Wednesday, January 15, 2025
Novel

ഋതു ചാരുത : ഭാഗം 16

എഴുത്തുകാരി: സേഷ്മ ധനേഷ്‌


പിന്നെയും ചാരു എന്തെങ്കിലും പറയും മുന്നേ ചേതന്റെ കൈകൾ അവളുടെ മുഖത്തു വീണിരുന്നു.

ചാരു തിരികെ സോഫയിൽ തന്നെ വീണു… അവളുടെ വയറൊന്നു വിലങ്ങി… നന്നായി വേദനിച്ചെങ്കിലും ശബ്ദമില്ലാതെ വേദനയെ കടിച്ചിറക്കി സോഫയിൽ തന്നെ വയറമർത്തിയിരുന്നു ചാരു…

പെട്ടന്നാണ് ചേതന് താൻ എന്താ ചെയ്തെ എന്ന ബോധമുണ്ടായത്. അവൻ അവളുടെ മുന്നിൽ മുട്ടുകുത്തി നിന്നു അവളെ തന്നോട് ചേർത്തു പിടിച്ചു…

ഒരു തുള്ളി കണ്ണുനീർ അവളുടെ മൂർധാവിൽ അവന്റേതായി വീണുടഞ്ഞു… അവളോടൊരു ക്ഷമാപണം പോലെ…

“സോറി മോളെ… ഞാൻ… പെട്ടന്ന്… ദേഷ്യം വന്നപ്പോൾ… കുറച്ചായി നീ എന്തൊക്കെയാ ഇവിടെ കാട്ടിക്കൂട്ടുന്നതു… അതിന്റെ കൂടെ ഋതുവിനെ ഇറക്കി വിട്ടു എന്നും കൂടിയായപ്പോൾ…. സോറി മോളെ… എനിക്കുറപ്പുണ്ട്…

ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു എന്തെങ്കിലും ഒരു കാരണമില്ലാതെ നീയങ്ങനെയൊന്നും ചെയ്യില്ലായെന്നു… പക്ഷെ പെട്ടന്ന് ഋതുവിനെ ഇറക്കി വിട്ടെന്നു കേട്ട ദേഷ്യത്തിൽ… സോറി മോളെ… ”

നെഞ്ചോടു ചേർത്തു അവളുടെ വയറിൽ പതിയെ തലോടികൊണ്ടു അവളോടായി പറഞ്ഞു… അവളെ തന്നോട് ചേർത്തു പൊതിഞ്ഞു പിടിച്ചിരുന്നു ചേതൻ…

എല്ലാവരുടെ മുഖത്തുമുണ്ടായിരുന്നു ഋതുവിനെ ഇറക്കി വിടാനുള്ള കാരണമെന്താകുമെന്നു… ചാരു എല്ലാവരുടെയും മുഖത്തേക്ക് നോക്കി… ഒരു മുഖമൊഴികെ എല്ലാവരുടെ കണ്ണുകളും തന്നിലാണ്… എങ്ങനെ പറയും…

എന്താ കാരണം പറയുക… കണ്ണുനീർ വിലങ്ങി കാഴ്ച മങ്ങി പോയി അവളുടെ… അപ്പോഴാണ് ഹാളിൽ കയ്യിൽ കവറുകളൊക്കെ പിടിച്ചു ഒരാൾ നിൽക്കുന്നപോലെ അവൾക്കു തോന്നിയത്…

കണ്ണുനീരിന്റെ മൂടലിൽ ആളെ വ്യക്തമായില്ല…

“ഹാ… സൂര്യ… എപ്പോഴാ എത്തിയത്” … സാവിത്രിയമ്മയുടെ വാക്കുകളിൽ നിന്നും വന്നത് സൂര്യയാണെന് ചാരു മനസിലാക്കി…

അവൾ വേഗം കണ്ണുകൾ ഇറുക്കെയടച്ചു കണ്ണുനീരിനെ ഒഴുക്കി വിട്ടു… ചാരു ചേതനെ വിട്ടു എഴുനേറ്റു നിന്നു…

ചെറുതായി തള്ളി നിൽക്കുന്ന വയറുമായി ചാരുവിനെ കണ്ട സൂര്യയുടെ കയ്യിൽ നിന്നും കവറുകൾ താഴെ വീണു… സൂര്യ ഒരു ശില കണക്കെ നിൽക്കുകയായിരുന്നു… സൂര്യയുടെ പെട്ടന്നുള്ള ഭാവമാറ്റം എല്ലാവർക്കും അതിശയമായി…

ചുറ്റും ആരൊക്കെ നിൽക്കുന്നു എന്നൊന്നും നോക്കാതെ സൂര്യ കണ്ണുനീരോടെ ദേഷ്യത്തിൽ ചാരുവിനരികിലേക്കു ചെന്നു… ആ നിമിഷത്തിൽ സൂര്യയുടെ മുഖത്തു തെളിഞ്ഞു നിന്ന ഭാവമെന്തെന്നു ആർക്കും വേര്തിരിച്ചെടുക്കാൻ ആകുമായിരുന്നില്ല….

ദേഷ്യമോ സങ്കടമോ നിസഹായവസ്ഥയോ… എന്തൊക്കെയോ… എല്ലാത്തിന്റെയും വേലിയേറ്റത്തിൽ ചാരുവിന്റെ ഇരു കവിളുകളിൽ മാറി മാറി അടിച്ചു…. “ചതിച്ചല്ലോ നീ… ചതിച്ചല്ലോ മോളെ നീ ഞങ്ങളെ… നിനക്ക്.. ”

അവളെ തല്ലുന്നതിനിടയിലും എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു സൂര്യ… കണ്ടു നിന്നവർക്ക് ഒന്നും മനസിലായില്ല…

ചേതൻ സൂര്യയെ തടയാൻ ചെല്ലുമ്പോഴേക്കും സൂര്യ ചാരുവിന്റെ ഇരു തോളിൽ പിടിച്ചു പുറകിലേക്കു തള്ളി… “പോ… പോ നീ…” അവളുടെ ദേഷ്യത്തിനു സങ്കടത്തിനും അയവു വന്നിരുന്നു… പുറകിലേക്ക് വെച്ചു പോയ ചാരുവിനെ ചേതൻ ചേർത്തു പിടിച്ചിരുന്നു…

കുറച്ചു നിമിഷങ്ങൾ കൊണ്ട് എന്താണ് അവിടെ സംഭവിക്കുന്നതെന്നു ആർക്കുമാർക്കും മനസിലായില്ല… സൂര്യ അടുത്ത കണ്ട സെറ്റിയിൽ തല കൈകളിൽ താങ്ങി കുമ്പിട്ടിരുന്നു കരഞ്ഞു കൊണ്ടിരുന്നു…

ചാരുവും ചേതന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു ആ നെഞ്ചിൽ ചൂടിൽ കുറുകിയിരുന്നു നിശബ്ദം കരഞ്ഞു തീർത്തു….

ഇരുവരുടെയും മനസിന്റെ നിയന്ത്രണം അവരിലേക്ക്‌ എത്തും വരെ ബാക്കിയുള്ളവർ ശ്വാസമടക്കി പിടിച്ചു കാത്തിരുന്നു…

നിമിഷങ്ങൾ മണിക്കൂറുകൾ ആകുന്നപോലെ… ഓരോ നെടുവീർപ്പുകളും തേങ്ങലുകളും മറ്റുള്ളവരുടെയുള്ളിൽ ആകാംക്ഷയേറെ ജനിപ്പിച്ചു കൊണ്ടിരുന്നു….

അല്പസമയത്തിനു ശേഷം ചാരു… ചേതനോട് കൂടുതൽ ചേർന്നിരുന്നു അവന്റെ നെഞ്ചിൽ കൈകൾ വച്ചു തലോടി കൊണ്ടിരുന്നു… ചേതൻ പതിയെ ചുണ്ടുകൾ അവളുടെ മൂർധാവിൽ വെച്ചു…

“ചാരു… ഇനിയെങ്കിലും ആ മനസ്സിലുള്ളത് പറയു… പ്ളീസ്”
“ഞാൻ പറയാം ചേതാ… ഇപ്പോഴാണ് അതിനുള്ള സമയം… ഞാൻ പറയാം എല്ലാം” ചാരു ഒന്നു ശ്വാസമെടുത്തു… അവളെ കേൾക്കാനായി എല്ലാരും അരികിലെത്തി…

ചാരു പതിയെ ചേതന്റെ നെഞ്ചിൽ ഒന്നുകൂടി കുറുകി ചേർന്നു കൊണ്ടു ചോദിച്ചു… “ചേതൻ…. നിനക്ക് ഓർമയുണ്ടോ… ബാംഗ്ലൂരിൽ പഠിക്കുന്ന സമയത്തു…. നീ എത്രയോ തവണ പ്രണയം പറഞ്ഞു വന്നുവെന്ന്…

അന്നും നിന്റെയുള്ളിൽ നിറഞ്ഞു നിന്നത് എന്റെ മുഖത്തെ ഇന്ദ്രനീലിമയായിരുന്നു…. ഒടുവിൽ നിന്റെ പ്രണയം പൂര്ണതയിലെത്താൻ എന്റെ കാലു പിടിക്കാൻ വരെ നീ തയ്യാറായി…

നിന്നെ പലതരത്തിൽ ഞാൻ ഒഴുവാക്കി വിട്ടിരുന്നു… ദേഷ്യം കാണിച്ചും വെറുപ്പ് കാണിച്ചും പിന്നെ പിന്നെ എന്റെ പുറകെ നടക്കരുതെന്നു നിന്നോട് കെഞ്ചി പറഞ്ഞും… അന്നൊന്നും നിന്നെ നിന്റെ എന്റെമേലുള്ള പ്രണയത്തെ പിന്തിരിപ്പിക്കാൻ എനിക്കായില്ല…

നിന്നെ ഓരോ തവണ മടക്കിയയക്കുമ്പോഴും ഞാൻ സ്വയം നീറുകയായിരുന്നു… നീയെന്നെ സ്നേഹിക്കുന്ന പോലെ ഞാനും നിന്നെ സ്നേഹിക്കുന്നുവെന്നും പ്രണയിക്കുന്നുവെന്നും…

ഒരുപാട് ഒരുപാട് മനസിൽ ആയിരമാവർത്തി ഞാൻ പറയുന്നുണ്ടായിരുന്നു ചേതൻ… എന്നിലേക്ക്‌ പ്രതീക്ഷയോടെ വരുന്ന…

എന്റെ സ്നേഹവും പ്രണയവും തിരികെ കിട്ടുമെന്ന് പ്രതീക്ഷയോടെ വരുന്ന നിന്റെ മുഖത്തു നോക്കി ആ പ്രണയത്തെ നിരസിക്കുമ്പോൾ ഒരായിരം വട്ടം എന്റെ മനസിൽ നിന്നോട് ക്ഷമ പറയാറുണ്ട്….

ഒടുവിൽ നിന്റെയെല്ലാം ഞാൻ ആണെന്നും ഇനിയും ഞാൻ അവഗണിക്കുകയാണെങ്കിൽ നിന്നെ കൈവിട്ടു പോകുമെന്നും രെഞ്ചുവേട്ടൻ എന്നോട് വന്നു പറഞ്ഞപ്പോൾ…

ഞാനും മനസിൽ കുത്തി കിടത്തിയ മോഹങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒരു നെരിപോട് നൽകി… ആ നെരിപോടിനെ എന്റെ പ്രണയം കൊണ്ട് ഊതി ഒരു തീയാക്കി മാറ്റി ചേതൻ….

ഒരുപാട് കാലം കൊണ്ട് മനസിൽ കെടുത്തി വച്ച ഒരു ജീവിതമെന്ന സ്വപ്നം അവിടെ പുനർജനിക്കുകയായിരുന്നു ചേതാ…

നിനക്കു ഓർമയുണ്ടോ…. ഞാൻ എന്റെ പ്രണയം നിന്നോട് പറയാൻ വരുമ്പോൾ പറഞ്ഞ ഒരു കാര്യം… മുന്നോട്ടു ജീവിക്കേണ്ടത് നമ്മളാണ്…

എന്റെ മുഴുവൻ കാര്യങ്ങളും കേട്ടു കൊണ്ട് മാത്രം നമുക്ക് ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകാമെന്നു പറഞ്ഞപ്പോൾ…

നീയെന്താ പറഞ്ഞതു…. പറ ചേതാ എന്താ പറഞ്ഞതു…” ചേതന്റെ നെഞ്ചിലെ ഷർട്ടിൽ കുത്തി മുറുകെ പിടിച്ചു കൊണ്ട് ചാരു കരഞ്ഞു കൊണ്ടു ചോദിച്ചു കൊണ്ടിരുന്നു…

“ഇന്നലെ വരെയുള്ള ചാരുവിന്റെ ഒന്നും എനിക്കറിയണ്ട… കേൾക്കേണ്ട… ഇപ്പൊ ഈ നിമിഷം എന്റെ മുന്നിലുള്ള ചാരു…

എങ്ങനെയാണോ മുന്നോട്ടും അങ്ങനെ മതി… ഈ നിമിഷം മുതലുള്ള ചാരുവിനെ എനിക്ക് അറിഞ്ഞാൽ മതി….

എനിക്ക് നിന്റെ ഇന്ദ്രനീലിമയോട് എന്റെ ആത്മാവിൽ അലിഞ്ഞ പ്രണയമാണ്… എനിക്ക് ഒരു പൂർണത കിട്ടണമെങ്കിൽ നീ കൂടെ വേണം… ഇന്നലെ വരെ നിന്റെ ജീവിതത്തിൽ നടന്ന ഒന്നും എന്നെ ബാധിക്കില്ല…”

വർഷങ്ങൾക്കു മുന്നേ ചാരുവിനോട് പറഞ്ഞ അതേ വാക്കുകൾ നിർനിമേഷനായി അവൻ അവളെ ചേർത്തു പിടിച്ചു കൊണ്ടു തന്നെ പറഞ്ഞു.

അവന്റെ വാക്കുകളിലൂടെ ചാരു പഴയ ആ കൗമാരക്കാരിയായി മാറുകയായിരുന്നു. അവന്റെ വാക്കുകൾ കേൾക്കുംതോറും അവളുടെ ചുണ്ടിൽ നോവിന്റെ ഒരു ചിരി പടർന്നു…

“അന്നെനിക്ക് പറയാൻ ഉണ്ടായിരുന്നത് എന്നെ കുറിച്ചായിരുന്നു… എനിക്ക്… ഞാൻ … ഞാൻ ഒരു ജീവിതം ആഗ്രഹിച്ചിരുന്നില്ല ചേതാ…

അതിനുള്ള അർഹത എനിക്ക് ഇല്ലായിരുന്നു… ഒരു കുഞ്ഞിനെ… ഒരു കുഞ്ഞിനെ ഉദരത്തിൽ പേറാനുള്ള കരുത്തു എന്റെ ഗര്ഭപാത്രത്തിനു ഇല്ല. അതെനിക്ക് മുൻപേ അറിയാമായിരുന്നു.

അതുകൊണ്ടു തന്നെ ഒരു വിവാഹ ജീവിതം ഞാൻ ആഗ്രഹിച്ചിരുന്നില്ല.

ഏതൊരു പെണ്ണിന്റെയും പൂർണ്ണത അവൾ ഒരു അമ്മയാകുന്നത് തന്നെയാണ്… സ്വയം ഉരുകി ഉദരത്തിൽ ഒരു കുഞ്ഞിനെ പേറുന്നതിലും സുകൃതം വേറെയില്ല ചേതാ…

എല്ലാ സൗഭാഗ്യങ്ങളും ദൈവം തന്നപ്പോ ഒരു പെണ്ണിന് ഏറ്റവും എന്താണോ വേണ്ടത്… അതെനിക്ക് ദൈവം നിഷേധിച്ചു…

എന്തൊക്കെ എനിക്ക് ഉണ്ടെന്നു പറഞ്ഞാലും ഒരമ്മയാകാൻ കഴിയില്ല എന്നത് ഏറ്റവും വലിയ കുറവ് തന്നെയാണ്… അമ്മയാകാൻ കഴിയില്ല എന്നല്ല…

അതെന്റെ ജീവന് ഭീഷണിയാണ്… എന്റെ ജീവൻ കൊടുത്തു കുഞ്ഞിനെ പ്രസവിക്കേണ്ടി വരും… ചിലപ്പോ ആ മുഖം പോലും കാണാൻ കഴിയാതെ ഈ ലോകത്തോട് വിട പറയേണ്ടി വരും…

പത്തുമാസം ഞാൻ എന്റെ ആത്മാവിൽ ചേർത്തു വളർത്തിയ കുഞ്ഞിന്റെ മുഖമൊന്നു കാണാൻ പോലും ഭാഗ്യമില്ലാത്ത ഒരു പെണ്ണായി പോകില്ലേ…

ഈ ചിന്തകൾ കൊണ്ടാണ് ഞാൻ നിന്റെ പ്രണയത്തെ നിരസിച്ചത് ചേതാ…

പക്ഷെ നിൻറെയി കാന്തിക കണ്ണുകൾ എന്നെ എപ്പോഴും നിന്നിലേക്ക്‌ അടുപ്പിച്ചു കൊണ്ടിരുന്നു…

എത്രയൊക്കെ മനസിൽ നിന്നെ വേണ്ടായെന്നു വ്യര്ഥമായി ചിന്തിക്കുമ്പോഴൊക്കെയും പൂർവാധികം ശക്തിയോടെ എന്റെ ഇന്ദ്രനീലിമയിൽ മയങ്ങി നിൽക്കുന്ന നിന്റെ കണ്ണുകൾ എന്റെ മനസിലേക്ക് പതിയും… ഒരുവേള ഞാനും സ്വർഥയായി… എന്റെ ഈ കഴിവില്ലായ്മ മറച്ചു വച്ചു കൊണ്ടു തന്നെ നിന്റെ ജീവിതത്തിലേക്ക് വന്നു…

വായിൽ സ്വര്ണകരണ്ടിയുമായി ജനിച്ചവൾക്കു… ഇങ്ങനെയൊരു കുറവ്… അതെനിക്ക് സ്വയം അംഗീകരിക്കാനോ മറ്റുള്ളവരുടെ മുൻപിൽ അപഹാസ്യയാകാനോ… എനിക്ക് കഴിയുമായിരുന്നില്ല ചേതാ… ”

“പിന്നെ എന്തുകൊണ്ട ഇപ്പൊ… ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്” ചേതന്റെ ചോദ്യത്തിൽ വല്ലാതെ നിര്വികാരത തെളിഞ്ഞു നിന്നിരുന്നു.

“തുടർച്ചയായി അമ്മ കുഞ്ഞിന്റെ കാര്യങ്ങൾ പറഞ്ഞപ്പോൾ മുതൽ എന്റെയുള്ളിൽ അമ്മയെന്ന വികാരം ഉടലെടുക്കാൻ തുടങ്ങിയിരുന്നു… മനസുകൊണ്ട് ഞാൻ തയ്യാറെടുക്കാൻ തുടങ്ങിയിരുന്നു…

ഓരോ കുഞ്ഞിനെ കാണുമ്പോഴും മനസിൽ തികട്ടി വരുന്ന എന്റെ ആഗ്രഹത്തെയും കുഞ്ഞുങ്ങളോടുള്ള അഭിനിവേശത്തെയും ഞാൻ വളരെ പാടുപെട്ടാണ് മനസിൽ ഒതുക്കിയിരുന്നത്‌…

നീയെന്നോട് ഒരിക്കൽ പോലും ആവശ്യപ്പെട്ടിട്ടില്ല ഒരു കുഞ്ഞിനെ… ഇത്രയും നാളുകൾക്കിടയിലും സ്വന്തമായി നമ്മുടെ കുഞ്ഞിനെ കുറിച്ചു നീ സംസാരിച്ചിട്ടു കൂടിയില്ല…

എങ്കിലും ഒരു അച്ഛൻ എന്ന വികാരം നിന്റെയുള്ളിലും എവിടെയോ മുളപൊട്ടുന്നുണ്ടെന്നു എനിക്കും തോന്നി ചേതാ…

അതുകൊണ്ടാണ് ഞാൻ… മാസങ്ങളോളം കാത്തിരുന്നിട്ടും എന്തുകൊണ്ടോ എന്റെയ ആഗ്രഹത്തിന് നേരെ ദൈവം കണ്ണടച്ചു കാണുമെന്നു തോന്നിയ നിമിഷത്തിലാണ് ഞാൻ സരോഗസി എന്ന മാർഗം തെരഞ്ഞെടുത്തത്…

പക്ഷെ ദൈവം… അതിനു ശേഷമാണ് എനിക്ക് ഭാഗ്യം തന്നത്… എന്റെ ഫിസിക്കൽ കണ്ടീഷൻ എല്ലാം സൂര്യക്കു മാത്രമേ അറിയൂ. സരോഗസിക്കായി കാണിച്ച മെഡിക്കൽ ചെക്ക് അപ്പ് പേപ്പർ എല്ലാം തന്നെ വാലിഡ്‌ ആണ്… എന്റെ സ്കാനിങ് റിപ്പോർട്ട് ആണ് എല്ലാം…”

“ഇനി ഒരു കുഞ്ഞിനെ കിട്ടില്ല എന്നു തോന്നിയത് കൊണ്ടാണ് സരോഗസി നോക്കിയത്… പക്ഷെ ദൈവം അവിടെ എന്നെ ചതിച്ചു… എന്നെ പറ്റിച്ചു…

ഇത്രയും നാളുകൾ നമ്മുടെ പ്രണയ ജീവിതമായിരുന്നു… അതിനിടയിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല… ഒരു കുഞ്ഞെന്ന ആഗ്രഹം പോലും… അത്രക്കും ദീപ്തമമായിരുന്നു നമ്മുടെ പ്രണയം… നിന്നോട് പറയാൻ ശ്രമിച്ചപ്പോഴൊക്കെ നീ ഒഴിഞ്ഞു മാറി… പിന്നെ എനിക്കും…

ഒരു കുറവുണ്ടെന്നു പറയാനുള്ള സങ്കോചം… എല്ലാം കൊണ്ടും നിന്നിൽ നിന്നും ഞാൻ മറച്ചു വച്ചു… എനിക്ക് എപ്പോഴെങ്കിലും പറയാമായിരുന്നു അല്ലെ ചേതാ… അല്ലെങ്കിൽ അന്ന് ഞാൻ പറയാൻ വന്നത് നിനക്കു ഒന്നു ക്ഷമയോടെ കേൾക്കമായിരുന്നില്ലേ”

ചേതൻ വാക്കുകൾ കിട്ടാതെ വിങ്ങുന്ന മനസുമായി ചാരുവിനെ ഒന്നുകൂടി ചേർത്തണച്ചു… “നിന്നോടുള്ള പ്രണയം എന്നെ മത്തു പിടിപ്പിക്കുന്നതാണ്… ഭ്രാന്താനക്കുന്നത്… നിന്നെ കുറച്ചു അറിയാൻ ഞാൻ ശ്രമിക്കുന്നതിൽ ഒരു വലിയ പരാജിതൻ ആയില്ലേ ചാരു”

ചേതൻ വാക്കുകൾ പുറത്തു വരുന്നതിനൊപ്പം കണ്ണുനീരിന്റെ അകമ്പടിയും ഉണ്ടായിരുന്നു.
“അങ്ങനെയൊന്നും പറയല്ലേ ചേതാ… നമുക്കിടയിൽ പ്രണയത്തിന് മാത്രമേ സ്ഥാനമുള്ളു…

ജീവന്റ ജീവനാണ്… എനിക്ക് നീയും നിനക്ക് ഞാനും… അതിനും അപ്പുറം നമ്മളൊന്നും ഇതുവരെ ചിന്തിച്ചിട്ടില്ലലോ… എന്റെയി ജീവൻ നിലനിൽക്കുന്നത് എന്റെ ഇന്ദ്രനീലിമയോടുള്ള നിന്റെ ആസക്തി കൂടുന്നതിന് അനുസരിച്ചാണ്…

അതിനു ഒരു കുറവും വരുത്താതിരുന്നാൽ മതിയെടോ” ചേതന്റെ നെഞ്ചിൽ ഒന്നുകൂടി ചേക്കേറി കുറുകി കൊണ്ടു ചാരു പറഞ്ഞു. കുറച്ചു നിമിഷങ്ങൾക്ക് ശേഷം ചാരുവിന്റെ ചുടു ശ്വാസം ചേതന്റെ നെഞ്ചിൽ താളത്തിൽ വീഴാൻ തുടങ്ങിയപ്പോൾ ചേതൻ അവളുടെ താടിയിൽ ഉയർത്തി മുഖം നോക്കി…

ഒരു കൊച്ചു കുഞ്ഞിന്റെ ഭാവത്തോടെ മയങ്ങാൻ തുടങ്ങിയിരുന്നു അവൾ… ചേതന്റെ ചുണ്ടിൽ അവളുടെ മുഖം കാണുംതോറും നോവർന്ന പുഞ്ചിരി വിടർന്നു… അവളെ കൈകളിൽ കോരിയെടുത്തു തങ്ങളുടെ മാത്രം ലോകത്തേക്ക് നടന്നു…

റൂമിൽ അവളെ കിടത്തി… കുറച്ചു നേരം അവളുടെ കവിൾ തഴുകി തലോടി… പൂർണ്ണ മയക്കത്തിൽ ചാരു എത്തിയെന്ന് തോന്നിയ നിമിഷം ചേതൻ എഴുനേറ്റു താഴേക്കു ചെന്നു.

ചേതൻ ഹാളിലേക്ക് എത്തുമ്പോൾ സൂര്യ അതേയിരുപ്പിൽ തന്നെ ഇരിക്കുകയായിരുന്നു. ചേതൻ അവളുടെ മുൻപിൽ മുട്ടുകുത്തിയിരുന്നു…

അവളുടെ ഇരു കൈകളും കൂട്ടി പിടിച്ചു തന്റെ നെഞ്ചോടു ചേർത്തു കൊണ്ടു ചേതൻ പറഞ്ഞു തുടങ്ങി… “എന്റെ ജീവനാണ്… പ്രണനാണ്… പ്രണയമാണ്… എന്നിൽ അലിഞ്ഞു ചേർന്ന ആത്മാവാണ് ചാരുത… എന്റെ ചാരു… എങ്ങനെയും എനിക്ക് അവളെ മടക്കി നൽകണം…

എനിക്ക് തിരികെ വേണം എന്റെ ജീവനെ… എന്റെ പ്രണയത്തെ… അതിനു… അതിനു സാധിക്കില്ലേ സൂര്യ” ചേതന്റെ വാക്കുകൾക്കൊപ്പം കണ്ണുനീരും സൂര്യയുടെ കൈകളിലൂടെ ഒഴുകി…

അത്രയും നേരത്തെ കരച്ചിൽ കൊണ്ടു സൂര്യയുടെ ശ്വാസം പോലും വിലങ്ങിയിരുന്നു. തൊണ്ടയിൽ നിന്നും ശബ്ദം ഒന്നും വരാത്തപോലെ… തന്റെ മനസിന്റെ ഉത്കണ്ഠ വാക്കുകൾ പോലും നൽകാതെ ഇരുന്നിരുന്നു…

“നിസാരം വാക്കുകൾ കൊണ്ടു എനിക്ക് നിന്നെ സമാധാനിപ്പിക്കാൻ ആകില്ല ചേതാ… അവളുടെ ഹെല്ത് കണ്ടീഷൻ അത്രക്കും മോശമാണ്. അവൾക്കു ഒരിക്കലും കുഞ്ഞിനെ താങ്ങാൻ കഴിയില്ല… ബിപിയിൽ വരുന്ന വരിയഷൻ പിന്നെ യൂട്രസ് ശക്തിയില്ല…

ഒരു കുഞ്ഞിന്റെ ഭാരം താങ്ങാൻ പോലുമുള്ള കെല്പില്ല… എനിക്കറിയില്ല അവളെ എങ്ങനെ തിരിച്ചു കൊണ്ടുവരുമെന്നു… എനിക്കറിയില്ല ചേതാ…

നിന്നെ ആശ്വസിപ്പിക്കാൻ പോലും ഞാൻ ഒരു വാക്ക് പറയില്ല… കാരണം അവളുടെ ജീവൻ തിരികെ പിടിക്കാൻ കഴിയുമെന്ന് എനിക്ക് ഒരു പ്രതീക്ഷയുമില്ല” സൂര്യ ആ നിമിഷത്തിൽ കൂട്ടുകാരി എന്നാതിനും അപ്പുറം ഒരു ഡോക്ടർ ആയാണ് ചേതനോട് സംസാരിച്ചത്.

“കഴിയും സൂര്യ…. എനിക്കുറപ്പുണ്ട്… ചാരു തിരികെ വരും… എന്റെ മോൾക്ക്‌ ഒരു ആപത്തും വരില്ല…

ജനനവും മരണവുമെല്ലാം അങ്ങു മുകളിലിരിക്കുന്ന സർവേശ്വരന്റെ കണക്കു പുസ്തകത്തിലാണ്…

അവൾക്കൊന്നും വരില്ല… അത്രക്കുള്ള ഒരു പാപവും എന്റെ മകൾ ചെയ്തിട്ടില്ല” സാവിത്രിയമ്മയുടെ വാക്കുകളിൽ അത്രയുമധികം പ്രത്യാശ ഉണ്ടായിരുന്നു.

പിന്നീട് കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ ചാരുവിന് ചെറുതായി ഡ്രോപ്പ് പോലെ ബ്ലേഡ് കണ്ടു തുടങ്ങി…

അതോടെ ഒരു ഡോക്ടർ ആയിരുന്നിട്ടു കൂടി അമ്മു പോലും വിറച്ചു പോയിരുന്നു… പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ ചാരുവിനെ എത്തിച്ചിരുന്നു…

സ്കാനിംഗ് റിപ്പോർട്ട്‌ മറിച്ചു നോക്കികൊണ്ട് സൂര്യ തന്റെ മുന്നിൽ പ്രതീക്ഷയോടെ ഇരിക്കുന്ന ചാരുവിന്റെയും ചേതന്റെയും മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു….

ആ മുഖത്തെ തെളിച്ചമില്ലാത്ത ചിരി അവരിൽ ആശങ്ക നിറച്ചു…
“സൂര്യ എല്ലാം ഓക്കേ അല്ലേ ചാരുവിനും കുഞ്ഞിനും കുഴപ്പമൊന്നും ഇല്ലാലോ അല്ലേ”…

ചാരുവിനെ മറികടന്നു ചേതന്റെ വേവലാതി നിറഞ്ഞ ശബ്ദം കേട്ടപ്പോൾ സൂര്യയുടെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി വിടർന്നു… ഒപ്പം ചാരുവിന്റെ കണ്ണിൽ നീർത്തിളക്കവും…

“ഇങ്ങനെ ടെൻഷൻ ആകാനും മാത്രം ഒന്നുമില്ല ചേതൻ.. കുഴപ്പമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്.. ചെറുതായി…

നിലവിൽ അത് കുഞ്ഞിനെ ബാധിക്കുന്നില്ല but in future may be ആ chance…. റിസ്ക് എടുക്കാൻ പറ്റില്ലാത്തതുകൊണ്ട് നമുക്ക് ഉടനെ ചെറിയ ഒരു സ്റ്റിച് ഉള്ളിൽ ഇടാനുണ്ട്”…
“എനിക്ക് മനസിലായില്ല… സ്റ്റിച്ചിടുവാ..? എന്നൊക്കെ പറയുമ്പോൾ ആകെ ഒരു ടെൻഷൻ പോലെ “….ഒന്ന് തെളിച്ചു പറയാമോ?..

“ചേതൻ സാദാരണ സ്ത്രീകളിൽ പ്രെഗ്നൻസിയുടെ ലാസ്റ്റ് സ്റ്റേജിൽ മാത്രമേ cervix അഥവാ ഗർഭാശയ മുഖം വികസിക്കാറുള്ളൂ അതിന്റെ ഭാഗമായാണ് ഡെലിവറി നടക്കുന്നത്…. പക്ഷെ അപൂർവമായി ചിലപ്പോൾ അത് നേരത്തെ കുറച്ചു ഓപ്പൺ ആകാറുണ്ട്…

അങ്ങിനെ ഉള്ള സാഹചര്യങ്ങളിൽ ചിലപ്പോൾ കുഞ്ഞിനെ നഷ്ടമാകാറുണ്ട് ഇത് തിരിച്ചറിഞ്ഞില്ല എങ്കിൽ… unfortunately ചാരുവിന്റെ cervix അല്പം തുറന്നാണ് ഇരിക്കുന്നത് ”

“അപ്പോ ഇങ്ങനെ സ്റ്റിച്ച് ഇട്ടാൽ എല്ലാം ശരിയാകുമോ ?”.. ചേതന് ആകെ കൂടെ വെപ്രാളമായിരുന്നു… ചാരുവിന് ഒരു കുഴപ്പമില്ല എന്നൊന്ന് കേട്ടാൽ മതിയെന്നായി…

“തീർച്ചയായും വേറെ കോംപ്ലിക്കേഷൻസ് ഒന്നുമില്ലെങ്കിൽ ഓക്കേ ആകും “…

“ഇതെപ്പോ ചെയ്യാൻ പറ്റും സൂര്യ ഇന്ന് തന്നെ അഡ്മിറ്റാവാം അതിനു വേണ്ടി.. ”

“Yes ofcourse ഇന്ന് തന്നെ വേണമെങ്കിൽ ചെയ്യാം അതിന് അഡ്മിറ്റ്‌ ആകേണ്ട കാര്യമൊന്നും ഇല്ലാ ചേതൻ… you please relax… ഇതൊരു മൈനർ procedure ആണ് ലോക്കൽ അനസ്തേഷ്യ കൊടുത്തു ചെയ്യുന്നത്…. op ബേസിസിൽ ചെയ്യ്തു കൊടുക്കും… ഇന്ന് തന്നെ പോകാം നോ ഇഷ്യൂ .. ഡെലിവെറിക്ക് ഏതാനും ആഴ്ച മുന്നെയോ ദിവസം മുന്നെയോ സ്റ്റിച് റിമൂവ് ചെയ്യാം.”…

കൺസെന്റ് സൈൻ ചെയ്തോളു ഞാൻ തിയേറ്ററിൽ ഇൻഫോം ചെയ്യാം ഒഴിവുണ്ടെങ്കിൽ ഇപ്പൊ തന്നെ ചെയ്യാം..

സ്റ്റിച് ഇട്ടു വന്നപ്പോൾ ചാരുവിന് നടക്കാൻ കുറച്ചു ബുദ്ധിമുട്ട് പോലെ തോന്നി…. ചേതൻ സ്നേഹത്തോടെയും പ്രേമപൂർവ്വവും അവളെ കൈകളിൽ കോരിയെടുത്തു കാറിനടുത്തേക്കു നടന്നു…

അവന്റെ നെഞ്ചോടു ചേർന്നു… അവന്റെ മാന്ത്രിക കണ്ണിൽ നോക്കി ചേതന്റെ നെഞ്ചിലെ താളം ആസ്വദിച്ചു ചാരുവും കിടന്നു…

അവർ ഇപ്പോഴും പ്രണയിക്കുകയായിരുന്നു… ആ സമയം അവളുടെ അസ്വസ്ഥതയോ വേദനകളോ ഒന്നും തന്നെ രണ്ടുപേരും അറിഞ്ഞില്ല… അവർ അവരുടെ പ്രണയലോകത്തായിരുന്നു…

വെയിലിൽ ചാരുവിന്റെ നാസിക തുമ്പിലെ ഇന്ദ്രനീലിമക് തിളക്കം ഒന്നുകൂടി കൂടിയിരുന്നു…

പിന്നീടുള്ള ദിവസങ്ങളിലും ഋതുവിനെ പൊതുവിൽ എല്ലാവരും മറന്ന പോലെ ആയി.. ആരും അവളെ കുറിച്ചു ചോദിക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ല… ചാരുവിനും അത്ഭുതമായി… മനപൂർവ്വം അവളും ഒന്നും പറഞ്ഞില്ല…

എല്ലാവരുടെയും ശ്രെദ്ധ പൂർണമായും ചാരുവിലായി… അവളെ ശ്രെദ്ധിക്കുന്നതിൽ മാത്രമായി എല്ലാവരുടെയും ജോലി… രഞ്ജു പൂർണമായും ചേതനെ എല്ലാ തിരക്കുകളിൽ നിന്നുമൊഴിവാക്കി വിട്ടു… ബിസിനസ്സ് കാര്യങ്ങൾ രഞ്ജു നോക്കി നടത്താൻ തുടങ്ങി…

അമ്മുവും പിന്നെ ശ്രുതിയും കൂടി അവനെ സഹായിച്ചു… സാവിത്രിയമ്മ ചാരുവിന് ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കി കൊടുത്തു കൂടെ തന്നെ നിന്നു… ദിവസങ്ങൾ പിന്നെയും കടന്നു പോയി കൊണ്ടേയിരുന്നു…

അവളുടെ വയറിൽ കുഞ്ഞിന്റെ ഭാരം കൂടുന്നതിന് അനുസരിച്ചു ചാരുവിനും ആരോഗ്യപ്രശ്നങ്ങൾ കൂടാൻ തുടങ്ങി… അവൾ പൂർണമായും ബെഡ് റെസ്റ്റിൽ ആയി…

സ്റ്റിച് ഇട്ടിരുന്നു എങ്കിൽ കൂടിയും ഒന്നനങ്ങിയാൽ പോലും ബ്ലീഡിങ് ആകുന്ന അവസ്‌ഥ… കിടന്നു കിടന്നു ചാരുവിന്റെ പുറത്തെ സ്കിൻ എല്ലാം പൊള്ളി തുടങ്ങിയിരുന്നു…

പോരാത്തതിന് ബിപിയിലും പിന്നെ ഡയബെറ്റിസ് കൂടി ആയപ്പോൾ ആരോഗ്യം ആകെ മോശമായി തുടങ്ങി… ബെഡ് മാറ്റി അവിടെ വാട്ടർ ബെഡ് ഇട്ട് പിന്നെ അതിലാണ് ചാരുവിനെ കിടത്തിയിരുന്നത്…

ആകാംഷയോടെ സൂര്യ മിക്കവാറും വരും… പക്ഷെ മുറിയിൽ നിന്നിറങ്ങുന്നത് കനത്ത ഹൃദയ ഭാരത്തോടെയായിരിക്കും..

ചേതൻ അവൾക്കു കാവലിരിക്കും പോലെയായി… ഉറക്കമില്ലാത്ത… ദിവസങ്ങൾ… ചാരുവിന് അപ്പോഴും ഒരു നിർവൃതിയായിരുന്നു… തങ്ങളുടെ കുഞ്ഞിന്റെ ഓരോ മിടിപ്പിന് ഒപ്പം ചേതനും ഉണ്ടെന്ന സന്തോഷം…

ചേതൻ അവൾക്കൊപ്പമിരുന്നു അവരുടെ കഴിഞ്ഞു പോയ പ്രണയദിനങ്ങൾ ഓർത്തെടുക്കും… അവളുടെ വിസ്‌മൃതിയിൽ ആണ്ടിരുന്ന ഓരോ സംഭവങ്ങളും അവൻ ഓർതോർത്തു പറയും…

ആ നിമിഷത്തിൽ എല്ലാം ചാരു ഓർക്കും താൻ ചേതന് എത്രത്തോളം പ്രിയപ്പെട്ടവൾ ആണെന്ന്…

“ചേതാ… എന്താ ചേതാ നീയെന്നെ ഇങ്ങനെ സ്നേഹിച്ചു കൊല്ലുന്നേ… എന്താ എന്നോട് പ്രണയം തോന്നാൻ കാരണം” ചാരുവിന് ഏറെ പ്രിയപ്പെട്ട ചേതന്റെ കുറ്റി താടിയിൽ വിരലോടിച്ചു കൊണ്ടു അവന്റെ കണ്ണിലെ ആഴങ്ങളിൽ നോക്കി അവൾ ചോദിച്ചു…

“കാരണം… കാരണം ചോദിച്ചാൽ… നിന്നോടുള്ള പ്രണയത്തിന് എനിക്ക് കാരണമറിയില്ല…

അതുകൊണ്ടാണ് എനിക്ക് നിന്നോട് ഏറെ പ്രണയം” ചാരുവിന്റെ കണ്ണുകളിലെ ആഴങ്ങളിൽ തിരികെ തന്റെ കണ്ണുകളിൽ പ്രകാശിച്ച കാന്തിക അവൾക്കു തിരികെ നൽകിക്കൊണ്ട് ചേതൻ അതു പറയുമ്പോൾ ചാരു ചേതന്റെ മുഖത്തെ തന്റെ നെഞ്ചിലേക്ക് പൂഴ്ത്തിയിരുന്നു…

അവന്റെ മൂർധാവിലും പിന്നെ മുഖമുയർത്തി ആ കണ്ണുകളിലും ചുണ്ടുകളിലുമെല്ലാം അവൾ തെരുതെരെ ചുംബിച്ചു കൊണ്ടിരുന്നു…

വീണ്ടും തന്റെ നെഞ്ചിലേക്ക് അവന്റെ മുഖം ചേർത്തു വയ്ക്കുമ്പോൾ അവന്റെ കണ്ണുനീർ അവളുടെ നെഞ്ചിൽ വീണിരുന്നു…

“ഞാൻ… ഞാൻ തിരിച്ചു വന്നിലെങ്കിലോ ചേതാ… ഒരിക്കലും എനിക്കൊരു മടങ്ങി വരവില്ലെങ്കി…”

“നിന്റെ ഹൃദയതോടൊപ്പം മാത്രമേ എന്റെ ഹൃദയ താളവും നിലയ്ക്കു…. എന്നെ തനിച്ചാക്കി പോകാൻ നിനക്കോ… നിന്നെ തനിച്ചാക്കാൻ എനിക്കോ സാധിക്കില്ല…

എന്നും നമ്മൾ ഒന്നായി തന്നെ ഉണ്ടാകും… അതിനെ കുറിച്ചു സംസാരിക്കണ്ട ചാരു… ഒരു കാര്യം ഓർക്കുക… നമ്മൾ എന്നും ഒന്നായിരിക്കും” ചേതന്റെ മേലുള്ള ചാരുവിന്റെ പിടി മുറുകി കൊണ്ടിരുന്നു….

ചാരുവിനു ഏഴു മാസം തുടങ്ങിയിരുന്നു… സാധാരണപോലെ അവളെ നോക്കാൻ സൂര്യ വന്നിരുന്നു… ചെക് അപ്പ് ചെയ്തു പുറത്തേക്കിറങ്ങിയ സൂര്യ വിമ്മി പൊട്ടി കരഞ്ഞു പോയിരുന്നു…

“എന്റെ ചാരു…” കണ്ണു നിറച്ചു കൊണ്ടാണ് ചേതൻ ചോദിച്ചത്.

“എനിക്കറിയില്ല ചേതൻ ഇതിനു അവസാനം എന്താകുമെന്നു… ആസ് എ ഡോക്ടർ… എനിക്കൊരു പ്രതീക്ഷയുമില്ല… അവളുടെ ജീവൻ…

എത്രയൊക്കെ നോക്കിയിട്ടും ബിപി വരിയഷൻ നന്നായി ഉണ്ട്…. ഡയബെറ്റിസ്.. എല്ലാം കൊണ്ടും എനിക്ക് പേടിയാകുന്നു… ഞാൻ ഒരു ഡോക്ടർ മാത്രമല്ല… അവളെനിക്ക് എത്ര പ്രിയപ്പെട്ടതാണെന്നു നിനക്ക് അറിയില്ലേ…

എന്റെ ശരീരം വിറയ്ക്കുകയാണ് അവളെ നോക്കുമ്പോൾ… എങ്ങനെയെങ്കിലും ഏഴു മാസം കഴിയണം, ബിപി ഒന്നു നോർമൽ ആകുന്ന സമയം നമുക്ക് ഓപ്പറേഷൻ ചെയ്തു കുഞ്ഞിനെ പുറത്തെടുക്കാം… അതേ ഇനി കണ്മുന്നിൽ ഒരു വഴിയുള്ളൂ…”

ചേതന്റെ തോളിൽ തട്ടി സൂര്യ അതു പറയുമ്പോൾ അവൻ ആ ലോകത്തൊന്നുമല്ല എന്നവൾക്കു തോന്നി.

ചാരുവിനെ കിടത്തിയിരിക്കുന്ന ബെഡ് ഒരു ഭാഗം ഉയർത്തിയാണ് വച്ചിരിക്കുന്നത്… കുഞ്ഞു ഇറങ്ങി വരാനുള്ള സാധ്യത കൂടുതലായത് കൊണ്ടു… എല്ലാ തരത്തിലുള്ള പ്രേശ്നങ്ങളും ചാരുവിൽ ഒരുമിച്ചാണ് ഉണ്ടായിരുന്നത്…

എങ്കിലും ചാരുവിനരികിൽ അവളോട് ചേർന്നു ചേതനും തന്റെ പ്രതീക്ഷകളും ഇനിയും ഒരുമിച്ചു സഫലമാക്കാനുള്ള പ്രണയാർദ്ര രാവിനെ കുറിച്ചുമൊക്കെ സംസാരിച്ചുകൊണ്ടേയിരിക്കും…

അവന്റെ ഓരോ വാക്കിലും ജീവിതം തിരികെ പിടിക്കാനുള്ള ആത്മവിശ്വാസം സ്വയം അവളിൽ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ചേതൻ… അതുവഴി അവന്റെയും.

വയറിനു മുകളിലൂടെ കുഞ്ഞിന്റെ തുടിപ്പ് നോക്കി കാണുമ്പോൾ ചേതനും ചാരുവും തങ്ങളുടെ എല്ലാ വേദനകളും മറന്നിരുന്നു…

ചേതൻ തന്റെ കൈകൾ വിരിച്ചു ആ സ്പർശം അറിയും… ചേതന്റെ കൈ പതിയുമ്പോൾ കുഞ്ഞു വീണ്ടും വീണ്ടും തുടിച്ചു കൊണ്ടിരിയ്ക്കും…

ചാരുവിന് അതു ഇക്കിളിപെടുത്തുന്ന വേദന സമ്മാനിക്കുമെങ്കിലും അവളതു ഒരുപാട് ആസ്വദിച്ചിരുന്നു… ഈ നിമിഷങ്ങൾ ഒരിക്കലും അവസാനിച്ചിരുനെങ്കിൽ എന്നവൾക്കു തോന്നി പോയി…

ഒരു ദിവസം ചേതനോട് ചേർന്നിരിക്കുമ്പോൾ അവരുടെ റൂമിലേക്ക് രണ്ടതിഥികൾ എത്തി… തുളുമ്പി നിൽക്കുന്ന കണ്ണുകളുമായി മുന്നിൽ നിൽക്കുന്നവരെ കണ്ടു ചാരുവിന്റെ മുഖമിരുണ്ടു…

തുടരും

ഋതു ചാരുത : ഭാഗം 1

ഋതു ചാരുത : ഭാഗം 2

ഋതു ചാരുത : ഭാഗം 3

ഋതു ചാരുത : ഭാഗം 4

ഋതു ചാരുത : ഭാഗം 5

ഋതു ചാരുത : ഭാഗം 6

ഋതു ചാരുത : ഭാഗം 7

ഋതു ചാരുത : ഭാഗം 8

ഋതു ചാരുത : ഭാഗം 9

ഋതു ചാരുത : ഭാഗം 10

ഋതു ചാരുത : ഭാഗം 11

ഋതു ചാരുത : ഭാഗം 12

ഋതു ചാരുത : ഭാഗം 13

ഋതു ചാരുത : ഭാഗം 14

ഋതു ചാരുത : ഭാഗം 15