Wednesday, April 24, 2024
Novel

അറിയാതെ : ഭാഗം 12

Spread the love

നോവൽ
എഴുത്തുകാരി: അഗ്നി

Thank you for reading this post, don't forget to subscribe!

അവർ അവളെയും കുഞ്ഞുങ്ങളെയും കുറച്ചുനേരം തനിയെ ഇരുത്തുവാനായി പുറത്തേക്ക് ഇറങ്ങാൻ തീരുമാനിച്ചു… അവർ പുറത്തിറങ്ങിയതും ലിഫ്റ്റിൽ നിന്നും ഇറങ്ങിയ ആളുകളെ കണ്ട് അവരുടെ കണ്ണുകൾ തിളങ്ങി…അവർ അവരുടെ അടുക്കലേക്ക് ഓടിച്ചെന്നു… °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° ജാനമ്മയും കൃഷ്ണനങ്കിളും ….അവരുടെ ചുണ്ടുകൾ മൊഴിഞ്ഞു… മിയാ ഓടിച്ചെന്ന് ജാനമ്മയെയും സാം ഓടിച്ചെന്ന് രാധാകൃഷ്ണനെയും കെട്ടിപ്പിടിച്ചു….കാശിയുടെ അച്ഛനും അമ്മയുമായിരുന്നു അവർ… സാമും മിയയും അവരെ കൂട്ടിക്കൊണ്ട് സൈറയുടെ ഫ്‌ളാറ്റിലേക്ക് ചെന്നു കോളിങ് ബെല്ലടിച്ചു…

അകത്ത് കുഞ്ഞുങ്ങളുടെ കൂടിയിരുന്ന സൈറ വേഗം കുഞ്ഞുങ്ങളെ താഴത്തേക്കിരുത്തിയിട്ട് വാതിൽ തുറക്കാനായി ചെന്നു…. ഇതിനിടയിൽ അവർ കാശിയുടെ മാതാപിതാക്കളാണെന്ന് സൈറയോട് പറയരുതെന്നും സാം അവരെ ചട്ടം കെട്ടിയിരുന്നു… സൈറ വാതിൽ തുറന്നപ്പോഴേക്കും ജാനമ്മയെയും കൃഷ്ണങ്കിളേയും മുന്നിൽ കണ്ടോന്നമ്പരന്നു….. “ജാ.. ജാനമ്മ…ഇവിടെ…എങ്ങനെ…” അവൾ ആകെ തപ്പിപ്പിടിച് ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു… “ചെ..നീ എന്നാ പണിയാ സൈറാമ്മേ ഈ കാണിക്കുന്നെ..

ജാനമ്മയെ അകത്തേക്ക് കയറ്റാതെയാണോ സംസാരിക്കുന്നെ…” സാം സൈറയോട് ചോദിച്ചു… “അയ്യോ..സോറി..ഞാൻ മറന്നു..പെട്ടന്ന് നിങ്ങളെ കണ്ട ആ ഒരു സന്തോഷത്തിൽ എല്ലാം മറന്നു…വാ..കയറിയിരിക്കമ്മേ…അങ്കിളേ… വാ…” അവർ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി…സൈറ അവരെ സോഫയിൽ ഇരുത്തി കുടിക്കാനെടുക്കാനായി ചോദിക്കാൻ തുടങ്ങിയതും അമ്മേ എന്നൊരു വിളികേട്ടവൾ തിരിഞ്ഞു നോക്കി…

ആദിയായിരുന്നു…അവരെ രണ്ടുപേരെയും കുറച്ച് കളിപ്പാട്ടങ്ങളുടെ നടുവിൽ ഇരുത്തി അവർക്ക് കൂടെ വരയ്ക്കാനായി ഓരോ പിള്ളേരുടെ അതായത് ചൈൽഡ് സേഫ് മാർക്കുള്ള ഓരോ മാർക്കറുകളും കൊടുത്തിരുന്നു… അവന്റെ വരവ് കണ്ടവൾ ഒരു നിമിഷം അന്തിച്ചു നിന്നു…കഴിഞ്ഞ ദിവസം കാശിയുടെ കൂടെ പോയപ്പോൾ വാങ്ങിയ ഒരു മഞ്ഞ നിറമുള്ള താറാവിനെ പകുതിമുക്കാലും അവൻ കയ്യിൽ ഇരുന്ന നീല നിറം വച്ച് അതിനെയും നീല നിറം ആക്കിയിരുന്നു…

കൂടാതെ മുഖത്തും കഴുത്തിലും ഉടുപ്പിലുമൊക്കെ നീലനിറമായിരുന്നു… അപ്പോഴാണ് അവൾ അടുത്ത ശബ്ദം കേട്ടത്…വീണ്ടും അമ്മേ എന്ന് തന്നെ…അത് ആമിയായിരുന്നു..അവളുടെ കയ്യിലിരുന്ന ആകാശനീലക്കളറിലുള്ള അധികം പൂടയില്ലാത്ത രീതിയിലുള്ളൊരു ടെഡി ബെയർ നല്ല മജന്ത നിറത്തിൽ തെളിഞ്ഞു നിൽപ്പുണ്ടായിരുന്നു… രണ്ടിനെയും കണ്ട അവൾ തലയ്ക്ക് കയ്യും കൊടുത്തിരുന്നു..ബാക്കിയുള്ളവരുടെയും അവസ്ഥ അത് തന്നെയായിരുന്നു..

അവരും കണ്ണ് മിഴിച്ചു കുട്ടികളെ തന്നെയായിരുന്നു നോക്കിക്കൊണ്ടിരുന്നത്… എന്നാൽ സൈറയുടെ അഭിപ്രായം അറിയാനായി കാത്തിരുന്ന ആദിയും ആമിയും ചുറ്റുമുള്ള ആരെയും കണ്ടിരുന്നില്ല… സൈറ വേഗം തന്നെ തിരികെ വരാം എന്ന് ജാനമ്മയോട് പറഞ്ഞശേഷം കുഞ്ഞുങ്ങളെ വാരിയെടുത്ത് ചുംബിച്ചുംകൊണ്ട് അവളുടെ മുറിയിൽ കയറി വാതിൽ അടച്ചു…ആ മുറിയുടെ കോലം കണ്ടവൾ അതിലും ഞെട്ടിയിരുന്നു..

തങ്ങളുടെ കൈയ്യെത്തുന്നിടത്തെല്ലാം മുഴുവനും നീലമയവും മജന്ത മയവും ആയിരുന്നു.. അവൾ പതിയെ തലയ്ക്ക് കയ്യും കൊടുത്ത് ദേഷ്യഭാവം മുഖത്തു വരുത്തി കുഞ്ഞാദിയേയും കുഞ്ഞാമിയെയും ഒന്ന് നോക്കി…. സൈറയുടെ മുഖം കണ്ട ആദിക്കും ആമിക്കും തങ്ങൾ ചെയ്തതിൽ എന്തൊക്കെയോ തെറ്റുണ്ടെന്ന് മനസ്സിലായതിനാലാവണം ഇത്രയും നേരം പ്രകാശിച്ചുകൊണ്ടിരുന്ന അവരുടെ മുഖം മങ്ങി… അത് കണ്ട സൈറയ്ക്ക് ചിരി വന്നു…അവൾ പതിയെ മുഖത്തെ ദേഷ്യഭാവം മാറ്റി ഒന്ന് ചിരിച്ചു…

ആ ചിരി കണ്ടപ്പോൾ തന്നെ ആദിക്കും ആമിക്കും സന്തോഷമായി…അവൾ അവരെ ഒന്നുകൂടെ മടിയിലേക്ക് ചേർത്തിരുത്തി എന്നിട്ട് അവരോടായി കൊഞ്ചിക്കോഞ്ഞി ചിരിച്ചുകൊണ്ട് ചോദിച്ചു… “ആദികുട്ടാ…ആമിമോളേ.. നിങ്ങൾക്ക് അമ്മയെ ഇഷ്ട്ടാണോ…” അവർ രണ്ടുപേരും അതിന് മറുപടിയായി അവളുടെ കവിളിലും നെറ്റിയിലും ഉമ്മകൾ നൽകി.. “എന്റമ്മോ..സമ്മതിച്ചു..അമ്മേടെ ചക്കരകൾക്ക് അമ്മയെ ഇഷ്ടമാണല്ലേ…” “അപ്പേം ഇത്താ….”

ആദി കൊഞ്ചിക്കൊണ്ട് തനിക്ക് കാശിയെയും ഇഷ്ടമാണെന്ന് പറഞ്ഞു… ആമിയാണെങ്കിൽ ആദിയെ കെട്ടിപ്പിടിച്ചു ചിരിച്ചുകൊണ്ട് അവളുടെയും ഇഷ്ട്ടം അറിയിച്ചു.. സൈറ തുടർന്നു… “അപ്പയെം അമ്മയേം ഇഷ്ടമാണെങ്കിൽ ഇനി മുതൽ ഇങ്ങനെ വരയ്ക്കരുത്…കേട്ടോ..” അത് കേട്ടതും അവരുടെ മുഖം മങ്ങി..എന്നാലും അവൾ തുടർന്നു.. “അച്ഛേ…കരയാൻ പോവാണോ അമ്മയുടെ ആമിമോളും ആദിക്കുട്ടനും…’അമ്മ ബാക്കി പറയട്ടെ…

‘അമ്മ വേറൊരു സാധനം തരാം…അതിൽ വരച്ചോ…” അത് കേട്ടപ്പോൾ വീണ്ടും അവരുടെ മുഖം തെളിഞ്ഞു…. സൈറ വേഗം തന്നെ രണ്ട് ക്രാഫ്റ്റ് ബുക് എടുത്തുകൊണ്ട് വന്നു…അവൾ അവളുടെ ആവശ്യത്തിനായി വാങ്ങിയതായിരുന്നു അത്..എന്നാലും കുഞ്ഞുങ്ങളുടെ സന്തോഷത്തിനായി അത് അവൾ അവർക്ക് കാണിച്ചുകൊടുത്തു…അതിന് ശേഷം അവരെ കുളിപ്പിക്കാനായി കൊണ്ടുപോയി… ************************************************************************************** അതേ സമയം സന്തോഷം കൊണ്ട് തന്റെ കണ്ണുകൾ തുടയ്ക്കുകയായിരുന്നു ജാനമ്മ… “കൃഷ്ണേട്ടാ..

ഒരിക്കൽ ഞാൻ ഏറ്റവും അധികം ആഗ്രഹിച്ചിരുന്നൊരു കാര്യമായിരുന്നു സൈറ മോളെ നമ്മുടെ മരുമകളായി, ന്റെ കിച്ചുവിന്റെ പാതിയായി, മഹിമോളുടെ (കാശിരുദ്ര എന്ന മകൻ കൂടാതെ അവർക്ക് മഹേശ്വരി എന്നൊരു മകൾ കൂടെയുണ്ട്…) ഏടത്തിയമ്മയായി കൊണ്ടുവരണമെന്ന്.. ജാതിയും മതവുമൊന്നും എനിക്കൊരു പ്രശ്നമേയായിരുന്നില്ല..മീനുവിനും സമ്മതക്കുറവൊന്നുമുണ്ടാകില്ല എന്നെനിക്കുറപ്പായിരുന്നു…

എന്നാൽ പാത്തുവിനെ അവന് ഇഷ്ടമാണെന്ന് പറഞ്ഞ സ്ഥിതിക്ക് അവന്റെ ആഗ്രഹത്തെ മുൻ നിറുത്തിയാണ് നമ്മൾ അവന്റെ വിവാഹം നടത്തിക്കൊടുത്തത്…പാത്തുമോളും നല്ലൊരു കുട്ടിയായിരുന്നു..എന്നാലും ന്റെ കിച്ചുവിന്റെ സന്തോഷം അവള് പോയതോടെ പോയില്ലേ ഏട്ടാ… അവരുടെ തൊണ്ടയിടറി..എന്നിട്ടും അവർ തുടർന്നു… പക്ഷെ സൈറമോൾക്കും ഈ കുഞ്ഞുങ്ങൾക്കും കൂടെ അവനെ മാറ്റിയെടുക്കാൻ കഴിഞ്ഞേക്കും എന്നെന്റെ മനസ്സ് പറയുന്നു ഏട്ടാ…സൈറമോൾക്കും സമ്മതമാണേൽ നമുക്ക് …”

“അതിന് മുന്നേ നിനക്ക് വേറെ ചില കാര്യങ്ങൾ കൂടെ അന്വേഷിക്കാനില്ലേ…” കൃഷ്ണൻ ജാനകിയോട് ചോദിച്ചു… “അതിനൊക്കെയുള്ള വഴികൾ ഞങ്ങൾ കണ്ടുപിടിച്ച് വച്ചിട്ടുണ്ട്..അല്ലെ ജാനമ്മെ……..” സാമാണ് അത് പറഞ്ഞത്… ഇത് കേട്ടുകൊണ്ടാണ് ഒരു ട്രേയിൽ മുന്തിരി തിളപ്പിച്ച് അതിൽ നിന്നുമെടുത്ത ജ്യൂസുമായി മിയാ വന്നത്.. “എന്നാ കണ്ടുപിടിച്ച കാര്യവാ ഇഛായാ നിങ്ങൾ ഈ പറയുന്നേ….” അവൾ ചോദിച്ചു..

സാം അവളെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു… “അതൊന്നും കുട്ടികളോട് ഞാൻ പറയില്ല…” അവൻ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു… അവൾ കേറുവിച്ച് ജാനമ്മയുടെ മടിയിൽ തലവച്ചു സോഫയിലേക്ക് കയറിക്കിടന്നു.. ************************************************************************************** ഇതേസമയം കുളിമുറിയിൽ കുഞ്ഞുങ്ങളുമായുള്ള മൽപ്പിടിത്തത്തിൽ ആയിരുന്നു സൈറ… അവരുടെ മുഖവും ശരീരവും നിറയെ കളർ മാർക്കർ വച്ച് വരച്ച പാടുകളായിരുന്നു…ആദിയെ പിടിച്ചുനിര്ത്തി സോപ്പ് തേപ്പിക്കുമ്പോഴേക്കും ആമി അപ്പുറത്തേക്ക് ഓടും..

അതുപോലെ ആമിയെ സോപ്പ് തേപ്പിക്കുമ്പോഴേക്കും ആദിയും… അവരെ ഒന്നിച്ചു നിറുത്തി ആദ്യമായാണ് അവൾ തനിയെ കുളിപ്പിക്കുന്നത്…അല്ലെങ്കിൽ ആരെങ്കിലും മിയയോ സാമോ രാധമ്മയോ ആരെങ്കിലും അവളുടെ കൂടെ ഉണ്ടാകുമായിരുന്നു.. അവസാനം എങ്ങനെയൊക്കെയോ ഒരു അങ്കം കഴിഞ്ഞ നിർവൃതിയിൽ അവൾ അവരെ പുറത്തിറക്കി..

അപ്പോഴേക്കും ശരീരത്തിലുണ്ടായിരുന്ന നിറമൊക്കെയും ഒരുമാതിരി മാഞ്ഞു പോയിരുന്നു.. അവൾ വേഗം തന്നെ അവരെ വസ്ത്രം ഇടുവിച്ചു… എന്നിട്ട് മിയയെ വിളിച് കുഞ്ഞിനെ അവളെ ഏൽപ്പിച്ചു…എന്നിട്ടവൾ കുളിക്കാൻ കയറി കാരണം കുഞ്ഞുങ്ങളെ കുളിപ്പിച്ച് അവൾ മുഴുവനും നനഞ്ഞിരുന്നു… ************************************************************************************** മിയാ കുഞ്ഞുങ്ങളുമായി നേരെ മുന്പിലത്തെ മുറിയിലേക്ക് ചെന്നു..അവരെ തറയിൽ.ഇരുത്തി….

ജാനകി തന്റെ മകളെ കൺനിറയെ കണ്ടു..കൂടെയുള്ള.ആദിയെ കണ്ടപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു…ജനാകിയുടെയും സാമിന്റെയും കണ്ണുകൾ കോർത്തു…കൃഷ്ണന്റെ വലത്തുകയ്ക്കുള്ളിൽ ജാനകി അവരുടെ ഇടതുകൈ പൊതിഞ്ഞു പിടിച്ചിരുന്നു.. “അച്ചി….”..ആ വിളിയാണ് അവരെ ഉണർത്തിയത്… അവർ നോക്കിയപ്പോൾ ആമിമോൾ അച്ചി എന്ന് വിളിച്ചുകൊണ്ട് തന്റെ കുഞ്ഞിക്കാലുകൾ കൊണ്ട് ഏന്തി വലിഞ്ഞ് വരുന്നതാണ് കണ്ടത്… “അച്ചീടെ മുത്ത് വാടാ…”

ആമി വീട്ടിൽ ആയിരുന്നപ്പോഴും അച്ചാമ്മ എന്നുള്ളതിന് അച്ചി എന്നായിരുന്നു വിളിച്ചുകൊണ്ടിരുന്നെ… ആമി ഓടിക്കയറി ജനാകിയുടെ മടിയിൽ കയറി ഇരുന്നു…പെട്ടന്നാണ് അവൾ ആദിയെ ശ്രദ്ധിച്ചത്..അവൻ ഇവരെ മാറി മാറി നോക്കുന്നുണ്ടായിരുന്നു… ആമി വേഗം ജാനകിയുടെ മടിയിൽ നിന്ന് ഊർന്നിറങ്ങി..എന്നിട്ട് ആദിയുടെ കൈയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് ജാനകിയുടെ അടുക്കൽ ചെന്നു… “അച്ചി…ആദി….”

എന്ന് പറഞ്ഞുകൊണ്ട് അവരുടെ മടിയിൽ തൊട്ടു കാണിച്ചു… തന്റെ മടിയിലേക്ക് ആദിയെ ഇരുത്തുവാനാണ് അവൾ പറയുന്നതെന്ന് ജാനകിയ്ക്ക് മനസ്സിലായി..ജാനകി വേഗം തന്നെ രണ്ട് കുഞ്ഞുങ്ങളെയും ഒരുമിച്ചെടുത്ത് തന്റെ മടിയിൽ ഇരുത്തി…അവരുടെ കവിളുകളിൽ ഓരോ മുത്തങ്ങൾ വീതം നൽകി… ആമി ജാനകിയ്ക്ക് ഒരു മുത്തം തിരികെ കൊടുക്കുന്നത് കണ്ട ആദിയും അവൾക്കൊരു മുത്തം തിരികെ നൽകി….

ഒരു ഫോൺ ചെയ്തതിന്ശേഷം തിരികേവന്ന രാധാകൃഷ്ണൻ കാണുന്നത് കൊച്ചുമക്കളുമായി വർത്തമാനം പറയുന്ന ജാനകിയെ ആണ്.. അയാളെ കണ്ട ആമി വേഗം തന്നെ “അത്താ”..എന്ന് വിളിച്ചുകൊണ്ട് അയാളുടെ അടുക്കലേക്കോടി… അയാൾ മുട്ടുകുത്തിയിരുന്ന് കൈകൾ വിരിച്ച് അവളെ ക്ഷണിച്ചു…..

അവൾ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ നെഞ്ചോട് ചേർന്നു.. പേട്ടന്നെന്തോ ഓർത്തപോലെ അവൾ വേഗം തന്നെ ആദിയെ ജാനകിയുടെ മടിയിൽ നിന്നും വലിച്ചുകൊണ്ടുവന്ന് കൃഷ്ണന്റെ മുന്നിൽ നിറുത്തി…അയാൾ അവരെ രണ്ടുപേരെയും ചേർത്തുപിടിച്ചു ചുംബനങ്ങൾ കൊണ്ട് മൂടി… ആമിമോള് എല്ലാവരുമായി ഇണങ്ങിത്തുടങ്ങിയെന്നത് അവർക്ക് ആശ്വാസമായിരുന്നു…ഒരു പുഞ്ചിരി അവിടെ നിന്ന എല്ലാവരുടെയും ചുണ്ടുകളിൽ തത്തിക്കളിച്ചു…

സൈറ കുളി കഴിഞ്ഞു വന്നപ്പോഴേക്കും ജാനകിയുടെയും കൃഷ്ണന്റെയും മടിയിലിരുന്ന് കിന്നാരം പറയുന്ന കുഞ്ഞുങ്ങളെയാണ് കണ്ടത്… അവൾ വേഗം അവരുടെ അടുക്കൽ ചെന്നു….ജാനകിയുടെ തോളിൽ മുഖം.ചേർത്തിരുന്നു…ജാനകി പതിയെ അവളുടെ തലയിൽ തലോടി… സൈറയെ കണ്ട കുഞ്ഞുങ്ങൾ അവളുടെ മേലേക്ക് ചാഞ്ഞു…എന്നാൽ കൃഷ്ണൻ അവരെ പോകാൻ അനുവദിച്ചില്ല…കുഞ്ഞുങ്ങളുടെ മുഖം മങ്ങിയെങ്കിലും സൈറ ഒന്ന് കണ്ണ് ചിമ്മിയപ്പോൾ അവർ കൃഷ്ണനോട് ചേർന്നിരുന്നു….

സൈറ കുറച്ചു നേരം അനങ്ങാതെ തന്നെ ജാനകിയുടെ തോളിൽ ചാഞ്ഞിരുന്നു… കൃഷ്ണൻ അവിടെ കുഞ്ഞുങ്ങളെ കളിപ്പിച്ചും കൊണ്ടും…… സൈറ കുറച്ചധികം നേരം തന്നെ അങ്ങനെ ഇരുന്നു….കുറച്ച് കഴിഞ്ഞപ്പോൾ ആദി കൃഷ്ണന്റെ അടുക്കൽ നിന്നും സൈറയുടെ അടുക്കൽ വന്നിട്ട് അവളുടെ നെഞ്ചിലേക്ക് ചാരി…പിറകെ ആമിയും വന്ന് അവളുടെ നെഞ്ചിലേക്ക് ചാരി.. ഇരുവരുടെയും ആവശ്യം മനസ്സിലായവണ്ണം അവൾ അവരെ ചേർത്ത് പിടിച്ചു…ജാനകി അവരേത്തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു…

“ജാനമ്മെ…കൃഷ്‌ണങ്കിളെ..നിങ്ങൾ പോയി കുറച്ചു നേരം വിശ്രമിക്കുട്ടോ.. ഇനി ഉച്ചയാകുമ്പം എഴുന്നേറ്റാൽ മതി…ഇവർക്ക് പാല് കൊടുക്കാനുള്ള സമയമായി…” അത് കേട്ടതും ജാനകിയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു… “മോളെ..സൈറ…അന്ന് ഞാൻ നിനക്കായി ചെയ്ത് തന്നത് ഒരു പുണ്യകർമ്മമായിരുന്നല്ലേ….നീ ഈ കുഞ്ഞുങ്ങളുടെ പുണ്യമാണ്…നിന്നെപ്പോലെ നീ മാത്രമേ ഉണ്ടാകുകയുള്ളൂ….” ജാനകി അവളുടെ നെറുകയിൽ ചുണ്ടുകൾ ചേർത്തുകൊണ്ട് പറഞ്ഞു.. “ജാനമ്മെ…കരയരുത്…

ഞാനാണ് ശെരിക്കും നന്ദി പറയേണ്ടത്….അന്ന് ഞാൻ വന്നപ്പോൾ എന്നെ ‘അമ്മ സഹായിച്ചതുകൊണ്ടല്ലേ ഇന്നെനിക്ക് ഇവരുടെ വിശപ്പകറ്റാൻ പറ്റിയത്…എന്റെ വയറ്റിൽ പിറന്നവരല്ല ഇവർ രണ്ടും…എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഇവർ എന്റെ മക്കൾ തന്നെയാണ്…അത് ആര് നിഷേധിച്ചാലും ഇല്ലെങ്കിലും….രണ്ടുപേരും മുലപ്പാൽ മാധുര്യം അറിഞ്ഞത് എന്നിലൂടെയാണ്…..

ആമിമോളെ എന്തോ ചില കാരണങ്ങൾ മൂലം പാത്തുവിന് മുലയൂട്ടാൻ കഴിഞ്ഞിരുന്നില്ല എന്ന് സാം എന്നോട് നേരത്തെ എപ്പോഴോ പറഞ്ഞിരുന്നു… അതുകൊണ്ട് തന്നെ എന്റെ മാറിലെ ചൂടേറ്റ് വളർന്ന …എന്നെ ആദ്യം അമ്മാ എന്ന് വിളിച്ച്‌..എന്നിൽ മാതൃത്വത്തിന്റെ അനുഭൂതി നിറച്ചുതന്ന എന്റെ സ്വന്തം ആണിവർ…”… അത് കേട്ടതും ജാനകിയുടേത് പോലെ തന്നെ രാധാകൃഷ്ണനെയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു…..

അവൾ അവരെ മുറി കാണിച്ചുകൊടുത്തതിന് ശേഷം മക്കളുമായി തന്റെ മുറിയിലേക്ക് പോയി…പോകുന്നതിന് മുന്നമേ കുഞ്ഞുങ്ങളെക്കൊണ്ട് ജാനകിയുടെയും രാധാകൃഷ്ണനെയും കവിളുകളിൽ ഉമ്മയും കൊടുപ്പിച്ചു… ************************************************************************************** അവൾ മുറിയിലേക്ക് ചെന്ന് ശേഷം താൻ ധരിച്ചിരുന്ന ഷർട്ടിന്റെ ബട്ടണുകൾ പതിയെ അഴിച് രണ്ടുകുഞ്ഞുങ്ങളെയും ഒന്നിച്ചു മുലയൂട്ടി…. ആദിയും ആമിയും പാല് കുടിക്കുന്നതിനിടയിലും തമ്മിൽ തമ്മിൽ നോക്കി ചിരിച്ചുകൊണ്ടിരുന്നു…സൈറ പതിയെ ഇരുവരുടെയും തോളിൽ തട്ടിക്കൊണ്ടുമിരുന്നു…. കുറച്ച് സമയത്തിന് ശേഷം പാല് കുടിക്കുന്നതിന്റെ ശക്തി കുറഞ്ഞത് മനസ്സിലാക്കിയ സൈറ നോക്കിയപ്പോൾ പതിയെ ഉറക്കത്തിലേക്ക് വീണുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളെയാണ് കണ്ടത്…

അവൾ ഒരു പുഞ്ചിരിയോടെ ആദിയെയും ആമിയെയും ചേർത്ത് പിടിച്ചു ഒരു വശത്തേക്ക് ചരിഞ്ഞു… എന്നിട്ട് ആദിയെ ആദ്യം അടർത്തിമാറ്റി..അത് കഴിഞ്ഞ്‌ ആമിയെയും…തങ്ങളുടെ ചുണ്ടുകൾ അമ്മയുടെ അമ്മിഞ്ഞയിൽ നിന്നും വേര്പെട്ടപ്പോൾ കുഞ്ഞാമിയും കുഞ്ഞാദിയും ഒന്ന് ചിണുങ്ങി…

സൈറ വേഗം തന്നെ നേരത്തെ തയാറാക്കിവച്ചിരുന്ന നിഡോ കലക്കിയ പാൽക്കുപ്പികൾ ഇരുവരുടെയും ചുണ്ടിലേക്ക് വച്ചുകൊടുത്തു… ഇത്രയും നേരം കുടിച്ചുകൊണ്ടിരുന്ന പാലിൽ നിന്നും വത്യസ്തമാണെങ്കിൽ പോലും അവരുടെ കൈയുകൾ അറിയാതെ തന്നെ ആ കുപ്പിയെ ചുറ്റിവരിഞ്ഞു….അവൾ പതിയെ അവരുടെ അടുക്കൽ കിടന്ന് അവരെ കൊട്ടിയുറക്കി… ************************************************************************************** ഇതേസമയം വസ്ത്രം മാറിയശേഷം കിടക്കുകയായിരുന്നു ജാനകിയും രാധാകൃഷ്ണനും….

ജാനകി കൃഷ്ണന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്ന് തന്റെ കണ്ണുനീരിനാൽ അദ്ദേഹത്തിന്റെ നെഞ്ചകം നനച്ചുകൊണ്ടിരുന്നു… അവരുടെ ഉള്ളിൽ എരിയുന്ന കനലിനെ ശമിപ്പിക്കാനായി ഈ കണ്ണുനീരിന് സാധിച്ചേക്കും എന്നതിനാൽ അദ്ദേഹം ആ കണ്ണുനീരിനെ സ്വീകരിച്ചുകൊണ്ടേയിരുന്നു… “കൃഷ്ണേട്ടാ…സൈറമോള് ആദിമോനേം ആമിമോളേം നോക്കുന്നത് കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറയുകയാ….

കിച്ചുമോനെക്കൊണ്ട് എങ്ങനെയെങ്കിലും സമ്മതിപ്പിക്കണം…ചിലപ്പോ എന്റെ മനസ്സിലെ സ്വാർത്ഥതയാകാം…ചിലപ്പോൾ ഈ സ്വാർത്ഥത തന്നെ മറ്റൊരു സന്തോഷത്തിനും വഴിവയ്ക്കില്ല എന്നാര് കണ്ടു..അല്ലെ കൃഷ്ണേട്ടാ…” “മോളെ ജാനു…നീ ഇങ്ങനെ ഓരോ കാര്യങ്ങൾ ആഗ്രഹിച്ചു ചിന്തിച്ചു കൂട്ടല്ലേ…അവസാനം പണ്ട് കഥയിൽ കേട്ട പാൽക്കാരന്റെ സ്വപ്നം പോലെ ആകരുത്…അതുകൊണ്ട് ചിന്തിക്കും മുന്നേ അവരുടെ മനസ്സിലുള്ളത് എന്തെന്ന് അറിയണം…കേട്ടൊഡോ…”

“ഹം.. ഏട്ടൻ പറയുന്നതിലും കാര്യമുണ്ട്…എന്തായാലും ഞാൻ ഇന്ന് തന്നെ മക്കളോട് ചോദിക്കാം…പിന്നീടൊരിക്കൽ പശ്ചാത്തപിക്കാൻ ഇടവരരുതല്ലോ..”… ജാനകി പതിയെ രാധാകൃഷ്ണന്റെ നെഞ്ചിലെ ചൂടേറ്റ് ഉറങ്ങിപ്പോയി…അവളെ ചേർത്ത് പിടിച്ചു അയാളും….” ************************************************************************************** ആമിയുടെ അനക്കം തട്ടിയാണ് സൈറ ഉണർന്നത്…അപ്പോഴാണ് താനും കുഞ്ഞുങ്ങളുടെ കൂടെ ഉറങ്ങിപ്പോയെന്ന സത്യം അവൾ മനസ്സിലാക്കിയത്…

അവൾ പെട്ടന്ന് തന്നെ സമയം നോക്കി…മണി പന്ത്രണ്ടര കഴിഞ്ഞു എന്നറിഞ്ഞതും അവളുടെ നെഞ്ചിലൂടെ ഒരാന്തൽ കടന്നുപോയി…കാരണം ഉച്ചത്തേക്ക് ഒന്നും ഉണ്ടാക്കിയിട്ടില്ല… സഹായത്തിന് രാധ ദീദിയും ഇല്ല…കൂടെ ജാനമ്മയും അങ്കിളും ഉണ്ട്…സാമും മിയയും ഉച്ച കഴിഞ്ഞു ഡ്യൂട്ടി ഉള്ളതുകൊണ്ട് രാവിലെ തന്നെ കറങ്ങാനും പോയി… അവൾ വേഗം എഴുന്നേറ്റു…

ആമി ഒന്ന് അനങ്ങുന്നത് കണ്ടപ്പോൾത്തന്നെ അവൾ ഒരു അമ്മയുടെ കരുതലോടെ കുഞ്ഞിനെ തട്ടിയുറക്കിയതിന് ശേഷം മുടി വാരിക്കെട്ടി തന്റെ ഷർട്ടിന്റെ ബട്ടണുകൾ മര്യാദയ്ക്കാക്കിയ ശേഷം അടുക്കളയിലേക്ക് ചെന്നു… എന്ത് ചെയ്യണം എന്ന് ഒരു വഴിയും അവൾക്ക് കിട്ടിയില്ല…അവസാനം കുറച്ച് അരിയെടുത്തവൾ കുക്കറിൽ വച്ചു…പടവലങ്ങ ഇരുന്നത് അരിഞ്ഞു തേങ്ങാ ചിരവി തോരൻ ഉണ്ടാക്കി പിന്നെ മുട്ട വേഗം തന്നെ പൊരിച്ചു കൂടെ കുറച്ച് മസാല പുരട്ടിയ ചിക്കൻ ഇരുന്നത് എടുത്ത് വറുത്തും വച്ചു…

ഇതിന്റെ കൂടെ അൽപ്പം മൊരെടുത്ത് കാച്ചാനും അവൾ മറന്നില്ല…കാരണം ജാനമ്മയുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് മോര് കാച്ചിയതെന്ന് അവൾക്കറിയാമായിരുന്നു .. അങ്ങനെ ഇതെല്ലാം ഒന്നര മണിക്കൂറ് കൊണ്ട് തീർത്തതും അകമേ നിന്ന് ആദിയും ആമിയും ഉറക്കം വിട്ടുണർന്ന് കരഞ്ഞതും ഒപ്പമായിരുന്നു… ജാനകിയും രാധാകൃഷ്ണനും ഉണർന്നിരുന്നെങ്കിലും യാത്രയുടെ ക്ഷീണമാകാം അവരെ വീണ്ടും കിടക്കാൻ പ്രേരിപ്പിച്ചു…. കുറച്ചു നേരം കൂടെ കിടന്ന് അവർ തമ്മിൽ വർത്തമാനം പറയുമ്പോഴാണ് കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടത്…

ഉടനെതന്നെ ജാനകി ചാടിയെഴുന്നേറ്റ് കുഞ്ഞുങ്ങളുടെ അടുക്കലേക്ക് പോകുവാനായി മുറിവിട്ടിറങ്ങി… മുറിയുടെ പുറത്തെത്തിയതും കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് ആധിയോടെ അവർക്കരികിലേക്ക് ഓടിയടുക്കുന്ന സൈറയെയാണ് ജാനകി കണ്ടത്… അവർ വാത്സല്യത്തോടെ അവളെ നോക്കിനിന്നു…എന്നാൽ അവൾ ആരെയും ശ്രദ്ധിക്കാതെ കുഞ്ഞുങ്ങളുടെ അടുക്കലേക്ക് ഓടിപ്പോയി…ജാനകി അവളുടെ പിന്നാലെയും… ജാനകി ചെന്നപ്പോൾ കണ്ട കാഴ്ച കട്ടിലിൽ കിടക്കുന്ന സൈറയും അവൾക്ക് മുകളിലായി ഇരുന്ന് കളിക്കുന്ന ആദിയെയും ആമിയേയുമാണ്…

ഇടയ്ക്കിടെ അവരുടെ സംസാരത്തിൽ അമ്മാ എന്ന് വരുമ്പോഴേല്ലാം സൈറയും അവരോട് സംസാരിച്ചുകൊണ്ടിരുന്നു…. ഇത്കൂടെ കണ്ടപ്പോൾ തന്നെ ഇനിയെന്ത് സംഭവിച്ചാലും സൈറയെ ആർക്കും വിട്ടുകൊടുക്കില്ല… അവളെ തന്റെ മരുമകളായി എങ്ങനെയെങ്കിലും വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ജാനകി ഹൃദയത്തിൽ ചിന്തിച്ചു…അതിനായി വൈകുന്നേരം സൈറയോട് സംസാരിക്കാനായി ജാനകി തീരുമാനിച്ചു…

എന്ന് നിങ്ങളുടെ സ്വന്തം,
അഗ്നി🔥

അറിയാതെ : ഭാഗം 13