Wednesday, January 22, 2025
Novel

ജീവാംശമായ് : ഭാഗം 9

നോവൽ
******
എഴുത്തുകാരി: അനന്യ ആദി

“എനിക്ക്‌ തണുക്കുന്നു…. അമ്മക്കും തണുക്കുന്നുണ്ടായിരുന്നു…..” അത് പറയുമ്പോൾ എന്റെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു…. വീണ്ടും കണ്ണടയുന്നു…. ഇടക്കെപ്പോളോ ശരത്തേട്ടൻ എന്നെ പൊതിഞ്ഞു പിടിക്കുന്നത് ഞാൻ അറിഞ്ഞു … ആ ചൂട് എന്നിൽ നിറഞ്ഞു….

പിന്നീട് ആണ് അറിഞ്ഞത് അച്ഛമ്മക്കും വയ്യാതായി…. അടുത്ത റൂമിൽ അച്ഛമ്മയും ഉണ്ടായിരുന്നു…

വീട്ടിൽ വന്നിട്ടും ആരോടും സംസാരിക്കാൻ തോന്നിയില്ല…. ഉള്ളിൽ നിസ്സംഗത നിറഞ്ഞു…
മുറിയിൽ നിന്നും കുറച്ചു ദിവസത്തേക്ക് പുറത്തിറങ്ങിയതെയില്ല….

അച്ചുവും അഞ്ജുവും എന്നെ ചിരിപ്പിക്കാൻ ശ്രമിക്കുന്നു…. പക്ഷെ മനസ്സറിഞ്ഞു ചിരിക്കാൻ കഴിയുന്നില്ല…
എല്ലാവരും മത്സരിച്ചു സ്നേഹിക്കുന്നു

ഭക്ഷണം പോലും വേണമെന്നില്ല… മനസും ശരീരവും മരവിച്ച അവസ്‌ഥ… സ്നേഹിക്കാൻ ഒരുപാട് പേർ ചുറ്റും ഉണ്ടായിട്ടും ഒറ്റപ്പെട്ട് പോയത് പോലെ..

വീട്ടിൽ എല്ലാവരും മാറി മാറി വിളിച്ചിട്ടും പുറത്തേക്ക് ഇറങ്ങാൻ തോന്നിയില്ല…. അച്ഛമ്മയുടെ വിഷമം കാണുമ്പോൾ മാത്രം എന്തെങ്കിലും കഴിച്ചെന്നു വരുത്തും.

അച്ഛന്റേം അമ്മയുടേം ഫോട്ടോയിലേക്ക് നോക്കുമ്പോൾ സങ്കടവും ദേഷ്യവുമൊക്കെ വന്നു….
എന്നെ കൂട്ടാതെ എന്തിന് പോയി…
ഒറ്റക്കായി പോയില്ലേ ഞാൻ….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
സമയം സന്ധ്യ ആയിരിന്നു…. ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയാണ് ആദി…

പാറിപ്പറന്ന മുടിയിഴകളും വിളറിയ കണ്ണുകളും അവളുടെ ക്ഷീണത്തെ വിളിച്ചോതി….

തോളിൽ ആരോ സ്പർശിച്ചത് പോലെ തോന്നിയപ്പോളാണ് ആദി മുഖം ഉയർത്തിയത്.

ശരത് ആയിരുന്നു..

അവളുടെ മുഖത്തു നിറഞ്ഞ നിർവികാരതയും ദൈന്യതയും അവനെ ഒരുപാട് വേദനിപ്പിച്ചു.
തന്റെ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ വന്നിട്ടും മാതാപിതാക്കൾക്ക് വേണ്ടി ചിരിച്ചവൾ…. ഇന്നവൾക്ക് ഒരു ചിരി പോയിട്ട്, ജീവൻ പോലുമില്ല എന്നു തോന്നുന്നു..

അല്പ സമയം ശരത്തിനെ നോക്കിയിരുന്നു ആദി…. ശേഷം അവന്റെ നെഞ്ചിൽ വീണു കരഞ്ഞു….

വീട്ടിൽ എല്ലാവരും അവളൊന്നു നോർമൽ ആവാൻ ആഗ്രഹിച്ചിരുന്നു… അതുകൊണ്ടാണ് ശരത്തിനെ വിളിച്ചു വരുത്തിയത്…
അവളുടെ ആ കരച്ചിൽ എല്ലാവർക്കും ഒരു ആശ്വാസമായി….അവളൊന്നു കരഞ്ഞു കാണാൻ ആ വീടും ആഗ്രഹിച്ചിരുന്നു.

പതം പറഞ്ഞു കരയുന്ന ആദിയെ എല്ലാവരും അലിവോടെ നോക്കി…

തന്റെ നെഞ്ചിൽ ചേർന്ന് കരയുന്ന പെണ്കുട്ടിയോട് ശരത്തിനു ആ നിമിഷം തോന്നിയത് പ്രണയം ആയിരുന്നില്ല… വാത്സല്യം ആയിരുന്നു… അടങ്ങാത്ത വാത്സല്യത്തോടെ അവൻ അവളെ തലോടി…
എന്നും കൂടെയുണ്ടാകുമെന്നു പറയാതെ പറഞ്ഞു.

ഏറെ നേരം കരഞ്ഞതിന് ശേഷമാണ് അവളൊന്നു ശാന്തമായത്… അത് വരെ ക്ഷമയോടെ അവളുടെ സങ്കടങ്ങൾ തന്റെ നെഞ്ചിൽ ഏറ്റുവാങ്ങി ശരത് നിന്നു.

“ആദി….”

“ഉം…”

“ഒന്നു കുളിച്ചിട്ട് വായോ… അപ്പോളേക്കും അല്പം ആശ്വാസം കിട്ടും…”

തിരിച്ചു മറുപടിയൊന്നും വന്നില്ല….
വല്യമ്മ വന്ന് പതിയെ അവളെ ചേർത്തു പിടിച്ചു… ഒരമ്മയുടെ വാത്സല്യത്തോടെ തന്നെ അവളെ കുളിമുറിയിൽ കയറ്റി.

കുളിച്ചു വന്ന ആദിയെ നോക്കിയ എല്ലാവർക്കും അല്പം സമാധാനമായി… ഇപ്പോൾ അവളെ കണ്ടാൽ ജീവനുണ്ട് എന്നെങ്കിലും തോന്നിക്കുന്നു…. കരഞ്ഞു തീര്ത്തപ്പോളെക്കും അവൾക്കും കുറച്ചു ആശ്വാസം കിട്ടിയിരുന്നു.

❇️❇️❇️❇️❇️❇️❇️❇️❇️

ഒന്ന് കരഞ്ഞു തീർത്തപ്പോൾ വല്ലാത്ത ഒരു ആശ്വാസം… ചില സമയത്ത് കണ്ണീർ ഒരു അനുഗ്രഹം തന്നെയാണ്…

പതിയെ അച്ഛമ്മയുടെ അടുത്തു പോയിരുന്നു….
ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം മകന്റെ മരണം കാണേണ്ടിവന്നതിന്റെ സങ്കടം അച്ഛമ്മക്കും ഉണ്ടായിരുന്നു…

എല്ലാവരുടെയും കൂടെ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോളും കണ്ണുകൾ ശരത്തേട്ടനെ തേടി…. കുറച്ചു ദിവസം കൂടിയാണ് കാണുന്നത്… ഇത്രയും ദിവസം താൻ ഒന്ന് ഓർത്തു കൂടിയില്ല…ഒന്ന് കരയാൻ ആഗ്രഹിച്ചിരുന്നു…

പക്ഷെ…. നമ്മുടെ മനസിന് ഏറ്റവും പ്രിയപ്പെട്ടവരെ കാണുമ്പോളാണ് വികാരങ്ങൾ അതേ അളവിൽ പുറത്തു വരൂ എന്നു പറയുന്നത് എത്ര ശരിയാണ്…

തന്റെ വേദനയുടെ പകുതി ആ മുഖത്തും ഉണ്ടെന്ന് തോന്നി…. ശരത്തേട്ടന്റെ മുഖത്തു മാത്രമല്ല എല്ലാവരുടെയും മുഖത്തുണ്ട് വേദന… മകനെയും മകളെയുംനഷ്ടപ്പെട്ട ദുഃഖം, സഹോദരനെയും ഭാര്യയെയുംനഷ്ടപ്പെട്ട വേദന…. അങ്ങനെ എല്ലാവർക്കും ഓരോ വേദന.

ഉള്ളിൽ കഠിനമായ വേദന ഉണ്ടെങ്കിലും അത് ഉള്ളിലൊതുക്കാൻ പറ്റുമെന്ന അവസ്ഥയിലെത്തി. അതുവരെ ആശ്വസിപ്പിക്കുന്ന വാക്കുകൾ കേൾക്കാൻ പോലും തയ്യാറായിരുന്നില്ല…. പക്ഷേ ഇപ്പോൾ എല്ലാം ചിന്തിക്കാൻ പറ്റുമെന്ന തലത്തിൽ ആയിരിക്കുന്നു.

പിന്നീട് പല തീരുമാനങ്ങളും എടുത്തു… തന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്… അവർക്ക് വേണ്ടിയെങ്കിലും ഇനി ജീവിച്ചേ പറ്റൂ…

വല്യമ്മ പറഞ്ഞത് പോലെ എപ്പോളും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കാൻ ശ്രമിച്ചു… പക്ഷെ ഇഷ്ടപ്പെട്ടത് എന്ത് ചെയ്താലും അതിനോടാനുബന്ധിച്ചു അമ്മയുടെയും അച്ഛന്റെയും ഓർമകൾ ഉണ്ടാകുമെന്നത് വേറൊരു സത്യം.

പതിയെ പതിയെ ഞാനും ജീവിതത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങി. വിഷമിച്ചിരിക്കുന്നത് അച്ഛനേം അമ്മയേം ഒത്തിരി വിഷമിപ്പിക്കുമെന്ന് എല്ലാവരും പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി തുടങ്ങി…

എനിക്ക് വേണ്ടി ജീവിച്ചവരാണ്… കഥകളും വിശ്വാസങ്ങളുമൊക്കെ ശരിയാണെങ്കിൽ പരലോകത്തിരുന്നു കാണുന്നുണ്ടാവും എന്നെ… എപ്പോളും കരഞ്ഞ മുഖവുമായി കാണാൻ അവർ ആഗ്രഹിക്കില്ല.

മറവി മനുഷ്യനൊരു അനുഗ്രഹമാണെങ്കിലും ചില കാര്യങ്ങൾ ഉള്ളിന്റെയുള്ളിൽ മായാതെ , മുറിവ് ഉണങ്ങാത്ത തന്നെ അവശേഷിക്കും….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ദിവസങ്ങൾ കടന്നു പോയി…. അച്ഛനും അമ്മയും കൂടെയില്ല എന്ന സത്യം ഞാൻ അംഗീകരിച്ചു കഴിഞ്ഞു…. എങ്കിലും അവരുടെ അദൃശ്യ സാന്നിധ്യം എന്റെ ഒപ്പമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു..

ഇതിനിടയിൽ ശരത്തേട്ടനെ അങ്ങനെ കാണാറില്ല…വല്ലപ്പോളും എന്തെങ്കിലും പുസ്തകം കൊണ്ടു തരാൻ വരും… കണ്ണുകൾ കൊണ്ട് ഒന്നു ചിരിക്കും… അത്ര മാത്രം…. മാഷ് ഇടക്കിടക്ക് വരും… നെറുകയിൽ നൽകുന്ന ഒരു തലോടൽ… അത് അച്ഛനെ ഓർമിപ്പിച്ചിരുന്നു…

ഒരു ഞായറാഴ്ച രാവിലെ ചെറിയമ്മയുടെ കൂടെ അടുക്കളയിൽ കറിക്ക് അരിഞ്ഞുകൊണ്ടിരിക്കുമ്പോളാണ് ആരോ വന്ന ശബ്ദം കേട്ടത്…

ടീച്ചറമ്മയും മാഷും ആണെന്ന് അച്ചൂ വന്നു പറഞ്ഞതും ഉമ്മറത്തേക്കോടി.

അച്ഛനും അമ്മയും പോയതിൽ പിന്നെ ടീച്ചറമ്മയെ കണ്ടിട്ടില്ല. ഇടക്ക് മാഷ് വരുമ്പോൾ അന്വേഷിക്കും…. ടീച്ചറമ്മയുടെയും മാഷിന്റെയും സ്നേഹം അച്ഛനേം അമ്മയേം ഓർമ്മിപ്പിക്കും….

ടീച്ചറമ്മയുടെ കാലിലെ പ്ലാസ്റ്റർ എടുത്തിട്ടുണ്ട്…. എന്നെ കണ്ടതും വിളിച്ചടുത്തിരുത്തി….

“എന്തെടുക്കുകയിരുന്നു എന്റെ കുട്ടി…?”
നെറുകയിൽ തലോടിക്കൊണ്ട് അത് ചോദിച്ചതും കണ്ണുകൾ അറിയാതെ നിറഞ്ഞു.

“ചെറിയമ്മയുടെ കൂടെ അടുക്കളയിൽ…. വെറുതെ….”

“ആഹാ… എന്റെ കുഞ്ഞിനെക്കൊണ്ട് പണിയിപ്പിക്കുകയാണോ ഇവർ?” തമാശയായി ടീച്ചറമ്മ ചോദിച്ചതും ചെറിയമ്മ പറഞ്ഞു

“അവൾക്കിഷ്ടാണ് പാചകം… എങ്കിൽ പിന്നെ ചെയ്തോട്ടെ എന്നു ഞാനും കരുതി…”

“നല്ല കാര്യമാണ്….”

പിന്നീട് വല്യച്ഛനും ചെറിയച്ഛനും എല്ലാരും വന്ന് സംസാരമായി. ഞായറാഴ്ച്ച ആയതുകൊണ്ട് എല്ലാവരും വീട്ടിലുണ്ട്….

ഞാൻ അടുക്കളയിൽ പോയി ചായയെടുക്കാൻ സഹായിച്ചു…

ചെറിയമ്മ ചായ എടുത്തു…. രാവിലെ ഉണ്ടാക്കിയ കൊഴുക്കട്ട ഒരു പാത്രത്തിലാക്കി വല്യമ്മ എന്റെ കയ്യിൽ തന്നു വിട്ടു.

ചെല്ലുമ്പോൾ ശരത്തേട്ടനുമുണ്ട്… ഇതെപ്പോൾ വന്നു. മുഖത്തൊരു കുസൃതി ചിരിയുണ്ട്.

“മോളെ…. ഇങ്ങോട്ട് വാ… ” ടീച്ചറമ്മ എന്നെ അടുത്തിരുത്തി.

“ഞങ്ങൾ മോളെ അങ്ങോട്ട് കൊണ്ടുപോക്കോട്ടെ എന്നു ചോദിക്കാൻ വന്നതാണ്” മാഷാണ് പറഞ്ഞത്.

“എല്ലാവർക്കും സമ്മതമാണ് കേട്ടോ…. ”

ടീച്ചറമ്മ അത് പറഞ്ഞതും ഞാൻ പതിയെ ശരത്തേട്ടനെ നോക്കി… ആ മുഖത്ത് ഒരു പുഞ്ചിരിയുണ്ട്. എന്തുകൊണ്ടോ എന്റെ കണ്ണു നിറഞ്ഞു. ഒന്നും പറയാൻ തോന്നിയില്ല.

ടീച്ചറമ്മ എന്തൊക്കെയോ പറയുന്നുണ്ട്. ഒന്നും ഉള്ളിലേക്ക് കയറുന്നില്ല… അതോ ഞാൻ ശ്രദ്ധിക്കാത്തത് ആണോ..

എന്നോട് തനിച്ചു അൽപ സമയം സംസാരിക്കണം എന്നു പറഞ്ഞു ശരത്തേട്ടൻ വല്യച്ഛനോട് അനുവാദം വാങ്ങി…

എന്നെയും കൂട്ടി വീടിന്റെ ഒരു സൈഡിലേക്ക് മാറി. ചുറ്റു മതിലിൽ ചാരി ഞാൻ നിന്നു. കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഞാൻ ആഗ്രഹിച്ച ജീവിതം തന്നെയാണ്… പക്ഷെ….

“ആദി….”

“ഉം….”

” ഇത്രയും സങ്കടങ്ങൾ ഉണ്ടായപ്പോൾ പങ്കുവെക്കാൻ ഒരാൾ വേണമെന്ന് തോന്നിയില്ലേ തനിക്ക്…..
ഞാൻ തന്റെ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ചില്ലേ….

അല്പനേരമെങ്കിലും എന്റെ നെഞ്ചിൽ ചേർന്ന് ഇരിക്കാൻ മോഹിച്ചില്ലേ…?”

മറുപടി എന്ത് പറയണമെന്ന് എനിക്കറിയില്ലാരുന്നു.

“അറിയില്ല ശരത്തേട്ടാ…. ഉറക്കെയൊന്ന് കരയാൻ ആഗ്രഹിച്ചിട്ടുണ്ട്… അത് സാധ്യമായത് ശരത്തേട്ടൻ അന്ന് വന്നപ്പോളാണ്….

ഇപ്പോൾ ഞാൻ അംഗീകരിച്ചു കഴിഞ്ഞു അവർ ഈ ലോകത്തില്ലെന്ന്… എങ്കിലും…
സഹിക്കാൻ പറ്റണില്ല…”

കൈകൾ കൊണ്ട് മുഖം പൊത്തി ഏങ്ങി ഏങ്ങി കരഞ്ഞു….

എന്റെ മുഖത്തു നിന്ന് പതിയെ കൈകൾ മാറ്റി…. മുഖം ആ കൈക്കുമ്പിളിൽ കോരിയെടുത്തു.

“ഈ ഒന്നര മാസത്തിനിടക്ക് നമ്മൾ അധികം സംസാരിച്ചിട്ടു കൂടിയില്ല ആദി…
നിന്റെ വേദന പകുത്തു സ്വീകരിക്കണമെന്നുണ്ടായിരുന്നു…

അന്ന് വന്നിട്ട് പിന്നെ അധികം നമുക്ക് ഒന്നിച്ചിരിക്കാൻ പറ്റിയിട്ടില്ല.
പക്ഷെ അങ്ങനെ ഇരുന്നാലും തനിക്ക് ഒരു ആശ്വാസം നൽകാൻ കഴിയണമെന്നില്ല.

കാരണം വാക്കുകൾ കൊണ്ടുള്ള
അശ്വസിപ്പിക്കലിനെക്കാൾ നിനക്ക് ആവശ്യം സ്നേഹത്തോടെയുള്ള ഒരു തലോടലാണ്….

ഒന്നു നെഞ്ചിൽ ചേർക്കുന്നതാണ്….
ഞാൻ തനിക്കൊപ്പമുണ്ടെന്ന് പറയാതെ പറയുന്നതാണ്….”

“പറയാതെ തന്നെ എനിക്ക് അറിയാം എനിക്കൊപ്പമുണ്ടെന്ന്”

ആ കണ്ണുകളിൽ നോക്കി ഞാൻ അത് പറഞ്ഞതും ഒരു ചെറിയ നനവ് ആ കണ്ണുകളിൽ പടരുന്നത് ഞാനറിഞ്ഞു.

ആ നിൽപ്പ് അതേ പടി കുറച്ചു നേരം കൂടി നിന്നു..

“ശരത്തേട്ടാ…”

“എനിക്ക് ഒരു ഉമ്മ തരുവോ….? നെറ്റിയിൽ….?”

മറുപടി ഒന്നും പറഞ്ഞില്ല…. അൽപ സമയം കൂടി എന്റെ കണ്ണിൽ നോക്കി നിന്നു. അതിനു ശേഷം മുഖം ഒന്നുകൂടി ചേർത്തു പിടിച്ചു നെറ്റിയിൽ അമർത്തി ചുംബിച്ചു…. ആദ്യ ചുംബനം…. ഒരു തുള്ളി കണ്ണുനീർ എന്റെ മുഖത്തും പതിഞ്ഞു.

“ഇപ്പോൾ എന്റെ സ്വന്തമാണെന്ന് അറിയാം… എന്നാലും അധികം ആഘോഷങ്ങളും ബഹളവുമില്ലാതെ ഒരു താലി കെട്ടി ഒന്നുകൂടി എന്റേതാണെന്ന് ഉറപ്പിച്ചോട്ടെ?”

“ശരത്തേട്ടാ…. ഞാൻ ഒരു വിവാഹത്തിന് .. ഇപ്പോൾ… അറിയില്ല”

“എനിക്ക് മനസിലാവും…. അച്ഛനും അമ്മയും പോയിട്ട് ഇത്ര ആയതല്ലേയുള്ളൂ….
അവരുടെ നിറഞ്ഞ മനസോടെയുള്ള ആശീർവാദമുണ്ട് നമുക്ക്….
വലിയ ചടങ്ങൊന്നും വേണ്ട… ഒരു രജിസ്റ്റർ മര്യേജ്….

തന്റെ സന്തോഷങ്ങളിൽ മാത്രമല്ലടോ…. ദുഃഖത്തിലും ഞാൻ കൂടെ വേണ്ടേ?”

ഒന്നും പറയാനാവാതെ ഞാൻ മുഖം താഴ്ത്തി… വീണ്ടും ആ കൈകളാൽ എന്റെ മുഖം ഉയർത്തി….

“അച്ഛന്റെ ഈ നിധി എന്നും കാത്തു സൂക്ഷിച്ചോളാം ഞാൻ…..
എടുത്തോട്ടെ…
അച്ഛൻറെ നിധിയെ എന്റെ സ്വന്തമായി….?” ആ ശബ്ദം ഇടറുന്നുണ്ടായിരുന്നു

മറുപടിയായി കവിളിലിരുന്ന ആ കൈകൾ അടർത്തി മാറ്റി , രണ്ടും ചേർത്തു വെച്ചു ആ കൈവെള്ളകളിൽ ഒരു ചുംബനമർപ്പിച്ചു…

രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു…

❇️❇️❇️❇️❇️❇️❇️❇️❇️❇️

എന്റെ സമ്മതം കിട്ടിയതോടെ എല്ലാവർക്കും സന്തോഷമായി. അമ്പലത്തിലും കൂടി ചോദിച്ചിട്ട് ദിവസം തീരുമാനിക്കാമെന്നു പറഞ്ഞു…. രജിസ്റ്റർ ഓഫീസിൽ വെച്ചു നടത്തിയാലും മതി എന്നായിരുന്നു ശരത്തേട്ടൻ പറഞ്ഞത്..

അമ്മമാർക്കെല്ലാം അമ്പലത്തിൽ വെച്ചു നടത്തണമെന്ന് ആഗ്രഹം. വല്യച്ഛൻ അന്വേഷിച്ചിട്ട് അടുത്ത തിങ്കളാഴ്ച രാവിലെ ഒമ്പതിന് അമ്പലത്തിൽ വെച്ചു നടത്താമെന്ന് പറഞ്ഞു..

അടുത്ത ദിവസം തന്നെ ഡ്രസ് എടുക്കാൻ പോയി. മനസിന് സന്തോഷം തോന്നിയില്ല…

എല്ലാവർക്കും ഇഷ്ടമുള്ളത് എടുത്താൽ മതിയെന്ന് പറഞ്ഞതാണ്…. വല്യമ്മയും ചെറിയമ്മയും സമ്മതിച്ചില്ല… കടയിൽ ചെന്നതെ അച്ചുവും അഞ്ജുവും അവർക്കുള്ളത് തിരയാൻ ആരംഭിച്ചു.

അല്പം കഴിഞ്ഞപ്പോൾ ശരത്തേട്ടനും ടീച്ചറമ്മയും മാഷും എത്തി… ടീച്ചറമ്മയുടെ കാലിന് കുറവുണ്ടെങ്കിലും നടക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്.

എനിക്ക് അധികം അലങ്കരമൊന്നുമില്ലാത്ത ഒരു പീച് കളർ സാരി എടുത്തു… ഏകദേശം അതിനോട് ചേരുന്ന ഷർട്ടും മുണ്ടും ശരത്തേട്ടനും എടുത്തു.

പിന്നീട് അത്യാവശ്യം വേണ്ട ഗോൾഡ് എടുത്തു.. താലി മാലയും പേരു കൊത്തിയ മോതിരവുമൊക്കെ….

അധികം ആരെയും വിളിക്കുന്നില്ലാത്തത് കൊണ്ട് കല്യാണത്തിന്റേതായ വല്യ തിരക്കൊന്നും ഇല്ലായിരുന്നു.

അച്ഛമ്മ എന്നും കാച്ചെണ്ണ തേച്ചു തരും… വല്യമ്മയും ചെറിയമ്മയും എനിക്കിഷ്ടമുള്ളത് മാത്രമേ വീട്ടിൽ ഉണ്ടാക്കുന്നുള്ളൂ….

എല്ലാവരും മത്സരിച്ചു സ്നേഹിക്കുകയായിരുന്നു. എങ്കിലും ജീവിതത്തിലെ സുപ്രധാന ഘട്ടത്തിൽ അച്ഛന്റേം അമ്മയുടേം അഭാവം നികത്താനാവാതെ തന്നെയിരുന്നു….

ദിവസങ്ങൾ പെട്ടന്ന് തന്നെ പോയി….

അധികം ഒരുങ്ങാൻ ആഗ്രഹിക്കാത്തത് കൊണ്ട് വളരെ കുറച്ചു ആഭരണങ്ങളെ ഉണ്ടായിരുന്നുള്ളു. ഒരു മാലയും രണ്ടു കൈകളിലും ഓരോ ചെറിയ വളയും ഇട്ടു.

എനിക്കായ് സ്വർണം എടുക്കരുതെന്നു പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു ഞാൻ… എന്നിട്ടും വല്യമ്മ ഒരു ജിമിക്കി കമ്മൽ എനിക്കായ് എടുത്തിരുന്നു… അതുകൊണ്ട് അതും ധരിച്ചു…

അച്ഛന്റേം അമ്മയുടെയും ഫോട്ടോയുടെ മുന്നിൽ നിന്ന് പ്രാർത്ഥിച്ചു… മുതിർന്നവർക്കെല്ലാം ദക്ഷിണ കൊടുത്തു… നിറഞ്ഞ മനസോടെ നൽകുന്ന അനുഗ്രഹങ്ങൾ എന്റെ മനസ് നിറച്ചു….

രണ്ടു ഭാഗത്തു നിന്നും ആകെ ഇരുപതു പേരെ ഉണ്ടായിരുന്നുള്ളു . മഹിയും കുടുംബവുമുണ്ട്…. ശരത്തേട്ടന്റെ വീട്ടിൽ നിന്നും ശാലിനിയും കുഞ്ഞും വിനുവും കൂടി എത്തി…

വീണ്ടും ഒന്നുകൂടി താലി കഴുത്തിൽ മുറുകിയപ്പോൾ ഒരു തുള്ളി കണ്ണുനീർ ഉതിർന്നു…. കണ്ണടച്ചു നിറഞ്ഞ മനസോടെ ശരത്തേട്ടന്റെ പേരിലുള്ള സിന്ദൂരം ഏറ്റുവാങ്ങി.

ഈ നിമിഷം ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അച്ഛനും അമ്മയുമാകും.
വല്യച്ഛനാണ് അച്ഛന്റെ സ്ഥാനത്തു നിന്ന് എല്ലാം ചെയ്തത് .

ടീച്ചറമ്മ നൽകിയ വിളക്കുമായി ശരത്തേട്ടന്റെ വീടിന്റെ പടികൾ കയറുമ്പോൾ കണ്ണുകൾ നിറഞ്ഞുകൊണ്ടേയിരുന്നു… സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല…

അമ്മമാർ എല്ലാവരും കൂടി ഉച്ചക്കത്തേക്ക് ചെറിയ സദ്യ ഉണ്ടാക്കുന്നു…. ടീച്ചറമ്മക്ക് വയ്യാത്തത് കൊണ്ട് ഇരുന്നുകൊണ്ട് പച്ചക്കറി അരിഞ്ഞു കൊടുക്കുന്നു.

പുരുഷ ജനങ്ങൾ പുറത്തു സംസാരിച്ചിരിക്കുന്നു…

ശാലിനി അമ്പാടിയെ ഉറക്കാൻ പോയി… അവനെ ഒന്ന് എടുക്കാൻ കൊതിയാവുന്നുണ്ടായിരുന്നു. പക്ഷെ ഉറക്കം വരുന്ന കൊണ്ട് വഴക്കായിരുന്നു അവൻ..

ഞാനും അച്ഛമ്മയും അഞ്ജുവും കൂടി കളി പറഞ്ഞിരുന്നു.

“ചേച്ചി എപ്പോളും അങ്ങോട്ട് വരണം കേട്ടോ… എനിക്ക് അവധിയുള്ളപ്പോൾ ഞാൻ ഇങ്ങോട്ട് വന്നോളാം…” അഞ്ചു അത് പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് മൂളി.

“ഇത്ര അടുത്തല്ലേ… അച്ചമ്മേടെ കുട്ടിക്ക് എപ്പോൾ വേണമെങ്കിലും അങ്ങോട്ട് വരാലോ…” അച്ഛമ്മ എന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു….

ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നപ്പോളാണ് ടീച്ചറമ്മ അങ്ങോട്ട് വന്നത്…

“മോളെ … ആദി.. പോയി ഡ്രസ് മാറ്റിക്കോ… മാറാനുള്ളതൊക്കെ അവന്റെ മുറിയിൽ അലമാരയിലുണ്ട്…”

സാരി മാറ്റിയപ്പോൾ തന്നെ ഒരാശ്വാസം…ഒരു പിങ്ക് കളർ ടോപ്പും ക്രീം കളർ പാന്റും എടുത്തിട്ടു….

കണ്ണാടിയിൽ നോക്കി…. മാറോട് ചേർന്നു കിടക്കുന്ന താലിയിൽ ഒന്നു ചുംബിച്ചു…. വിരലിൽ അണിഞ്ഞ മോതിരം സ്നേഹത്തോടെ ഒന്നു നോക്കി…. സീമന്ത രേഖയിലെ സിന്ദൂരം മുഖത്തു ഒരു പ്രത്യേകത സമ്മാനിക്കുന്നു….

മുൻപും ഇതൊക്കെ അണിഞ്ഞിട്ടുണ്ടെങ്കിലും ഇന്ന് പറഞ്ഞറിയിക്കാനാവാത്ത ഒരു മാറ്റം….

അടുക്കളയിൽ ചെന്നപ്പോൾ ആരും ഒന്നിനും കൂട്ടുന്നില്ല… നേരെ ശാലിനിയുടെ അടുത്തു പോയി…

അമ്പാടി നല്ല ഉറക്കം…. അവർക്ക് ഇന്ന് വൈകിട്ട് തന്നെ പോവണം… നാളെ രാവിലെ അവിടുന്ന് വിനുവിന്റെ അടുത്ത സുഹൃത്തിന്റെ കല്യാണത്തിന് പോണമെന്ന്….

അവൾ ഒത്തിരി ഹാപ്പി ആയിരുന്നു….
ഇന്ന് പോകുന്നത് കൊണ്ട് പറയാനുള്ളത് മുഴുവൻ പറഞ്ഞു തീർക്കുകയാണ് അവൾ…. അല്ലെങ്കിലും ശാലിനിയോട് സംസാരിക്കാൻ നല്ല രസമാണ്….

ഉച്ചക്ക് നിലത്തു ഇലയിട്ട് എല്ലാവരും ഒന്നിച്ചു കഴിച്ചു…. ശരത്തേട്ടന്റെ സാമീപ്യം എനിക്ക് ഒരു പ്രത്യേക സന്തോഷം നൽകുന്നത് ഞാനറിഞ്ഞു.

ഒരു കുഞ്ഞു മുണ്ടുടുത്തു അമ്പാടിയും എല്ലാവരെയും പോലെ നിലത്തിരുന്നു .

അടുത്തിരിക്കുന്ന ആള് ചെയ്യുന്ന പോലെ ഒക്കെ അവനും ചെയ്യുന്നുണ്ട് .. കുഞ്ഞി കൈ കൊണ്ട് വാരുന്നത് വായിലേക്ക് ഒന്നും എത്തുന്നില്ലെന്നു മാത്രം..

വല്യമ്മയൊക്കെ വൈകുന്നേരമാണ് പോയത്… കാര്യം ഇത്രയും അടുത്താണെങ്കിലും എല്ലാവരും പോയപ്പോൾ ഒരു ശൂന്യത.

ഒന്നു പുറത്തു പോയിട്ട് വരാം എന്ന് പറഞ്ഞു ശരത്തേട്ടനും പോയി.
പിന്നെ അമ്പാടി ഉള്ളത് കൊണ്ട് സമയം പോണതറിയില്ല.

ഏഴര ആയപ്പോളേക്കും അവരും പോകാൻ ഇറങ്ങി… രാത്രിക്ക് പോകണ്ടെന്ന് പറഞ്ഞെങ്കിലും തിരക്ക് ഉള്ളത് കൊണ്ട് പോയി…. അമ്പാടി കൂടി പോയപ്പോൾ വീട് നിശബ്ദമായി….

ഒമ്പതര ആയിട്ടും ശരത്തേട്ടൻ വന്നില്ല…. എന്തോ ഒരു പേടി പോലെ… എങ്ങോട്ടാണെന്നു പറഞ്ഞതുമില്ല… എന്റെ വെപ്രാളം കണ്ടിട്ടാണെന്നു തോന്നുന്നു മാഷ് പറഞ്ഞു

“അവൻ കൂട്ടുകാരെ വല്ലതും കണ്ടു സംസാരിച്ചിരുന്നു കാണും…. അല്ലെങ്കിൽ വായനശാലയിൽ കയറി കാണും….
ഇന്നിങ്ങു വരട്ടെ… അച്ഛൻ പറഞ്ഞു ശരിയാക്കാം….”

“ഫോൺ വിളിച്ചിട്ടു കിട്ടുന്നില്ല… അതാ ”

“അത് രാവിലെ ഫോണിൽ ചാർജ് കുറവാന്നൊക്കെ പറയുന്നുണ്ടായിരുന്നു മോളെ… വന്നിട്ട് ചാർജ് ചെയ്യാൻ മറന്നു പോയിക്കാണും” ടീച്ചറമ്മ പറഞ്ഞപ്പോളാണ് ഒരു ആശ്വാസം ആയത്.

“എന്തായാലും ഇങ്ങു വരട്ടെ… കല്യാണം കഴിഞ്ഞാൽ ഒരു ഉത്തരവാദിത്വമൊക്കെ വേണ്ടേ…” മാഷിന് ദേഷ്യം വരാൻ തുടങ്ങിയിരുന്നു.

അല്പം കഴിഞ്ഞപ്പോളേക്കും ശരത്തേട്ടൻ വന്നു…

മാഷ് പറയുന്നതിന് മുൻപ് ടീച്ചറമ്മ വഴക്ക് പറയാൻ തുടങ്ങി…

“ഇവിടൊരു പെണ്കുട്ടി കാത്തിരിക്കുന്നുണ്ടെന്ന ബോധം വേണം എവിടെ പോയാലും…” പറഞ്ഞു തുടങ്ങിയപ്പോളേക്കും ടീച്ചറമ്മയുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ശരത്തേട്ടൻ എന്തൊക്കെയോ പറഞ്ഞു രക്ഷപെട്ടു….

ശരത്തേട്ടൻ മുറിയിലേക്ക് നടന്നു… കയിൽ എന്തോ വലിയൊരു സാധനം പേപ്പർ കൊണ്ടു പൊതിഞ്ഞു പിടിച്ചിട്ടുണ്ട്.. എന്തോ പെയിന്റിങ് ബോർഡ് പോലെ തോന്നി…..

കണ്ണുകൾ കൊണ്ട് എന്നോട് വരാൻ പറഞ്ഞു…

“എവിടാരുന്നു ശരത്തേട്ടാ… ഒന്നു പറഞ്ഞൂടെ… എത്ര നേരമായി പോയിട്ട്…ഇപ്പോൾ വരാമെന്നു പറഞ്ഞു പോയതല്ലേ?” റൂമിൽ വന്നതും ഞാൻ ചോദിക്കാൻ തുടങ്ങി… കരച്ചിൽ വന്നു തുടങ്ങിയിരുന്നു…

“ആദി…. എന്തിനാ ഇത്ര സങ്കടം…. ഞാൻ വന്നില്ലേ…. ചുണ്ടൊക്കെ വിറക്കുന്നല്ലോ…”

എന്റെ കവിളിൽ തലോടിക്കൊണ്ട് അരുമയായി ചോദിച്ചു..

“പേടിയാ ശരത്തേട്ടാ…. ഇപ്പോൾ ആരെങ്കിലും വരാൻ താമസിച്ചാൽ…. ഇങ്ങനെ ഞാൻ കാത്തിരുന്നതാ അച്ഛനേം അമ്മയേം…. അതുകൊണ്ട് ….ഇപ്പോൾ വരാമെന്നു പറഞ്ഞു പോയതല്ലേ….. ഇത്രേം സമയം ആയപ്പോൾ….”

“എന്റെ ആദികൊച്ചിനെ വിട്ടിട്ട് ഞാൻ എങ്ങും പോവില്ലാട്ടോ…. പേടിക്കണ്ട…” ഒരു കുസൃതിയോടെ മൂക്കിൽ തട്ടിക്കൊണ്ടു പറഞ്ഞു.

“ഇതൊന്ന് മേടിക്കാൻ പോയതാണ്….” എന്നു പറഞ്ഞു കയ്യിലിരുന്ന ആ വലിയ പൊതി എന്റെ നേരെ നീട്ടി…

തുറന്നു നോക്കിയപ്പോൾ എന്റെ കണ്ണു നിറഞ്ഞു. അച്ഛന്റേം അമ്മയുടേം ഒരു ഫോട്ടോ വലുതായി വരപ്പിച്ചു ഫ്രെയിം ചെയ്തത്….
പതിയെ ആ ഫോട്ടോയുടെ വിരലുകളോടിച്ചു…

“ഇന്ന് താൻ വരുമ്പോൾ ഹാളിൽ ഈ ഫോട്ടോ വെക്കണമെന്ന് കരുതിയതാണ്…. അപ്പോൾ അവർ പറ്റിച്ചു…. ഇപ്പോളാണ് കിട്ടിയത്… പിന്നെ വഴിയിൽ ബ്ലോക്കും… ഫോൺ ആണേൽ സ്വിച്ച്ഓഫ്… അതാടോ വിളിക്കാതിരുന്നത്… പിന്നെ ഇപ്പോൾ എത്തുമല്ലോ എന്നു കരുതി. …”

ഞാൻ പതിയെ എഴുന്നേറ്റു… ശരത്തേട്ടനെ കെട്ടിപ്പിടിച്ചു….

“തങ്ക്യു”

“എന്തിന്?”

“ഇത്രേം വലിയ സമ്മാനം… എന്റെ അച്ഛനും അമ്മയും…”

“തന്റേയോ…? ഇനി നമുക്കിടയിൽ എന്റെ നിന്റെ എന്നൊന്നും ഇല്ല… നമ്മുടെ…. അത് മതി..” നെറുകയിൽ ചുംബിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ ഞാൻ കരയുകയായിരുന്നു… സന്തോഷം കൊണ്ട്…..

ടീച്ചറമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചതും ഞാൻ ശരത്തേട്ടനിൽ നിന്നും അകന്നു മാറി. മുഖം തുടച്ചു വേഗം ഡൈനിങ് റൂമിലേക്ക് പോയി.

ഭക്ഷണത്തിന് ശേഷം മുറിയിലേക്ക് പോകാൻ തുടങ്ങിയതും ടീച്ചറമ്മ ഒരു ഗ്ലാസ് പാൽ എടുത്തു തന്നു.

“അവനു പാൽ കുടിക്കുന്ന ശീലമുണ്ട്…”

എന്റെ നോട്ടം കണ്ടിട്ടാണെന്നു തോന്നുന്നു അങ്ങനെ പറഞ്ഞത്…. ആശ്വാസത്തോടെ ഒരു പുഞ്ചിരി സമ്മാനിച്ചു ഞാൻ മുറിയിലേക്ക് പോയി.

റൂമിലെത്തിയപ്പോൾ ശരത്തേട്ടൻ ഫോൺ വിളിക്കുകയാണ്. എന്നെ കണ്ടപ്പോൾ ഫോൺ വെച്ചു.

ഒരിക്കൽ ഒരുങ്ങിയിരുന്ന ആദ്യ രാത്രിയുടെ ഓർമ എന്റെ ഉള്ളു പൊള്ളിച്ചു.

പാൽ എന്റെ കയ്യിൽ നിന്നും വാങ്ങി മേശയിൽ വെച്ചു.
ഒന്ന് കുളിച്ചിട്ട് വരാമെന്നു പറഞ്ഞു ഞാൻ വേഗം ബാത്റൂമിൽ കയറി. കുറെ സമയമെടുത്താണ് കുളിച്ചത്….

പുറത്തേക്കിറങ്ങാൻ തോന്നിയില്ല…. എങ്കിലും പതുക്കെ ഇറങ്ങി… ശരത്തേട്ടൻ കിടന്നിരുന്നു. സമാധാനമായി….

പാൽ കുടിച്ചിട്ടില്ല… അവിടിരിക്കുന്നു….
അപ്പോൾ പാൽ കുടിക്കുന്ന ശീലമുണ്ടെന്നു ടീച്ചറമ്മ പറഞ്ഞതോ….

ലൈറ്റ് ഓഫ് ആക്കിയിട്ട് കട്ടിലിന്റെ ഓരം ചേർന്നു കിടന്നു. ഒരിക്കൽ ഉണ്ടായ അനുഭവം ഓർത്തു… ഷോൾഡറിൽ എരിയുന്ന സിഗരറ്റു കൊണ്ട് പണ്ട് വിവേക് പൊള്ളിച്ച ഭാഗം വീണ്ടും പൊള്ളുന്ന പോലെ….

ഓർക്കാതിരിക്കാൻ ശ്രമിച്ചിട്ടും അന്നത്തെ ആ രാത്രി കൂടുതൽ മിഴിവോടെ മനസിൽ തെളിഞ്ഞു….

“ആദി…”
ശരത്തേട്ടൻ ഉറങ്ങിയില്ലെന്നു അപ്പോളാണ് ഞാൻ അറിഞ്ഞത്…

“ഉം…” വിളി കേൾക്കാതിരിക്കാൻ ആയില്ല.

“എന്ത് പറ്റി….?”

മറുപടി ഒന്നും പറഞ്ഞില്ല….

ശരത്തേട്ടൻ ബെഡ് ലാംബ് തെളിച്ചു… അടുത്തേക്ക് നീങ്ങി വന്ന് എന്നെ നേരെ കിടത്തി.

എന്നോട് ചേർന്നു കിടന്നുകൊണ്ട് ചോദിച്ചു.

“പറ…. അപ്പോൾ പകുതി വേദന പോകും…”

“ഏയ്… ഒന്നൂല്ല…” ദൂരേക്ക് നോട്ടമെറിഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു.

പെട്ടന്ന് എന്റെ നേരെ തിരിഞ്ഞു കൊണ്ട് ഷോള്ഡറിൽ നിന്നും ടോപ്പ് പതിയെ മാറ്റി…

എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാൻ പകച്ചു…. ആ മുഖം എന്റെ കഴുത്തിലേക്ക് താഴ്ന്നു വരുന്നതറിഞ്ഞതും ഞാൻ കണ്ണുകൾ ഇറുകെ പൂട്ടി.

പെട്ടന്നാണ് ശരത്തേട്ടൻ ഷോൾഡറിൽ ചുംബിച്ചത്…. അതേ സ്ഥാനത്ത്… പൊള്ളിയ പാടിൽ…

പതിയെ ഉയർന്ന് എന്റെ ചെവിയിൽ മന്ത്രിച്ചു…

“ഇനി ഈ വേദന ഓർക്കേണ്ട… ഓർക്കണമെന്നു നിർബന്ധമാണെങ്കിൽ ഞാൻ നൽകിയ ഈ ചുംബനം മാത്രം ഓർത്താൽ മതി.

ഇനി ഈ പൊള്ളിയ പാട് എന്റെ സ്നേഹത്തിന്റെ മുദ്ര ആയി മാത്രമേ താൻ ഓർക്കാവൂ…”

കാത്തിരിക്കാം💕

ജീവാംശമായ് : ഭാഗം 1

ജീവാംശമായ് : ഭാഗം 2

ജീവാംശമായ് : ഭാഗം 3

ജീവാംശമായ് : ഭാഗം 4

ജീവാംശമായ് : ഭാഗം 5

ജീവാംശമായ് : ഭാഗം 6

ജീവാംശമായ് : ഭാഗം 7

ജീവാംശമായ് : ഭാഗം 8