അനു : ഭാഗം 26
നോവൽ
എഴുത്തുകാരി: അപർണ രാജൻ
രാവിലെ എഴുന്നേറ്റതും അനു ആദ്യം ചെന്നത് ഗൗരിയുടെ അടുത്തേക്കാണ് .
രാവിലെ തന്നെ ബിപിയും പൾസും ആരോഗ്യവും എല്ലാം നോക്കി ഒരു റിപ്പോർട്ട് തയാറാക്കി കടുവയ്ക്ക് അയച്ചു കൊടുക്കണം .
അങ്ങനെ ഉച്ചയ്ക്കും വൈകുന്നേരവും രാത്രിയും ഗൗരിയുടെ കണ്ടിഷൻ നോക്കി ഒരു റിപ്പോർട്ട് തയാറാക്കണം .
അതാണ് അനുവിന്റെ ഡ്യൂട്ടി .
പിന്നെ ഗൗരിക്കുള്ള മരുന്നും ഭക്ഷണവും , രാവിലെ ചെറിയ രീതിയിലുള്ള വ്യായാമവും യോഗയും , വൈകുന്നേരം കുറച്ചു നടത്തവും , ഇടയിൽ മാധവിയായി ചെറിയ രീതിയിലുള്ള കൊമ്പ് കോർക്കലും ഒക്കെയായി അങ്ങനെ അങ്ങ് പോകും .
അനു റൂമിൽ ചെന്നപ്പോൾ ഗൗരി എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല .
രാത്രി ഒത്തിരി വൈകി കിടക്കുന്നത് കൊണ്ടും മരുന്നിന്റെ എഫക്ട്ടും ക്ഷീണവും കാരണം ഗൗരി പതിവിലും വൈകിയാണ് എഴുന്നേൽക്കാറ് .
ഉറങ്ങുന്ന ഗൗരിയെ കണ്ടതും അനു പതിയെ വാതിൽ ചാരി കൊണ്ട് അടുക്കളയിലേക്ക് നടന്നു .
മാധവി തമ്പ്രാട്ടി എഴുന്നേറ്റോ ആവോ ????
പാതി വഴി പിന്നിട്ടതും , അടുക്കളയിൽ നിന്നും പാത്രങ്ങളുടെയും , കുക്കറിന്റെയും ഒക്കെ ശബ്ദം ഉയർന്നു തുടങ്ങി .
ഓ ……
കുക്കറിന്റെ വിസ്സിൽ ……
അപ്പോൾ ഇന്ന് മാങ്ങാത്തൊലി സാമ്പാർ തന്നെയാവും കറി .
ഒന്ന് രണ്ടു പശുക്കളുടെ കൂട്ടത്തിലേക്കാണ് ആ കടുവ എന്നെ തട്ടി ഇടാൻ നോക്കുന്നതെന്ന് ഞാൻ അറിഞ്ഞിരുന്നെങ്കിൽ ചത്താലും ഇങ്ങോട്ട് വരില്ലായിരുന്നു .
ഇതിപ്പോ ഒരു ചിക്കൻ കാലു , പോട്ടെ ആ മാധവി തള്ള ചിക്കൻ മസാല ഇട്ട് ഒരു കടല കറി പോലും വയ്ക്കൂലന്ന് പറഞ്ഞാൽ ….
ഗതികേട് …..
തന്റെ അവസ്ഥയെ പറ്റിയോർത്ത് സ്വയം പരിതപിച്ചു കൊണ്ട് അനു അടുക്കളയിലേക്ക് കയറിയതും മല്ലിയുടെയും സാമ്പാർ പൊടിയുടെയും ഗന്ധം മൂക്കിലേക്ക് ഇരച്ചു കയറി .
വിചാരിച്ചപ്പോലെ തന്നെ സാമ്പാർ ……
അപ്പോൾ ദോശ അല്ലെങ്കിൽ ഇഡലി .
ചമ്മന്തി അരയ്ക്കുന്ന തിരക്കിനിടയിലാണ് മാധവി , ഫ്ലാസ്ക്കിൽ നിന്ന് ചായ എടുത്തു കൊണ്ട് പോകുന്ന അനുവിനെ കണ്ടത് .
ഓ ……
അപ്പോഴേക്കും ചായ എടുത്തു കൊണ്ട് പോയോ ????
സമയാ സമയം വെട്ടി വിഴുങ്ങാൻ മാത്രം ഇങ്ങു വന്നോളും .
അല്ലാതെ അടുക്കളയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുക കൂടി ഇല്ല .
ഇങ്ങനേം ഉണ്ടോ പെൺകുട്ട്യോള് ……
ഇന്ന് കാണട്ടെ ….
നല്ലത് പറഞ്ഞിട്ട് തന്നെ ബാക്കി കാര്യം ഉള്ളു .
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
അനു ചെന്നപ്പോൾ കണ്ടത് കിടക്കയിൽ ഇരിക്കുന്ന ഗൗരിയെയാണ് .
“ഈ ഇടയായി ഉറക്കം ഇത്തിരി കൂടുതൽ ആണ് കേട്ടോ ……. ”
ഗൗരിക്ക് നേരെ കൈയിലിരുന്ന ചായ കപ്പ് നീട്ടി കൊണ്ട് അനു പറഞ്ഞതും ഗൗരി ചിരിച്ചു .
“ക്ഷീണം കാരണം ഉറങ്ങി പോകുന്നതല്ലേ എന്റെ അനു ….. ”
“ഇങ്ങനെ ഒരു അന്തവും കുന്തവും ഇല്ലാതെ കിടന്നു ഉറങ്ങിയാൽ ആ മാധവി തമ്പ്രാട്ടി പറയും ഞാൻ വല്ലോം കലക്കി തന്നതാണെന്ന് …… ”
അലമാരയിൽ നിന്നും ഗൗരിക്ക് കുളിച്ചു മാറാനുള്ള വസ്ത്രങ്ങൾ എടുക്കുന്ന കൂട്ടത്തിൽ അനു പറയുന്നത് കേട്ട് ഗൗരി പൊട്ടി ചിരിച്ചു .
ഗൗരിയുടെ ചിരി കേട്ടു കൊണ്ടാണ് മാധവി അകത്തേക്ക് വന്നത് .
“ഗൗരി കൊച്ചേ ,,,, കുളിക്കാനുള്ള വെള്ളം എടുത്തു വച്ചിട്ടുണ്ട് ……. ”
വന്ന കാര്യം പറഞ്ഞു കഴിഞ്ഞു തിരികെ പോകാൻ ഒരുങ്ങുമ്പോഴാണ് ഗൗരിയുടെ അലമാരി തുറന്നു എന്തോ തിരയുന്ന അനുവിനെ മാധവി കണ്ടത് .
“എന്റെ ഗൗരി കൊച്ചേ , കൊച്ചെന്താ ഇത് കണ്ടിട്ട് ഒന്നും പറയാത്തത് ???? ”
അനുവിന്റെ നേരെ പാഞ്ഞു ചെന്നു അവളുടെ കൈയിൽ പിടിച്ചു വലിച്ചു മാറ്റി കൊണ്ട് മാധവി ഗൗരിക്ക് നേരെ ചോദിച്ചതും , ഗൗരി മനസ്സിലാവാത്ത രീതിയിൽ മാധവിയെ നോക്കി .
ആ കുട്ടി അവിടെ നിന്ന് തുണി എടുക്കുന്നത് കണ്ടിട്ടാണോ മാധവി ചേച്ചി ഇങ്ങനെ ഒച്ച എടുക്കുന്നത് ????
“എന്താ ചേച്ചി ???? എന്താ കാര്യം ??? ”
കൈയിലിരുന്ന ചായ കപ്പ് ടീപ്പോയിൽ വച്ചു കൊണ്ട് ഗൗരി പതിയെ കിടക്കയിൽ നിന്നും എഴുന്നേറ്റു കൊണ്ട് ചോദിച്ചു .
“എന്റെ ഗൗരി കൊച്ചേ ,,, ഇന്നലെ വന്നു കയറിയവർക്കൊക്കെ ആണോ അലമാരിയുടെ താക്കോൽ കൊടുക്കുന്നത് ??? ഇതിന്റെ ഒക്കെ മനസ്സിൽ എന്താണെന്നു ആർക്കറിയാം ??? ”
അനുവിനെ ഒന്നുഴിഞ്ഞു നോക്കി കൊണ്ട് മാധവി പറഞ്ഞതും , ഗൗരിയുടെ മുഖം വിളറി .
എന്നാൽ അനുവിന് അത് കേട്ടതും ചിരിയാണ് വന്നത് .
തള്ള ആള് കൊള്ളാം ….
“എന്നാ ചേച്ചി , സ്വർണം ഒക്കെ ഇതിൽ ആണോ ഇരിക്കുന്നത് ??? ”
അനുവിന്റെ ചോദ്യം കേട്ടതും ഗൗരി പതിയെ തലയാട്ടി .
ഈ മാധവി ചേച്ചിയുടെ ഒരു കാര്യം ….
ആ കുട്ടിക്ക് വിഷമമായിട്ടുണ്ടാവും ….
“സ്വർണം മാത്രേ ഉള്ളോ ??? ”
ഗൗരിയുടെ മറുപടി കണ്ടതും അനു മാധവിയെ ഒന്ന് പാളി നോക്കി കൊണ്ട് ചോദിച്ചു .
അനുവിന്റെ ചോദ്യത്തിന്റെ അർത്ഥം മനസ്സിലായില്ലെങ്കിലും ഗൗരി അതെയെന്ന് തലയാട്ടി .
“അയ്യോടാ …… എങ്കിൽ പിന്നെ മാധവി തമ്പ്രാട്ടി പേടിക്കണ്ട കേട്ടോ ….. എനിക്കീ സ്വർണം വലിയ ഇഷ്ടം ഒന്നുമല്ല ….. വല്ല diamondo വൈറ്റ് ഗോൾഡോ ഒക്കെ ഉണ്ടെങ്കിൽ ഒരു കൈ നോക്കാമായിരുന്നു ……. ”
മാധവിയെ നോക്കി ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് അനു പറഞ്ഞത് കേട്ട് , ഗൗരിക്ക് ചിരി വന്നു .
“ചേച്ചി എങ്കിൽ കുളിച്ചിട്ട് വാ ട്ടോ ….. ”
അലമാരയിൽ നിന്നുമെടുത്ത ടോപ് ഗൗരിക്ക് കൊടുത്തു കൊണ്ട് അനു പുറത്തേക്ക് നടന്നു .
പോകുന്ന കൂട്ടത്തിൽ മുഖമിരുണ്ടു നിൽക്കുന്ന മാധവിയെ നോക്കി ഒന്ന് കണ്ണിറുക്കി കാണിക്കാനും അവൾ മറന്നില്ല .
🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇
ഗൗരിയെ കുളിക്കാൻ സഹായിച്ചു കൊണ്ട് തിരികെ അടുക്കളയിലേക്ക് വന്നപ്പോഴാണ് തന്നെയും കാത്തെന്ന പോലെ കസേരയിലിരിക്കുന്ന അനുവിനെ മാധവി കണ്ടത് .
ഓ അടുത്ത തീറ്റയ്ക്ക് വന്നതാവും ..
അനുവിനെ കണ്ടതും പുച്ഛത്തിലൊന്ന് മുഖം വെട്ടിച്ചു കൊണ്ട് മാധവി അടുക്കളയിലേക്ക് കയറി , തന്റെ ജോലി ചെയ്തു തീർക്കാൻ തുടങ്ങി .
താൻ വന്നു നിന്നിട്ട് പത്തു പതിനഞ്ചു നിമിഷം കഴിഞ്ഞിട്ടും പുറകിൽ നിന്ന് ശബ്ദമൊന്നും തന്നെ കേൾക്കാത്തത് കൊണ്ട് മാധവി പതിയെ തിരിഞ്ഞു പുറകിലേക്ക് നോക്കി .
അനു പോയിയെന്ന പ്രതീക്ഷയിലാണ് മാധവി തിരിഞ്ഞു നോക്കിയതെങ്കിലും പുറകിൽ , ഒരു തക്കാളിയും തിന്നു കൊണ്ട് ഒരിമ പോലും വെട്ടാതെ , തന്നെ തന്നെ നോക്കി യിരിക്കുന്ന അനുവിനെ കണ്ടതും മാധവിയുടെ ഹൃദയ മിടിപ്പ് കൂടാൻ തുടങ്ങി .
“ഇപ്പോൾ ഒരു പത്തമ്പത്തഞ്ചു വയസ് കാണുംലെ ???? ”
കസേരയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് അനു ചോദിച്ചത് കേട്ട് മാധവി അനുവിനെ നോക്കി .
ഇവൾക്കെന്തിനാ ഇപ്പോൾ എന്റെ വയസ്സറിയുന്നത് ???
“പ്രത്യേകിച്ച് ആരോഗ്യ പ്രശ്നം ഒന്നും തന്നെയില്ല ലെ ????? ”
അനുവിന്റെ ചോദ്യങ്ങൾ കേൾക്കാൻ തുടങ്ങിയതും മാധവിക്ക് ഒരേ നിമിഷം ഈർഷ്യയും ഭയവും തോന്നി .
“കിഡ്നിയും കരളും ഒക്കെ അവിടെ തന്നെ ഇണ്ടല്ലോ ലെ ???? ”
മാധവിയെ മൊത്തത്തിലൊന്നു നോക്കി കൊണ്ട് അനു ചോദിച്ചതും , മാധവിയുടെ ഹൃദയ മിടിപ്പ് ആദ്യത്തേതിലും ഉയർന്നു , അനുവിന് വരെ കേൾക്കാൻ പാകത്തിലായി .
“ആവിശ്യം വരും …….. ”
ഒന്ന് തൊട്ടാൽ ഇപ്പോൾ തന്നെ മലന്നടിച്ചു വീഴുമെന്ന പരുവത്തിൽ നിൽക്കുന്ന മാധവിയെ നോക്കി , ഒരാക്കി ചിരി ചിരിച്ചു കൊണ്ട് അനു പറഞ്ഞതിനൊപ്പം അവൾ പുറത്തേക്ക് നടന്നു .
ഇന്നത്തേക്ക് ഇത്രേം മതി ….
കണ്ടാൽ തന്നെ അറിയാം ഹാർട്ട് പേഷ്യന്റാണെന്ന് .
ഇതിൽ കൂടുതൽ പേടിപ്പിച്ചാൽ തള്ള വെട്ടിയിട്ട വാഴയിൽ കിടക്കേണ്ടി വരും .
അങ്ങനെ ആണെങ്കിൽ കഞ്ഞി കുടി മുട്ടും .
അനു പോയി കഴിഞ്ഞിട്ടും മാധവിയുടെ തരിപ്പ് മാറിയിട്ടുണ്ടായിരുന്നില്ല .
അവൾ ഇപ്പോൾ പറഞ്ഞിട്ട് പോയതിന്റെ അർത്ഥം എന്റെ കിഡ്നി അടിച്ചു മാറ്റുമെന്നല്ലേ ???? ….
എന്റെ പരമ ശിവാ ….
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
“ഇന്ന് ഞായർ അല്ലെ ???? ”
ചുവരിലെ ഭിത്തിയിലേക്ക് നോക്കി കൊണ്ട് ഗൗരി ചോദിച്ചത് കേട്ട് അനു ഗൗരിയെ നോക്കി .
“വീട്ടിലേക്ക് പോകുന്നില്ലേയെന്ന് …… ”
അനുവിന്റെ ചുളിഞ്ഞ നെറ്റി കണ്ടതും ഗൗരിക്ക് മനസ്സിലായി ദിവസം ഏതാ മാസം ഏതായെന്ന് പോലും അറിയാതെ നടക്കുന്ന വളരെ ചുരുക്കം ചിലരിൽ ഒരാളാണ് അനുവെന്ന് .
ങേ !!!!!
ഇന്നാണോ ഞായർ ????
അയ്യോ ,,,, മറന്നു പോയല്ലോ ????
അപ്പോൾ ഇന്ന് വീട്ടിലേക്ക് പോവാല്ലോ ????
മഹാ ദേവാ ……
വല്ല ചിക്കനോ മീൻ കറിയോ ഏതെങ്കിലും ഒരു ഐറ്റം വീട്ടിൽ ഉണ്ടാവണേ ….
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
കാളിംഗ് ബെൽ അടിക്കുന്നത് കേട്ടാണ് ശങ്കർ ടിവിയുടെ മുന്നിൽ നിന്നും എഴുന്നേറ്റത് .
ആരാണാവോ ഈ നട്ടുച്ചയ്ക്ക് ????
വാതിൽ തുറന്നതും മുന്നിൽ പല്ലിളിച്ചു കൊണ്ട് നിൽക്കുന്ന അനുവിനെ കണ്ടു ശങ്കർ മുറ്റത്തേക്ക് നോക്കി .
മുറ്റത്ത് കിടക്കുന്ന ബുള്ളറ്റ് ക്ലാസ്സിക് കണ്ടതും ശങ്കർ അനുവിനെ നോക്കി .
ഇതാരുടെയാടി ????
വല്ലോടത്തും നിന്ന് മോഷ്ടിച്ചതാണോ ???
എന്ന രീതിയിലുള്ള ശങ്കറിന്റെ നോട്ടം കണ്ടതും അനു തിരിഞ്ഞു മുറ്റത്തേക്ക് നോക്കി .
ഓ വണ്ടി ….
“കടുവയുടെയാണ് ……. എടുത്തോളാൻ പറഞ്ഞു തന്നതാ ”
ശങ്കറിന്റെ കൈയിലേക്ക് തന്റെ തൊപ്പിയും ഗ്ലാസും വണ്ടിയുടെ കീയും കൊടുത്തു കൊണ്ട് അനു അകത്തേക്ക് കയറി .
“ഇന്നെന്താ കാർന്നോരെ സ്പെഷ്യൽ ??? ചിക്കൻ ആണോ ??? ”
മൂക്ക് വിടർത്തി കൊണ്ട് അനു ചോദിച്ചതും ശങ്കർ വാതിലടച്ചു കൊണ്ട് വന്നു .
“അല്ല …… ”
അനു കൈയിലേക്ക് വച്ചു തന്ന താക്കോലും തൊപ്പിയുമൊക്കെ മേശ പുറത്തേക്ക് വച്ചു കൊണ്ട് ശങ്കർ പറഞ്ഞു .
“അപ്പോൾ ബീഫ് ,,, അല്ലെ ??? ….. ”
“അല്ല ….. ”
“മീൻ ……. ”
“അല്ല …… ”
“അറ്റ്ലീസ്റ്റ് ഒരു ഉണക്ക മീനെങ്കിലും ……. ”
ഉണക്കമീൻ എങ്ങാനും ഇല്ലന്ന് പറഞ്ഞാൽ , ഇപ്പോൾ ഞാൻ ഇവിടെ കിടന്നു കരയുമെന്ന ഭാവത്തിലുള്ള അനുവിന്റെ ചോദ്യം കേട്ടതും ശങ്കറിന് ചിരി വന്നു .
ഇങ്ങനെ ഒരു ആർത്തി പണ്ടാരം …….
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
“എന്റെ വിശ്വ കൊച്ചേ ……. മോൻ കേൾക്കണം ….. ആ തല തെറിച്ചത് എന്നിട്ട് എന്നോട് എന്താ പറഞ്ഞെതെന്ന് ……. ”
വിശ്വയുടെ മുഖം തന്റെ നേരെ തിരിച്ചു പിടിച്ചു കൊണ്ട് മാധവി കണ്ണ് നിറയ്ക്കാൻ തുടങ്ങി .
“അവളെന്നോട് പറയാ …… എന്റെ കിഡ്ണി അടിച്ചു മാറ്റി കൊണ്ട് പോകുമെന്ന് …… എന്റെ മുഖത്ത് നോക്കി അവൾ അങ്ങനെ പറഞ്ഞു മോനെ …….”
കണ്ണ് നിറച്ചു കൊണ്ടുള്ള മാധവിയുടെ സംസാരം കേട്ടതും വിശ്വ തിരിഞ്ഞു ഗൗരിയെ നോക്കി .
മാധവിയുടെ സംസാരവും വിശ്വയുടെ മുഖത്തെ ഭാവവും ഒക്കെ കണ്ടു ഗൗരിക്ക് ചിരി അടക്കാൻ വയ്യായിരുന്നു .
വിശ്വ വന്നു കയറിയപ്പോൾ തൊട്ട് തുടങ്ങിയതാണ് മാധവിയുടെ അനു പുരാണം .
അനു വന്നു കയറിയപ്പോൾ തൊട്ടുള്ള അവളുടെ കുറ്റവും കുറവും ചെറിയ രീതിയിൽ പൊടിപ്പും തൊങ്ങലും വച്ചു മാധവി വിശ്വയോട് പറഞ്ഞു കൊണ്ടിരുന്നു .
“എന്റെ മാധവി ചേച്ചി , വിശു ഒരുപാട് ദൂരത്ത് ന്ന് വരുന്നതല്ലേ …. അവൻ പോയി ഒന്ന് കുളിച്ചിട്ട് ഒക്കെ വരട്ടെ ബാക്കി അത് കഴിഞ്ഞു പറയാം ……… ”
വിശ്വയുടെ ദയനീയ ഭാവം കണ്ടതും ഗൗരി മാധവിയോടായി പറഞ്ഞു .
“അയ്യോ …… ഞാൻ അത് മറന്നു പോയി …….. എങ്കിൽ മോൻ പോയി കുളിച്ചിട്ട് ഒക്കെ വാ …… ഞാൻ കഴിക്കാൻ എടുത്തു വയ്ക്കാം …… ”
“ആ ഡോക്ടറ് എങ്ങനെ വിശ്വസിക്കാൻ പറ്റാവുന്നതാണോ ???? ”
ഭക്ഷണം കഴിക്കുന്നതിനിടയിൽ വിശ്വ ഗൗരിയോടായി ചോദിച്ചു .
അവന്റെ സ്വരത്തിൽ നിറഞ്ഞു നിൽക്കുന്ന ആവലാതി തിരിച്ചറിഞ്ഞതും ഗൗരി ചിരിച്ചു .
“ഇല്ലടാ ആ കുട്ടി പാവാ …… അളന്നു മുറിച്ചാണ് അതിന്റെ സംസാരം ഒക്കെ ……. മാധവി ചേച്ചിയോടും അങ്ങനെ ഒക്കെ തന്നെയാണ് ……. പിന്നെ നിന്നെ കണ്ടപ്പോൾ ഇത്തിരി കൂട്ടി പറഞ്ഞതാണ് …… ”
അടുക്കളയിലേക്ക് എന്തോ എടുക്കാനായി പോയ മാധവി തിരിച്ചു വന്നോ എന്ന് എത്തി നോക്കി കൊണ്ട് ഗൗരി പറഞ്ഞതും വിശ്വ ചിരിച്ചു .
“മാത്രല്ല ……. അങ്ങനെ ഇങ്ങനെ ഒന്നും പ്രഭേട്ടൻ ഒരാളെ ഇവിടെ കൊണ്ട് വന്നു നിർത്തില്ലല്ലോ ????? ”
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
മുന്നിലിരിക്കുന്ന ചിക്കൻ ബിരിയാണി കണ്ടതും അനുവിന്റെ വായയിൽ നിന്ന് വെള്ളമിറ്റ് വീഴാൻ തുടങ്ങി .
“എന്റെ അനുവേ ……. നിന്റെ വായിൽ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം കണ്ടാൽ തോന്നും നീ ഈ കണ്ട വർഷം മൊത്തം ബിരിയാണി കണ്ടിട്ടേയില്ലന്ന് …. ”
അനുവിന്റെ തലയിൽ കൊട്ടി കൊണ്ട് ശങ്കർ പറഞ്ഞതും , അവൾ ശങ്കറിനെ നോക്കി നന്നായി ഒന്ന് ചിരിച്ചു കാണിച്ചു .
“പിന്നെ ഒരാഴ്ച എനിക്ക് ഒരു വർഷം പോലെയായിരുന്നു എന്റെ അച്ഛേ …… ജീവിക്കാൻ പെട്ട പാട് ……. ”
പ്ലേറ്റിൽ വച്ചിരുന്ന ചിക്കൻ കാലു ഒരെണ്ണം എടുത്തു കടിച്ചു കൊണ്ട് അനു പറഞ്ഞതും ശങ്കർ മനസ്സിലായിയെന്ന രീതിയിൽ തലയാട്ടി .
“പതുക്കെ തിന്ന് ഇല്ലെങ്കിൽ തൊണ്ടയിൽ തട്ടി കാഞ്ഞു പോകും ….. ”
ഒരു കൈയിൽ രണ്ടു ചിക്കൻ കാലും മറ്റേ കൈ കൊണ്ട് ചോറ് വാരി തിന്നുന്ന അനുവിനെ കണ്ട് ശങ്കർ പറഞ്ഞു .
“ദേ ഹാർട്ട് പേഷ്യന്റിനോട് അത്ര അങ്ങ് കളിക്കാൻ നിൽക്കണ്ട കേട്ടോ ……. ഇനി എനിക്ക് നിന്നെ കൊലപാതകത്തിൽ നിന്ന് ഊരി എടുക്കാൻ വയ്യ …… ”
വരാന്തയിൽ ഇരുന്നു കൊണ്ട് മുറ്റത്തെ മാവിലേക്ക് നോക്കി കിടക്കുന്ന അനുവിനെ തോണ്ടി കൊണ്ട് ശങ്കർ പറഞ്ഞു .
“ആ ഒറ്റ കാരണം കൊണ്ടാണ് അവരവിടെ ഇപ്പോഴും പയറു മണി പോലെ നടക്കുന്നത് …… ഇല്ലായിരുന്നെങ്കിൽ ഉണ്ടല്ലോ , എപ്പോ ചുരുട്ടി കൂട്ടി ഒരു മൂലയ്ക്ക് ഇട്ടേനെ എന്ന് നോക്കിയാൽ മാത്രം മതി …….. ”
അത് അറിയാവുന്നത് കൊണ്ട് തന്നെയാണ് മോളെ അച്ഛന് ഇത്ര ടെൻഷൻ .
എങ്ങാനും നിന്റെ കണ്ട്രോൾ തെറ്റിയാൽ പിന്നെ അവരുടെ ശരീരത്തിൽ ചുളുങ്ങാത്ത ഒരു പാർട്ട് പോലും ഉണ്ടാവില്ല .
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
“നീ ഇറങ്ങുവാണോ ???? ”
മുറിയിൽ നിന്ന് ഒരു പുറത്തേക്ക് വന്ന അനുവിനെ കണ്ടു ശങ്കർ ചോദിച്ചു .
“അഹ് …….. മൂന്ന് കഴിഞ്ഞില്ലേ ????? ഇപ്പോൾ ചെന്നാലെ അഞ്ചിന് എങ്കിലും അവിടെ എത്തൂ ……. ”
തൊപ്പി എടുത്തു തിരികെ തലയിൽ വച്ചു കൊണ്ട് അനു പറഞ്ഞതും ശങ്കർ തലയാട്ടി .
“അപ്പോൾ ഞാൻ അടുത്ത ഞായറാഴ്ച വരാംട്ടോ ???? ”
“വോ വേണം ന്ന് ഇല്ല ……. ”
ബുള്ളെറ്റിൽ കയറി ഇരുന്നു കൊണ്ട് അനു പറഞ്ഞതും ശങ്കർ തിരിച്ചു പറഞ്ഞു .
പുച്ഛം നിറഞ്ഞ ശങ്കറിന്റെ മറുപടി കേട്ടതും അനുവിന് ദേഷ്യം വന്നു .
വോ പുച്ഛം ….
“അത് കാർന്നോറ് തന്നെ താനേ അങ്ങ് തീരുമാനിച്ചാൽ മതിയോ …… ഞാൻ വരും ……. ”
കെറുവിച്ചു കൊണ്ടുള്ള അനുവിന്റെ മറുപടി കേട്ടതും ശങ്കർ ചിരിച്ചു .
“പോവാണേ ……. ”
അനുവിന്റെ ബുള്ളറ്റ് ഗേറ്റ് കഴിഞ്ഞു പോയതും ശങ്കർ തിരികെ അകത്തേക്ക് പോയി .
“ഡീ …… !!!!!!!!!”
പുറകിൽ നിന്നാരുടെയോ ഉച്ചത്തിലുള്ള വിളി കേട്ടതും അനു വേഗം ബ്രേക്കിട്ടു .
മുന്നിൽ വന്നു നിന്ന ആളെ കണ്ടു , അനുവിന് സങ്കടവും ദേഷ്യവും എല്ലാം ഒന്നിച്ചു വന്നു .
(തുടരും ……. )