Wednesday, December 18, 2024
Novel

താദാത്മ്യം : ഭാഗം 23

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

MV


രണ്ട് വർഷങ്ങൾക്ക് ശേഷം,

കോളേജ് പഠനതോടൊപ്പം തന്നെ തനിക്ക് ഇഷ്ടപ്പെട്ട ഡിസൈനിങ് കോഴ്സും മിഥുന പൂർത്തിയാക്കി. ആ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരു മികച്ച ഫാഷൻ ഡിസൈനർ ആകാനുള്ള പ്രാപ്തി കൈ വന്നിരുന്നു മിഥുനയ്ക്ക്. അടുത്ത വർഷം ഡൽഹിയിൽ വെച്ചു നടക്കുന്ന ഫാഷൻ കോണ്ടെസ്റ്റിൽ വിജയിക്കണമെന്നുള്ളത് അവളുടെ ഒരുപാട് നാളത്തെ സ്വപ്നമാണ്.

അതിനു വേണ്ടിയുള്ള പരിശ്രമത്തിലായിരുന്നു അവൾ.

“മിഥു.. ”

ശോഭ മിഥുനയെ വിളിച്ചു.

“ദാ വരുന്നമ്മേ.. ”

അവൾ താഴേക്ക് വന്നു.

“എന്താമ്മേ.. !”

“നിന്റെ പഠിപ്പും മറ്റു കോഴ്സുകളും എല്ലാം തീർന്നല്ലോ.. ഇനി സിദ്ധുവിന്റെ വീട്ടിലേക്ക് എപ്പോഴാ പോകുന്നെ…”

ശോഭ സൗമ്യമായി ചോദിച്ചതും അവളുടെ ഉള്ളിൽ സന്തോഷം നിറഞ്ഞു.

“അമ്മയ്ക്ക് എന്ത് തോന്നുന്നോ അത് ചെയ്തോളൂ… അമ്മ എന്ത് പറഞ്ഞാലും എനിക്ക് സമ്മതമാണ്..”

പുഞ്ചിരിയോടെ അവൾ അവിടെ നിന്നും നടന്നു.

മകളുടെ വിടർന്ന മുഖം കണ്ടതും ശോഭയുടെ മനസ്സും നിറഞ്ഞു. അവർ ആഗ്രഹിച്ചത് പോലെ തന്റെ മകളുടെ ജീവിതത്തിൽ സന്തോഷം നിറയാൻ പോകുന്നു എന്നോർത്തപ്പോൾ ആ അമ്മയുടെ കണ്ണുകളിൽ ആനന്ദാശ്രു പൊഴിഞ്ഞു.

ഇപ്പോൾ സിദ്ധാർത്ഥൻ എന്ന പേര് കേട്ടാൽ തന്നെ അവളുടെ മനസ്സ് സന്തോഷത്തിന്റെ അതിർവരമ്പുകൾ കടന്നിരിക്കും.തന്റെ ജീവിതത്തിൽ ഇങ്ങനൊരു മാറ്റം ഉണ്ടാവുമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നതല്ല. അവനോട് വഴക്ക് കൂടിയ ആ നാളുകളെ കുറിച്ച് ഓർക്കുമ്പോൾ അവൾക്ക് അത്ഭുതമാണ് തോന്നാറ്. എന്നാൽ അതും ഏതോ ഒരു വിധത്തിൽ അവൾക്ക് സന്തോഷം നൽകിയിരുന്നതായി അവൾ തിരിച്ചറിഞ്ഞു.

അവളുടെ ജീവിതത്തിൽ അവനുമായി സംബന്ധിച്ച എല്ലാം തന്നെ അവൾക്കും പ്രധാപ്പെട്ടതാണെന്ന് തോന്നി. ആ മാറ്റങ്ങൾ എല്ലാം അവളെ ആശ്ചര്യപ്പെടുത്തിയിരുന്നു. എങ്കിലും ആ വികാരങ്ങളുടെ പേരെന്താണെന്ന് അവൾക്ക് മനസ്സിലായില്ല.. ഇതാണോ പ്രണയം..? എന്ന് മനസ്സ് ചോദിക്കുമ്പോൾ അവൾ മറുപടി പറയാനാവാതെ അത് ഉള്ളിൽ തന്നെ മറച്ചു വെയ്ക്കും.

ഈ രണ്ട് വർഷത്തിനിടയിൽ അവർ തമ്മിൽ കണ്ട്മുട്ടിയത് വളരെ ചുരുക്കമായിരുന്നെങ്കിലും ആ നിമിഷങ്ങൾ ജീവിതത്തിൽ തനിക്ക് കിട്ടിയ മനോഹരമായ ഒരു നിധി പോലെ ഓർമ്മയിൽ സൂക്ഷിച്ചു. അവനോട് വഴക്കിടുന്നത് അവൾ പാടെ നിർത്തി, അവൻ എന്തെങ്കിലും പറഞ്ഞാൽ അതിൽ എന്തെങ്കിലും അർത്ഥം ഉണ്ടാകുമെന്ന് അവൾ മനസ്സിലക്കി തുടങ്ങിയിരുന്നു.

ഇന്ന് അവളുടെ അമ്മ അവന്റെ വീട്ടിലേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോഴും യാതൊരു തരത്തിലുള്ള വിഷമവും ഇല്ലാതെ മനസ്സ് ഒരു കൊച്ചുക്കുട്ടിയെ പോലെ സന്തോഷത്തിൽ തുള്ളിച്ചാടിയതോർത്ത്‌ അവൾ ആശ്ചര്യപ്പെട്ടു.

ആ സന്തോഷത്തോടെ അവൾ തന്റെ പ്രിയ കൂട്ടുകാരി മീരയെ കാണാൻ തീരുമാനിച്ചു..

“എന്താ മേഡം… ഇന്ന് നല്ല സന്തോഷത്തിലാണല്ലോ..? ”

മിഥുനയുടെ വിടർന്ന മുഖം കണ്ടതും മീര ചോദിച്ചു. മിഥു ശോഭ പറഞ്ഞ കാര്യങ്ങൾ അവളോട് പറഞ്ഞു..

“ഓഹോ..! അതാണോ മേഡത്തിനു ഇത്ര സന്തോഷം.. ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ മുൻപ്, എനിക്ക് ആ കല്യാണം ഇഷ്ടമല്ല, ചെറുക്കനെ ഇഷ്ടമല്ല, അയ്യോ എന്റെ ജീവിതം നശിച്ചല്ലോ.. എന്നൊക്കെ പറഞ്ഞു നടന്ന പെണ്ണാ.. ഇപ്പൊ നോക്കിയേ… എന്താ ഒരു മാറ്റം..”

മീര അവളെ കളിയാക്കികൊണ്ട് പറഞ്ഞപ്പോൾ മിഥു ചിരിച്ചു..

“ഹൈ.. നിനക്ക് നാണിക്കാനൊക്കെ അറിയോ മിഥു..! ഇനി അവിടെ പോയി ‘പ്രാണ നാഥൻ എനിക്കു നൽകിയ’
പാട്ടൊക്കെ പാടി പ്രേമിച്ചു നടക്കാം..ഇത്രയും നാൾ മിസ്സ്‌…”

മീര എന്തോ പറയാൻ വന്നതും മിഥു അവളുടെ ചുണ്ടിൽ വിരൽ വെച്ചുകൊണ്ട് തടഞ്ഞു.

“അങ്ങനെ ഒന്നും ഇല്ല മീര.. ആദ്യം എനിക്ക് അദ്ദേഹത്തെ ഇഷ്ടമല്ലായിരുന്നു.. പിന്നെ ഞങ്ങൾ ഇപ്പൊ ഫ്രണ്ട്സ് ആയില്ലേ.. അതാ ഇപ്പൊ ഇഷ്ടമാണ്.. അല്ലാതെ പ്രേമം ഒന്നുമില്ല..”

അവൾ മുഖത്തെ നാണം മാറ്റത്തെ പറഞ്ഞു..

“ഓഹോ… ഇത് ഞാൻ വിശ്വസിക്കണം എന്നാണോ.. ശരി.. ഞാൻ വിശ്വസിച്ചു.”

ഭവ്യതയോടെ മീര പറഞ്ഞ വാക്കുകൾ കേട്ട് മിഥുവിന് ചിരിയാണ് വന്നത്.

“സർവ്വം സിദ്ധാർത്ഥ മയമായിരുന്നിട്ട്,
അതിപ്പോ ഫ്രണ്ട്സ് ആയില്ലേ അതാ ഇഷ്ടം എന്ന് പറയുന്നത് കേട്ടില്ലേ എന്റെ ദൈവമേ…!”

മീര ആകാശത്തേക്ക് നോക്കി പറഞ്ഞു.

“വെറുതെ ഇരിക്ക് മീരേ..”

അവൾ നാണത്തോടെ അവളുടെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞപ്പോൾ മീരയും അവളോടൊപ്പം ചിരിച്ചു.

“ശരി, വേഗം നീ നിന്റെ പ്രണയം തുറന്ന് പറഞ്ഞ് ജീവിതം തുടങ്ങാൻ നോക്ക്, വെറുതെ ഈഗോ കേറ്റി നടന്ന് ഇഷ്ടം പറയാതെ ഇരിക്കല്ലേ..”

മീര അവളെ ഗൗരവത്തോടെ ഉപദേശിച്ചു..

“അങ്ങനെയൊന്നും ഇല്ല മീരാ..”

അവൾ വീണ്ടും അത് തന്നെ പറഞ്ഞു..

“അയ്യോ…. ഇങ്ങനെ പോയാൽ , ടീവി സീരിയൽ പോലെ നിന്റെ ജീവിതത്തിലെ നല്ല ദിവസങ്ങൾക്ക് വേണ്ടി വർഷങ്ങൾ വേണ്ടി വരുമല്ലോ… എന്റെ ഈശ്വരാ…”

മീര തലയിൽ കൈവെച്ചുകൊണ്ട് ഇരുന്നു..

“നോക്ക് മിഥു… അതൊക്കെ സീരിയലിൽ കാണാനേ നന്നായിരിക്കു.. ജീവിതത്തിൽ അത്ര നന്നായിരിക്കില്ല..കിട്ടിയ നല്ല ജീവിതം സന്തോഷത്തോടെ ജീവിക്കാൻ നോക്ക്..
എനിക്ക് അത്രേ പറയാനുള്ളൂ..”

മീര ഗൗരവത്തോടെ പറഞ്ഞുകൊണ്ട് അവിടെ നിന്നും നടന്നകന്നു.

മിഥു മീര പറഞ്ഞ വാക്കുകൾ ചിന്തിച്ചു നോക്കി, അവൾ പറഞ്ഞത് ശരിയാണെന്നു തോന്നിയെങ്കിലും,

“അദ്ദേഹത്തെ ഞാൻ പ്രണയിക്കുവാണോ? ”

അവളുടെ മനസ്സ് ചോദ്യമെറിഞ്ഞു..

“വരുന്നിടത്തു വെച്ച് കാണാം”

എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അവൾ വീട്ടിലേക്ക് മടങ്ങാൻ തുടങ്ങിയതും അവളുടെ ഫോൺ ശബ്‌ദിച്ചു. അവൾ ഫോൺ ചെവിയിലേക്ക് വെച്ചു.

“ഹലോ.. മിഥു.. ഇത് ഞാനാ അർജുൻ..”

മിഥു ആശ്ചര്യത്തോടെ അവളുടെ ഫോണിലേക്ക് നോക്കി..അവനോട് സംസാരിക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം ഓർത്തശേഷം,

“ഓഹ്.. ഞാൻ ജീവനോടെ ഉണ്ടെന്ന് നിനക്ക് ഇപ്പോഴാണോ ഓർമ്മ വന്നത്, ഇത്രയും നാൾ എവിടെ പോയി കിടക്കുവായിരുന്നു മിസ്റ്റർ അർജുൻ..”

അവൾക്കുണ്ടായിരുന്ന ദേഷ്യം അവളുടെ വാക്കുകളിൽ പ്രകടമായിരുന്നു.

“മിഥു.. സോറി.. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്.. ഒന്ന് നേരിൽ കാണാൻ പറ്റുമോ..? ”

അവൻ ശോകത്തൊടെ ചോദിച്ചു.

“നിന്നോട് സംസാരിക്കാൻ എനിക്കൊന്നുമില്ല അർജുൻ, പറയാനുള്ളതൊക്കെ നീയും നിന്റെ അമ്മയും മുൻപേ പറഞ്ഞതല്ലേ.. അതിൽ കൂടുതൽ എന്താ പറയാനുള്ളെ..? ”

അവളുടെ വാക്കുകൾ കടുത്തു.

“മിഥു.. പറയുന്നത് കേൾക്ക്.. വളരെ പ്രധാനപ്പെട്ട കാര്യമാണ്.. അതും നമ്മുടെ മിലുവിനെ പറ്റി..? ”

അവൻ സൗമ്യമായി പറഞ്ഞു.

“മിലുവിനെ പറ്റിയോ..? ”

മിലുവിന്റെ പേര് കേട്ടതും അവൾ ഒന്നും മിണ്ടാതെ അവൻ പറയുന്നതിൽ ശ്രദ്ധ ചെലുത്തി.

“അതെ… ഇത് ഫോണിൽ പറയാൻ പറ്റില്ല… നേരിട്ട് പറയാനുള്ളതാ…പ്ലീസ്…”

അവൻ ഭവ്യമായി പറഞ്ഞപ്പോൾ അവനെ കാണാൻ അവൾ സമ്മതിച്ചു.

“എവിടെ വരണം… നീ മിലുവിന്റെ പേര് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ ഇതിന് സമ്മതിച്ചത്.. നിന്നോടും നിന്റെ അമ്മയോടും ക്ഷമിക്കാൻ ഈ മിഥുവിന് കഴിയില്ല..”

അവൾ ദേഷ്യത്തോടെ മറുപടി പറഞ്ഞു.

“ശരി മിഥു..ഇന്ന് വൈകിട്ട് നിന്റെ വീടിനടുത്തുള്ള പാർക്കിൽ വെച്ച് കാണാം..”

അവൻ പറഞ്ഞതും അവൾ സമ്മതിച്ചുകൊണ്ട് ഫോൺ വെച്ചു..

“വാടി.. മിഥുനെ…ഇനി നിന്നെ വെച്ചാണ് ഞാൻ കളി തുടങ്ങാൻ പോകുന്നത്. നിന്റെ ഭർത്താവിനോടും അച്ഛനോടും പക വീട്ടാനുള്ള എന്റെ തുറുപ്പു ചീട്ട്…”

അർജുൻ മനസ്സിൽ പറഞ്ഞുകൊണ്ട് പൊട്ടിച്ചിരിച്ചു.

“മിലുവിനെ കുറിച്ച് അവന് എന്തായിരിക്കും പറയാനുള്ളത്..? പെട്ടെന്നുള്ള ഈ വിളിയുടെ ഉദ്ദേശം എന്താ..? ഒന്നും മനസ്സിലാകുന്നില്ല..”

മിഥു മനസ്സിൽ ചിന്തിച്ചു.എങ്കിലും അവനെ കാണാൻ തന്നെ അവൾ തീരുമാനിച്ചു.

************

“ടാ… ഒന്ന് വേഗം വാടാ.. വിശന്നിട്ടു വയ്യാ..”

വിജയ് പാടത്തേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു കൂവി..

“ദാ വരുന്നു..”

വയലിൽ ജോലി ചെയ്യുന്ന തിരക്കിലായിരുന്നു സിദ്ധു..

“ശ്ശോ.. വിശന്നിട്ടു പ്രാണൻ പോകുന്നു.. എത്ര നേരായി വിളിച്ചു കൂവുന്നേ.. ”

മനസ്സിൽ അവനെ വഴക്ക് പറഞ്ഞുകൊണ്ട് തുടങ്ങിയപ്പോഴേക്കും സിദ്ധു അവന്റെ അടുത്തേക്ക് എത്തിയിരുന്നു..

“പോവാം..”

സിദ്ധു അവനെയും കൂട്ടി കഴിക്കാൻ ഇരുന്നു..

“അല്ലേലും ഈ അമ്മമാരുടെ കൈപ്പുണ്യം ഒന്ന് വേറെ തന്നെയാ..”

ഭക്ഷണം രുചിയോടെ ചവച്ചുകൊണ്ട് വിജയ് പറഞ്ഞു.സിദ്ധു ചിരിച്ചുകൊണ്ട് അവനോടൊപ്പം ചേർന്ന് ഭക്ഷണം കഴിച്ചു തീർത്തു..

“പിന്നെ അളിയാ… പെങ്ങളെ എപ്പഴാ വീട്ടിലേക്ക് കൂട്ടികൊണ്ട് വരുന്നേ..? പഠിപ്പ് കഴിഞ്ഞില്ലേ.. നിന്റെ പോക്ക് കണ്ടാൽ അതെ പറ്റി ആലോചിച്ചിട്ട് കൂടിയില്ലെന്ന് തോന്നുന്നല്ലോ..”

വിജയ് ചോദിച്ചതും..

“അവൾക്ക് എപ്പോ എങ്ങോട്ട് വരണമെന്ന് തോന്നുന്നോ അപ്പൊ വരട്ടെ.. ഇഷ്ടമില്ലാതെ വെറുതെ ഇവിടെ വന്ന് എന്തിനാ വിഷമിക്കണേ…”

അവന്റെ മനസ്സിൽ തോന്നിയ കാര്യം അവൻ പറഞ്ഞു..

“കൊള്ളാലോ.. അപ്പൊ ആ പെണ്ണിന് ഒരിക്കലും ഇവിടെ വരാൻ ഇഷ്ടമില്ലെങ്കിൽ അവിടെ തന്നെ നിറത്താനാണോ നിന്റെ ഭാവം..? ”

വിജയ് ദേഷ്യത്തോടെ പറഞ്ഞു..

“അതേടാ… അവൾക്ക് ഇഷ്ടമല്ലാത്ത കാര്യത്തിനു ഞാനൊരിക്കലും അവളെ നിർബന്ധിക്കില്ല… അവൾ ഇഷ്ടപ്പെട്ടു വേണം ഇവിടെ വരാൻ..”

സിദ്ധു മറുപടി പറഞ്ഞു.

“രണ്ടു പേരും ഒന്നിച്ചു ജീവിച്ചാൽ അല്ലെ ഇഷ്ടമാണോ അല്ലയോ എന്ന് അറിയാൻ പറ്റു..അവൾ അവിടേം നീ ഇവിടേം ഇരുന്നിട്ട് എങ്ങനെ ഒരു തീരുമാനം എടുക്കും..? അമ്മ എന്തോരം വിഷമിക്കുന്നുണ്ടെന്നു അറിയോ..? അമ്മയ്ക്ക് വേണ്ടിയല്ലേ നീ കല്യാണം തന്നെ കഴിച്ചത്..ഇപ്പൊ എന്തിനാ വെറുതെ അമ്മയെ കഷ്ടപ്പെടുത്തുന്നത്..?
പറയുന്നത് കേൾക്ക്.. ഇപ്പൊ അവള് പഴയ പോലെ അല്ലെന്നാണ് എനിക്ക് തോന്നുന്നത്. രണ്ട് പേരും നന്നായിട്ട് സംസാരിക്കുന്നുണ്ടല്ലോ..ഇപ്പൊ നീ അവളെ കൂട്ടി കൊണ്ട് വരുന്നതാണ് നല്ലത്..ഞാൻ പറയുന്നത് കേൾക്കടാ..”

അവൻ അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു.

“ശരിടാ.. ഞാൻ അവളോട് സംസാരിക്കാം..പോരെ.. ഇപ്പൊ വാ.. നമുക്ക് കുറച്ചു നടക്കാം..”

സിദ്ധു അവനെ വിളിച്ചതും അവൻ സന്തോഷത്തോടെ അവനോടൊപ്പം നടന്നു..

“ഇന്ന് നല്ല കാറ്റുണ്ടല്ലേ… ”

അവൻ രസിച്ചുകൊണ്ട് നടക്കുന്നത് സിദ്ധു പുഞ്ചിരിയോടെ നോക്കി.. പെട്ടെന്ന് സിദ്ധു നിന്നു.

“എന്താടാ..”

വിജയ് അവനെ സംശയത്തോടെ നോക്കി..

“അങ്ങോട്ട് നോക്കിയേ.. ഏതാ ആ പെണ്ണ്..അവളെന്തിനാ കിണറിന്റെ അടുത്തേക്ക് പോണേ..”

സിദ്ധു ചൂണ്ടിയ ദിശയിലേക്ക് വിജയും നോക്കി..

“വല്ല..വെള്ളം കോരാൻ പോകുന്നതാവും.. നീ ഇങ്ങ് വന്നേ…”

വിജയ് ചിരിച്ചുകൊണ്ട് പറഞ്ഞു..

“അല്ലടാ… അവള് പോകുന്നത് കണ്ടാൽ എന്തോ പ്രശ്നമുണ്ട്.. നീ വാ…”

സിദ്ധു ആ പെണ്ണിന് നേരെ ഓടി..

“ഹേയ്.. കുട്ടി… അങ്ങോട്ട്‌ പോകല്ലേ… ആ കിണറിനു നല്ല ആഴമുണ്ട്..”

അവൻ വിളിച്ചു കൂവിക്കൊണ്ട് അവളുടെ പിന്നാലെ ഓടി..അവൾ അതൊന്നും ചെവി കൊള്ളാതെ കിണറിനെ ലക്ഷ്യം വേച്ച് വേഗത്തിൽ നടന്നു.

അവൾ കിണറിന്റെ ചുറ്റുമതിലിൽ കയറി ചാടാൻ ഒരുങ്ങിയതും സിദ്ധു വന്ന് അവളെ പിടിച്ചു വലിച്ചു..നിലത്തേക്ക് വീണ അവൾ കണ്ണീരോടെ അവനെ തലയുയർത്തി നോക്കി..

“ശ്രീ ലക്ഷ്മി…”

അവളെ കണ്ടതും അവന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു..അവൻ ഞെട്ടലോടെ അവളെ നോക്കി.. കണ്ണുകൾ കലങ്ങി ചുവന്നിരിക്കുന്നു., മുടികൾ കാറ്റിൽ പാറി കളിക്കുന്നു, വിളറിയ മുഖം.

താൻ ആഗ്രഹത്തോടെ പ്രണയിച്ച പെണ്ണാണോ ഇതെന്ന് ഒരു നിമിഷം അവൻ ചിന്തിച്ചു പോയി.അവളെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണുമെന്നു അവൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.. തന്റെ മുന്നിൽ നിൽക്കുന്നത് ശ്രീ ലക്ഷ്മി തന്നെയാണോ എന്ന് ഉറപ്പ് വരുത്താൻ അവൻ ഒന്നുകൂടി അവളുടെ മുഖത്തെ നോക്കി..

“ഇത് അവൾ തന്നെ..”

പണ്ട്, വിരിഞ്ഞ പൂ പോലെ തിളങ്ങി നിന്നിരുന്ന ആ മുഖം ഇപ്പൊ വെയിലേറ്റ് വാടിയ പൂവിനെ പോലെ മങ്ങിയിരിക്കുന്നത് കണ്ടപ്പോൾ അവന്റെ ഹൃദയം വേദനിച്ചു.

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6

താദാത്മ്യം : ഭാഗം 7

താദാത്മ്യം : ഭാഗം 8

താദാത്മ്യം : ഭാഗം 9

താദാത്മ്യം : ഭാഗം 10

താദാത്മ്യം : ഭാഗം 11

താദാത്മ്യം : ഭാഗം 12

താദാത്മ്യം : ഭാഗം 13

താദാത്മ്യം : ഭാഗം 14

താദാത്മ്യം : ഭാഗം 15

താദാത്മ്യം : ഭാഗം 16

താദാത്മ്യം : ഭാഗം 17

താദാത്മ്യം : ഭാഗം 18

താദാത്മ്യം : ഭാഗം 19

താദാത്മ്യം : ഭാഗം 20

താദാത്മ്യം : ഭാഗം 21

താദാത്മ്യം : ഭാഗം 22