Sunday, December 22, 2024
Novel

അഖിലൻ : ഭാഗം 24

നോവൽ
എഴുത്തുകാരി: ഭദ്ര ആലില


ശാരി കതകിൽ തട്ടി വിളിക്കുന്നുണ്ട്. പക്ഷേ എഴുന്നേൽക്കാൻ വയ്യ. എന്റെ മുന്നിൽ അപ്പോൾ സാർ ഉണ്ടായിരുന്നില്ല പകരം ചുറ്റും തുള്ളികളായി തെറിച്ച എന്റെ രക്തം ആയിരുന്നു. മങ്ങിയ കാഴ്ചയിൽ കതക് പൊളിഞ്ഞു വീഴുന്നത് ഞാൻ കണ്ടു.

കണ്ണ് തുറന്നപ്പോൾ ഹോസ്പിറ്റലിൽ ആണെന്നു മനസിലായി. പല വിധ മരുന്നുകളുടെ ഗന്ധംത്തിനു ഒപ്പം ആരുടെയോ തേങ്ങി കരച്ചിൽ. എന്റെ കട്ടിലിൽ തല ചായ്ച്ചു കിടക്കുകയാണ് ശാരി.

ശാരിമോളെ…

കരഞ്ഞു കലങ്ങിയ കണ്ണുകൾ.. പാറി പറന്ന മുടി.അവൾ ഉറങ്ങിയിട്ടുണ്ടാകില്ല ഇന്നലെ.

ഹോസ്പിറ്റലിൽ വരുമ്പോൾ എങ്കിലും കുളിച്ചിട്ടു വന്നൂടെ നിനക്ക്.

ചുണ്ടിൽ ഒരു ചിരി വരുത്തി ചോദിച്ചു.

എന്തിനായിരുന്നു നന്ദുട്ടാ ഇതൊക്കെ.. ഞാൻ അപ്പോൾ വന്നില്ലായിരുന്നെങ്കിൽ.. !

ചത്തു പോകുമായിരുന്നു.. പോട്ടെ.. ആർക്ക് വേണ്ടിയാ ഈ ജീവിതം. നിനക്ക് അറിയോ അയാൾ എന്നെ ചതിക്കുകയായിരുന്നു.എന്നെ മാത്രം അല്ല ജ്യോതിയെയും. ഒക്കെ അറിഞ്ഞപ്പോൾ അവരെ കൊല്ലാനാ തോന്നിയത്.. പിന്നെ.. പിന്നെ തോന്നി..

ചത്താൽ മതിയെന്നു അല്ലേ..?

ആരുമില്ലെന്ന് തോന്നിയപ്പോൾ… ക്ക് അറിയില്ല.. പിന്നെ..

കവിളടച്ചു ഒരടിയായിരുന്നു അവൾ.
ആരുമില്ല അല്ലേ നിനക്ക്… അപ്പോൾ ഞാൻ ആരാ നിന്റെ.. പറയെടി… കുഞ്ഞു നാൾ മുതലെ നിഴലുപോലെ കൂടെ നടന്ന ഞാൻ ആരാ നിന്റെ.. ഇന്നലെ കണ്ട ഒരുത്തൻ ആണ് സ്വർഗംന്നു കരുതി പോയപ്പോൾ ഞാൻ ആരുമല്ലാതെ ആയല്ലേ.

അല്ലെങ്കിൽ എന്ത് പ്രശ്നം ഉണ്ടെങ്കിലും ഓടി എന്റെ അടുത്തേക് അല്ലേ വരാറ്..ഇപ്പോൾ എന്തേ… മറന്നു അല്ലേ.. എന്നെ ഓർത്തില്ല.. അല്ലേ.

പറ്റിപോയെടാ… അപ്പോഴതെ ബുദ്ധിയിൽ.. സോറി ഡാ.

അവളെ കെട്ടിപിടിച്ചു കുറേ കരഞ്ഞു.ഇനി ഇങ്ങനെ ഒന്നും ചെയ്യില്ലെന്ന് അവൾക് വാക്കും കൊടുത്തു. അശ്വിൻ വന്നപ്പോൾ അവന്റെ വകയും നല്ല ചീത്ത കിട്ടി.

എന്നിട്ട് എവിടെ നിന്റെ പ്രിയ സഖി ജ്യോതി..
അശ്വിൻ കളിയാക്കി കൊണ്ട് ചോദിച്ചു.
മറുപടി ഒന്നും പറയാൻ പോയില്ല.അല്ലെങ്കിലും ഞാൻ എന്ത് പറയാൻ.

അയാളെ ഒന്നു കാണുന്നുണ്ട് ഞാൻ..
അശ്വിൻ പല്ല് ഞെരിച്ചു.

എന്തിന്.. ഇനി അതിന്റെ പിന്നാലെ പോകണ്ട അശ്വിൻ..

പക്ഷേ ഞാൻ പറഞ്ഞത് വകവെക്കാതെ അവൻ ഇറങ്ങി പുറപ്പെട്ടു. ശാരിയുടെ മൗനാനുവാദവും അവനുണ്ടായിരുന്നു.
തിരികെ വരുമ്പോൾ അവന്റെ മുഖം കൂടുതൽ കലി പൂണ്ടിരുന്നു

എന്താടാ കണ്ടോ അയാളെ.?
ശാരി ആകാംഷയോടെ ചോദിച്ചു.

ങ്‌ഹും .. അവനു പേടി ഉണ്ട് .. കാര്യങ്ങൾ അറിഞ്ഞപ്പോൾ രാത്രിക്ക് രാത്രി നാടു വിട്ടെന്നാ കേൾക്കണേ.എന്റെ കൈയിൽ എങ്ങാനും അയാളെ കിട്ടിയിരുന്നെങ്കിൽ …

അശ്വിൻ ദേഷ്യം കടിച്ചമർത്തി . ഇങ്ങനെ ഒരു അവസ്ഥയിൽ എങ്കിലും ഒക്കെയും നുണയാണ് നന്ദുന്നു പറഞ്ഞു അയാൾ എന്റെ അടുത്തേക് വരുമെന്ന് ഞാൻ വെറുതെ ആശിച്ചിരുന്നു. ഒക്കെ കള്ളമാണ്ന്നു പറഞ്ഞു ജ്യോതിയെ വിളിച്ചു നിർത്തി തെളിയിക്കുമെന്നു, എന്നോട് കാണിച്ച സ്നേഹം കള്ളമല്ലന്നു എല്ലാവരെയും ബോധിപ്പിക്കുമെന്നു.. പക്ഷേ ഒന്നുമുണ്ടായില്ല.
എന്റെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ അശ്വിൻ ദേഷ്യപെടാൻ തുടങ്ങി.

ആർക്ക് വേണ്ടിയാ ഈ കരച്ചിൽ.. അയാളെ ഓർത്തു ആണെങ്കിൽ വേണ്ടാ.. നിർത്തിക്കോ.

ഇല്ല അശ്വിൻ.. ഇനി കരയില്ല.. എന്നെ വേണ്ടാത്ത ഒരാളെ ഓർത്ത് ഇനി നന്ദു കരയില്ല.

ഡിസ്ചാർജ് ആയി നേരെ വീട്ടിലേക്കു ആണ് പോയത്. മതി ഇവിടതെ പഠിപ്പ് . ഇനി ഒരിക്കലും അയാളെ കാണാൻ ഇടയാവരുത്.അയാളുടെ ഒരു ഓർമ്മയും വേണ്ട എനിക്ക്.

വീട്ടിൽ വന്നു പിന്നെയും ഒരു വർഷം കഴിഞ്ഞ് ആണ് പുതിയ കോളേജിൽ ജോയിൻ ചെയ്തത്. അപ്പോഴേക്കും ഞാൻ ഒരുപാട് മാറിയിരുന്നു. പഴയ കാര്യങ്ങൾ എല്ലാം മറന്നു. അശ്വിൻ മാത്രം ഇടക്ക് വിളിക്കും. വർഷങ്ങൾ ഇല പൊഴിയും പോലെ പെട്ടന്ന് കടന്നു പോയി. ശാരിയുടെ വിവാഹം കൂടി കഴിഞ്ഞതോടെ ഞാൻ ഒറ്റക് ആയി.

അപ്പോഴാണ് പാലക്കാട്‌ വിക്ടോറിയ കോളേജിൽ ഗസ്റ്റ് ലക്ചർ ആയി ജോലി കിട്ടുന്നത്. വർഷംങ്ങൾക് ശേഷം അയാളെ ഓർമ്മ വന്നു. ഉള്ളിൽ എവിടെയോ ഒളിച്ചിരുന്ന കണ്ണുനീർ തുള്ളി മറനീക്കി പുറത്തു വന്നു.
ഇപ്പോൾ എന്തിനാണ് ഈ കണ്ണുനീർ… ഒക്കെ കഴിഞ്ഞത് അല്ലേ… എല്ലാം മറന്നത് അല്ലേ.

ഒക്കെ മറന്നോ.. എല്ലാം മറന്നുവെന്ന് ഉറപ്പ് ആണോ
കണ്ണാടിയിലെ പ്രതിബിംബം എന്നോടു ചോദിക്കുന്നു.

വേണ്ട… ഒന്നും കേൾക്കണ്ട എനിക്ക്.
ഞാൻ ചെവി രണ്ടും പൊതിഞ്ഞു പിടിച്ചു. കുറച്ചു കഴിഞ്ഞു ഒന്നു കൂടി കണ്ണാടിയിൽ നോക്കി.
മറന്നു… ഒക്കെ മറന്നു.
സ്വയം പറഞ്ഞു ഉറപ്പ് വരുത്തി.

ഇറങ്ങാറായോ..?

ശാരിയും ഭർത്താവ് ശിവദാസും.എന്നെ യാത്രയാക്കാൻ വന്നത് ആണ്.

നീ പറഞ്ഞോ..
ഞാൻ ആദ്യം തിരക്കിയതു അതാണ്. വിപിനുമായുള്ള റിലേഷൻ തുറന്നു പറയുമെന്ന് അവൾ പറഞ്ഞിരുന്നു.

എന്തുകൊണ്ടോ ഞാൻ ഇങ്ങോട്ട് പോന്നതിനു കുറച്ചു നാൾ കഴിഞ്ഞപ്പോൾ ശാരിയും വിപിനും തമ്മിൽ ഉടക്കി. ഡിഗ്രി കംപ്ലീറ്റ് ചെയ്തു അവൾ നാട്ടിലേക്ക് പോരുകയും ചെയ്തു.

പാവം. വിപിന്റെ കാര്യം ഒക്കെ ഞാൻ പറഞ്ഞു. എല്ലാം അറിഞ്ഞപ്പോൾ ഒക്കെ സാരമില്ലന്നു പറഞ്ഞു.

നന്നായി..ഒരു തുറന്നു പറച്ചിൽ നല്ലതാ… പിന്നീടു മറ്റാരെങ്കിലും പറഞ്ഞു അറിയുന്നതിനേക്കാൾ എത്രയോ നല്ലതാ നമ്മൾ തന്നെ പറയുന്നത്.

വർത്താനം പറഞ്ഞു നിന്നാൽ മതിയോ.. ഇറങ്ങേണ്ടേ.

ഇറങ്ങുവാ ശിവേട്ടാ..

ഇറങ്ങാൻ നേരം അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി. ഒപ്പം ശിവേട്ടന്റെയും.

അപ്പോൾ എന്റെ കാല് പിടിക്കുന്നില്ലേ..?
ശാരി സാരി പതുക്കെ ഉയർത്തി പിടിച്ചു.

നിന്റെ കാല് പിടിക്കുവല്ല… കാലിൽ പിടിച്ചു വലിക്കുവാ വേണ്ടേ.

പോടീ..
അവൾ എന്നെ കൊഞ്ഞനം കുത്തി.
ഇറങ്ങാൻ നേരം അച്ഛന്റെയും അമ്മയുടെയും മുഖത്തു സങ്കടം ആയിരുന്നു.

” പിന്നെയും ഞങ്ങൾ തനിച്ചു ആയി അല്ലേ.? ”

“ഞാൻ എല്ലാ ആഴ്ചയും ഇങ്ങു വരില്ലേ.. പിന്നെ ന്താ.”
രണ്ടാളെയും കെട്ടിപിടിച്ചു ഓരോ മുത്തം കൊടുത്തു.

“നിങ്ങളുടെ സ്നേഹം കണ്ടാൽ അവളെ എടുത്തു വളർത്തിയത് ആണെന്ന് പറയെ ഇല്ലാ.. ”
ശാരി ഭർത്താവിനെ നോക്കി കണ്ണുരുട്ടി. അബദ്ധം പറ്റിയ പോലെ ആളാകെ ചൂളി നിൽക്കുകയാണ്. അച്ഛനും അമ്മയ്ക്കും അതേ ഭാവം.

അതേ… എടുത്തു വളർത്തിയത് എന്നെയല്ല…ദേ ഇവളെയാണ്… അതാ അവളെ ആദ്യം കെട്ടിച്ചു വിട്ടത്.നോക്ക് അവൾ മാത്രം കറുത്തിട്ട്.. ഞങ്ങൾ മൂന്നാളും വെളുത്തിട്ടും.

കുഞ്ഞിലേ ശാരി എന്നെ കളിയാക്കുമ്പോൾ ഒക്കെ ഞാൻ ഇങ്ങനെ പറഞ്ഞാണ് ജയം കണ്ടെത്താറു. അതുകൊണ്ട് തന്നെ അത് പറയുമ്പോൾ അവൾക് ദേഷ്യം വരും. പക്ഷേ ഇപ്പോൾ അവൾ ചിരിക്കുകയാണ്.

ആ ചിരി എല്ലാവരിലേക്കും പടർന്നു. പാലക്കാട്ടേക്കുള്ള ബസിൽ കയറി ഇരുന്നപ്പോൾ പതിവില്ലാതെ വല്ലാത്തൊരു നെഞ്ചിടിപ്പ്. അവിടെ ചെന്നിറങ്ങുമ്പോഴും അതായിരുന്നു അവസ്ഥ. പഴയ ഓർമ്മകളിലേക്കു മടക്കി എന്നെ തളർത്തരുതേ ഈശ്വരാന്നു മനമുരുകി പ്രാർത്ഥിച്ചു. പുതിയ കോളേജ്… പുതിയ ആളുകൾ..

എല്ലാമായും പെട്ടന്ന് പൊരുത്തപ്പെടാൻ പറ്റുമെന്ന് മനസ് പറഞ്ഞു. അച്ഛന്റെ ഫ്രണ്ട്നെ കൊണ്ട് അവിടെ ഒരു വീട് വാടകക്ക് എടുത്തിരുന്നു. കോളേജിൽ പോകാനും മറ്റുമായി അദ്ദേഹതിന്റെ വക ഒരു ആക്റ്റീവയും. രാവിലെ അതിലായിരുന്നു യാത്ര അതുകൊണ്ട് കൃത്യ സമയത് കോളേജിൽ എത്താൻ പറ്റി.

പ്രിൻസിപ്പൽന്റെ റൂമിൽ ജോയിനിങ്‌ ലെറ്റർ കൈ മാറി ഡിപ്പാർട്മെന്റ്ലേക്കു ചെന്നു. മെയിൻ കെട്ടിടത്തിൽ നിന്ന് മാറി മറ്റൊരു ബ്ലോക്കിൽ ആയിരുന്നു മലയാള വിഭാഗം.
അത് ശെരിക്കും വേറൊരു ലോകമായിരുന്നു.

ഞാൻ ശ്രീനിവാസൻ.. . എച്ഓഡി ആണ്. മാഷ് ബാക്കി അദ്ധ്യാപകരെ എല്ലാവരെയും പരിചയപെടുത്തി.

ദേ അതാണ് ടീച്ചറുടെ സീറ്റ്‌..

ചൂണ്ടി കാണിച്ച സീറ്റിൽ പോയിരുന്നു. തൊട്ട് അടുത്ത സീറ്റ് ഒഴിവ് ആയിരുന്നു. ആ മാഷ് രണ്ടു ദിവസമായി ലീവ് ആണ്.
എന്റെ നോട്ടം കണ്ടു സാർ പറഞ്ഞു.

ഫസ്റ്റ് ഇയർ സ്റ്റുഡന്റസ്നാണ് ആദ്യത്തെ ക്ലാസ്.ക്ലാസിൽ സംസാരിച്ചു കൊണ്ടിരുന്ന കുട്ടിയെ കണ്ടപ്പോൾ എനിക്ക് അശ്വിനെയാണ് ഓർമ്മ വന്നത്.ഞങ്ങളെ പോലെ ഒരുപാട് പേർ. അറിയാതെ ചുണ്ടിൽ വിരിഞ്ഞ ചിരി കണ്ടപ്പോൾ എല്ലാവരും കാര്യം തിരക്കി. അന്നത്തെ എന്റെ കഥ ഞാൻ പറഞ്ഞു. എത്ര പെട്ടന്ന് ആണ് എല്ലാവരുമായി കമ്പനിയായതു.

പിള്ളേരെ എല്ലാം കയ്യിൽ എടുത്തല്ലേ..
സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ രേഖ ടീച്ചർ അടുത്ത് വന്നു.

ഏതു ഡിപ്പാർട്മെന്റ്ൽ ചെന്നാലും എല്ലാവർക്കും നന്ദു ടീച്ചറെ പറ്റി പറയാനേ നേരമുള്ളു..

ഒരുപാട് സന്തോഷം തോന്നി. ഒറ്റ ദിവസം കൊണ്ട് ഉള്ളിൽ ഉണ്ടായിരുന്ന ഭയം എല്ലാം നീങ്ങി. ആ സന്തോഷത്തിൽ അല്പം സ്പീഡിൽ ആണ് വണ്ടി ഓടിച്ചത്. എത്രയും പെട്ടന്ന് വീട്ടിൽ എത്തിയിട്ട് വേണം ശാരിയോടു വിശേഷങ്ങൾ പറയാൻ. പക്ഷേ ടൌൺ കഴിഞ്ഞതും വലിയൊരു ആൾക്കൂട്ടം കണ്ടു.

എന്താ അവിടെ..?
അടുത്ത് കണ്ട ചേട്ടനോട് കാര്യം തിരക്കി.

ഒരു ആക്‌സിഡന്റ്.. ആരോ ഇടിച്ചു ഇട്ടിട്ട് പോയതാ.

ഇറങ്ങി നോക്കണോ.. വേണ്ട.
ഒരു ചെറിയ ഗ്യാപ് ഉണ്ട്. അതുവഴി മറ്റു വാഹനങ്ങൾ കടന്നു പോകുന്നുമുണ്ട്. പതുക്കെ വണ്ടി സ്റ്റാർട്ട്‌ ആക്കി സൈഡ് പറ്റി അപ്പുറം കടന്നു. ആൾകൂട്ടത്തിനിടയിലൂടെ ഒന്ന് എത്തി നോക്കിയെങ്കിലും ഒന്നും കാണാൻ പറ്റിയില്ല.

ഇറങ്ങി നോക്കാൻ മനസ് പറഞ്ഞു കൊണ്ടേ ഇരുന്നു. പക്ഷേ അപ്പോഴേക്കും ഞാൻ കുറച്ചു മുന്നോട്ട് എത്തിയിരുന്നു.
പോയ്‌ നോക്ക്… വേഗം.

മനസ് പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.

വണ്ടി തിരിച്ചു ഞാൻ അങ്ങോട്ട്‌ ചെന്നു. ആളുകളെ വകഞ്ഞു മാറ്റി ഉള്ളിലേക്ക് നോക്കി. ആരോ ഒരാൾ കമിഴ്ന്നു കിടക്കുന്നു. ഒരു സ്ത്രീയാണ്. മുഖം കാണാൻ വയ്യ.

ആരെങ്കിലും ഹോസ്പിറ്റലിൽ കൊണ്ടു പോ..
ചുറ്റും നോക്കി നിൽക്കുന്നവർ തലയിൽ ആയാലോ എന്ന ഭയത്തിൽ അന്യോന്യം നോക്കി നിന്നതേ ഉള്ളു.

കുറെ പറഞ്ഞു നോക്കി ഒടുവിൽ അതിലെ വന്നൊരു വണ്ടിക്ക് കൈ കാട്ടി കൂടി നിന്നവരിൽ ചിലർ അവരെ എടുത്തു വണ്ടിയിൽ കയറ്റി.അവരെ വണ്ടിയിൽ കയറ്റാൻ ഞാനും സഹായിച്ചു. അപ്പോഴാണ് അവർ എന്റെ കൈയിൽ മുറുകെ പിടിച്ചിരിക്കുന്നത് ഞാൻ അറിഞ്ഞത് .

അടുത്ത് നിന്ന ചേട്ടൻ ബലമായി എന്റെ കൈ വിടുവിച്ചു.കാറിന്റെ ഡോർ അടയും മുൻപേ ഞാൻ ഒന്ന് കൂടി നോക്കി.. ആ കൈകൾ എനിക്ക് നീളുന്നത് പോലെ. അപ്പോഴേക്കും അവർ ഡോർ അടച്ചിരുന്നു. ആരായിരിക്കും അവർ..?

(തുടരും )

അഖിലൻ : ഭാഗം 1

അഖിലൻ : ഭാഗം 2

അഖിലൻ : ഭാഗം 3

അഖിലൻ : ഭാഗം 4

അഖിലൻ : ഭാഗം 5

അഖിലൻ : ഭാഗം 6

അഖിലൻ : ഭാഗം 7

അഖിലൻ : ഭാഗം 8

അഖിലൻ : ഭാഗം 9

അഖിലൻ : ഭാഗം 10

അഖിലൻ : ഭാഗം 11

അഖിലൻ : ഭാഗം 12

അഖിലൻ : ഭാഗം 13

അഖിലൻ : ഭാഗം 14

അഖിലൻ : ഭാഗം 15

അഖിലൻ : ഭാഗം 16

അഖിലൻ : ഭാഗം 17

അഖിലൻ : ഭാഗം 18

അഖിലൻ : ഭാഗം 19

അഖിലൻ : ഭാഗം 20

അഖിലൻ : ഭാഗം 21

അഖിലൻ : ഭാഗം 22

അഖിലൻ : ഭാഗം 23