ ഓണർ. ചന്ദ്രുവേട്ടൻ മംഗലം ഗ്രൂപ്പിന്റെ ഓണറായത് എന്റെ തെറ്റാണോ.

അതോ ചന്ദ്രുവേട്ടന്റെ തെറ്റാണോ? ഇനി അദ്ദേഹം ഒരു സാധാരണ കൂലിപ്പണിക്കാരനാണെങ്കിലും ഞാൻ ഇദ്ദേഹത്തെയേ സ്നേഹിക്കൂ.

കാരണം ഞാനാഗ്രഹിക്കുന്നത് എന്നെ സ്നേഹിക്കാനും മനസിലാക്കാനും കഴിയുന്ന ഒരാളെയാണ്.

പിന്നെ ദാ ഇങ്ങനെ ചേർത്തുപിടിക്കുമ്പോൾ കിട്ടുന്ന സുരക്ഷിതത്വം ഉണ്ടല്ലോ അതൊക്കെ തരാൻ എന്റെ ചന്ദ്രവേട്ടന് കഴിയും.

എനിക്ക് അതു മതി. അതിനൊക്കെ പകരം വെക്കാൻ ലോകത്തിലെ ഒന്നിനെക്കൊണ്ടും പറ്റില്ല.”

താരക്കുള്ള മറുപടി കൊടുത്ത് ചന്ദ്രുവേട്ടൻ എന്റെ തോളിൽ വെച്ച കൈയെടുത്തു മാറ്റി അങ്ങേരോട് പറഞ്ഞു.

“ഇതിന്റെ ബാക്കിയൊക്കെ ഇനി നിങ്ങൾ ഡീൽ ചെയ്. നമ്മക്ക് തല്ലും വഴക്കുമായൊന്നും കാണുന്നതേ ഇഷ്ട്ടല്ലാന്നു ഏട്ടന് അറിയാലോ.

അതോണ്ട് ഞാൻ അമ്മേടെ അടുത്തേക്ക് പോവാണ് ട്ടോ. ഇതൊക്കെ കഴിഞ്ഞിട്ട് അങ്ങോട്ട്‌ വന്നാൽ മതി.”

അതും പറഞ്ഞു രാധുന്റെ കൈയുംപിടിച്ചു ഞാൻ അമ്പലത്തിലേക്ക് നടന്നു. വായുംപൊളിച്ചു ഒരു പാവയെപോലെ അവളെൻറെ പിറകെ പോന്നു.

നടയ്ക്കൽ എത്തിയപ്പോൾ ഞാനൊന്ന് അൾത്താരയിലേക്ക് ഒളികണ്ണിട്ട്നോക്കി.എല്ലാവരും കൂടി താരയെ പൊരിക്കുന്നുണ്ടായിരുന്നു,

അവൾ തലയും കുമ്പിട്ടു നിൽക്കുന്നുണ്ട്. കുറച്ചുകഴിഞ്ഞു താര അവരുടെ അടുത്തുനിന്നു പോയതും രാധുവിനോട് ഇപ്പൊ വരാന്നു പറഞ്ഞു ഞാൻ അവളുടെ അടുത്തേക്ക് പോയി.

“താര…. ഒന്ന് നിന്നെ. ”

“എന്താ ”

“ഞാനെയ് ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ മറന്നു. ”

“മ്മ്….? ”

“താങ്ക്സ്. എത്ര നന്ദി പറഞ്ഞാലും തീരില്ല. ”

“നന്ദിയോ? എന്തിന്? ”

“താര അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കി ചന്ദ്രവേട്ടനെ എനിക്ക് കിട്ടില്ലാരുന്നു. അതുകൊണ്ട്. അപ്പൊ ശരി പോട്ടെ. ”

താര അവിടെ നിന്ന് ദേഷ്യംകൊണ്ട് വിറക്കുന്നുണ്ടായിരുന്നു.

തിരിച്ചു രാധുന്റെ അമ്പലത്തിൽ കയറി തൊഴുതു. അകത്തു അമ്മമാരും രാഗിയും നിൽപ്പുണ്ടായിരുന്നു.

തൊഴുത്തുവന്നപ്പോൾ അമ്മ നീളമുള്ള വടിയിൽ കുറച്ചു തുണി കെട്ടിവച്ചത് കത്തിച്ചുതന്നു ചുറ്റമ്പലത്തിലെ വിളക്ക് കത്തിക്കാൻ പറഞ്ഞുവിട്ടു.

ചുറ്റുവിളക്കുകളിൽ എണ്ണയൊഴിച്ചു തിരിയൊക്കെ ഇട്ടിട്ടുണ്ടായിരുന്നു. ഞങ്ങളെല്ലാരും കൂടി ആ വിളക്കുകളെല്ലാം തെളിയിച്ചുകൊണ്ടിരുന്നു.

നടയിൽനിന്നു മാറി ഇടതുവശത്തുള്ള വിളക്കുകൾ തെളിയിച്ചുകൊണ്ടിരിക്കുമ്പോളാണ് കടുവച്ചേട്ടനും സംഘവും വന്നത്.

വന്നുകയറിയതും കടുവയുടെ കണ്ണുകൾ ആരെയോ തിരയുന്നത് കണ്ടു.

ഓടിനടന്നിരുന്ന ആ മുന്തിരിമണികൾ എന്നിലെത്തിയതും നിശ്ചലമാവുന്നതും സൂക്ഷിച്ചുനോക്കിയാൽ മാത്രം മനസിലാവുന്ന രീതിയിൽ ആ മുഖത്തൊരു കുഞ്ഞു പുഞ്ചിരി വിരിയുന്നതും കണ്ടു.

നിമിഷനേരം കൊണ്ട് ആ പുഞ്ചിരി എന്നിലേക്കു പടർന്നതും നോട്ടം മാറ്റി ഞാൻ വിളക്ക് വെക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

“പെങ്ങളെ…… ”

പെട്ടന്നാണ് ആ വിളി എന്നെത്തേടിയെത്തിയത്. ആരാണെന്നറിയാൻ തിരിഞ്ഞുനോക്കിയ ഞാൻ വിളിച്ച ആളെ കണ്ട് അമ്പരന്നു.

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9