Friday, April 19, 2024
Novel

അനു : ഭാഗം 7

Spread the love

നോവൽ
എഴുത്തുകാരി: അപർണ രാജൻ

Thank you for reading this post, don't forget to subscribe!

കേട്ടത് വിശ്വാസിക്കണമോ ഇല്ലയോ എന്നറിയാതെ വിശ്വ രഖുവിനെ നോക്കി , പിന്നെ ബെഞ്ചിൽ ഇരിക്കുന്ന അനുവിനെയും .

ആള് ഫോണിൽ എന്തോ കളിച്ചു കൊണ്ടിരിക്കുകയാണ് .

എന്തോ ഗെയിം ആണെന്ന് തോന്നുന്നു .

ഒരാളെ തല്ലി ഹോസ്പിറ്റലിലാക്കിയിട്ട് വന്നിരിക്കുകയാണെന്ന് കണ്ടാൽ പറയില്ല .

അല്ല , ശരിക്കും അങ്ങനെ ഇവള് ചെയ്തോ ???

ഇനിയിപ്പോ ചെയ്താൽ തന്നെ യാതൊരു വിധ ടെൻഷനോ പേടിയോ ഒന്നും തന്നെ ആ മുഖത്തില്ല .

ഭയങ്കര കൂളായി ഇരിക്കുന്നു ….

സാധാരണ പെണ്ണുങ്ങൾ ഇങ്ങനെയുള്ള സമയങ്ങളിൽ കരഞ്ഞു നിലവിളിക്കുകയല്ലേ ചെയ്യാ ????

വിശ്വയ്ക്ക് ആകെ തല പെരുക്കുന്നപ്പോലെ തോന്നി .

അനുവിനെ ഒന്ന് കൂടി നോക്കി കൊണ്ട് അവൻ ഓഫീസിലേക്ക് കയറി പോയി .

🎆🎆🎆🎆🎆🎆🎆

“ടോ , താൻ പറഞ്ഞത് ശരിക്കും ഉള്ളത് തന്നെയാണോ ??? ”

കസേരയിലേക്ക് ഇരുന്നതും രഖുവിനോട് വിശ്വ ചോദിച്ചു .

“അഹ് സാറെ , തല പൊട്ടി പന്ത്രണ്ടു സ്റ്റിച്ച് ഉണ്ട് ……. പിന്നെ ……. ”

ബാക്കി പറയാതെ രഖു വിശ്വയുടെ മുഖത്തേക്ക് നോക്കി .

“എന്റെ മോത്തേട്ട് നോക്കി നിക്കാതെ ബാക്കി പറയടോ ….. ”

“ഇനി ആ ചെക്കൻ കല്യാണം കഴിച്ചിട്ട് ഉപയോഗം ഒന്നും ഇല്ലെന്നാ ഡോക്ടർ പറഞ്ഞത് ……. ”

കൊള്ളാം , ഇതിലും ഭേദം അവനെ ഒറ്റ തട്ടിന് കൊല്ലുന്നതായിരുന്നു .

അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് പുറത്തേക്ക് നോക്കി .

“താൻ പോയി അവളെ വിളിച്ചു കൊണ്ട് വാ …… ചെക്കൻ ഹോസ്പിറ്റലിലായ സ്ഥിതിക്ക് കേസ് എടുക്കാതെ വേറെ വഴി ഇല്ലല്ലോ ??? ”

വിശ്വ പറഞ്ഞതും രഖു പുറത്തേക്ക് പോയി .

തിരികെ വന്നപ്പോൾ അയാളുടെ ഒപ്പം അനുവും ഉണ്ടായിരുന്നു .

രഖുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് വന്ന അനു തന്റെ മുന്നിലിരിക്കുന്ന വിശ്വയെ കണ്ടതും അവളുടെ മുഖത്ത് തെളിഞ്ഞു നിന്ന ചിരി മാഞ്ഞു .

ഈ സമയം അകത്തേക്ക് കയറി വരുന്ന അനുവിലായിരുന്നു വിശ്വയുടെ കണ്ണുകൾ മുഴുവനും .

ഇന്നലത്തെ പോലെ തന്നെ ഇന്നും ബ്ലാക്ക് ഷർട്ടും ജീൻസുമാണ് വേഷം .

ഇവൾക്ക് കുളീം നനയും ഇല്ലേ ആവോ ???

കാണുമ്പോൾ ഒക്കെ ഇതെ ബ്ലാക്ക് ഷർട്ടും പാന്റും …..

ഇവളിന് മലയ്ക്ക് പോവാൻ മാലയിട്ടെക്കുവാണോ ???

മനസ്സിൽ പറഞ്ഞു കൊണ്ട് അവൻ നോക്കിയത് അഴിഞ്ഞു കിടക്കുന്ന അവളുടെ മുടിയിഴകളിലേക്കാണ് ….

ഇത്രേം നീളമുള്ള മുടി എങ്ങനെ ഇവൾക്ക് അഴിച്ചിടാൻ തോന്നിയോ എന്തോ ???

എന്തായാലും , ഒരു വെള്ള സാരി കൂടി ഉണ്ടായിരുന്നെങ്കിൽ കറക്റ്റ്
കള്യാങ്കാട്ട് നീലിയായേനെ ….

അവൻ സ്വയം പറഞ്ഞു കൊണ്ട് അവളുടെ നേരെ ഇരിക്കാൻ കൈ കാണിച്ചു .

🎆🎆🎆🎆🎆🎆🎆🎆🎆

“ടി അതുങ്ങൾ പോയിട്ട് കുറെ നേരം ആയല്ലോ ??? ”

ക്ലോക്കിലേക്ക് നോക്കി ആധി പിടിച്ച മനസോടെ ഷാന പറഞ്ഞതും കരൺ ഫോണിൽ നിന്ന് മുഖമുയർത്തി ക്ലോക്കിലേക്ക് നോക്കി .

ക്ലോക്കിൽ 5:30 ന്ന് കണ്ടതും കരണിന്റെ മുഖത്ത് ഒരു പുച്ഛച്ചിരി വിരിഞ്ഞു .

“എന്താടി നിനക്കൊരു പുച്ഛം ?? ”

കരണിന്റെ കിറിക്കിട്ട് കുത്തി കൊണ്ട് ഷാന ചോദിച്ചു .

“ഔച്ച് !!! ”

ഷാന കുത്തിയ കവിളും തലോടി കൊണ്ട് കരൺ അവളെ നോക്കി .

“രണ്ടും കൂടി വല്ല പൊല്ലാപ്പും ഒപ്പിച്ചു വയ്ച്ചോ എന്റെ റബ്ബേ ?? ”

“You are overreacting …… ”

ഫോണിലേക്ക് വീണ്ടും മുഖം പൂഴ്ത്തി കൊണ്ട് കരൺ പറഞ്ഞതും ഷാന കരണിനെ നോക്കി .

“ആടി ……. ഞാൻ over react ചെയ്യാ …… ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ ??? അത് പോലെ അല്ലെ ആ ഹമ്ക്ക് കാണിച്ചു കൂട്ടുന്നത് ”

പിറുപിറുത്തു കൊണ്ട് ഷാന കരണിന്റെ അടുത്തിരുന്നു .

“Stop mumbling …… she can take care for herself …… ”

ഷാനയുടെ തോളിലേക്ക് ചാഞ്ഞു കൊണ്ട് കരൺ പറഞ്ഞു .

🎆🎆🎆🎆🎆🎆🎆

“എന്നെ എന്തിനാ സാറെ , ഇവിടെ പിടിച്ചു ഇരുത്തിയിരിക്കുന്നെ ?? ”

അനുവിന്റെ ചോദ്യം കേട്ടതും അവളുടെ കരണം പൊത്തി ഒന്ന് കൊടുക്കാനാണ് വിശ്വയ്ക്ക് തോന്നിയത് .

ഒരു ചെക്കന്റെ തലയും തല്ലി പൊളിച്ചു വന്നിട്ട് , ചോദിക്കുന്ന ചോദ്യം കേട്ടില്ലേ ???

എന്നാത്തിനാ ഇവിടെ ഇരുത്തിയിരിക്കുന്നതെന്ന് .

അവന്റെ ബോധം ഒന്ന് തെളിയട്ടെ , നിന്നെ ഞാൻ ലോക്കപ്പിൽ കയറ്റും .

അവളെ ഒന്നുഴിഞ്ഞു നോക്കി കൊണ്ട് വിശ്വ മനസ്സിൽ പറഞ്ഞു .

“ഹലോ സാറെ , ഞാൻ ചോദിച്ചതിന് ഉത്തരം താ …… ”

തന്നെ തന്നെ ചിറഞ്ഞു നോക്കുന്ന വിശ്വയുടെ മുഖത്തിന്‌ നേരെ കൈ ഞൊടിച്ചു കൊണ്ട് അനു ചോദിച്ചു .

“ഒരുത്തന്റെ തലയ്ക്കടിച്ചു ഹോസ്പിറ്റലിൽ കിടത്തിയിട്ടുണ്ടല്ലോ ?? അവന് ബോധം വന്ന് , തന്റെ പേരിൽ പരാതി ഒന്നും ഇല്ലന്ന് എഴുതി തന്നാൽ തനിക്ക് ഇവിടെന്ന് പോവാം …… ”

അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞു കൊണ്ട് വിശ്വ രഖുവിനെ വിളിച്ചു .

“സാർ …… ”

“അഹ് രഖു , ഇവളുടെ ഡീറ്റെയിൽസ് ഒക്കെ എടുക്ക് …… ”

അകത്തേക്ക് കയറി വന്ന രഖുവിനോടായി വിശ്വ പറഞ്ഞു കൊണ്ട് അനുവിനെ നോക്കി .

വിശ്വയുടെ നോട്ടം കണ്ട് കണ്ണുകൾ ചുഴറ്റി കൊണ്ട് അനു എഴുന്നേറ്റു , പുറത്തേക്ക് പോയി .

🎇🎇🎇🎇🎇🎇🎇🎇

“സാർ ഡീറ്റെയിൽസ് ……. ”

കൈയിൽ ഇരുന്ന ഫയൽ വിശ്വയുടെ നേരെ നീട്ടി കൊണ്ട് രഖു പറഞ്ഞു .

“മ്മ് , ശരി …… പിന്നെ ഹോസ്പിറ്റലിൽ ആ ചെക്കന്റെ ഒപ്പം ആരാ നിൽക്കുന്നത് ??? ”

രഖുവിന്റെ കൈയിൽ നിന്നും ഫയൽ വാങ്ങി കൊണ്ട് വിശ്വ ചോദിച്ചു .

“ഗണേഷാണ് നിൽക്കുന്നത് …… ”

“മ്മ് ……. താനും അങ്ങോട്ടേക്ക് പൊക്കോ , ഇപ്പോൾ തന്നെ …… ആ ചെക്കന് ബോധം വരുമ്പോൾ തന്നെ കംപ്ലയിന്റ് രേഖപ്പെടുത്തണം …… ”

വിശ്വ പറഞ്ഞത് തലയാട്ടി കേട്ട് കൊണ്ട് രഖു പുറത്തേക്ക് പോയി .

രഖു പോയതും വിശ്വയുടെ നോട്ടം ചെന്ന് പതിച്ചത് ആ ഫയലിലേക്കാണ് .

അവൻ അത് കൈയിലെടുത്ത് തുറന്നു നോക്കി .

അനസ്വല ശങ്കർ …….

ങേ !!!!

ഇന്നലെ അവൾ അനുവെന്നല്ലെ പറഞ്ഞത് ????

അഹ് , ചിലപ്പോൾ ബോധം ഇല്ലാതെ വീട്ടിൽ വിളിക്കുന്ന പേര് പറഞ്ഞതാവും …..

അവൻ സ്വയം പറഞ്ഞു കൊണ്ട് വീണ്ടും പേപ്പറിലേക്ക് കണ്ണോടിച്ചു .

അനസ്വല ശങ്കർ ….

അനു ……

മാളികത്തേഴ് ….

അഹ് , നമ്മടെ മഹിയുടെ കസിന്റെ വീട്‌ അതാണല്ലോ ??

അപ്പോഴാണ് അവന്റെ തലയിലെ ബൾബ് കത്തിയത് ….

താൻ വിചാരിച്ചത് തന്നെയാണ് ഇവിടെ നടക്കുന്നതെന്നറിഞ്ഞതും വിശ്വ ഞെട്ടി പോയി .

എടാ മഹി , അലവലാതി ……

നീ എന്തൊക്കെയാണടാ അവളെ പറ്റി പറഞ്ഞത് ???

പാവം കൊച്ച് , മുഖത്ത് നേരെ പോലും നോക്കില്ലാത്ത കൊച്ച് , വായിൽ വിരലിട്ടാൽ പോലും കടിക്കാത്ത കൊച്ച് .

ആഹാ ……

മോനെ മഹി , നീ വന്നൊന്ന് കാണടാ മോനെ , നിന്റെ പെങ്ങളെ നീ ഒന്ന് കാണ് …..

ആവേശം അടക്ക വയ്യാതെ വിശ്വ അപ്പോൾ തന്നെ ഫോൺ എടുത്തു മഹിക്ക് ഡയൽ ചെയ്തു .

🎆🎆🎆🎆🎆🎆🎆🎆🎆🎆

ഇങ്ങേർക്ക് വല്ല പ്രാന്ത് ഇണ്ടോ എന്തോ ???

പുറത്ത് ബെഞ്ചിൽ ഇരിക്കുന്നു കൊണ്ട് അനു അകത്തേക്ക് നോക്കി പിറുപിറുത്തു .

“അനു …… ”

സരൂവിന്റെ വിളി കേട്ടതും അനു തിരിഞ്ഞു നോക്കി .

പേടിച്ചരണ്ട അവളുടെ മുഖം കണ്ടതും ചിരിയും സഹതാപവും ഒന്നിച്ചു വന്നു .

പാവം പുള്ള ……

പോലീസ് വന്നപ്പോൾ തൊട്ട് അതിന്റെ മുട്ട് കാൽ വിറയ്ക്കുന്നതാണ് .

ഇനിയും ഞാൻ ഇതിനെ ഇവിടെ ഇരുത്തിയാൽ ടെൻഷൻ അടിച്ചു ചാവും …..

അതും ഓർത്ത് അനു അവളുടെ അടുത്തേക്ക് ചെന്നു .

“നീ വണ്ടിയും കൊണ്ട് ഫ്ലാറ്റിലേക്ക് പൊക്കോ …… ”

അനു പറഞ്ഞത് കേട്ട് സരൂ കണ്ണും മിഴിച്ചു അനുവിനെ നോക്കി .

“ആ ഉണ്ട കണ്ണ് ഉരുട്ടി താഴെ വീഴിക്കണ്ട ……. ഞാൻ ഇവിടെ ഇരുന്നോളാം …… ഹോസ്പിറ്റൽ ഒന്നും അല്ലല്ലോ കൂട്ടിരിക്കാൻ ……. നീ പൊക്കോ ……. ”

സരൂവിനെ പുറത്തേക്ക് ഉന്തി കൊണ്ട് അനു പറഞ്ഞതും സരൂ അവളെ തിരിഞ്ഞു നോക്കി .

അവിടെ നിന്ന് പുറത്തേക്ക് കടക്കാൻ അവൾ ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും , അനുവിനെ ഒറ്റയ്ക്ക് വിട്ടിട്ട് വരേണ്ടേയെന്ന് ഓർത്തപ്പോൾ , സരൂ ഇല്ലയെന്ന് തലയാട്ടി .

അവളുടെ തലയ്ക്കിട്ടൊന്ന് കൊട്ടാനാണ് അനുവിന് അപ്പോൾ തോന്നിയത് .

“എന്റെ പൊന്ന് മോളെ , എനിക്ക് ഈ പോലീസ് സ്റ്റേഷൻ ഒന്നും പുത്തരിയല്ലന്ന് നിനക്ക് അറിയാലോ ??? ”

“എന്നാലും ??? ”

അവളെ നോക്കി പോവണോയെന്ന രീതിയിൽ നിൽക്കുന്ന സരൂവിനെ കണ്ട് അനു തലയിൽ കൈ വച്ചു .

“മര്യാദക്ക് ഞാൻ പറയുന്നതും കേട്ട് പൊക്കോ …… ഇല്ലേൽ ഞാൻ രാജീവങ്കിളിനോട്‌ പറയും …… ”

അതിൽ സരൂ വീണു .

അതിൽ വീഴുമെന്ന് അനുവിന് അറിയാമായിരുന്നു .

“അല്ല , ഞാൻ വണ്ടിയും കൊണ്ട് പോയാൽ നീ എങ്ങനെ വരും ??? നിന്റെൽ ബസ് കാശ് പോലും ഇല്ലല്ലോ ??? ”

സ്കൂട്ടിയിൽ കയറി ഇരുന്നപ്പോൾ സരൂ അനുവിനോട് ചോദിച്ചു .

“അതിനല്ലേ നമ്മടെ ഏമാന്മാര് ഇവിടെ ഉള്ളത് …… ”

പോലീസ് സ്റ്റേഷനിന്റെ അകത്തേക്ക് ഒന്ന് എത്തി നോക്കി കൊണ്ട് അനു കുസൃതി ചിരിയോടെ പറഞ്ഞതും സരൂ ഉവ്വ് ഉവ്വേയെന്ന രീതിയിൽ തലയാട്ടി കൊണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു .

“എടി , അതുങ്ങളെ വെറുതെ അതും ഇതും പറഞ്ഞു പേടിപ്പിക്കല്ലേ …… ”

പുറകിൽ നിന്ന് അനു വിളിച്ചു കൂവുന്നത് കേട്ട് അവൾ തലയാട്ടി .

🎆🎆🎆🎆🎆🎆🎆🎆🎆🎆🎆

“എടാ , നീ എന്താ പറഞ്ഞത് ??? നിന്റെ പെങ്ങൾ ആ അനു ഒരു പഞ്ച പാവം ആണെന്നോ ??? ”

ഫോൺ എടുത്തതും വിശ്വയുടെ വക ആക്കി ചോദ്യം കേട്ടതും മഹി ഒന്നും മനസ്സിലാവാതെ ഫോണിലേക്ക് നോക്കി .

നമ്പർ മാറി വന്നതൊന്നും അല്ലല്ലോ ലെ ???

സ്ക്രീനിൽ വിശ്വയെന്ന് കണ്ടതും അവൻ ഫോൺ തിരികെ കാതോട് ചേർത്തു പിടിച്ചു .

“ഇത് ചോദിക്കാൻ വേണ്ടിയാണോ നീ ഇപ്പോൾ ഇങ്ങോട്ട് വിളിച്ചത് ??? ”

തിരിച്ചു മഹിയുടെ വക പുച്ഛം നിറഞ്ഞ ചോദ്യം കേട്ടതും വിശ്വ ചിരിച്ചു .

ആടാ മോനെ , നീ പുച്ഛിച്ചോ , പുച്ഛിച്ചോ ……

നീ ഇന്നലെ ഞങ്ങടെ മുന്നിൽ താഴത്തും തലയിലും വയ്ക്കാതെ പൊക്കി കൊണ്ട് നടന്ന ആ ശവം ഉണ്ടല്ലോ , ആ കനു , അവള് ഒരു ആറ്റം ബോംബ് ആണെന്ന് അറിയുന്നത് വരെയെ നിന്റെ ഈ പുച്ഛം അവിടെ ആ മരമോന്ത്യിൽ കാണത്തൊള്ള് ……

“നിന്റെ പെങ്ങള് ഇവിടെ ഉണ്ട് , പോലീസ് സ്റ്റേഷനിൽ …… കൊലപാതക ശ്രമം ……. ”

ഇത്തവണ മഹി ഞെട്ടി .

“ദെ അനാവശ്യo പറയല്ലേ കേട്ടോ …… ”

സീറ്റിൽ നിന്ന് ചാടി എഴുന്നേറ്റു കൊണ്ട് മഹി പറഞ്ഞതും എല്ലാവരുടെയും നോട്ടം അവനിലേക്കായി .

എല്ലാവരും തന്നെ നോക്കുന്നുവെന്ന് കണ്ട് മഹി തിരികെ കസേരയിലേക്ക് ഇരുന്നു .

“അനാവശ്യo ഒന്നും അല്ല …… ഇന്നലെ ഞാൻ പറഞ്ഞ ആ പെണ്ണില്ലെ ? ”

“ഏത് ആ കള്ള് കുടിച്ചിയോ ?? ”

അവളാവല്ലേയെന്ന് ഉള്ളിൽ പ്രാർത്ഥിച്ചു കൊണ്ട് മഹി ചോദിച്ചു .

“അഹ് , അത് തന്നെയാണ് നിന്റെ വായിൽ വിരലിട്ടാൽ പോലും കടിക്കാത്ത പെങ്ങൾ …… ”

വിശ്വ പറഞ്ഞത് കേട്ട് വിശ്വാസം വരാതെ മഹി താടയ്ക്ക് കൈയും കൊടുത്തിരിന്നു പോയി .

“നിനക്ക് വിശ്വാസം ആയില്ലന്ന് എനിക്കറിയാം …… അതോണ്ട് ഞാൻ അവളുടെ അഡ്രെസ്സും നമ്പറും ഒക്കെ നിനക്ക് അയച്ചിട്ടുണ്ട് ….. നോക്ക് അത് തന്നെയല്ലേന്ന് …… ”

🎆🎆🎆🎆🎆🎆🎆🎆🎆🎆

ഫോൺ കട്ടായതും മഹി വേഗം തന്നെ വാട്സപ്പ് തുറന്നു നോക്കി .

മാളികത്തേഴെന്ന് കണ്ടതും അവൻ ഉറപ്പിച്ചു , ഇത് തന്റെ കിങ്ങിണി തന്നെ …..

🎆🎆🎆🎆🎆🎆🎆🎆🎆🎆

ഫോൺ റിങ്ങ് ചെയ്തതും വിശ്വ നോക്കി .

സ്‌ക്രീനിൽ രഖുവെന്ന് കണ്ടതും അവന്റെ മുഖം തെളിഞ്ഞു .

നിന്നെ ഇന്ന് ഞാൻ പൂട്ടും മോളെ …..

“ഹലോ …… എന്തായി ചെക്കന് ബോധം തെളിഞ്ഞോ ??? ”

ഉള്ളിലെ സന്തോഷം അടക്കി വച്ചു കൊണ്ട് വിശ്വ ചോദിച്ചു .

“അഹ് തെളിഞ്ഞു സാർ ……. ”

“പരാതി എഴുതി എടുത്തോ ??? ”

വിശ്വയുടെ ചോദ്യം കേട്ടതും രഖു എന്ത് പറയുമെന്നറിയാതെ തന്റെ അടുത്ത് നിൽക്കുന്ന ഗണേഷിനെ നോക്കി .

പറയാതെ വേറെ വഴിയില്ലല്ലോ എന്ന ഭാവത്തിൽ നിൽക്കുന്ന അയാളെ കണ്ട് രഖു ഒന്ന് ദീർഘമായി ശ്വാസമെടുത്തു .

“എടൊ ചോദിച്ചത് കേട്ടോ ??? ”

“അത് സാർ , ആ ചെക്കന് പരാതിയില്ലന്ന് …… ”

രഖു പറഞ്ഞത് കേട്ട് വിശ്വ ഞെട്ടി .

“What !!!!???? പരാതി ഇല്ലന്നോ ??? ”

വിശ്വയുടെ ശബ്ദം ഉയർന്നതും രഖു ഒന്ന് ഞെട്ടി .

“അതെ സാർ , അവൻ തന്നെയാണ് പ്രശ്നം തുടങ്ങിയതെന്നും , ഗതിക്കെട്ടപ്പോഴാണ് അവൾ പ്രതികരിച്ചതെന്നുമാണ് അവൻ പറഞ്ഞത് ???? ”

രഖു പറഞ്ഞതും വിശ്വ ദീർഘമായി ഒന്ന് ശ്വാസമെടുത്തു .

“ശരി , താൻ അവന്റെ കൈയിൽ നിന്ന് പരാതിയില്ലന്ന് എഴുതി വാങ്ങിയിട്ട് വാ …… ”

അതും പറഞ്ഞു വിശ്വ ഫോൺ കട്ട് ചെയ്തു പുറത്തേക്ക് നോക്കി .

ഓ ഇനി ആ ശവത്തിന്റെ മുഖത്ത് ഞാൻ എങ്ങനെ നോക്കും വിനായക ……

വിശ്വ തലയ്ക്കു കൈയും കൊടുത്തു പുറത്തേക്ക് നോക്കി .

🎆🎆🎆🎆🎆🎆🎆🎆🎆🎆🎆

“എന്റെ പൊന്ന് സാറെ , എനിക്കൊരു കംപ്ലയിന്റും ഇല്ല …….. ആ ചേച്ചി വന്നു i pills വാങ്ങി കൊണ്ട് പോയപ്പോൾ ഞാനാ പുറകെ ചെന്ന് അനാവശ്യo പറഞ്ഞത് ….. മൈൻഡ് ചെയ്യാതെ പോകുന്നത് കണ്ട് ഞാനാ കയറി പിടിക്കാൻ പോയത് ……. അന്നേരമാ ആ പാവം ചേച്ചി എന്റെ തല തല്ലി പൊളിച്ചത് ……. എല്ലാത്തിനും കാരണം ഞാനാ …… ”

കിടക്കയിൽ കിടന്നു കൈ കാലിട്ടടിച്ചു കരയുന്ന തരുണിനെ കണ്ട് രഖു അവന്റെ കൂട്ടുക്കാരനെ നോക്കി .

ഇതൊക്കെ ഒള്ളതാണോടാ ???
എന്ന രീതിയിലുള്ള രഖുവിന്റെ നോട്ടം കണ്ടതും ഒള്ളതാ സാറെയെന്ന രീതിയിൽ അവനും തലയാട്ടി .

“മ്മ് , കംപ്ലയിന്റ് ഒന്നും ഇല്ലാത്ത സ്ഥിതിക്ക് ഞങ്ങൾ പോകാ ……. ഇനി , പ്രതികാരന്ന് പറഞ്ഞു ഇറങ്ങാനാണ് ഭാവമെങ്കിൽ …… ”

ചൂണ്ടു വിരൽ തരുണിന് നേരെ നീട്ടി ഒരു താക്കീതെന്നപ്പോലെ പറഞ്ഞു കൊണ്ട് രഖു റൂമിന് വെളിയിലേക്ക് കടന്നു , പുറകെ ഗണേഷും ……

🎆🎆🎆🎆🎆🎆🎆🎆🎆🎆

“ടോ ആ പുറത്തിരിക്കുന്ന ആ പെങ്കൊച്ചിനെ വിളിക്ക് ….. ”

അകത്തേക്ക് വന്ന കോൺസ്റ്റബിളിനോട്‌ പറഞ്ഞു കൊണ്ട് വിശ്വ ഫയലിലേക്ക് നോക്കി ഇരുന്നു .

“സാർ ……. ”

അനു വിളിച്ചതും വിശ്വ ഫയലിൽ നിന്നും തലയുയർത്തി അവളെ നോക്കി .

“ഇരിക്ക് …… ”

മുന്നിലിട്ടിരിക്കുന്ന കസേരയിലേക്ക് ചൂണ്ടി ഗൗരവത്തിൽ വിശ്വ പറഞ്ഞതും എതിർത്തൊന്നും പറയാതെ അനു ഇരുന്നു .

തന്റെ മുന്നിൽ ചെറു പുഞ്ചിരിയോടെ ഇരിക്കുന്ന അനുവിനെ കണ്ട് വിശ്വയ്ക്ക് എന്ത് പറയണമെന്ന് ഒരു പിടിയും കിട്ടിയില്ല .

ഇത്രയും നേരം വലിയ ഡയലോഗ് ഒക്കെ പറഞ്ഞിട്ട് , ഇപ്പോൾ മുട്ട് മടക്കുകയെന്നൊക്കെ പറഞ്ഞാൽ …….

“എന്താ സാറെ വിളിച്ചത് ??? ”

ഒന്നും അറിയാത്ത രീതിയിലുള്ള അനുവിന്റെ ചോദ്യം കേട്ടതും വിശ്വയ്ക്ക് പെരുത്ത് കയറുന്ന പോലെ തോന്നി .

“അത് , പിന്നെ ……. ”

എന്ത് പറയും എങ്ങനെ പറയും എന്ന് ഒരു വെളിവും വെള്ളിയാഴ്ചയും ഇല്ലാതെ തപ്പി തടയുന്ന വിശ്വയെ കണ്ട് അനു പൊട്ടി വന്ന ചിരി അടക്കി പിടിച്ചു .

കഷ്ടം !!!!

ഒരു പോലീസ് ആണെന്ന വിവരം ഒന്നും അതിന് ഇല്ലന്ന് തോന്നുന്നു …..

ഉണ്ടെങ്കിൽ ഒരു പെണ്ണിന്റെ മുന്നിലിരുന്നു ഇങ്ങനെ ബബ്ബബ്ബ അടിക്കോ ???

ച്ചായ്യ് ലജ്ജാവഹം !!!!!

“സാർ , ഇങ്ങനെ കിടന്നു വിക്കുന്നത് കേൾക്കാനാണോ എന്നെ വിളിപ്പിച്ചത് ??? ”

ഓ എന്റെ ഗതികേട് ഇതായി പോയി ……

ഇല്ലായിരുന്നുവെങ്കിൽ ഉണ്ടല്ലോ ???

അവൻ മനസ്സിൽ പ്രാവി കൊണ്ട് അവളെ നോക്കി കഷ്ടപ്പെട്ടു ചിരിച്ചു .

“ഹോസ്പിറ്റലിൽ നിന്ന് വിളിച്ചിരുന്നു …… ആ ചെക്കന് ബോധം വന്നു ….. പരാതി ഒന്നും ഇല്ലന്ന് പറഞ്ഞ സ്ഥിതിക്ക് തനിക്ക് പോകാം …… ”

എങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിച്ചു കൊണ്ട് വിശ്വ വേഗത്തിൽ എഴുന്നേറ്റു .

“അല്ല , സാറെ അങ്ങനെ അങ്ങ് പോകുവാണോ ???? ”

പുറകിൽ നിന്നും അനുവിന്റെ ചോദ്യം കേട്ടതും , വിശ്വ മനസ്സിലാവാത്തപ്പോലെ അവളെ നോക്കി .

“ഇനി എന്താ തനിക്ക് വേണ്ടത് ?? പരാതി ഇല്ലന്ന് പറഞ്ഞു , തന്നെ വിട്ടയക്കുന്നു …… ഇനി ഇത്രയും നേരം പിടിച്ചു വച്ചതിനു തന്റെ കാലിൽ വീണു മാപ്പ് പറയണോ ??? ”

അമർഷത്തിൽ വിശ്വ ചോദിച്ചതും അനു അവനെ നോക്കി ചെറുതായി പുഞ്ചിരിച്ചു .

“മാപ്പ് ഒന്നും വേണ്ട , ഇനി സാറിന് നിർബന്ധം ആണേൽ , ഞാൻ വേണ്ടന്ന് പറയുകയും ഇല്ല ……. പക്ഷേ , ഇപ്പോൾ എന്റെ പ്രശ്നം അതല്ല …… ”

അനു പറഞ്ഞു നിർത്തിയതും പിന്നെ എന്ന ഭാവത്തിൽ നിൽക്കുന്ന വിശ്വയെ നോക്കി ഒരു തേഞ്ഞ ചിരി ചിരിച്ചു .

“എനിക്ക് തിരിച്ചു പോവാൻ വണ്ടിയില്ല , കൈയിൽ പൈസയും ഇല്ല ……. അതുകൊണ്ട് , സാർ എന്നെ വീട്ടിൽ കൊണ്ട് ചെന്നാക്കണം ……

(തുടരും ……. )

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6