Wednesday, April 24, 2024
Novel

അഖിലൻ : ഭാഗം 8

Spread the love

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

Thank you for reading this post, don't forget to subscribe!

നാളെയെ കുറിച്ചുള്ള ചിന്ത കൊണ്ടായിരിക്കും ഉറക്കം എന്നെ തിരിഞ്ഞു പോലും നോക്കുന്നുണ്ടായിരുന്നില്ല. ഇടക്ക് എഴുന്നേറ്റു ലൈറ്റ് ഇട്ട് സമയം നോക്കി.

നാശം… ഇതെന്താ ഈ ക്ലോക് ഓടുന്നില്ലെ… കുറച്ചു മുന്നേ നോക്കിയപ്പോഴും ഇതായിരുന്നല്ലോ സമയം.

എന്റെ പിറുപിറുക്കലും ലൈറ്റ് ഓൺ ആക്കിയിട്ടുള്ള ഇരിപ്പും സഹിക്കാൻ കഴിയാതെ വന്നപ്പോൾ ശാരി എഴുന്നേറ്റു.

എന്റെ പൊന്നു നന്ദൂട്ടാ… ഒന്ന് കിടന്നുറങ്ങുന്നുണ്ടോ നീ… നേരം വെളുക്കാൻ ഇനിയും ഉണ്ട് സമയം.

എന്തെങ്കിലും പറയാൻ നിന്നാൽ അവളുടെ വായിൽ നിന്ന് നല്ല ചീത്ത വിളി കേൾക്കേണ്ടി വരുമെന്ന് അറിയാവുന്നതു കൊണ്ട് ഞാൻ പെട്ടന്ന് പുതപ് എടുത്തു തല മൂടി അനങ്ങാതെ കിടന്നു. അനക്കം ഒന്നും കേൾക്കാതെ ആയപ്പോൾ പതിയെ പുതപ്പ് മാറ്റി… ഭാഗ്യം ഉറങ്ങി. സമയം നോക്കാതെ ഒരു സമാധാനവും ഇല്ലായിരുന്നു പക്ഷേ ലൈറ്റ് ഇടാൻ പറ്റില്ലല്ലോ.. അപ്പോഴാണ് അവളുടെ മൊബൈൽന്റെ കാര്യം ഓർമ വന്നത്.
പിന്നെ ഇടക്ക് ഇടക്ക് അതിലായി സമയം നോട്ടം. സമയം 6 എന്ന് കണ്ടതും ഞാൻ അവളെ കുലുക്കി ഉണർത്തി.

ഡാ എണീക്… എണീക്ക്..

അവളെന്നെ നോക്കി കണ്ണുരുട്ടിയിട്ട് ഫ്രഷ് ആകാൻ പോയി.

അതേ… ഒരു കാര്യം പറഞ്ഞേക്കാം ഇനി രാത്രി എന്നെ ഉറങ്ങാൻ വിട്ടില്ലേൽ ഉണ്ടല്ലോ..കൊല്ലും നിന്നെ ഞാൻ.. അവളും അവള്ടെ ഒരു മാഷും… ഇപ്പോൾ ഒരു ഏട്ടനും… എല്ലാം കൂടി എന്റെ ഉറക്കാ കളയുന്നത്.

കണ്ണാടിയിലൂടെ എന്നെ നോക്കി കൊണ്ടായിരുന്നു അവളുടെ പ്രകടനം. നന്നായി ഉറങ്ങാൻ കഴിയാത്തതിന്റെ ദേഷ്യം മുഴുവൻ അവളിൽ ഉണ്ടായിരുന്നു. പക്ഷേ എന്റെ ഒരു കെട്ടിപിടുത്തത്തിലും ഒരു ചൂട് ചായയിലും അവളുടെ പരിഭവം അലിഞ്ഞു ഇല്ലാണ്ടായി.

ഡാ… നീ അയാളെ ഒന്ന് വിളിക്ക്… എപ്പോഴാ വരുന്നേന്ന് ചോദിക്ക്.

നമ്മൾ അങ്ങോട്ട്‌ വിളിക്കണോ നന്ദൂട്ടാ… ഇത്ര രാവിലെ വിളിച്ചാൽ അയാൾ എന്ത് വിചാരിക്കും.

വേണ്ടാ ല്ലേ…?

ഹ്മ്മ്. വേണ്ട. അയാൾ വിളിക്കട്ടെ.. സമയം ഉണ്ടല്ലോ. നമുക്ക് വെയിറ്റ് ചെയ്യാം.

ഇനിയുമോ..? ആശങ്കയോടെ ഞാൻ ക്ലോക്കിലേക്ക് നോക്കി.

ശാരി അത് കണ്ടു ചിരി അടക്കുന്നത് ഞാൻ കണ്ടു.
ഏകദേശം എട്ടു മണി ആയിക്കാണും അയാളുടെ കാൾ വന്നപ്പോൾ.

ഒരു 8.30 ക്ക് ഞാൻ പള്ളിയുടെ അടുത്ത് കാണും. മോളെപ്പോഴാ വരുന്നേ.

ഞാൻ… ഞാൻ അപ്പോഴേക്കും വന്നേക്കാം.

പള്ളിയുടെ മുറ്റത്തു ഉണ്ടാവില്ലേ..

ഹാ.. ഉണ്ടാവും.

ഓക്കെ. അയാൾ കാൾ കട്ട് ചെയ്തു.
സത്യത്തിൽ ഞങ്ങൾ അവിടെ നേരത്തെ തന്നെ എത്തിയിരുന്നു. സെൻറ്. പീറ്റർസ് വലിയ പള്ളി..സഭകൾ തമ്മിലുള്ള തർക്കത്തിൽ അടച്ചിട്ടിരിക്കുകയായിരുന്നുവെങ്കിലും എപ്പോഴും ആരെങ്കിലുമൊക്കെ അവിടെ ഉണ്ടാകും.ഞാനും ശാരിയും പള്ളി വരാന്തയിൽ ചെന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും അയാൾ എത്തി.

നേരത്തെ ആണല്ലോ..? ഇന്നലെ ഉറങ്ങിയില്ല അല്ലെ.

ഞാനും ശരിയും പരസ്പരം നോക്കി. ഇതെങ്ങനെ രാത്രി ഞാൻ ഉറങ്ങിയില്ലന്ന് ഇയാൾ അറിഞ്ഞു.. സത്യം പറ നീയാണോ പറഞ്ഞെ.

ഫ്രണ്ട്ന്റെ ചെവി കടിച്ചു മുറിക്കണ്ട..തന്റെ ഒരു നേച്ചർ വച്ചിട്ട് ഞാൻ ചുമ്മാ ഊഹിച്ചത് ആണ്.

എന്റെ ചമ്മിയ മുഖം കണ്ടപ്പോൾ ചിരി അടക്കി കൊണ്ട് അയാൾ പറഞ്ഞു.

നമുക്ക് ഒന്ന് നടക്കാം നന്ദു..

ഹ്മ്മ്.

എന്നാ ശാരി അവിടെ ഇരിക്ക്… ഞാനും നന്ദുവും ഒന്ന് നടന്നിട്ട് വരാം.

പള്ളിക്ക് മുൻപിൽ നിന്ന് നോക്കിയാൽ ഞങ്ങളുടെ കോളേജ് കാണാം.ഞങൾ മുന്നോട്ടു നടന്നു. അവിടെ അടുത്ത് തന്നെ ആയിരുന്നു കോടതിയും.

കോടതിയിലെക്കുള്ള വഴി തിരിഞ്ഞതും ഞാൻ നിന്നു.

നമ്മൾ എന്താ കോടതിയിലേക്ക്…

നിന്നെ തൂക്കിലേറ്റാൻ വല്ല വഴിയും ഉണ്ടോന്ന് അറിയാൻ.

അയാളുടെ തമാശ എന്തോ എനിക്ക് ഇഷ്ടപെട്ടില്ല.
എന്താ പറയാൻ ഉണ്ടെന്നു പറഞ്ഞത്..?

വാ… പറയാം.

ഇവിടെ നിന്ന് പറഞ്ഞാൽ മതി. ഞാൻ എങ്ങോട്ടും വരുന്നില്ല.ഇനി ഒരടി മുന്നോട്ടു വക്കില്ലന്ന വാശി ആയിരുന്നു എനിക്ക്.

ഇങ്ങട് വാടി കാന്താരി.. അയാൾ എന്റെ ചെവിയിൽ പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു.

ആഹ്…വേദനിക്കുന്നു ഏട്ടാ.. വിട്

അയാൾ കൈ വിട്ടതും ഞാൻ ചെവിയിൽ തൊട്ടു നോക്കി. ഭാഗ്യം… പറിഞ്ഞു പോയിട്ടില്ല.
ഞാൻ കരുതി പറിച് എടുത്തുന്ന്.

അപ്പോൾ ആണ് ഞാൻ അയാളുടെ മുഖം ശ്രെദ്ധിക്കുന്നത്.

എന്തിനാ കരയണെ..

ഒന്നുമില്ല… നീ വാ.

പാടത്തിനു മുകളിലൂടെയുള്ള ചെറിയ കനാലിനു മുകളിലായി ഞങ്ങൾ നിന്നു.

നന്ദുനു ഞാൻ ആരാണ്ന്ന് അറിയണ്ടേ.?

വേണം. എല്ലാം അറിയണം എനിക്ക്. നിങ്ങളെ കുറിച്ച്… ആ പെൺകുട്ടിയെ കുറിച്ച്.. പിന്നെ…

അഖിലനെ കുറിച്ച്…അല്ലെ.

ഹ്മ്മ്.. അതേ.

അഖിലൻ എന്റെ ഏറ്റവും നല്ല സുഹൃത്ത് ആണ്. ഇപ്പോൾ ഏറ്റവും വലിയ ശത്രുവും.

ഈശ്വരാ… ഇനി ഇയാളു സാറിനോടുള്ള പക വീട്ടാൻ വന്നത് ആണോ.

പേടിക്കണ്ട… ഞാൻ അവനെ ഉപദ്രവിക്കാൻ വന്നത് ഒന്നും അല്ല കേട്ടോ.
എന്റെ മനസ് അറിഞ്ഞിട്ട് എന്ന പോലെ അയാൾ പറഞ്ഞു.

പിന്നെ…

എന്റെ വരവിനു ഒരു ലക്ഷ്യം മാത്രമേ ഉള്ളു.. അവന്റെ ഇപ്പോഴത്തെ ഈ അവസ്ഥ മാറണം.. എനിക്ക് അവനെ പഴയ അഖിലനായി കിട്ടണം. അവനൊരു ജീവിതം വേണം. പക്ഷേ അതിനു തന്റെ ജീവിതം ബലി കൊടുക്കേണ്ടി വരരുത്.

അതെന്താ അങ്ങനെ പറഞ്ഞത്..?

തന്നോടുള്ള അവന്റെ പെരുമാറ്റം എങ്ങനെയാ?

സാറിന് എന്നെ കാണുന്നത് തന്നെ വെറുപ് ആണ്. കണ്ട അന്ന് മുതൽ തുടങ്ങിയതാ ആ ദേഷ്യം…

അത് എന്ത് കൊണ്ടാണ്ന്ന് അറിയോ നന്ദു തനിക്കു..

ഞാൻ ഇല്ലെന്നു തലയാട്ടി.

നീ ഞങളുടെ കല്യാണിയെ പോലെ ആയത് കൊണ്ട്.. അവളുടെ അതേ മുഖമാണ് നിനക്ക്.

പക്ഷേ… ഞാൻ… ആരാ ഈ കല്യാണി.. ആ കുട്ടി എവിടെ ആണ് ഇപ്പോൾ.?

എന്റെ അമ്മാവന്റെ മകളാണ് കല്യാണി.. അവൾക് വല്യ ഇഷ്ടായിരുന്നു അഖിലനെ.
അവനെന്ന് വച്ചാൽ ഭ്രാന്ത് ആയിരുന്നു അവൾക്.. നിന്നെ പോലെ തന്നെ, എന്തൊക്കെ പറഞ്ഞാലും പിന്നേയും പിന്നെയും അവനു പുറകെ ചെല്ലുമായിരുന്നു അവൾ.

എന്നിട്ട്… ആ കുട്ടി ഇപ്പോൾ എവിടെ ഉണ്ട്.?

അവൾ…. അവൾ മരിച്ചു പോയി. ജീവിതതെക്കുറിച്ച് ഒരുപാട് സ്വപ്നം കണ്ടതാ എന്റെ കല്ലു. പക്ഷെ… ഒക്കെ ഇല്ലാണ്ടായില്ലേ..

അയാളുടെ വാക്കുകളിൽ ദുഃഖം നിറഞ്ഞു നിന്നിരുന്നു.

എങ്ങനെയാ ആ കുട്ടി..?

കൊന്നതാ… കൊന്നതാ അവളെ..

ഇടറുന്ന ശബ്ദത്തോടെ അയാൾ പറഞ്ഞു.

ആരാ.. എന്തിനാ..?

അവനാ… അവൻ നിന്നെയും കൊല്ലും. എന്റെ കല്യാണിയുടെ അവസ്ഥ നിനക്ക് ഉണ്ടാവരുത്. അതാ ഞാൻ നിന്നെ തിരക്കി വന്നത്.. അവൻ നിന്നെയും കൊല്ലും.

ആര്..
വിറയലോടെ ഞാൻ ചോദിച്ചു.

അവൻ… അഖിലൻ… അവനാ അവളെ കൊന്നത്.

എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല… സാർ ഒരാളെ കൊല്ലുകയോ… അതും ജീവന് തുല്യം സ്നേഹിച്ച പെൺകുട്ടിയെ..

(തുടരും )

അഖിലൻ : ഭാഗം 1

അഖിലൻ : ഭാഗം 2

അഖിലൻ : ഭാഗം 3

അഖിലൻ : ഭാഗം 4

അഖിലൻ : ഭാഗം 5

അഖിലൻ : ഭാഗം 6

അഖിലൻ : ഭാഗം 7