ദേവാസുരം : ഭാഗം 10
എഴുത്തുകാരി: അഞ്ജലി അഞ്ജു
കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ ഇന്ദ്രന്റെ ഓരോ ആവശ്യങ്ങളും പറയാതെ തന്നെ ജാനു മനസിലാക്കിയിരുന്നു.
അധികമൊന്നും സംസാരിച്ചില്ലെങ്കിലും നല്ലൊരു സൗഹൃദം അവർക്കിടയിൽ ഉടലെടുത്തു.
അവന്റെ ഓരോ പ്രവൃത്തികളും ജാനുവിൽ പ്രതീക്ഷ വളർത്തി പക്ഷെ ഇന്ദ്രൻ പലപ്പോഴും അവളെ ഒരു സുഹൃത്തായാണ് കണ്ടത്.
ഇന്നേക്ക് രണ്ട് ആഴ്ചയായി അവരുടെ വിവാഹം കഴിഞ്ഞിട്ട്. ഇന്ദ്രൻ ജോലിക്ക് പോവാനും തുടങ്ങി.
ഏട്ടാ നമുക്ക് നാളെ രുദ്രേച്ചിയുടെ അടുത്ത് പോയാലോ?
അലക്കിയ ഡ്രെസ്സുകൾ മടക്കുന്നതിന് ഇടയിൽ അവൾ ഇന്ദ്രനോടായി പറഞ്ഞു.
എന്താ ഇപ്പോ അങ്ങോട്ട് പോവാൻ
അത് കൊള്ളാം ചേച്ചിയെ കാണാൻ പോണതിന് കാരണം വേണോ. അല്ലെങ്കിലും അമ്മയ്ക്ക് നമ്മളെ കാണണം എന്ന് ആഗ്രഹം ഉണ്ട്.
ആഹ് എനിക്ക് ജോലി ഉണ്ട്. അല്ലെങ്കിലും കാണാഞ്ഞിട്ട് കുറേ നാളൊന്നും ആയില്ലല്ലോ?
ഏട്ടനെന്താ അമ്മയോട് ഇത്ര ദേഷ്യം? അമ്മ പാവമല്ലേ?
പലപ്പോഴും ഇന്ദ്രൻ ഉഷയെ മാത്രം അവഗണിക്കുന്നത് ജാനു ശ്രദ്ധിച്ചിരുന്നു.
എന്റെ അമ്മയെ എന്നേക്കാൾ കൂടുതൽ നിനക്ക് അറിയില്ലല്ലോ. നീ പറഞ്ഞിട്ട് വേണ്ട അമ്മയുടെ സ്നേഹം എനിക്ക് മനസിലാകാൻ.
ജന്മം കൊണ്ട് എന്റെ അമ്മ അല്ലെങ്കിലും കർമം കൊണ്ട് എന്റെ അമ്മയായി ഈ ലോകത്ത് ഇപ്പോ ഉഷാമ്മ മാത്രേ ഉള്ളൂ. അമ്മ ഏട്ടനെ പറ്റി ഓർത്തു കുറേ വിഷമിക്കുന്നുണ്ട്.
അത് കണ്ടപ്പോ അറിയാതെ പറഞ്ഞതാണ്.
വളരെ സൗമ്യമായി ജാനു പറഞ്ഞു.
എന്നെ ആർക്കും മനസിലാവില്ല.
എന്താണ് പ്രശ്നം? ഏട്ടൻ എന്നോട് പറയൂ.
ബെസ്റ്റ്. ചോദിക്കുന്നത് കേട്ടാൽ ഇപ്പോ പരിഹാരം കണ്ടു പിടിച്ചു തരുമെന്ന് തോന്നും.
നിനക്ക് അതിനുള്ള പ്രായം ആവുമ്പോ ഞാൻ പറയാം കേട്ടാ.
അവളെ കളിയാക്കി കൊണ്ട് ഇന്ദ്രൻ പറഞ്ഞു. മറുപടിയെന്ന വണ്ണം അവൾ അവനെ ചുണ്ട് കൂർപ്പിച്ചു കാണിച്ചു.
അല്ല നിനക്ക് ഒന്നും പഠിക്കാനില്ലേ? നാളെ കഴിഞ്ഞല്ലേ എക്സാം തുടങ്ങുന്നത്.
ഞാൻ പഠിക്കുന്നുണ്ടല്ലോ
എപ്പോ ഞാൻ നീ ബുക്ക് തുറക്കുന്നത് പോലും കണ്ടിട്ടില്ലാലോ?
അത് ഏട്ടൻ പോയി കഴിഞ്ഞു ഒറ്റക്ക് അല്ലേ അപ്പോ ഫുൾ ടൈം ഞാൻ പഠിക്കും.
ദൈവത്തിന് അറിയാം. ദേ മര്യാദക്ക് പഠിച്ചു ജോലി മേടിച്ചോണം എന്നിട്ട് വേണം എനിക്ക് നിന്നേ ഇവിടുന്ന് ഇറക്കി വിടാൻ.
ഇന്ദ്രൻ ഒരു തമാശയ്ക്ക് പറഞ്ഞതാണെങ്കിലും ജാനുവിന്റെ മനസിൽ ഒരു കൂരിരുമ്പു തറയ്ക്കും പോലെയാണ് ആ വാക്കുകൾ കൊണ്ടത്.
തന്റെ മുഖത്തെ ഭാവങ്ങൾ അവന് മനസിലാവാതെ ഇരിക്കാൻ അവൾ ശ്രമിച്ചു കൊണ്ടിരുന്നു.
അയ്യോ ഞാൻ അടുക്കളയിൽ വാതിൽ അടച്ചില്ലെന്ന് തോന്നണു. ഞാൻ ഇപ്പോ വരാം.
മാഞ്ഞു പോയ മന്ദഹാസത്തെ തിരികെ വിളിച്ചു എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു അവൾ താഴേക്ക് ഓടി. ഇന്ദ്രൻ ആവട്ടെ താൻ പറഞ്ഞതിൽ ഒളിഞ്ഞിരുന്ന സത്യങ്ങളെ ഗൗനിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ അവളുടെ ഭാവ മാറ്റവും അവന് മനസിലായില്ല.
അന്നത്തെ രാത്രി ജാനുവിന് ഉറങ്ങാൻ കഴിഞ്ഞില്ല. താൻ മറന്നു പോയ അല്ലെങ്കിൽ മനഃപൂർവം മറന്ന സത്യങ്ങൾ, എന്നെങ്കിലും താൻ ഈ വീട്ടിൽ നിന്നും ഇന്ദ്രന്റെ ജീവിതത്തിൽ നിന്നും പടിയിറങ്ങണമെന്ന ചിന്തകൾ അവളെ വീണ്ടും നോവിച്ചു കൊണ്ടിരുന്നു.
എന്തു കൊണ്ടോ ഉള്ളിലുണ്ടായ പ്രതീക്ഷകളെ പറ്റി ഓർത്തപ്പോൾ പുച്ഛം തോന്നി.
ഏട്ടൻ തന്നോടൽപ്പം കരുണ കാട്ടിയപ്പോൾ ഭാര്യയോടുള്ള കരുതലെന്ന് തെറ്റിദ്ധരിച്ച തന്റെ സ്വാർത്ഥതയോട് ദേഷ്യം തോന്നി.
അർഹിക്കാത്തത് ആഗ്രഹിക്കരുതെന്ന് പണ്ടേ മനസിനെ ശീലിപ്പിച്ചിരുന്ന പാഠങ്ങൾ ആയിരുന്നു പനി പിടിച്ച് കിടക്കുമ്പോൾ മാറോടണയ്ക്കുന്ന അമ്മയും വിജയിക്കാനുള്ള പ്രോത്സാഹനം തരുന്ന അച്ഛനും അതിന് പോലും അർഹതയില്ലാത്ത തനിക്ക് മറ്റെന്താണ് ആഗ്രഹിക്കാൻ കഴിയുക.
കരഞ്ഞിട്ടാവും നന്നായി തലയും വേദനിക്കുന്നു. എത്രയൊക്കെ ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയുന്നില്ല.
കണ്ണുകൾ അടച്ചു കിടക്കുമ്പോൾ ഇന്ദ്രന്റെ ആ വാക്കുകളാണ് കാതുകളിൽ അലയടിക്കുന്നത്. അവൾ കണ്ണുകൾ അമർത്തി അടച്ചു കിടന്നു.
എഴുന്നേറ്റപ്പോൾ തന്റെ പതിവ് ചായ ടേബിളിൽ കാണാതിരുന്നപ്പോളാണ് ഇന്ദ്രന്റെ കണ്ണുകൾ ജാനുവിനെ തേടിയത്.
നിലത്തു വിരിച്ച പായയിൽ ഒരു വശത്തേക്ക് തല ചെരിച്ചു വെച്ചു കിടക്കുന്ന അവളെ അൽപ സമയം അറിയാതെ നോക്കിയിരുന്നു.
കുറച്ചു സമയം കഴിഞ്ഞപ്പോളാണ് പരിസര ബോധം ഉണ്ടായത്.
എന്തോ അവളെ അങ്ങനെ നോക്കി ഇരിക്കുന്നതിൽ ഒരു രസം തോന്നി. മാറി കിടന്ന പുതപ്പെടുത്തു അവളെ പുതപ്പിച്ചിട്ട് ഫ്രഷ് ആവാനായി പോയി.
ജാനു തന്റെ കണ്ണുകൾ പതിയെ തുറന്നു ചുറ്റും നോക്കി. സമയം വൈകിയെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കിയിരുന്നു.
അലാറം വെക്കേണ്ടതായിരുന്നു. ഉറങ്ങാൻ താമസിച്ച കൊണ്ടാണ് തന്റെ പതിവുകൾ തെറ്റിയത്. ഇന്നലെ നടന്ന കാര്യങ്ങളെ പറ്റി ചിന്തിച് ഇനിയും സമയം കളയാൻ താല്പര്യമില്ല.
ബെഡിലേക്ക് നോക്കിയപ്പോൾ അവിടം ശൂന്യം ആയിരുന്നു. അയ്യോ ഏട്ടന് പോവാൻ ഉള്ളതല്ലേ.
അവൾ വേഗം എഴുന്നേറ്റ് ഫ്രഷ് ആവാൻ പോയി. ഇന്നലെ കരഞ്ഞത് കൊണ്ടാവും തലയ്ക്കു നല്ല വേദന. ശരീരം വേദനയും ഉണ്ടായിരുന്നു. ഇനി കരഞ്ഞു പനി പിടിച്ചതാവുമോ?
അങ്ങനെ ഓരോന്നും ഓർത്തു പുറത്തേക്ക് ഇറങ്ങി പതിവ് പോലെ ചന്ദനവും സിന്ദൂരവും തൊട്ട് താഴേക്ക് ഓടി.
പൂജ മുറിയിൽ വിളക്ക് വെയ്ക്കാൻ ചെന്നപ്പോൾ അവിടെ തിരിയൊക്കെ തെളിച്ചിട്ടുണ്ടായിരുന്നു. “ഏട്ടനാവും കത്തിച്ചത്.”
അവൾ മുറ്റത്തേക്ക് വാതിൽക്കൽ നിന്ന് നോക്കി. അവിടെങ്ങും ആളെ കാണുന്നുണ്ടായിരുന്നില്ല. നിരാശയിൽ തിരിഞ്ഞപ്പോളാണ് എന്തിലോ ഇടിച്ചു നിന്നത്.
മുഖം ഉയർത്തി നോക്കുമ്പോൾ ഇന്ദ്രന്റെ നെഞ്ചിൽ തട്ടിയാണ് നിൽക്കുന്നത്. ജാനുവിന് ആണെങ്കിൽ എട്ടാം ക്ലാസ്സ് കഴിഞ്ഞ് പൊക്കം വെച്ചിട്ടില്ലെന്ന് തോന്നുന്നു.
അത്രയ്ക്ക് പൊക്കം കുറവാണ്. അവൻ അവളുടെ തലയിൽ വലതു കൈ പിടിച്ചു മാറ്റി നിർത്തി. തന്നെ കളിയാക്കാനാണ് അവനങ്ങനെ ചെയ്തതെന്ന് അവൾക്ക് അറിയാമായിരുന്നു.
താമസിച്ചു എഴുന്നേറ്റിട്ട് മനുഷ്യനെ ഇടിച്ചു കൊല്ലാനും നോക്കുവാണോ?
കുസൃതി ചിരിയോടെ കയ്യിലൊരു കപ്പും പിടിച്ചാണ് ഇന്ദ്രന്റെ നിൽപ്. അവളും ഒരു പുഞ്ചിരി അവന് സമ്മാനിച്ചു.
എന്ത് പറ്റി. മുഖം വല്ലാതെ ഇരിക്കുന്നല്ലോ? നിനക്ക് വയ്യേ?
എനിക്ക് കുഴപ്പമൊന്നും ഇല്ല. എക്സാം ആവുമ്പോ ഉറക്കം കുറവാ രാത്രി ഉറങ്ങിയപ്പോൾ താമസിച്ചു അതാവും എഴുന്നേക്കാൻ വൈകിയത്.
ആണോ ആഹ് സാരമില്ല. ദേ ഞാൻ ഒരു ചായ ഒക്കെ ഉണ്ടാക്കി. ഇന്നാ താൻ ഇത് കുടിച്ച് അടുക്കളയിൽ കയറിക്കോ. എനിക്ക് പോകാൻ ഉള്ളതാ.
അവളുടെ കയ്യിലേക്ക് കപ്പ് കൊടുത്ത് അവൻ മുകളിലേക്ക് പോയി. അവൻ പോവുന്നതും നോക്കി ഒരു പുഞ്ചിരിയോടെ അവൾ ചായ കുടിച്ചു.
ഇന്നലത്തെ കാര്യങ്ങൾ ഓർത്തപ്പോൾ ആ പുഞ്ചിരി മാറി വിഷാദം ആ മുഖത്തേക്ക് പടർന്നിരുന്നു.
അവൻ പോവാൻ റെഡി ആയി വരുമ്പോളേക്കും ജാനു ദോശയും ചമ്മന്തിയും ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു. അവൻ വേഗം കഴിച്ച് ഓഫീസിലേക്ക് പോയി.
ഇന്ദ്രൻ പോയതിനു ശേഷവും നല്ല ക്ഷീണവും നടുവ് വേദനയും വയറു വേദനയുമൊക്കെ അവൾക്ക് തോന്നി. വല്ലാത്തൊരു അവസ്ഥ. സാധാരണ പീരിയഡ്സ് ആവുമ്പോളാണ് ഇങ്ങനെ.
അവൾ വേഗം ഡേറ്റ് നോക്കി. ആവാൻ ഇനിയും രണ്ടു ദിവസം കൂടെ ഉണ്ട്. ഇനി ടെൻഷൻ ഒക്കെ അടിച്ചു നേരത്തേ ആവോ? അവൾ വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു.
പിന്നെ ആകെ ശോകം മൂകം ! പഠിക്കാനൊന്നും നിന്നില്ല കുറച്ചു നേരം കിടക്കാൻ തോന്നി. ക്ഷീണം കൊണ്ട് മയങ്ങി പോയി.
ഫോൺ ബെൽ ചെയ്യുന്നത് പോലെ തോന്നിയാണ് ജാനു ഉണർന്നത്. നോക്കിയപ്പോ ഇന്ദ്രനാണ് എടുക്കും മുന്നേ കട്ട് ആയി പോയി.
സമയം മൂന്ന് മണി കഴിഞ്ഞിട്ടുണ്ട്. വീണ്ടും കാൾ വരുന്നത് കണ്ട് ഫോൺ എടുത്തു.
നീ ഡോർ തുറക്ക്. ഞാൻ താഴെ ഉണ്ട്.
ദേ വരുന്നു.
അവൾ പരമാവധി വേഗത്തിൽ താഴേക്ക് ചെന്നു.
എത്രയൊക്കെ ശ്രമിച്ചിട്ടും ഈ സമയത്ത് ഉണ്ടാവുന്ന തളർച്ച അവളിലും പ്രകടമായിരുന്നു.
നീ ഇത് എന്നാ ചെയ്യുവായിരുന്നു. എത്ര നേരായിട്ട് നോക്കി നിക്കുവാ.
അത് ഞാൻ ഉറങ്ങി പോയി.
ആഹാ ഇതാണോ നിന്റെ പഠിത്തം.
ഇതും പറഞ്ഞ് അവൻ അകത്തേക്ക് കയറി. അപ്പോളാണ് അവളുടെ മുഖത്തേക്ക് അവൻ ശ്രദ്ധിച്ചത്.
നിനക്ക് വയ്യായ്ക മാറിയില്ലേ?
അത് കുഴപ്പമൊന്നും ഇല്ല.
എന്തോ കള്ളത്തരം മറയ്ക്കാൻ ശ്രമിക്കും പോലെ അവൾ പറഞ്ഞു. തന്റെ അവസ്ഥയെ പറ്റി അവനോട് പറയാൻ എന്തോ മടി അവൾക്ക് തോന്നി.
ആഹ്. എനിക്ക് വിശന്നിട്ടു വയ്യാ. നീ കഴിക്കാൻ എന്തെങ്കിലും എടുക്ക്.
അയ്യോ ഏട്ടൻ ഒന്നും കഴിച്ചില്ലേ?
ഓഫീസിൽ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. ഇപ്പോളാ തീർന്നത്. പിന്നെ ഈ സമയത്ത് പുറത്ത് നിന്ന് കഴിക്കാൻ ഒന്നും തോന്നിയില്ല. ഞാൻ ഇങ്ങു പൊന്നു.
ഞാൻ കറി ഒന്നും വെച്ചില്ല. ഏട്ടൻ വൈകിട്ട് വരുമെന്നാ ഞാൻ വിചാരിച്ചേ. ഉറങ്ങിയും പോയി.
ശോ എനിക്ക് വിശക്കുന്നല്ലോ.
അവന്റെ മുഖത്തു വിശപ്പ് കൊണ്ടുള്ള ക്ഷീണം നിഴലിച്ചിരുന്നു. അവൾക്കും സങ്കടം തോന്നി.
ഇനിയിപ്പോ ഓർഡർ ചെയ്താലും എപ്പോ കിട്ടാനാ?
ഏട്ടൻ ഫ്രഷ് ആയി വരൂ അപ്പോളേക്കും ഞാൻ എന്തെങ്കിലും ചെയ്ത് തരാം.
അവനെ പറഞ്ഞു മുകളിലേക്ക് വിട്ട് അവൾ വേഗം അടുക്കളയിലേക്ക് കയറി. വേഗത്തിൽ എന്തൊക്കെയോ ഉണ്ടാക്കി.
അവൻ വന്നപ്പോളേക്കും അവൾ ചോറ് വിളമ്പി. ഇഞ്ചിയും കാന്താരിയും ഇട്ട മോരും കുറച്ചു മുളക് ചമ്മന്തിയും അച്ചാറും പപ്പടവും ആണ് കറികളായി ഉണ്ടായിരുന്നത്.
സത്യത്തിൽ ഇത് മാത്രം കൂട്ടി ഒരു ഊണ് ഇന്ദ്രൻ ജീവിതത്തിൽ കഴിച്ചിട്ടുണ്ടായിരുന്നില്ല.
അത് കൊണ്ട് തന്നെ മടിച്ചാണ് കഴിക്കാൻ തുടങ്ങിയത്. പക്ഷെ വിശന്നിട്ടാണോ എന്നറിയില്ല നല്ല സ്വാദ് ഉണ്ടായിരുന്നു.
അടിപൊളിയായിട്ടുണ്ട്. നീ ഇത്ര പെട്ടെന്ന് ഇതൊക്കെ ഉണ്ടാക്കിയോ?
അവൻ കഴിക്കുന്നതിന് ഇടയിൽ ചോദിച്ചു. അപ്പോളാണ് അവളും അതോർത്തത് അത്രയും സമയം ഉണ്ടായിരുന്ന ക്ഷീണമൊക്കെ അവൾ മറന്നിരുന്നു.
അവൻ ആസ്വദിച്ചു ഭക്ഷണം കഴിച്ചു. അവന്റെ സന്തോഷം അവളുടെ മനസും നിറച്ചു.
അവൻ പോയി കഴിഞ്ഞ് പതിവ് പോലെ അവൻ കഴിച്ചതിന്റെ ബാക്കി അവളും കഴിച്ചു.
നാളെ എക്സാം ആയത് കൊണ്ട് തന്നെ വൈകിട്ട് ജാനു കട്ട പഠിത്തത്തിൽ ആയിരുന്നു.
പഠിക്കാനിരിക്കുമ്പോളും അവളിൽ ഉണ്ടായിരുന്ന അസ്വസ്ഥതകൾ ഇന്ദ്രൻ ശ്രദ്ധിച്ചിരുന്നു. അവളിലെ ഈ മാറ്റത്തിന് കാരണം അവനും ഊഹിച്ചു മനസിലാക്കി.
ഡോ.. ഇന്നാ ഇത് കുടിക്ക് കുറച്ചു ആശ്വാസം കിട്ടും. ഉലുവ വെള്ളമാണ്. രുദ്രേച്ചിക്ക് അമ്മ കൊടുക്കുന്നത് കണ്ടിട്ടുണ്ട്.
പന്തം കണ്ട പെരുച്ചാഴിയെ പോലെ തന്നെ നോക്കി നിന്ന ജാനകിയോടായി അവൻ പറഞ്ഞു. ഒന്നും ചോദിക്കാതെ അവൾ അത് വാങ്ങി കുടിച്ചു.
ആദ്യായിട്ടാണ് ഇങ്ങനെ ഇരിക്കുമ്പോ ഇത് പോലെ എന്തെങ്കിലും സഹായം ആരെങ്കിലും ചെയ്ത് തരുന്നത്.
അമ്മ അരികിൽ ഇല്ലാത്തത് പെൺമക്കൾക്ക് ഏറ്റവും മിസ്സ് ചെയ്യുന്നത് ഈ ഒരു അവസരത്തിൽ ആവും. പക്ഷെ ഇന്ദ്രന്റെ പ്രവൃത്തി അവളുടെ കണ്ണുകളെ ഈറനണിയിച്ചു.
എന്താടോ അത്രക്ക് വേദനിക്കുന്നുണ്ടോ?
അവളുടെ നിറഞ്ഞ കണ്ണുകൾ നോക്കി അവൻ ചോദിച്ചു.
ഏയ് ഇല്ല. സന്തോഷം കൊണ്ടാണ്. ഇങ്ങനൊക്കെ ആദ്യായിട്ടാണ്.
അവൾ കണ്ണുകൾ തുടച്ചു പറയുന്നത് കേട്ടപ്പോൾ അവനിലും ഒരു ചെറിയ സങ്കടം ഉണ്ടായി.
രാത്രിയിൽ താഴെ കിടന്ന് ബുദ്ധിമുട്ടണ്ട എന്ന് വെച്ച് ജാനുവിനെ നിർബന്ധിച്ചു ബെഡിൽ കിടത്തി അവൻ താഴെയും കിടന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ തന്നെ ജാനു ഉറങ്ങിയിരുന്നു.
താഴെ ഒരാൾക്ക് തിരിഞ്ഞും മറിഞ്ഞും ചരിഞ്ഞും നിവർന്നും ഒക്കെ കിടന്നിട്ടും ഉറങ്ങാൻ പറ്റണില്ല.
കണ്ണടച്ചു കിടന്നിട്ട് ഒരു രക്ഷയുമില്ല. എന്നും താഴെ കിടന്ന് ഉറങ്ങുന്ന ജാനുവിനെ ഇന്ദ്രൻ മനസാൽ പുകഴ്ത്തി.
അവസാനം ഒരു രക്ഷയുമില്ലാതെ ജാനുവിനോട് പറയാമെന്നു വെച്ചു എഴുന്നേറ്റ് നോക്കുമ്പോൾ അവൾ നല്ല ഉറക്കം. എങ്ങനെ വിളിക്കും എന്ന് വിചാരിച്ചു അവളെയും നോക്കി അങ്ങനെ ഇരുന്നു.
ഇടയ്ക്കെപ്പോഴോ ജാനു കണ്ണുകൾ തുറന്ന് നോക്കുമ്പോൾ ഉറക്കം തൂങ്ങി ഇരിക്കുന്ന ഇന്ദ്രനെയാണ് കണ്ടത്.
ഏട്ടാ എന്താണ് ഇരുന്നു ഉറങ്ങുന്നത്?
ചിരി കടിച്ചമർത്തി അവൾ ചോദിച്ചു.
ശീലമാവാത്ത കൊണ്ടാവും ഉറക്കം വരണില്ല.
ഏട്ടൻ ഇവിടെ കിടന്നോ ഞാൻ താഴെ കിടക്കാം.
വെറും തറയിൽ കിടക്കുന്ന ബുദ്ധിമുട്ട് അറിഞ്ഞത് കൊണ്ടാവാം അവൻ അതിന് സമ്മതിച്ചില്ല.
എങ്കിൽ ഏട്ടനും ബെഡിൽ കിടന്നോളു. എനിക്ക് കുഴപ്പം ഒന്നും ഇല്ല.
മടിച്ചാണെങ്കിലും വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട് അവൻ കട്ടിലിൽ ഒരു ഓരം ചേർന്ന് കിടന്നു. അവന്റെ കിടപ്പ് കണ്ടു ജാനുവിനും ചിരി വരുന്നുണ്ടായിരുന്നു.
ഇന്ദ്രന്റെ ഫോൺ ബെൽ ചെയ്യുന്നത് കേട്ടാണ് രാവിലെ ഇരുവരും ഉണർന്നത്. ഇന്ദ്രന്റെ സംസാരത്തിൽ അതിയായ സന്തോഷം ഉണ്ടായിരുന്നു.
“ജാനു നാളെ നമുക്ക് ഒരു ഗസ്റ്റ് ഉണ്ട് കേട്ടോ..”
എത്രത്തോളം പ്രിയപ്പെട്ടവരാണ് നാളെ വരുന്നതെന്ന് അവന്റെ മുഖം ഭാവത്തിൽ നിന്ന് തന്നെ ജാനുവിന് മനസ്സിലായിരുന്നു.
(തുടരും )