❤️ എന്റെ രാജകുമാരൻ ❤️ ഭാഗം 11
നോവൽ
******
എഴുത്തുകാരി: അഫീന
ഇന്ന് ഓഫീസിൽ നിന്ന് ഹാഫ് ഡേ എടുത്ത് ഇറങ്ങി.കുറച്ച് പണി ഇണ്ടായിരുന്നു. വൈകുന്നേരം അഞ്ചു മണിയോടെ വീട്ടിൽ എത്തി. വീട്ടിലേക് കേറി വരുന്ന എന്നെ കണ്ട് ഉമ്മിച്ചി അന്തം വിട്ട് നിന്നു.
” എന്താടാ അജു ഇത് ”
” അതൊക്കെ പിന്നെ പറയാം. ഉമ്മിച്ചി വേഗം ചായ ഇട്. ഞാൻ ഫ്രഷ് ആയി വരാം. ”
വേഗം പോയി ഡ്രസ്സ് ഒക്കെ മാറി വന്നു. ചായ കുടിച് കഴിഞ്ഞ് ഉമ്മിച്ചിനോട് പറഞ്ഞു.
” ഉമ്മിച്ചി വേഗം വാ. പാത്രം ഒക്കേ പിന്നെ കഴുകാം ”
” എന്താടാ അജു. ഇത് കുറേ ഉണ്ടല്ലോ. നിനക്ക് ഇതിനോടൊന്നും വെല്യ താല്പര്യം ഇല്ലാരുന്നല്ലോ. ഇപ്പൊ എന്ത് പറ്റി ”
” ദേ ഉമ്മിച്ചി വെറുതെ പറയരുത്. നമ്മടെ വീട്ടില് വെച്ച് ഞാനല്ലേ ഉമ്മിച്ചിനെ ഹെൽപ്പണേ ചെടി നടാനൊക്കെ ”
” അത് ശരിയാ. പക്ഷെ നീ ചെടിയൊന്നും വാങ്ങാൻ കൂട്ടാക്കാറില്ലല്ലോ. അത് കൊണ്ട് പറഞ്ഞതാണേ. അല്ല ഇത് റോസാ മാത്രേ ഉള്ളല്ലോ. വേറെ ഒന്നും വാങ്ങാതിരുന്നതെന്താ. ”
” എനിക്ക് ഇഷ്ടപ്പെട്ടത് മാത്രം വാങ്ങിയുള്ളു. ”
” എന്തായാലും കാണാത്ത കളർ ആണ് എല്ലാം. ഒരു വിധം എല്ലാ കളറും ഐഷുന്റെ കയ്യിലുണ്ട്. ഇത് കാണുമ്പോ ഐഷു പെണ്ണ് തുള്ളിച്ചാടും നോക്കിക്കോ ”
ആ അത് തന്നെയാലോ എനിക്കും വേണ്ടത്. ഇതിന്റെ പേരിൽ അവളോട് സംസാരിക്കാലോ.
” ആര് തുള്ളിച്ചാടിയാലും എന്നോട് ചോദിക്കാതെ ഒരു കൊമ്പ് പോലും ഓടിക്കാൻ ഞാൻ സമ്മതിക്കൂലാ. എങ്ങാനും മറിച് സംഭവിച്ചാൽ എല്ലാനും കൊണ്ടോയി ഞാൻ കത്തിക്കും. ഉമ്മിച്ചിക്ക് അറിയാലോ എന്നെ. ”
” ഓ സമ്മതിച്ചു, എന്നാ വാ നമുക്ക് നടാം ”
ഞാനും ഉമ്മയും കൂടി ചട്ടികളിൽ മണ്ണൊക്കെ നിറച്ചു. നടാൻ തുടങ്ങിയപ്പോഴേക്കും നമ്മടെ ആളെത്തി.
എന്നെ കണ്ടപ്പോ തന്നെ മുങ്ങാൻ പോയതാ. അപ്പോഴാ പെണ്ണ് റോസാചെടികൾ കണ്ടത്. കണ്ണൊക്കെ വിടർന്നു. ആഹാ എന്താ രസം. അവള്ടെ കണ്ണ് കണ്ട ഇങ്ങനെ നോക്കി നിക്കാൻ തോന്നും.
” സാബി ഉമ്മിച്ചി എവിടെന്നാ ഇതൊക്കെ ”
” അറിയില്ല മോളേ ദേ അജു കൊണ്ട് വന്നതാ ”
” ആണോ അജുക്കാ. ഇതെവിടെന്ന് വാങ്ങിയതാ. ഞാൻ കുറേ സ്ഥലത്ത് നോക്കി. പക്ഷെ കിട്ടിയില്ലായിരുന്നു. എന്റേല് ഇല്ലാത്ത കളറാ എല്ലാം”
ന്റെ റബ്ബേ ന്റെ പെണ്ണ് ആദ്യായിട്ട് എന്നോട് സംസാരിച്ചു. അതും പതിനാലാം രാവ് ഉദിച്ച മാതിരി ചിരിയും തന്ന്.
പാതിരാത്രി മതിൽ ചാടി ഇക്ക വന്നത് വെറുതെയാണോ മുത്തേ. ഇനി പതിയെ പതിയെ നിന്റെ മനസ്സിലേക്ക് ഞാൻ കേറും മോളേ.
” ഞാൻ രണ്ട് മൂന്നു സ്ഥലത്ത് പോയി. ആ കോൺവെന്റ് ജംഗ്ഷൻ കഴിഞ്ഞിട്ടുള്ള കടയിൽ നിന്നാ കൂടുതലും കിട്ടിയത് ”
” ആ ഞാൻ അവിടെ പോയിട്ടില്ല. എന്നിട്ട് നട്ട് തുടങ്ങിയോ ”
” ഇല്ല മോളേ മണ്ണ് നിറച്ചു തുടങ്ങിയെ ഉള്ളൂ ” ഉമ്മ
” മണ്ണിൽ വളം ചേർത്തോ, ചകിരി ഇടണത് നല്ലതാ”
” അതൊന്നും ചെയ്തില്ല. വെറുതെ മണ്ണ് നിറച്ചേ ഉള്ളൂ. എനിക്കറിയില്ലല്ലോ. ഈ ഉമ്മിച്ചി പറഞ്ഞും ഇല്ല. ”
അവള് സെരിയാക്കി തരാന്നും പറഞ്ഞ് വേഗം മണ്ണ് ഒക്കെ മാറ്റി വളം ഇട്ട് ചകിരിയൊക്കെ എവിടെന്നൊക്കെയോ പൊക്കി കൊണ്ട് വന്ന് ചട്ടി നിറക്കാൻ തുടങ്ങി. ഇടക്ക് എന്നോടും ഓരോന്ന് പറയുന്നുണ്ട്. അതെടുത്തു താ ഇതെടുത്തു താ എന്നൊക്കെ.
ഈ പെണ്ണ് ഇതേത് ലോകത്താ. ഇങ്ങനെ ഉണ്ടോ ഒരു റോസാ പ്രാന്ത്. അങ്ങനെ ഞാനും ഉമ്മിച്ചിയും ഐഷും കൂടെ എല്ലാ ചെടികളും നട്ട് വെള്ളം ഒഴിച്ചു.
ഇതിനിടക്ക് പെണ്ണ് എന്തൊക്കെയോ കഥകൾ പറയുന്നുണ്ട് എവിടെയോ റോസാചെടി കട്ട് പറിക്കാൻ കേറിയതും അവിടത്തെ പട്ടി ഓടിച്ചിട്ടതും ഉപ്പാടെ കയ്യിന്നു വഴക്ക് കേട്ടതും അങ്ങനെയങ്ങനെ എന്തല്ലാമോ…
നമ്മടെ ഫുൾ കോൺസെൻട്രേഷൻ ഐഷുവിൽ ആയിരുന്നത് കൊണ്ട് ഫുൾ ആയിട്ടങ്ങാട് കേട്ടില്ല. ഈ പെണ്ണിനെയാണോ ആ കോന്തൻ വേണ്ടാന്ന് വെച്ചത്.
ഡോണ്ടു ഡോണ്ടു അവന് നല്ലവനാ. അത് കൊണ്ടല്ലേ ഇപ്പൊ ഞമ്മക് ചാൻസ് കിട്ടിയത്. ഷാനു നീ ഞമ്മടെ മുത്താണ്.
ഇന്ന് അങ്ങിനെ ഐഷുനോട് സംസാരിക്കാൻ ചാൻസ് കിട്ടി. അവൾക് എന്നോടുള്ള ആ അകലം കുറഞ്ഞ പോലെ. ഇന്ന് ഇനി സമാദാനം ആയിട്ട് ഉറങ്ങാം.
@@@@@@@@@@@@@@@@@@@@@@@
ഹോ എന്ത് രസാ ആ റോസാപ്പൂക്കൾ ഒക്കെ കാണാൻ. സാബി ഉമ്മിച്ചിനെ കാണാനാ അവിടെ പോയേ. നോക്കിയപ്പോ അജുക്ക ഉണ്ട് അവിടെ. എന്തോ അജുക്കനെ കാണുമ്പോ എവിടേക്കെങ്കിലും ഓടി ഒളിക്കാൻ തോന്നും.
ആ മുഖത്തേയ്ക്കൊന്ന് നോക്കാൻ കൂടി പറ്റണില്ല. എന്താവോ ഇങ്ങനെ. പക്ഷെ റോസാപൂ കണ്ടപ്പോ പിന്നെ നമ്മടെ പിടി വിട്ട് പോയി. അതും ഇത് വരെ ഞാൻ അന്വേഷിച്ചിട്ട് കിട്ടാത്ത കളർ.
പിന്നെ ഞാൻ അറിയാതെ തന്നെ അജുക്കനോട് മിണ്ടി. എന്തൊക്കെയാ റബ്ബേ പറഞ്ഞേ. ഓർത്തിട്ട് വട്ടാകുന്നു. എനിക്ക് തലക്ക് സുഖമില്ലാന്ന് ഓർത്ത് കാണോ. ആ ഓർത്താൽ ഇപ്പൊ എനിക്കെന്താ.
ആ ചെടികളൊക്കെ നല്ലത് പോലെ പിടിച്ചു കിട്ടീട്ട് വേണം കൊമ്പ് കൊണ്ട് വന്ന് നടാൻ. അതിന് അങ്ങേര് തരോ.. സാബി ഉമ്മിച്ചിനെ സോപ്പിടാം.
അങ്ങനെ ഓരോന്ന് ഓർത്ത് ഉറങ്ങി.
എന്നും വൈകീട്ട് ഞാൻ ചെന്ന് ചെടിക്ക് വെള്ളമൊഴിക്കലും കള പറിക്കലും ഒക്കെയായി അങ്ങനെ പോയി. ഇപ്പൊ ഞമ്മക്ക് അജുക്കാനോട് മിണ്ടാൻ കുഴപ്പം ഒന്നും ഇല്ലാട്ടാ. ആള് നല്ല ഫ്രണ്ട്‌ലി ആണ്. മോശമായി ഒരു രീതിയിലും എന്നോട് സംസാരിക്കുകയോ പെരുമാറുകയോ ചെയ്തിട്ടില്ല.
ഇന്ന് ഞായറാഴ്ച അല്ലേ. എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കണമെന്ന് ഷാനക്ക് നിർബന്ധം. അങ്ങനെ ഞങ്ങൾ രണ്ടാളും കൂടി ചിക്കൻ കൊണ്ടാട്ടവും ബട്ടൂരയും ഉണ്ടാക്കി.
ഷാന കുട്ടീടെ മാസ്റ്റർ പീസ് ആണ് ബട്ടൂര.
ഞാൻ എത്ര പ്രാവശ്യം ട്രൈ ചെയ്തു. ശരിയായില്ല. ഞങ്ങടെ ഫുഡടി കഴിഞ്ഞപ്പോഴാ ഉമ്മ പറഞ്ഞേ കുഞ്ഞോനും അജുക്കക്കും കൊടുത്തില്ലല്ലോന്ന്.
” ഓ പിന്നെ ആ കുഞ്ഞു മോന് ഒന്നും കൊടുക്കണ്ട. വേണോങ്കി അജുക്കക്ക് കൊണ്ടോയി കൊടുക്കാം”
ഷാന
” ഒരാൾക്കു മാത്രം കൊണ്ടോയി കൊടുക്കാണെ ങ്ങനെ. സാബി എന്ത് ഇണ്ടാക്കിയാലും നിങ്ങ രണ്ടാൾക്കും തരൂലേ കുശുമ്പത്തി. കൊണ്ടോയി കൊടുക്കടി ” ഉമ്മ
ഉമ്മാടെ കയ്യിന്ന് കിട്ടിയപ്പോ ഷാന ഹാപ്പി. സത്യം പറഞ്ഞ അവർക്കും കൂടെ കണക്കാക്കിയാ ഇണ്ടാക്കിയെ. സ്പെഷ്യൽ എന്തേലും ഉണ്ടാക്കുമ്പോൾ നമ്മടെ കുഞ്ഞോനേ മറക്കാൻ പറ്റോ..
അങ്ങനെ അതും കൊണ്ട് സാബി ഉമ്മിച്ചിടെ അടുത്ത് പോയപ്പോ അടുക്കളേൽ നല്ല തട്ടും മുട്ടും കേക്കുന്നുണ്ട്.
ഇതെന്താപ്പാണ് വെച്ച് നോക്കുമ്പോ രണ്ടും കൂടെ അടുക്കള തകർക്കുവാണ്. കുഞ്ഞോനേ കണ്ടപ്പോ ചിരി വരുന്നുണ്ടായിരുന്നു.
ആകെ ഒരു മുണ്ടും ഉടുത്തു ഉരുക്കു ബോഡീം കാട്ടി തലേൽ തോർത്തും കെട്ടി നിക്കേണ്. അജുക്ക പിന്നെ ഷർട്ട് ഇട്ടിട്ടുണ്ട്.
” അയ്യേ.. ഇതെന്താ ബോഡി ഷോയാ.. ” ഷാന
കുഞ്ഞോൻ ആകെ ചൂളി പോയെങ്കിലും അത് മറച്ചു വെച്ച് അവൻ പറഞ്ഞു
” ചോദിക്കാതേം പറയാതേം ഇങ്ങട് കേറി വരാൻ നിന്നോട് ആരാടി പറഞ്ഞേ കുരുപ്പേ. ഒരു ഉളുപ്പും ഇല്ലാണ്ട് ഇങ്ങട് കേറി വന്നോളും. സ്വന്തം വീടന്നാ വിചാരം. നീ എന്തിനാ രാവിലെ തന്നെ എന്റെ ബോഡി കാണാൻ ഇങ്ങോട്ടേക്കു ഇടിച്ചു കേറി വന്നേ.. ”
ആ പറഞ്ഞത് ഞമ്മക്കിട്ട് കൊണ്ടു. ശരിയാ ഇത് വരേം സ്വന്തം വീട് പോലെ തന്നെയാ ഇങ്ങോട്ട് കേറി വന്നേ. സാബി ഉമ്മിച്ചിനെ അത്രക്ക് ഇഷ്ടയോണ്ടാ. എന്റെ മുഖം വാടിയത് കണ്ടോണ്ട് ആണെന്ന് തോന്നണു കുഞ്ഞോൻ തിരുത്തിയത്.
” അങ്ങനെ ഇവിടെ കേറി വരാൻ എന്റെ ഇത്താത്തക്ക് മാത്രേ അവകാശം ഉള്ളൂ. ”
” അല്ലെങ്കിലും ആരു വരുന്നു ഇങ്ങോട്ടേക്കു. അതും ഇയാളുടെ ഒണക്ക ബോഡി കാണാൻ. നല്ല കോലം ഇണ്ട്. പാടത്തു കോലം വെച്ച മാതിരി.”
” ടി ടി വേണ്ട എന്റെ ബോഡിയെ പറയണ്ട. ”
” ആദ്യം പോയി തുണി ഇട്ടിട്ട് വാ എന്നിട്ട് സംസാരിക്കാം.വല്യ ആളാവാൻ നടക്കണ്. ഞാനേ ഇയാളെ കാണാൻ അല്ല അജുക്കാനേ കാണാൻ വന്നതാ ”
അവൻ ഓടി ഷർട്ട് ഇടാൻ പോയി. അപ്പോഴാ ഉമ്മിച്ചി അങ്ങോട്ടേക്ക് വന്നത്.
” എന്റെ പൊന്ന് മോളേ നേരം വെളുത്തപ്പ തൊട്ട് രണ്ടെണ്ണം അടുക്കളേൽ കിടന്ന് നിരങ്ങേണ്. എന്നെ ഇവിടേക്ക് അടുപ്പിച്ചിട്ടില്ല. എന്നിട്ടാ ഒന്നും ഒട്ടും ആയും ഇല്ല ”
” ദേ ഉമ്മിച്ചി ഇറച്ചി അടുപ്പത്തു വെച്ചിട്ടുണ്ട്. പത്തിരി ദേ ഇരിക്കണ് ”
പത്തിരി കണ്ട് ഞാനും ഷാനയും തല കുത്തി നിന്ന് ചിരിയായി ആകെ അഞ്ചാറു പത്തിരീം ഇണ്ട് പകുതീം കരിഞ്ഞു പോയി.
അപ്പോഴേക്കും കുഞ്ഞോൻ അങ്ങോട്ട് വന്നു. അപ്പൊ ഞങ്ങടെ ചിരി കൂടി. അവന്റെം അജുക്കടേം മുഖം കാണണമായിരുന്നു. ആകെ പ്ലിങ്ങി ഇരിക്കണ അവസ്ഥ. ഇറച്ചി ആണെങ്കി കരിഞ്ഞും പോയി.
” അല്ല മോളേ എന്താ നിങ്ങടെ കയ്യില് ” ഉമ്മിച്ചി
” ആ അത് ഞങ്ങടെ സൺഡേ സ്പെഷ്യൽ ആണ്. ഇവിടത്തെ പോലെ കരിഞ്ഞ സ്പെഷ്യൽ അല്ല. ചിക്കൻ കൊണ്ടാട്ടവും ബട്ടൂരയും ആണ് ”
ഇത് കേട്ടപ്പോഴേ രണ്ടിന്റേം മുഖത്ത് 100 വാട്ട് ബൾബ് കത്തി ഉമ്മിച്ചിടെ മുഖത്ത് സമാദാനവും.
അപ്പോഴാ അങ്ങോട്ടേക്ക് വേറെ ഒരാള് കേറി വന്നത്. ഞങ്ങൾ സംശയത്തോടെ നോക്കി നിന്നു
” ഇത് എന്റെ ബെസ്റ്റ് ഫ്രണ്ട് അഭിജിത് ഞങ്ങടെ അഭി.എന്റെ കൂടെ തന്നെയാ വർക്ക് ചെയ്യണേ.ഇനി കുറച്ച് ദിവസത്തേക്ക് ഇവിടെ കാണും. ” അജുക്ക
” ഞങ്ങൾ മൂന്നു പേർക്കുള്ളതേ കൊണ്ടൊന്നുള്ളു. ഒരാള് കൂടി ഇണ്ടെന്ന് അറിയില്ലാരുന്നു. ”
” ഓ അതൊന്നും കുഴപ്പമില്ല പെങ്ങളെ ഞങ്ങള് ഷെയർ ചെയ്‌തോളാം. ” അഭി
അങ്ങനെ ഞങ്ങൾ വിളമ്പി കൊടുത്തു അവര് ഫുഡടി തുടങ്ങി. ഒന്നും പറയുന്നില്ലല്ലോ. ഇനി ഇഷ്ടപ്പെട്ടില്ലേ.
” ഹോ ഇത്താത്ത…. ഇങ്ങടെ കൈപ്പുണ്യം അപാരം. എന്താ ടേസ്റ്റ്. ഈ നിക്കണ മൊതല് എങ്ങാനും ആണ് ഇണ്ടാക്കീതെങ്ങി തീർന്നേനെ. ഈ ബട്ടൂര ഇത്ര ടേസ്റ്റി ആയിട്ട് ഇണ്ടാക്കണേ എങ്ങനെ. ഉമ്മിച്ചി മൂന്ന് വട്ടം ഇണ്ടാക്കി ചീറ്റി പോയി. ” കുഞ്ഞോൻ
” കുഞ്ഞോന് ബട്ടൂര ഇഷ്ടപ്പെട്ടോ. ഞാൻ ഇണ്ടാക്കിയാലും ശരിയാവാറില്ല. ഇതിപ്പോ ഷാന ഇണ്ടാക്കീതാ. അവള്ടെ മാസ്റ്റർ പീസാ ”
അത് കേട്ടപ്പോ കുഞ്ഞോൻ തീറ്റ നിർത്തി ദയനീയമായി എന്നെ നോക്കി. പിന്നെ അവളെയും. കയ്യിലെടുത്ത ബട്ടൂര ചിക്കൻ കൂട്ടി അകത്താക്കീട്ട് പറയെണ്
” ആ അത് ഈ ചിക്കൻറെ കൂടെ കഴിക്കുമ്പോൾ നല്ല ടേസ്റ്റ് വെറുതെ തിന്നാൻ കൊള്ളില്ല ”
അവനത് പറഞ്ഞു തീർന്നതും ഷാന അവന്റെ കയ്യിലുള്ള ബട്ടൂര തട്ടിപ്പറിച്ചു എടുത്തു തിന്നാൻ തുടങ്ങി. ബാക്കി പത്രത്തിൽ ഉള്ളത് അജുക്കാടേം അഭി ചേട്ടന്റേം അടുത്തേക്ക് നീക്കി വെച്ചു.
” ഇഷ്ടപ്പെട്ടില്ലെങ്കി തിന്നണ്ട.കഷ്ടപ്പെട്ട് തിന്നാല് വയറ്റിൽ പിടികൂല. മോൻ എണീറ്റ് പോയി കൈ കഴുകിക്കോ. അല്ലെങ്കി അടുക്കളേൽ കരിഞ്ഞ പത്തിരി ഇരിപ്പണ്ട് അതെടുത്തു തിന്ന്. ”
” എടി ദുഷ്ടത്തി. അതെന്റെ ബട്ടൂരയാ. ഇങ്ങട് താ ”
” തരൂലാ. മോന് ഇച്ചിരി കൂടുതലാ. ഇനി മോൻ തിന്നണ്ട ”
” അങ്ങനെ പറയല്ലേ പ്ലീസ്. നല്ല ടേസ്റ്റ് ആണ്. നിന്റെ കൈപ്പുണ്യം അപാരം. വിശന്നിട്ട് വയ്യെടി. താ പ്ലീസ് ”
” ആ അങ്ങനെ വഴിക്ക് വാ. ഇപ്പൊ നല്ല പിള്ളയായല്ലോ. ”
അങ്ങനെ അവന് കൊടുത്തു. കഴിച്ചു കഴിഞ്ഞപ്പോഴാ അടുത്ത ഡയലോഗ് കുഞ്ഞോന്റെ വക.
” എടി കുരുപ്പേ. നീ എന്തിനാ ഞാൻ കഴിച്ചെന്റെ ബാക്കി കഴിച്ചേ. നിനക്ക് ഇക്കാനോട് ലോവ്വാണോ മോളേ.. ”
ഇത് കേട്ട് ഷാനയുടെ തലയിൽ നിന്ന് എല്ലാ കിളികളും പറന്ന് പോയി. ശരിയാ അവനോടുള്ള വാശിക്ക് കഴിച്ചേന്റെ ബാക്കിയാ അവള് തിന്നത്. പോയ കിളികളെ എല്ലാം പിടിച്ചു കൂട്ടിലിട്ട് അവള് പറഞ്ഞ്
” അയ്യടാ പ്രേമിക്കാൻ പറ്റിയ മൊതല്. അതിനേ എനിക്ക് വേറെ ആളുണ്ട്. പിന്നെ ഒരബദ്ധം ഏത് പോലീസ്കാരനും പറ്റും. വാ ഇത്താത്ത നമുക് പോകാം. ”
ഇത് കേട്ടപ്പോൾ ഞങ്ങടെ കിളികളെല്ലാം പറന്നു. പക്ഷെ ഒരാളുടെ മുഖം മാത്രം മങ്ങുന്നത് ഞാൻ കണ്ടു.വഴക്ക് അങ്ങനെ മുറുകുന്ന സമയത്താണ് കാളിങ് ബെല്ലിന്റെ ഒച്ച കേട്ടത്.
അഭി ചേട്ടനാണ് ഡോർ തുറന്നത്. ആയിഷ ഉണ്ടോന്ന്. നല്ല പരിചയമുള്ള ശബ്‌ദം. ഇതാരാ എന്നെ അന്വേഷിച്ചു ഇവിടെ വരാൻ. ഞാൻ നേരെ ഡോറിന്റെ അടുത്തേക്ക് ചെന്നു.
വന്ന ആളുടെ അടുത്തേയ്ക്ക് ചെന്നതും മുഖമടച് ഒന്ന് കിട്ടിയതും ഒരുമിച്ചായിരുന്നു. ആരാ എന്നെ തല്ലിയതെന്നാണോ. വേറെ ആര് ദിവ്യ തന്നെ.
” ആരും പേടിക്കണ്ട അത് ഇത്തത്താടെ ബെസ്റ്റി ആണ് ”
” ടി പുല്ലേ . നീ വന്നേ ഇവിടെ നിന്ന് എന്റെ വായീന്ന് ഒന്നും കേപ്പിക്കണ്ട. അതേ സാബി ഉമ്മിച്ചി ഞാൻ പിന്നെ കാണാൻ വരാം. അതിന് മുമ്പ് ഇവളോട് കുറച്ച് പറയാനുണ്ട് ”
എന്നും പറഞ്ഞു എന്നെ പിടിച്ചു വലിച്ചു കൊണ്ട് പോയി. എല്ലാ വിശേഷങ്ങളും അറിയിക്കാറുണ്ടെങ്കിലും ഷാനുക്കടെ കാര്യം മാത്രം പറഞ്ഞില്ല. വെറുതെ അവരെ സങ്കടപ്പെടുത്തണ്ടാന്ന് വെച്ചു. ചേട്ടായീടെ സുഹൃത്ത് വഴി അവള് അറിഞ്ഞു.
എല്ലാം പറഞ്ഞു കഴിഞ്ഞിട്ടും ഞാൻ കരയാതിരുന്നത് അവൾക് അത്ഭുതം ആയിരുന്നു. പിന്നെയും കുറേ നേരം സംസാരിച്ചു.
എല്ലാവരേം പരിചയപ്പെടുത്തി കൊടുത്തു. പോകുന്നതിന് മുമ്പ് സാബി ഉമ്മിച്ചീനേം ബാക്കി ഉള്ളോരേം പരിചയപ്പെടുത്തി.
അങ്ങനെ തട്ടീം മുട്ടീം ദിവസങ്ങൾ പോയി കൊണ്ടിരുന്നു. അജുക്ക ഇപ്പൊ എന്റെ നല്ലൊരു സുഹൃത്താണ്. കുറേ പുസ്തകങ്ങളൊക്കെ ഉണ്ട് പുള്ളിടെ കയ്യില്. എനിക്കും വായിക്കാൻ തരും.മുറി തന്നെ വായനക്കായി ഒഴിച്ചിട്ടിട്ടുണ്ട്.
ഞങ്ങളുടെ ഇഷ്ടങ്ങളൊക്കെ ഏകദെശം ഒരു പോലെയാ. അത് കൊണ്ട് ചങ്ങായിമാരാവാൻ അധികം സമയം വേണ്ടി വന്നില്ല. ഷാനയുടേം കുഞ്ഞോന്റേം അടി മുടക്കമൊന്നും ഇല്ലാതെ നടക്കുന്നുണ്ട്.
സെം എക്സമിനു ഷാനക്കായിരുന്നു മാർക്ക് കൂടുതൽ. അതിന്റെ പേരിൽ കുഞ്ഞോനേ കണക്കിന് കളിയാക്കേം ചെയ്തു.
ഇടക്ക് ഷാനുക്ക വന്ന് പോയി. വേറെ ഒന്നിനും അല്ല ഞമ്മടെ ഡിവോഴ്സ് കാര്യത്തിന്. രണ്ട് പേർക്കും സമ്മതമായത് കൊണ്ടും വേറെ തർക്കങ്ങൾ ഒന്നും ഇല്ലാതിരുന്നത് കൊണ്ടും ഡിവോഴ്സ് വേഗം കിട്ടി.
@@@@@@@@@@@@@@@@@@@@@@@
അങ്ങനെ എന്റെയും ഐഷുന്റേം ഇടയിൽ ഉണ്ടായിരുന്ന വലിയൊരു തടസ്സം മാറി കിട്ടി. നിയമപരമായി ഐഷും ഷാനുവും വേർപിരിഞ്ഞു.
ഇനി ബാക്കി കാര്യങ്ങൾ കൂടി ശെരിയാക്കണം. ഞങ്ങൾ ഇപ്പൊ നല്ല സുഹൃത്തുക്കളാ.. അവളുടെ ഇഷ്ടങ്ങളൊക്കെ മനസ്സിലാക്കാൻ പറ്റി.
ഞങ്ങളുടെ രണ്ടാളുടേം വീക്നെസ് ആണ് വായന. പ്രത്യേകിച്ചു പ്രണയ കഥകൾ. ഉമ്മിച്ചിക്കും വലിയ ഇഷ്ടമാ അവളെ. ഇനി വാപ്പിച്ചിനേം ബാക്കി ഉള്ളോരേം ചാക്കിലാക്കണം.
അങ്ങനെ ഓരോന്നും ആലോചിച്ചു റീഡിങ് റൂമിൽ ഹിന്ദി ഗസലും കേട്ട് കൊണ്ടിരുന്നു. വെള്ളം എടുക്കാൻ അടുക്കളയിൽ പോയി തിരിച്ചു വരുമ്പോൾ ദേ നിക്കാണ് നമ്മടെ പെണ്ണ്.
ഏതോ ബുക്ക് തപ്പാൻ സ്റ്റൂളും പിടിച്ചിട്ട് എത്തി വലിഞ്ഞു ഷെൽഫിൽ നോക്കേണ്.
” നീ ഇതെന്ത് നോക്കേണ്.”
പെട്ടന്ന് കേട്ടത് കൊണ്ടാണെന്നു തോന്നുന്നു പെണ്ണിന്റെ ബാലൻസ് പോയി. ഞാൻ ഓടി എത്തിയപ്പോഴേക്കും വീണു.
പക്ഷെ എന്റെ കൈകളിലേക്കാണെന്ന് മാത്രം. കണ്ണുകൾ തമ്മിലുടക്കിയപ്പോൾ അങ്ങനെ തന്നെ നിന്നു കുറേ നേരം. ഓളുടെ കണ്ണ് പണ്ടേ ഞമ്മടെ വീക്നെസ് ആണല്ലോ.. അവളും മിഴി ചിമ്മാതെ എന്നെ തന്നെ നോക്കി നിക്കേണ്.
” യ റബ്ബേ ഞമ്മള് എന്താണീ കാണുന്നത്. ”
ഒരലർച്ച കേട്ടാണ് പോയ ബോധം തിരിച്ചു വന്നത്. ഞങ്ങള് പെട്ടെന്ന് നേരെ നിന്നു.
” എന്റെ സാബിറ നീ ഇത് എന്ത് നോക്കി നടക്കേണ്. ഇവിടെ നല്ല ആണ്പിള്ളേര് ഉള്ളപ്പ ഇത് പോലെ കെട്ടിയോൻ വേണ്ടാന്ന് പറഞ്ഞ പെണ്ണിനെ വീട്ടില് കേറ്റാമോ.
ഇവളുമാരെ ഒന്നും വിശ്വസിക്കാൻ പറ്റൂല.
കണ്ണും കലാസോം കാണിച്ചു ആണുങ്ങളെ മയക്കി എടുക്കാൻ നടക്കുവാ. കണ്ടില്ലേ ഇപ്പൊ ഇങ്ങടെ മോനെ വഴി തെറ്റിക്കാൻ നോക്കിയത്. വീട്ടില് കെട്ടരുത് ഹിമാറിനെ ഒന്നും ”
ആ പെണ്ണുംപിള്ള പിന്നേം എന്തൊക്കെയോ പറയേണ്. ബാക്കി ഉള്ളോരേ ഒന്നും പറയാൻ സമ്മദിക്കണില്ല.
” ആയിഷ നീ വീട്ടില് പോ ”
” ഉമ്മിച്ചി ഞാൻ ഒന്നും… ”
” നീ ഒന്നും പറയണ്ട വീട്ടില് പോവാനാ പറഞ്ഞേ ”
അവള് കരഞ്ഞോണ്ട് ഇറങ്ങി ഓടി . പാവം ഇത് വരെ ഉമ്മിച്ചി അവളെ ഐഷു മോളേ എന്നല്ലാതെ വിളിച്ചിട്ടില്ല. ഇതിപ്പോ ഒരുപാട് അകലം വന്ന പോലെ.
ആ പെണ്ണുംപിള്ളയോടുള്ള ദേഷ്യത്തിൽ പറഞ്ഞതാവും ഉമ്മിച്ചി. അവള് പോയി കഴിഞ്ഞു അവര്ക് ഉള്ളത് ഉമ്മിച്ചി നല്ലത് പോലെ കൊടുത്തു.
” ഇത്താ പ്രായത്തിന് മൂത്തതാണെന്ന ഒറ്റ കരണം കൊണ്ടാ നിങ്ങളോട് ഇറങ്ങി പോവാൻ പറയാത്തെ. എന്റെ മക്കളെ എനിക്കറിയാം.
പടച്ചോന് നിരക്കാത്ത ഒന്നും അവര് ചെയ്യില്ല. പിന്നെ നിങ്ങൾക് എന്തേലും പ്രശ്നം ഉണ്ടെങ്കിൽ അത് അവിടെ തീർത്തോണം. അല്ലാതെ എന്റെ പിള്ളേരുടെ മെക്കിട്ട് കേറരുത്.
പിന്നെ ഐഷു അവളെ എനിക്ക് നന്നായി അറിയാം. അത് കൊണ്ട് നിങ്ങടെ ഉപദേശം ഒന്നും ഇവിടെ വേണ്ട. ”
അത് കേട്ടതും അവര് പോയി. എനിക്ക് ഐഷുന്റെ കാര്യം ഓർത്തിട്ട് ടെൻഷൻ ആവാൻ തുടങ്ങി. കരയുവായിരിക്കും പെണ്ണ്.
ഇനി എന്നോട് മിണ്ടാൻ തന്നെ മടി ആവും. ഒരു കണക്കിനാ പെണ്ണിനോട് കൂട്ട് കൂടിയത്. എല്ലാം കുളമാകുമോ പടച്ചോനേ.
” ഉമ്മിച്ചി ഇങ്ങൾ വിചാരിക്കണ പോലെ അല്ല കാര്യങ്ങൾ. അവള് വീഴാൻ പോയപ്പോ സഹായിച്ചതാ. അല്ലാതെ അവള് ഒന്നും ചെയ്തിട്ടില്ല ”
“എനിക്കറിയാം എന്റെ മക്കളെ. അവരോടുള്ള ദേഷ്യത്തിൽ ഞാൻ എന്റെ മോളോട് ഇറങ്ങി പോവാൻ പറഞ്ഞ്. സങ്കടായി കാണും അതിന്. ”
” ഇത് കേട്ടാൽ മതി. വേറെ ആര് എന്ത് പറഞ്ഞാലും എനിക്ക് ഒരു കുഴപ്പവും ഇല്ല. അവളെ നമുക് പറഞ്ഞു മനസിലാക്കാം. ”
അപ്പോഴാണ് ഐഷു ഓടി കിതച്ചു വരുന്നത്. ഉമ്മിച്ചിനെ നോക്കി ഒരു നിമിഷം സംശയിച്ചു നിന്നിട്ട് അവള് പറഞ്ഞ്
” അത് വാപ്പക്ക് പെട്ടന്ന് വയ്യാതെ ആയി.
നെഞ്ച് വേദനയാ. ഒന്ന് സഹായിക്കോ. ഉമ്മിച്ചി പറ്റില്ലെന്ന് പറയല്ലേ ഞാൻ ഇനി ഒരിക്കലും ഇങ്ങോട്ടേക്കു വരില്ല. ഒരിക്കലും നിങ്ങടെ മുമ്പിൽ പോലും വരാതെ നോക്കിക്കൊള്ളാം.
വാപ്പാനെ ഹോസ്പിറ്റലിൽ കൊണ്ട് പോണം. അജുക്ക ഒന്ന് വരവോ ”
ഇത് കേട്ട് ഉമ്മിച്ചി അകത്തേക്ക് പോയി.
എനിക്ക് മനസ്സിലായി കരയുവാന്ന്. ഐഷുന്റെ സംസാരത്തിൽ നിന്ന് മനസിലാക്കാം മനസ്സ് കൊണ്ട് ഒരുപാട് അകൽച്ച വന്നു എന്ന്. ഞാൻ വേഗം റെഡി ആയി ചെന്നു.
വാപ്പയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.
ഹാർട്ട്അറ്റാക്ക് ആണ്. ബോധം വന്നപ്പോ കേറി കണ്ടോളാൻ പറഞ്ഞ്. ഉമ്മയും ഷാനയും ഐഷുവും കേറി കണ്ടു. കുറച്ച് കഴിഞ്ഞ് നേഴ്സ് വന്ന് അജു ആരാന്ന് ചോദിച്ചു.
അകത്തു കയറി വാപ്പാനെ കണ്ടു. കുറച്ച് പ്രയാസപ്പെട്ടാണ് ആള് സംസാരിച്ചത്.
ആദ്യം ഇന്ന് നടന്നത് ഒക്കെ ചോദിച്ചു. പിന്നെ പറഞ്ഞ കാര്യം കേട്ട് ഞാൻ ആകെ ഷോക്ക് ആയി
( തുടരും )
ഹായ് സൂർത്തുക്കളെ…
ഐഷുനേം അജൂനേം ഇഷ്ടയോ. ഒരുപാട് ട്വിസ്റ്റ്‌കൾ ഒന്നും ഇല്ലാത്ത കൊച്ചു കഥയാണിത്.എല്ലാരുടേം സപ്പോർട്ട് പ്രതീക്ഷിക്കുന്നു. അഭിപ്രായങ്ങൾ അറിയിക്കാൻ മടിക്കരുതേ….
@ അഫി @