Friday, July 19, 2024
Novel

ആഇശ: ഭാഗം 10

നോവൽ
******
എഴുത്തുകാരൻ: Anush. A. Azeez

Thank you for reading this post, don't forget to subscribe!

ഉംറ തീർത്ഥാടന സംഘത്തോടൊപ്പം ജിദ്ദയിൽ വന്നിറങ്ങി.ദുബായിയെ പോലെ വമ്പൻ കെട്ടിടങ്ങളും ഒക്കെ കൊണ്ട് പടുത്തുയർത്തിയതാണ് ഈ ജിദ്ദ നഗരവും .

കൂറ്റൻ ഹോട്ടലുകളും ഒക്കെ. സ്ത്രീകളും പുരുഷൻമാരും മറ്റുമായ പരമ്പരാഗത അറബി വേഷങ്ങൾ .ഞങ്ങൾ ഹോട്ടൽ മുറിയിൽ വന്ന് ഫ്രഷായി .

ഉംറക്കുള്ള തയ്യാറെടുപ്പുകൾ ഒക്കെ കഴിഞ്ഞ് ബസിൽ മക്കത്തേക്ക് .ഇത്രയും വലിയ ജനസാഗരം മുമ്പൊരിക്കലും ഞാൻ കണ്ടിട്ടില്ല .

കൂട്ടം കൂട്ടമായി ഉംറയുടെ വെള്ള വസ്ത്രങ്ങളിൽ ദൈവീക മന്ത്ര ധ്വനികൾ മുഴങ്ങുന്നു .കൂറ്റൻ വാതിലുകൾ .പരമ്പരാഗത ശൈലിയിൽ ഉള്ള വിളക്കുകൾ .എണ്ണി തീർക്കാൻ കഴിയാത്തത്ര തൂണുകൾ .

എവിടെയും ദൈവനാമവും അന്ത്യപ്രവാചകന്റെയും പേരുകൾ .ഖുറാൻ വാക്യങ്ങൾ അറബി ലിപികളിൽ സ്വർണ്ണ നിറത്തിൽ കൊത്തി വെച്ചിരിക്കുന്നു .

പ്രവേശന കവാടങ്ങളിൽ രേഖകൾ പരിശോധിച്ച് അകത്തേക്ക് കടത്തി വിടുന്നു പോലീസുകാർ.

നിലങ്ങളിലെല്ലാം മാർബിളുകൾ .ഇത്രയും വലിയ പള്ളി ചുറ്റളവുകളിൽ ഒരു മൺ തരി പോലുമില്ലാതെ വൃത്തിയാക്കുന്നു ഓരോ സമയങ്ങളിലും .

മാർബിളുകൾ വെൺമ കൊണ്ട് വെട്ടി തിളങ്ങുന്നു കണ്ണാടി പോലെ .അതിനു പുറത്ത് പരവതാനികൾ വിരിച്ചിരിക്കുന്നു .

എങ്ങും കത്തി ജ്വലിക്കുന്ന പ്രകാശമുള്ള വിളക്കുകൾ സ്വർണ്ണ പ്രഭ പരത്തുന്നു അവിടെ ഒട്ടാകെ .

അതിനകത്തേക്ക് പ്രവേശിക്കുമ്പോൾ കഅബ കാണാം .അപ്പോൾ തന്നെ എന്റെ മുഴുവൻ പാപങ്ങളെയും ഇവിടെ കഴുകി കളയാമെന്നുള്ള ഒരു വിശ്വാസം കടന്നു വന്നു .ഇവിടെ മന്ത്രധ്വനികൾ ഒരു പോലെ മുഴങ്ങുന്നു .

പ്രായമോ രാജ്യമോ വ്യത്യാസമില്ലാതെ ആൺ പെൺ വ്യത്യാസമില്ലാതെ പാപിയെന്നോ പാപം ചെയ്യാത്തവരെന്നോ വേർതിരിവില്ലാതെ എല്ലാവരും ഒരു പോലെ വെറും പച്ച മനുഷ്യരായി കഅബക്ക് ആചാര വിശ്വാസങ്ങൾ പ്രകാരം മന്ത്രങ്ങൾ ഉരുവിട്ടു പ്രദക്ഷിണം വെക്കുന്നു .

ഇവിടെ മറ്റു ചിന്തകളില്ല .എനിക്കും ഇല്ല ഒരു പ്രാർത്ഥന മാത്രം എന്റെ ജീവിതം ശരിയോ തെറ്റോ എല്ലാം മായിച്ചു കളഞ്ഞു ഒന്നു ശുദ്ധമാകണം .

പ്രദക്ഷിണം കഴിഞ്ഞ് സഫാ മർവാ മലയിടുക്കുകൾക്കിടയിലെ നടത്തം അങ്ങിനെ ഉംറ തീർത്ഥാടന കർമ്മങ്ങൾ എല്ലാം കഴിഞ്ഞ് വീണ്ടും ഹോട്ടൽ മുറിയിൽ തിരികെ എത്തി .

പിന്നെ നാലഞ്ച് ദിവസം അവിടെ പള്ളിയിലും ഒക്കെയായി ദൈവീക പരായണങ്ങളിലും പ്രാർത്ഥനയിലും ഒക്കെയായി കഴിച്ചു കൂട്ടി .

പിന്നെ ഞങ്ങൾ ബസിലാണ് മദീനയിലേക്ക് പോയത് .അന്ന് വൈകുന്നേരം മദീനയിലെത്തി .പച്ചമിനാരം കണ്ട് മനസ്സ് പുളകം കൊണ്ടു .

വെള്ള മാർബിളിൽ ,വെള്ള പ്രകാശങ്ങളിൽ വെള്ള കൊട്ടാരം എത്ര മനോഹരം .പള്ളി സന്ദർശനവും പ്രാർത്ഥനകളും നടത്തി .പിന്നെ പള്ളിക്കടുത്ത് തന്നെയാണ് ഞങ്ങൾ താമസിക്കുന്ന ഹോട്ടലും .

ഞാൻ പതിയെ നടന്ന് പള്ളിക്ക് വെളിയിൽ സ്ത്രീകൾ ഇരിക്കുന്നിടത്ത് പോയി ഇരിക്കും ആ വെള്ള കൊട്ടാരവും പച്ച മിന്നാരവും നോക്കി അങ്ങിനെ ഇരിക്കും .

ആർഭാടത്തോടെ ഉളള പ്രകാശത്തിൽ പള്ളി കാണാൻ എന്തൊരു ഭംഗിയാണ് .എന്റെ സങ്കടങ്ങളും ദുഖങ്ങളും പറഞ്ഞ് മനമുരുകി പ്രാർത്ഥിച്ചു .

എന്റെ ആഗ്രഹം വളരെ ശരിയായിരുന്നു എന്നിപ്പോൾ തോന്നുന്നു .

മനസ്സിന് വല്ലാത്ത ഒരു കുളിർമ .പാപങ്ങൾ എല്ലാം അലിഞ്ഞില്ലാതായത് പോലെ ഒരു തോന്നൽ .

അന്നാണ് എനിക്ക് തോന്നൽ ഉണ്ടായത് .സൂപ്പർ മാർക്കറ്റ് കുറച്ചു നാൾ കൂടി നടത്തി അതെല്ലാം ഒഴുവാക്കി നാട്ടിലേക്ക് മടങ്ങിയാലെന്താന്ന് .

യാദൃശ്ചികമെന്നോണം അതിനിടയിലാണ് പരിചയമുള്ള ഒരു രൂപം കാണുന്നത് എന്റെ പഴയ കൂട്ടുകാരൻ ക്ലാസ്സിലെ പഠിപ്പിസ്റ്റായിരുന്ന സലിമിനെയും കുടുംബത്തെയും മദീനത്ത് കാണുന്നത് .

അത് സലീം തന്നെ ആണോന്ന് ഉറപ്പില്ലാത്തതിനാൽ ഞാൻ അവനെ ഇടക്കിടക്ക് ശ്രദ്ധിച്ച് ഇരുന്നു .അവനും ഇടക്കിടക്ക് ശ്രദ്ധിക്കുന്നു .

അവന്റെ ഭാര്യ എന്റടുക്കൽ വന്നു ” മലയാളി ആണോ ? അതെ …. ആയിശ ആണോ … അതെ ….സലിമിക്കാ ഇത് ങ്ങള് സംശയിച്ച ആയിശ തന്നാ .

സലീം എത്തി .നീ ആകെ അറബി പെണ്ണു പോലായല്ലോ പത്ത് കൊല്ലത്തിന് ശേഷം ഇപ്പോളാ കണ്ടത് .

നീ എന്നെ ഓർത്തല്ലോ സലീമേ … നിന്റെ മക്കൾ … ഈ ഒരു മോളേയുള്ളൂ കല്യാണം കഴിച്ച് മൂന്നാല് കൊല്ലമേ ആയുള്ളൂ പല പെൺകുട്ടികളും നീയുമൊക്കെ ഡിഗ്രിക്ക് ചേർന്നപ്പോഴേ കല്യാണം കഴിച്ചില്ലേ ?

എന്റെ ക്ലാസ്സിലെയും സ്കൂളിലെയും സുന്ദരി അല്ലായിരുന്നോ നീ … നിന്നെ ഏതേലും അവൻ മാർ മറക്കുമോ?

നീ ഇവിടെ സൗദിയിൽ എവിടാ .
ഞാൻ ദുബായിലാ ഉംറക്കായി വന്നതാ .

ഞാൻ ഇവിടെ ദമ്മാമിലാ ഒരു കമ്പനിയില് .
ആയിശാ വല്ലോം കഴിച്ചോ ? ഇല്ല …..

എന്നാ വാ നമുക്ക് കഴിക്കാം .ഇവിടെ മാത്രം കിട്ടുന്ന ഒരു ബ്രോസ്റ്റുണ്ട് എന്നാൽ ഈ ലോകത്ത് ഏറ്റവും വിറ്റഴിക്കപ്പെടുന്നത് … എന്റെ വക സൗദി സ്പെഷൽ .
.

വേണ്ട സലീമേ…. ഞങ്ങൾക്ക് ഹോട്ടലിൽ ഫുഡ് ഉണ്ട് .നീ വാ ആയിശാ …. ഹസ്ബന്റിനെ കൂടി വിളിക്ക് ,പുളളിക്കാരനെ കണ്ടില്ലല്ലോ …. അത് അത് സലീമേ … ഭർത്താവ് മരണപ്പെട്ട് രണ്ട് വർഷം ആയി .സോറി …. നീ വാ നമുക്ക് ഫുഡ് കഴിച്ച് സംസാരിക്കാം .

അവർക്കൊപ്പം ഞാനും മോളും വണ്ടിയിൽ കയറി .പള്ളിയുടെ മറ്റൊരു വശത്തേക്ക് ചുറ്റി “അൽബെയ്ക്ക് ” എന്ന് എഴുതിയ ഒരു ഹോട്ടലിന് മുന്നിൽ .കുറേ സമയത്തെ കാത്തിരിപ്പിൽ ഫുഡ് എത്തി .

ഇതിനിടയിൽ സലീമിന്റെ ഭാര്യയുമായി സംസാരിച്ചിരുന്നു പരിചയപ്പെട്ടു .സലീം വന്നിരുന്ന് കഥ പറച്ചിൽ തുടങ്ങി പഴയ കാല സ്കൂൾ ചരിത്രങ്ങൾ തമാശകൾ .

മൊബൈലെടുത്ത് പിന്നെ പഴയെ കാല സ്കൂൾ ഫോട്ടോകൾ കാണിച്ചു തന്നു .

അതെല്ലാം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു കുറച്ചു നേരത്തേക്ക് എന്റെ നിഷ്കളങ്കമായ കുട്ടിക്കാലം സുന്ദരി ആയി പാറി നടന്ന ആ കാലത്തേക്ക് എന്നെ കൂട്ടി കൊണ്ട് പോയി കുറച്ച് നേരത്തേക്ക് എന്റെ ചിന്തകൾ .

ഭക്ഷണം കഴിച്ച് കൈ കഴുകി വരുമ്പോളാണ് സലീം പറഞ്ഞത് ആയിശാ ഒരു കാര്യം കാണിക്കാൻ വിട്ടു പോയി നമ്മുടെ ക്ലാസ്സിലുണ്ടായിരുന്ന നജീബിനെ ഓർമ ഉണ്ടോ ?

ഇല്ല എന്തേ …. ക്ലാസ്സിൽ കുരുത്തക്കേടുകൾ കാട്ടിയിരുന്ന നജീബിനെ ആര് മറക്കാനാ ?
ഇപ്പോൾ ചെറിയ ഓർമ എന്താ കാര്യം ?

ആ നജീബ് വരച്ചതാ ഇത് ,ഞാൻ നോക്കുമ്പോൾ എന്റെ ചിത്രം .എന്റെ കുട്ടിക്കാലത്തെ മുഖം വരച്ച ചിത്രം ആയിരുന്നത്.

അവനെന്തിനാ എന്നെ വരച്ചത് .നീ ചിരിക്കരുത് കേട്ട് … പഴയ വട്ടുകൾ അവനിപ്പോഴും ഉണ്ട് ഒരു മാറ്റോം ഇല്ലാതെ .

നിനക്ക് വിഷമം തോന്നരുത് അവൻ നിന്റെ ആരാധകനായിരുന്നു .

നീ പിന്നെ സ്റ്റാർ ആയിരുന്നോണ്ട് അതൊന്നും അറിഞ്ഞിരുന്നില്ല എന്ന് മാത്രം .ചെക്കൻ വൺവേ പ്രേമമായിരുന്നു നിന്നോട് .നീ അവനെ തിരക്കിയെന്ന് അന്ന് ചുമ്മാ പറഞ്ഞാ മതി അപ്പോൾ അവന്റെ വക പഫ്സും ചായയും മേടിച്ചു തരും .

ഞങ്ങൾ വട്ടാണെന്നോർത്ത് അന്ന് ചിരിച്ചിരുന്നു
എന്നാൽ ഏറ്റവും വലിയ രസം അവൻ ഇപ്പോളും ഇത്ര വർഷം നിന്നെ കാണാഞ്ഞിട്ടും നിന്റെ ആരാധകനാ എന്നുള്ളതാണ് .

ഹ ഹ എനിക്ക് ആരാധകനോ ഇപ്പോഴും … അവന് വട്ടല്ല മുഴു വട്ടാ … അവൻ പിറകെ നടന്നത് പോലും ഞാനറിഞ്ഞില്ല എന്ന് മാത്രമല്ല ഓർമ്മയുമില്ല .

നീ അത് കാര്യമാക്കണ്ട ആയിശാ ഞങ്ങൾക്കും അറിയാം അവന് വട്ടാണ് ആ വട്ടിൽ ഒന്നാണല്ലോ നിന്റെ പത്താം ക്ലാസ്സിലെ മുഖം അവൻ ഇപ്പോഴും വരച്ചത് .

ഞങ്ങൾ ബോയിസ് മാത്രമുള്ള ഒരു ഗ്രൂപ്പുണ്ട് അതിലേക്ക് അന്ന് “എന്റെ മാറാത്ത പിരാന്ത് “എന്നും പറഞ്ഞ് വിട്ടതാ .ഞങ്ങൾ മറുപടി പറഞ്ഞതു അവന്ന് പ്രാന്താന്ന് തന്നാ .

അവനെവിടാ ഇപ്പോൾ …. അവനീ സൗദിയിലുണ്ട് .

ഈ മദീനക്ക് അടുത്ത് എവിടോ ഒരിടത്ത് … നിന്നെ കണ്ടെന്നും പറഞ്ഞ് വിളിച്ചാൽ അവൻ ഹെലികോപ്ടർ പിടിച്ചിങ്ങിത്തും .

അത്രക്കും വട്ടാ … നിന്റെ ഫോട്ടോ വരച്ചയച്ചിട്ട് ആറേഴ് മാസമേ ആയുള്ളു … പിന്നെ ഏറ്റവും വലിയ വിറ്റുണ്ട് … നിന്റെ കണക്കിരിക്കുന്ന പെണ്ണിനെ തേടി പെണ്ണ് കാണാൻ പോയത് .

ഇരുപത്തേഴ് പെണ്ണ് കണ്ടു .
എന്നിട്ടവന് പെണ്ണ് കിട്ടിയോ സലീമേ എന്നെ പോലൊരു പെണ്ണിനെ .

മേക്കപ്പിന് പരിധിയില്ലേ ആയിശാ … അല്ലാതെ തന്നെ പെണ്ണ് കിട്ടാൻ പാടാ അപ്പോഴാ നിന്റെ കണക്കിരിക്കുന്നോളെ കിട്ടുന്നത് .

പക്ഷെ എങ്ങനെയോ ഒരുത്തിയെ കിട്ടി കല്യാണവും കഴിഞ്ഞു .ആയിശാ നിനക്ക് പള്ളിയിലോട്ട് പോകണോ അതോ ഹോട്ടലിന്റ മുന്നിൽ ഇറക്കണോ ?
എന്നെ പള്ളിയിൽ വിട്ടാ മതി .കുറച്ചു നേരം ഇരുന്നിട്ട് ഹോട്ടലിൽ ഞാൻ പൊക്കോളാം .
അപ്പോൾ ശരി ആയിശ ,നമ്പർ താ നിന്റെ … ഞാൻ വിളിക്കാം … ഞാൻ നേരെ ദമ്മാമ്മിന് പോവുകയാ നിന്നെയവിടെ ഇറക്കിയിട്ട് ….
എന്നാ ശരി …സലിം സന്തോഷമായി കണ്ടതിൽ .

ആയിശാ നീ ഇങ്ങനെ നടന്നാ മതിയോ ഒറ്റക്ക് …
തൽക്കാലം ഇങ്ങനെ പോകട്ട് സലീമേ ….

സലീം പള്ളിക്ക് അടുത്തുള്ള പാർക്കിങ്ങ് ഏരിയയിൽ എന്നെയും മോളയും ഇറക്കി സലിം പോയി .

ഞാനും മോളും പള്ളിമുറ്റത്തേക്കും നടന്നു …. പിന്നെ രണ്ട് ദിവസം കഴിഞ്ഞ് ഞങ്ങൾ
മദീനയിൽ നിന്നും തിരികെ മക്കത്തെത്തി .

ഉംറ തീർത്ഥാടന വിടവാങ്ങൾ പ്രാർത്ഥനയോടെ, ജിദ്ദയിൽ നിന്നും ഫ്ലൈറ്റിൽ തിരികെ ദുബൈയിലെത്തി .സൂപ്പർമാർക്കറ്റിലെ പത്ത് ദിവസത്തെ കണക്കുകൾ ഒക്കെ സമാധാനത്തോടെ നോക്കി .

സാമും കുടുംബവും ബെർത്ത് ഡേ പാർട്ടിക്ക് ക്ഷണിച്ചു .യൂസുഫിന്റെ കടം വീട്ടി തുടങ്ങും തൊട്ട് ഞാൻ ഒരാളുടെയും ക്ഷണങ്ങൾ സ്വീകരിക്കാറില്ലായിരുന്നു .

കടങ്ങൾ ഏറി നിന്ന സമയങ്ങളിൽ പാർട്ടികളിലെ ചിരിയും വീമ്പു പറച്ചിലുകളും ഷോ കാണിക്കലും ഒരു സഹായം വേണ്ടി വരുമ്പോൾ ആ സൗഹൃദങ്ങൾ ഉപകരിക്കപ്പെടാതെ പോയതിൽ നിന്ന് ഞാൻ ഉൾക്കൊണ്ട പാഠങ്ങൾ തന്നെ കാരണം .

പക്ഷെ എന്നും സത്യസന്ധമായി ജോലി ചെയ്തിട്ടുള്ള ആളാണ് സാം .

കണക്കിലോ സ്വഭാവത്തിലോ ഒരു പാളിച്ചയും ഇന്നു വരെ വരുത്താത്ത ഒരാൾ അതു കൊണ്ട് ആ ക്ഷണം ഞാൻ സ്വീകരിച്ചു .നല്ല ഡ്രസ്സിൽ തന്നെ ഒരുങ്ങി ഞാനും മോളും .

പഴയ യൂസുഫിന്റെ സുഹൃത്തുക്കളുമുണ്ട് .അൽപം വൈകിപ്പോയി കാരണം ട്രാഫിക്ക് ബ്ലോക്കിൽ പെട്ടു .ഞാൻ വിളിച്ചു പറഞ്ഞെങ്കിലും ബർത്ത് ഡേ കേക്ക് മുറിക്കാതെ സാം എന്നെ കാത്തു നിന്നു .ഞാനെത്തിയതും സാം ഓടി വന്നു .

ഞാനും മോളും ഹാളിലേക്ക് .കേക്ക് മുറിക്കാൻ സമയമായെന്ന് സാമിന്റെ ഭാര്യ വിളിച്ചു പറഞ്ഞു .

അപ്പോഴേക്കും എല്ലാവരും വാതിൽക്കലേക്ക് ആണ് നോക്കിയത് .ഞാനും മകളും നടന്നു അകത്തേക്ക് നോക്കി കാലടികൾ എടുത്തു വെച്ചു .

പൂമ്പാറ്റയെ പോലെയുള്ള റോസ് വസ്ത്രത്തിൽ എന്റെ മകളും എന്റൊപ്പം പാറി പറന്നു കൊണ്ട് .ആ നിൽക്കുന്നവരുടെ വിവാദ നായിക ആയിശയും മകളുമാണ് വരുന്നത് .

എന്നെ ആനയിച്ച് സാമും .

കേക്കിനരികിലെത്തി ബർത്ത് ഡേ ബോയി കേക്ക് മുറിച്ചു കൈയ്യടികളോടെ .പിന്നെ സാം എന്നെയും മോളെയും മാത്രമായി അവിടെ നിരത്തിയിരുന്ന പല ടേബിളുകളിൽ ഒന്നിൽ ഇരുത്തി

.ഭക്ഷണത്തിൽ തന്നെ നോക്കി കഴിക്കുന്ന എനിക്കപ്പോൾ അവിടുത്തെ കാഴ്ചകൾ കാണാൻ രണ്ട് കണ്ണല്ല നൂറു കണ്ണുകളുണ്ട് ….. അതു പോലെ നൂന്നു കണ്ണും എന്നിലേക്കുമുണ്ടാകുമെന്ന് എനിക്കറിയാം എല്ലാവരുടെയും നോട്ടം എന്നിലേക്കുണ്ടെന്ന് .

ഞാൻ ഭക്ഷണം കുറച്ച് കഴിച്ച് ശേഷം സാമിന്റെ മകനെ വിളിച്ച് ഒരു മോതിരം സമ്മാനം നൽകി .കുറഞ്ഞതായിരുന്നില്ല അവിടെ കൂടിയവരിൽ എല്ലാരേക്കാൾ ഏറ്റവും വില കൂടിയതാകണം എന്ന നിർബന്ധത്തോടെ തന്നെയാണ് ഞാനത് വാങ്ങിയത് .

ആ ചെറിയ പെട്ടി തുറന്ന് സാമും ഭാര്യയും അത് പ്രദർശിപ്പിച്ചു മകന്റെ കൈയ്യിലിടുമ്പോൾ .

എന്നെ പരിഹാസത്തോടെ നോക്കിയിരുന്നവനും സഹായം ചോദിച്ചപ്പോൾ തിരക്കിലാണ് പിന്നെ വിളിക്കാന്ന് പറഞ്ഞവനും കൈയ്യടിക്കാതെ നിവൃത്തി ഇല്ലായിരുന്നു .

ഞാൻ ഇറങ്ങുമ്പോഴും വഴി തെളിച്ച് സാം മുന്നിലുണ്ടായിരുന്നു .ഇത് വെറും പ്രതികാരത്തിന് വേണ്ടി ആയിരുന്നില്ല ഞാൻ ചെയ്തത് കാരണം ഇത് കൊണ്ടെന്ത് പ്രതികാരം .

മറിച്ച് എന്റെ ഒപ്പം നിൽക്കുകയും അന്നും ഇന്നും എന്നെ തളളികളയാത്ത തള്ളി പറയാത്ത ഒരേ ഒരു വ്യക്തി അത് സാം മാത്രമാണ് .

വണ്ടിയിൽ കയറാൻ നേരം ആണ് ഒരു ശബ്ദം കേട്ടത് ആയിശാന്നുള്ള വിളി .എടുത്ത വണ്ടി നിർത്തി റിവേഴ്സ് എടുപ്പിച്ച് നോക്കുമ്പോൾ ” ഇസ് മുക്ക ” എന്താ ഇസ്മായിലിക്കാ .മോൾക്ക് സുഖം ആണോ ?

മോൾ എല്ലാം തരണം ചെയ്ത് കണ്ടപ്പോൾ സന്തോഷമായി …ഇസ്മായിലിക്ക ഇവിടെ …ഇവിടുത്തെ പരിപാടിയിൽ ഞാനുമുണ്ടായിരുന്നു മോളെ ….

നിന്നെ അന്ന് ബാങ്കിൽ കണ്ട ഓർമ്മ എനിക്കുണ്ട് നിന്റെ അന്നത്തെ മുഖവും ..

നീയിന്ന് രാജകുമാരിയെ കണക്കല്ല … ഒരു രാജാവിനെ പ്പോലെ ഇവിടെ വന്നിറങ്ങിയതും എല്ലാം ഞാനിരിന്ന് വീക്ഷിക്കുവായിരുന്നു .മോളെന്നെ കണ്ട് കാണില്ല .

അതിനിടയിൽ വരണ്ടാന്ന് കരുതി മാറി ഇരുന്നു ,ഇറങ്ങുമ്പോൾ കാണാമല്ലോ ?

ഇസ് മുക്കാ ഞാൻ അഹങ്കാരി ഒന്നുമല്ല പഴയ ആ ആയിശ തന്നാ .എനിക്കറിയാം മോളെ …
ഇസ്മായിലിക്കാക്ക് സുഖമല്ലേ .

പടച്ചോന്റെ ഖുദ്റത്ത് കൊണ്ട് സുഖം .എന്തേലും ഉണ്ടേൽ പറയണേ ഇസ്മായിലിക്കാ ….ഒന്നുമില്ല മോളെ സുഖം …. എല്ലാം ഒതുങ്ങി സ്വസ്ഥം ..അടുത്ത് എല്ലാം മതിയാക്കി നാട്ടിൽ പോകണം അതേ മനസ്സിൽ ഉള്ളൂ.

പിറ്റേന്ന് സാമിന്റെ നന്ദിയും പ്രശംസകളും.. തലേന്നത്തെ പാർട്ടിയെ പറ്റി അഭിപ്രായങ്ങൾ പറയലും അഭിപ്രായം ചോദിക്കലും ഒക്കെ കേട്ട് ഇരിക്കുകയായിരുന്നു .

ഇതിനിടയിലാണ് ഫോണിൽ അറിയത്തിക്കുട്ടി ആമി വിളിക്കുന്നത് .
ഹലോ …..

ഹലോ .. നീ എവിടാ മോളേ നീയെന്താ ഇത്താത്തയെ വിളിക്കാത്തത് .
അകത്തേക്ക് വരാമോ?

നീ അതിന് എവിടാ മോളേ …
ഞാൻ സൂപ്പർമാർക്കറ്റിന് വെളിയിൽ ഉണ്ട് … അകത്തേക്ക് വരാമോ ?

അവൾ എന്താണാവോ സൂപ്പർമാർക്കറ്റിന് പുറത്ത് നിന്ന് വിളിച്ച് ഒരു അനുവാദം ചോദിക്കൽ? അപ്പോൾ നേരെ ചൊവ്വേ അല്ല വന്നിരിക്കുന്നത് എന്ന് മനസ്സിലായി .വിട്ടുകൊടുക്കാതെ മറുപടി പറഞ്ഞു ഞാൻ .

സൂപ്പർ മാർക്കറ്റല്ലേ നിറയെ സാധനഞളും ഉണ്ട് അതിന് ഫോണിൽ പെർമിഷൻ ചോദിക്കണ്ട ആവശ്യമില്ല .നിനക്കെന്നല്ല ആർക്കും കയറി വരാം .
അവൾ നടന്നു വന്നു .

എനിക്ക് നിങ്ങളോടാ സംസാരിക്കണ്ടത് അല്ലാതെ സാധനം വാങ്ങാൻ അല്ല വന്നത് .
ഓക്കെ ……. സംസാരിക്കൂ എന്താ ഇന്ന് വേണ്ടത് .അല്ല അറിയണ്ടത് ഇത്താത്ത ഇനി വീണ്ടും വല്ല അറബിക്കൊപ്പം പോയോ എന്ന് വല്ലോം ആണോ?

അങ്ങിനെ പോകായിരുന്നു. നിന്നെയൊന്നും വക വെച്ചില്ലാർന്നേൽ ….
നിർത്ത് എനിക്ക് നിങ്ങടെ വീരകഥകൾ കേൾക്കണ്ട. അതിനല്ല ഞാൻ വന്നത് .

അവൾ മേശപ്പുറത്ത് തോളിൽ നിന്നെടുത്ത ബാഗ് വെച്ച് സിപ്പ് തുറന്ന് ഒരു പൊതി എടുത്ത് വച്ചു .
ഇത് ഒപ്പിക്കും വരെ എനിക്ക് സമാധാനമില്ലായിരുന്നു .

എനിക്ക് അഴിഞ്ഞാടി നടക്കുന്ന കണ്ടവളുമാരുടെ ഇടപാടുകൾ വെച്ച് ഉറങ്ങാൻ കഴിയില്ല .
ഇതെന്താണ് ഈ പൊതി ?

നിങ്ങൾ എനിക്ക് വേണ്ടി ചിലവാക്കിയ വിസയുടെ കാശും എനിക്ക് വരാൻ ചിലവാക്കിയ ടിക്കറ്റിന്റെ കാശും .

ഇനി എനിക്ക് പോകാമല്ലോ. ഇപ്പോൾ എനിക്ക് കുറച്ച് സമാധാനമായി …. അപ്പോൾ ശരി… കാണാം .. അല്ലേ വേണ്ട കണ്ടില്ലേലും കുഴപ്പമില്ല .ഇതും പറഞ്ഞ് കൊണ്ട്
ആമി നടന്നു നീങ്ങി .

സാമും ഞാനും ഇതെല്ലാം കണ്ട് മിണ്ടാതെ നോക്കി നിൽക്കുയായിരുന്നു അവളുടെ മുഴുവൻ പ്രകടനങ്ങളും .

ഒന്ന് നിന്നേ ആമിന.
ഇനി എന്താ നിങ്ങൾക്ക് വേണ്ടത് .

ഇങ്ങ് വരൂ ഈ പൊതിയിലെ പണം എണ്ണി നോക്കട്ട് മുഴുവനായിട്ട് ഉണ്ടോന്ന് .

ഞാൻ ആരെയും വഞ്ചിക്കാറില്ല എന്നും പറഞ്ഞ് ആമി എന്റെടുക്കൽ അടുത്തെത്തി
കൈയ്യെടുത്ത് വീശി മുഖത്തടക്കം ഒന്ന് കൊടുത്തു .

എണ്ണടീ ഈ പണം വിസയും ടിക്കറ്റുമെല്ലാത്തിനുമുള്ള പണം ഉണ്ടെന്ന് നീ പറഞ്ഞല്ലോ ? എവിടെ നീ ഈ ജോലി നേടാൻ കോഴ്സിന് പോയ പണം .

ആ സമയത്തെ പുസ്തകത്തിന്റെയും വസ്ത്രങ്ങളുടെയും, നീ പറയുമ്പം പറയുമ്പം ഓരോന്നിന് അയച്ച് തന്ന പണം .എവിടെ അത് എല്ലാം …. ആമി അന്തം വിട്ട് എന്റെ മുഖത്തേക്ക് നോക്കി നിന്നു .

ഞാൻ അവൾ ധരിച്ചിരുന്ന ഷർട്ടിന്റെ കോളറിൽ പിടിച്ചു എവിടെ എന്റെ പണം നീ പറഞ്ഞില്ലേ പിഴച്ചവൾ എന്ന് അങ്ങിനെ പിഴച്ചു നാക്കിയ എന്റെ കാശ് നീ ഇന്നിവിടെ വെച്ചിട്ട് പോയാൽ മതി .എനിക്കിപ്പോൾ തന്നെ കിട്ടണം എല്ലാം ചേർത്ത്.

മാഡം ആളുകൾ നോക്കുന്നു സാം ഇടക്ക് കയറി പറഞ്ഞു .വിടൂ മാഡം അവൾ പൊക്കോട്ട് .

ഇവളെ അങ്ങിനെ വിടാനോ …മാറി നിൽക്കൂ സാം
ഞാനവളെയും വലിച്ച് കൊണ്ട് ഓഫീസ് റൂമിന്റെ വാതിൽ ഒരു കൈ കൊണ്ട് തുറന്നു ആ ഉടുപ്പിൽ നിന്ന് പിടി വിടാതെ തന്നെ വലിച്ചു കേറ്റി ഡോർ അടച്ചു .

ആമിനാ എവിടെ എന്റെ ബാക്കി കാശ് .

എന്റെ ഉപ്പാക്കും ഉമ്മാക്കും നിനക്കും ഞാൻ പിഴച്ചവൾ അല്ലേ ? അങ്ങനെ പിഴച്ച് തന്നെന്ന് പറയുന്ന മുഴുവൻ പൈസയും ഇപ്പോൾ വെക്കണം നീ .

അല്ലാതൊരടി ഇവിടം വിട്ടു പോകാൻ ഞാൻ അനുവദിക്കില്ല .

കടം കയറി ജപ്തിയിൽ വീടും പറമ്പും എല്ലാം നഷ്ടപ്പെട്ട് നീയൊക്കെ ഫാൻസി വളയും മാലയും ഇട്ട് ഇനി പഠിക്കാൻ പോകാൻ പോലും വഴിയില്ലാതെ വീട്ടിൽ ഇരുന്നത് മറന്നോ നീയ്യ് .

അപ്പോൾ ചോദിക്കും ആ കടങ്ങൾ ഏതാ എന്ന് ?
അത് എനിക്ക് ആരെങ്കിലും തന്നതാണോ ?

ഞാനും മോളും തിന്നതാണോ ആ കാശ് .
വ്യവസായി ആയ മരുമകന് കൊടുത്തതല്ലേ …

എനിക്കെന്ത് വ്യവസായി അയാളുടെ ഇവിടുത്തെ കടങ്ങളും ഞാൻ വീട്ടി ,നീയൊക്കെ
വഴിയാധാരമാകാതെയും അയാൾ വഴി ഉണ്ടാക്കിയ ആ കടവും വീട്ടി തന്നു .എന്നിട്ടോ അയാൾ എന്നോട് നന്ദിയോ നീതിയോ പുലർത്തിയോ ..

മരിക്കും മുമ്പ് നീതിമാനെ പോലെ സ്വന്തം ഉമ്മാനെ വിളിച്ചു അയാളും പറഞ്ഞു കാണും നിന്നെപ്പോലെ എന്നെക്കുറിച്ച് പലതും .നിന്നെ പഠിപ്പിക്കാൻ വിട്ടു ഒരു ജോലിയാക്കി തന്നു .

മറ്റവളെയും പഠിക്കാൻ വിട്ടു … എന്നോട് വഴക്കിട്ടിട്ടും തിന്നാനും കുടിക്കാനും എല്ലാ ചിലവിനും അയച്ചു കൊടുക്കുന്നു അതൊന്നും എന്നോട് ചോദിച്ചില്ലേലും എന്നോട് സുഖമാണോന്ന് ഒരിക്കലും വിളിച്ചു തിരക്കിയില്ലേലും .

എന്തേ നിന്റെ ഉപ്പ നാട്ടിലെ പണക്കാരൻ സേട്ടു വല്ലതും ആണോ ഞാനയക്കാത്ത പണം കൊണ്ട് എല്ലാം ചെയ്യാൻ ?

ജോലി ചെയ്ത് നീ രക്ഷപ്പെടണം അവളും രക്ഷപ്പെടണം അത്രേ എനിക്കുള്ളൂ… അല്ലാതെ എനിക്ക് പിഴക്കാതെ ഇവിടെ ജീവിക്കാമായിരുന്നു റാണി ആയിട്ട്.

ആയിശ ഒരുവിധം ഉള്ള ജീവിത കോഴ്സുകൾ പൂർത്തിയാക്കി കഴിഞ്ഞെന്ന് നീ ഉപ്പായെയും ഉമ്മായെയും വിളിക്കുമ്പോൾ പറഞ്ഞ് കൊടുത്തേക്ക് .

ഭയവ് ചെയ്ത് ശല്യം ചെയ്തില്ലേലും ഇനിയെങ്കിലും എല്ലാവരും കൂടി സ്വസ്ഥമായി എന്നെയങ്ങ് വിട്ടേരെ .

ഇപ്പോൾ നിനക്ക് കണക്കുകൾ ഏകദേശം മനസ്സിലായെങ്കിൽ ആ പൊതിയും എടുത്ത് നിനക്ക് പോകാം .

ആമി തറയിൽ ഇരുന്ന് പൊട്ടി പൊട്ടിക്കരഞ്ഞു.

ഞാനിതിൽ കൂടുതൽ കരഞ്ഞിട്ടുണ്ടിവിടെ ഇരുന്ന് .അതു കൊണ്ട് ഈ മുറിക്ക് പോലും നിന്റെ ഈ കരച്ചിലിന് മൂല്യം ഉണ്ടാകില്ല .അത്രക്ക് കരഞ്ഞിട്ടുണ്ട് ഈ ആയിശ .അതു കൊണ്ട്
എണീറ്റ് പോകാം നിനക്ക് .

പോയില്ലേൽ ഞാൻ പിടിച്ചിറക്കും .

ഇത്രയും പറഞ്ഞത് ഒരു വയറ്റിൽ പിറന്ന കൂടെ പിറപ്പിനേക്കാൾ നാട്ടുകാരുടെ വാക്കും കേട്ട് യുദ്ധത്തിനിറങ്ങുന്ന നിന്നെ പോലുള്ളോരെടുത്ത് എനിക്ക് വെറും സഹതാപമാ ഇപ്പോൾ .

അങ്ങനെ ഉള്ളോർക്കുള്ള അടി കൊടുത്തില്ലേൽ അവരത് ആവർത്തിക്കും .
ഒരു ചൊല്ലുണ്ട് ,
………………
“അമ്പ് കൊണ്ടേറ്റ മുറിവു ഞാനറിഞ്ഞിരുന്നില്ല ,പക്ഷെ ആ അമ്പ് തൊടുത്തു വിട്ട വില്ലു പിടിച്ചിരിക്കുന്നത് എന്റെ എറ്റവും പ്രിയപ്പെട്ടവരുടെ കൈയ്യാണന്നറിഞ്ഞപ്പോഴാണ് എനിക്കേറ്റ മുറിവിന്റെ ആഴവും വേദനയും മനസ്സിലായത് ”
……………..

ആമിന എണീറ്റു ……. എന്റെ കാലിൽ വീണു .ഇത്താത്ത എനിക്ക് പൊറുത്തു തരണം.
ആമീ നീ എണീക്ക് …നീ ഇപ്പോൾ ഇവിടെ വരുമ്പോൾ എടുത്തിരുന്ന തീരുമാനങ്ങൾ …അതാണ് ശരി … അത് തന്നെയാ ശരി .

അതിൽ ഒരു മാറ്റം മാത്രം വരുത്തിയാൽ മതി .ആ പണം നിന്റെ അക്കൗണ്ടിൽ ഇട്ട് കളയാതെ സൂക്ഷിക്കുക .
എന്നിട്ട് ഒറ്റക്ക് പൊരുതുവാൻ പഠിക്കുക .

ആമിന നടന്ന് വന്നപ്പോൾ .കൈയ്യിൽ പിടിച്ചിരുന്ന പൊതി സാം നീട്ടി .അവളത് വാങ്ങി ബാഗിലിട്ട് നടന്നിറങ്ങി…..

ഒരു പുഞ്ചിരിയോടെ അതും നോക്കി ആയിരുന്നു ഞാൻ നിന്നത് .

തുടരും

ആഇശ: ഭാഗം 1

ആഇശ: ഭാഗം 2

ആഇശ: ഭാഗം 3

ആഇശ: ഭാഗം 4

ആഇശ: ഭാഗം 5

ആഇശ: ഭാഗം 6

ആഇശ: ഭാഗം 7

ആഇശ: ഭാഗം 8

ആഇശ: ഭാഗം 9