Monday, April 29, 2024
Novel

നിയോഗം: ഭാഗം 75

Spread the love

രചന: ഉല്ലാസ് ഒ എസ്

Thank you for reading this post, don't forget to subscribe!

സാർ..

മാത്യു സാറിന്റെ വീട്ടിലേക്കുള്ള വഴിയിലേക്ക് എത്തും മുന്നേ  കുട്ടിമാളു ഗൗതത്തെ വിളിച്ചു.

എന്താടോ..

സാർ… എന്നെ എന്റെ വീട്ടിൽ കൊണ്ട് പോയി ആക്കിയാൽ മതി.

“എടോ… അതു ശരിയാകുമോ.. തന്റെ അച്ഛൻ…..”

“അത് കുഴപ്പമില്ല സാർ… അച്ഛനെ ഇതൊന്നും അറിയിക്കാതെ ഞാൻ നോക്കിക്കൊള്ളാം..ഞാൻ പറയുന്ന സ്ഥലത്തു സാർ എന്നെ ഇറക്കി വിട്ടാൽ മാത്രം മതി.”

അവൻ അല്പം സമയം ഒന്ന് ആലോചിച്ചു..

ആ സമയത്താണ് പത്മയുടെ ഫോൺ, കുട്ടി മാളുവിനെ തേടിയെത്തിയത്.

” അമ്മേ ഞാൻ വന്നുകൊണ്ടിരിക്കുവാ…  ഒരു പത്തുമിനിറ്റ്”

“ആഹ് മോളെ… മാത്യു സാർ പറഞ്ഞല്ലോ, അവിടെ എന്തോ ചെറിയ പാർട്ടിയുണ്ടെന്നും നിന്നെ അതിനുശേഷം കൊണ്ട് വീട്ടിൽ വിടാം എന്ന്….”

“ഞാൻ പാർട്ടിയിൽ ഒന്നും പങ്കെടുക്കുന്നില്ല… വീട്ടിലേക്ക് പോരുവാ ”

” നിന്റെ ശബ്ദം മോളെ വല്ലാണ്ട് ഇരിക്കുന്നത്, നിനക്കെന്തുപറ്റി ജലദോഷം ആണോ  ”

പത്മയ്ക്ക് എന്തോ സംശയം തോന്നി..

” ചെറിയൊരു ജലദോഷത്തിന്റെ ആരംഭം ആണമ്മേ…കുഴപ്പമൊന്നുമില്ല…”

അവൾ പറഞ്ഞു നിർത്തി..

അധികം ആരും  താമസം ഇല്ലാത്ത വിജനമായ ഒരു സ്ഥലത്ത് കൂടി, ഒരു 10 മിനിറ്റ് യാത്ര കൂടിയുണ്ട്, കുട്ടി മാളുവിന്റെ വീട്ടിലേക്ക്…

പെട്ടെന്നൊരു ബൈക്ക് വന്നു, ഗൗതത്തിന്റെ കാറിനു കുറുകെ  ചാടി.

വളരെയധികം അവൻ സൂക്ഷിച്ചത് കൊണ്ടാണ് വലിയ ഒരു അപകടത്തിൽ നിന്നും ഒഴിവായത്…

“ഏത് മറ്റവൻ ആണോ ഇതു… ഇപ്പൊ പൊടിഞ്ഞു പോയേനെ..”

എന്ന് പറഞ്ഞുകൊണ്ട് അവൻ വണ്ടി നിർത്തി..

ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങിയതും,ബൈക്കിൽ ഇരുന്ന ആള് ഹെൽമറ്റ് ഊരി മാറ്റിയിട്ടു ഇറങ്ങി..

ആളെ കണ്ടതും കുട്ടിമാളു ഞെട്ടി.

അരവിന്ദ്…

അവളുടെ നെഞ്ചിടിപ്പിന്റെ വേഗത വർദ്ധിച്ചു..

” എവിടെ നോക്കിയാടാ പുല്ലേ നീ വണ്ടിയോടിക്കുന്നത്…. ഇപ്പോൾ ചതഞ്ഞ് പോകില്ലായിരുന്നോ”

ഗൗതം ചെന്ന് അവന്റെ കോളറിനു പിടിച്ചു…

പെട്ടെന്നായിരുന്നു അരവിന്ദ്, ഗൗതത്തിന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചത്..

ഒട്ടും പ്രതീക്ഷിക്കാതെയുള്ള അവന്റെ നീക്കത്തിൽ ഗൗതം ഒന്നു പകച്ചു.

ടാ….

അലറി വിളിച്ചുകൊണ്ട് ഗൗതം അവന്റെ  കോളറിൽ കയറി പിടിച്ചതും, കുട്ടിമാളു കരഞ്ഞുകൊണ്ട് വെളിയിലേക്ക് ഇറങ്ങി വന്നു.

“അരവിന്ദ്…. ”

അവളുടെ നിലവിളി കേട്ടപ്പോൾ ആണ് ഗൗതത്തിന് ആളെ പിടികിട്ടിയത്.

“ഓഹ്… അരവിന്ദ്.. അതു നീയായിരുന്നോ….”

ഗൗതം തന്റെ കരണം ഒന്ന് തലോടി..

അതേടാ… ഞാനാ അരവിന്ദ്…. നീ എന്നാ ചെയ്യും… ”

അവൻ മുരണ്ടു.

 

” നിന്നെ ഞാൻ ഒന്നും ചെയ്യാൻ പോകുന്നില്ല….  പക്ഷേ എനിക്ക് കുറച്ചു കാര്യങ്ങൾ  നിന്നോട് ചോദിച്ചറിയണമെന്നുണ്ട് ”

“എന്താടാ നിനക്കറിയേണ്ടത് ”

‘ നീ എന്തിനാണ് ഇവളെ ശല്യപ്പെടുത്തുന്നത്,  നിന്നെ ഇവൾക്ക് ഇഷ്ടമില്ല എന്നുള്ള കാര്യം, നേരത്തെ തന്നെ വ്യക്തമാക്കിയത്… പിന്നെയും പിന്നെയും നീ എന്തിനാണ് മൈഥിലിയെ ശല്യപ്പെടുത്തുന്നത്. ”

” ഇത് ചോദിക്കാൻ നീ ആരാടാ പുല്ലേ ”

അരവിന്ദ് വീണ്ടും ഗൗതത്തിന്റെ നേർക്ക് അടുത്തു.

” ഞാൻ ആരാണെന്നുള്ള കാര്യമൊക്കെ നിന്നോട് വ്യക്തമാക്കാം.. എന്റെ ചോദ്യത്തിനുള്ള ഉത്തരം നൽകിയതിനു ശേഷം  ”

” നിന്റെ ചോദ്യത്തിനുള്ള ഉത്തരം… എന്നാൽ കേട്ടോ, ഇവൾക്ക് എന്നോട് പ്രണയം ആണെന്ന് പറയുന്നത് വരെ ഞാൻ ഇവളുടെ പിന്നാലെ കൂടും….നീ എന്നാ ചെയ്യും ”

” ഓ അത് ശരി അതുകൊണ്ടാണോ നീ അവളുടെ കൈക്ക് കയറി പിടിച്ചതും, ആരോരുമില്ലാത്ത നേരത്ത് ഇവളെ ആക്രമിക്കാൻ നോക്കിയതും ഒക്കെ  ”

“അതേടാ…… ഞാനിവിടെ കൈക്ക് കയറി പിടിക്കും കാണണോ നിനക്ക്… ചിലപ്പോൾ കൈയിൽ നിന്നും ,സ്ഥാനം മാറി  വേറെ എവിടെയെങ്കിലും കേറി പിടിക്കും.”

പറഞ്ഞ പൂർത്തിയാക്കും മുൻപേ,ഗൗതം,തന്റെ വലതുകാൽ പൊക്കി ആഞ്ഞൊരു,തൊഴിയായിരുന്നു അരവിന്ദിന്റെ നേർക്ക്..

ആഹ്….

വലിയൊരു
ഒരു ശബ്ദത്തോടെ അവൻ നിലത്തേക്ക് പതിച്ചു….

നീ എന്താടാ &&%%%@#പറഞ്ഞത്..

“അതേടാ… ഞാൻ പറഞ്ഞത് പച്ച മലയാളത്തിൽ തന്നെ ആണ്… ഇനിയും പറയും… നീ കാത് കൂർപ്പിച്ചു കേട്ടോ…. ഇവള് എന്റെ കൈയിൽ കിടന്നു പിടയ്ക്കും…. അതു വരേയ്ക്കും ഈ അരവിന്ദ് ഇവളുടെ പിന്നാലെ കാണും….”

 

അതു കേട്ടതും,ഗൗതം പാഞ്ഞു
ചെന്ന് അവനെ വലിച്ചെഴുന്നേൽപ്പിച്ചു..

എന്നിട്ട് മാളുവിന്റെ മുന്നിൽ കൊണ്ടുവന്ന് നിർത്തി.

“മൈഥിലി….. നിന്റെ ദേഹത്ത് കൈവച്ചവനെ, നോക്കിക്കൊണ്ട് നിൽക്കാതെ അടിക്കെടി ഇവന്റെ  കരണം നോക്കി…”

ഗൗതം ആജ്ഞാപിക്കുകയായിരുന്നു അവളോട്..

നിസ്സഹായയായി നോക്കിനിൽക്കുന്ന കുട്ടി മാളുവിനെ കണ്ടു,അവനു കലി കയറി…

സ്വന്തം ദേഹത്ത് അനുവാദമില്ലാതെ ആരെങ്കിലും സ്പർശിച്ചാൽ, അവനെ നേരിടണം എന്നുള്ള കാര്യം, മൂന്നു വയസ്സാകുന്നത് മുതൽ, പെൺകുട്ടികളോട് അവളുടെ മാതാപിതാക്കൾ പറഞ്ഞു കൊടുക്കുന്ന കാര്യമാണ്..

നിന്റെ അച്ഛനും അമ്മയും നിന്നെ ഇതൊന്നും പഠിപ്പിച്ചില്ലായിരുന്നോ..

ഗൗതത്തിന്റെ മുഖം ചുവന്നു…

ഇവൻ ഇപ്പൊ പറഞ്ഞ തരo താഴ്ന്ന സംസാരം കേട്ടിട്ട് പോലും ഒന്നും മിണ്ടാതെ തല കുമ്പിട്ടു നിൽക്കുന്ന നിന്നേ എന്താടി ചെയ്യേണ്ടത്…

അവനു തന്റെ ദേഷ്യം ഉച്ചസ്ഥായിലായി..

കുട്ടിമാളുമാണെങ്കിൽ വേദനയോട് കൂടി തലതാഴ്ത്തി നിൽക്കുകയാണ്…അവൾക്ക് എന്ത് ചെയ്യണമെന്ന് ഒരു ഊഹവും ഇല്ലായിരുന്നു…

” മൈഥിലി…. ”

. ഗൗതത്തിന്റെ അടുത്ത അലർച്ചയിൽ, കുട്ടി മാളുവിന്റെ, വലതു  കരം വായുവിൽ ഒന്നു ഉയർന്നുപൊങ്ങി താണു..

ടി….

അരവിന്ദ് അവളെ തുറിച്ചു നോക്കി..

പെട്ടെന്ന് ത്തന്നെ അവൾ അവന്റ ഇടത്തെ കവിളിലും ഒന്ന് പൊട്ടിച്ചു.

“ആഹാ… എന്റെ കുട്ടിക്ക് ഇടത് കൈ വശം ഉണ്ടല്ലേ….എന്നിട്ടാണോ… ”

ഗൗതം ഒരു ചിരിയോട് കൂടി പറഞ്ഞു..

“മൈഥിലി… നീ ചെന്ന് വണ്ടിയിൽ കയറ്…. ഞാൻ ഇപ്പൊ വരാം..എന്നിട്ട് നമ്മൾക്ക് പെട്ടന്ന് വീട്ടിലേക്ക് പോകാം ”

 

അതും പറഞ്ഞുകൊണ്ട്, ഗൗതം അവനെ അടുത്തുള്ള പൊന്തക്കാട്ടിലേക്ക് വലിച്ചു കയറ്റുവാനായി, ശ്രെമം നടത്തിയതും,  പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട്,ഒന്ന് രണ്ട് വാഹനങ്ങൾ റോഡിലേക്ക് വന്നതും ഒരുമിച്ചു ആയിരുന്നു.
.

അരവിന്ദിനെ ആ സമയം കൊണ്ട് ആരൊക്കെയോ തിരിച്ചറിഞ്ഞിരുന്നു.

“ഇതു…. സുധാകരന്റെ മകൻ അല്ലേ… അരവിന്ദ്…..”

ആരൊക്കെയോ പിറു പിറുത്തു.

 

ആളുകളൊക്കെ നോക്കിനിൽക്കെ, അവനെ ഇഞ്ചിഞ്ചായി, ചതയ്ക്കുകയാണ്….

അവന്റെ പ്രഹരങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട്,  അരവിന്ദ് തളർന്നു റോഡിലേക്ക് വീണു….

പെട്ടെന്ന് ഒരു പോലീസ് ജീപ്പ്  അവിടേക്ക് പാഞ്ഞു എത്തി..

തന്റെ സുഹൃത്ത് അജ്മൽ മുഹമ്മദ്, ഇറങ്ങി വരുന്നത് കണ്ടതും, ഗൗതം അരവിന്ദനെ പിടിച്ചു മേൽപ്പോട്ട് ഉയർത്തി…

എന്നിട്ട് അവന്റെ വലതു കൈ, പിടിച്ച്  പിന്നിലേക്ക് ഒടിച്ചു തിരിച്ചു.

ആഹ്ഹ്ഹ്ഹ്…

അവൻ അലറി വിളിക്കുക ആണ്..

ആളുകളൊക്കെ ഒത്തുകൂടി..

പോലീസിനെ കണ്ടതും അവർക്കൊക്കെ ധൈര്യമായി….

അജ്മൽ ആ സമയം കൊണ്ട് ഗൗതത്തെ പിടിച്ചു മാറ്റിയിരുന്നു..

“ഗൗതം
.. എന്താണ് ഈ കാണിക്കുന്നത്…. നിന്റെ പ്രോഫഷനെ പോലും മറന്നു ആണോ ഈ ചെയ്തികൾ…. വന്നേ… വാ പറയട്ടെ…”

അജ്മൽ ഗൗതത്തെ പിടിച്ച്, മാറ്റി, കാറിന്റെ അടുത്തേക്ക് കൊണ്ടുപോയി.

ടാ… ആളുകളൊക്കെ  കണ്ടില്ലേ. ഇനി ഇതും കൂടെ സോഷ്യൽ മീഡിയ ആഘോഷിക്കട്ടെ.

അജ്മലിന് ദേഷ്യം വന്നു.

“പിന്നെ ഞാൻ ഇവനെ എന്ത് ചെയ്യണം,,,, എന്റെ പെണ്ണിന്റെ നേർക്ക് കൈവച്ചവനെ, പിന്നെ പൂമാലയിട്ട് സ്വീകരിക്കണോ ”

ഗൗതം അജ്മലിന്റെ നേർക്ക് കയർത്തു.

“ഗൗതം… വേഗം വണ്ടിയെടുത്ത് പോകാൻ നോക്ക്… ആളുകളൊക്കെ കൂടുന്നുണ്ട് ”

“എനിക്ക് ഒരുത്തനെയും പേടിയില്ല…. ഞാൻ തൽക്കാലം പേടിച്ച് ഓടുന്നുമില്ല…”

“എടാ…. നീ എന്തൊക്കെയാണ് വിളിച്ചു പറയുന്നത്, വണ്ടിക്കകത്ത് ഒരു പെൺകുട്ടി ഇരിപ്പുണ്ട്, അവളുടെ നാടാണിത്, നാട്ടുകാരിൽ പലരും  ഇപ്പോൾ തന്നെ ആ കുട്ടിയെ തിരിച്ചറിഞ്ഞു കഴിഞ്ഞു, ഇനി എന്തൊക്കെ സംഭവിക്കുമെന്ന്, കണ്ടറിയണം ”

അജ്മൽ
അത് പറഞ്ഞപ്പോഴാണ്,ഗൗതവും ആ കാര്യത്തെക്കുറിച്ച് ചിന്തിച്ചത്…

പെട്ടെന്ന് അവൻ, വണ്ടി തുറന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി…

 

കരഞ്ഞു തളർന്ന്, ഇരിക്കുകയായിരുന്നു കുട്ടി മാളു….

അവൻ വേഗം വണ്ടി സ്റ്റാർട്ട് ചെയ്തു, പക്ഷേ അപ്പോഴേക്കും നാട്ടുകാരിൽ ചിലർ, മുന്നിലേക്ക് കയറി നിന്ന് യാത്രയ്ക്ക് തടസ്സം സൃഷ്ടിച്ചു.

പോലീസ് ഇടപെട്ടാണ്, വേഗം തന്നെ, ഗൗതത്തെയും കുട്ടി മാളുവിനെയും, അവിടെ നിന്നും മാറ്റിയത്….

.….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…