Wednesday, December 18, 2024
Novel

താദാത്മ്യം : ഭാഗം 10

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

MV


കുരുവികളുടെ കലപില ശബ്ദം ഒരു മധുരം സംഗീതം പോലെ അവളുടെ കാതുകളിൽ വീണതും ചെറു പുഞ്ചിരിയോടുകൂടി മിഥുന കണ്ണുകൾ തുറന്നു.

ഒരു നിമിഷം താനിത് എവിടെയാണ് എന്നോർത്ത് മിഴിച്ചുപ്പോയി, സുഖമായി ഉറങ്ങിയത് കൊണ്ട് പെട്ടെന്ന് താൻ എവിടെയാണെന്ന് അവൾ മറന്നു പോയിരുന്നു..

പിന്നീട് അമ്മായിയുടെ വീട്ടിലാണെന്നുള്ള കാര്യം ഓർമ്മ വന്നു. തൊട്ടടുത്ത് ഉറങ്ങിക്കൊണ്ടിരുന്ന മൃദുലയെ കാണുന്നില്ല.., അതിനാൽ താൻ എഴുന്നേൽക്കാൻ വൈകിയിരിക്കുന്നു എന്ന് അവൾ മനസ്സിലാക്കി.

പുറത്തേക്ക് ഇറങ്ങിയതും മീനാക്ഷിയമ്മയുടെ ശബ്ദം കേട്ട് അവൾ ആ ദിശയിലേക്ക് നടന്നു.

“അമ്മായി… അവരൊക്കെ എവിടെ..? അമ്പലത്തിലേക്ക് പോയോ..? ”

അവൾ ഉറക്കച്ചടവോടെ ചോദിച്ചു..

“എഴുന്നേറ്റോ… അവര് രാവിലെ തന്നെ പോയി… മോള് ഇന്നലെ വൈകിയല്ലേ കിടന്നത്.. അതാ ഞാൻ വിളിക്കണ്ട എന്ന് പറഞ്ഞേ.. ”

മീനാക്ഷി സൗമ്യതയോടെ പറഞ്ഞു.

“ഞാനും റെഡിയായി പോട്ടെ അമ്മായി.. ഇപ്പൊ ക്ഷീണമൊക്കെ മാറി.. ”

അവൾ പുഞ്ചിരിയോടെ പറഞ്ഞു..

മൂന്ന് നാൾ കഴിഞ്ഞാൽ സിദ്ധുവിന്റെ കല്യാണമാണ്, അത് കൊണ്ട് തന്നെ അതിനുള്ള ഒരുക്കങ്ങളും തയ്യാറെടുപ്പുകളും നടന്നുകൊണ്ടിരിക്കുകയാണ്.

അന്ന് കുടുംബ ക്ഷേത്രത്തിൽ വഴിപാടുകൾ ഉണ്ടായിരുന്നതിനാൽ സിദ്ധുവും മറ്റ് ബന്ധുക്കളും രാവിലെ തന്നെ ക്ഷേത്രത്തിലേക്ക് പോയി. മീനാക്ഷി വീട്ടിലെ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിച്ചുകൊണ്ട് വീട്ടിൽ തന്നെ ഇരുന്നു..

മിഥുന വേഗത്തിൽ തയ്യാറായി ക്ഷേത്രത്തിൽ എത്തിച്ചേർന്നതും, ആചാരാനുഷ്ടാനങ്ങൾ കഴിഞ്ഞ് എല്ലാവരും ദേവിയെ തൊഴുതുകൊണ്ട് നിൽക്കുവായിരുന്നു..അവളും പ്രാർത്ഥനയോടെ കൈകൾ കൂപ്പി നിന്നു. അന്ന് ആദ്യമായി മിഥുന സിദ്ധുവിന് വേണ്ടി പ്രാർത്ഥിച്ചു.

അവരുടെ കുടുംബത്തിലെ ഈ തലമുറയിലെ ആദ്യത്തെ കല്യാണമായതിനാൽ എല്ലാവരുടെയും മുഖത്തും അതിന്റെ സന്തോഷം പ്രതിഫലിച്ചു നിന്നു.എല്ലാവരും ദമ്പതികളാകാൻ പോകുന്ന സിദ്ധുവിന്റേയും ശ്രീലക്ഷ്മിയുടേയും സുഖസൗഖ്യങ്ങൾക്ക് വേണ്ടി മനമുരുകി പ്രാർത്ഥിച്ചു.

നെല്ല് കൊണ്ട് തുലാഭാരവും മറ്റ് ചില വഴിപാടുകളും ചെയ്ത് അവർ വീട്ടിലേക്കു മടങ്ങി..

അന്നത്തെ സംഭവത്തിന് ശേഷം ശ്രീലക്ഷ്മി അവനെ കാണണമെന്ന് അവനോട് പറഞ്ഞിട്ടില്ല.. അവനും അത് വല്ല്യ കാര്യമാക്കിയതുമില്ല.. ഇടയ്ക്ക് വല്ലപ്പോഴും ഫോണിൽ സംസാരിക്കും എന്നല്ലാതെ അവർ തമ്മിൽ കാര്യമായ അടുപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല..

അവരെത്തിയതും മീനാക്ഷി അവർക്ക് വേണ്ടി ഒരു സദ്യ തന്നെ തയ്യാറാക്കിയിരുന്നു.. ഓരോ കൂട്ടും ഒന്നിനൊന്നു മെച്ചം, എല്ലാവരും സന്തോഷത്തോടെ ആസ്വദിച്ചുകൊണ്ട് അതെല്ലാം രുചിച്ചു കഴിച്ചു..

കല്യാണത്തിന് മുൻപ് ചെയ്യാനുള്ള ചടങ്ങുകളെല്ലാം സന്തോഷത്തോടെ തന്നെ ചെയ്ത് തീർത്തു.. കല്യാണനാൾ അടുക്കും തോറും സിദ്ധുവിന്റെ മനസ്സിൽ പ്രണയം അലയടിച്ചു കൊണ്ടിരുന്നു.

അവൻ സന്തോഷത്തിന്റെ അതിരുകൾ കടന്നിരുന്നു.. താൻ ഇഷ്ടപ്പെടുന്ന പെണ്ണ് തന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ പോകുന്ന ആ സുന്ദര നിമിഷത്തെ ഓർത്ത് അവൻ ആനന്ദപരവശനായി.

ശ്രീലക്ഷ്മിയുടെ വീട്ടിലും കല്ല്യാണ ഒരുക്കങ്ങൾ സമൃദ്ധിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. അവളുടെ കുടുംബാംഗങ്ങളും സന്തോഷത്തോടെ അവൾക്ക് വേണ്ടി നടത്തുന്ന ചടങ്ങുകളിൽ നിറഞ്ഞ മനസ്സുമായി പങ്ക് കൊണ്ടൂ..

മൂന്ന് ദിവസം മൂന്ന് നിമിഷങ്ങപ്പോലെ കടന്നുപോയി. എല്ലാവരും കാത്തിരുന്ന സിദ്ധാർത്ഥൻ-ശ്രീലക്ഷ്മി വിവാഹനാൾ വന്നെത്തി.

പൂക്കളാൽ അലങ്കരിച്ച ആ
സ്വാഗത കമാനം വിവാഹത്തിന് എത്തിയ അഥിതികളുടെ മനം കവർന്നു. ബന്ധുമിത്രാതികളാൽ അവിടെ കൂടുതൽ സന്തോഷം നിറഞ്ഞു.

കുട്ടികളുടെയും നാദസ്വരത്തിന്റെയും ശബ്ദം കാതുകളിൽ ഇമ്പമയമേകി. സ്ത്രീകളും പുരുഷന്മാരും കേരള പൈതൃകത്തെ സ്മരിക്കുന്ന വേഷവിധാനത്തിൽ തിളങ്ങി നിന്നു.

ഒരേ പോലുള്ള ചുവന്ന പട്ടു സാരികൾ അണിഞ്ഞ് മിഥുനയും മൃദുലയും ദേവലോക റാണികളെ പോലെ മീനാക്ഷിയുടെ അടുത്ത് വന്നു നിന്നു..

“ആഹാ.. രണ്ടുംപേരും രാജകുമാരിമാരെ പോലുണ്ട്.., എന്റെ തന്നെ കണ്ണ് കിട്ടുമെന്ന് തോന്നുന്നല്ലോ..”

മീനാക്ഷി വാത്സല്യത്തോടെ അവരുടെ കവിളിൽ തലോടി..

കസവ് മുണ്ടും ഷർട്ടും അണിഞ്ഞ് ചെറു പുഞ്ചിരിയോടെ സിദ്ധു കതിർ മണ്ഡപത്തിലേക്ക് കയറി..

“അമ്മയുടെ അനുഗ്രഹം വാങ്ങിക്ക്..”

മഹേന്ദ്രൻ അവനെ മീനാക്ഷിയുടെ അടുത്തേക്ക് നീക്കി നിർത്തി..
ആ വേഷത്തിൽ അവനെ കാണണം എന്നുള്ള തന്റെ ആഗ്രഹം സഫലമായതോർത്ത്, മീനാക്ഷിയുടെ കണ്ണുകൾ ഈറനണിഞ്ഞു.. നിറകണ്ണുകളുടെ നിൽക്കുന്ന അമ്മയെ കണ്ടതും അവൻ അവരെ ചേർത്ത് പിടിച്ചു..

“എന്താമ്മേ ഇത്… സന്തോഷിക്കേണ്ട നേരമല്ലേ… എന്റെ മീനാക്ഷിക്കുട്ടി.. ഇനി എന്നെയോർത്ത് കരയാതിരിക്കാനല്ലേ ഈ കല്യാണം..”

അവൻ ആ കണ്ണുകൾ തുടച്ചു..

“അമ്മാവന്റെ അനുഗ്രഹം മേടിക്ക്… അച്ഛന്റെ സ്ഥാനത്ത് ഇന്ന് അമ്മാവനെ ഉള്ളൂ..”

അവൻ മഹേന്ദ്രന്റെയും മറ്റ് മിതിർന്നവരുടെയും അനുഗ്രഹം വാങ്ങി മണ്ഡപത്തിലെ തന്റെ ഇരിപ്പടത്തിൽ ഇരുന്നു..മൃദുല അവനെ കളിയാക്കികൊണ്ട് ഇരിക്കുന്ന തിരക്കിലാണ്..

“മിലു… ഈ കല്യാണം ഒന്ന് കഴിഞ്ഞോട്ടെ.. നിനക്ക് ഞാൻ വെച്ചിട്ടുണ്ട്…”

“ഒന്ന് പോ സിദ്ധുവേട്ടാ.. കല്യാണം കഴിഞ്ഞാൽ പിന്നെ ഏട്ടന് അതിനൊന്നും സമയം കാണില്ല..”

മൃദുല ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു..
അത് കേട്ട് അവനും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല..

“മീനാക്ഷി… പെണ്ണ് വീട്ടുക്കാരാരും ഇതുവരെ എത്തിയിട്ടില്ല… ഞങ്ങൾ പോയി നോക്കട്ടെ..

ബന്ധുക്കളിൽ ഒരാൾ മീനാക്ഷിയുടെ അടുത്ത് വന്ന് പറഞ്ഞു.അപ്പോഴാണ് മീനാക്ഷിയും ആ കാര്യത്തെ കുറിച്ച് ഓർത്തത്.

“ശരിയാണല്ലോ… മുഹൂർത്തം നേരം ആകാറായി.. എന്താ അവര് വൈകണേ .. പെണ്ണിന് കല്ല്യാണ പുടവ ഉടുപ്പിക്കാനൊക്കെ ഉള്ളതല്ലേ..”

മീനാക്ഷി അല്പം പരിഭ്രമത്തോടെ പറഞ്ഞു..

“നീ ഇങ്ങനെ ടെൻഷൻ ആകാതെ.. ഞാൻ പോയി തിരക്കട്ടെ..”

മഹേന്ദ്രൻ പറഞ്ഞുകൊണ്ട് പുറത്തേക്ക് നടന്നതും ശ്രീലക്ഷ്മിയുടെ അച്ഛൻ ശ്രീനിവാസൻ ഓഡിറ്റോറിയത്തിലേക്ക് കയറി…

“എന്താ താമസിച്ചേ.. ശ്രീലക്ഷ്മി എവിടെ..? ”

മീനാക്ഷി അയാളെ കണ്ടതും ചോദ്യങ്ങളെറിഞ്ഞു. അയാൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.. അത് കണ്ടതും മീനാക്ഷിയുടെ ഉള്ളിൽ ആധി കയറി..

“എന്ത് പറ്റി… എന്താ ഒന്നും മിണ്ടാത്തെ..”

മീനാക്ഷി ആധിയോടെ ചോദിച്ചു.. അയാൾ നിറകണ്ണുകളോടെ അവരെ തൊഴുതു നിന്നു..

“കാര്യം പറയെടോ.. ”

മഹേന്ദ്രൻ ദേഷ്യത്തോടെ ചോദിച്ചു..

“രാജകുമാരിയെ പോലൊരു ജീവിതം വേണ്ടെന്ന് വെച്ച്… രാത്രിക്ക് രാത്രി അവളെങ്ങോട്ടോ പോയി.. സിദ്ധുവിനെ ഇഷ്ടമല്ലെന്ന് പറഞ്ഞ് അവള് പോയി… നിങ്ങളെല്ലാവരും എന്നോട് ക്ഷമിക്കണം..”

ശ്രീനിവാസൻ തൊഴുകൈയ്യോടെ പറഞ്ഞു തീർന്നതും മീനാക്ഷി നെഞ്ചിൽ കൈവെച്ചുകൊണ്ട് നിലത്തേക്ക് ഇരുന്നു.. അത് കണ്ട് മഹേന്ദ്രനും സിദ്ധുവും അവരുടെ അടുത്തേക്ക് ഓടി വന്നു..

“മീനു… എന്ത് പറ്റി…മോളെ..”

മഹേന്ദ്രൻ അവരെ താങ്ങി പിടിച്ചുകൊണ്ടു പറഞ്ഞു..

“ഏട്ടാ.. എന്റെ മോന് ഈ ഗതി വന്നല്ലോ…”

എന്ന് പറഞ്ഞുകൊണ്ട് മീനാക്ഷി മിഴി നിറച്ചു.

“നീ വിഷമിക്കാതെ ഇരിക്ക്.. ഞാൻ അയാളോട് സംസാരിക്കട്ടെ..”

മഹേന്ദ്രൻ എഴുന്നേറ്റു..

“ഇനിയും എന്ത് സംസാരിക്കാനാണ്.. എല്ലാം അയാള് പറഞ്ഞില്ലേ..”

മീനാക്ഷി പൊട്ടിക്കരഞ്ഞു..

“അമ്മേ… ഇങ്ങനെ കരയല്ലേ..”

സിദ്ധു അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..

“ടോ.. നിങ്ങളെന്താ കളിക്കുവാണോ..? ”

മഹേന്ദ്രൻ കോപത്തോടെ ശ്രീനിവാസന്റെ നേരെ തിരിഞ്ഞു…

“അയ്യോ… അങ്ങനൊന്നും പറയല്ലേ… ഈ കത്ത് എഴുതി വെച്ച് അവള് പോയതാ… അവളീ കടുംകൈ ചെയ്യുമെന്ന് ഞാൻ ഓർത്തില്ല മഹേന്ദ്ര…
മോനെ സിദ്ധു.. ആ മഹാപാപിയുടെ അച്ഛനായ എന്നോട് ക്ഷമിക്ക് മോനെ… ”

അയാൾ സിദ്ധുവിന്റെ കാലിലേക്ക് വീണതും സിദ്ധു തടഞ്ഞു..ശേഷം അവനാ കത്ത് വായിച്ചു..

“എന്നോട് ക്ഷമിക്കണം… എന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് ചേരുന്ന ഒരു വരനെയാണ് ഞാൻ ആഗ്രഹിച്ചത്..ഈ ഗ്രാമത്തിലെ കേവലമൊരു കൃഷിക്കാരന് കഴുത്ത് നീട്ടിക്കൊടുത്ത് അടുക്കളയിലും പാടത്തെ വെയിലിലും കഷ്ടപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല.എനിക്ക് ഇഷ്ടമുള്ള ജീവിതം ഭാവിയിൽ ഞാൻ തിരഞ്ഞെടുത്തോളാം..”

വായിച്ചു തീർന്നതും സിദ്ധുവിന്റെ കണ്ണുകൾ നിറഞ്ഞു… അവന്റെ ഹൃദയതുടിപ്പിന്റെ ശബ്ദം അവന്റെ ചെവികളിലെത്തി..

“ഞാൻ കരണമല്ലെടാ നിനക്ക് ഈ ഗതി വന്നത്..”

മീനാക്ഷി പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവന്റെ മാറത്തേക്ക് വീണു..

“അമ്മേ.. കരയല്ലേ..”

അവൻ സ്വാന്തനത്തോടെ അവരെ മാറോട് ചേർത്തു..

“ഇതാണ് ഞാൻ ആദ്യം മുതലേ പറഞ്ഞത്.. കൃഷി കൃഷീന്ന് പറഞ്ഞ് നടക്കുന്ന ഇവനെ പറഞ്ഞു മനസ്സിലാക്കി വേറെ വല്ല നല്ല ജോലിക്ക് പോകാൻ പറയാൻ.. അപ്പൊ എന്റെ വാക്ക് ആരും കേട്ടില്ല.. ഇപ്പൊ കണ്ടില്ലേ.. നാട്ടുകാരെ മുഴുവൻ വിളിച്ച് വരുത്തി കുടുംബത്തെ മുഴുവൻ തല കുനിക്കേണ്ട അവസ്ഥയിൽ എത്തിച്ചു..”

അർജുൻ സമയം പാഴാക്കാതെ വാഴവെട്ടി തുടങ്ങി..

“അർജുൻ… മിണ്ടാതിരിക്ക്.. അവശ്യമില്ലാത്ത കാര്യം പറഞ്ഞ് വെറുതെ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട….”

മഹേന്ദ്രൻ ദേഷ്യത്തോടെ പറഞ്ഞു..

“മരുമകനെ പറഞ്ഞാൽ വക്കാലത്തുമായി വരുമെന്ന് എനിക്കറിയാം.. എല്ലാരുടെയും മുഖത്ത് കരി വാരി തേച്ച് ആ പെണ്ണ് പോയില്ലേ… ഒരു കൃഷിക്കാരനെ വേണ്ടാന്ന് പറഞ്ഞ്.. ഈ അപമാനം എങ്ങനെ തീർക്കാനാ..”

അർജുന്റെ വാക്കുകൾ കേട്ട് കലിപൂണ്ട മഹേന്ദ്രൻ അവനെ തല്ലാനായി കൈ പൊക്കി..

“ഏട്ടാ… തൊട്ട് പോകരുത് അവനെ.. അവൻ പറഞ്ഞതിൽ എന്താ തെറ്റ്… ഇവിടെ ഉള്ളവർ എല്ലാരും കുശുകുശുക്കുന്നത് അത് തന്നെയാ… അവനെ തല്ലിയാൽ അവന്റെ വാ അടക്കാം.. മറ്റുള്ളവരുടെ വാ എങ്ങനെ അടക്കും…”

അർജുനിന്റെ അമ്മ ആശ ഇടയിൽ കയറി..
മുഖത്തേക്ക് തണുത്ത വെള്ളം കുത്തിയൊഴിച്ചത് പോലെ മഹേന്ദ്രൻ ഒന്ന് ഞെട്ടി.. തന്റെ അനുജത്തി തന്നെയാണോ സംസാരിക്കുന്നതെന്ന സംശയത്തോടെ അയാൾ മിഴിച്ചു നിന്നു..

“വേണ്ടമ്മേ… അവന് അച്ഛനില്ല, അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും നടക്കില്ലായിരുന്നു.. നല്ല ജോലിക്ക് പോകാൻ അവനെ ശാസിച്ചേനെ..

ഇവൻ ചിറ്റയെ പറ്റിക്കാൻ വേണ്ടി കൃഷിയുടെ പേരും പറഞ്ഞ് ചുമ്മാ നടക്കുവല്ലേ..ദേ ഇങ്ങേരും അവൻ എങ്ങാനും വേറെ ജോലിക്ക് പോയി രാക്ഷപ്പെട്ടാലോ എന്നോർത്ത് അതിനെ എൻകറേജ് ചെയ്യുന്നു..

ഇപ്പൊ ആ പെണ്ണ് പോയതിൽ അവളെ കുറ്റം പറയാൻ പറ്റില്ല…
ഇപ്പോഴും ഒന്നും നടക്കാത്ത പോലെ അഭിനയിക്കുന്നത് കണ്ടില്ലേ… അമ്മാവനാണത്രെ അമ്മാവൻ.. അമ്മ വന്നേ.. ഇവിടെ നിന്ന് വെറുതെ നാണം കെടുന്നത് എന്തിനാ..”

അത് പറഞ്ഞ് അവൻ നടന്നതും അവന്റെ അമ്മ ആശയും അവന്റെ പിന്നാലെ നടന്നു..

“എന്റെ ദേവി… ഇതൊക്കെ കാണാനുള്ള ത്രാണി എനിക്കില്ല… എന്നെ അങ്ങ് വിളിച്ചൂടെ…”

മീനാക്ഷി നെഞ്ചിൽ കൈവെച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു..എല്ലാവരും വേദനയോടെ ആ രംഗം നോക്കി നിന്നു.. ശോഭ മെല്ലെ അവരെ സമാധാനിപ്പിക്കാൻ എന്നോണം മീനാക്ഷിയുടെ അടുത്ത് വന്നിരുന്നു..

അപ്പോഴാണ് മഹേന്ദ്രൻ ഞെട്ടലിൽ നിന്നുണർന്നത്.. അയാൾ ദേഷ്യത്തോടെ അർജുന്റെ നേരെ പാഞ്ഞടുത്തു..

“നീ എന്താടാ പറഞ്ഞത്..വേണ്ടാ വേണ്ടാ എന്ന് കരുതിയപ്പോ.. എന്നെ എതിർത്ത് സംസാരിക്കുന്നോ.. നിന്നെ..”

മഹേന്ദ്രൻ അർജുനിന്റെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചുകൊണ്ടു പറഞ്ഞു തീരും മുൻപേ.. ആശ ഇടയിൽ കയറി..

“കയ്യെടുക്കടോ… അവന്റെ ദേഹത്ത് തൊട്ടാൽ ഏട്ടനാണെന്നൊന്നും ഞാൻ നോക്കില്ല… അവൻ പറഞ്ഞതിൽ എന്താ തെറ്റ്.. നിങ്ങള് അത്ര നല്ലവനായിരുന്നെങ്കിൽ നിങ്ങളുടെ മോളെ കെട്ടിച്ചു കൊടുക്കണം… ഒന്നുമില്ലേലും അവന്റെ മുറപ്പെണ്ണായിട്ട് വരില്ലേ..

നിങ്ങളുടെ മകൾക്ക് നല്ല ജോലിയുള്ള ആളെ വേണം… നാട്ടുക്കാരുടെ മക്കള് ഈ പട്ടിക്കാട്ടിൽ വന്നു കഷ്ടപെട്ടട്ടെ..അല്ലെ..

അല്ലേലും സ്വന്തം കാര്യം വരുമ്പോ എല്ലാരും ഇങ്ങനെ തന്നെയാണ്.. സത്യം പറയുമ്പോ.. എന്റെ മോന്റെ ഷർട്ടിനു കുത്തിപിടിക്കുകയല്ല വേണ്ടത്..

ഒന്നുമില്ലെങ്കിൽ ഇവനെ പോലൊരു കൃഷിക്കാരന് ഇത്രയും പഠിച്ച പെൺകുട്ടിയെ നോക്കരുതായിരുന്നു…”

ആശ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അവിടെ നിന്നും നടന്നകന്നു..

തന്റെ അമ്മയുടെ വായിൽ നിന്നും ഇങ്ങനൊരു മറുപടി അർജുനും പ്രതീക്ഷിച്ചിരുന്നില്ല… അവൻ അവരെ അത്ഭുതത്തോടെ നോക്കി നിന്നു..

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6

താദാത്മ്യം : ഭാഗം 7

താദാത്മ്യം : ഭാഗം 8

താദാത്മ്യം : ഭാഗം 9