Wednesday, May 22, 2024
Novel

പ്രിയനുരാഗം – ഭാഗം 4

Spread the love

നോവൽ
എഴുത്തുകാരി: ഐഷണി മഹാദേവ്

Thank you for reading this post, don't forget to subscribe!

“ആഹാ നല്ല സ്മെൽ .ഇന്ന് പുട്ടും കടലക്കറിയും ആണെന്ന് തോന്നുന്നു .” ഇതും പറഞ്ഞുകൊണ്ട് മേലെ നിന്നും ഇറങ്ങി വന്ന കിച്ചു നേരെ അടുക്കളയിലേക്ക് നടന്നു .

അവിടെ സാവിത്രി തിരക്കിട്ടു പാചകത്തിൽ ആണ് .

സഹായിക്കാൻ വരുന്ന ലക്ഷ്മിയും ഉണ്ട് . സാവിത്രി ഇടക്കിടക്ക് ക്ലോക്കിലേക്ക് നോക്കുന്നുണ്ട് .

ഇത് കണ്ടുകൊണ്ടാണ് കിച്ചു അടുക്കളയിൽ എത്തിയത് .
“ഇതെന്താ പുട്ടിനു ആവി വരാൻ ടൈമിംഗ് നോക്കുവാണോ അമ്മ .” കിച്ചു ചിരിച്ചുകൊണ്ട് ചോദിച്ചു .

“ദേവു മോള് വരുമെന്ന് പറഞ്ഞിട്ട് കാണുന്നില്ല്യല്ലോ .” സാവിത്രി പരിഭവം പറഞ്ഞു .
” എന്റെ അമ്മേ സമയം രാവിലെ 7 മണി ആവുന്നേ ഉള്ളു .

ദേവു ചേച്ചി എന്നെ പോലെ നേരത്തെ എഴുന്നേൽക്കണം എന്നൊന്നും ഇല്ല .എല്ലാവരും എന്നെ പോലെ ആവുമോ .” കിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു .

“അല്ല ഇന്നെന്താ എന്റെ മോൻ ഇത്ര നേരത്തെ അല്ലെങ്കിൽ ഉച്ചക്ക് അല്ലെ എഴുന്നേറ്റു വരാറുള്ളൂ .” സാവിത്രി ചോദിച്ചു .

“ഹിഹിഹി … ഉറക്കം പോയി .പിന്നെ എഴുന്നേറ്റു പോന്നു .അമ്മ ഒരു കോഫി തന്നേ .” കിച്ചു ഇളിച്ചുകൊണ്ട് പറഞ്ഞു .

“അവിടെ നിൽക്ക് ഇപ്പോ തരാം .കണ്ണൻ ജോഗിങ് കഴിഞ്ഞു വന്നോ ?” സാവിത്രി ചോദിച്ചു .
“ഞാൻ കണ്ടില്ല .അച്ഛൻ എവിടെ .?” കിച്ചു ചോദിച്ചു .

“ഇതാ കോഫി .അച്ഛൻ ഗാർഡനിൽ ഉണ്ട് . പത്രം വായിക്കുവാ . ഞാൻ അച്ഛന് കോഫി കൊടുത്തു വരാം .” സാവിത്രി അതും പറഞ്ഞു കോഫി കൊണ്ട് പുറത്തേക്ക് നടന്നു .

കിച്ചുവും അവരുടെ കൂടെ പോയി . സാവിത്രി കൃഷ്ണന് കോഫി കൊടുത്തു .

“സാവിത്രി കാക്ക മലർന്നു പറക്കുന്നുണ്ടോന്ന് ഒന്ന് നോക്കിക്കേ .പതിവില്ലാത്ത പലതും ആണ് നടക്കുന്നത് .” കൃഷ്ണൻ കിച്ചുവിനെ കളിയാക്കി കൊണ്ട് പറഞ്ഞു . കിച്ചു ഒന്ന് ഇളിച്ചു .
“ദേവു മോള് എപ്പഴാ വരാ കൃഷ്ണേട്ടാ ” സാവിത്രി ചോദിച്ചു .

“നേരം പുലർന്നല്ലേ ഉള്ളു സാവിത്രി .നീ വേണമെങ്കിൽ ഒന്ന് ഫോൺ ചെയ്ത് നോക്ക് .നമ്പർ തന്നിട്ടല്ലേ മോള് പോയത് .” കൃഷ്ണൻ പറഞ്ഞു .

സാവിത്രി വേഗം കൃഷ്ണന്റെ ഫോൺ എടുത്ത് പ്രിയയെ വിളിച്ചു .അപ്പോഴാണ് ജോഗിങ് കഴിഞ്ഞു ഗൗതം അങ്ങോട്ട് വന്നത് .

“അമ്മ ആരോടാ രാവിലെ തന്നെ ഫോണിൽ സംസാരിക്കുന്നത് .?” ഗാർഡനിലെ ഊഞ്ഞാലിൽ കൃഷ്ണന്റെ അടുത്തു വന്നിരുന്നുകൊണ്ട് ഗൗതം ചോദിച്ചു .

“അത് ദേവു ചേച്ചിയോടാ .ദേവു ചേച്ചി എപ്പോൾ വരുമെന്ന് അറിയാതെ അമ്മക്ക് ഒരു സമാധാനം ഇല്ല .” കിച്ചു പറഞ്ഞു . ഗൗതം ഒന്നും മിണ്ടിയില്ല .

“മോള് വേഗം വരാമെന്നു പറഞ്ഞു .ഇവിടെ വന്നു ബ്രേക്ഫാസ്റ് കഴിച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞിട്ടുണ്ട് .” സാവിത്രി ഫോൺ കട്ട് ചെയിതുകൊണ്ട് വന്നു പറഞ്ഞു . ഗൗതം ഒന്നും മിണ്ടാതെ വീടിനകത്തേക്ക് പോയി .

‘അവൾ ഇങ്ങോട്ട് വരുന്നതിനു മുൻപ് ഓഫീസിൽ പോവണം .’ ഗൗതം മനസ്സിൽ പറഞ്ഞ് അവരുടെ ജിം റൂമിൽ പോയി സ്ഥിരം വർക്ക് ഔട്ട് ചെയിതു .

കുളിച്ചു റെഡി ആയി ഓഫീസിൽ പോകാൻ താഴേക്ക് വന്നു .

സാവിത്രിയും കൃഷ്ണനും സിറ്റ് ഔട്ടിൽ ഗേറ്റിലേക്ക് നോക്കി ഇരിക്കുന്നതാണ് താഴേക്ക് ഇറങ്ങി വന്ന ഗൗതം കാണുന്നത് .

“അമ്മേ എനിക്ക് ബ്രേക്ഫാസ്റ് തന്നേ ഞാൻ ഓഫീസിൽ പോവാണ് . ” ഗൗതം പറഞ്ഞു .
“ദേവുമോൾ ഇപ്പൊ വരും നമുക്കു എല്ലാവര്ക്കും ഒരുമിച്ചിരുന്നു കഴിക്കാം .നീ ഒന്ന് വെയിറ്റ് ചെയ്തേ കണ്ണാ .” സാവിത്രി പറഞ്ഞു .

“എനിക്ക് പോവണം അമ്മ എനിക്ക് ബ്രേക്ക് ഫാസ്റ്റ് എടുത്ത് തന്നേ .” ഗൗതം വാശി പിടിച്ചു കൊണ്ട് പറഞ്ഞു .

“നിനക്കു എന്താ കണ്ണാ ഇത്ര തിരക്ക് ഞാനും ഓഫീസിലേക്ക് തന്നെ ആണ് .ഒരുമിച്ച് ഇറങ്ങാം .” കൃഷ്ണൻ പറഞ്ഞു .

തിരിച്ചു പറയാൻ കാരണങ്ങൾ ഒന്നും കിട്ടാതെ ഗൗതമിനു ദേഷ്യം വരുന്നുണ്ടായിരുന്നു .
‘അവള് വരുന്നതിനു മുൻപ് പോകാം എന്ന് വെച്ചാൽ അതും നടക്കുന്നില്ലലോ .

ഇനി കണ്ടാലും അറിയാത്ത പോലെ തന്നെ നിന്നാൽ മതി .അവൾക്കു ചിലപ്പോൾ തന്നെ ഓർമ ഇല്ലെങ്കിൽ താനായിട്ട് ഓര്മിപ്പിക്കണ്ട .

അമ്പലത്തിൽ വെച്ചും റെസ്റ്റോറന്റിൽ വെച്ചും രണ്ടു നോട്ടം കണ്ടതല്ലേ ഉള്ളു .ഓർമ കാണില്ലായിരിക്കും . ‘ ഗൗതം ചിന്തിച്ചു .

അപ്പോഴാണ് പ്രിയ തന്റെ ഹിമാലയൻ ബൈക്കിൽ അങ്ങോട്ട് വന്നത് .

സിറ്റ് ഔട്ടിൽ നിൽക്കുന്ന അവരെ മൂന്നുപേരെയും നോക്കി പുഞ്ചിരിച്ചു .

ഗൗതം അവളെ നോക്കാതെ അകത്തേക്ക് കയറി പോയി . ‘ ഇയാൾക്ക് ഇത് എന്തോന്നാ ഇത്ര ജാഡ . എന്നെ ഓർമ ഇല്ലായിരിക്കുമോ .അതിനു വഴിയില്ലലോ .

അന്ന് അമ്പലത്തിൽ വെച്ചും റെസ്റ്റോറന്റിൽ വെച്ചും നോക്കി നിന്നത് ഞാൻ കണ്ടതാ .കാട്ടുകോഴി ! അന്ന് ലാലേട്ടന്റെ ഡയലോഗ് പറഞ്ഞത് ആലോചിച്ചു ഇപ്പോഴും ഞാൻ ചിരിക്കാറുണ്ട് . പിന്നിയാളിതെന്തോന്ന് ഇങ്ങനെ .ജാഡ തെണ്ടി .’

പ്രിയ ഇതും ചിന്തിച്ചു ബൈക്കിൽ തന്നെ ഇരിക്കുമ്പോൾ ആണ് സാവിത്രി അടുത്തേക്ക് വന്നത് .
“മോളെന്താ ഇറങ്ങാതെ ഇരിക്കുന്നെ ” സാവിത്രി ചോദിച്ചു .

“ഒന്നൂല്യ അമ്മെ .ഞാൻ ചുമ്മാ .” പ്രിയ പറഞ്ഞൊപ്പിച്ചു ബൈക്കിൽ നിന്ന് ഇറങ്ങി . സാവിത്രി അവളെയും കൂട്ടി അകത്തേക്ക് നടന്നു .കൂടെ കൃഷ്ണനും .

“ദേവു ചേച്ചി വന്നോ .വേഗം വാ ഫുഡ് കഴിക്കാം .ചേച്ചി വന്നിട്ടേ ഫുഡ് തരൂന്ന് പറഞ്ഞു അമ്മ പിടിച്ചിരുത്തിയതാ .വിശന്നിട്ടു വയ്യിയ .

ഇന്ന് അറിയാതെ നേരത്തെ എഴുന്നേറ്റു പോയി .അതോണ്ട് ഭയങ്കര വിശപ്പു .വന്നേ .” അതും പറഞ്ഞു പ്രിയയെയും പിടിച്ചു വലിച്ചു കിച്ചു ഡൈനിങ്ങ് ടേബിൾ ലക്ഷ്യമാക്കി നടന്നു .സാവിത്രിയും കൃഷ്ണനും അവർക്ക് പിറകെ പോയി .

“കണ്ണാ നീ വരുന്നില്ലേ .” അവിടെ സോഫയിൽ തന്നെ ഇരിക്കുന്ന ഗൗതമിനോട് കൃഷ്ണൻ ചോദിച്ചു .
“ആ വരുന്നു. ” എന്ന് പറഞ്ഞു ഗൗതവും എഴുന്നേറ്റു ചെന്ന് .

“നിങ്ങളെല്ലാവരും ഇരിക്ക് ഞാൻ സെർവ് ചെയ്‌യാം .” പ്രിയ പറഞ്ഞു .
“മോളിരുന്നോ അമ്മ വിളമ്പിക്കോളാം .” സാവിത്രി പറഞ്ഞു .

“നിങ്ങളിൽ ആരെങ്കിലും ഒന്ന് വിളമ്പുമോ .എനിക്ക് വിശന്നിട്ട് വയ്യ.” കിച്ചു പറഞ്ഞു .

“സാവിത്രികുട്ടി അവിടിരിക്ക് .ഞാൻ വിളമ്പാം .” പ്രിയ ചിരിച്ചുകൊണ്ട് പറഞ്ഞ് എല്ലാവര്ക്കും വിളമ്പാൻ തുടങ്ങി .

ഗൗതമിനു വിളമ്പാൻ പോയപ്പോൾ അവൻ വേണ്ട ഞാൻ എടുത്തോളാം എന്ന് പറഞ്ഞ് ഒരു കഷ്ണം പുട്ടു എടുത്ത് പ്ലേറ്റിലേക്ക് ഇട്ടു കറി എടുത്ത് ഒഴിച്ചു .

അവന്റെ ആ പെരുമാറ്റം കൃഷ്ണനും സാവിത്രിക്കും വിഷമം ഉണ്ടാക്കി .പ്രിയക്ക് വിഷമമായിട്ടുണ്ടാവുമോ എന്നായിരുന്നു അവർക്ക് . പക്ഷെ പ്രിയ അവരെ നോക്കി കണ്ണിറുക്കി കാണിച്ചു .

അവളും വന്നു സാവിത്രിക്ക് അരികിൽ ഇരുന്നു .സാവിത്രി അവൾക്ക് വിളമ്പി കൊടുത്തു .
“ദേവു ചേച്ചി ഒന്നും വിചാരിക്കണ്ട കിണ്ണന് പുട്ടു എന്ന് വെച്ചാൽ പ്രാന്താണ് .

ചേച്ചി വിളമ്പിയാൽ കുറഞ്ഞു പോയാലോന്ന് വിചാരിച്ചാണ് .കണ്ടില്ലേ ഇരുന്നു തട്ടുന്നത് . ” കിച്ചു ഗൗതമിനെ കളിയാക്കി കൊണ്ട് പറഞ്ഞു .

ഗൗതം അവനെ കൂർപ്പിച്ചു നോക്കിയിട്ട് ഭക്ഷണത്തിൽ കോൺസെൻട്രേറ്റ് ചെയിതു .
ഗൗതം ഒഴികെ ബാക്കി എല്ലാവരും ചിരിച്ചു .

“എനിക്കും പുട്ടു ഭയങ്കര ഇഷ്ട്ടമാണ് .” പ്രിയ പറഞ്ഞു . പ്രിയ അത് പറഞ്ഞതും ഗൗതം ചുമച്ചു .
“ഒന്ന് പതുക്കെ കഴിക്ക് കണ്ണാ .

നിനക്കു ഉള്ളത് ആരും എടുത്തോണ്ട് പോവില്ല .” കണ്ണന് വെള്ളം എടുത്ത് കൊടുക്കുന്നതിന്റെ ഇടക്ക് കിച്ചു അവനെ കളിയാക്കി പറഞ്ഞു .

ഭക്ഷണം കഴിച്ചു എല്ലാവരും ലിവിങ് റൂമിൽ ഇരുന്നു സംസാരിക്കുകയായിരുന്നു .

ഗൗതം മാത്രം അതിൽ നിന്നും മാറി നിന്നു .അവൻ ഫോണിൽ എന്തോ നോക്കുന്ന തിരക്കിൽ ആണ് പക്ഷെ ശ്രദ്ധ മുഴുവൻ അവിടെ സംസാരത്തിൽ ആണെന്നു മാത്രം .!

അവൻ ഇടക്കിടക്ക് കൃഷ്ണന്റെ അടുത്തു വന്നു ഓഫീസിൽ പോകാമെന്നു പറയുന്നുണ്ട് .

കൃഷ്ണനാണെങ്കിൽ പ്രിയയോട് സംസാരിച്ചു തീരുന്നതും ഇല്ല്യ .ഒടുവിൽ അവന്റെ ശല്യം കൂടി കൂടി വന്നപ്പോൾ പോയിട്ട് വരാം എന്ന് പറഞ്ഞു പ്രിയയുടെ തലയിൽ ഒന്ന് തലോടി കൃഷ്ണൻ ഇറങ്ങി .കൂടെ ഗൗതവും .

പ്രിയ സാവിത്രിയുടെ കൂടെ അടുക്കളയിലേക്ക് പോയി .കിച്ചു ടിവി കാണാൻ തുടങ്ങി . ലക്ഷ്മിയെ പ്രിയയ്ക്ക് സാവിത്രി പരിചയപ്പെടുത്തി കൊടുത്തു .

ലക്ഷ്മിക്കും അവളുടെ പെരുമാറ്റം ഒരുപാട് ഇഷ്ട്ടമായി . സാവിത്രിയെ പാചകത്തിൽ സഹായിക്കുകയായിരുന്നു പ്രിയ . “മോള്ക്ക് കുക്കിംഗ് ഒക്കെ അറിയാലോ .” ലക്ഷ്മി ആണ് .

“അമ്മേടെ കൂടെ ഞാനാണ് കിച്ചണിൽ സഹായിക്കാറ് . അമ്മ ചെയ്യുന്നതൊക്കെ നോക്കി പഠിച്ചിട്ടുണ്ട് .” പ്രിയ പറഞ്ഞു .

“ജാനകി നന്നായി പാചകം ചെയ്‌യും .അവള് വെയ്ക്കുന്ന എല്ലാത്തിനും പ്രത്യേക രുചിയാണ് . ആ കൈപ്പുണ്യം മോൾക്കും കിട്ടിയിട്ടുണ്ട്. ”

പ്രിയ ഉണ്ടാക്കിയ കറി ടേസ്റ്റ് ചെയിതു കൊണ്ട് സാവിത്രി പറഞ്ഞു .ജാനകിയുടെ ഓർമയിൽ അവരുടെ രണ്ടുപേരുടെയും കണ്ണ് നിറഞ്ഞു .

പ്രിയ സാവിത്രി അത് കാണാതിരിക്കാൻ “ഞാൻ കിച്ചു എന്ത് ചെയ്യുവാന്ന് നോക്കട്ടെ ” എന്നും പറഞ്ഞു പുറത്തേക്ക് നടന്നു .

കിച്ചു ഫോണിൽ കളിച്ചുകൊണ്ട് ടീവി കാണുകയാണ് .
പ്രിയയും വന്നു സോഫയിൽ ഇരുന്നു .

“ചേച്ചിടെ കണ്ണെന്താ കലങ്ങി ഇരിക്കുന്നെ .” കിച്ചു പ്രിയയെ നോക്കി കൊണ്ട് പറഞ്ഞു .
“ആ ..അത് .. കിച്ചണിൽ നിന്ന് പുക കണ്ണിൽ കൊണ്ടതാവും .” പ്രിയ പറഞ്ഞു .

“അതിനു ഇവിടത്തെ കിച്ചണിൽ എവിടെയാ അടുപ്പ് .!” കിച്ചു ചോദിച്ചു .

“നീ ഒന്ന് എന്നെ ഈ വീടൊക്കെ ഒന്ന് കാണിച്ചേ .ഞാൻ വന്നിട്ട് ഒന്നും കണ്ടില്ല .” പ്രിയ ഒഴിഞ്ഞു മാറാനായി പറഞ്ഞു കിച്ചുവിനെയും കൂട്ടി മുകളിലേക്ക് നടന്നു .

പ്രിയക്ക് ആ വീട് ഭയങ്കരമായി ഇഷ്ട്ടപെട്ടു .നല്ല കൺസ്ട്രക്ഷൻ നല്ല രീതിയിൽ ഇന്റീരിയർ ചെയിതിട്ടുണ്ട് . ബാൽക്കണി നിറയെ ചെടികളാണ് .

“നിന്നെ കണ്ടാൽ ഇവിടൊന്നും വരുന്ന ലക്ഷണമില്ലല്ലോ ” മേലെ സെറ്റ് ചെയിത ജിം കണ്ടുകൊണ്ട് ചോദിച്ചതാണ് പ്രിയ .

“ഇത് കണ്ണന്റെ ആണ് .അവനെ കണ്ടില്ലേ അവൻ വല്ല്യ വർക്ക് ഔട്ട് ഒക്കെ ആണ് .എനിക്ക് മടിയാണ് .

ആരെക്കാണിക്കാനാ അവനീകിടന്നു തലകുത്തിമറയുന്നെന്ന് എനിക്ക് അറിഞ്ഞൂടാ . സന്യാസിക്ക് 6 പാക്ക് ഒക്കെ എന്തിനാണാവോ .”

കിച്ചു പറയുന്നത് കേട്ട് പ്രിയ സംശയത്തോടെ അവനെ നോക്കി .

“ആ ചേച്ചിക്ക് അറിയില്ലല്ലോ .അവനു പ്രാന്താ . അവൻ കല്യാണം ഒന്നും കഴിക്കില്ല പോലും .അവനു പ്രേമം കല്യാണം അതിലൊന്നും വിശ്വാസം ഇല്ലന്ന് .

അവന്റെ പ്രണയം യാത്രകളോട് ആണെന്നു പറഞ്ഞോണ്ട് നടക്കുവാ .

അവനിതുവരെ ഒരു പെണ്ണിനെ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല്യ . അവനെ കോളേജിലെ ഒക്കെ പെൺപിളേര് ഇങ്ങോട്ട് വന്നു പ്രപ്പോസ് ചെയിതിട്ടുണ്ട് .അവൻ അവരെ ഒക്കെ ചീത്ത പറഞ്ഞു ഓടിച്ചു വിടും .മഹാ ചൂടൻ ആണ് .

ഇതുവരെ പഠിച്ചിട്ടുള്ള എല്ലായിടത്തും അവൻ തല്ലുണ്ടാക്കിയിട്ടുണ്ട് .

പിന്നെ അവൻ നല്ലോണം പഠിക്കും അതും അല്ലാതെ അവൻ ഉണ്ടാക്കിയ തല്ലിൽ ഒക്കെ ന്യായം അവന്റെ ഭാഗത്താണ് അതോണ്ട് മാനേജ്മെന്റ് ഒക്കെ വാണിംഗ് കൊടുത്തു വിടത്തെ ഉള്ളു .

അവനു പക്ഷെ അതിന്റെ അഹങ്കാരം ഒന്നും ഇല്ല്യ ഒരു വാണിംഗ് കിട്ടുമ്പോഴേക്കും അടുത്തത് വാങ്ങി വെക്കും . ” കിച്ചു പറഞ്ഞു .

“ഓ അങ്ങിനെയാണോ .അപ്പൊ ഗൗതം ഇതുവരെ ഒരു പെണ്ണിനേയും നോക്കിയിട്ടില്ലേ .ഇനി വല്ല തേപ്പും കിട്ടിയ ദേഷ്യം ആണെങ്കിലോ .” പ്രിയ സംശയത്തോടെ ചോദിച്ചു .

“ഏയ് അതൊന്നും അല്ല . അവനു കുറെ ഫ്രണ്ട്സുണ്ട് പക്ഷെ അവൻ ട്രിപ്പ് പോവുമ്പോൾ ആരെയും കൂട്ടില്ല അവനു ഒറ്റക്ക് യാത്ര ചെയ്യാനാണ് ഇഷ്ട്ടം .

ഞാൻ എത്ര ചോദിച്ചിട്ടുണ്ടെന്നോ . കല്യാണം ഒക്കെ കഴിച്ചാൽ ഫ്രീഡം പോവുമെന്നും അവനിങ്ങനെ യാത്ര ചെയ്ത് നടക്കാനാണ് ഇഷ്ടമെന്നുമാണ് പറയാറ് .

അവന്റെ ഫ്രണ്ട്സിൽ പോലും ഒരു പെൺകുട്ടി ഇല്ല .അവന്റെ മനസ്സിൽ ഇഷ്ട്ടപെടുന്ന പോലെ ആരേം കാണാത്തത് കൊണ്ടാവും ആരേം നോക്കാത്തത് . അവന്റെ ലൂക്കൊക്കെ എനിക്കുണ്ടെൽ ഞാൻ എത്ര എണ്ണത്തിനെ വളച്ചേനെ .

ആ ..യോഗല്ല്യ .” കിച്ചു പറയുന്നത് കേട്ടതും പ്രിയ ചിരിച്ചു .

കിച്ചുവിന്റെ ഫോൺ താഴെ നിന്ന് റിങ് ചെയ്‌യുന്നത്‌ കേട്ടപ്പോൾ പ്രിയയെ അവിടെ നിർത്തി കിച്ചു താഴേക്ക് പോയി . അവിടെയൊക്കെ നടന്നു കാണുകയായിരുന്നു പ്രിയ .

ഗൗതമിന്റെ റൂമിന്റെ മുന്നിൽ എത്തിയതും എന്തോ ഒരു തോന്നലിൽ അവൾ അകത്ത് കടന്നു .റൂം അവൾക് ഒറ്റ നോട്ടത്തിൽ ഇഷ്ട്ടപെട്ടു .

ഗൗതമിന്റെ റൂമിന്റെ ഉള്ളിൽ വേറൊരു ചെറിയൊരു റീഡിങ് റൂം ഉണ്ടായിരുന്നു .

അവൾ വാതിൽ തുറന്നു അതിനകത്തേക്ക് പോയി .

അവിടെ ഒരു ചുമരിൽ അവൻ ഇതുവരെ യാത്ര ചെയിത സ്ഥലങ്ങളിൽ നിന്നും എടുത്ത ഫോട്ടോസ് ഭംഗിയായി ഒട്ടിച്ചു വെച്ചിരുന്നു .ഓരോ ഫോട്ടോസിന്റെ താഴെയും അതെടുത്ത സ്ഥലം സമയം കൂടെ ഒരു ചെറിയ കുറിപ്പും ഒക്കെ ഉണ്ടായിരുന്നു .

അത് കണ്ടപ്പോൾ പ്രിയക്ക് അത്ഭുതം തോന്നി .അവളുടെ റൂം ആണ് അവൾക് പെട്ടന്ന് ഓർമ വന്നത് .പ്രിയക്കും യാത്രകൾ ഒരുപാട് ഇഷ്ട്ടമാണ് .അവൾ അതോരോന്നും നോക്കി നിന്നു .

ഇതേ സമയം കൃഷ്ണനും ഗൗതവും ഓഫീസിൽ നിന്ന് തിരിച്ചു വന്നു .അവനു തിരിച്ചു വരാൻ ഒട്ടും താത്പര്യം ഇല്ലെന്ന് അവന്റെ മുഖത്തു തന്നെ ഉണ്ട് .

അവൻ നോക്കിയപ്പോൾ ഹാളിൽ ഒന്നും പ്രിയ ഇല്ല . ‘സമാധാനം അവൾ അമ്മയുടെ കൂടെ കിച്ചണിൽ ആയിരിക്കും റൂമിൽ പോയി ഇരിക്കാം .ലഞ്ച് കഴിക്കാൻ വിളിക്കുമ്പോൾ വന്നാൽ മതിയല്ലോ .

അവൻ റൂമിൽ ചെന്ന് ഒന്ന് ഫ്രഷ് ആവാൻ ഷർട്ട് അഴിക്കുമ്പോൾ ആണ് പ്രിയ അവന്റെ റീഡിങ് റൂമിൽ നിന്നും ഇറങ്ങി വരുന്നത് .

“അയ്യോ അഴിക്കല്ലേ ഷർട്ട് അഴിക്കല്ലേ ..” കണ്ണും പൂട്ടി തന്റെ റീഡിങ് റൂമിന്റെ വാതിൽക്കൽ നിൽക്കുന്ന പ്രിയയെ കണ്ട് ഗൗതം ഞെട്ടി .

” നീ എന്താ ഇവിടെ .എന്റെ റൂമിൽ കേറാൻ ആര് പറഞ്ഞു .കണ്ടവർക്കൊന്നും കേറി നിരങ്ങാനുള്ളത് അല്ല എന്റെ റൂം .ഇറങ്ങി പോടി ഇവിടന്ന് .” ഗൗതം ഉറഞ്ഞു തുള്ളികൊണ്ട് പറഞ്ഞു .

“അതെ ഇത് തന്റെ റൂം അല്ലെ ഇതിൽ ഞാൻ ഒന്ന് കേറി പോയാൽ ഇതെന്താ ഉരുകി പോവുമോ .ഞാൻ പൊക്കോളാം .അല്ലേലും ഞാൻ ഇവിടെ കേറി താമസിക്കാൻ ഒന്നും വന്നതല്ല .” എന്ന് പറഞ്ഞു പ്രിയ ഡോറിന്റെ അടുത്തേക്ക് നടന്നു .

“നിന്ന് പ്രസംഗിക്കാതെ ഇറങ്ങി പോടി വേഗം .” ഗൗതം പിന്നെയും ദേഷ്യപ്പെട്ടു .
“എടോ എന്നെ കേറി എടി പോടിന്നു വിളിച്ചാലുണ്ടല്ലോ .”

പ്രിയ ദേഷ്യത്തോടെ പറഞ്ഞു .
“വിളിച്ചാൽ നീ എന്ത് ചെയ്യുമെടി .” ഗൗതവും വിട്ടു കൊടുത്തില്ല .

“ഇവടെ വല്ല്യ ഡയലോഗ് അടിച്ചു പെൺപിളേരെ തിരിഞ്ഞു നോക്കില്ലന്ന് പറഞ്ഞു നടക്കുന്ന തന്റെ കള്ള സ്വഭാവം ഞാൻ ഇവിടെ അങ്ങ് വിവരിച്ചു കൊടുക്കും .

അന്ന് അമ്പലത്തിൽ വെച്ചും റെസ്റ്റോറന്റിൽ വെച്ചും ഉണ്ടായതൊക്കെ ഞാൻ അങ്ങോട്ട് വിവരിക്കും .

പൊന്നു മോൻ ഒരു കാട്ടുകോഴി ആണെന്ന് എല്ലാരും അറിയട്ടെ .വെറുതെ എന്നോട് കളിച്ചു നാണം കെടാൻ നിൽക്കണ്ട .” ഗൗതം പ്രിയ പറയുന്ന കേട്ട് തരിച്ചു നിന്നു .

ഗൗതമിന്റെ റൂമിന്റെ പുറത്തു ഇറങ്ങി നിന്നു “മോനെ ദിനേശാ ഇടഞ്ഞ കൊമ്പാന്റെ കൃഷ്ണമണിക്ക് തോട്ടി കേറ്റി കളിയ്ക്കല്ലേ.

ചവിട്ടി താഴ്ത്തും നിന്നെ ഞാൻ പാതാളത്തിലേക്ക് . കേട്ടോടൊ വായിനോക്കി .” ലാലേട്ടനെ പോലെ ചെരിഞ്ഞു നിന്ന് ഡയലോഗ് അടിച്ചു പ്രിയ താഴേക്ക് ഓടി .

തരിച്ചു നിന്നിരുന്ന ഗൗതമിന്റെ ചുണ്ടിലും അവളുടെ ആ പ്രവർത്തി പുഞ്ചിരി നിറച്ചു .
പ്രിയ താഴേക്ക് ചെന്നു കൃഷ്ണനോട് ഓരോന്ന് സംസാരിച്ചു ഇരിക്കുമ്പോൾ ആണ് സാവിത്രി അങ്ങോട്ട് വന്നു ഭക്ഷണം കഴിക്കാം എന്ന് ചോദിക്കുന്നത് . കൃഷ്ണനും പ്രിയയും ഡൈനിങ്ങ് ഹാളിലേക്ക് നടന്നു .

“കിച്ചു കണ്ണനെ വിളിച്ചുവാ .ഭക്ഷണം കഴിക്കാം .” സാവിത്രി പറഞ്ഞു .

കിച്ചു ഗൗതമിനെയും കൂട്ടി കൊണ്ട് വന്നു . ഗൗതം പ്രിയയെ ശ്രദ്ധിക്കാതിരിക്കാൻ പരമാവതി ശ്രദ്ധിക്കുന്നുണ്ട് . സാവിത്രിയും പ്രിയയും ചേർന്നാണ് വിളമ്പിയത് .അത് കഴിഞ്ഞു അവരും കൂടെ ഇരുന്നു .

“ലക്ഷ്മി ചേച്ചി കഴിച്ചോ അമ്മേ .” പ്രിയ ചോദിച്ചു .

“അവള് കഴിച്ചിട്ടു പോയി .അവൾക്കു വേറേം വീട്ടിൽ പോവാനുണ്ട് .” സാവിത്രി പറഞ്ഞു .
” ഇന്ന് കറിക്ക് എന്തോ വ്യതാസം ഉണ്ടല്ലോ അമ്മേ .” ഇത്രയും നേരം മിണ്ടാതിരുന്ന ഗൗതം ആണ് ചോദിച്ചത് .

” ദേവു മോളാണ് ഉണ്ടാക്കിയത് .” സാവിത്രി പറഞ്ഞു .

” വെറുതെ അല്ല ഒരു വസ്തുവിനും കൊള്ളില്ല .” ഗൗതം പ്രിയ ഉണ്ടാക്കിയതാണെന്ന് അറിഞ്ഞപ്പോൾ മുഖം മാറ്റിക്കൊണ്ട് പറഞ്ഞു .
പ്രിയ അവനെ കൂർപ്പിച്ചു നോക്കി .

“ഒന്ന് പോടാ അവിടന്ന് .നല്ല രുചിയുണ്ട് .അവനു ബോധം ഇല്ലാതെ പറയുന്നതാ മോള് അതൊന്നും കാര്യമാക്കണ്ട .” കൃഷ്‌ണൻ പറഞ്ഞു .

ഗൗതം വീണ്ടും കറി എടുത്ത് ഒഴിച്ചത് കണ്ടപ്പോൾ “ഓ ടേസ്റ്റ് ഇല്ലാത്തോണ്ടായിരിക്കും നീ പിന്നേം എടുത്ത് കഴിക്കുന്നത് .നാണമില്ലലോ കിണ്ണ ..” കിച്ചു അവനെ കളിയാക്കി .

“അത് പിന്നെ വേറെ വഴിയില്ലാത്തോണ്ട് കഴിച്ചല്ലേ പറ്റു .” അതും പറഞ്ഞു ഗൗതം കഴിക്കാൻ തുടങ്ങി . എല്ലാരും ചിരിച്ചു .

ഗൗതം ഫുൾ കോൺസെൻട്രേഷൻ ഭക്ഷണത്തിൽ ആണ് .
‘തനിക്കു ഞാൻ വെച്ചിട്ടുണ്ടെടോ ‘ പ്രിയ മനസ്സിൽ പറഞ്ഞു .

പിന്നെയും കുറെ നേരം സംസാരിച്ചിരുന്നു വൈകീട്ടാണ് പ്രിയ വീട്ടിലേക്ക് പോയത് .ആ സമയങ്ങളിലൊക്കെ ഗൗതം റൂമിൽ തന്നെ ഇരുന്നു .

പ്രിയയെ പറഞ്ഞയക്കാൻ സാവിത്രിക്കും കൃഷ്ണനും കിച്ചുവിനും ഒട്ടും മനസ്സില്ലായിരുന്നു .

പ്രിയ ബൈക്ക് എടുത്ത് പോവുമ്പോൾ ഗൗതം റൂമിന്റെ ബാൽക്കണിയിൽ നിന്ന് അവളെ നോക്കുന്നുണ്ടായിരുന്നു .

 

തുടരും

പ്രിയനുരാഗം – ഭാഗം 1

പ്രിയനുരാഗം – ഭാഗം 2

പ്രിയനുരാഗം – ഭാഗം 3