കനിഹ : ഭാഗം 3

Spread the love

” സാറിനു അറിയോ, ഫാമിലി സ്റ്റാറ്റസ്സും, സ്റ്റാൻഡേർഡും ഒക്കെ നോക്കി ഇരു വീട്ടുകാരും തീരുമാനിച്ച വിവാഹം ആയിരുന്നു ഡാഡിയുടെയും മമ്മിയുടെയും. പണതിനും സമ്പത്തിനും ഇരു വീട്ടുകാരും മുൻ‌തൂക്കം കൊടുത്തപ്പോൾ ഒരിക്കലും അവർ തമ്മിൽ മാനസിക പൊരുത്തം ഉണ്ടോന്ന് ആരും നോക്കിയില്ല. They were entirely different in their character. ” ” അവരുടെ ടേസ്റ്റും ഇഷ്ടവും ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം വ്യത്യസ്തമായിരുന്നു. അത്കൊണ്ട്തന്നെ ഡാഡിയും മമ്മിയും തമ്മിൽ ഒരുപാട് പൊരുത്തക്കേടുകൾ ഉണ്ടായി.

ആദ്യമൊക്കെ അഡ്ജസ്റ്റ് ചെയ്തു നോക്കി. പക്ഷെ തീരെ പറ്റാതെ ആയപ്പോഴാണ് രണ്ടുപേരും ഡിവോഴ്സ് എന്ന ഡിസിഷൻ എടുത്തത്. ” അവൾ ഗ്രൗണ്ടിനു അടുത്തുള്ള ബദം മരത്തിനു ചുവട്ടിൽ ചാരി ഇരുന്നുകൊണ്ട് പറഞ്ഞു തുടങ്ങി. “ഞാൻ ചെറിയ ക്ലാസ്സിൽ പഠിക്കുന്ന സമയത്തൊക്കെ കണ്ടിട്ടുണ്ട്.. മിക്ക ദിവസങ്ങളിലും രണ്ടു പേരും തമ്മിൽ വഴക്ക് ആയിരിക്കും. അങ്ങനെ വഴക്കിട്ടു വഴക്കിട്ടു രണ്ടുപേരും തമ്മിൽ തീരെ മിണ്ടാതെയായി.

ഒരു വീടിനുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും മിണ്ടാതെ ജീവിക്കുന്ന രണ്ടുപേർ..അവർക്കിടയിൽ ഒന്നും മനസിലാക്കാതെ ഞാനും.. സാറൊന്ന് ആലോചിച്ചു നോക്കിക്കെ അത് എത്ര ഹൊറിബിൾ ആണെന്ന്. ” അവൾ പ്രസാദിനെ നോക്കി പറഞ്ഞു. “അന്നൊന്നും എനിക്ക് അവർ തമ്മിലുള്ള വഴക്കിന്റെ റീസൺ കൃത്യമായി അറിയില്ല. പക്ഷെ ഒന്നറിയാം, രണ്ടുപേരും ഒരിക്കലും ഹാപ്പി അല്ലെന്ന്… എന്നെ ഒരാളെ ഓർത്തുമാത്രമാണ് തീരെ ഇഷ്ടം അല്ലാഞ്ഞിട്ടുകൂടി അവർ ഒരുമിച്ചു ജീവിക്കുന്നതെന്ന്.. they were sacrificing their life for me ” സങ്കടമോ, പുച്ഛമോ, ദേഷ്യമോ എന്ന് വേർതിരിച്ചറിയാനാവാത്ത ഒരു ഭാവം കനിഹയുടെ മുഖത്തു നിറഞ്ഞു.

” ഞാനന്ന് മൂന്നാം ക്ലാസ്സിലാ പഠിക്കുന്നെ. ഒരു ദിവസം സ്കൂളിൽ നിന്ന് തിരിച്ചു വന്നപ്പോ ഞങ്ങളുടെ വീട് നിറയെ ആൾക്കാർ. മമ്മിയുടെ വീട്ടുകാരും ഡാഡിയുടെ വീട്ടുകാരുമൊക്കെ നാട്ടിൽ നിന്ന് വന്നു. വലിയ ബഹളവും തർക്കവുമൊക്കെ നടന്നു. അവിടെ നിന്നാണ് ഡിവോഴ്സ് എന്ന വാക്ക് ഞാൻ ആദ്യമായി കേൾക്കുന്നത്. കൂടുതൽ ഒന്നുമറിയില്ലെങ്കിലും ഒന്ന് മനസിലായി, ഇനി ഡാഡിയും മമ്മിയും ഒരുമിച്ചു ഒരു വീട്ടിൽ കാണില്ലെന്ന്.അങ്ങനെ പതിയെ ഡാഡി ഞങ്ങളെ വിട്ടു മറ്റൊരു ഫ്ലാറ്റിലേക്ക് മാറി.

ഇടയ്ക്കൊക്കെ എന്നെ കാണാൻ വരുമായിരുന്നു. പിന്നെ പിന്നെ ആ വരവ് കുറഞ്ഞു.” ” അവർ തമ്മിലുള്ള പ്രശ്നം എന്തായിരുനെന്ന് കനിഹയ്ക്ക് അറിയില്ലേ ” അവൾക്ക് അരികിലേക്ക് ഇരുന്നുകൊണ്ട് അയാൾ ചോദിച്ചു. “മമ്മി നല്ല കഴിവുള്ള ഡാൻസർ ആണ്. കലാമണ്ഡലത്തിലൊക്കെ പോയി പഠിച്ചതാ. ഒരുപാട് സമ്മാനങ്ങളും അംഗീകാരങ്ങളുമൊക്കെ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ വാങ്ങിക്കൂട്ടിയിട്ടുണ്ട്. എല്ലാരും അറിയപ്പെടുന്ന ഒരു നർത്തകി ആകണമെന്നും സ്വന്തമായി ഡാൻസ് സ്കൂൾ തുടങ്ങണമെന്നുമൊക്കെ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു.

എന്നാൽ ജാതകദോഷം എന്നൊക്കെ പറഞ്ഞു18 വയസ് കഴിഞ്ഞു നിൽക്കുന്ന സമയത്ത് മമ്മിയുടെ കല്യാണം ഉറപ്പിച്ചു. ‌പക്ഷെ മമ്മി നൃത്തം ചെയുന്നതോ സ്വന്തമായി ഒരു കരിയർ ഉണ്ടാകുന്നതോ ഡാഡിയ്ക്ക് ഇഷ്ടം ആയിരുന്നില്ല . ബിസിനസ് ഫീൽഡിൽ ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുമ്പോഴും ഡാഡിക്ക് വേണ്ടത് വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കി നിൽക്കുന്ന ഒരാളെ ആയിരുന്നു. ഡാഡി പറയുന്നത് എല്ലാം കേട്ടു അനുസരിച്ചു, മറുതൊന്നും പറയാതെ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും ബലി കഴിച്ചു നിൽക്കുന്ന ഒരാൾ… നമ്മുടെയൊക്കെ ഭാഷയിൽ പറഞ്ഞാൽ ഉത്തമയായ ഭാര്യ… ” അവൾ പൊട്ടിച്ചിരിച്ചു.

പ്രസാദ് കൗതുകത്തോടെ അവളെ നോക്കിയിരുന്നു. ‌ ‌” പക്ഷെ എന്റെ മമ്മിയ്ക്ക് സ്വന്തമായി ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു .അതൊക്കെ വേണ്ടന്ന് വെച്ച് ഒരുപരിധി വരെ അഡ്ജസ്റ്റ് ചെയ്തു. എന്നാൽ ഡാഡി ഒരിക്കലും അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാർ ആയിരുന്നില്ല. ഡാഡി ഒരിക്കലും അദ്ദേഹത്തിന്റെ ഒരു സ്വപ്നങ്ങളും ഉപേക്ഷിച്ചിട്ടും ഇല്ല. പിന്നെന്ത് കൊണ്ട് മമ്മി അതെല്ലാം ചെയ്യണം ” അവൾ പുഞ്ചിരിയോടെ അയാളെ നോക്കി. ‌ “മമ്മി ഒരിക്കൽ ഉപേക്ഷിച്ച സ്വപ്നങ്ങൾക്ക് പിന്നാലെ പോകാൻ തുടങ്ങിയതും ഡാഡിയും മമ്മിയും തമ്മിൽ വീണ്ടും വഴക്കും തർക്കവും ഉണ്ടായി.

ഡാഡി ഡിമാൻഡ് ചെയുന്ന ഭാര്യ ആകാൻ മമ്മിയ്ക്കും മമ്മി ആഗ്രഹിക്കുന്ന ഭർത്താവ് ആകാൻ ഡാഡിയ്ക്കും പറ്റാതെ ആയപ്പോ, they choose divorce. അതിൽ രണ്ടു പേരെയും കുറ്റം പറയാൻ പറ്റില്ല.” ” അവർ ഡിവോഴ്സ് ആയാലും കനിഹ അവരോടൊപ്പം ആയിരുന്നല്ലോ താമസിച്ചത്..പക്ഷെ വീണ്ടും മറ്റൊരു കല്യാണം കഴിച്ചത് കൊണ്ടല്ലേ അവരുടെ അടുത്തു നിന്നും ഇത്ര ദൂരേക്ക് വരേണ്ടി വന്നത്. ” അയാൾ ചോദിച്ചു “അവർ separate ആയെങ്കിലും എന്റെ ഒരു കാര്യങ്ങൾക്കും ഡാഡിയും മമ്മിയും ഒരു കുറവും വരുത്തിയിട്ടില്ല.

എന്റെ എല്ലാ ആവിശ്യങ്ങളും നിറവേറ്റി തന്നു നല്ല അച്ഛനും അമ്മയും ആയി കൂടെയുണ്ട്. പിന്നെ അവരെ വിട്ടു ഇത്ര ദൂരേക്ക് വന്നത് എന്റെ സ്വന്തം ഇഷ്ടപ്രകാരം ആണ്. ” “പക്ഷെ പലരും പറഞ്ഞു കേൾക്കുന്നത്…. ” പ്രസാദ് പൂർത്തിയാകാതെ അവളെ നോക്കി. ” അവർക്ക് ബാധ്യത ആയി തോന്നിയത് കൊണ്ട് എന്നെ ദൂരെ നിർത്തി പഠിപ്പിക്കുകയാണെന്ന് അല്ലെ ” പ്രസാദ് നിർത്തിയിടത്തുനിന്നും അവൾ പൂർത്തിയാക്കി. ” പറയുന്നവർക്ക് എന്തും പറയാമല്ലോ..എന്റെ ഡാഡിയ്ക്കും മമ്മിയ്ക്കും ഞാനൊരിക്കലും ബാധ്യത അല്ല.

മറ്റൊരു കല്യാണം കഴിച്ചത് കൊണ്ട് അവരെന്റെ ഡാഡിയും മമ്മിയും അല്ലാതെ ആകുന്നും ഇല്ല. പക്ഷെ അവരുടെ പുതിയ ജീവിതത്തിനിടയിൽ ഞാൻ ഉണ്ടാകാൻ പാടില്ല എന്ന് തോന്നി.. അത്കൊണ്ടാണ് നാട്ടിൽ നിന്ന് പഠിക്കണമെന്ന് പറഞ്ഞു ഇവിടെക്ക് വന്നത്. ” ” അവരെ miss ചെയ്യാറില്ലേ? ” അടുത്ത് വേണമെന്ന് തോന്നില്ലേ.. ” പ്രസാദ് സംശയത്തോടെ അവളെ നോക്കി “അങ്ങനെ ചോദിച്ചാൽ.. തോന്നാറുണ്ട്.. പക്ഷെ എനിക്ക് എന്റെ ഡാഡിയെയും മമ്മിയെയും കൂടെ വേണമെന്ന് എങ്ങനെ വാശി പിടിക്കാൻ പറ്റും.? അത് എന്റെ സ്വാർത്ഥത ആകില്ലേ.?

” എങ്ങനെയാ കനിഹ ഇത്രയും പക്വതയോടെ ചിന്തിക്കാനും സംസാരിക്കാനും പറ്റുന്നത്.. അതും ഈ പ്രായത്തിൽ ” ഉള്ളിലെ അമ്പരപ്പ് മറച്ചു വെക്കാതെ അവൻ ചോദിച്ചു. മറുപടിയായി അവളൊന്നു ചിരിച്ചു. ” എനിക്കറിയാം ഒരു പത്താംക്ലാസുകാരിയുടെതിൽ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടുകളും ചിന്താഗതിയും സംസാരവുമൊക്കെയാണ് എനിക്കുള്ളതെന്ന്. “ചെറുപ്പം മുതൽ ഡാഡിയും മമ്മിയും ഇല്ലാതെ നാട്ടിൽ ഒറ്റയ്ക്കു ജീവിച്ചതല്ലേ..ചിലപ്പോൾ അതിന്റെയാകും. എല്ലാ കുട്ടികളും അച്ഛന്റെയും അമ്മയുടെയും തണലിൽ വളർന്നു വരുന്ന പ്രായമാണ് അത്.

പക്ഷെ ആ സമയത്തെല്ലാം ഞാൻ നാട്ടിലും എന്റെ പേരെന്റ്സ് മുംബൈയിലും ആയിരുന്നു. ഡാഡിയുടെ വീട്ടിൽ നിൽകുമ്പോൾ അവിടുള്ളവരെല്ലാം മമ്മിയെ കുറ്റപ്പെടുത്തി സംസാരിക്കുന്നതും, മമ്മിയുടെ വീട്ടിൽ ചെല്ലുമ്പോൾ ഡാഡിയെ കുറ്റപ്പെടുത്തി സംസാരിക്കുന്നതും കേട്ടാണ് ഞാൻ വളർന്നു വന്നത്. ഒരു ഇൻസെക്യൂരിറ്റി ആയിരുന്നു എനിക്ക് അന്നൊക്കെ തോന്നിയിരുന്നത്. പക്ഷെ ആ ഇൻസെക്യൂരിയെ ഞാൻ തന്നെ മറികടന്നു. എല്ലാരും അവരെ ബ്ലേയിം ചെയുമ്പോഴും ഞാൻ രണ്ടുപേരുടെയും ഭാഗത്തു നിന്നും ചിന്തിച്ചു നോക്കി.

എന്നെ ഓർത്തെങ്കിലും അവരോട് ഒരുമിച്ചു ജീവിക്കാൻ എല്ലാവരും പറയുന്നതിന്റെ അർത്ഥം എനിക്ക് മനസിലായില്ല..വീണ്ടും ഒന്നിച്ചു ജീവിച്ചിരുന്നെങ്കിലും അവർ തമ്മിൽ പഴയ പോലെ ആയേനെ.. ഒരു വീട്ടിൽ പരസ്പരം മിണ്ടാതെ, പരസ്പരം സ്നേഹിക്കാൻ പറ്റാതെ എനിക്ക് വേണ്ടിയും വീട്ടുകാർക്ക് വേണ്ടിയും അവർ നല്ല ഭാര്യ ഭർത്താക്കന്മാരായി അഭിനയിക്കേണ്ടി വന്നേനെ..അതിന്റ ആവിശ്യം എന്താ.. ആകെ ഒരു ജീവിതമേ ഉള്ളു..അങ്ങനെ മറ്റുള്ളവർക്ക് വേണ്ടി അഭിനയിച്ചു ജീവിക്കുന്നതിലും എത്രയോ നല്ലതാ അവർക്ക് ചേരുന്ന ആളുടെ കൂടെ ജീവിക്കുന്നത്. ”

“എനിക്ക് ഇതൊന്നും ആരും ഒരിക്കലും പറഞ്ഞു തന്നിട്ടില്ല.. മമ്മിയും ഡാഡിയും എന്നോട് വലിയ തെറ്റ് ചെയ്തു എന്ന പോലെയാ എല്ലാരും സംസാരിക്കുന്നത്. പക്ഷെ അവർ ചെയ്തതാണ് ശെരിയെന്നു എനിക്ക് അറിയാം. നമ്മുടെ ചുറ്റുമുള്ളവർ പലതും പറയും, നീ ചെയ്തത് തെറ്റായിപോയി, ഇങ്ങനെ ചെയ്യാൻ പാടില്ല, അങ്ങനെ ചെയ്യാൻ പാടില്ല, നീ ഇങ്ങനൊക്കെ ചെയ്‌താൽ മറ്റുള്ളവർ എന്ത് കരുതും, നാട്ടുകാരോട് എന്ത് സമാധാനം പറയും തുടങ്ങിയ questions ഒക്കെ ഒരുപാട് വരും., അതൊക്കെ നിസ്സാരമായി തള്ളികളയണമെന്നും, ആ ചോദ്യങ്ങളെ പേടിച്ചു സ്വന്തം സന്തോഷം നഷ്ടപ്പെടുത്തരുതെന്നും എനിക്ക് ഡാഡിയുടെയും മമ്മിയുടെയും കാര്യത്തിൽ നിന്ന് മനസിലായി.

അന്ന് മുതലാണ് ഞാൻ ഒറ്റയ്ക്ക് എല്ലാ കാര്യങ്ങളെയും analyse ചെയ്യാൻ തുടങ്ങിയത്. ഏത് കാര്യത്തെക്കുറിച്ചും സ്വന്തമായി ചിന്തിക്കാൻ തുടങ്ങി. സ്വയമായി എല്ലാം വിലയിരുത്താൻ തുടങ്ങി. ചിലപ്പോ ഞാൻ ചിന്തിക്കുന്നതും എന്റെ കാഴ്ചപ്പാടുകളും മറ്റുള്ളവർക്ക് തെറ്റായിരിക്കാം.. എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം അതെല്ലാം എന്റെ മാത്രം ശെരികളാണ്. ” അവളൊന്നു നിവർന്നിരുന്നു കൊണ്ട് പറഞ്ഞു. “നാട്ടിൽ നിന്ന കുറച്ചു വർഷങ്ങൾ ആണ് എന്നെ ഒരുപാട് മാറ്റിയത്. ആരെയും depend ചെയ്യാതെ എന്റെ കാര്യങ്ങൾ സ്വയം ചെയ്യാൻ പഠിച്ചതും, കുറച്ചു കൂടി ബോൾഡ് ആയതുമെല്ലാം അങ്ങനെയാണ്.

ഓരോ വെക്കേഷനും ഞാൻ അവരുടെ അടുത്തേക്ക് പോകാറുണ്ട്. കുറച്ചു ഡേയ്‌സ് മമ്മിയുടെ കൂടെയും കുറച്ചു ഡേയ്‌സ് ഡാഡിയുടെ കൂടെയും മാറി മാറി താമസിക്കും. ” പ്രസാദ് പുഞ്ചിരിയോടെ അവൾ പറയുന്നത് കേട്ടുകൊണ്ടിരുന്നു. “ഫ്ലാറ്റിൽ ചെന്നാൽ ഡാഡി ആദ്യം അന്വേഷിക്കുക മമ്മിയെകുറിച്ച് ആകും. മമ്മി ഹാപ്പി ആണോ,നന്നായി ഇരിക്കുന്നോ, career എങ്ങനെ പോകുന്നു എന്നൊക്കെ. തിരികെ വീട്ടിൽ വരുമ്പോ മമ്മി അന്വേഷിക്കുന്നത് ഡാഡിയെക്കുറിച്ചും. ഡാഡിയുടെ ഹെൽത്ത്‌ ഓക്കേ ആണോ, സതോഷമായി ഇരിക്കുന്നോ etc etc..”എങ്കിൽ പിന്നെ നിങ്ങൾക്ക് ഒരുമിച്ചു ഒരേ വീട്ടിൽ ജീവിക്കാൻ പാടില്ലേ എന്ന് ഞാൻ ചോദിക്കും.”

അവൾ കുസൃതിയോടെ ചിരിച്ചു. “അപ്പൊ അവർ എന്താ പറയുക “പ്രസാദ് ആകാംഷയോടെ ചോദിച്ചു ” ഞാനാ ചോദ്യം ചോദിക്കുമ്പോ രണ്ടു പേരുടെയും മുഖം വാടും. മമ്മിയ്ക്ക് ചേരുന്ന ഒരാളെ കണ്ടെത്തിയല്ലോയെന്ന് ഡാഡിയും ഡാഡി ആഗ്രഹിച്ച പോലൊരു ഭാര്യയെ കിട്ടിയല്ലോയെന്ന് മമ്മിയും പറയും. ” ” അവരുടെ കൂടെ നിൽക്കാൻ രണ്ടുപേരും നിർബന്ധിക്കാറുണ്ട്..പക്ഷെ മനസ് വരുന്നില്ല..ഇപ്പോ അവർക്ക് പുതിയ ലൈഫ് പാർട്ണർ ഉണ്ട്, എനിക്ക് ഓരോ അനിയനും അനിയത്തിയും ഉണ്ട്. അത് അവരുടെ ലോകമാണ്.. അവർ ജീവിക്കട്ടെ സന്തോഷമായി.. ”

“എന്തിനാ അങ്ങനെയൊക്കെ ചിന്തിക്കുന്നത്.. അവരോടൊപ്പം നിൽക്കാനുള്ള അവകാശവും അധികാരവും കനിഹയ്ക്ക് ഉണ്ടല്ലോ ” ” തീർച്ചയായും ഉണ്ട്..പക്ഷെ ഇപ്പോൾ വേണ്ട.. എനിക്ക് എന്റേതായ ഒരു ഐഡന്റിറ്റി ഉണ്ടായത്തിന് ശേഷം മാത്രമേ അതിനെക്കുറിച്ചു ആലോചിക്കുന്നുള്ളു. ” ഒരുതരം ദുർവാശി അല്ലെ അത് ” പ്രസാദ് ചോദിച്ചു “അതെനിക്ക് അറിയില്ല സാർ.. ഞാൻ നേരത്തെ പറഞ്ഞില്ലേ.. എനിക്ക് ഇതാണ് ശെരിയായി തോനുന്ന കാര്യം. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോ അണ്ടർ 13 ബാഡ്മിന്റൺ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി പാറ്റ്നയിൽ പോയിരുന്നു.

സാധാരണ ഡാഡിയോ മമ്മിയോ ആരെങ്കിലുമൊരാൾ ആയിരിക്കും എല്ലാത്തിനും എന്നോടൊപ്പം വരിക. അന്ന് പതിവിന് വിപരീതമായി ഡാഡിയും മമ്മിയും ഒരുമിച്ചു കൂടെ വന്നു. ടൂർണമെന്റ് നടന്ന 4 ദിവസവും എല്ലാ തിരക്കുകളും മാറ്റിവെച്ചു അവർ എന്റെ കൂടെ ഉണ്ടായിരുന്നു. അതായിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിൽ ഉള്ളത്. “അവൾ കുറച്ചു നേരം നിശബ്ദമായി ഇരുന്നു. അതിനു ശേഷം ഓരോ ടൂർണമെന്റ്നു പോകുമ്പോഴും അവർ ഒരുമിച്ചു എന്റെ കൂടെ വന്നു. എന്റെ സന്തോഷങ്ങൾക്ക് വേണ്ടി, എന്റെ ഓരോ നല്ല മോമെന്റസിലും അവർ കൂടെ നിന്നു..

എന്റെ നല്ല ഡാഡിയും മമ്മിയും ആയി..! ” അവൾ മെല്ലെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു. “സാർ നേരത്തെ പറഞ്ഞില്ലേ ഞാൻ നല്ല matured ആയി സംസാരിക്കുന്നുണ്ടെന്ന്. അതിനെല്ലാം കാരണം എന്റെ പേരെന്റ്സ് ആണ്. നാട്ടിൽ വന്നു നിന്നപ്പോഴും എന്റെ ഉള്ളിൽ ധൈര്യം തന്നു എന്നെ സ്വയം പര്യാപ്ത ആകിയതും ഉള്ളിൽ ലക്ഷ്യബോധം തന്നതുമെല്ലാം അവരാണ്. ആണ്. ഡാഡിയും മമ്മിയും എപ്പോഴും പറയും നിന്റെ ചുറ്റുമുള്ളർ നിന്നെ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചും അവരുടെ തീരുമാനങ്ങൾ അടിച്ചേല്പിച്ചും നിന്നെ ചേഞ്ച്‌ ആക്കാൻ നോക്കും.

പക്ഷെ ഒന്നിലും ഡെസ്പ് ആയി പോകാതെ എല്ലാ കാര്യങ്ങളിലും സന്തോഷം കണ്ടെത്തണമെന്ന്. നിസ്സാരകാര്യങ്ങൾക്ക് മുന്നിൽ പോലും വാടിതളർന്നു പോകുന്ന കുട്ടികൾക്കിടയിൽ എന്നെ വ്യത്യസ്ത ആക്കിയത് എന്റെ ഡാഡിയും മമ്മിയുമാ, ഇന്ന് ഞാൻ എന്താണോ അതിനെല്ലാം കാരണക്കാർ അവർ മാത്രമാ. അങ്ങനെയുള്ള അവരോട് എനിക്ക് ദേഷ്യം തോന്നേണ്ട കാര്യമുണ്ടോ സാർ? കണ്ണുകൾ വിടർത്തി അവൾ പുഞ്ചിരിച്ചു. പ്രസാദ് കുറെ നേരം അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. “അവരുടെ ഭാഗ്യമാണ് കുട്ടിയെ പോലൊരാളെ മകളായി കിട്ടിയത്.. “മനസ് നിറഞ്ഞായിരുന്നു അയാൾ അത് പറഞ്ഞത്. ” അതെനിക്ക് അറിയില്ല..

പക്ഷെ എന്റെ ഭാഗ്യമാണ് അവരെ രണ്ടുപേരെയും എന്റെ ഡാഡിയും മമ്മിയും ആയി കിട്ടിയത്. ” അവൾ ചിരിച്ചു. അയാളും ആ ചിരിയിൽ പങ്കുചേർന്നു. എത്ര വ്യക്തതയോടെയാണ് അവൾ ഓരോ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നതെന്ന് അയാൾ ഓർത്തു. ഈ പ്രായത്തിൽ പോലും ഡിവോഴ്സ് എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്ന തന്നെപോലെയുള്ളവരുടെ മുന്നിലാണ് യാതൊരു പ്രശ്നവും ഇല്ലാതെ ഏറ്റവും ബഹുമാനത്തോട്കൂടി സ്വന്തം അച്ഛന്റെയും അമ്മയുടെയും വിവാഹമോചനത്തേക്കുറിച്ച് ഒരു മകൾ സംസാരിക്കുന്നത് കേൾക്കുന്നത്. ”

സ്പോർട്സ് ഫീൽഡിൽ തന്നെ നിൽക്കാൻ അല്ലെ കനിഹയുടെ പ്ലാൻ.എന്ന് വെച്ച് പഠിത്തം stop ചെയ്യുകയൊന്നും വേണ്ട.പരമാവധി പഠിക്കാൻ ശ്രമിക്കണം.” അവളുടെ ഒപ്പം ഗ്രൗണ്ടിൽ നിന്ന് തിരികെ നടക്കവേ പ്രസാദ് പറഞ്ഞു “പഠിച്ചു റാങ്ക് മേടിക്കുക എന്നതൊന്നും എനിക്ക് പറ്റുന്ന കാര്യമല്ല സാർ.. ഞാനൊരു ആവറേജ് സ്റ്റുഡന്റ് ആണ്.. ചില വിഷയങ്ങളിൽ ബിലോ ആവറേജും. പിന്നെ എല്ലാവരും ഒരുപോലെ പഠിച്ചു ജയിച്ചു വൈറ്റ് കോളർ ജോബ് മാത്രേ നോക്കു എന്ന് പറഞ്ഞാൽ ഈ നാടിന്റെ അവസ്ഥ എന്താകും. ” അവൾ പൊട്ടിച്ചിരിച്ചു. എനിക്കൊരു ബാഡ്മിന്റൺ പ്ലയെർ ആകണം.. അവിടെയായിക്കും എനിക്ക് കുറച്ചു കൂടി നന്നായി പെർഫോം ചെയ്യാൻ പറ്റുക.”

അയാൾ പുഞ്ചിരിയോടെ അവളുടെ സംസാരം കേട്ടുകൊണ്ട് നടന്നു. “പോട്ടെ സാറേ.. സമയം വൈകുന്നു. ” തിടുക്കപ്പെട്ടു ബാഗും തോളിലിട്ട് ഒരു കയ്യിൽ റാക്കറ്റും പിടിച്ചു യാത്രപറഞ്ഞു കടന്നു പോകുന്ന അവളെ നോക്കി പ്രസാദ് നിന്നു പോയി.ഉള്ളിൽ ബഹുമാനമാണ് തോന്നുന്നത് ആ പെൺകുട്ടിയോട്. ഇനിയുമെറെ അടുത്തറിയാൻ തോന്നുന്ന ഒരിഷ്ടം. ജീവിതത്തോടുള്ള അവളുടെ കാഴ്ചപ്പാടും സമീപനവും കാണവേ അയാൾ തിരിച്ചറിയുകയായിരുന്നു പ്രസാദ് എന്ന ഇരുപത്തിയഞ്ചുകാരൻ കനിഹ എന്ന പതിഞ്ചുക്കാരിക്ക് മുന്നിൽ ഒരുപാട് ചെറുതാണെന്ന സത്യം.

(തുടരും )

കനിഹ : ഭാഗം 2

-

-

-

-

-