നവമി : ഭാഗം 14
എഴുത്തുകാരി: വാസുകി വസു
നീതിയുടെ സംസാരം കേട്ടു നവമി ഞെട്ടിപ്പോയി. വിശ്വാസം വരാതെ അവൾ ചേച്ചിയെ നോക്കി.ഇവളൊരിക്കലും മാറില്ലെന്ന് നവിക്ക് തോന്നിപ്പോയി. അപ്പോഴേക്കും മദ്ധ്യവയസ്ക്കൻ നവിയുടെ കയ്യിൽ ബലമായി പിടിച്ചു വലിച്ചു ബസിൽ നിന്ന് ഇറക്കാൻ ശ്രമിച്ചു.
ആൾക്കാർ ബഹളം കൂട്ടിയപ്പോൾ നീതി അവരെ എതിർത്തു ഇറങ്ങാനുളള വഴിയും ഒരുക്കി കൊടുത്തു..
“അവർ തമ്മിൽ ഇഷ്ടം ആണെങ്കിൽ പൊയ്ക്കോട്ടന്നേ.നമ്മളെന്തിനാ അവർക്ക് ശല്യമാകുന്നത്” നീതിയൊന്ന് ചിരിച്ചു….
ചേച്ചിയുടെ സംസാരം കേട്ടിട്ട് നവമിയുടെ കാതുകൾ കൊട്ടിയടക്കപ്പെട്ടു.ഇത്രയും നാൾ ക്ഷമിച്ചും സഹിച്ചും പാലൂട്ടിയത് വിഷ സർപ്പത്തിന് തന്നെ. അവര് പോലും ഇങ്ങനെ പക ചീറ്റിലെന്ന് അവൾക്ക് തോന്നിപ്പോയി.
യാത്രക്കാർ നീതിയുടെ എതിർപ്പിനെ അവഗണിച്ചെങ്കിലും മദ്ധ്യവയസ്ക്കൻ ബലമായി നവിയെ ബസിൽ നിന്ന് പിടിച്ചിറക്കി.
ചിലർ പിറുപിറുക്കുന്നുണ്ട്.മറ്റ് ചിലരാകട്ടെ ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നം അല്ലെന്ന ചിന്തയിലാണ്.മറ്റൊരു കൂട്ടർ അവളെ രക്ഷിക്കെന്ന് അലമുറയിടുന്നുണ്ട്.
എന്നാൽ അയാളെ എതിർക്കാനും ശ്രമിക്കുന്നില്ല.എതിർപ്പ് പ്രകടിപ്പിച്ച വരെ നീതി നിശബ്ദയാക്കുന്നുണ്ട്.
നവമിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി ഒഴുകി തുടങ്ങി. കണ്ണുനീർ കാഴ്ചയെ മറച്ചു.മദ്ധ്യവയസ്ക്കൻ കാണിക്കുന്ന തെമ്മാടിത്തരത്തേക്കാൾ അവളെയേറെ വേദനിപ്പിക്കുന്നത് ചേച്ചിയുടെ പെരുമാറ്റവും വാക്കുകളുമാണ്.
നവമി കുതറാൻ ശ്രമിച്ചെങ്കിലും മദ്ധ്യവയസ്ക്കൻ ബലമായി പിടിച്ചു വലിച്ചു കൊണ്ടിരുന്നു.
“ഛീ വിടെടാ നായേ” നവി അലറിക്കൊണ്ട് കയ്യോങ്ങി.
“കിടന്ന് പിടക്കാതെടീ മോളേ..നിന്നെപ്പോലത്തെ കുറെയെണ്ണത്തിനെ അപ്പാപ്പൻ കണ്ടിട്ടുളളതാണ്” തന്നെ അടിക്കാൻ ഉയർത്തിയ അവളുടെ കൈ അയാൾ തടഞ്ഞിട്ട് പറഞ്ഞു.
വീണ്ടും നവമി പിടി വിടാനായിട്ട് ശ്രമിച്ചതും അയാൾ അടിക്കാനായി കൈ ഉയർത്തി. പെട്ടെന്ന് കൈ പിന്നിൽ നിന്നാരോ തടഞ്ഞതു പോലെ.
ആരെന്ന് അറിയാനായി രോഷത്തോടെ തിരിഞ്ഞതും കണ്ണും മുഖവും ചേർത്തു അടികിട്ടി.അതോടെ നവിയുടെ കയ്യിൽ നിന്നുള്ള പിടിയും വിട്ടു.
അടിച്ച ആളെ വിശ്വസിക്കാൻ കഴിയാതെ അവൾ പകപ്പോടെ നോക്കി.അവൾ മാത്രമല്ല ബസിലെ യാത്രക്കാരും മദ്ധ്യവയസ്ക്കനും കാഴ്ചക്കാരുമെല്ലാം.
“നീതി…” ജ്വലിക്കുന്ന മുഖവും അഗ്നി ആളിപ്പടരുന്ന മുഖവുമായി നിൽക്കുന്നു.
“നീയെന്താടാ കരുതിയത്.ഏതൊരു പെണ്ണിനെയും കയറി കൈ വെക്കാമെന്നോ.ഇതെന്താ വെളളരിക്കാ പട്ടണമാണോ”” ഒരെണ്ണം കൂടി അയാളുടെ കവിളടക്കം പൊട്ടിച്ചു.നവിയെ വലിച്ചു തന്നിലേക്ക് അടുപ്പിച്ചു.
“ഇതേ എന്റെ ബ്ലഡ് ആണ്. എന്റെ അനിയത്തി. ഞാനെന്തിലും ചെയ്യും.തെരിവ് പട്ടികൾ ഇവളുടെ മേൽ കുതിര കയറണ്ടാ”
കലിപ്പ് തീരുവോളം നീതി അയാളെ ചവുട്ടി.ആരെങ്കിലും കൈ വെക്കാൻ നോക്കിയിരുന്നവർ എല്ലാം കൂടി അയാളെ പൊങ്കാലയിട്ടു.അപ്പോഴും ഒന്നും വിശ്വസിക്കാനാവാതെ നവമി തരിച്ചു നിൽക്കുകയാണ്..
കാണുന്നത് സത്യമോ മിഥ്യയോ..അറിയില്ല.എല്ലാം നടക്കുന്നത് കണ്മുന്നിലാണ്..
‘നീയെന്താടീ ഭയന്നു പോയോ…അയാൾക്ക് മുമ്പിൽ എറിഞ്ഞ് കൊടുത്തെന്ന് കരുതിയോ?”
ഒന്നിനുമേലെ ഒന്നൊന്നായി നീതിയുടെ ഒരായിരം ചോദ്യങ്ങൾ. നവമിക്ക് ഉത്തരം നൽകാനായില്ല.ഒരുസ്വപ്ന ലോകത്തിൽ ആയിരുന്നു അവൾ..
തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കൂടപ്പിറപ്പ് ആയിരുന്നു കുറച്ചു നിമിഷം മുമ്പ് വരെ നീതി. എന്നാൽ ഈ നിമിഷം മുതൽ അങ്ങനെയല്ല.ചേച്ചിയാണ്..തന്റെ രക്തം..
“ക്ഷമ ചോദിക്കാന് കൂടി അർഹതയില്ലെന്ന് അറിയാം.അത്രക്കും തെറ്റ് ഞാൻ ചെയ്തിട്ടുണ്ട്. എന്റെ ഒരു മനസമാധാനത്തിന് ക്ഷമിച്ചെന്നൊരു വാക്ക്”
പെരുവഴിയാണെന്നും ഒരുപാട് ആൾക്കാർ തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നും നീതി ശ്രദ്ധിച്ചില്ല.
പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ നവമിയുടെ കാൽക്കീഴിലേക്ക് വീഴാൻ ശ്രമിച്ചു.
നവമി ശക്തമായൊന്ന് ഞെട്ടി.ചേച്ചിയെ പിടിച്ചു എഴുന്നേൽപ്പിച്ചു.എന്നിട്ട് അവളെ ചേർത്തണച്ചു.
ചെയ്തു കൂട്ടിയത്രയും പാപഭാരങ്ങൾ പ്രായിശ്ചിത്തമെന്ന പോലെ ചുടുനീർ നീതിയിൽ നിന്ന് ഒഴുകിയിറങ്ങി.
അവയത്രയും നവിയുടെ ചുമലിൽ നനഞ്ഞിറങ്ങി.സന്തോഷത്താൽ അവൾക്ക് വാക്കുകൾ ലഭിച്ചില്ല.എങ്കിലും ചേച്ചിയുടെ ഇരു കവിളിലും മാറി മാറി ചുംബിച്ചു.
ഇന്നോളമിത്രയും ആനന്ദവും നിർവൃതിയും നവമിക്ക് തോന്നിയിരുന്നില്ല.സ്നേഹം കൊടുത്താൽ മാറാത്തതൊന്നുമില്ല.
അച്ഛനിൽ നിന്നും തന്നിൽ നിന്ന് അവൾക്ക് വേണ്ടുന്ന പരിഗണന ലഭിക്കുന്നില്ല.എല്ലാം തനിക്ക് ആണെന്നുളള ചിന്ത അച്ഛന്റെ വാത്സല്യം തിരിച്ചറിഞ്ഞപ്പോൾ നീതി മാറിയിരിക്കുന്നു.
ഒപ്പം അമ്മയുടെയും തന്റെയും പരിഗണനയും.സ്നേഹവും വാത്സല്യവും ലഭിച്ചാൽ ആരായാലും മാറാതിരിക്കില്ല.
ചേച്ചിക്ക് വേണ്ടുന്നത്രയും പരിഗണന വീട്ടിൽ നിന്ന് ലഭിക്കുന്നില്ലെന്നതാണ് പ്രശ്നമെന്ന് പലപ്പോഴും നവമിക്ക് തോന്നിയിരുന്നു.അതാണ് അവൾ അച്ഛനെ ഉപദേശിച്ചതും.
തന്നെക്കാൾ പ്രാധാന്യം ചേച്ചിക്ക് നൽകാൻ. ആദ്യമൊക്കെ നീരസം തോന്നിയെങ്കിലും രമണൻ പതിയെ എല്ലാം ഉൾക്കൊണ്ടു. മകൾ ഇങ്ങനെ ആകാൻ താനും കാരണമാണെന്ന് അയാൾക്ക് മനസ്സിലായി.
“നിന്നെയൊക്കെ കാണിച്ചു തരാമെടീ..”
മദ്ധ്യവയസ്ക്കൻ ഉറക്കെ പറഞ്ഞിട്ട് അവിടെ നിന്ന് പോയി.കാഴ്ചക്കാർക്ക് എല്ലാമൊന്നും മനസിലായെങ്കിലും ഇരുവരെയും അഭിനന്ദിച്ചു.
നീതിയോട് തോന്നിയ അമർഷവും വെറുപ്പും അവരിൽ മഞ്ഞുതുള്ളിയായി അലിഞ്ഞ് ഇല്ലാതെയായി..
“ഇനിയിപ്പോൾ കോളേജിലേക്ക് പോകണ്ടാ..നമുക്ക് വീട്ടിലേക്ക് പോകാം” അനിയത്തിയോടായി നീതി പറഞ്ഞു. ഓട്ടോ വിളിച്ചു അവർ അതിൽ കയറി പോയ ശേഷമാണ് ബസ് പോയത്…
💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻
റോഡിൽ ഏതോ വാഹനം വന്ന് നിൽക്കുന്ന ശബ്ദം കേട്ടാണ് രാധ വാതിക്കൽ വന്നത്.ഓട്ടോയിൽ നിന്ന് നീതിയും നവിയും ഒരുമിച്ച് ഇറങ്ങുന്നു.അവർ അന്തം വിട്ടുപോയി. അടിവയറ്റിൽ നിന്ന് എന്തൊ ഉരുണ്ട് മുകളിലേക്ക് കയറി.
“ദേ ചേട്ടാ ഇങ്ങോട്ടൊന്ന് വന്നേ” അകത്തേക്ക് നോക്കി വിളിച്ചു. പതിവില്ലാതെ ഭാര്യയുടെ വിളി കേട്ടാണ് രമണൻ അവിടേക്ക് വന്നത്.
“എന്തു കണ്ടിട്ടാടീ നീ കിടന്ന് നില വിളിക്കുന്നത്” അരിശത്തോടെയുളള രമണന്റെ ചോദ്യം രാധ അവഗണിച്ചു. പകരം പുറത്തേക്ക് വിരൽ ചൂണ്ടി. അങ്ങോട്ട് നോക്കിയ അയാളുടെ കിളിയും പറന്നു.
“മൂത്തമകളും ഇളയമകളും കൂടി ചിരിച്ചു പറഞ്ഞു ചേർന്ന് നടന്ന് വരുന്നു.”
പതിവില്ലാത്ത കാഴ്ച..എങ്ങനെ കിളി പറക്കാതിരിക്കും.
അകലെ നിന്നേ അവർ കണ്ടിരുന്നു.. കിളി പാറിയ അച്ഛനെയും അമ്മയെയും. പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് അവർ മാതാപിതാക്കളുടെ അരികിലെത്തി.
സന്തോഷത്താൽ എട്ട് മിഴികളും നിറഞ്ഞു.ഒന്നും മിണ്ടാനാകാതെ കുറച്ചു സമയം കടന്നു പോയി. ഒടുവിൽ നവമി മൗനം ഭഞ്ജിച്ചു.
“വഴി മാറി തന്നാൽ അകത്ത് കയറാമായിരുന്നു.”
സ്വപ്നത്തിലെന്ന പോലെ അവർ മാറി നിന്നു.മക്കളെ രണ്ടു പേരെയും അത്ഭുതത്തോടെ നോക്കി.നീതി മുറിയിലേക്ക് കയറിയ നിമിഷം നവി എല്ലാം വിവരിച്ചു പറഞ്ഞു.
അതോടെ അവർക്ക് സന്തോഷമായി.
“ഒടുവിൽ ഈശ്വരൻ കണ്ണു തുറന്നു..” രാധയും രമണനും ഒരുപോലെ നെഞ്ചിൽ കൈവെച്ചു..
“അതേ ചേച്ചി പതിയെ മാറുകയാണ്. കുറ്റപ്പെടുത്തലും വിചാരണയൊന്നും വേണ്ടാ.പഴയതുപോലെ വഴക്കിടരുത്.
എന്നും പരസ്പരം സ്നേഹമായി ഇരിക്കണം.എനിക്ക് എന്റെ ചേച്ചിയെ ഇങ്ങനെ തന്നെ വേണം..”
കാര്യം മനസ്സിലായെന്ന മട്ടിൽ അവർ തല കുലുക്കി. അന്ന് ഉത്സവം പോലെ ആയിരുന്നു അവിടെ. നീതി എല്ലാവരുമായി അടുത്ത് ഇടപെഴുകി.
ഇടക്കിടെ അവളുടെ കണ്ണുകൾ നിറഞ്ഞത് നവമി ശ്രദ്ധിക്കാതിരുന്നില്ല.
സന്തോഷ സൂചകമായി അവിടെ ചെറിയ രീതിയിൽ സദ്യ ഒരുക്കി.എല്ലാവരും ഒരുമിച്ച് ഇരുന്ന് കഴിച്ചു.വൈകിട്ട് ഭാര്യയും മക്കളുമായി രമണൻ വെളിയിലേക്ക് പോയി.
അവർക്ക് ഇഷ്ടമുള്ളതൊക്കി വാങ്ങി കൊടുത്തു. ഒരു സിനിമയും കണ്ടിട്ട് ഹോട്ടലിൽ നിന്ന് ഭക്ഷണവും കഴിച്ചാണ് വീട്ടിലേക്ക് വന്നത്.
രാത്രിയിൽ അച്ഛനും അമ്മയും മക്കളും കൂടി കസേരയിട്ട് മുറ്റത്ത് നിലാവിനെ സാക്ഷിയാക്കി മനസ് തുറന്നു സംസാരിച്ചു കൊണ്ടിരുന്നു.
പാതിരാത്രി കഴിഞ്ഞാണ് ഉറങ്ങിയതും.നവിയുടെ കൂടെ കിടന്ന അമ്മ പുറം തളളപ്പെട്ടു.
“അമ്മ ചെന്ന് അച്ഛന്റെ റൂമിൽ കിടക്ക്.ഇന്നു മുതൽ ഞാൻ നവിക്കുട്ടിയുടെ കൂടെയാണ്” അനിയത്തിയെ നീതി ചേർത്തു നിർത്തി.
കൂടപ്പിറപ്പിന്റെ സ്നേഹം ആവോളം നുകരുക ആയിരുന്നു നവമി.നഷ്ടപ്പെട്ടെന്ന് കരുതിയ ചേച്ചിയെ തിരികെ കിട്ടിയ സന്തോഷം അവളിൽ ഉണ്ടായി.
ഒരേ കട്ടിലിൽ കെട്ടിപ്പിടിച്ചാണു രണ്ടും കൂടി കിടന്നത്.ഓരോ സങ്കടവും നീതി പറഞ്ഞു കരഞ്ഞു.നവി കണ്ണുനീർ തുടച്ചു അവളെ ആശ്വസിപ്പിച്ചു.
നേരം വെളുക്കുവോളം ഇരുവരും സംസാരിച്ചു.ഇടക്കെപ്പഴോ ഇരുവരും ഉറങ്ങി പോയിരുന്നു..
പുലർച്ചെ നീതി എന്തോ ദുസ്വപ്നം കണ്ട് ഞെട്ടിയുണർന്നു.എഴുന്നേൽക്കാൻ നോക്കിയപ്പോൾ നവിയുടെ കരങ്ങൾ തന്നെ ചുറ്റിപ്പിടിച്ചിട്ടുണ്ട്.
ആ കൈകൾ മെല്ലെ എടുത്തു മാറ്റി നീതി എഴുന്നേറ്റു.
ഫാൻ ഫുൾ സ്പീഡിൽ കറങ്ങിയട്ടും അവൾ വിയർപ്പിൽ മുങ്ങി കുളിച്ചിരുന്നു.വല്ലാത്ത പരവേശവും ദാഹവും അനുഭവപ്പെട്ടു.
അടുക്കളയിൽ ചെന്ന് ഒരുജഗ്ഗിന്റെ പകുതിയിലധികം വെള്ളം കുടിച്ചു തീർത്തു..
സ്വപ്നത്തിൽ കണ്ട ചിത്രങ്ങൾ ബാക്കി കൂട്ടി യോജിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.അവ്യക്തമായ ചിത്രങ്ങൾ.
ചലിക്കുന്ന നിഴലുകൾ. ഓർമ്മകൾക്ക് ഭ്രാന്ത് പിടിക്കുന്നതു പോലെ നീതിക്ക് തോന്നി.
മുറിയിൽ ചെന്ന് നീതി നവമിയുടെ ഫോൺ എടുത്തു ഹാളിലേക്ക് വന്നു.സമയം പുലർച്ചെ 5:30 .നേരം പുലർന്നട്ടില്ല.
മനോമുഖരത്തിൽ ധനേഷിന്റെ രൂപം തെളിഞ്ഞതും അവന്റെ നമ്പർ വേഗത്തിൽ ടൈപ്പ് ചെയ്തു.
അതേസമയം ഉറക്കത്തിൽ നവിയുടെ കരങ്ങൾ നീതിയെ തേടി പരതി നടന്നു.ഉപബോധ മനസ്സിലൊരു ഞെട്ടൽ ഉണ്ടായതും അവൾ ഉണർന്നു.
ചേച്ചിയെ മുറിയിൽ കാണാഞ്ഞതിനാൽ അവൾ ഹാളിലേക്ക് ഇറങ്ങാനായി ശ്രമിച്ചു.
അവിടെ ഇരുളിൽ അടക്കിപ്പിടിച്ച് ആരോ സംസാരിക്കുന്നത് കേട്ടവൾ ചെവിയൊന്ന് വട്ടം ചേർത്തു..
“ധനേഷ് എനിക്കൊന്ന് കാണണം…എത്ര നാളായി കണ്ടിട്ട്..രാവിലെ കോളേജിൽ വാ..നവിയുടെ കണ്ണുവെട്ടിച്ച് ഞാൻ ചാടാം”
നീതിയുടെ സ്വരം കാതിലേക്ക് ഒഴുകി എത്തിയതോടെ നവി തറഞ്ഞു നിന്നു..കേട്ടത് വിശ്വസിക്കാൻ കഴിയാതെ..
പടുത്തുയർത്തിയ സ്വപ്ന സൗധം ചീട്ടു കൊട്ടാരമായി തകർന്ന് അടിയുന്നത് അവളറിഞ്ഞു..
“മാറില്ല ഇവളൊരിക്കലും മാറാൻ കഴിയില്ല അവൾക്ക്…സൈക്കോ ആണിവൾ..മനോരോഗി…
തുടരും….