Wednesday, December 18, 2024
Novel

താദാത്മ്യം : ഭാഗം 7

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

MV


ജനൽ വിരികൾ തണുത്ത കാറ്റിൽ പാറിനടന്നു, അതവളുടെ മുഖത്തെ മെല്ലെ തോലോടി. മനോഹരമായ പുഞ്ചിരിയോടെ മിഥുന കണ്ണുകൾ തുറന്നു. ജനൽ പഴുതിലൂടെ അവളാ സൂര്യോദയത്തെ അഭിവാദ്യം ചെയ്തു. സൂര്യ കിരണങ്ങൾ ആകാശത്ത് വെട്ടം വിതറി തുടങ്ങി..മിഥുനയുടെ കണ്ണുകൾ അത് രസിച്ചുകൊണ്ട് ആകാശത്തിലേക്ക് നോക്കി നിന്നു.

“മിഥൂ… എഴുന്നേറ്റോ…? വേഗം എഴുന്നേറ്റ് കുളിക്ക്… ആ പുതിയ ചുരിദാർ ഇട്ട് വന്നമതി കേട്ടോ.. ”

മീനാക്ഷിയമ്മയുടെ സ്നേഹവാചകങ്ങൾക്ക് ശരിയെന്ന അർത്ഥത്തിൽ തല ചലിപ്പിച്ചുകൊണ്ട് അവൾ കുളിമുറിയിലേക്ക് നടന്നു.

ഭംഗിയുള്ള ആ ഇളം നീല ചുരിദാർ അണിഞ്ഞുകൊണ്ട് അവൾ അവളുടെ നീളൻ കൈകളാൽ തലമുടി വാരിയൊതുക്കുകയായിരുന്നു.

“ചേച്ചി… ”

പുഞ്ചിരിയോടെ മുറിയിലേക്ക് പ്രവേശിച്ച മൃദുല അവളെ അത്ഭുതത്തോടെ നോക്കി..

“ചേച്ചി… ചേച്ചിക്ക് ഈ ബ്ലൂ ചുരിദാർ നന്നായി ചേരുന്നുണ്ട്.. ”

മൃദുല അതും പറഞ്ഞുകൊണ്ട് അവളുടെ കവിളിൽ നുള്ളി.. മിഥുന പുഞ്ചിരിച്ചുകൊണ്ട് മുടി പിന്നിക്കൊണ്ടിരുന്നു… മൃദുല കയ്യിലുണ്ടായിരുന്ന മുല്ലമൊട്ട് മാല അവളുടെ മുടിയിൽ ചൂടിച്ചു..

“ശരി… ഇപ്പൊ ചേച്ചി കൂടുതൽ സുന്ദരിയായി… നമുക്ക് പോകാം.. പുറത്ത്‌ എല്ലാരും കാത്തിരിക്കുവാ.. ”

മൃദുല പറഞ്ഞതും “ശരി” എന്ന് മറുപടി പറഞ്ഞുകൊണ്ട് മിഥുന അവളോടൊപ്പം പുറത്തേക്ക് നടന്നു.

“രാമ… പൂജയ്ക്ക് ആവശ്യമായ സാധനങ്ങളൊക്കെ എടുത്ത് വെച്ചിട്ടുണ്ടല്ലോ അല്ലെ.. ”

മീനാക്ഷി കാര്യസ്ഥനോട് ചോദിച്ചു, അയാൾ അതിന് അതേയെന്ന അർത്ഥത്തിൽ തലയനക്കി.

എല്ലാവരും കൂടി തങ്ങളുടെ കുടുംബ ക്ഷേത്രത്തിലേക്ക് പോവുകയാണ്. വലിയവരെല്ലാം ഒരു വണ്ടിയിലും കുട്ടികൾ സിദ്ധുവിനോപ്പം മറ്റൊരു വണ്ടിയിലാണ് പുറപ്പെട്ടത്.. മനസ്സില്ല മനോസോടെയാണെങ്കിലും അർജുനും സിദ്ധുവിന്റെ വണ്ടിയിൽ കയറി.

മിഥുനയാകട്ടെ അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ മൃദുലയോടും മറ്റു കുട്ടികളോടുമായി നർമ്മസല്ലാപത്തിൽ ഏർപ്പെട്ടിരിക്കുകയാണ്… അതവനെ കൂടുതൽ കോപാകുലനാക്കി.. വിളിക്കപ്പെടാത്ത അഥിതിയെപ്പോലാണ് താൻ അവിടെന്ന് സ്വയം തോന്നി തുടങ്ങി.

“ഇതിലും ഭേദം.. അമ്മയുടെ കൂടെ ആ വണ്ടിയിൽ വന്നാൽ മതിയായിരുന്നു.. ”

അർജുൻ ദേഷ്യത്തോടെ മനസ്സിൽ പിറുപിറുത്തു.

പ്രധാന ക്ഷേത്രത്തിൽ നിന്നും അല്പം കിഴക്കോട്ട് മാറി ഒരു കുന്നിൻ പ്രദേശത്തതാണ് അവരുടെ കുടുംബ ക്ഷേത്രം.. പ്രധാന ക്ഷേത്രത്തിലെ പൂജയ്ക്ക് ശേഷം പുനപ്രതിഷ്ഠയ്ക്കുള്ള കുടുംബ ദേവതയുടെ വിഗ്രഹവും എഴുന്നെള്ളിച്ച് അവർ കുന്നിൻ മുകളിലേക്ക് കയറി.. വാദ്യമേളങ്ങളുടെ അകമ്പടിയോട് കൂടി എഴുന്നള്ളുന്ന ദേവിയുടെ മുഖം കൂടുതൽ പ്രസാദിച്ചു നിന്നു.. മനമുരുകി പ്രാത്ഥിച്ചുകൊണ്ട് മീനാക്ഷിയും അവരുടെ പിന്നാലെ മറ്റ് കുടുംബാംഗങ്ങളും നടന്നു..

പ്രതിഷ്ഠ കഴിഞ്ഞതും വെളിച്ചപ്പാട് ഉറഞ്ഞു തുള്ളിത്തുടങ്ങി…

“നന്നായി…. എനിക്ക് തൃപ്തി ആയിരിക്കുന്നു… ”

ദേവി ഭാവം പൂണ്ട വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി.. മീനാക്ഷിയും കുടുംബവും ഭക്തിയോടെ തൊഴുതു നിന്നു.. വെളിച്ചപ്പാട് ഉറഞ്ഞു തുള്ളിക്കൊണ്ട് മീനാക്ഷിയുടെ മുന്നിൽ വന്നു നിന്നു..

“ആഹ്… മനസിൽ ഒരു വിഷമം കാണുന്നുണ്ടല്ലോ…. പേടിക്കണ്ട എല്ലാം മംഗളമായി ഭവിക്കും.. നീ ഉദ്ദേശിക്കുന്ന കാര്യം മൂന്ന് മാസത്തിനുള്ളിൽ നടക്കും… ഭയപ്പെടാതെ അതിന് വേണ്ടുന്ന കാര്യങ്ങൾ ചെയ്തുകൊൾക..”

കയ്യിലെ കുങ്കുമം മുഖത്തേക്ക് വിതറിക്കൊണ്ട് വെളിച്ചപ്പാട് തുള്ളികൊണ്ട് പറഞ്ഞു… ശേഷം മിഥുനയുടെ നേർക്ക് തിരിഞ്ഞു..

“മുന്നോട്ട് കയറി നിൽക്ക്..”

വെളിച്ചപ്പാടിന്റെ ഉറച്ച ശബ്ദം കേട്ടതും മിഥുന ഒന്ന് ഭയന്നു..

“മുന്നോട്ട് കയറി നിൽക്ക് മോളെ…”

ശോഭ ഭക്തിയോടെ മകളെ മുന്നിലേക്ക് കയറ്റി നിർത്തി..

“നീ ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വരും… എങ്കിലും നീ മനസ്സിൽ കണ്ടതിനേക്കാൾ മനോഹരമായ ജീവിതം നിന്നെ കാത്തിരിക്കുന്നു..അത് മനസ്സിലാക്കാതെ തിരക്ക് പിടിച്ച് ഒരു തീരുമാനവും എടുക്കേണ്ട…. നന്നായി വരും..”

അവളുടെ മുഖത്തും കുങ്കുമം വിതറിക്കൊണ്ട് വെളിച്ചപ്പാട് നടയിലേക്ക് തിരിഞ്ഞു.

സത്യത്തിൽ അവിടെ എന്താണ് നടന്നതെന്ന് മിഥുനയ്ക്ക് ഒന്നും മനസ്സിലായില്ല…

ആ കുന്നിൻ മുകളിൽ അവർ ഒരുപാട് നേരം സമയം ചിലവഴിച്ചു..

“ചേച്ചി..നമുക്ക് എന്തെങ്കിലും കളിച്ചാലോ..”

മൃദുല ആകാംഷയോടെ മിഥുനയോട് ചോദിച്ചു…

“ശരി..”

അവൾ സമ്മതിച്ചു..

“എങ്കിൽ ഞാൻ എല്ലാരേം പോയി വിളിച്ചിട്ട് വരാം…”

മൃദുല സന്തോഷത്തോടെ മറ്റുള്ളവരെ വിളിക്കാൻ ഓടി..

“സിദ്ധുവേട്ടാ…”

ക്ഷേത്രത്തിലെ പൂജാരിയുമായി സംസാരിക്കുകയായിരുന്ന സിദ്ധു തിരിഞ്ഞു നോക്കി..

“എങ്കിൽ ശരി തിരുമേനി. അങ്ങനെയാവട്ടെ..”

പൂജാരിയോടുള്ള സംസാരം അവസാനിപ്പിച്ചുകൊണ്ട് അവൻ മൃദുലയുടെ അടുത്തേക്ക് വന്നു..

“എന്താ.. മിലുക്കുട്ടി..”

“വാ സിദ്ധുവേട്ടാ.. നമുക്ക് കളിക്കാം..”

ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ കെഞ്ചി വിളിച്ചപ്പോൾ മറ്റൊന്നും ചിന്തിക്കാതെ അവൻ അവളോടൊപ്പം നടന്നു.അവനെ കണ്ടതും മിഥുനയുടെ മുഖം ചുളിഞ്ഞു.. മൃദുല അപേക്ഷയെന്നോണം അവളിലേക്ക് കണ്ണെറിഞ്ഞു.. മിഥുന മറിച്ചൊന്നും പറയാതെ ഉത്സാഹമില്ലായ്മയോടെ അവരുടെ ഇടയിൽ നിന്നു.

“ശരി..എന്ത് കളിയാ കളിക്കാൻ പോണേ..”

“കണ്ണുകെട്ടി കളിക്കാം..”

മിഥുനയുടെ ചോദ്യത്തിന് അഞ്ചുവണ് മറുപടി പറഞ്ഞത്.. അതിന് എല്ലാരും സമ്മതം മൂളുകയും ചെയ്തു. അങ്ങനെ അവർ കളി തുടങ്ങി..

മൃദുലയാണ് ആദ്യം കണ്ണുക്കെട്ടി ഇറങ്ങിയത്.. അവളെ കളിയാക്കികൊണ്ട് മറ്റുള്ളവർ അവളുടെ പിടിവീഴാതെ ഒഴിഞ്ഞുമാറി രക്ഷപ്പെട്ടുകൊണ്ടിരുന്നു.. ഒരുപാട് നേരത്തെ പരിശ്രമത്തിനിടയിൽ മൃദുല മിഥുനയെ പിടിച്ചു.

ശേഷം മിഥുനയുടെ കണ്ണുക്കെട്ടി, കളി തുടങ്ങി..മിഥുനയും കളിയുടെ ആവേശത്തോടെ മറ്റുള്ളവരെ പിടിക്കാൻ മുന്നോട്ട് നടന്നു.. കുന്നിൻ മുകളിലെ ആ പരന്ന പ്രദേശത്ത് നിന്നും അവൾ അവൾ മുന്നോട്ട് നടന്നു… ഇനിയും മുന്നോട്ട് പോയാൽ താഴോട്ടേക്ക് ചരിഞ്ഞു കിടക്കുന്ന കുന്നിൻ ചെരിവാണ്.. അതൊന്നും അറിയാതെ അവൾ മുന്നോട്ട് നടന്നതും ഒരു കല്ലിൽ തട്ടി വീഴാൻ പോയതും… സിദ്ധുവിന്റെ കൈകൾ അവളെ രക്ഷപെടുത്തി. താഴേക്കാണ് വീഴാൻ പോകുന്നത് എന്നറിയാതെ അവൾ സിദ്ധുവിനെ മുറുകെ പിടിച്ചു..

“ഹേ.. പിടിച്ചേ..”

അവൾ ചിരിച്ചുകൊണ്ട് കണ്ണിന്റെ കെട്ടഴിച്ച് സിദ്ധുവിനെ കണ്ടതും അവളുടെ മുഖം മാറി, അവൾ അവനിൽ നിന്നും പിടി വിടുവിച്ച് അകന്ന് മാറി…

“ഹേ…. സിദ്ധുവേട്ടൻ ഔട്ടായെ.. ”

കുട്ടികൾ ഒരേ സ്വരത്തിൽ പറഞ്ഞുകൊണ്ട് തുള്ളിച്ചാടി.സിദ്ധു പുഞ്ചിരിച്ചുകൊണ്ട് കണ്ണ്ക്കെട്ടി, കളി തുടർന്നു.ആദ്യം ദേഷ്യം വന്നെങ്കിലും മിഥുനയും അത് കാര്യമാക്കാതെ കളിയിൽ ശ്രദ്ധ ചെലുത്തി.

എന്നാൽ ഇതൊക്കെ കണ്ട് നിന്ന അർജുനിന്റെ കണ്ണുകൾ കോപം കൊണ്ട് ചുവന്നു..

“ഞാൻ ഒരുത്തൻ ഇവിടെ ഉണ്ടെന്ന് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കിയേ.. എല്ലാരും സന്തോഷത്തോടെ കളിക്കുവാ.. ഈ മിഥുവിന് ഇതെന്ത് പറ്റി…
അവരോടൊപ്പം ചേർന്ന് കളിക്കുന്നത് കണ്ടില്ലേ..,”

അവൻ ദേഷ്യത്തോടെ അവിടെ നിന്നും നടന്നകന്നു..

ഉച്ചയാകാറാപ്പോഴേക്കും അവർ വീട്ടിലേക്ക് മടങ്ങി..

“എന്താ മീനാക്ഷി.. നീ വളരെ സന്തോഷത്തിലാണല്ലോ..”

മീനാക്ഷിയുടെ മുഖത്തെ സന്തോഷം കണ്ട മഹേന്ദ്രൻ പുഞ്ചിരിയോടെ ചോദിച്ചു.

“അത് ഏട്ടനും കേട്ടതല്ലേ.. വെളിച്ചപ്പാട് പറഞ്ഞത്..എന്റെ വിഷമങ്ങളെല്ലാം മാറുമെന്ന്. ..”

കണ്ണിൽ നിന്നും തുളുമ്പിയ ആനന്ദക്കണ്ണീർ തുടച്ചുകൊണ്ട് മീനാക്ഷി പറഞ്ഞു..

“അതിരിക്കട്ടെ… എന്താ ഇത്ര വലിയ വിഷമം നിനക്ക്..”

“എനിക്ക് വേറെന്ത് വിഷമമാണ് ഉള്ളത് ഏട്ടാ.. എന്റെ ഒരേയൊരു ആഗ്രഹം സിദ്ധുവിന്, അവന് ചേർന്ന ഒരു പെണ്ണിനെ കൊണ്ട് കല്യാണം കഴിപ്പിക്കണം എന്നാണ്..”

“നിന്റെ മകന് എന്താടി ഒരു കുറവ്.. അവനെ പോലെ ഒരു മരുമകനെ കിട്ടാൻ ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കുന്നുണ്ടാവും..
അതൊക്കെ പോട്ടെ ഏത് പെണ്ണാ അവനെ വേണ്ടാന്ന് പറയുവാ…”

മാഹേന്ദ്രൻ അഭിമാനത്തോടെ പറയുന്നത് കേട്ട് മീനാക്ഷിയുടെ മനസ്സ് നിറഞ്ഞു..

“ശാരിയാണ് ഏട്ടാ…ചെറുപ്പം മുതലേ സന്തോഷം എന്തെന്ന് അവൻ അറിഞ്ഞിട്ടില്ല… ചെറുപ്രായത്തിൽ തന്നെ പാടത്ത് ഇറങ്ങിയാതണവൻ.
അവൻ പഠിച്ചതും അതെ പാടത്ത് ജോലി ചെയ്താണ്.. ഇപ്പോഴും അവനാ പാടവും വരമ്പുമായി നടക്കുവാണ്.. നേരത്ത് ഭക്ഷണം പോലും കഴിക്കാറില്ല.അവന് വേണ്ടി ഒരുത്തി വന്ന് കഴിഞ്ഞാൽ പിന്നെ എന്റെ കാലത്തിനു ശേഷം അവനെ അവള് നോക്കിക്കോളും..”

നിറഞ്ഞ മനസ്സോടെ മീനാക്ഷി പറഞ്ഞു..

“നിന്റെയും അവന്റെയും നല്ല മനസ്സിന് നന്മയെ വരൂ.. നീ ആഗ്രഹിക്കുന്ന പോലൊരു മരുമകളെ നിനക്ക് കിട്ടും..”

മഹേന്ദ്രൻ മീനാക്ഷിയുടെ കൈകൾ തന്റെ കൈക്കുള്ളിൽ ഒതുക്കിക്കൊണ്ട് പറഞ്ഞു.

“ഏട്ടനും അനിയത്തിയും സംസാരിച്ചു തുടങ്ങിയാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ലല്ലോ..”

ശോഭ പുഞ്ചിരിയോടെ അവരുടെ അടുത്തേക്ക് വന്നു..

“നമ്മുടെ സിദ്ധുവിന്റെ കല്യാണത്തെ കുറിച്ച് പറയുവായിരുന്നു.., ”

മഹേന്ദ്രൻ മറുപടി പറഞ്ഞു..

“ആഹാ… നല്ല കാര്യമാണല്ലോ…എന്നാൽ വേഗം അതിനുള്ള ഏർപ്പാട് ചെയ്യ്.. ഇവിടെ നാട്ടീന്നു പോകാനേ എനിക്ക് തോന്നുന്നില്ല..”

ശോഭ പുഞ്ചിരി കൈവിടാതെ പറഞ്ഞു..

“അതിനെന്താ ഏടത്തി… ഇവിടെ നിൽക്കുന്നതിന് എനിക്ക് സന്തോഷമേ ഉള്ളൂ… ”

മീനാക്ഷിയും സന്തോഷത്തോടെ പറഞ്ഞു..

“ശരി ശരി.. അതൊക്കെ അവിടെ നിൽക്കട്ടെ.. ഇപ്പൊ രണ്ട് പേരും ഭക്ഷണം കഴിക്കാൻ വാ..”

ശോഭ അവരെയും കൂട്ടി അകത്തേക്ക് നടന്നു.

“അമ്മേ… രസം സൂപ്പറായിട്ടുണ്ട്..”

മൃദുല രസം ആസ്വദിച്ചു കുടിച്ചുകൊണ്ട് പറഞ്ഞു..

“കണ്ടില്ലേ… വീട്ടിൽ രസം വെച്ചാൽ ഒരു വറ്റ് ചോറ് പോലും തിന്നാത്ത പെണ്ണാ… ഇപ്പൊ നോക്കിയേ ഗമഗമാന്ന് വെട്ടി വിഴുങ്ങുന്നത്..”

ശോഭയുടെ മുഖത്ത് ആശ്ചര്യം നിറഞ്ഞു..

“അത് പിന്നെ വീട്ടില് നീയല്ലേ ഉണ്ടാക്കുന്നത്… ഇവിടെ എന്റെ അനിയത്തിയല്ലേ.. അതാ..”

ഹാസ്യപൂർണ്ണമായ മഹേന്ദ്രന്റെ വാക്കുകൾ കേട്ട് ശോഭ അയാളെ നോക്കി കണ്ണുരുട്ടി.. അത് കണ്ട മൃദുലയ്ക്ക് ചിരിയാടാക്കാതിരിക്കാൻ കഴിഞ്ഞില്ല..

“എന്താടി.. കിടന്നു ചിരിക്കൂന്നേ… നീയും നിന്റെ അച്ഛന് സപ്പോർട്ടാണോ..”

ശോഭ അവളെ കടുപ്പത്തിൽ നോക്കി..

“ഇല്ലമ്മേ.. ഞാൻ വെറുതെ ചിരിച്ചു നോക്കിയതാ..”

മൃദുല ചിരിയാടാക്കാതെ തന്നെ പറഞ്ഞു.. അത് കേട്ടതും എല്ലാരും പൊട്ടിച്ചിരിച്ചു… ശോഭയ്ക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല..

സന്തോഷവും, തമാശകളും ആ കുടുംബത്തെ ഭൂമിയിലെ സ്വർഗ്ഗമാക്കി മാറ്റി..
എല്ലാവരുടെയും മനസിൽ സന്തോഷം നുരഞ്ഞു പൊങ്ങി.

കാർമേഘങ്ങൾ മൂടപ്പെട്ടപ്പോഴും തണുത്ത ഇളം കാറ്റിൽ അതിനെ തലോടി മാറ്റി തന്റെ പ്രകാശകിരണങ്ങളാൽ വെളിച്ചം പകരുന്ന പൂർണ്ണചന്ദ്രൻ, അതിന്റെ മുഴുവൻ ഭംഗിയും കാണിച്ചുകൊണ്ട് ശോഭിച്ചു നിന്നു..മിഥുന അത് അത്ഭുതത്തോടെ നോക്കി നിൽക്കുകയായിരുന്നു.

“ഈ യക്ഷികളാണ് രാത്രി മാനത്തോട്ടും നോക്കി നിൽക്കുന്നത്..”

പിന്നിൽ നിന്നും ശബ്ദം കേട്ട് മിഥുന തിരിഞ്ഞു നോക്കി.. സിദ്ധുവിനെ കണ്ടതും അവൾ കോപത്തോടെ അവനെ നോക്കി..

“ഇത് കൊള്ളാം… ആദ്യം എന്റെ മുറി കയ്യേറി.. ദാ ഇപ്പൊ ടെറസും കൈയേറുമെന്ന് തോന്നുന്നല്ലോ..”

കൂടെ വന്ന കൂട്ടുകാരനോട് സിദ്ധു പറഞ്ഞു..

“ഒന്ന് മിണ്ടാതിരിയെടാ… ആ കൊച്ച് നോക്കണത് കണ്ടിട്ട് എനിക്ക് തന്നെ പേടിയാവുന്നു..”

അവന്റെ കൂട്ടുക്കാരൻ വിജയ് പറഞ്ഞു..

“യക്ഷികൾ പിന്നെ അങ്ങനെയല്ലേ നോക്കൂ…”

സിദ്ധു ഉടൻ അവന് മറുപടി കൊടുത്തു..
രണ്ട് പേരെയും ദഹിക്കുന്ന പോലെ നോക്കിക്കൊണ്ട് അവൾ ദേഷ്യത്തോടെ അവിടെ നിന്നും നടന്നകന്നു..

“ശ്ശേ… എന്തിനാടാ വെറുതെ..”

വിജയ് അനുകമ്പയോടെ പറഞ്ഞു..

“ഒന്ന് പോടാ.. നിനക്കറിയില്ല ആ സാധനത്തിനെ.. രണ്ട് ദിവസം കഴിയുമ്പോ അവളങ്ങ് പോകും… നമ്മളെ ഒന്നും അങ്ങനെ പെട്ടെന്ന് മറക്കാൻ പാടില്ലല്ലോ… അതിനാണ് ഈ ഡോസ്..”

സിദ്ധു ചിരിച്ചുകൊണ്ട് പറഞ്ഞു..

“ആ.. എന്ത് തേങ്ങയെങ്കിലും ആവട്ടെ..”

എന്ന് പറഞ്ഞുകൊണ്ട് അവർ മറ്റു വിഷയങ്ങളിലേക്ക് കടന്നു..

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6