രാജീവം : ഭാഗം 7

Spread the love

എഴുത്തുകാരി: കീർത്തി

പാചകകലയിലുള്ള എന്റെ നൈപുണ്യം കാരണം പിറ്റേന്ന് തന്നെ രാജീവേട്ടൻ പാചകത്തിന് ഒരാളെ വെച്ചു. മുത്തു. ഒരു പാവം തമിഴൻ ചെക്കൻ. രാജീവേട്ടന്റെ അനിയൻ രാഹുൽന്റെ പ്രായമേയുള്ളു അവന്. മുൻപ് എപ്പോഴോ കുറച്ചു കാലം അവൻ രാജീവേട്ടന്റെ കൂടെ നിന്നിട്ടുണ്ടത്രെ. നാട്ടിൽ അവന്റെ അമ്മയ്ക്ക് വയ്യാതായപ്പോൾ നിർത്തി പോയതാണ്. ഇപ്പോൾ അമ്മ മരിച്ചു പോയി. അതിന് ശേഷം അവൻ ചേച്ചിയുടെ കൂടെയായിരുന്നത്രെ. അതിനിടയിൽ രാജീവേട്ടൻ വിളിച്ചപ്പോൾ അടുത്ത വണ്ടിക്ക് ഇങ്ങ് പോന്നു.

രാജീവേട്ടൻ ഓഫീസിൽ പോയാൽ അവന്റെ നാട്ടിലെ വിശേഷങ്ങൾ കേൾക്കലാണ് എന്റെ ജോലി. അതിന്റെ കൂടെ അവൻ എനിക്ക് തമിഴും കന്നഡയും പഠിപ്പിച്ചു തരാൻ നോക്കി. ഞാൻ തിരിച്ചു അവന് മലയാളവും. പഠിപ്പിച്ചു പഠിപ്പിച്ച് അവസാനം അവനിപ്പോൾ തമിഴുമില്ല കന്നഡയുമില്ലെന്ന അവസ്ഥയായി. ഞാനൊട്ട് പഠിച്ചതുമില്ല അവന്റെ കൈയിലുള്ളത് പോവുകയും ചെയ്തു. പക്ഷെ വേറൊരു ഗുണമുണ്ടായി. ഞാൻ പറഞ്ഞു കൊടുത്ത മലയാളം അവനിപ്പോ നന്നായി സംസാരിക്കും. ഞാൻ എല്ലാ ഭാഷയും കൂട്ടിക്കലർത്തിയും. ഞാനും രാജീവേട്ടനും തമ്മിലുള്ള യുദ്ധവും മുറയ്ക്ക് നടക്കുന്നുണ്ട്.

ആദ്യമൊക്കെ മുത്തു അത് കണ്ടു വായും പൊളിച്ചു പേടിച്ചു നിന്നിട്ടുണ്ടെങ്കിലും സ്നേഹം കൂടിയിട്ടാണെന്ന് പറഞ്ഞ് അവനെ മയക്കി. പലവട്ടം രാജീവേട്ടന് മുന്നിൽ മനസൊന്നു കൈവിട്ടു പോയിരുന്നുങ്കിലും പെട്ടന്ന് തന്നെ സംയമനം പാലിക്കുകയായിരുന്നു. ഇതിനിടയിൽ അങ്ങേര് എനിക്ക് ഒരു കമ്പനിയിൽ ജോലി ശെരിയാക്കി തന്നു. രണ്ടുപേരുടെയും ഓഫീസ് രണ്ടു വഴിക്കായത് കൊണ്ട് രാജീവേട്ടൻ എനിക്കൊരു സ്കൂട്ടിയും വാങ്ങിച്ചു തന്നു. ഞങ്ങൾ രണ്ടുപേരും ജോലി പോയാൽ തിരിച്ചു വരുന്നത് വരെ പാവം മുത്തു ഫ്ലാറ്റിൽ തനിച്ചാണ്. നാലാം ക്ലാസ്സിൽ പഠിപ്പ് നിർത്തിയ അവനെ സമയം കിട്ടുമ്പോഴൊക്കെ ഞാൻ ഓരോന്ന് പഠിപ്പിച്ചു കൊടുക്കും.

ചെറിയ ചെറിയ ഓരോ വർക്ക്‌കൾ കൊടുത്തിട്ടാണ് ഓഫീസിലേക്ക് പോകാറ്. അതാവുമ്പോൾ തനിച്ചായി എന്ന വിഷമം അതിലൂടെ തീരും. കൂടെ വർക്ക്‌ ചെയ്യുന്ന ടീനയുടെ ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങിക്കാൻ അവളോടൊപ്പം കൂട്ടിന് വന്നതായിരുന്നു. അവൾക്ക് ഓരോന്ന് സെലക്ട്‌ ചെയ്തു കൊടുക്കുമ്പോഴാണ് ഞാൻ ഓർത്തത് അടുത്ത ആഴ്ച രാജീവേട്ടന്റെയും പിറന്നാളാണ് എന്ന്. രാജീവേട്ടന്റെ സ്നേഹം കണ്ടില്ലെന്ന് നടിച്ച് ഇനിയും മുന്നോട്ട് പോകാൻ കഴിയാതെയായിരിക്കുന്നു. രാജീവേട്ടൻ കാണിക്കുന്ന സ്നേഹവും പരിചരണവും ഇരട്ടിയായി തിരിച്ചു കൊടുക്കാൻ ഓരോ നിമിഷവും മനസ് കൊതിച്ചുകൊണ്ടിരുന്നു.

അതുകൊണ്ട് എല്ലാ ദേഷ്യവും മറന്ന് ജീവിച്ചു തുടങ്ങാൻ തീരുമാനിച്ചു. അങ്ങനെ ഞാനും വാങ്ങിച്ചു എന്റെ രാജീവേട്ടന് വേണ്ടിയൊരു പിറന്നാൾ സമ്മാനം. അതിൽ അവിടെ വെച്ച്തന്നെ എഴുതി ചേർത്തു “രാജീവേട്ടന്റെ മാത്രം മീനാക്ഷി ” എന്ന്. “നന്ദു ഇതെങ്ങനെയുണ്ട്? ” ഞങ്ങൾ അതെല്ലാം വാങ്ങിച്ച് അവിടുന്ന് ഇറങ്ങാൻ നിൽക്കുമ്പോഴാണ് ഏറെ പ്രിയപ്പെട്ട ആ ശബ്ദം ഞാൻ കേട്ടത്. കൈയിലൊരു ഗിഫ്റ്റ് എടുത്തു പിടിച്ചുകൊണ്ടാണ് രാജീവേട്ടൻ ചോദിച്ചത്. ഞാൻ രാജീവേട്ടന്റെ അടുത്തേക്ക് പോകാനൊരുങ്ങി. പെട്ടന്നാണ് രാജീവേട്ടന്റെ കൂടെ ചിരിച്ചു സംസാരിച്ചു നിൽക്കുന്ന ആളെ ഞാൻ ശ്രദ്ധിച്ചത്.

ഒരുനിമിഷം ഞാനവിടെ തറഞ്ഞു നിന്നു. ആ പേര് ഞാൻ പതിയെ ഉച്ചരിച്ചു. “നന്ദന !!!” രാജീവേട്ടന്റെ ചോദ്യം അവളോടായിരുന്നു. അവർ ആ ഗിഫ്റ്റ് കൈയിലെടുത്ത് എന്തൊക്കെയോ അഭിപ്രായങ്ങൾ പറഞ്ഞു തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന എന്നെ കണ്ടു. ഉടനെ സ്വിച്ച് ഇട്ടത് പോലെ അവരുടെ ചിരിയെല്ലാം മാഞ്ഞു. അധികനേരം അവിടെ നിൽക്കാനുള്ള ശേഷിയില്ലായിരുന്നു എനിക്ക്. “അത് തന്റെ ഹസ്ബൻഡല്ലേ? കൂടെയുള്ളത് ആരാണ്? ” കൂടെയുണ്ടായിരുന്ന ടീന ചോദിച്ചു. ആ ചോദ്യത്തിനൊന്നും മറുപടി പറയാതെ ഒരു ബൈ മാത്രം പറഞ്ഞ് ഞാൻ ഫ്ലാറ്റിലേക്ക് പോന്നു.

രാജീവേട്ടന്റെയും നന്ദനയുടെയും വിളികൾക്കും ചെവി കൊടുത്തില്ല. ഫ്ലാറ്റിലെത്തിയ ഉടനെ മുത്തുവിനോട് പോലും ഒന്നും പറയാതെ നേരെ റൂമിൽ കയറി കതകടച്ചു. വീണ്ടും വീണ്ടും എല്ലാം കണ്മുന്നിൽ ഒരിക്കൽ കൂടി തെളിഞ്ഞു വന്നു. എന്തിനാ രാജീവേട്ടാ എന്നോടിങ്ങനെ? ഞാനായിട്ട് ഒഴിഞ്ഞു മാറിയതല്ലേ? പിന്നെയും പിന്നെയും എനിക്കോരോ ആഗ്രഹങ്ങൾ തന്നിട്ട്….. പഴയതൊക്കെ മറന്ന് സ്നേഹിക്കാൻ തുടങ്ങുകയായിരുന്നു. അപ്പൊ ദാ വീണ്ടും. കൈയിലെ ഗിഫ്റ്റ് പാക്കറ്റ്‌ കാണുംതോറും ഉള്ളിലെ ദേഷ്യവും സങ്കടവും കൂടി കൂടി വന്നു. വർധിച്ച ദേഷ്യത്തിൽ ഞാനത് തറയിലെറിഞ്ഞു പൊട്ടിച്ചു. മുത്തു കുറേ നേരം വാതിലിൽ തട്ടി വിളിച്ചു. പക്ഷെ തുറന്നില്ല.

ഒന്നും മിണ്ടിയതുമില്ല. കുറച്ചു കഴിഞ്ഞപ്പോൾ രാജീവേട്ടൻ എത്തിയെന്ന് തോന്നുന്നു. വാതിലിൽ തട്ടലും വിളിയും രാജീവേട്ടന്റെ വകയായി. ഇടറുന്ന ശബ്ദത്തോടുള്ള ആ വിളി കേട്ടിട്ടും ആ മുഖമൊന്ന് കാണാനോ രാജീവേട്ടന് പറയാനുള്ളത് കേൾക്കാനോ മനസ്സനുവദിച്ചില്ല. കണ്ട എല്ലാ കാഴ്ചകളും കണ്മുന്നിൽ അത്രയും വ്യക്തതയോടെ തെളിഞ്ഞു കൊണ്ടിരുന്നു. ഒരു നോക്ക് കാണാൻ കൊതിച്ചു നടന്നിരുന്ന ആ മുഖം ഒന്ന് ഓർക്കുന്നത് പോലും വെറുപ്പായി. രാജീവേട്ടനെ വീണ്ടും വിശ്വസിച്ചു തുടങ്ങിയ നിമിഷത്തെയോർത്ത് പുച്ഛം തോന്നി. വിളിച്ചു തളർന്നെന്ന് തോന്നുന്നു രാജീവേട്ടന്റെ ശബ്ദം കേൾക്കാതെയായി.

കരഞ്ഞു കരഞ്ഞു ഞാനും എപ്പോഴോ ഉറങ്ങിപ്പോയി. ഉറച്ച തീരുമാനങ്ങളുമായാണ് രാവിലെ ഉണർന്നത്. ഓഫീസിൽ പോകാൻ റെഡിയായി വാതിൽ തുറന്നപ്പോൾ കാണുന്നത് വാതിലിന്റെ ഇടതുവശത്ത് ചുമരിനോട് ചാരിയിരുന്ന് തളർന്നുറങ്ങുന്ന രാജീവേട്ടനെയാണ്. എത്ര വെറുക്കുന്നുവെന്ന് പറഞ്ഞാലും ഉള്ളിന്റെയുള്ളിൽ എപ്പോഴും രാജീവേട്ടൻ മാത്രമാണെന്നതാണ് സത്യം. അതുകൊണ്ട് തന്നെയാവും ആ ഇരിപ്പ് കണ്ടപ്പോൾ നെഞ്ച് ഒന്ന് പിടഞ്ഞു. കുറച്ചു അപ്പുറം മാറി സോഫയുടെ കൈവരിയിൽ ചാരി മുത്തുവും ഇരിക്കുന്നുണ്ടായിരുന്നു.

വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ടാണെന്ന് തോന്നുന്നു രാജീവേട്ടൻ ചാടിയെണീറ്റു. “മീനു ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. നന്ദുനെ ഞാൻ അപ്രതീക്ഷിതമായിട്ടാണ് അവിടെ വെച്ച് കണ്ടത്. ” “എന്ത് കേൾക്കാനാണ് രാജീവേട്ടാ? ആദ്യായിട്ടല്ലല്ലോ ഇങ്ങനെയൊക്കെ കാണുന്നത്. ” “മീനു നീ ഞങ്ങളെ തെറ്റിദ്ധരിച്ചിരിക്കാണ്. ” “അതെ എന്റെ ധാരണകളൊക്കെ തെറ്റാണ്. അതുകൊണ്ട് ഇനിയും ഇങ്ങനെ തെറ്റിദ്ധരിച്ച് ജീവിക്കാൻ എനിക്ക് വയ്യ. ” “മീനു…. നീ എന്താ ഉദ്ദേശിക്കുന്നത്? ” “തെളിച്ചു പറയാം. ഡിവോഴ്സ്. ഇനി ഈ ബന്ധം തുടരുന്നതിൽ അർത്ഥമില്ല. അതുകൊണ്ട് നമുക്ക് പിരിയാം.”

“ചേച്ചി… കഴിക്കാൻ….. ” ഇനിയൊന്നും കേൾക്കാനോ പറയാനോ നിൽക്കാതെ വാതിലിന് അടുത്തേക്ക് നടക്കുമ്പോൾ മുത്തു പിറകിൽ നിന്നും വിളിച്ചു പറഞ്ഞു. “വേണ്ട. വയറു നിറഞ്ഞു ഇന്നലെ. അത് ദഹിക്കാൻ കുറച്ചു സമയം പിടിക്കും. ” രാജീവേട്ടനെ നോക്കികൊണ്ടാണ് മുത്തുവിനുള്ള മറുപടി കൊടുത്തത്. ഓഫീസിൽ ഇരുന്നിട്ട് ഒന്നിനും ഒരു ശ്രദ്ധ കിട്ടുന്നില്ലായിരുന്നു. അതുകൊണ്ട് ഉച്ചക്ക് ലീവ് പറഞ്ഞ് ഇറങ്ങി. കടിഞ്ഞാണില്ലാതെ പറക്കുന്ന പട്ടം പോലെയായിരുന്നു മനസിലെ ചിന്തകളും.

അതിന്റെ ഫലമായി പലതവണ വണ്ടിയൊന്ന് പാളി. ഇന്നലെ രാത്രി മുതൽ ഭക്ഷണം കഴിക്കാത്തതിലെ ക്ഷീണവും ഉച്ചനേരത്തെ സൂര്യതാപവും ശരീരത്തെ തളർത്തിക്കൊണ്ടിരുന്നു. കണ്ണിൽ ഉരുണ്ടുകൂടിയ നീർമണികൾ കാഴ്ചയെ മറച്ചു തുടങ്ങി. പിന്നെ എതിരെ ഒരു ബ്ലാക്ക് കാർ പാഞ്ഞു വന്നത് മാത്രമേ ഓര്മയുള്ളു. വേഷം പോലും മാറാതെ രാജീവ്‌ ഇന്നലെ ഓഫീസിൽ നിന്ന് വന്ന അതെ കോലത്തിൽ സോഫയിൽ ചാരി കണ്ണുകളടച്ച് ഇരിക്കുകയായിരുന്നു. കഴിക്കാനുള്ള ഭക്ഷണം മുന്നിൽ കൊണ്ടുവെച്ച് മുത്തുവും അടുത്ത് തന്നെയുണ്ട്. പെട്ടന്ന് രാജീവിന്റെ ഫോൺ റിംഗ് ചെയ്തു. സംസാരിച്ചു കഴിഞ്ഞതും മുത്തുവിനോട് ഇപ്പോൾ വരാ മെന്ന് മാത്രം പറഞ്ഞ് ടെൻഷനോട്‌ പുറത്തേക്ക് പോയി.

“എസ്ക്യൂസ് മീ… വൺ…… മീനാക്ഷി. ആക്‌സിഡന്റ് കേസ്? ” ഹോസ്പിറ്റലിൽ എത്തിയ രാജീവ്‌ റിസപ്ഷനിൽ അന്വേഷിച്ചു. അവർ പറഞ്ഞു കൊടുത്ത പ്രകാരം മീനാക്ഷി കിടക്കുന്ന റൂം ലക്ഷ്യമാക്കി അവൻ നടന്നു. രണ്ടു മൂന്നു ആളുകൾ ഒരു ഡോക്ടറുമായി സംസാരിച്ചു നിൽക്കുന്ന റൂമിന് മുന്നിൽ എത്തിയതും അവൻ നിന്നു. “ഡോക്ടർ.. മീനാക്ഷി? ” “യൂ….? ” “ഐ ആം രാജീവ്‌. ഹേർ ഹസ്ബൻഡ്. ” “മലയാളിയാണല്ലേ? ” ഡോക്ടർ ചോദിച്ചു. “അതെ. മീനാക്ഷിക്ക് ഇപ്പൊ? ” “ഏയ്‌.. ഇപ്പൊ പേടിക്കാനൊന്നുമില്ല. ദേ ഇവരാണ് പെഷ്യേന്റിനെ ഇവിടെ കൊണ്ടുവന്നത്. ” അടുത്ത് നിൽക്കുന്നവരെ കാണിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞപ്പോൾ രാജീവ്‌ അവരോടു നന്ദി പറഞ്ഞു.

അവർ അവനെ സമാധാനിപ്പിച്ച് യാത്ര പറഞ്ഞു പോയി. ശേഷം ഡോക്ടറോട് മീനാക്ഷിയുടെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിച്ചു. ” ട്രിപ്പിട്ടിട്ടുണ്ട് ഇപ്പൊ അതിന്റെയൊരു മയക്കത്തിലാണ്. കൈയിനും കാലിനും ഫ്രാക്ച്ചറുണ്ട്. പിന്നെ നെറ്റിയിൽ മുറിഞ്ഞിട്ടുമുണ്ട്. ഒരു മാസമെങ്കിലും റസ്റ്റ്‌ വേണം. രണ്ടു ദിവസം കഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാം. ” “താങ്ക്സ് ഡോക്ടർ. ” ഡോക്ടറോട് നന്ദി പറഞ്ഞ് അവൻ മീനുവിന്റെ അടുത്തേക്ക് ചെന്നു.

വലതു കൈയിലും ഇടതുകാലിലുമായി പ്ലാസ്റ്റർ ഇട്ടിരിക്കുന്നു. നെറ്റിയിൽ ഒരു കെട്ടും. മീനു നല്ല മയക്കത്തിലായിരുന്നു. അവളുടെ അവസ്ഥ കണ്ട് രാജീവിന്റെ ഉള്ളം വിങ്ങി. അവന്റെ കണ്ണുകൾ നിറഞ്ഞു. അവൻ പതുക്കെ അവളുടെ കൈയിൽ തലോടി. തന്റെ പ്രിയപ്പെട്ടവന്റെ സാമിപ്യം അറിഞ്ഞിട്ടോ എന്തോ അവളൊന്ന് ഞെരങ്ങി. ഉടനെ രാജീവ്‌ തന്റെ കൈ പിൻവലിച്ച് ആ മുഖത്തേക്ക് ആർദ്രമായി നോക്കി നിന്നു. ശേഷം കുനിഞ്ഞു നിന്ന് അവളുടെ നെറ്റിത്തടത്തിൽ വളരെ പതിയെ ചുണ്ട് ചേർത്തു. അപ്പോൾ ഒരുതുള്ളി കണ്ണീർ അവന്റെ കണ്ണിൽ നിന്നും മീനുവിന്റെ നെറ്റിയിലെ കെട്ടിവെച്ച മുറിവിലേക്ക് ഇറ്റുവീണു.

(തുടരും)

രാജീവം : ഭാഗം 6

-

-

-

-

-