Thursday, January 2, 2025
Novel

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 8

നോവൽ
******
എഴുത്തുകാരി: അഫീന

ഇന്ന് രാവിലെ തൊട്ട് എല്ലാർക്കും നല്ല ഉഷാർ ആയിരുന്നു. ഞമ്മളെ ഷാനുക്ക വരില്ലേ. ഇക്കാക്ക് ഇഷ്ടപ്പെട്ട ഫുഡ്‌ ഒക്കെ റെഡി ആക്കി വെച്ചു. ഷാന രാവിലെ തൊട്ട് മിറ്റത്ത് ഉലാത്താണ്. പെണ്ണിനോട് പറഞ്ഞിട്ട് കേക്കണ്ടേ. എയർപോർട്ടിൽ എത്തുമ്പോ വിളിക്കാന്നാ പറഞ്ഞേക്കണേ.

പുറത്ത് കാർ വന്ന് നിക്കണ ഒച്ച കേട്ടപ്പോ എന്റെ നെഞ്ചിൽ പെരുമ്പറ കൊട്ടിതുടങ്ങി. ജീവിച്ചു തുടങ്ങുന്നതിനു മുമ്പ് പിരിയേണ്ടി വന്നതാ എന്റെ ഷാനിക്കാനെ. ഇപ്പൊ ന്റെ തൊട്ടടുത്തു. തുള്ളി ചാടാൻ തോന്നനുണ്ടായിരുന്നു.

ഇക്കാക്ക അകത്തേക്ക് വന്നപ്പോ എല്ലാരും കൂടെ അങ്ങ് പൊതിഞ്ഞു. ബന്ധുക്കാരൊക്കെ വന്നിട്ടുണ്ടായിരുന്നു. ഉപ്പയും ഉമ്മാമയും ഇപ്പൊ എത്തും. പിന്നേ അവിടെ ഒരു പെരുന്നാളാഘോഷത്തിന് തുടക്കമിട്ടു.

ഫുഡ് കൊടുക്കലും വിശേഷം പറച്ചിലും ആയി എല്ലാരും പുള്ളിക്ക് ചുറ്റും ഉണ്ട്. ഇത് വരേ ആ മുഖം ഒന്ന് നേരെ ചൊവ്വേ കാണാനും കൂടി കിട്ടിയില്ല..

ഉച്ചക്കത്തെ ഫുഡടി ഒക്കെ കഴിഞ്ഞു എല്ലാരും പിരിഞ്ഞു പോയി. മാമ തിരിച്ചു ഷാര്ജായിലേക് പോയത് കൊണ്ട് മാമി അവിടെ ഒറ്റക്കാ അത് കൊണ്ട് ഉമ്മാമയും ഉപ്പയും വേഗം തിരിച്ചു പോയി.

ഞാൻ വേഗം കുറച്ച് ബിരിയാണി എടുത്ത് സാബി ഉമ്മിച്ചിക്ക് കൊണ്ട് കൊടുത്തു.

” ഉമ്മിച്ചി ഉമ്മിച്ചീ, ഒന്ന് വേം വാ. ”

” എന്തെടി പെണ്ണെ കിടന്ന് കാറുന്നെ. ”

” ഒന്ന് വാന്നെ. കുറച്ച് ബിരിയാണിയാ. ഇങ്ങടെ കുഞ്ഞോന് കൊടുത്തേക്ക്. പാവം കോളേജ് വിട്ട് വിശന്നു വലഞ്ഞു വരുമ്പോ വീട്ടീന്ന് ബിരിയാണിടെ മണം അടിച്ചു കൊതി ഇട്ട് ഞമ്മക് പണി ആയാലോ. അതോണ്ട് ഇത് അങ്ങ് കൊടുത്തേക്കട്ടാ. ”

” ഓ കെട്ടിയോൻ വന്നപ്പോ ഓൾടെ സന്തോഷം കണ്ടില്ലേ. ഇപ്പൊ നമ്മളക്കെ അധികപ്പറ്റ്. ഹാ എന്ത് ചെയ്യാനാ ”

” അങ്ങനെ പറയല്ലേ. ഞാൻ ചുമ്മാ പറഞ്ഞതാ. സോറി ”

” ന്റെ പൊന്ന് ഐഷു ഞാനും ചുമ്മാ പറഞ്ഞതാ. ”

ഞാൻ തിരിച്ചു ചെന്നപ്പോഴേക്കും കൂട്ടുകാരൊക്കെ പോയിരുന്നു. ഷാനുക്ക റൂമിൽ ഉണ്ടെന്ന് പറഞ്ഞോണ്ട് ഞാൻ വേഗം റൂമിലേക്ക്‌ ഓടി.
ചെന്നപ്പോ പുള്ളിക്കാരൻ ഫോണും നോക്കി കൊണ്ട് നിക്കേണ്. ഞാൻ വേഗം ഓടി ചെന്ന് കെട്ടിപ്പിടിച്ചു.

” എന്താണ് ആയിഷ ഈ കാണിക്കണേ. ”

” അത്.. ഞാൻ.. പിന്നെ.. ഷാനുക്കാനെ കണ്ട സന്തൊഷത്തില് ”

എന്റെ കണ്ണൊക്കെ നിറഞ്ഞു വന്നു. വന്നപ്പോ തൊട്ട് ശ്രദ്ധിക്കുന്നതാ എന്നെ മാത്രം നോക്കുന്നില്ല. എന്തോ എന്റെ മുഖത്തേക്ക് നോക്കാൻ പ്രയാസം പോലെ. അപ്പോഴാ ഷാനുക്ക പറഞ്ഞേ.

” ആയിഷ വേഗം റെഡി ആവ്. നമുക്ക് ഒരു സ്ഥലം വരേ പോകാം ”

” എവ്ടെണ്. ”

” അറിഞ്ഞാലേ വരോള്ളോ ”

” അല്ല ഇപ്പൊ തന്നെ പോയ ഉമ്മയും വാപ്പയും. ”

” അവരോടൊക്കെ ഞാൻ പറഞ്ഞോളാം ”

ഞങ്ങൾ വേഗം റെഡി ആയി ഇറങ്ങി. കാർ നേരെ ചെന്ന് നിന്നത് ബീച്ചിലാ. എനിക്ക് ചിരി വരുന്നുണ്ടായിരുന്നു. ഇതിനാണോ ഇത്ര മസില് പിടിച്ചത്.

കടൽ പരപ്പിലൂടെ ഞങ്ങൾ കുറേ നേരം നടന്നു. സംസാരത്തിന് തുടക്കമിട്ടത് ഷാനുക്കയാ.

” ആയിഷാ. നീ എന്നെ മനസ്സിലാക്കിയിടത്തോളം എന്റെ ഉമ്മാക് പോലും എന്നെ അറിയില്ല. എന്റെ ഇഷ്ടങ്ങളും നിന്നിൽ നിന്ന് അകന്ന് നിന്നതിന്റെ കാരണവും എല്ലാം നിനക്കറിയാം. വീട്ടിൽ വെച്ച് എനിക്ക് നിന്നോട് മനസ്സ് തുറന്ന് സംസാരിക്കാൻ പറ്റില്ല. അതാ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നത്.”

” എന്ത് പറ്റി ഷാനുക്ക, ഇങ്ങള് കാര്യം പറ. ഇക്കാക്ക് എന്നോട് എന്തും പറയാലോ. ഞാൻ ഇങ്ങടെ ബെസ്റ്റ് ഫ്രണ്ട് അല്ലേ. ”

” മ്മ് പറയാം. ഇത് മുഴുവൻ കേൾക്കണം എന്നിട്ട് പറയണം ഞാൻ എന്ത് ചെയ്യണമെന്ന്. ”

ആളൊഴിഞ്ഞ ഒരു സ്ഥലത്ത് ഞങ്ങൾ പോയി ഇരുന്നു. ഷാനുക്ക പറഞ്ഞു തുടങ്ങി.

” ഓഫീസിൽ ജോയിൻ ചെയ്ത് കുറച്ച് ദിവസം കഴിഞ്ഞാണ് ഞാൻ അവളെ പരിചയപ്പെടുന്നത്.
‘അമീറ’ നല്ല സ്മാർട്ട്‌ ആയിട്ടുള്ള ഒരു കുട്ടി.

നിന്നെക്കാളും രണ്ട് വയസ് മൂത്തതായിരിക്കും. ചെറു പ്രായത്തിൽ തന്നെ ജോലിയോടുള്ള അവളുടെ പാഷൻ. എന്തും ചെയ്യാനുള്ള ധൈര്യം അതാണ് എന്നെ അവളോട് അടുപ്പിച്ചത്.

ആദ്യമൊക്കെ ജോലി കുറച്ച് ടിഫിക്കൾട്ട് ആയിരുന്നു. ഇത്രയും എക്സ്പീരിയൻസ് ഉള്ള എനിക്ക് എല്ലാ സഹായവും ചെയ്ത് തന്നത് അവളായിരുന്നു. ശെരിക്കും ഒരത്ഭുതമായിരുന്നു.

പിന്നെയാ അറിഞ്ഞത് അവൾ കമ്പനി ഒർണറിന്റെ മകളായിരുന്നെന്ന്. അതിന്റെ ഒരു അഹങ്കാരവും ഇല്ലാത്ത കുട്ടി. പതിയെ പതിയെ ഞങ്ങൾ അടുത്ത് തുടങ്ങി.

നല്ലൊരു സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ടായി. എല്ലാം കൊണ്ടും ഞാൻ ആഗ്രഹിച്ച പെൺകുട്ടി. അതായിരുന്നു അവൾ.

പിന്നീട് എപ്പോഴോ ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. ആദ്യമൊക്കെ നിന്റെ മുഖം മനസ്സിലേക്ക് വരുമായിരുന്നു. അപ്പോഴൊക്കെ അവളോട് അകലാൻ ശ്രമിക്കും. അവളും അങ്ങിനെ. പക്ഷെ എത്രത്തോളം ഞങ്ങൾ രണ്ട് പേരും അകലാൻ ശ്രമിക്കുന്നോ അത്ര തന്നെ അടുത്ത് കൊണ്ടിരുന്നു
അവളെ പിരിയാൻ എനിക്കോ എന്നെ പിരിയാൻ അവൾക്കൊ ആയില്ല..

നിന്നോട് സംസാരിക്കാൻ ഉള്ള ധൈര്യം എനിക്കില്ലായിരുന്നു. അത് കൊണ്ടാ ഫോൺ ചെയ്യാതിരുന്നതും മെസ്സേജ് അയക്കാതിരുന്നതും. നിന്റെ ശബ്‌ദം കേൾക്കുമ്പോളൊക്കെ കുറ്റബോധം കൊണ്ട് നീറുകയായിരുന്നു.

എല്ലാം പറഞ്ഞു അവസാനിപ്പിച്ചു നിന്റെ അടുത്തേക്ക് തിരിച്ചു വരണം എന്നുണ്ടായിരുന്നു. പക്ഷെ അവളെ മനസ്സിൽ നിന്ന് കളയാൻ പറ്റുന്നില്ലെടാ. നിന്നെ പ്രണയിക്കാനും എനിക്ക് കഴിയില്ല. പിന്നീടുള്ള ജീവിതം വെറും അഭിനയം മാത്രമാകും. അവൾ അത്രക്ക് എന്റെ മനസ്സിൽ പതിഞ്ഞു പോയി.

അങ്ങനെ ഇരിക്കുമ്പോഴാ ഞങ്ങൾ തമ്മിൽ അരുതാത്ത ബന്ധം ഉണ്ടെന്ന് അവളുടെ വീട്ടുകാരോട് ആരോ പറഞ്ഞത്. അവളെ നിക്കാഹ് ചെയ്‌തോളാണ് ഉറപ്പ് കൊടുക്കലല്ലാതെ എനിക്ക് വേറെ ഓപ്ഷൻ ഇല്ലായിരുന്നു.
എന്താ ഞാൻ ചെയ്യണ്ടേ ”

ഇതെല്ലാം കേട്ട് തരിച്ചിരിക്കാനേ എനിക്ക് പറ്റിയുള്ളൂ. എന്റെ ഷാനുക്ക അല്ല ഏറെയാണെന്ന് ഞാൻ വിചാരിച്ച ഷാനുക്ക ഇപ്പൊ വേറെ ഒരുവളെ മനസ്സിൽ കൊണ്ട് നടക്കുവാന്നോ.

ഇത്രയും നാളും എന്നെ എന്നെങ്കിലും ഇക്ക സ്നേഹിച്ചു തുടങ്ങും എന്ന് വിശ്വാസം എനിക്കുണ്ടായിരുന്നു. ഇനി ഞാൻ എന്ത് ചെയ്യും.

യാന്ത്രികമായി അവിടെ നിന്ന് എണീറ്റ് നടന്നു. ഷാനുക്ക എന്തൊക്കെയോ ചോദിക്കുന്നുണ്ട് പക്ഷെ ഒന്നും കേൾക്കാൻ പറ്റുന്നില്ല.
കാറിൽ കയറി വീട്ടിൽ എത്തിയപ്പോഴും ഷാനുക്ക പറഞ്ഞ കാര്യങ്ങൾ ആയിരുന്നു മനസ്സ് നിറയെ.

ആരോടും മിണ്ടാതെ നേരെ റൂമിൽ പോയി വാതിൽ അടച്ചു കുറ്റിയിട്ടു. മതിലിൽ ചാരി ഊർന്ന് താഴെ ഇരിക്കുമ്പോഴും മനസ്സ് മരവിച്ചിരിക്കുകയാ യിരുന്നു. കണ്ണ് നീറി പുകഞ്ഞിട്ടും ഒരു തുള്ളി കണ്ണ് നീര് വന്നില്ല.

ഇക്ക പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും മനസ്സിലേക്ക് വന്നു കൊണ്ടിരുന്നു. ഇനി ഞാൻ ആർക്കു വേണ്ടിയാ കാത്തിരിക്കണ്ടേ. ഷാനുക്കക്ക് എന്നെ വേണ്ട എന്നല്ലേ പറഞ്ഞത്. എന്നെ സ്നേഹിക്കാൻ പറ്റില്ലാന്നു. അപ്പൊ പിന്നെ കാത്തിരിക്കാൻ പറഞ്ഞതെന്തിനാ.

എന്നോട് സ്നേഹം കാണിച്ചത് എന്തിനാ. ഒരു ജീവിതം കാട്ടി കൊതിപ്പിച്ചതെന്തിനാ. എന്തോ വല്ലാത്ത വെറുപ്പ് തോന്നി. അപ്പോഴാണ് ഷാനുക്ക കതകിൽ തട്ടിയത്. കുറേ നേരം തട്ടിയപ്പോൾ ഞാൻ വാതിൽ തുറന്നു.

“ആയിഷാ. നീ ഒന്നും പറഞ്ഞില്ലല്ലോ. ഞാൻ എന്താ ചെയ്യേണ്ടതെന്ന്. ”

” ഞാൻ എന്താടോ തന്നോടൊക്കെ പറയേണ്ടത്. അവളെ വിളിച്ചോണ്ട് വരാനോ. രണ്ടാമത് നിക്കാഹ് ചെയ്യാൻ ഞാൻ ഒപ്പിട്ട് തരാന്നോ. അതോ ഞാനായിട്ട് ഒഴിഞ്ഞു തരാന്നോ ഇതിൽ ഏതായാലും താൻ ഹാപ്പി ആവുമല്ലോ. ”

എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ലാ. എന്തെല്ലാമോ ഞാൻ വിളിച്ചു കൂവി. എനിക്ക് കുറച്ച് നേരം തനിച്ചിരിക്കണം ആരും ശല്യപ്പെടുത്തരുതെന്ന് പറഞ്ഞു ഞാൻ ഇക്കാനെ പുറത്താക്കി വാതിൽ അടച്ചു. കയ്യിൽ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞു ഒരു ഭ്രാന്തിയെ പോലെ.

കുറേ കഴിഞ്ഞു തളർന്നു കട്ടിലിനോട് ചേർന്ന് ഇരുന്നപ്പോഴാ ഉമ്മ കേറി വരുന്നത്.
വാതിൽ അടച്ചു ഉമ്മ എന്റെ അടുത്ത് വന്നിരുന്നു. ആ മുഖത്തേക്ക് നോക്കിയില്ല. എങ്കിലും എല്ലാം അറിഞ്ഞൂന്ന് മനസ്സിലായി.

” ഐഷു മോളേ. ഉമ്മാനെ ഒന്ന് നോക്ക്. എല്ലാം ഉമ്മ അറിഞ്ഞു. ഞങ്ങൾ ഉള്ളിടത്തോളം കാലം നീ ആയിരിക്കും ഞങ്ങടെ മരുമോൾ. എന്തെങ്കിലും ഒന്ന് പറ മോളേ നിന്റെ ഇരിപ്പ് കണ്ടിട്ട് പേടി ആവുന്നു. ”

” അത് എന്റെ ഷാനുക്ക അല്ല ഉമ്മ. നമ്മളെ ആരോ പറ്റിക്കേ. ന്റെ ഷാനുക്ക അങ്ങനെ ചെയ്‌യൂലാ. എന്നോട് കാത്തിരിക്കാൻ പറഞ്ഞതാ.

വന്നിട്ട് രാത്രി എന്നെ ബൈക്കിൽ കൊണ്ടോവാന്നു പറഞ്ഞതാ, എന്നെ സ്നേഹിച്ച തുടങ്ങീന്ന് പറഞ്ഞതാ. വന്നിട്ട് എന്നെ കൂട്ടി ഒരുപാട് സ്ഥലത്ത് പോവാന്ന് പറഞ്ഞതാ. അപ്പൊ പിന്നെ എങ്ങനെ ഈ വന്നത് ഷാനുക്കയല്ല ഉമ്മ.. നമ്മളെ പറ്റിക്കാൻ വന്നതാ. പോവാൻ പറ അയാളോട്. ”

ഞാൻ പിന്നെയും എന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നു.ഉമ്മ എന്തൊക്ക പറഞ്ഞിട്ടും ഞാൻ അടങ്ങിയില്ല.അവസാനം ഉമ്മാക്ക് എന്നെ തല്ലേണ്ടി
വന്നു. പിന്നെയാ എനിക്ക് ബോധം വന്നത്.

ഉമ്മയെ കെട്ടിപ്പിടിച് പൊട്ടി പൊട്ടി കരഞ്ഞു. ഉമ്മ എന്റെ തലയിൽ തലോടി കൊണ്ടിരുന്നു.

മുഖമെല്ലാം കഴുകി വരാൻ പറഞ്ഞു ഉമ്മ താഴേക്ക് പോയി. അപ്പോഴേക്കും ഷാനുക്ക അവിടെ വന്നു. വാതിൽ അടക്കാൻ പോയപ്പോൾ സമ്മതിക്കാതെ അവിടെ തന്നെ നിന്നു. ആൾടെ മുഖത്ത് ഒരു പേടി പോലെ
” എനിക്ക് കുറച്ച് നേരംതനിച്ചിരിക്കണം.പേടിക്കണ്ട
കടും കൈ ഒന്നും ചെയ്യില്ലാ. ”

വാതിൽ കുറ്റിയിട്ടു വീണ്ടും അവിടെ ഇരുന്നു. കണ്ണ് നിർത്താതെ പെയ്തു കൊണ്ടിരുന്നു. കരയണം മനസ്സിലെ എല്ലാ സങ്കടങ്ങളും ഒഴുക്കി കളയണം.

എത്ര നേരം ആയെന്നോ രാവ് മാറി പകലായതോ ഒന്നും ഞാൻ അറിഞ്ഞില്ല. ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും പോയില്ല. പോവാൻ തോന്നിയില്ല. കുറച്ച് ശാന്തമായപ്പോൾ റൂമിൽ നിന്ന് ഇറങ്ങി.. പുറത്തൊന്നും ആരെയും കണ്ടില്ല.

ഞാൻ നേരെ ടെറസിൽ പോയി. അവിടെ കുറേ റോസാ ചെടികൾ. എല്ലാം പൂവിട്ടു നിക്കുന്നുണ്ട്. ഷാനുക്കയ്ക്കുള്ള സർപ്രൈസ്. വരുന്ന അന്ന് തന്നെ ഈ പൂവെല്ലാം ഇറുത്ത് ഇക്കാക്ക് കൊടുക്കണം എന്ന് വിചാരിച്ചതാ.

ഓർത്തപ്പോൾ വറ്റിയ കണ്ണുകൾ വീണ്ടും പെയ്യാൻ തുടങ്ങി.
പെട്ടെന്നാണ് മഴ പെയ്യാൻ തുടങ്ങിയത്. ആ മഴ മുഴുവൻ കൊണ്ടു. ഈ മഴയോടൊപ്പം എന്റെ സങ്കടങ്ങളും പെയ്തൊഴിയട്ടെ….
കണ്ണുകൾ മെല്ലെ അടഞ്ഞു പോകുന്നത് ഞാൻ അറിഞ്ഞു

@@@@@@@@@@@@@@@@@@@@@@@

കണ്ണ് തുറന്ന് നോക്കുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആണ്. ഉമ്മ അടുത്തുണ്ട്. ഞാൻ നോക്കണ കണ്ടാണ് വെള്ളം വേണോ എന്ന് ചോദിച്ചത്. എനിക്ക് എന്ത് പറ്റിയെന്നോ. ടെറസിൽ നിന്ന ഞാൻ എങ്ങിനെ ഇവിടെ എത്തിയെന്നോ ചോദിച്ചില്ല.

നോക്കിയപ്പോൾ സാബി ഉമ്മിച്ചീ ഉണ്ട്. കണ്ണൊക്കെ നിറഞ്ഞു ഇരിപ്പുണ്ട്. എനിക്ക് പക്ഷെ കരച്ചിൽ വന്നില്ല. ഇനി ഷാനുക്കക്ക് വേണ്ടി ഞാൻ കരയില്ല. മനസ്സിൽ ചിലത് ഞാൻ തീരുമാനിച്ചു ഉറപ്പിച്ചു.

ട്രിപ്പ്‌ കഴിഞ്ഞു തിരിച്ച് വീട്ടിൽ എത്തി. കുറച്ച് നേരം ഒന്ന് മയങ്ങി. പുറത്ത് ബഹളം കേട്ടാണ് എണീറ്റത്. ബന്ധുക്കൾ ആരോ വന്നിട്ടുണ്ട്. ഏതോ ഒരു കാർന്നോർ.

” നീ അങ്ങട് സമ്മതിക്ക്‌ നാസറെ. ഇനി ആ കൊച്ചിനെ പറഞ്ഞു വിടാൻ താല്പര്യം ഇല്ലെങ്കിൽ പള്ളിലേക്ക് അത് ഒരു ഒപ്പിട്ട് കൊടുത്താ മതി. ഷാനിബിന് ഒന്നുടെ കെട്ടാം. ”

” നിങ്ങഒന്ന് ഇറങ്ങി പോണുണ്ടോ കാക്കാ. ഒരുപദേശം. അങ്ങനെ ഇപ്പൊ ഒപ്പിട്ട് കൊടുക്കണില്ലാ. ഇവിടെ ഒരു മരുമോൾ മതി. ” വാപ്പ

അയാൾ പോയി കഴിഞ്ഞപ്പോ ഷാനുക്ക വാപ്പയോട് പറഞ്ഞു

” ഞാൻ ഇങ്ങളോട് അന്ന് കാലുപിടിച്ചു പറഞ്ഞതല്ലേ. ഈ കല്യാണം എനിക്ക് വേണ്ടന്ന്. അന്ന് നിങ്ങ സമ്മദിച്ചില്ല. അല്ലായിരുന്നെങ്കി ഇപ്പൊ ഞങ്ങടെ രണ്ട് പേരുടേം ജീവിതം ഇങ്ങനെ ആവില്ലായിരുന്നു. ഇനി എന്താകും ഞങ്ങടെ ജീവിതം. എല്ലാത്തിനും കാരണക്കാർ നിങ്ങളാ ”

വാപ്പാനേം ഉമ്മാനേം പറയണ കേട്ടപ്പോ എനിക്ക് സഹിച്ചില്ല.

” ഷാനുക്ക ഇങ്ങള് വാപ്പാനെ ഒന്നും പറയണ്ട. വേണമെങ്കി നിങ്ങൾക്കും ഈ നിക്കാഹ് തടയാരുന്നു.
പിന്നെ ഞാൻ നിങ്ങടെ ലൈഫിൽ കടിച് തൂങ്ങി കിടക്കൂന്ന് വിചാരിച് പേടിക്കണ്ട. ഇന്നത്തോടെ തീരണേ നമ്മള് തമ്മിലുള്ള ബന്ധം. ഡിവോഴ്സ് പേപ്പർ സെരിയാക്കിക്കോ ഞാൻ ഒപ്പിട്ടോളാം. രണ്ട് പേർക്കും സമ്മദമാണെങ്കി വേഗം ഡിവോഴ്സ് ആവാലോ.
നിങ്ങടെ പ്രിയപ്പെട്ടവളോട് പറഞ്ഞേക്ക് നിങ്ങളെ വിട്ട് തരാൻ എനിക്ക് സമ്മതമാണെന്ന്. ”

കഴുത്തിൽ കിടന്ന മഹർ അഴിച്ചു ഷാനുക്കടെ അടുത്ത് മേശമേൽ വെച്ചു. ഇനി എനിക്കിതിൽ അവകാശമില്ല. നിങ്ങളുടേതായ ഒന്നും ഇനി എനിക്ക് വേണ്ട. ”

ഷാനുക്ക എന്നെ അത്ഭുതത്തോടെ നോക്കി.

” ആയിഷ എന്നെ മനസ്സിലാക്കാൻ നിനക്ക് പറ്റും എന്ന് എനിക്കറിയാം.. താൻ എന്നും എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരിക്കും. ”

” ഇല്ലാ.. മുഹമ്മദ്‌ ഷാനിബിന്റെ ജീവിതത്തിൽ ഇനി ആയിഷ ഉണ്ടാവില്ല. ഒരു നിഴലായ് പോലും ”

എന്നിൽ നിന്ന് ഇങ്ങനെ ഒന്ന് പ്രതീക്ഷിക്കാത്തത് കാരണമാവും ഷാനുക്ക ഞെട്ടി തരിച്ചു നിന്നത്.

ഉമ്മാനെ കാണാൻ അടുക്കളയിലേക്ക് ചെന്നപ്പോഴാ ഷാനയെ കാണുന്നത്. ഇക്ക വന്നതിന് ശേഷം ഇപ്പോഴാ അവളെ കാണുന്നത്.
എനിക്ക് മുഖം തരാതെ പോകണേ അവള്.

” ഷാനാ. നിന്റെ ഇക്കാക്കനെ പോലെ നിനക്കും എന്നേ വേണ്ടാതായോ. എന്തായാലും ഞാൻ പോവാൻ പോണേ. കുറച്ചൂസം കൂടിയേ ഇവിടെ ഇണ്ടാവുള്ളു. ”

അത് പറഞ്ഞു ഞാൻ തിരിഞ്ഞ് നടന്നപ്പോഴേക്കും അവള് വന്ന് എന്നെ കെട്ടിപ്പിടിച്ചു. കരയുന്നുണ്ടായിരുന്നു പാവം.

” ഇത്താത്താനെ നോക്കാൻ ഉള്ള ധൈര്യം ഇല്ലാത്തോണ്ടാ ഞാൻ അടുത്തേക്ക് വരാതിരുന്നേ.
സോറി ഇത്താത്താ. എന്നോട് പിണങ്ങല്ലേ. പ്ലീസ്.. ”

” ഇല്ല മോളേ എനിക്ക് നിന്നോട് പിണക്കം ഒന്നും ഇല്ല. നിന്നോടന്നല്ല ആരോടും. ആ അതൊക്കെ വിട് നീ ഫുഡ് കഴിച്ചോ. ”

” ഇല്ലാ ”

” വാ എന്നാ നമുക് കഴിക്കാം. വിശന്നു കുടല് കരിയണ് ”

അങ്ങനെ ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചു. കുറേ നേരം ഷാനയുടെ കത്തി കേട്ടിരുന്നു. നാളെ അമീറ വരുമെന്ന് പറയണ കേട്ടു. ഞാൻ നേരെ റൂമിലേക്ക് ചെന്ന് ബാഗ് പാക്ക് ചെയ്യാൻ തുടങ്ങി. ഞാൻ വീട്ടിൽ നിന്ന് കൊണ്ട് വന്നത് മാത്രം എടുത്തു.

വേറെ ഷാനുക്ക വാങ്ങി തന്നത് ഒന്നും തന്നെ എനിക്ക് വേണ്ടായിരുന്നു. പാക്കിങ് ഒക്കെ കഴിഞ്ഞപ്പോഴേക്കും ഷാനുക്ക അവിടേക്ക് വന്നു.
ഒന്നും പറയാതെ ഞാൻ ബാഗും എടുത്ത് ഇറങ്ങാൻ പോയി.

” ആയിഷ നീ എവിടെ പോണ്. ”

” ഞാൻ എവിടെ പോണെന്നു അന്ന്വേഷിക്കണ്ട കാര്യം ഇയാൾക്കില്ല ”

” നിക്ക് ഇത് ഞാൻ നിനക്ക് വേണ്ടി വാങ്ങിയതാ. നീ ഇത് വാങ്ങണം ”

ലൈറ്റ് ഗ്രീൻ കളറിൽ ഒരു ഗൗൺ….

” എനിക്ക് വേണ്ട. നിങ്ങടെ ഓർമ തരുന്ന ഒരു സാധനം പോലും ഈ ആയിഷാക്ക് വേണ്ട. ഞാൻ പറഞ്ഞതാണ് ഇനി ഒരു ബന്ധം നമ്മള് തമ്മിൽ ഇല്ലെന്ന്. അത് കൊണ്ട് തന്നെ എനിക്ക് നിങ്ങടെ ഒരു ഗിഫ്റ്റും വേണ്ട ”

അത്രയും പറഞ്ഞു ഞാൻ ഷാനയുടെ റൂമിലേക്ക്‌ പോയി. മറ്റു മുറികൾ ഒന്നും റെഡി ആകിയിട്ടില്ല . ഉപയോഗിക്കാത്തൊണ്ട് ബെഡ് ഒക്കെ എടുത്ത് വെച്ചേക്കണേ.

” ഷാന മൊൾ ഇന്ന് ഞാൻ ഇവിടെയാ. ”

” ഹായ് ഇനി എന്നും ഇവിടെ കിടന്നാ മതി. നമുക് കത്തി അടിച്ചു കിടക്കാന്നേ ”

” അയ്യടി കുറച്ചു ദിവസം കഴിഞ്ഞാൽ ഞാൻ അങ്ങ് പോവും. പിന്നെ നിന്റെ പുതിയ ഇത്താത്തയോട് പറഞ്ഞാ മതി കൂടെ വന്ന് കിടക്കാൻ. ”

” ഇത്താത്ത പോവണ്ട. ഇക്കാക്കയും ഇക്കാക്കാടെ പുതിയ ഭാര്യേം ദുബായിക്ക് തന്നെ തിരിച്ച പോകും പിന്നെ കുഴപ്പം ഇല്ലല്ലോ. ”

” ഒന്ന് പോടീ പെണ്ണെ മണ്ടത്തരം പറയാതെ. ആരെങ്കിലും ചെയ്യണ കാര്യം ആണോ ഇത്. എന്തൊക്ക ആയാലും കുറച്ച് ദിവസത്തിനുള്ളിൽ ഞാൻ തിരിച്ചു പോകും ”

ഷാനയുടെ മുഖം വാടുന്നത് കണ്ടെങ്കിലും ഞാൻ മൈൻഡ് ചെയ്യാതെ തിരിഞ്ഞ് കിടന്നു.

@@@@@@@@@@@@@@@@@@@@@@@

ഉച്ച ആയപ്പോഴേക്കും അമീറയും ഓൾടെ വാപ്പയും പിന്നെ ഷാനുക്കടെ അവിടത്തെ കുറച്ച് ഫ്രെണ്ട്സും വന്നു. ഞാൻ ഷാനയുടെ റൂമിൽ തന്നെ ഇരുന്നു. കുറച്ച് കഴിഞ്ഞ് ഷാനുക്ക വന്ന് വിളിച്ച് ഒന്ന് ചെല്ലാമോ എന്ന് ചോദിച്ചു. പോകാൻ തോന്നിയില്ല. എല്ലാരുടേം മുമ്പിൽ ഒരു കോമാളിയെ പോലെ നിൽക്കാൻ മനസ്സ് അനുവദിച്ചില്ല. ഇക്ക പറയുന്നത് അവര്ക് വിശ്വാസം ആകുന്നില്ലന്ന്. ഞാൻ തന്നെ ചെന്ന് പറയണമെന്നു.

മനസില്ലാമനസോടെ ഞാൻ ചെന്നു. ഞാൻ ചെന്നപ്പോ ഹാളിൽ ഉമ്മയും ഷാനയും ഒഴിച് എല്ലാരും ഉണ്ട്. അമീറയെ കണ്ടു. അതി സുന്ദരി എന്ന് തന്നെ പറയാം.

ഇക്ക പറയാറുള്ള സങ്കൽപ്പത്തിലെ അതെ പെൺകുട്ടി. വെറുതെയല്ല മൂക്കുംകുത്തി വീണത്. നിശബ്തതയെ മുറിച്ചു സംസാരിച്ച തുടങ്ങിയത് അമീറയുടെ വാപ്പയാണ്.

” മോളേ ഷാനിബിനെ ഡിവോഴ്സ് ചെയ്യാൻ മോൾക് സമ്മതമാണോ. ”

” സമ്മതമാണ്. അത് ഞാൻ പറയേം ചെയ്തതാ ”

” ഓക്കേ. അപ്പൊ ബാക്കി കാര്യങ്ങൾ ഒക്കെ ഇപ്പൊ തന്നെ പറയണം. പിന്നീട് ഒരു ബുദ്ധിമുട്ട് വരാൻ പാടില്ല. ഐ മീൻ മോൾക് തരേണ്ട തുക എത്രയെന്നും ബാക്കി ഡിമാൻഡ് എന്തൊക്കെയാണെന്നും. എല്ലാം നമുക് ഇപ്പൊ തന്നെ തീരുമാനിക്കാം. ”

” ഷാനിബിന്റെ ഒരു ചില്ലി ക്യാഷ് എനിക്ക് വേണ്ട. സാറിന്റെ മകൾക്കും ഷാനുക്കക്കും ഒരുമിച്ച് ജീവിക്കാൻ ഞാൻ ഒഴിവായി തരണം.

അതിന് ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ടു തരാൻ ഞാൻ റെഡി ആണ്. നിക്കാഹ് ചെയ്ത് പോയതിന്റെ പേരിൽ കണക്ക് പറഞ്ഞു പൈസ വാങ്ങാൻ ഞാനില്ല. ”
എന്തെല്ലാമോ പറയാൻ തോന്നി പിന്നെ ഒന്നും മിണ്ടിയില്ല ”

” എങ്കിലും ഡിവോഴ്സ് പേപ്പറിന്റെ കൂടെ ഒരു എഗ്രിമെന്റ് കൂടി ഒപ്പിട്ടു തരണം ”

” മ്മ്, ഇനി ഞാൻ പൊക്കോട്ടെ ”

” മോളേ ഐഷു. ഉമ്മാനോട് ഒന്ന് വരാൻ പറ. ഇത്രേം നേരം ആയിട്ടും ഒന്ന് വന്നില്ല. ” നമ്മളെ വാപ്പയാണ്.

” ശെരി വാപ്പ ”

” ഉമ്മയെ ഞാൻ പോയി വിളിക്കാം ” നോക്കിയപ്പോൾ അമീറായാണ്

മൂപ്പത്തി പോയ പോലെ തന്നെ തിരിച്ചു വരുന്ന കണ്ട്. പിന്നെ ഞാൻ ചെന്നു വിളിക്കാൻ. കുറേ പറഞ്ഞിട്ടും വന്നില്ല.

” ഉമ്മ നമ്മുടെ വീട്ടിൽ ആരെങ്കിലും വരുബോൾ ഇങ്ങനെ ചെയ്യാൻ പാടില്ല. ശത്രു ആണെങ്കി പോലും ഒരിറക് വെള്ളം എങ്കിലും കൊടുക്കണം. വേഗം എണീറ്റ് വാ ”

അങ്ങിനെ ഉമ്മയേം കൂട്ടി ഹാളിലേക് ചെന്നു. കുറച്ച് നേരം സംസാരിച്ചതിന് ശേഷം ഉമ്മ അടുക്കളയിലേക്കു ചെന്നു. ചായ ഓക്കേ ഞാൻ തിളപ്പിച്ച്‌ കൊടുത്തു. ഉമ്മയും ഷാനയും കൂടി അത് എല്ലാർക്കും കൊടുത്തു.

ഷാനുക്കന്റെ കൂട്ടുകാരെ ഷാനക്ക് അത്ര പുടിച്ചില്ലാന്ന് തോന്നണ്.. മാറി നിന്ന് ചീത്ത പറയുന്നുണ്ടായിരുന്നു.

കുറച്ച് കഴിഞ്ഞപ്പോ അമീറയും വാപ്പയും പോകാൻ ഇറങ്ങി. എന്റെ കൈ പിടിച്ചു താങ്ക്സ് പറഞ്ഞു. ഒറ്റ തൊഴി വെച്ച് കൊടുക്കാൻ തോന്നണുണ്ടായി.

മാറി നടന്നിട്ടും പിന്നേം പിന്നേം അടുത്തേക്ക് വരേണ്‌. 6 മാസം കഴിഞ്ഞു നിക്കാഹ്ന്ന് ഉറപ്പിച്ചു. അവര് പോയി കഴിഞ്ഞ് ഷാനുക്കയും ഫ്രണ്ട്സും റൂമിലേക്ക് പോയി.

ഞാൻ നേരെ മിറ്റത്തേക്ക് ഇറങ്ങി. ചെടികളൊക്കെ വാടി. വെള്ളം ഒഴിച്ചിട്ടു കുറച്ച് ദിവസം ആയി. ഞാൻ വേഗം ചെടികൾക്ക് വെള്ളം ഒഴിക്കാൻ തുടങ്ങി.

ചെടികൾക്ക് ഇടയിൽ പണിതോണ്ടു ഇരുന്നപ്പോഴാ പിന്നിൽ ഒരു അനക്കം കേട്ടത്. നോക്കിയപ്പോ ഷാനുക്കടെ ഫ്രണ്ട് ആണ്.

” എന്താ ”

” ഏയ് ഒന്നുമില്ല. ഞാൻ ഇയാളെ ഒന്ന് പരിചയപ്പെടാൻ വന്നതാ. ”

“എനിക്ക് താല്പര്യം ഇല്ല ”

” അങ്ങനെ പറയല്ലേ..
അല്ലാ ഇയാളെന്താ ഇങ്ങനെ മൂടി പുതച് നടക്കുന്നത്. വെറുതെയല്ല അവൻ അമീറയെ കണ്ടപ്പോ വീണത്. അല്ലേലും നിങ്ങൾ വളർന്നത് അങ്ങനെ ആണല്ലോ.

എല്ലാം മൂടി വെച്ച് ആരേം കാണിക്കാതെ. സ്വാതന്ത്ര്യം എന്നുള്ളത് നിങ്ങൾക്ക് ഉണ്ടാവില്ലല്ലേ.

കുറച്ചൊക്കെ ശരീരം കാണിച്ചു നടക്കാൻ ഏതു പെണ്ണാ ആഗ്രഹിക്കാത്തത്. എന്നാലല്ലേ നല്ല ചെക്കൻമാർ നോക്കൂ ”

” ഡോ താൻ കുറേ നേരം ആയല്ലോ തുടങ്ങീട്ട്. എന്നെ ഒരാളും നോക്കണ്ട. നിന്നെ പോലുള്ള ഹിമാറെ അങ്ങനൊക്കെ ചിന്തിക്കു. എനിക്ക് ആവശ്യത്തിനു സ്വാതന്ത്ര്യം കിട്ടുന്നുണ്ട്. അത് കാണിക്കാൻ ഇവിടെ തുണിയില്ലാതെ നടക്കണോ.”

” ആ വേണം. എനിക്ക് നിന്നെ അങ്ങനെ കാണാൻ ഒരു കൊതി. ന്തായാലും അവന് നിന്നെ വേണ്ട. നിന്നെ സ്നേഹിക്കാൻ ആരെങ്കിലും വേണ്ടേ. ഒരു വട്ടം മതി നിനക്കും ഉണ്ടാവില്ലേ മോളേ ആഗ്രഹങ്ങൾ. ബാ ഇക്ക തീർത്തു തരാം. ”

ഒരു വൃത്തികെട്ട ചിരിയോടെ അയാൾ എന്റെ അടുത്തേക്ക് നടന്നു വന്നു. ഒരു തരം വെറുപ്പ് തോന്നി അയാളോട് . എന്നെ കടന്ന് പിടിക്കാൻ ശ്രമിച്ചപ്പോൾ കരണം പുകച്ചു ഒന്ന് കൊടുത്തു.

അവൻ ഒന്ന് പകച്ചെങ്കിലും ദേഷ്യത്തോടെ എന്റെ അടുത്തേക്ക് വന്നിട്ട് എന്നെ കടന്ന് പിടിച്ചു.

” നീ എന്നെ തല്ലിയല്ലേ. ഇതിനുള്ള ശിക്ഷ മോൾക് വേണ്ടേ… ”

അവൻ എന്നെ ഉമ്മ വെക്കാൻ നോക്കുവാണ്. ഞാൻ ഒച്ച വെക്കാൻ നോക്കിയപ്പോ ആ വെടക്ക് എന്റെ വായ പൊത്തി പെട്ടെന്നാണ് അവൻ തെറിച്ചു വീണത്.

അതിന്റെ ഒപ്പം ബാലൻസ് കിട്ടാതെ ഞാനും. നടൂം തിരുമ്മി എണീറ്റ് നിന്ന് നോക്കിയപ്പോ അയാൾ നിലത്തു കിടന്ന് ഉരുളണ്ട്.

ഞമ്മള് അന്തം വിട്ട് അതും നോക്കി നിന്നു…
അല്ലാ എന്താപ്പോ ഇവിടെ നടന്നേ….

( തുടരും )

ഹായ് സുഹൃത്തുക്കളെ
ഇനി ഇപ്പൊ എന്താ ചെയ്യാ… നമ്മടെ ഐഷു ഇങ്ങനെ ആയല്ലോ
ഇനി ഷാനുക്ക വേണ്ട ഐഷുന്റെ ജീവിതത്തില്. ഷാനുക്കനോട് പോവാൻ പറ.
നമ്മടെ ഐഷുന്റെ രാജകുമാരൻ എവിടേലും ഐഷുനെ കാത്ത് ഇങ്ങനെ ഇരിക്കണ്ടവും.
നമുക്കും കാത്തിരിക്കാം
അഭിപ്രായങ്ങൾ അറിയിക്കണേ

 

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 1

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 2

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 3

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 4

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 5

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 6

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 7