Tuesday, April 23, 2024
Novel

അഖിലൻ : ഭാഗം 1

Spread the love

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

Thank you for reading this post, don't forget to subscribe!

കൃഷ്‌ണേന്ദു … തിരുവോണം.

തിരുമേനി പേര് വിളിച്ചതും ഞാൻ മുന്നോട്ടു ചെന്നു പ്രസാദം വാങ്ങി.

ഇന്നാണല്ലേ കോളേജ് തുടങ്ങുന്നത്.?

ഹമ്…

എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ പഠിച്ചു മിടുക്കി ആയി വാ . പ്രസാദം കൈയിൽ തന്നു തിരുമേനി അനുഗ്രഹിച്ചു.

ഒന്ന് വലം വച്ചു ഞാൻ പുറത്തിറങ്ങി. സമയം നോക്കിയപ്പോൾ എട്ടേ മുക്കാൽ… ശാരി എന്നെ നോക്കി നിൽക്കുന്നുണ്ടാകും. ഞാൻ കാലുകൾ വലിച്ചു വച്ചു നടന്നു. ഓട്ടത്തിനിടയിൽ കാലിടറി ചെരുപ്പിന്റെ വള്ളി പൊട്ടി.

നാശം പിടിക്കാൻ .. ഇതിന് പൊട്ടാൻ കണ്ട നേരം.

അടുത്ത് കണ്ട ബൈക്കിന് മുകളിൽ പ്രസാദം വച്ചു ഞാൻ ചെരുപ്പ് ശെരിയാക്കാൻ തുടങ്ങി.

തല്ക്കാലം പിന്ന് വച്ചു അഡ്ജസ്റ്റ് ചെയ്യാം. അങ്ങനെ കഷ്ടപ്പെട്ട് പിന്ന് വളച്ചു കയറ്റി കൊണ്ടിരിക്കുമ്പോൾ ആണ് ആരോ എന്നെ പിടിച്ചു പുറകോട്ടു വലിക്കുന്നത്.

പെട്ടന്നായത് കൊണ്ട് ഞാൻ ഒന്ന് ഞെട്ടി. ശ്രെദ്ധ മാറിയതോടെ പിന്ന് വളഞ്ഞു എന്റെ കൈയിൽ കയറി.

താൻ എന്ത് പണിയാഡോ കാണിച്ചേ .. എന്റെ കൈ മുറിഞ്ഞു.

ചോര പൊടിയുന്ന വിരൽ അയാൾക്ക് മുന്നിലേക്ക് നീട്ടി പിടിച്ചു … താൻ കാരണമാ ഇത്.

കുറച്ചു ചോര അല്ലെ… അത് തുടച്ചൽ പോകും .
എന്നെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് അയാൾ വണ്ടിയുമെടുതു പോയി.

എന്തൊരു സാധനാ… ദുഷ്ടൻ.
ന്നാലും കൊള്ളാം സുന്ദരനാ… .

പെട്ടന്ന് ഞാൻ ചുറ്റും നോക്കി. ഭാഗ്യം… ആരും കേട്ടില്ല.

പൊട്ടിയ ചെരിപ്പുമിട്ടു ഞാൻ ശാരിയുടെ അടുത്ത് എത്തിയപ്പോഴേക്കും നേരം വൈകിയിരുന്നു .
ശാരിയുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരിക്കുന്നു.

പണി പാളി…
ഞാൻ ഉള്ളിൽ പറഞ്ഞു. നൈസ് ആയി അവളെ ഒന്നു ചിരിച്ചു കാണിച്ചിട്ട് അകത്തേക്ക് കയറി.

ഒരഞ്ചു മിനുട്ട്… ഇപ്പോൾ വരാം.

എവിടെയായിരുന്നു ഇത്രയും നേരം.

വരും വഴി ചെരുപ്പ് പൊട്ടി… അതാ ലേറ്റ് ആയേ.

ഓഹ്… ഞാൻ കരുതി വല്ല ചെക്കൻമാരെയും കണ്ടു വായി നോക്കി നിന്നത് ആവുംന്ന്.

ഹാ ഡാ… നിനക്ക് എങ്ങനെ മനസിലായി… ഒരു സൂപ്പർ ചെക്കനെ കണ്ടു. . നല്ല നീല ഷർട്ടും നീല കരയുള്ള മുണ്ടും… നെറ്റിയിൽ ചുവന്ന കുറിയും… ന്താ ഒരു ചേല്… നോക്കി നിന്ന് പോകും.

ഹാ… അത് തന്നെയാ ഞാൻ പറഞ്ഞത് .. വായിനോക്കി പെണ്ണ്.

ന്താ ആൺപിള്ളേർക്ക് മാത്രേ വായിനോക്കാവുന്നുണ്ടോ.?

ന്റെ പൊന്നേ… ഞാനില്ല നിന്നോട് തർക്കിക്കാൻ… ന്റെ പൊന്ന് കൃഷ്ണേന്ദു ഒന്ന് പോയി റെഡി ആയി വാ.

നീ അയാളെ കാണാത്തതു കൊണ്ടാ ശാരി… ആദ്യ കാഴ്ച്ചയിൽ തന്നെ ആർക്കും ഇഷ്ടാവും.. പക്ഷേ ആളിത്തിരി കലിപ്പാണോന്ന് സംശയം . കുറച്ചു ഭംഗി ഉണ്ടെന്നത്തിന്റെ അഹങ്കാരം ഉണ്ട് അയാൾക്ക്.

അയാള് നിന്നെ മൈൻഡ് ചെയ്തില്ല അല്ലേ? അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.

ഞാൻ ഇല്ലെന്ന് തലയാട്ടി .

തോന്നി… മതി കഥ പറഞ്ഞത്… വാ

കുറച്ചു മേക്കപ്പ് കൂടി ചെയ്തെക്കാം.. അയാളെ വഴിയിൽ വച്ചു എങ്ങാനും കണ്ടാലോ.?

ഈശ്വരാ .. ഈ പെണ്ണ്. നിന്നെ ഞാനുണ്ടല്ലോ.. വാ ഇങ്ങോട്ട് .

കണ്ണാടിക്ക് മുന്നിൽ നിന്ന് ശാരി എന്നെ പിടിച്ചു വലിച്ചു കൊണ്ട് പോവുകയായിരുന്നു.

കണ്ടോ ആദ്യത്തെ ദിവസം തന്നെ ലേറ്റ് ആയി… നിന്റെ ഒരു ഒടുക്കത്തെ മേക്കപ്പ് കാരണാ ഇത്രേം താമസിച്ചേ…ഒന്നു വേഗം വരുന്നുണ്ടോ നന്ദു. .?

ലേറ്റ് ഒന്നും ആയില്ല ശാരിമോളെ… നമ്മൾ കറക്റ്റ് ടൈമിൽ തന്നെയാ എത്തിയത്.. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
കാര്യം എന്റെ സീനിയർ ആണെങ്കിലും ശാരി എന്റെ ബെസ്റ്റ് ഫ്രണ്ട് കൂടി ആണ്.ഞാൻ തന്നെ നിർബന്ധിച്ചിട്ടാ അവളെ എന്റെ കൂടെ കൂട്ടിയതും. കാരണം ഇന്ന് കോളേജിൽ എന്റെ ആദ്യത്തെ ദിവസമാണെ…സീനിയർസ്ൽ നിന്ന് രക്ഷപെടാൻ ഒരു സീനിയർ കൂടെ ഉള്ളത് നല്ലത് അല്ലെ.

നിന്ന് താളം ചവിട്ടാതെ ഓടി വാടി… ഇപ്പോൾ ബെൽ അടിക്കും…ഫസ്റ്റ് അവർ തന്നെ ആ ഡ്രാക്കുളയുടെയാ.

നീ പേടിക്കണ്ട …അയാള് വരും മുൻപേ നീ ക്ലാസിൽ എത്തും. അല്ല മോളെ ആരാ ഈ ഡ്രാക്കുള.?

അത് വല്ലാത്തൊരു ഐറ്റം ആണ് മോളെ…. അയാളുടെ മുന്നിൽ പെട്ടാൽ തീർന്നത് തന്നെ. എന്നെ കാത്തോളണേ ഭഗവാനെ…

ശാരി മുകളിലേക്കു നോക്കി കുരിശ് വരച്ചു. അവൾ എന്നെയും വലിച്ചു കൊണ്ട് ഓടുകയായിരുന്നു..

നിക്ക്… നിക്ക്… ഞാൻ എന്തിനാ നിന്റെ ക്ലാസ്സിൽ വരുന്നേ … മാത്‍സ് ഡിപ്പാർട്മെന്റ് എവിടന്ന് പറ .. ഞാൻ പൊക്കോളാം.

ഓഹ്… സോറി ഡാ.. ദാ അവിടെ ആണ്.. നീ പൊക്കോ. അവൾ കോറിഡോറിന്റെ അങ്ങേ അറ്റത്തേക്ക് കൈ ചൂണ്ടി.

എന്തായാലും നിന്റെ ക്ലാസ്സിന് മുന്നിൽ എത്തി… സാർ വന്നിട്ടും ഇല്ല .. എന്നാ പിന്നെ എന്നെ അവിടെ വരെ ഒന്ന് ആക്കി തന്നൂടെ… ഇന്ന് എന്റെ ഫസ്റ്റ് ഡേ അല്ലേടാ..
ഞാൻ അവളോട് കെഞ്ചി.

ഓഹ് .. ഈ പെണ്ണ്… വാ. അവൾ എനിക്കൊപ്പം വരാൻ തയ്യാറായി .

ഡ്രാക്കുള വരുന്നുണ്ട്ന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ആരോ ഓടി ക്ലാസിൽ കയറിയതും അവൾ എന്നെയും വലിച്ചു കൊണ്ട് ക്ലാസിനു അകത്തേക്ക് കയറി.

ഡാ . എന്നെ വിട്. ഞാൻ പോട്ടെ.

ഇപ്പോൾ പോകാതെ ഇരിക്കുന്നതാ നിനക്ക് നല്ലത്.. മിണ്ടാതെ അവിടെ ഇരുന്നോ.
അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.

ഹേ .. ഇവിടെയോ… അപ്പോൾ എന്റെ ക്ലാസ്സോ.?

അനങ്ങാതെ ഇരിക്ക് പെണ്ണെ .. അയാൾ ഇപ്പോൾ എത്തും.

എനിക്ക് പോണം…എനിക്ക് വയ്യ നിങ്ങളുടെ ഈ ബോറൻ ക്ലാസിൽ ഇരിക്കാൻ.

ഞാൻ എഴുന്നേൽക്കാൻ തുടങ്ങിയതും സാർ വന്നതും ഒപ്പമായിരുന്നു. പെട്ടന്ന് ശാരി എന്റെ കൈയിൽ പിടിച്ചു താഴേക്കു വലിച്ചു.

നീ ബെഞ്ചിന്റെ അടിയിൽ കയറിക്കോ..

ഞാനില്ല…

മര്യാദക്ക് കേറിക്കോ .

വേറെ വഴി ഇല്ലാതെ ഞാൻ താഴെ കുനിഞ്ഞിരുന്നു. ക്ലാസ്സിൽ ഒരു മൊട്ടു സൂചി വീണാൽ കേൾക്കാവുന്ന അവസ്ഥ. എല്ലാവരും ഇത്രമാത്രം പേടിക്കുന്ന ആ ഡ്രാക്കുളയെ കാണാൻ എനിക്കും ആഗ്രഹം തോന്നി. ഞാൻ പതുക്കെ ശാരിയെ തോണ്ടി.

ഒന്ന് നോക്കട്ടെടാ….

ശ്…. മിണ്ടാതെ. അവൾ വിരൽ ചുണ്ടിൽ ചേർത്തു.

ഞാൻ നോക്കും.
വാശിയിൽ എത്തി വലിഞ്ഞു നോക്കിയ എന്റെ തല ഡെസ്കിൽ തട്ടി.

എന്റെ അമ്മേ…

അറിയാതെ ഞാൻ നിലവിളിച്ചു പോയി.

എന്താ അവിടെ…? സെക്കന്റ്‌ ബെഞ്ച്… ഓൾ സ്റ്റാൻഡ് അപ്പ്‌.

പെട്ട്… ഇന്നത്തെ കാര്യം പോക്കാ.. ശാരി എന്നെ നോക്കി കണ്ണുരുട്ടി. എല്ലാവരും എണീറ്റതിന്നു ഒപ്പം ഞാനും പൊങ്ങി വന്നു.

നിന്നോട് ആരാ പൊങ്ങാൻ പറഞ്ഞെ..? ശാരി എന്റെ കൈയിൽ തിരുമ്മി കൊണ്ട് ചോദിച്ചു.

എന്റെ തല വേദനിക്കുന്നു. അതാ.

നീയേതാ..?

ഡീ നിന്നോടാ…
ശാരി എന്നെ തോണ്ടി കൊണ്ട് പറഞ്ഞു . അപ്പോഴാണ് ഞാൻ അവളിൽ നിന്നും നോട്ടം സാറിലേക്ക് ആക്കിയത്. എനിക്ക് വല്ലാത്ത സന്തോഷം തോന്നി.

ഡാ .. ഇതാടാ ഞാൻ പറഞ്ഞ രാവിലെ കണ്ട ചെക്കൻ.

ഹാ.. ബെസ്റ്റ്. ഇതാ ഞാൻ പറഞ്ഞ ഡ്രാക്കുള. അഖിലൻ സാർ.

ഇതോ…ഞാൻ അന്തം വിട്ട് നിന്നപോഴേക്കും അടുത്ത ചോദ്യം എത്തി. അതും എന്റെ തൊട്ടടുത്തു ഡെസ്കിൽ അടിച്ചു കൊണ്ടായിരുന്നു ചോദ്യം. ഞാനറിയാതെ തന്നെ എന്നെ വിറക്കാൻ തുടങ്ങി.

അയാളുടെ മുഖത്തു നോക്കാൻ കഴിയാതെ ഞാൻ തല കുനിച്ചു.

ചോദിച്ചത് കേട്ടില്ലേ… എന്റെ ക്ലാസിൽ നിനക്ക് ന്താ കാര്യം എന്ന്.

അത് .. ക്ലാസ്സ്‌ മാറീട്ട് .. അറിയാതെ..

.ഒരു സപ്പോർട്ട്ന് ഞാൻ ശാരിയെ നോക്കി എങ്കിലും അവളും തല കുനിച്ചു നിൽക്കുകയായിരുന്നു .

ഇറങ്ങി പോടോ… ഒരലർച്ചയായിരുന്നു.
എന്റെ ചെവി പൊട്ടും പോലെ തോന്നി എനിക്ക്.
ഞാൻ മുഖമുയർത്തി അയാളെ നോക്കിയിട്ട് ബാഗുമെടുത്ത് പുറത്തേക്ക് നടന്നു .

വെറുതെ അല്ല ഡ്രാക്കുള എന്ന് വിളിക്കുന്നത്… കടിച്ചു കീറാൻ നിൽക്കുവല്ലേ .

നിക്കടി അവിടെ.?

ഈശ്വരാ .. ഞാൻ ഡ്രാക്കുള എന്ന് വിളിച്ചത് അയാൾ കേട്ടോ.

തിരിഞ്ഞു നോക്കാനുള്ള ശക്തി ഇല്ലാതെ ഞാനവിടെ തറഞ്ഞു നിന്നു പോയി.

(തുടരും )