ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 50
നോവൽ
എഴുത്തുകാരി: അമൃത അജയൻ
നിവ ഫോൺ കാതോട് ചേർത്തു …
” ഹലോ …….”
” ഹലോ …. എടീ .. ഇത് ഞാനാ ……… ജിജോ….”
” മനസിലായെടാ …. പറഞ്ഞോ ………”
” അത് …….” മറുവശത്ത് ജിജോ ഒരൽപം പരുങ്ങി …..
” എന്താടാ ……?”
” നീയിപ്പോ എവിടെയാ …. ”
” ഞാനെന്റെ വീട്ടിൽ ……. എന്തേ …..?”
” അത് … എടി …… നിനക്ക് നമ്മുടെ കൂടെ പഠിച്ച ഷാനുവിനെ അറിയില്ലെ ….?”
“ആ … അറിയാം … അവനെന്തു പറ്റി …..?”
” ഏയ് … അവനൊന്നും പറ്റിയില്ല … പക്ഷെ ….”
മറുവശത്ത് ജിജോ കാര്യം പറയാൻ മടിച്ചു …
” എന്താടാ …..”
” അത് … അവൻ ഒന്നു രണ്ടു വീഡിയോസും ഫോട്ടോസും ഷെയർ ചെയ്തു ബോയ്സിന്റെ വാട്സപ്പ് ഗ്രൂപ്പിൽ … ”
നിവയെ ഒരു ഭയം ഗ്രസിച്ചു … അവൾ ശ്വാസമടക്കിപ്പിടിച്ചു …
” അവനൊരു സൈറ്റിൽ നിന്ന് കിട്ടിയതാ … അതിലുള്ളത് നീയാണോന്ന് സംശയിച്ചാ അവൻ ഷെയർ ചെയ്തത് .. കണ്ടപ്പോ ഞങ്ങൾക്കും ……….” അവൻ സംശയം പ്രകടിപ്പിച്ചു ….
നിവ ത്തെട്ടിത്തെറിച്ചു പോയി … അവളുടെ കൈയിലിരുന്ന് ഫോൺ വിറച്ചു … ആ കണ്ണുകൾ കണ്ണുനീർ നിറഞ്ഞ് ചുവന്നു ..
” ഞാനത് നിനക്ക് വാട്സപ്പ് ചെയ്യാം … നീ കണ്ടു നോക്ക് … അത് നീ തന്നെയാണോന്ന് ……..” അവൻ അത്രയും പറഞ്ഞ് കോൾ കട്ട് ചെയ്തു …
നിവ ഫോൺ കാതോട് പിടിച്ച് മരവിച്ചിരുന്നു …
” വാവേ …… എന്താ …..” മയി അവളെ കുലുക്കി വിളിച്ചു …
അവൾ ശബ്ദിച്ചില്ല … ജീവനറ്റത് പോലെയായിരുന്നു അവളുടെ ഇരുപ്പ് ….
മയി വേഗം നിവയുടെ ഫോണെടുത്തു … അവസാനം വന്ന കോളിന്റെ റിക്കോർഡ് എടുത്ത് പ്ലേ ചെയ്തു …
ആ സംഭാഷണ ശകലങ്ങൾ മയിയെ ഉടലോടെ പിഴുതെറിയാൻ പോന്നതായിരുന്നു .. അധികം വൈകാതെ ജിജോയുടെ മെസേജ് നിവയുടെ വാട്സപ്പിലേക്ക് വന്നു …
മയിക്കതിന്റെ തമ്പ്നെയിൽ കണ്ടപ്പോഴേ ഏതാണെന്ന് മനസിലായി …
കഴിഞ്ഞ ദിവസം മെയിൽ അയച്ചു കിട്ടിയ വീഡിയോസ് .. അവളത് തുറന്നു നോക്കാൻ പോലും പോയില്ല ..
” വാവേ …. ” അവൾ നിവയെ തന്നിലേക്ക് ചേർത്തു പിടിച്ചു … അവളൊരക്ഷരം ശബ്ദിച്ചില്ല … അവളുടെ ശരീരം തണുത്തു മരവിച്ചിരുന്നു …
ആ സമയം നിഷിൻ തന്റെ ഫോണും പിടിച്ച് സ്തംഭിച്ചിരിക്കുകയായിരുന്നു …
തൊട്ട് മുൻപ് ഒരജ്ഞാതൻ വിളിച്ചു പറഞ്ഞ കാര്യങ്ങൾ അവനിലേക്ക് തീമഴയായി പെയ്തു …
കഴിഞ്ഞ ദിവസം മയിയെ വിളിച്ച അതേയാൾ തന്നെയാണതെന്ന് തോന്നി ..
” ഓവർ സ്മാർട്ട്നെസ്സ് വേണ്ടെന്ന് ഭാര്യയോടും ഭർത്താവിനോടും കൂടിയാ ഞാൻ വാൺ ചെയ്തത് … സൂചിമുനയിൽ കൊറുത്തത് നിന്റെ പെങ്ങളെയായിറുന്നു എന്ന് നീ മറന്നു പോയോ .. അത് മറന്നു കൊണ്ട് നീ പോളീസിനെ അറിയിച്ചുവെങ്കിൽ ഇനി നീ അവളെയങ്ങ് മറന്നേക്ക് … എന്നെ തകർത്തിട്ട് ഒറുത്തനും സുഖിച്ചു വാഴില്ല …………”
നിഷിൻ വെട്ടി വിയർത്തു …
അവനെഴുന്നേറ്റു മുറിയിൽ ലൈറ്റ് തെളിച്ചു .. ശരണിനെ വിളിക്കാൻ തുടങ്ങിയപ്പോഴാണ് മയിയുടെ ഫോൺ കോൾ വന്നത് ….
* * * * * * * * *
ഒരക്ഷരം ശബ്ദിക്കാതെ നിവ ചുമർ ചാരി ഇരുന്നു … തൊട്ടരികിൽ മയിയും ഹരിതയും … നിഷിനും നവീണും മുറിക്ക് പുറത്തായിരുന്നു ..
വരുന്നതെല്ലാം ഫേസ് ചെയ്യണമെന്ന് സ്വയം പറഞ്ഞു പഠിപ്പിച്ചിരുന്നിട്ടും എല്ലാവരും തകർന്നു പോയിരുന്നു ..
ഒരു വീടിനെ തകർത്തെറിയാൻ പാകത്തിലുള്ള ബോംബാണ് വീണു പൊട്ടിയിരിക്കുന്നത് …
നിവയെ സമാധാനിപ്പിക്കുക എന്നതിനപ്പുറം ഹരിതയും മയിയും സ്വയം ആശ്വസിപ്പിക്കാൻ പോലും കഴിയാതെയിരുന്ന നിമിഷങ്ങൾ ..
നാളെ ….
നാളെ എന്നത് ഒരു വലിയ പ്രഹേളികയായി മുന്നിൽ നിൽക്കുന്നു …
നാളെ … അതൊരിരുണ്ട ഗേഹമായി മാറുന്നു ….
ഒരായിരം സംവത്സരങ്ങൾ അതിവേഗം കടന്നു പോയി ,ഇതെല്ലാം വിസ്മൃതിയിൽ ലയിച്ചെങ്കിലെന്ന് ആ വീടിനുള്ളിലെ ഓരോ ജീവനുകളും വ്യാമോഹിച്ചു ..
” മോളെ …………” മയി മെല്ലെ വിളിച്ചു …
അവൾ ശബ്ദിച്ചില്ല … ഒന്ന് കരയുക പോലും ചെയ്തില്ല .. .. ഏതോ ഓർമകളിലേക്കാണ്ട് … അല്ലെങ്കിൽ എല്ലാം മറവിക്ക് വിട്ട് കൊടുത്ത് അവളിരുന്നു …
ഹരിതയുടെയും മയിയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി …
രാജശേഖറും വീണയും ഒന്നുമറിഞ്ഞിട്ടില്ലായിരുന്നു … ഈ ഒരു രാത്രിയെങ്കിലും അവർ സമാധാനമായി ഉറങ്ങട്ടെയെന്ന് ആ മക്കളും മരുമക്കളും കരുതി …
* * * * * * * * *
മരണവീടിന് തുല്യമായിരുന്നു ‘ നീലാഞ്ജനം ‘ എന്ന ആ വീട് … .
എത്ര നിയന്ത്രിച്ചിട്ടും രാജശേഖർ ആൺമക്കളുടെ മുന്നിലിരുന്ന് വാവിട്ട് കരഞ്ഞു … ഒരേയൊരു മകൾ ….
താൻ താലോലിച്ചു വളർത്തിയ പൊന്നു മകളെ ഇനി മുതൽ ഈ ലോകം എന്ത് പേരിട്ട് വിളിക്കും ……?
വർണത്തിളക്കങ്ങളുടെ ചാരുതയിൽ മാത്രമേ തന്റെ മകളെ കാണാൻ താൻ ആഗ്രഹിച്ചിട്ടുള്ളു …
അവളെ കുറിച്ച് ഓർക്കുമ്പോളെല്ലാം ഒരു വലിയ ആൾക്കൂട്ടത്തിനു നടുവിൽ ഒരുപാട് പേരുടെ ആദരവുകളേറ്റു വാങ്ങി നിൽക്കുന്ന രൂപം തെളിഞ്ഞു വരാറുണ്ട് ….
എന്നെങ്കിലും യാഥാർത്ഥ്യമാകുന്ന സ്വപ്നമായിരിക്കുമതെന്ന് അയാളെന്നും വിശ്വസിച്ചിരുന്നു … എന്നാലിപ്പോൾ … ആ വലിയ ആൾക്കൂട്ടത്തിനു നടുവിൽ നിന്ന് അവൾ വിദൂരതയിലേക്ക് ഓടി മറയുന്നു …
വീണയും ഏതാണ്ട് അതേ അവസ്ഥയിൽ തന്നെയായിരുന്നു … കണ്ണുനീരടർന്നു വീണു ഗർഭപാത്രം പോലും മരവിച്ചു പോയി …
* * * * * * * * * * * * * * * *
സമയം മുന്നോട്ടു പോകുന്നതിനനുസരിച്ച് ആ വീട്ടിലേക്കുള്ള ഫോൺ കോളുകളുടെ എണ്ണവും കൂടി ..
ആശ്വസിപ്പിക്കാനെന്ന വ്യാജേനേ വിളിച്ചവർക്കും ഒരു തകർച്ചയെ ആഘോഷമാക്കാനായിരുന്നു ഉത്സാഹം …
മയിയിൽ നിന്ന് വിവരമറിഞ്ഞയുടൻ ചെങ്ങന്നൂർ നിന്ന് കിച്ച , സ്വാതിയേയും കൂട്ടി വന്നു .. അവർക്കൊപ്പം മയിയുടെ ചെറ്യച്ഛൻ ദേവനും ഉണ്ടായിരുന്നു .. യമുനയ്ക്ക് അന്ന് ലീവെടുക്കാൻ പറ്റിയില്ല .. നാളെ അങ്ങെത്താമെന്നറിയിച്ച് യമുന അവരെ യാത്രയാക്കി …
ചേച്ചി ആവശ്യപ്പെട്ടില്ലെങ്കിലും കിച്ചയ്ക്കറിയാം ഈ സമയം ബന്ധുക്കളെന്ന പേരിൽ അടുത്തു കൂടുന്നവർ പോലും അവരെ വാക്കുകൾ കൊണ്ട് കൊല്ലുമെന്ന് … അവിടെയൊരു സഹായത്തിന് തങ്ങളെങ്കിലും വേണം …
നിഷിനേട്ടനും നവീണേട്ടനുമൊക്കെയുണ്ടായിട്ടും നിവയ്ക്കെങ്ങനെ ഇങ്ങനെയൊരു ചതിപറ്റിയെന്ന് കിച്ചയ്ക്ക് മനസിലായില്ല ..
അവർ വരുമ്പോൾ , ഹരിതയുടെ ഏട്ടൻ ഹരീഷും ഭാര്യയും ആ വീട്ടിലുണ്ടായിരുന്നു …
ഹരീഷിന്റെ പൊട്ടിത്തെറി കേട്ടുകൊണ്ടാണ് കിച്ചയും സ്വാതിയും ദേവനും കയറി വന്നത് …
” ആദർശ് … ആ തെണ്ടിയെ ഇനി വച്ചേക്കരുതളിയാ … നിങ്ങൾക്കെന്നോടൊരു വാക്കു പറഞ്ഞൂടാരുന്നോ … കൊന്നു കളഞ്ഞനേ ഞാനാ പട്ടിയെ …… ” ഹരീഷ് രോഷാകുലനായി …
സ്വാതിയും കിച്ചയും പരസ്പരം നോക്കി …
ദേവനെയും കുട്ടികളെയും കണ്ടപ്പോൾ , ഹാളിലിരുന്ന നിഷിനും നവീണും എഴുന്നേറ്റു വന്നു ….
ദേവൻ അവരിരുവരുടെയും കൈപിടിച്ച് മെല്ലെ തട്ടി … എന്തിനും കൂടെയുണ്ടെന്നൊരു ധ്വനി അതിലുണ്ടായിരുന്നു …
” അവർ മുകളിലുണ്ട് ……” നവീൺ പെൺകുട്ടികളോട് പറഞ്ഞു …
കിച്ചയും സ്വാതിയും കൂടി മുകളിലേക്ക് കയറിച്ചെന്നു … നിവയുടെ മുറിയിലായിരുന്നു എല്ലാവരും …
ആ കാഴ്ച ഹൃദയം പിളർത്തുന്നതായിരുന്നു …
കണ്ണൊന്നു ചിമ്മുക പോലും ചെയ്യാതെ ചുമർ ചാരി നിവ … തൊട്ടടുത്ത് മയിയും .. ആരും ഒരു തുള്ളി വെള്ളം പോലും കുടിച്ചില്ലെന്ന് ടേബിളിൽ തണുത്തിരുന്ന ചായക്കപ്പുകൾ വിളിച്ചു പറഞ്ഞു …
” ചേച്ചി ………….” കിച്ചയും സ്വാതിയും കൂടി ചെന്ന് അവർക്കൊപ്പം ബെഡിലിരുന്നു …
മയിയുടെ കണ്ണു നിറഞ്ഞു തൂവി … ഓരോ തുള്ളി കണ്ണീരടരുമ്പോഴും മയി നിവയെ കൂടുതൽ ദേഹത്തോട് ചേർത്തു പിടിക്കുകയായിരുന്നു … ഒന്നുമറിയാതെ നിവയും ….
**** **
കിച്ചയും സ്വാതിയും രാജശേഖറിനെയും വീണയെയും ഹരിതയെയും കണ്ടു .. വീണയ്ക്കൊപ്പം ഹരിതയായിരുന്നു ഉണ്ടായിരുന്നത് …
എന്ത് പറഞ്ഞാണാശ്വസിപ്പിക്കേണ്ടതെന്ന് അവർക്കും അറിയില്ലായിരുന്നു … മരണത്തെക്കാൾ വലിയ മൗനം ജീവശ്ചവമാകുമ്പോഴാണെന്ന് കിച്ചക്ക് തോന്നി …
അവരിരുവരും കൂടി അടുക്കളയിലേക്ക് ചെന്നു ….
അവിടെയൊരു സത്രീ അപ്പൂസിനെ കയ്യിൽ വച്ച് ഭക്ഷണം കഴിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു …
അവളെ കിച്ചയ്ക്ക് മനസിലായി ..
പ്രിയേച്ചി .. ഹരീഷേട്ടന്റെ വൈഫ് ..
” കൃഷ്ണദിയ ……” പ്രിയയും കിച്ചയെ തിരിച്ചറിഞ്ഞു ..
ഒരിക്കലേ തമ്മിൽ കണ്ടിട്ടുള്ളു .. മയിയുടെ വിവാഹത്തിന് … പിന്നീട് കാണുന്നത് ഇന്നാണ് ….
” ഇവിടെയൊന്നും ഉണ്ടാക്കിയിട്ടില്ല … മോൾക്ക് ഭക്ഷണം കൊടുത്തിട്ട് എന്തെങ്കിലും ണ്ടാക്കാം എന്ന് കരുതി ഞാൻ .. പക്ഷെ അവൾ കഴിക്കുന്നൂല്ല …..” പ്രിയ പരാതിപ്പെട്ടു ..
കിച്ചയെയും സ്വാതിയേയും കണ്ടപ്പോൾ അപ്പൂസ് ചിരിച്ചു കൊണ്ട് കൈനീട്ടി … അവൾക്കവരോട് അടുപ്പമുണ്ട് ..
” അയ്യോടി … നീ മറന്നില്ലല്ലേ ഞങ്ങളെ … ചേച്ചി ഇവളെയിങ്ങ് താ … ഞാൻ കൊടുക്കാം … എന്നിട്ടു ഞാനും കൂടാം കിച്ചണിൽ .. അങ്കിളിന് മെഡിസിനൊള്ളതാ ….” കിച്ച കൈനീട്ടി അപ്പൂസിനെ വാങ്ങി …
അവൾ ഉത്സാഹത്തോടെ കിച്ചയുടെ കൈയിലേക്ക് ചെന്നു …
സ്വാതി അപ്പോൾ തന്നെ പ്രിയയ്ക്കൊപ്പം കൂടി …
* * * * * * * *
വീണയുടെയും രാജശേഖറിന്റെയും ബന്ധുക്കളിൽ ചിലർ മാത്രം മുഖം കാണിച്ചു .. ചിലർ ഫോണിലൂടെ മാത്രം വിവരങ്ങൾ തിരക്കി …
പലർക്കും അമർഷമുണ്ടായിരുന്നു .. കൂടുംബത്തിന് ചീത്തപ്പേരായി എന്ന് ഒളിഞ്ഞും തെളിഞ്ഞും അവർ പറഞ്ഞു …
ഒരു പാട് പഴി കേട്ടത് നിഷിനും നവീണുമായിരുന്നു .. അവരത് മനസാ ഏറ്റ് വാങ്ങാൻ തയ്യാറായിരുന്നു … തങ്ങളുണ്ടായിരുന്നിട്ടും അവൾ ചതിയിൽ പെട്ടു പോയെങ്കിൽ ആ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ അവരും ആഗ്രഹിച്ചില്ല …
* * * * * * * * * * * *
രാജശേഖറിനെ നിർബന്ധിച്ച് കഞ്ഞി കുടിപ്പിച്ച് , മരുന്നു നൽകിയത് കിച്ചയും സ്വാതിയും കൂടിയായിരുന്നു ….
അതിനിടയിൽ ശരണിന്റെ നിർദ്ദേശപ്രകാരം അവിടുത്തെ ലോക്കൽ പോലീസ് സ്‌റ്റേഷനിൽ അവർ പരാതി രജിസ്റ്റർ ചെയ്തു …
വൈകുന്നേരത്തോടെ മയിയും ഹരിതയുമൊക്കെ എഴുന്നേറ്റു വന്നു … ഇനിയും തളർന്നിരിക്കുന്നതിൽ അർത്ഥമില്ലെന്ന് അവർക്കറിയാമായിരുന്നു …
മനസാനിത്യം കൈവിട്ടാൽ ഈ കുടുംബം ശിഥിലമാകുമെന്ന് ആ പെൺകുട്ടികൾക്കറിയാം …
കുട്ടികൾ വരാറായത് കൊണ്ട് പ്രിയ തിരിച്ച് വീട്ടിലേക്ക് പോയി …
കിച്ചയും സ്വാതിയും അവിടെയുണ്ടായത് ഹരിതയ്ക്കും മയിക്കും ഒരാശ്വാസമായി …
നിവയുടെ അവസ്ഥയായിരുന്നു എല്ലാവരെയും ഭയപ്പെടുത്തിയത് … എപ്പോഴോ ചുമരിൽ നിന്നൂർന്ന് ബെഡിലേക്ക് വീണവൾ ചുരുണ്ടു കിടന്നു ..
ആരൊക്കെ ശ്രമിച്ചിട്ടും കഞ്ഞി ഒരിറക്കു പോലും അവൾ കുടിച്ചില്ല … ഒന്നും സംസാരിച്ചില്ല …. ഒന്നു കരഞ്ഞതു കൂടിയില്ല …
അവളുടെ വിരൽത്തുമ്പു തണുത്തുറഞ്ഞിരുന്നു …
അവളൊന്നു പൊട്ടിക്കരയുകയെങ്കിലും ചെയ്തെങ്കിലെന്ന് എല്ലാവരും ആഗ്രഹിച്ചു …
വേണ്ടിവന്നാൽ അവളെ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യാമെന്ന് നവീൻ തീരുമാനിച്ചു …
രാത്രി ……..
മയി നിവയെ സ്വാതിയെ ഏൽപ്പിച്ചിട്ട് കുളിക്കാൻ പോയി ..
കിച്ച അപ്പൂസിന്റെയൊപ്പം ആയിരുന്നു .. ഹരിത വീണയുടെയടുത്തും …
സ്വാതി നിവയുടെ അരികിലിരുന്ന് അവളുടെ മുടിയിൽ മെല്ലെ തലോടി .. അവൾ മയക്കത്തിലായിരുന്നു ..
ബാത്ത് റൂമിൽ വെള്ളം വീഴുന്നതിന്റെ ഒച്ച കേൾക്കാമായിരുന്നു …..
പെട്ടന്ന് നിവ കണ്ണുകൾ വലിച്ചു തുറന്നു തുറിച്ചു നോക്കി … അവളുടെ ശരീരം ഒന്ന് വെട്ടി … അടുത്ത നിമിഷം അവൾ എക്കി വലിച്ചു …
” നിവാ …. നിവാ …. എന്ത് പറ്റി … ”
” ചേച്ചി … ഹരിതേച്ചീ ………. ” സ്വാതി ഉറക്കെ വിളിച്ചു …
നിമിഷങ്ങൾക്കുള്ളിൽ നിവയുടെ വായിൽ നിന്ന് നുരയും പതയും വന്നു .. അവളുടെ ചുണ്ടു കറുത്തു ….
” നിവാ …. നിവാ …..” സ്വാതി കരഞ്ഞ് കൊണ്ട് അവളെ കുലുക്കി വിളിച്ചു …
നിവയുടെ കണ്ണ് തുറിച്ചു തന്നെയിരുന്നു .. കടവായിലൂടെ പതയൊഴുകി .. വിരലുകൾ മരവിച്ചു …
തുടരും