Friday, April 19, 2024
Novel

ഒറ്റയാൻ : ഭാഗം 6

Spread the love

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

പെട്ടന്നാണ് ഒറ്റയാന്റെ കയ്യിൽ നിന്ന് ബൈക്ക് പാളിയത്.നടുവടിച്ചാണ് ഞാൻ റോഡിലേക്ക് വീണത്.കിഴക്കോട്ട് വന്ന ബൈക്ക് അതുപോലെ തിരിഞ്ഞ് പടിഞ്ഞാറ് ഭാഗത്തെ പൊസിഷനിൽ നിൽക്കുന്നു…

ഒറ്റയാൻ അതുപോലെ തന്നെ ബൈക്കിൽ ഇരിപ്പുണ്ട്. എൻറെ നടുവ് മാത്രം പോയിക്കിട്ടി.എനിക്ക് എഴുന്നേൽക്കാൻ കഴിയുന്നില്ല. ചിരിക്കണോ അതോ കരയണോ.രണ്ടും ചെയ്യാൻ കഴിയാത്തൊരു അവസ്ഥ…

ഒറ്റയാൻ ആണെങ്കിൽ തിരിഞ്ഞു കൂടി നോക്കുന്നില്ല.ഇങ്ങനെയുമുണ്ടോ ആണുങ്ങൾ.. ഏതെങ്കിലും ആണുകുട്ടികൾ ആയിരുന്നെങ്കിൽ കയ്യിലുള്ളതെല്ലാം കളഞ്ഞിട്ട് ഓടി വന്നെന്നെ പിടിച്ചു എഴുന്നേൽപ്പിച്ചേനെ..

വിഷമവും സങ്കടവും സഹിക്കാൻ കഴിയാതെ ഞാൻ ഒറ്റയാനെ നോക്കി. അയാൾ താഴെ വീണുകിടക്കുന്ന കവറിലെ സാധനങ്ങൾ പെറുക്കിയെടുക്കുന്ന തിരക്കിലാണ്…

“ടോ ചേട്ടാ അതൊക്കെ പിന്നെ എടുക്കാം.എന്നെയൊന്ന് പൊക്കിയെടുക്ക്.എന്റെ നടുവ് പോയി”.. ഞാൻ നിലവിളിച്ചു പോയി…

എന്റെ കരച്ചിൽ കേട്ടിട്ടും ആ ദുഷ്ടൻ എല്ലാം എടുത്തു കവറിലാക്കിയട്ടാണു വന്നത്…

” ഇയാളെ പ്രേമിക്കാൻ ശ്രമിക്കുന്ന എനിക്ക് ഇങ്ങനെ തന്നെ വരണം”

എനിക്ക് അടുത്ത് വന്ന് കൈകൾ നീട്ടിയ ഒറ്റയാനെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു..

“നിന്റെ കയ്യിലിരുപ്പു കൊണ്ടല്ലേ ബൈക്ക് പാളിയത്.വണ്ടിക്ക് പിന്നിലിരിക്കുമ്പോൾ അടങ്ങിയിരിക്കണം.ഞാൻ കരുതി നീയെഴുന്നേറ്റ് വരുമെന്ന്”

പിടിച്ചെഴുന്നേൽപ്പിക്കുമ്പോളും അയാളെന്നെ ചൊറിഞ്ഞു….

ഏണിനു നല്ല വേദനയുണ്ട്. മാംസം ഉടഞ്ഞെന്ന് തോന്നുന്നു. ഞാൻ വേദന സഹിക്കാൻ കഴിയാതെ പല്ല് കടിച്ചു നിന്നു…

“വാ പോകാം”

“ബാക്കിയുളളവർക്ക് നടക്കാൻ മേലാ അപ്പോഴാണ്”

“അതിനും മാത്രം എന്തുപറ്റി”

എനിക്ക് പറയാൻ പറ്റുവോ ഏണിനു നല്ല പെയിൻ ഉണ്ടെന്ന്…

“മൊരടൻ”

വേദന സഹിക്കാൻ വയ്യാഞ്ഞിട്ടും ഞാൻ ചെറുതായി നടന്നു.എന്റെ നടപ്പ് കണ്ടിട്ടും ഒറ്റയാനൊരു കുലുക്കവുമില്ല….

“ഇയ്യാൾക്കെന്താ എന്നെയൊന്ന് എടുത്ത് കൊണ്ട് നടന്നാൽ..നല്ല ആരോഗ്യമുണ്ടല്ലൊ..ദുഷ്ടൻ”
“ചേട്ടാ ഒരു സംശയം ചോദിച്ചോട്ടേ”

മടിച്ചു മടിച്ചു ഞാൻ ചോദിച്ചു..

“എന്തുവാ നിനക്കിത്ര സംശയം” ഉണ്ടക്കണ്ണ് കൂടുതൽ പുറത്തേക്ക് ഉന്തിച്ചു ഒറ്റയാൻ…

“ആം.ചോദിക്ക്.”

“ബൈക്ക് പാളിയപ്പോൾ ഞാൻ താഴെ വീണിട്ടും.ചേട്ടനും ബൈക്കിനും ഒന്നും പറ്റിയില്ലല്ലോ”

“എടീ പോത്തേ ഇത് ചെറിയ ബൈക്കാണ് ഭാരവും കുറവ്.എനിക്ക് കാലിനു നല്ല നീളവുമുണ്ട്.നിലത്ത് മുട്ടുകയും ചെയ്യും.ബൈക്ക് പാളിയപ്പോൾ ഞാൻ ബാലൻസ് ചെയ്തു. ബൈക്ക് വട്ടം കറങ്ങിയപ്പഴാ നീ വീണത്”

ബൈക്ക് വട്ടം കറങ്ങിയതൊന്നും എനിക്ക് ഓർമ്മയില്ല.നടുവും തല്ലി വീണപ്പഴേ ഞാൻ സ്വർഗ്ഗവും നരകവും ഒരുമിച്ച് കണ്ടിരുന്നു….

“ഏണിന് നല്ല വേദനയുണ്ടല്ലേ.”

ഒറ്റയാന്റെ കളിയാക്കൽ കണ്ടെനിക്ക് ദേഷ്യം കയറിയെങ്കിലും മൊരടനെ ഓർത്ത് ഞാൻ അടക്കി..

“എന്തിനാ വെറുതെ അയാളുടെ കയ്യിൽ നിന്ന് വാങ്ങി കൂട്ടുന്നത്”

“ബൈക്കിൽ കയറ് മഴപെയ്യും ഇപ്പോൾ”

പറഞ്ഞു തീർന്നില്ല അതുനു മുന്നേ മഴയും മിന്നലും തുടങ്ങി. ഞങ്ങൾ അടുത്തുള്ള ചെറിയൊരു പെട്ടിക്കടയിലേക്ക് നീങ്ങി നിന്നു…

എനിക്ക് മിന്നലാണെങ്കിൽ പേടിയാണ്.ഞാൻ പിന്നെയും ഒറ്റയാനോട് ചേർന്ന് നിന്നു

“ചേട്ടാ വഴക്ക് പറയല്ലേ പ്ലീസ്. എനിക്ക് മിന്നലു പേടിയാണ്”

മൊരടൻ ഒന്നും പറഞ്ഞില്ല ഭാഗ്യം. കൂടുതൽ ചേർന്ന് നിന്നു. പതിലെ ഒരുകയ്യെടുത്ത് ഒറ്റയാന്റെ വയറിലൂടെ ചേർത്തു. അനങ്ങാതിരുന്നതിനാൽ മറുകയ്യുമെടുത്ത് അയാളുടെ വയറിൽ ചുറ്റി ഞാനങ്ങനെ നിന്നു.

എത്രനേരമങ്ങനെ ആ ചൂടുപറ്റി നിന്നെന്ന് അറിയില്ല.ഒറ്റയാന്റെ ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്…

“മഴക്ക് ശക്തി കുറഞ്ഞിട്ടുണ്ട്. ഇവിടെയിങ്ങനെ നിന്നാൽ വീട്ടിൽ ചെല്ലാൻ പറ്റില്ല”

സമയം സന്ധ്യയായി തുടങ്ങി. വേദന സഹിച്ചു ഞാൻ ബൈക്കിനു പിന്നിൽ കയറി. യാത്രയിലുടനീളം ഞാൻ മൊരടനെ കെട്ടിപ്പിടിച്ച് ഇരുന്നു..ഒറ്റയാൻ ഒന്നും പറഞ്ഞില്ല ഭാഗ്യം..

എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്തൊരു യാത്രയായി ഇന്നത്തെ യാത്ര.

“ജീവിതത്തിൽ പ്രതീക്ഷിച്ചവർക്ക് കയ്യെത്തും അകലത്ത് വന്ന് കൊതിപ്പിച്ച് എല്ലാം നഷ്ടപ്പെടുമ്പോളുള്ളൊരു വേദനയുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ കഴിയില്ല.അനുഭവിച്ചവർക്കു മാത്രമേ നഷ്ടപ്പെട്ടതിന്റെ വിലയറിയൂ”

ആ നഷ്ടപ്പെടലിനു പകരമായി താത്കാലികമായിട്ടെങ്കിലും എനിക്ക് ചേർത്തു പിടിക്കാൻ ഈശ്വരൻ കൊണ്ട് വന്നത് തന്നെയായിരിക്കും ഈ ഒറ്റയാനെ. അതുവരെയെങ്കിലും എനിക്ക് നിറമുള്ളൊരു സ്വപ്നം കാണാല്ലോ ല്ലെ വെറുതെയെങ്കിലും”

സോറി കേട്ടോ സെന്റി പറഞ്ഞു വിഷമിപ്പിക്കുന്നില്ല.അങ്ങനെ മനോഹരമായ യാത്ര ജോസേട്ടന്റെ വീടിനു മുറ്റത്ത് ചെന്ന് അവസാനിച്ചു…

ശരിക്കും ഞങ്ങൾ നനഞ്ഞു കുളിച്ചു.എന്നാലും സാരമില്ല. ഒറ്റയാനെ കെട്ടിപ്പിടിച്ചൊരു യാത്ര.ഒരു സ്വപ്നം പോലെ തോന്നുന്നു ഇപ്പോഴും. വിശ്വസിക്കാൻ കഴിയാതെ…

ഞങ്ങൾ രണ്ടും കൂടി ചെന്നു കയറുമ്പോൾ ജോസേട്ടനും അമ്മയും കൂടി ടീവി കണ്ടിരിക്കുകയാണ്.

“മക്കളു രണ്ടും നനഞ്ഞൂല്ലോ”… ജോസേട്ടന്റെ വക ചോദ്യം..

“മഴ പെയ്താൽ പിന്നെയും നനയൂല്ലേ ജോസേട്ടാ” കുസൃതിയോടെ ഞാൻ ഒറ്റയാനെ നോക്കി.

മൊരടനാണെങ്കിൽ ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന് വിചാരിച്ചു തോർത്തിട്ട് തലയിലൂടെ പ്രകടനം നടത്തുവാണ്..

“എന്റെ ദൈവമേ ഇയാളെ പ്രണയിക്കാൻ നടക്കുന്ന എന്നെ തന്നെ പറയണം.ഇതിനെക്കാൾ നല്ലത് വല്ല മരങ്ങോടെനെയും പ്രണയിച്ചിരുന്നെങ്കിൽ ലൈൻ സെറ്റായേനേ..മൊശടൻ..

” മോളേ പോയി തല തോർത്തീട്ട് വാ”

“ശരി ജോസേട്ടാ”

പോകുന്ന വഴിയിൽ ഒറ്റയാനെ മനപ്പൂർവം ഒന്ന് തട്ടിയട്ടാണു പോയത്.അയാളെന്നെ രൂക്ഷമായി നോക്കി. ഏണിനിട്ടൊരണ്ണം എനിക്ക് തന്നു..

“അയ്യോ…” അറിയാതെ ഞാൻ നിലവിളിച്ചു പോയി.എന്റെ അലർച്ച കേട്ടിട്ട് ജോസേട്ടനും അമ്മയും ഓടി വന്നു…

“ന്താ ന്തു പറ്റി..”

അവർ ചോദിച്ചതോടെ ഒറ്റയാന്റെ ചമ്മൽ ഒന്ന് കാണണമായിരുന്നു.എനിക്ക് കഷ്ടം തോന്നി…

“അത് ഞാൻ ഇവിടെ വീഴാൻ പോയി” ഒരു വിധം ഞാൻ പറഞ്ഞൊപ്പിച്ചത് പാവങ്ങൾ വിശ്വസിച്ചു…

“നോക്കി നടന്നു കൂടെ നിനക്ക്’ അമ്മയെന്നെ ശ്വാസിച്ചു…

” നോക്കി തന്നാ നടക്കുന്നെ..ആരും തട്ടിക്കൊണ്ടു പോകാതിരിക്കാനായിട്ട്’

മൊരടനെ നോക്കി പറഞ്ഞു.

“ലാസ്റ്റ് പറഞ്ഞത് മനസ്സിലായില്ലല്ലൊ””

അമ്മ വിടാനുളള ഭാവമില്ല..

“ഒന്നൂല്ലെ”

ഞാൻ മുറിയി ചെന്ന് നനഞ്ഞ തുണിയൊക്കെ മാറ്റി ഹാളിലേക്ക് വന്നു.അന്നേരം ഒറ്റയാൻ ഡ്രസ് മാറ്റി നിൽക്കുന്നുണ്ട്…

കാവിക്കൈലിയും അരക്കയ്യൻ ഷർട്ടു നന്നെ ടൈറ്റാണ്.ഈ വേഷത്തിലും എന്റെ മൊരടൻ കിടുവാണ്..

ഞാൻ സൂക്ഷിച്ചു നോക്കുന്നത് കണ്ടിട്ട് ഒറ്റയാൻ രൂക്ഷമായി എന്നെ നോക്കി. അത് കണ്ടിട്ടെനിക്കൊരു കുസൃതി തോന്നി…

ഒരു കണ്ണടച്ചു കാണിച്ചു. നോട്ടത്തിന്റെ രൂക്ഷത വർദ്ധിച്ചപ്പോൾ അടുത്ത കണ്ണും അടച്ചു കാണിച്ചു…

ദേഷ്യം വന്നാലും എന്റെ ഒറ്റയാൻ എനിക്ക് സുന്ദരനാണ്.പെട്ടെന്നാണു ഞാൻ ഒരു കാര്യം ഓർത്തത്.ഉടനെ അകത്തെ മുറിയിലേക്ക് ഓടി ചെന്നത്

ചുരീദാറിൽ നിന്ന് ഏറ്റവും മനോഹരമായൊരെണ്ണമെടുത്ത് ഞാൻ ധരിച്ചു.കണ്ണാടിയുടെ മുമ്പിൽ നോക്കിയപ്പോൾ ഞാൻ തന്നെ മാറിപ്പോയെന്നു തോന്നി…

പുതിയ ചുരീദാറുമിട്ട് ഞാൻ എല്ലാവരും ഇരിക്കുന്ന മുറിയിലെത്തി. എല്ലാവരുടെയും കണ്ണുകൾ എന്റെ മുഖത്ത് ആയിരുന്നെങ്കിലും എന്റെ നേത്രങ്ങൾ ഒറ്റയാനിൽ ആയിരുന്നു…

“ആരാ ഈ വരണത് ഞങ്ങളുടെ വസു എവിടെ അവളെ കണ്ടോ കുട്ടി നീയ്”

തമാശക്ക് ജോസേട്ടൻ എന്നെ കളിയാക്കി..

“ഒന്ന് പോ ജോസേട്ടാ”. ഞാൻ മുഖം വീർപ്പിച്ചു..

” എങ്ങനെയുണ്ട് കൊളളാവൊ ”

“ആഹാ അടിപൊളി” ജോസേട്ടന്റെ കമന്റ്.അമ്മയും ഒറ്റയാനും മിണ്ടുന്നുമില്ല..

ഒറ്റയാന്റെ വായിൽ നിന്ന് എന്തെങ്കിലും കേൾക്കാൻ കൊതിച്ച ഞാനാരായി…

“പവനായി ശവമായി..അല്ലാതെന്ത്..

” എന്നാൽ ഞാനിറങ്ങട്ടെ”

ഒറ്റയാൻ യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങി.

“ചേട്ടനിത് എവിടെപ്പോകാനാ..ഭക്ഷണം കഴിച്ചിട്ട് ഇവിടെ തന്നെ ഉറങ്ങിക്കൂടെ”

“അല്ല എനിക്ക് പോയേ പറ്റൂ..രാവിലെ ഞാനിങ്ങെത്താം”

ഒറ്റയാന്റെ കിടപ്പും പൊറുതിയുമെല്ലാം ജോസേട്ടന്റെ വീട്ടിൽ ആണെന്നായിരുന്നു എന്റെ ഇതുവരെയുള്ള ധാരണ മുഴുവനും. ആ ധാരണ തെറ്റായിരുന്നൂന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി….

“എങ്കിൽ ഭക്ഷണം കഴിച്ചു പോകൂ പ്ലീസ്”

യാചനയോടെ ഒറ്റയാനോട് ഞാൻ അപേക്ഷിച്ചു. ..

മൊരടൻ എന്തായാലും സമ്മതിച്ചു. ഞാൻ അടുക്കളയിൽ കയറി. ചോറ് ഉണ്ട് കറിയില്ല.പെട്ടെന്ന് തന്നെ ഒരു മോരു കറിയും പപ്പടം കാച്ചിയതും കിഴങ്ങ് മെഴുക്കു പുരട്ടിയും ഉണക്കമീൻ വറത്തതും ശരിയാക്കി…

ഒരുമണിക്കൂറിൽ എല്ലാം ശരിയാക്കി.എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു.എല്ലാവരുടെയും മുഖത്ത് സംതൃപ്തി നിറഞ്ഞിരുന്നു…

“ഇപ്പോഴാണ് മോളേ ശരിക്കും ഇതൊരു വീടായത്”

“ജോസേട്ടാ സെന്റി വേണ്ടാ”

ഞാൻ ഓർമിപ്പിച്ചു…

“ഞങ്ങൾ ഉണ്ടല്ലൊ ഇവിടെയിനി ജോസേട്ടൻ വിഷമിക്കേണ്ടാ ട്ടോ”

ഭക്ഷണം കഴിച്ചു കഴിഞ്ഞു ഒറ്റയാൻ പോകാനായി പുറത്തേക്കിറങ്ങി.കൗതുകത്തിനു കൂടെ ഞാനും ഇറങ്ങി…

എന്നെ മൈൻഡ് ചെയ്യാതെ ചെന്ന് ബൈക്കിൽ കയറി. എന്നിട്ട് അത് സ്റ്റാർട്ട് ചെയ്തു എനിക്ക് സമീപം വന്നു…

ബൈക്കിന്റെ വരവു കണ്ടിട്ടു ഞാൻ പേടിച്ചു ഞാൻ ചാടി സ്റ്റെപ്പിൽ കയറി…

ബൈക്ക് എഞ്ചിൻ ഓഫ് ചെയ്യാതെ ഒറ്റയാൻ എനിക്ക് നേരെ മുഖം തിരിച്ചു…

“പെട്ടെന്ന് ഉണ്ടാക്കിയതാണെങ്കിലും കറികളെല്ലാം സൂപ്പർ ആയിരുന്നു. നല്ല കൈപ്പുണ്യം.താങ്ക്സ്”

ഒറ്റയാന്റെ സംസാരം കേട്ടെന്റെ കണ്ണുതള്ളി.ഈ മൊരടൻ തന്നെയാണോ ശരിക്കുമിത് പറഞ്ഞത്.എനിക്ക് വീണ്ടും കുസൃതി തോന്നി…

“അതെ എങ്കിലൊരു താലി കൊണ്ട് വന്നിട്ട് എന്റെ കഴുത്തിൽ ചാർത്തിക്കോ എപ്പോഴും കൈപ്പുണ്യമുളള ഭക്ഷണം കഴിക്കാം”

മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ തിരിഞ്ഞ് ഒറ്റയോട്ടം അകത്തേക്ക്…

ചെന്ന് നിന്നത് നേരെ ജോസേട്ടന്റെ മുമ്പിൽ…

“(തുടരും”)

ഒറ്റയാൻ : ഭാഗം 7 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

ഒറ്റയാൻ : ഭാഗം 1

ഒറ്റയാൻ : ഭാഗം 2

ഒറ്റയാൻ : ഭാഗം 3

ഒറ്റയാൻ : ഭാഗം 4

ഒറ്റയാൻ : ഭാഗം 5