Wednesday, January 22, 2025
Novel

ഹൃദയസഖി : ഭാഗം 8

എഴുത്തുകാരി: ടീന കൊട്ടാരക്കര


“അതെന്താ ഏട്ടാ അങ്ങനെ പറഞ്ഞത് ” പാർവതി ചോദിച്ചു.

മറ്റുള്ളവരുടെ മുഖത്തും ചോദ്യഭാവം വ്യക്തമായിരുന്നു . രവീന്ദ്രൻ സതീശനെ നോക്കി. അവർ തമ്മിൽ മൗനമായൊരു സംഭാഷണം നടന്നു.

“നിനക്ക് ഇഷ്ടമല്ലേ മീനാക്ഷിയെ ഹരിയ്ക്കു കൊടുക്കുന്നതിൽ ” നാരായണിയമ്മ അയാളെ നോക്കി ചോദിച്ചു.

” കല്യാണം നടത്താൻ ബുദ്ധിമുട്ട് ഉണ്ടെന്നു പറഞ്ഞതിന് പിന്നിൽ രണ്ടു കാരണങ്ങൾ ഉണ്ട്.. ഭക്ഷണത്തിനു മുന്നിലിരുന്ന് സംസാരിക്കേണ്ടുന്ന കാര്യം അല്ല അത്..നമുക്ക് പിന്നീട് സംസാരിക്കാം. ” രവീന്ദ്രൻ പറഞ്ഞു.

അയാളുടെ ആവശ്യത്തെ മാനിച്ചു തുടർന്നു ആരുമൊന്നും പറഞ്ഞില്ല. എങ്കിലും മീനാക്ഷിയുടെ മുഖത്തു പരിഭ്രാന്തി നിറഞ്ഞിരുന്നു.

അച്ഛൻ എന്ത്കൊണ്ടാകും അങ്ങനെ പറഞ്ഞതെന്ന് അവൾ തലപുകഞ്ഞു ആലോചിച്ചു. അതെ ചിന്ത ഹരിയുടെയും കൃഷ്ണയുടെയും മനസിലൂടെയും പാഞ്ഞു പോയി.

എല്ലാവരും ഊണ് കഴിച്ചതിനു ശേഷം പാത്രങ്ങളെല്ലാം കഴുകി വെച്ചു തന്റെ മുറിയിലേക്ക് നടക്കവെയാണ് മുൻവശത്തെ മുറിയിൽ നടക്കുന്ന ചർച്ചകൾ അവൾ ശ്രെദ്ധിച്ചതു.

സാധാരണ അങ്ങോട്ടേക്ക് ചെവി കൊടുക്കാറില്ലെങ്കിലും രവീന്ദ്രൻ നേരത്തെ എതിർപ്പ് പറഞ്ഞതിന്റെ കാരണം അറിയാൻ അവൾക്കു വെമ്പൽ ഉണ്ടായി.

അവൾ അങ്ങോട്ടേക്ക് ചെന്നതും നാരായണിയമ്മയുടെ ശബ്ദം ഉയർന്നു കേട്ടു.

“നീയിതെന്താ രവീന്ദ്രാ പറയുന്നേ, മീനാക്ഷിയെ മറ്റൊരാൾക്ക് വേണ്ടി കല്യാണം ആലോചിച്ചു വെച്ചിരിക്കുകയാണെന്നോ ”

“അതെ അമ്മേ.. അമ്മയ്ക്ക് അറിയാം ആളെ, ഒന്നു രണ്ടു തവണ ഇവിടെ വന്നിട്ടുണ്ട്.. യദുവിന്റെ കൂട്ടുകാരൻ.. ശ്രാവൺ ”

ശ്രാവണോ.. അയാൾക്കുവേണ്ടി തന്നെ ആലോചിച്ചെന്നോ… മീനാക്ഷി ഞെട്ടലോടെ കേട്ടുനിന്നു. അതെ ഞെട്ടൽ കൃഷ്ണയുടെയും ഹരിയുടെയും ഉള്ളിലും ഉണ്ടായി.

“ഞങ്ങൾ ആരും അറിയാതെ നീ ഒറ്റയ്ക്ക് നിന്റെ മോളുടെ കല്യാണം ഉറപ്പിച്ചെന്നോ ” നാരായണിയമ്മയുടെ മുഖം വലിഞ്ഞു മുറുകി.

“കല്യാണം ആലോചിച്ചു എന്നുള്ളത് ശെരിയാ എന്നുവെച്ചു ഉറപ്പിച്ചിട്ടൊന്നുമില്ല,” സതീശനാണ് പറഞ്ഞത്.

“അതുശെരി അപ്പോൾ നീയും അറിഞ്ഞുവെച്ചുകൊണ്ട് ആണല്ലേ ” അവർ സതീശനോടും കയർത്തു.

“ഞാൻ അറിയാതെ.. ഇവിടെ മറ്റാരും അറിയാതെ ഒരു കല്യാണം നടത്താമെന്നു വരെ ആയോ കാര്യങ്ങൾ “? അവർ ദേഷ്യം മാറാതെ ചോദിച്ചു

“അമ്മേ ഞാൻ പറയാം എന്താ യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് ” രവീന്ദ്രൻ ഇടപെട്ടു. മറ്റുള്ളവരെല്ലാം അയാളുടെ നേർക്ക് ദൃഷ്ടി പായിച്ചു.

“ശ്രാവൺ ആരാണെന്നു അമ്മയ്ക്ക് അറിയോ.. നമ്മുടെ ശേഖരൻ അമ്മാവന്റെ ഭാര്യയുടെ ബന്ധത്തിൽ ഉള്ളതാ.

മാത്രവുമല്ല ശ്രാവണിന്റെ അച്ഛൻ സദാനന്ദനും ഞാനും ഒരുമിച്ചു കുറേക്കാലം ജോലി ചെയ്തിട്ടുണ്ട് വയനാട്ടിൽ. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദം ആയിരുന്നു. പക്ഷെ എനിക്ക് ട്രാൻസ്ഫർ ആയി ഇങ്ങോട്ടേക്കു എത്തിയതിൽ പിന്നെ കണ്ടിട്ടില്ല.

ശ്രാവൺ ഇവിടെ വരുമ്പോഴും എനിക്ക് അറിയില്ലായിരുന്നു സദാനന്ദന്റെ മകൻ ആണെന്ന്. യാദൃച്ഛികമായാണ് ഞാൻ അറിഞ്ഞത്.

അങ്ങനെ വീണ്ടും കാണുകയും പരിചയം പുതുക്കയും ചെയ്യുന്നതിനിടയിൽ ഇങ്ങനെയൊരു ആലോചന ഞങ്ങളുടെ മനസ്സിൽ ഉടലെടുത്തു.

ഞാനും സതീശനും ഒരുമിച്ചു ഇരിക്കുന്ന ഒരു സാഹചര്യത്തിൽ അയാൾ ഞങ്ങളോട് നേരിട്ട് പറയുകയും ചെയ്തു.

നമ്മുടെ തറവാട്ടിലെ കുട്ടിയെ വിവാഹം ചെയ്ത് അങ്ങോട്ടേക്ക് അയക്കാം എന്നൊരു വാക്ക് ഞങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ പുറത്ത് പറഞ്ഞിട്ടുണ്ട്. അല്ലാതെ അമ്മ ദേഷ്യപെടുന്നത് പോലെയൊന്നുമില്ല ”

“ഇത്രയും കാര്യങ്ങൾ നടന്നിട്ടു നീ ഇപ്പോഴാണോ പറയുന്നത്.. ഇങ്ങനെയുള്ള കാര്യങ്ങൾ എന്നോട് പറയണ്ടേ ” നാരായണിയമ്മ കോപത്തിൽ ആണ്

“സമയം ആകുമ്പോൾ എല്ലാവരെയും അറിയിക്കാമെന്ന് കരുതി.. അല്ലാതെ മനഃപൂർവം ഒളിച്ചുവെച്ചതൊന്നും അല്ല. ”

“ശ്രാവൺ നല്ല ചെറുപ്പക്കാരൻ അല്ലെ. നല്ല കുടുംബം, ജോലി, നല്ല സ്വഭാവം.. എല്ലാംകൊണ്ടും നമ്മളുമായി യോജിക്കുമെന്നു എനിക്കും തോന്നി. ”

“മം ” നാരായണിയമ്മ എല്ലാംകേട്ടൊന്നു മൂളി.

അവർ തമ്മിൽ വാക്കാൽ എല്ലാം ഉറപ്പിച്ചെന്നു കൃഷ്ണയ്ക്ക് ബോധ്യമായി. അവൾ മീനാക്ഷിയെ നോക്കി. വിഷാദഭാവത്തിൽ നിൽക്കുകയാണ്.

ഹരിയും അവളെത്തന്നെ നോക്കുകയാണെന്നത് കൃഷ്ണയ്ക്ക് മനസിലായി. മീനാക്ഷിയുടെ നിൽപ്പ് കൃഷ്ണയിലൊരു സങ്കടം ഉളവാക്കി.

ഒരുപാട് ആഗ്രഹിച്ചതാണ് അവൾ പക്ഷെ അതിനെല്ലാം നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു.

” പിന്നെ… രണ്ടാമതൊരു കാരണം ഉണ്ടെന്നു പറഞ്ഞത്… ” രവീന്ദ്രൻ പകുതിയ്ക്കു നിർത്തി സതീശനെ നോക്കി. അയാൾ പറഞ്ഞോളൂ എന്നു ആംഗ്യം കാട്ടി.

“അതായത്… കൃഷ്ണമോളെ ഹരിയെക്കൊണ്ട് കല്യാണം ചെയ്യിപ്പിക്കണം എന്നു ഞങ്ങൾക്കു ആഗ്രഹം ഉണ്ടായിരുന്നു. ”
തിരിഞ്ഞു നടക്കാൻ തുടങ്ങിയ കൃഷ്ണ അവരുടെ സംസാരത്തിനു ഇടയിൽ തന്റെ പേര് കേട്ടതും നിശ്ചലമായി നിന്നു.

ഒരു നിമിഷം അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും മുഖത്തു ഞെട്ടൽ പ്രകടമായി. തന്റെ ഹൃദയമിടിപ്പ് നിന്നു പോയെന്നു കൃഷ്ണയ്ക്ക് തോന്നിപോയി.

ചെവിയിലൂടെ ഒരു മൂളൽ മാത്രം.. രവീന്ദ്രൻ തുടർന്നു പറഞ്ഞതൊന്നും കേൾക്കാൻ കഴിയാതെ അവൾ നിന്നു.

“ഏട്ടൻ എന്താ പറയുന്നത്.. ആ കൃഷ്ണവേണിയെ എന്റെ ഹരിയെക്കൊണ്ട് കെട്ടിക്കാമെന്നോ.. ”

പാർവതി കലിപൂണ്ടു ചോദിച്ചു.

” അവനുവേണ്ടി കൃഷ്ണ മോളെ ആലോചിക്കാം എന്നൊരു ചിന്ത ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നു.”

“ഞങ്ങളെന്നു പറയുമ്പോൾ ആരൊക്കെയാ.. നീയും സതീശനും അല്ലേ.. അല്ലാതെ ആരാ ഇക്കാര്യം തീരുമാനിച്ചത് ” നാരായണിയമ്മ ചോദിച്ചു.

“ഏട്ടനും ഞാനും മനസ്സിൽ കരുതിയ കാര്യമാ അമ്മേ.. നമുക്കെല്ലാവർക്കും അറിയാവുന്നതല്ലേ അവർ തമ്മിലുള്ള ഹൃദയബന്ധം.. അത്രയ്ക്ക് ചേർച്ചയുള്ള അവർ തമ്മിൽ ഒന്നിക്കട്ടെ എന്നു മനസാലെ ഞങ്ങൾ ആഗ്രഹിച്ചു.. ” സതീശൻ പറഞ്ഞു.

” നടക്കില്ല… ഇപ്പൊ നിർത്തിക്കോ.. ഇനി മേലാൽ ഈ കാര്യമിവിടെ സംസാരിച്ചു പോകരുത്.. ”

“അമ്മേ അത്.. ”

“നിർത്താനാ പറഞ്ഞത്.. കൃഷ്ണവേണിയെ ഹരിയ്ക്കു വേണ്ടി കല്യാണം ആലോചിക്കേണ്ട.. നിങ്ങൾ മനസ്സിൽ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് മാറ്റിവെച്ചോളു.

ഇപ്പൊ രാധാകൃഷ്ണനും പാർവതിയും കൊണ്ടുവന്ന ആലോചനയിൽ നിനക്ക് താല്പര്യം ഉണ്ടെങ്കിൽ നടത്താം അല്ലെങ്കിൽ വിട്ടേക്.

അല്ലാതെ അവളെ ഹരിയുടെ തലയിൽ കെട്ടിവെക്കാമെന്നു ആരും കരുതേണ്ട… ആരും !” അവർ ക്ഷോഭത്തോടെ അവസാന വാചകം കൃഷ്ണയെ നോക്കിയാണ് പറഞ്ഞത്.

അവളുടെ തല താണുപോയി.

“അളിയൻ ഇപ്പൊ എന്താ പറഞ്ഞു വരുന്നത്.. മീനാക്ഷിയ്ക്കു ഹരിയുമായി ഒരു കല്യാണബന്ധം ഉണ്ടാകില്ലെന്ന് ആണോ ” രാധാകൃഷ്ണൻ ചോദിച്ചു

“അതെ.. ”

“എങ്കിൽപ്പിന്നെ നമുക്ക് ഇതിവിടെ വെച്ചു അവസാനിപ്പിക്കാം.. വെറുതെ തമ്മിൽ പറഞ്ഞു മുഷിയേണ്ട. ” അയാൾ പറഞ്ഞു.

” എന്നാലും ഏട്ടന് ഇതെങ്ങനെ തോന്നി ആ വേലക്കാരി പെണ്ണിനെ എന്റെ ഹരിയ്ക്കുവേണ്ടി കല്യാണം ആലോചിക്കാൻ ” പാർവതി അരിശം മാറാതെ ചോദിച്ചു.

“അവൾ നമ്മുടെ വീട്ടിലെ കുട്ടിയല്ലേ പാർവതി.. എന്റെ മീനാക്ഷിയെ പോലെയാ എനിക്ക് അവളും ”

“ഏട്ടന് അങ്ങനെ ആയിരിക്കാം.. എന്നുവെച്ചു ഞങ്ങൾക്ക് അങ്ങനെ അല്ല.. കൃഷ്ണ ഞങ്ങളെ സംബന്ധിച്ചിടത്തോളം വേലക്കാരി തന്നെയാ ”

” നിർത്ത് അമ്മേ ” ഹരി ഇടപെട്ടു.

“പാർവതി പറഞ്ഞതിലെന്താ തെറ്റ്.. ഇവിടുത്തെ ഉപ്പും ചോറും തിന്നു വളർന്നവളല്ലേ കൃഷ്ണവേണി.. അങ്ങനെയുള്ള പെണ്ണിന് ഹരിയെ കിട്ടാൻ എന്താ യോഗ്യത. ” സുഭദ്ര ചോദിച്ചു

” എങ്കിലും എങ്ങനെ തോന്നി ഈ പെണ്ണിനെക്കുറിച്ച് പറയാൻ തന്നെ… എന്ത് അർഹതയാ ഇവൾക്ക് ഉള്ളത്.. ”

“നിന്റെ മനസിലും വേണ്ടാത്തത് എന്തെങ്കിലും കയറ്റി വെച്ചിട്ടുണ്ടോടി ” പാർവതി കൃഷ്ണയോട് ചോദിച്ചു.

എല്ലാവരും തന്റെ നേർക്കു ദേഷ്യത്തോടെ വാക്ശരങ്ങൾ എയ്യുന്നതിൽ അവൾക്കു ഭയം തോന്നി. തിരികെയൊന്നും പറയാൻ ആകാതെ അവൾ തലകുമ്പിട്ടു നിന്നു.

“മതി.. നിർത്തിക്കെ… ” ഹരി അല്പം ഉറക്കെ പറഞ്ഞു.

” കുറച്ചു നേരമായല്ലോ എല്ലാവരും കൃഷ്ണയോട് ദേഷ്യപ്പെടാൻ തുടങ്ങിയിട്ട്.. എന്താ അവൾ ചെയ്ത തെറ്റ്.. നിങ്ങളുടെയൊക്കെ സംസാരം കേട്ടാൽ തോന്നുമല്ലോ അവളെന്നെ വളച്ചെടുത്തു എന്ന്.. ”

“എന്നാലും ഹരി നീ കേട്ടില്ലേ.. ഇവളെ നിനക്കുവേണ്ടി കല്യാണം ആലോചിക്കുന്നു എന്ന് പറഞ്ഞത്… അത്രയ്ക്ക് തരംതാണ് പോയോ നമ്മൾ ” പാർവതി ചോദിച്ചു.

“അവൾക്ക് താല്പര്യം ഉണ്ടെങ്കിൽ ഞാൻ അവളെ കല്യാണം കഴിച്ചേനെ.. ”

പെട്ടന്ന് എല്ലാവരും നിശബ്ദമായി. മീനാക്ഷി നെഞ്ചിൽ കൈ അമർത്തി കണ്ണുകൾ അടച്ചു നിന്നു.

“എന്താ നീ പറഞ്ഞത്.. ” നാരായണിയമ്മ അവനു അരികിലേക്ക് വന്നു.

“അതുകേട്ടു നിങ്ങൾ ആരും പേടിക്കേണ്ട. അവളെന്റെ ആത്മമിത്രം ആണ്..സൗഹൃദത്തിന് അപ്പുറം ഞങ്ങൾക്കിടയിൽ ഒന്നുമില്ല. പക്ഷെ നിങ്ങളെല്ലാവരും ഒരു പാവം പെണ്ണിനെ വാക്കുകൾ കൊണ്ട് കൊല്ലുന്നത് കണ്ടപ്പോൾ പറഞ്ഞെന്നെ ഉള്ളു. ”

“ഇതിന്റെ പേരിലൊരു തർക്കം ഉണ്ടാകേണ്ട.. ഞങ്ങൾ മീനാക്ഷിയെ വിവാഹം ആലോചിച്ചു.

എന്നാൽ അവൾക്കു വേണ്ടി അവളുടെ അച്ഛൻ മറ്റൊരാളെ കണ്ടെത്തിവെച്ചിരിക്കുകയായിരുന്നു എന്ന് അറിഞ്ഞില്ല..അതോടെ ഈ വിഷയം അവസാനിച്ചു. ” ഹരി പറഞ്ഞു.

” ഇത് ഞങ്ങളെ അപമാനിച്ചത് പോലെയായിപ്പോയി ” രാധാകൃഷ്ണൻ പറഞ്ഞു.

“എന്ത് അപമാനം.. നിങ്ങളുടെ മനസ്സിൽ ഇങ്ങനെയൊരു വിവാഹാലോചന ഉള്ള കാര്യം ഞങ്ങളും അറിഞ്ഞില്ല.. എന്റെ മനസ്സിൽ മറ്റൊരു ആലോചന ഉള്ള കാര്യം നിങ്ങളും അറിഞ്ഞില്ല… അതിൽ മനഃപൂർവം അപമാനിക്കാനായി മറ്റൊന്നും ഇല്ലല്ലോ.. ” രവീന്ദ്രൻ ശാന്തനായി പറഞ്ഞു.

“ഞാൻ കൃഷ്ണവേണിയുടെ കാര്യമാ പറഞ്ഞത്.. അവളെയും എന്റെ മോനെയും ചേർത്തുവെക്കാൻ നോക്കിയത് ഞങ്ങൾക്ക് അപമാനം തന്നെയാ ” അയാൾ വെറുപ്പോടെ പറഞ്ഞു.

” ദയവു ചെയ്തു ഇങ്ങനെയൊന്നും സംസാരിക്കരുത്.. കാര്യങ്ങളുടെ സത്യാവസ്ഥഎല്ലാവർക്കും അറിയാമല്ലോ .. ആ കുട്ടിയെ ഇനിയും ഇക്കാര്യത്തിൽ വേദനിപ്പിക്കരുത്..

ഞങ്ങളുടെ മനസിലുള്ള ആഗ്രഹം.. അത് വേറെയാർക്കും അംഗീകരിക്കാൻ കഴിയില്ലെങ്കിൽ ഇനി സംസാരിക്കേണ്ട. ” സതീശൻ വിനീതമായി പറഞ്ഞു.

“നീ അകത്തേക്ക് പൊയ്ക്കോ ” കൃഷ്ണയോട് രവീന്ദ്രൻ പറഞ്ഞു. വെമ്പാൻ തയ്യാറായി നിന്ന മിഴികൾ ഒളിപ്പിച്ചു അവൾ അകത്തേയ്ക്കു പോയി.

മനസിലെ ഭാരം വീണ്ടും കൂടുന്നുണ്ടായിരുന്നു. മറ്റുള്ളവർ തന്നെ ആക്ഷേപിച്ചതിനേക്കാളും സങ്കടം തോന്നിയത് രവീന്ദ്രന്റെയും സതീശന്റെയും മനസ്സിൽ താനും ഹരിയേട്ടനും ഒന്നിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോഴാണ്.

മനസ്സിൽ നിന്നു വേരോടെ പിഴുതെറിയാൻ ശ്രെമിച്ചതാണ്. പക്ഷെ ഓരോരുത്തരുടെയും വെളിപ്പെടുത്തലുകൾ കേൾക്കുമ്പോൾ മനസ്സിൽ വേരുകൾ ആഴ്ന്നിറങ്ങുന്നത് പോലെ. നെറ്റി കൈകളിൽ ഊന്നി അവൾ തറയിൽ ഇരുന്നു.

എത്രനേരം ആ ഇരുപ്പ് ഇരുന്നുവെന്നു അവൾക്കറിയില്ല.

അവൾക്ക് പെട്ടന്ന് മീനാക്ഷിയെ ഓർമ വന്നു. ഹരിയേട്ടനെ വിവാഹം ചെയ്യാമെന്ന് പറഞ്ഞപ്പോഴുള്ള മുഖത്തെ സന്തോഷവും പൊടുന്നനെ അത് നീങ്ങിപോകുന്നതും താൻ കണ്ടതാണ്.

പൂർണമായ മനസോടെയാണ് ഹരിയേട്ടനോട് താൻ മീനു ചേച്ചിയെ സ്വീകരിക്കാൻ പറഞ്ഞത്. അവർ തമ്മിലാണ് ചേരേണ്ടവരും.

തന്റെ കാര്യമൊന്നു പറഞ്ഞപ്പോൾ തന്നെ എല്ലാവരും ഒന്നടങ്കം എതിർത്തതും തന്നെ ആക്ഷേപിച്ചതും അവളുടെ മനസിലേക്ക് ഓടിയെത്തി.

ഒരുപക്ഷെ ഹരിയേട്ടൻ തന്നെ ജീവിതത്തിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിൽ ഉണ്ടാകുമായിരുന്ന പുകിലുകൾ എന്തൊക്കെയാണെന്ന് അവൾക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.

ആ ഒറ്റക്കാരണം കൊണ്ട് ഈ കുടുംബത്തിലെ പലരുടെയും മനസുകൾ തമ്മിൽ അകന്നു പോയേനെ.

കൃഷ്ണയ്ക്ക് മീനാക്ഷിയെ കാണണമെന്ന് തോന്നി. അവളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ കൃഷ്ണയ്ക്ക് മാത്രമേ മനസിലാകുമായിരുന്നുള്ളു.

അവൾ തന്റെ മുറിയിൽ നിന്നും പുറത്തിറങ്ങി. ഹരിയും കുടുംബവും തിരികെ പോയെന്നു മനസിലായി. മറ്റുള്ളവരും തിരികെ അവരവരുടെ മുറികളിലേക്ക് പോയിരുന്നു.

അവൾ മെല്ലെ കോണിപ്പടി കയറി മീനാക്ഷിയുടെ മുറിയിലേക്കെത്തി. കതക് ചാരിയിട്ടേ ഉള്ളു. മെല്ലെ അവൾ അകത്തേയ്ക്കു കയറി. മീനാക്ഷി കട്ടിലിൽ കിടക്കുകയാണ്.

“മീനു ചേച്ചി ”

കൃഷ്ണ അവൾക്കരികിൽ ഇരുന്നു വിളിച്ചു.
കിടന്നുകൊണ്ടവൾ തല ചെരിച്ചുനോക്കി.

കണ്ണുകൾ ചുമന്നു കിടപ്പുണ്ട്. കൃഷ്ണയെ കണ്ടതും പെട്ടന്നുതന്നെ ധാവണിത്തുമ്പിനാൽ മുഖം തുടച്ചു അവൾ എഴുന്നേറ്റിരുന്നു.

“എന്താ കൃഷ്ണേ ” ഒന്നു ചിരിച്ചെന്നു വരുത്താൻ ശ്രെമിച്ചു തളർന്ന കണ്ണുകളോടെ മീനാക്ഷി അവളെ നോക്കി. കുറച്ചു നേരം മൗനം തളംകെട്ടി കിടന്നു.

“ചേച്ചിക്ക് ഹരിയേട്ടനെ ഇഷ്ട്ടമായിരുന്നു അല്ലേ ”

കൃഷ്ണയുടെ പെട്ടന്നുള്ള ചോദ്യത്തിൽ മീനാക്ഷിയൊന്നു പകച്ചു. അത്ഭുതവും അമ്പരപ്പും കൂടിക്കലർന്ന മുഖഭാവത്തോടെ അവൾ കൃഷ്ണയെ നോക്കി.

പിന്നാലെ ഒരു വിതുമ്പലോടെ കൈകൊണ്ട് മുഖം മറച്ചു.

കൃഷ്ണ അവളുടെ കൈകൾ അടർത്തി മാറ്റിയതും ഒരു കരച്ചിലോടെ അവളെ കെട്ടിപ്പിടിച്ചു. ആദ്യമൊന്നു ഞെട്ടിയെങ്കിലും കൃഷ്ണ അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.

കരച്ചിലൊന്നു അടങ്ങിയപ്പോൾ മീനാക്ഷി തന്റെ ഹൃദയം കൃഷ്ണയ്ക്ക് മുന്നിൽ തുറന്നു കാട്ടി.

ഓർമവെച്ചനാൾ മുതൽ മനസ്സിൽ കൊണ്ടുനടന്ന ഹരിയേട്ടനെ. വെറും നോട്ടംകൊണ്ട് പോലും പ്രണയിച്ച ഹരിയേട്ടനെ.

മനസ്സിൽ തോന്നിയ മോഹത്തെ ഒന്ന് തുറന്നു പറയാൻ കഴിയാതെ ഹൃദയത്തിന്റെ അടിത്തട്ടിൽ താലോലിച്ച കൗമാരവും യൗവനവും.

മനസ്സിൽ ആഗ്രഹിച്ച ആൾക്ക് വേണ്ടി നേർച്ചകാഴ്ചകൾ നടത്തി തന്റെ നല്ല പാതിയാകുവാൻ ഹരിയെ കാത്തിരുന്ന മീനാക്ഷി.

താൻ ഇതുവരെ കണ്ടിട്ടില്ലാത്ത മീനു ചേച്ചിയെ കൃഷ്ണ അറിയുകയായിരുന്നു. എന്നിട്ടും എന്ത്കൊണ്ട് ഹരിയേട്ടൻ ഇത്രയും നാൾ അറിയാതെ പോയി..

താൻ കാരണം ആകുമോ.. തന്നോട് ഹരിയേട്ടൻ കാട്ടിയ അടുപ്പം കാരണം ആകുമോ അത്..

കൃഷ്ണ സ്വയം ചോദ്യങ്ങൾ ചോദിച്ചു. മീനുവിന്റെ മുന്നിൽ തനിക്ക് ഹരിയേട്ടനോട് തോന്നിയ സ്നേഹത്തിനു മൂല്യം കുറയുന്നതായി അവൾക്കു തോന്നി.

താൻ വെറുതെ കഥ അറിയാതെ ആട്ടം കണ്ടവൾ. അവൾ സ്വയമേ ചിരിച്ചു.

“ഹരിയേട്ടന് ഒരിക്കൽ പോലും എന്റെ സ്നേഹം മനസിലാക്കാൻ പറ്റിയിട്ടില്ല ” മീനാക്ഷി പറഞ്ഞു.

“ആര് പറഞ്ഞു.. ഹരിയേട്ടന് അറിയാം.. അതുകൊണ്ടല്ലേ ഇപ്പോൾ കല്യാണം ആലോചിച്ചു വന്നത് ”

മീനാക്ഷി കണ്ണുകൾ വിടർത്തി കൃഷ്ണയെ നോക്കി. അവൾ ഹരി തന്നോട് പറഞ്ഞ കാര്യങ്ങളെല്ലാം മീനാക്ഷിയെ അറിയിച്ചു. തന്നോട് ഹരിയ്ക്കു തോന്നിയ ഇഷ്ടം ഒഴികെ !

എല്ലാം അറിഞ്ഞതിനു ശേഷം മീനാക്ഷിയുടെ മുഖത്തു പ്രതീക്ഷ തെളിയുന്നുണ്ടായിരുന്നു.

“ഹരിയേട്ടന് ഇഷ്ടം ഉണ്ടായിരുന്നു അല്ലേ… ”

“അതെ… കുറച്ച് നാളുകളെ ആയുള്ളൂ ഹരിയേട്ടൻ ഇക്കാര്യം അറിഞ്ഞിട്ട്… അന്ന് മുതൽ ഹരിയേട്ടനും ചേച്ചിയെ ഇഷ്ടമാ ”

മീനാക്ഷിയുടെ കണ്ണുകൾ നിറഞ്ഞു. എന്തിനെന്നു അറിയാതെ കൃഷ്ണയുടെയും. !

“പക്ഷെ… അച്ഛൻ.. ശ്രാവണിന്റെ വീട്ടുകാർക്ക് വാക്ക് കൊടുത്തതല്ലേ.. ” അവൾ ചോദിച്ചു.

“നീയൊന്ന് സംസാരിക്കോ കൃഷ്ണേ.. അച്ഛനോട്.. എനിക്ക് വേണ്ടി, എന്റെ ഹരിയേട്ടന് വേണ്ടി. ” അവൾ അപേക്ഷിച്ചു

“മം ” നിർവികാരതയോടെ അവളൊന്നു മൂളി.

****************************

കൃഷ്ണ ചെല്ലുമ്പോൾ പുറത്തെ ചാരുകസേരയിൽ ഇരിക്കുകയായിരുന്നു രവീന്ദ്രൻ. അടുത്ത് സതീശനും ഇരിപ്പുണ്ട്.

അവൾ കുറച്ചു നേരം ഇരുവരെയും നോക്കി നിന്നു. സഹോദര സ്നേഹത്തിന്റെ ഉത്തമഉദാഹരണം ആണ് രണ്ടു പേരുമെന്നു അവൾക്ക് തോന്നാറുണ്ട്.

ഒരേ മനസും രണ്ടു ശരീരവും. ചേട്ടനും അനിയനും എന്നതിലുപരി ഏറ്റവും അടുത്ത കൂട്ടുകാരെ പോലെയാണ് ഇരുവരും പെരുമാറുക. ആത്മാവിൽ തൊട്ട ബന്ധം.

കൃഷ്ണയെ കണ്ടതും അവർ അരികിലേക്ക് വിളിപ്പിച്ചു. അവൾ ചെന്ന് അടുത്തായി ഇരുന്നു. അല്പം മടിച്ചിട്ട് ആണെങ്കിലും അവൾ വന്ന കാര്യം അവതരിപ്പിച്ചു. മീനാക്ഷി ഹരിയെ പ്രണയിക്കുന്നു എന്ന സത്യം അവരിലും അത്ഭുതം ഉളവാക്കി.

“അച്ഛാ.. ”

“മം ”

“മീനുചേച്ചി സ്നേഹിക്കുന്ന ആളെത്തന്നെ കല്യാണം കഴിക്കുന്നതല്ലേ നല്ലത് ”

“ശെരിയാണ്…. പക്ഷെ !” അയാളൊന്നു നിർത്തി.

“ഇങ്ങനെയൊരു ഇഷ്ടമുള്ള കാര്യം മീനാക്ഷി നമ്മളോട് സൂചിപ്പിച്ചു പോലുമില്ലല്ലോ.. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ നമുക്ക് നടത്താമായിരുന്നു. ഇപ്പൊ എങ്ങനെയാ.. ” അയാൾ ആശങ്കയോടെ പറഞ്ഞു.

“അച്ഛൻ അവരോടൊന്നു സംസാരിച്ചു നോക്ക്.. ” കൃഷ്ണ പറഞ്ഞു

“മം.. കുട്ടികളുടെ മനസും ഇഷ്ടവും അറിയാതെ മാതാപിതാക്കൾ ചില തീരുമാനം എടുക്കും. മക്കളുടെ നല്ല ജീവിതത്തെ കരുതിയാകും അങ്ങനെ ചെയ്യുക.

അവരുടെ ഇഷ്ടങ്ങളെയും താല്പര്യങ്ങളെയും കണ്ടില്ലന്നു നടിക്കുന്നതല്ല.

ഓരോ മാതാപിതാക്കളും മക്കളുടെ കാര്യത്തിൽ സ്വാർത്ഥരാണ്. അവരുടെ ഭാവി സുരക്ഷിതമാകാനുള്ള വ്യഗ്രതയിൽ കുട്ടികളുടെ മനസും കൂടി കാണാൻ ശ്രെമിക്കേണ്ടതായിരുന്നു ” രവീന്ദ്രൻ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു.

സതീശൻ അയാളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.

സദാനന്ദന്റെ പ്രതികരണം എങ്ങനെയാകുമെന്നു അറിയാതെ പ്രയാസപ്പെട്ടാണ് രവീന്ദ്രൻ അയാളെ ഫോണിൽ വിളിച്ചത്. എന്നാൽ സംസാരിച്ചു കഴിഞ്ഞതിനു ശേഷം അയാളുടെ മുഖത്തു ആശ്വാസം നിറഞ്ഞിരുന്നു.

“എന്താ അച്ഛാ പറഞ്ഞത് ” അവൾ ചോദിച്ചു

” അവർക്കു കുഴപ്പമില്ല കാര്യങ്ങളുടെ കിടപ്പ് അറിഞ്ഞപ്പോൾ… ചെമ്പകശ്ശേരിയിൽ നിന്നൊരു കുട്ടിയെ വേണമെന്നേ അവർക്കുള്ളു.. അത് മീനാക്ഷി തന്നെ ആകണമെന്ന് നിർബന്ധം ഇല്ലാന്നാ പറഞ്ഞത് ”

“അതായത്.. ഇവിടെ നിന്നു മറ്റൊരു കുട്ടിയെ നോക്കാമെന്നു അല്ലേ ” സതീശൻ ചോദിച്ചു.

“അതെ.. നമ്മൾ വാക്ക് കൊടുത്ത സ്ഥിതിക്ക് ..

അവരും താല്പര്യപെട്ടു നിൽക്കുവാ.. ഇനിയെന്തായാലും കുടുംബത്തിലെ എല്ലാവരുമായും കൂടി ആലോചിച്ചു എല്ലാവരുടെയും പൂർണമനസോടെയും സമ്മതത്തോടെയും മാത്രമേ ഒരു കല്യാണക്കാര്യം തീരുമാനിക്കുള്ളു. ”

“അതാ ഏട്ടാ നല്ലത്.. നമ്മുടെ ഇഷ്ട്ടങ്ങൾ മക്കളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രേമിക്കേണ്ട. അവരുടെ മനസ് അറിഞ്ഞു മതി എല്ലാം ” സതീശൻ പറഞ്ഞു.

“രാധാകൃഷ്ണനെ വിളിച്ചു ഇക്കാര്യമൊന്ന് അറിയിക്കണം ”

രവീന്ദ്രൻ അയാളെ ഫോണിൽ വിളിച്ചു. ആദ്യം കുറച്ചു പരിഭവം ഉണ്ടായിരുന്നെങ്കിലും അവരും സമ്മതം അറിയിച്ചു.

വളരെ പെട്ടന്ന് തന്നെ ചെമ്പകശ്ശേരി കല്യാണതിരക്കുകളിലേക്ക് എത്തി.
എല്ലാവരും ഒരുപാട് സന്തോഷത്തിൽ ആയിരുന്നു. പ്രത്യേകിച്ച് മീനാക്ഷി.

കല്യാണം ഉറപ്പിച്ചതിനു പിന്നാലെ ഹരിയും മീനാക്ഷിയും കൂടുതൽ അടുത്തു. മിക്ക സമയങ്ങളിലും ഫോൺ വിളിയും സംസാരവുമായി അവർ തിരക്കിലായി.

അവർക്കിടയിലൊരു കട്ടുറുമ്പ് ആകാതെയിരിക്കാൻ കൃഷ്ണ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷേ ഹരി അവളെ പഴയ പോലെ തന്നോട് ചേർത്തു നിർത്തി.

തന്റെ ഉള്ളിലുള്ള വിഷമങ്ങളെ കൃഷ്ണ നിയന്ത്രിച്ചു.

ഇത്രയും നാൾ കരുതി വെച്ച സ്നേഹം മീനാക്ഷി ഹരിയ്ക്കു കൊടുക്കുന്നത് കാണുമ്പോൾ, ഹരിയുടെ കൈകൾ കോർത്തു പിടിച്ചു കുട്ടികളെപ്പോലെ വിശേഷം പറയുന്ന മീനാക്ഷിയും അതെല്ലാം വാത്സല്യത്തോടെ കേട്ടിരുന്നു മറുപടി പറയുന്ന ഹരിയും അവൾക്കൊരു അത്ഭുതം ആയിരുന്നു. പ്രണയത്തിന്റെ മറ്റൊരു മുഖഭാവം.

അതെ…. ഇതായിരുന്നു ചേരേണ്ടത്.. ഹരിയേട്ടന്റെ നല്ലപാതി മീനു ചേച്ചി തന്നെയാണ്. !

“ഞാൻ ഇത്രയും നാൾ മീനുവിനെ മനസിലാകാതെ പോയല്ലോ ” ഒരു ദിവസം ഹരി കൃഷ്ണയോട് പറഞ്ഞു. അവളൊന്നു പുഞ്ചിരിച്ചു.

“എനിക്കിപ്പഴാ കൃഷ്ണേ ഒരു കാര്യം മനസിലായത്.. നമ്മൾ സ്നേഹിക്കുന്നതിനേക്കാൾ പ്രാധാന്യം നമ്മളെ സ്നേഹിക്കുന്നവർക്കാണ്..

അതെനിക്ക് മീനു ബോധ്യമാക്കിതന്നു..
ഞാൻ ഒരിക്കൽ കരുതിയിരുന്നു എനിക്ക് നിന്നോട് പ്രണയം ആണെന്ന്. എന്നാൽ അതൊരു ഇൻഫാക്ച്വഷൻ മാത്രമായിരുന്നു..

ഒരു ആകർഷണീയത മാത്രം..പക്ഷെ മീനുവിനോട് എനിക്കിപ്പോൾ തോന്നുന്നത് പ്രണയവും.. ” ഹരി ചിരിച്ചു.

അവൻ പറഞ്ഞത് സത്യമാണെന്നു കൃഷ്ണയ്ക്കും തോന്നി. ഒരു ഇൻഫാക്ച്വഷൻ.. അതിന് അപ്പുറമായൊന്നും തനിക്കും ഹരിയേട്ടനോട് ഉണ്ടായിരുന്നില്ലന്നു അവളുടെ മനസ് മന്ത്രിച്ചു.

“എത്രയെത്ര സർപ്രൈസ് നിറഞ്ഞ ലൈഫ് ആണല്ലേ നമ്മുടേത്.. നമ്മൾ അറിയാതെയും പറയാതെയും പോകുന്ന ചില ഇഷ്ടങ്ങൾ,.” ഹരി ചോദിച്ചു

“നമ്മൾ എന്തൊക്കെ ചിന്തിച്ചാലും ചേരേണ്ടവർ തമ്മിലല്ലേ ഹരിയേട്ടാ ചേരുകയുള്ളു. നമ്മുടെ ഇഷ്ടത്തിന് മുകളിലായി ദൈവത്തിന്റെ ഇഷ്ടം നടപ്പിലാക്കണമല്ലോ.. അവിടുന്ന് തീരുമാനിക്കും ആര് ആർക്കു ഉള്ളതാണെന്ന് ”

“നീയിപ്പോ തത്വം പറയാനും തുടങ്ങിയോ ” നുണക്കുഴി കവിളിൽ ചിരിയോടെ ഹരി അവളെ നോക്കി.

“നോക്കിക്കോ കൃഷ്ണേ.. നിന്റെ ലൈഫിലും സർപ്രൈസ് തരാൻ ഒരാൾ വരും.. മീനാക്ഷി എന്നെ സ്നേഹിച്ചപോലെ നിനക്ക് വേണ്ടിയൊരാൾ. ”

എന്ത്കൊണ്ടോ അവൾക്കു ഒരു നിമിഷം അഭിമന്യുവിനെ ഓർമ വന്നു. സത്യമാണെന്നു അറിഞ്ഞിട്ടും തനിക്ക് അംഗീകരിക്കാൻ കഴിയാത്തൊരു ഇഷ്ടം. !

ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് അവൾ മുറിയിലേക്ക് പോയി.ബുക്സ് എടുത്ത് എന്തൊക്കെയോ കുത്തികുറിച്ചുകൊണ്ടിരുന്നു.

പഴയ ഓർമകളിലൂടെ വീണ്ടുമൊരു തിരിഞ്ഞു നോട്ടം.

ഓരോ പേജും വീണ്ടും വായിച്ചു തീർത്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എഴുതി തീർത്ത വരികൾ വായിച്ചു. ഒരു പേനയെടുത്തു അവൾ അവസാനപേജിൽ കുറിച്ചു.

“ഗാഢമായി നിന്റെ ആത്മാവിൽ അലിഞ്ഞു ചേർന്നവൾ
അത്രമേൽ നിന്നെ പ്രണയിക്കുന്നവൾ
ഈശ്വരൻ നിനക്കായി കൂട്ടിയിണക്കിയവൾ ”

ഹരിയേട്ടന്റെ സ്വന്തം മീനുചേച്ചി

ബുക്ക്‌ അടച്ചുവെച്ചു അവൾ എഴുന്നേറ്റു. മീനുചേച്ചിയുടെ സ്വന്തമായ ഹരിയേട്ടനെ തന്റെ മനസ്സിൽ നിന്നു അടർത്തിമാറ്റിക്കൊണ്ട്.

*****************************

പിറ്റേന്ന് പകൽ സമയത്ത് ജോലികൾ ഒതുക്കി പഠിക്കാനായി തന്റെ മുറിയിൽ കയറിയ കൃഷ്ണ ഞെട്ടിപ്പോയി. തന്റെ ബുക്സ് എല്ലാം സ്ഥാനം തെറ്റി കിടക്കുന്നു.

താൻ ഇല്ലാത്ത നേരത്ത് ആരോ മുറിയിൽ വന്നിട്ടുണ്ട്. ഹരിയേട്ടനെക്കുറിച്ചു താൻ എഴുതിയതെല്ലാം മറ്റാരുടെയെങ്കിലും കണ്ണിൽ പെട്ടുകാണുമോ എന്നവൾക്കു പേടി തോന്നി. എത്രയും വേഗം അവ നശിപ്പിച്ചു കളയണം എന്നവൾ കരുതി.

ഇവിടെവെച്ചു എന്തായാലും നടക്കില്ലന്നവൾക്കു ബോധ്യമായി. ആരെങ്കിലും കണ്ടാൽ അതിന്റെ സത്യാവസ്ഥ കണ്ടെത്താൻ ശ്രെമിക്കും. എന്ത് ചെയ്യണം എന്നവൾ തലപുകഞ്ഞു ആലോചിച്ചു.

വൈകിട്ട് അമ്പലത്തിൽ പോവാണെന്നു എല്ലാവരോടും കള്ളം പറഞ്ഞു അവൾ ബുക്സ് എടുത്തു ധാവണിത്തുമ്പിൽ മറച്ചു തന്റെ വീട്ടിലേക്ക് പുറപ്പെട്ടു.

ആരും കാണുന്നില്ലാന്നു ഉറപ്പു വരുത്തി വയലു കടന്നു തന്റെ ചെറിയ വീട് ലക്ഷ്യമാക്കി കൃഷ്ണ നടന്നു. !

ഇതേസമയം കൂട്ടുകാരുമായി റോഡിനു അരികിലിരുന്നു മദ്യസേവ നടത്തുകയായിരുന്നു ശ്രീജിത്ത്‌.

“എടാ ശ്രീജിത്തേ നിന്റെ മറ്റേ പെണ്ണ്… അവൾ വീട്ടിൽ വന്നിട്ടുണ്ട് ” അവന്റെ കൂട്ടുകാരൻ വന്നു പറഞ്ഞു

“ആര് വേണിയോ ”

“ആ അവളു തന്നെ, വീട്ടിലേക്ക് ഒറ്റക്ക് പോണത് കണ്ടു ”

“ഈ നേരത്തെന്താ അവൾ വന്നത് ” ശ്രീജിത്ത്‌ തിടുക്കത്തിൽ എഴുന്നേറ്റു.

“ഞാനൊന്ന് പോയി നോക്കിയിട്ട് വരാം ” അവൻ മനസ്സിൽ പലതും കണക്കുകൂട്ടി അവളുടെ വീട്ടിലേക്കു നടന്നു.

അവൻ ചെല്ലുമ്പോൾ കൃഷ്ണ മുറിയിലുണ്ട്. ശബ്ദം ഉണ്ടാക്കാതെ അവൻ അകത്തു കയറി കതക് കുറ്റിയിട്ടു. പെട്ടന്ന് തിരിഞ്ഞു നോക്കിയ കൃഷ്ണ നടുങ്ങിപോയി.

ചുമന്നു കലങ്ങിയ കണ്ണുകളോടെ തന്റെ നേർക്കു നടന്നടുക്കുന്ന അവനെ അവൾ പേടിയോടെ നോക്കി.

പിന്നിലേക്ക് ചുവടുവെച്ച അവൾ ഭിത്തിയിൽ തട്ടി നിന്നു. ഒന്നു ശബ്ദം ഉണ്ടാകാൻ പോലുമാകാതെ അവളുടെ തൊണ്ട വരണ്ടുണങ്ങി.

പുറത്ത് ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം അവൾ കേട്ടു. പിന്നാലെ കതകിൽ ആരോ മുട്ടുകയും ചെയ്തു.

“എന്റെ കൂടെയുള്ളവരാ.. നിന്നെ കാണാൻ വന്നതാണ് ” വൃത്തികെട്ട ചിരിയോടെ അവൻ പറഞ്ഞു. അവളെയൊന്നു ചൂഴ്ന്നു നോക്കി കതകു തുറന്നതും ശ്രീജിത്തിന്റെ മുഖം വിളറി വെളുത്തു.
പേടിച്ചരണ്ട കണ്ണുകളോടെ പുറത്തു നിൽക്കുന്ന ആളെ കൃഷ്ണ നോക്കി.

“അഭിമന്യു ”

അവളുടെ മനസ്സിൽ പൊടുന്നനവെ ആശ്വാസത്തിന്റെ പേമാരി പെയ്തിറങ്ങി. അവൾ അവനെ നോക്കി നിന്നു.

“നിന്നോട് പറഞ്ഞിട്ടുള്ളതല്ലേടാ.. എന്റെ പെണ്ണിന്റെ പിന്നാലെ വരരുതെന്ന് ”
ശ്രീജിത്തിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുകൊണ്ടു അഭിമന്യു ഗർജ്ജിച്ചു.

(തുടരും )

ഹൃദയസഖി : ഭാഗം 1

ഹൃദയസഖി : ഭാഗം 2

ഹൃദയസഖി : ഭാഗം 3

ഹൃദയസഖി : ഭാഗം 4

ഹൃദയസഖി : ഭാഗം 5

ഹൃദയസഖി : ഭാഗം 6

ഹൃദയസഖി : ഭാഗം 7