Wednesday, December 18, 2024
Novel

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 4

നോവൽ
******
എഴുത്തുകാരി: അഫീന

വാതില് തൊറക്കണ ഒച്ച കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കീത്. ഉമ്മാമയെ പ്രതീക്ഷിച്ച ഞാൻ മുന്നിൽ നിൽക്കണ ആളെ കണ്ട് ഞെട്ടി.

” ഹബീക്ക ” അറിയാതെ തന്നെ ഞാൻ വിളിച്ചു പോയി.
ന്റെ റബ്ബേ ഈ പഹയൻ എന്താ ഇവിടെ അതും ഈ നേരത്ത്.

ആരാ ഹബീക്കാന്നാവും. ന്റെ വാപ്പിച്ചിടെ പെങ്ങടെ മോൻ. ‘ ഹബീബ് റഹ്മാൻ’. എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു. ആയിരുന്നൂന്ന് വെച്ച ഇപ്പൊ അല്ല. ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ട് ഇപ്പൊ ഏകദേശം മൂന്നു വർഷം ആയിക്കാണും. ആ.. ഹാഷിമിന്റെ സംഭവോം ഹബീക്കയായിട്ടുള്ള ഒടക്കും ഏകദേശം “അടുത്തടുത്തായിരുന്നു.

@@@@@@@@@@@@@@@@@@@@@@@@

ഹാഷിമും ആയിട്ടുള്ള പ്രശ്നോം പിന്നെ മാമിടെ പിണക്കോം എല്ലാം കൊണ്ടും തകർന്നിരിക്കുമ്പോഴാ ഹബീക്ക വിളിക്കണേ ഉപ്പാന്റെ ഫോണില്.

” ആ ഹബീക്കാ പറ. ”

” നീ എവടെ. നിന്റെ മാമിക്ക് എന്താ പറ്റിയെ ”

” എന്തെ ഹബീക്ക മാമി എന്തേലും പറഞ്ഞാ ”

” ഒന്നും പറഞ്ഞില്ലാടി. ഞാൻ ഫോൺ ചെയ്തിട്ടു നിന്റെൽ കൊടുക്കാൻ പറഞ്ഞിട്ട് മാമി ഫോൺ കട്ട്‌ ചെയ്ത് അതാ ചോദിച്ചേ ”

” ഏയ് ഒന്നുല്ല ”

” അതേ ഞാൻ വിളിച്ചതേ എനിക്കൊരു കാര്യം പറയാനുണ്ടാർന്നു ”

” ആ പറഞ്ഞോ ”

“ഞാൻ നാളെ വരാം. നിനക്ക് വെക്കേഷൻ അല്ലേ. നാളെ അവിടെ ഉണ്ടാവൂലെ ”

“ആ ഓക്കേ. നാളെ കാണാം. ”

പിറ്റേ ദിവസം രാവിലെ തന്നെ ആള് ഹാജർ. എന്തോ ഉണ്ടല്ലോ അടിപൊളി ഡ്രെസ്സ് ഒക്കെ ഇട്ട് മൊഞ്ചൻ ആയിട്ടാണല്ലോ വരവ്.

പടച്ചോനെ ഇനി എന്റെ നാത്തൂന്റെ വീട്ടില് ഇവര്ടെ കാര്യം അറിഞ്ഞു, നിക്കാഹ് ഒറപ്പിച്ചോ. ഹായ് ഒരു നിക്കാഹ് കൂടാലോ. പുതിയ ഡ്രസ്സ്‌ ഒക്കെ എടുക്കണം. ഏത് കളർ എടുക്കണം.

കസിൻസ് എല്ലാം ഒരുപോലെ എടുത്താലോ. അല്ലേൽ വേണ്ട എന്നെയല്ലേ ഹബീക്കക് ഏറ്റം ഇഷ്ടം അപ്പൊ പെങ്ങടെ സ്ഥാനത്തു ഞാൻ നിക്കുമ്പോ വെറൈറ്റി വേണ്ടേ. അവര് ഒക്കെ ഏതാ ഇടണേന്ന് ചോദിക്കണം.

അങ്ങനെ ഞമ്മളെ ചിന്ത റോക്കറ്റ് പോണ പോലെ ഇങ്ങനെ പൊക്കോണ്ടിരിക്കുമ്പോളാ തലക്കിട്ടൊരു കൊട്ട് കിട്ടണത്.

” ആ എന്താ ഹബീക്ക ”

” നീ ഇത് എന്താലോയ്ച്ചോണ്ടിരിക്കെ പെണ്ണെ. ഹോ എന്റെ മൊഞ്ചു കണ്ട് കണ്ണ് തളളിപ്പോയാ ”

” അയ്യടാ ഒരു മൊഞ്ചൻ. കണ്ടേച്ചാലും മതി. ”

” ഓ.. എങ്ങനെ. നീ അതൊക്കെ വിട്. എനിക്ക് സീരിയസ് ആയി ഒരു കാര്യം പറയാനാ വന്നേ.
ഞാൻ നമ്മുടെ നിക്കാഹ് നടത്താൻ ഉമ്മാനോട് പറയാൻ പോവാ. അയിന് മുമ്പ് നിന്നോട് ഒന്ന് പറയാന്ന് വെച്ചു. നിനക്ക് എന്നെ ഇഷ്ട്ടോന്ന് എനിക്ക് അറിയാം.”

” ഞാൻ എപ്പോഴാ പറഞ്ഞേ എനിക്ക് ഹബീക്കാനെ ഇഷ്ട്ടോന്ന്. അല്ലാ അപ്പൊ സജ്‌നത്തായോ. നിങ്ങ ഇഷ്ടത്തിൽ അല്ലെർന്ന ”

” ഓ അവള് ഒരു ഗൾഫ് കാരനെ കിട്ടീപ്പോ എന്നെ അങ്ങ് ഒഴിവാക്കി. അടുത്ത കൊല്ലം അവള്ടെ നിക്കാഹാ.

അതിന് മുമ്പ് നമ്മടെ നിക്കാഹ് നടക്കണം. പിന്നെ നിനക്ക് എന്നെ ഇഷ്ടമാണെന്ന് നീ പറയണം എന്നില്ല എനിക്കറിയാം. എത്രയും പെട്ടന്ന് നടത്തണം ”

” നടക്കൂലാ ”

” ദേ ഞാൻ ആകെ തകർന്ന് നിക്കേണ്. നിനക്കെ എന്നെ മനസ്സിലാക്കാൻ പറ്റൊള്ളൂ. നിനക്കെ എന്നെ താങ്ങാൻ പറ്റൊള്ളൂ. നീ സമ്മതിക്കണം. സമ്മതിക്കും ”

അതും പറഞ്ഞു എന്റെ രണ്ടു കയ്യിലും മുറുക്കെ പിടിച്ചു. ശെരിക്കും ഇടിവെട്ടേറ്റ പോലെ ആയി പോയി. ഇത്രേം നാളും ആങ്ങള ആണെന്ന് പറഞ്ഞു നടന്നിട്ട് ഇപ്പൊ പറയണ കേട്ടില്ലേ.

ദേഷ്യോ സങ്കടോം എല്ലാം കൂടെ ആകെ പ്രാന്ത് പിടിച്ചപ്പോ കൈ വിടീച്ച് ചെപ്പ കുറ്റി നോക്കി ഒന്നങ്ങട് പൊട്ടിച്ചു.

എന്നിൽ നിന്ന് ഒട്ടും പ്രേതീക്ഷിക്കാത്തത് കൊണ്ടാവും ആകെ ഞെട്ടി തെറിച്ചു നിക്കണേണ്.

” ഇപ്പൊ പൊക്കോണം. ഇനി മേലാൽ എന്നോട് മിണ്ടണ്ട. ആരോടും ഇത് വരേ മുഖം കറുപ്പിച്ചു ഒന്നും പറയാത്തത് കൊണ്ടാവും എല്ലാരും കൂടെ എന്നോട് ഇങ്ങനെ ചെയ്യണേല്ലേ.

ആരോടും ദേഷ്യപ്പെട്ടു സംസാരിക്കാൻ എനിക്കറിയില്ല പക്ഷേങ്കി ഇങ്ങനൊരു അവസ്ഥ വന്നാ ഞാൻ പ്രതികരിക്കും. അത് ആരായാലും. നാണമായില്ലേ നിങ്ങക് പെങ്ങളാന്ന് പറഞ്ഞു നടന്നിട്ട് ഇപ്പൊ എന്നെ കെട്ടണോന്നാ ”

ഇത്രേം പറഞ്ഞപ്പോഴേക്കും ഞമ്മള് കരഞ്ഞു പോയി.ഹബീക്ക പോയതൊന്നും ഞാൻ അറിഞ്ഞില്ല. അതിന് ശേഷം കുറെ പ്രാവശ്യം എന്നോട് മിണ്ടാൻ ശ്രെമിച്ചു. പക്ഷെങ്കി ഞാൻ ഒഴിഞ്ഞു മാറി നടന്ന്.

@@@@@@@@@@@@@@@@@@@@@@

പിന്നെ ഇപ്പോഴാ ഹബീക്ക ഇങ്ങനെ വന്നു നിക്കണേ.
” എന്താ ഹബീക്കാ ”

” എനിക്ക് പറയാനുള്ളത് നീ കേക്കണം. അന്ന് എനിക്ക് തെറ്റ് പറ്റിപ്പോയി. നീ എന്നോട് പൊറുക്കണം.
അന്ന് സജ്‌ന എന്നെ വേണ്ടെന്ന് വെച്ചപ്പോ എന്റെ കൂട്ടുകാരാ പെട്ടെന്ന് വേറെ കെട്ടണം എന്നൊക്ക പറഞ്ഞത്. അവരോട് നിന്നെ പറ്റിയൊക്കെ ഞാൻ പറയാറുണ്ട്.

എന്നെ സഹായിക്കാൻ നിനക്കെ പറ്റൊള്ളൂന്നും നിനക്കും എന്നോട് ഇഷ്ടമായിരിക്കും സജ്‌ന ഒള്ളോണ്ട് പറയാത്തത് എന്നൊക്കെ പറഞ്ഞപ്പോ അപ്പോളത്തെ അവസ്ഥേൽ അങ്ങനൊക്കെ സംഭവിച്ചു പോയി ”

” അങ്ങനെ ആരേലും എന്തേലും പറഞ്ഞെന്ന് വെച്ച് മാറണ ബന്ധം ആയിരുന്നാ നമ്മള് തമ്മില്. പെങ്ങളായി തന്നെ അല്ലേ കണ്ടിരുന്നേ അത്രേം നാളും. അതോ ഒക്കേം വെറും അഭിനയോര് ന്നാ ”

“അങ്ങനെ പറയല്ലേ ഐഷു ഇക്കനോട് ക്ഷെമിക്ക് നീ. ഞാൻ പറഞ്ഞല്ലോ അന്ന് അങ്ങനൊക്കെ പറ്റിപ്പോയി മോളെ. അത് കയിഞ്ഞ് എനിക്ക് മനസ്സിലായി നീ എനിക്ക് ആരായിരുന്നു എന്ന്.

അന്ന് എനിക്ക് നഷ്ടമായത് എന്റെ നല്ലൊരു കൂട്ടുകാരിയെ ആണ് തല്ല് കൂടി നടന്ന എന്റെ പെങ്ങളെയാണ്. തെറ്റായി പോയി എല്ലാം ”

ഇത്രേം പറഞ്ഞപ്പോളേക്കും ഹബീക്ക കരഞ്ഞു പോയിരുന്നു. അത് കണ്ടപ്പോ എനിക്കും സങ്കടായി.

” സാരോല്ല ഹബീക്ക. എനിക്ക് പിണക്കം ഒന്നും ഇല്ലാ. ഇങ്ങള് എന്നും എന്റെ ആങ്ങള തന്നെ ആയിരുന്ന്. ഇനി എന്നും അങ്ങനെ തന്നെ ആയിരിക്കും ”

” ഇത്രേം കേട്ടാ മതി എനിക്ക്. ഒരു വലിയ ഭാരം ഒഴിഞ്ഞ പോലെ തോന്നാ.. പോട്ടെ എന്നാ. നീ ഒറങ്ങിക്കോ. നാളെ നേരത്തെ എണീക്കണ്ടേ ”

ഹബീക്ക പോയി കഴിഞ്ഞ് ഞാൻ വാതിൽ കുറ്റിയിട്ട് കിടന്നു. എന്തോ ഹബീക്കനോട് സംസാരിച്ചപ്പോ വല്ലാത്ത സന്തോഷം.

കാര്യം പിണങ്ങിയെങ്കിലും എന്തോ സങ്കടമായിരുന്നു. എന്തിനും ഏതിനും കൂടെ നിന്നിരുന്ന ആളായിരുന്നു. സന്തോഷം ഒക്കെ തോന്നുന്നുണ്ടായിരുന്നെങ്കിലും ഒരു കുഞ്ഞു നോവ് ഇപ്പോഴും മനസ്സിലുണ്ട്.

കുഞ്ഞു നോവല്ല ഇമ്മിണി വെല്യ നോവ് തന്നെയാ.. എന്റെ മാമി.. കണ്ണുകൾ വീണ്ടും അനുസരണയില്ലാതെ ഒഴുകി കൊണ്ടിരുന്നു. പിന്നെ എപ്പോഴോ ഉറങ്ങി പോയി.

@@@@@@@@@@@@@@@@@@@@@@@@

രാവിലെ തന്നെ കതകുമ്മേ ഉള്ള കൊട്ട് കേട്ടാ ഞാൻ എണീറ്റെ.

” ഇതെന്ത് ഉറക്കമാടി പോത്തേ. സ്വന്തം കല്യാണത്തിന് ആരെങ്കിലും ഇങ്ങനെ പോത്ത് പോലെ കിടന്ന് ഉറങ്ങോ ” ദിവ്യയാണ്. സ്വാതി ചേച്ചിയും ഉണ്ട്.

” അല്ല നാത്തൂനേ കെട്ടിന് മുമ്പ് ചെക്കന്റെ വീട്ടിൽ കിടപ്പ് തൊടങ്ങിയാ. അല്ലാ രാവിലെ തന്നെ ഇങ്ങോട്ട് എത്തീലോ അത് കൊണ്ട് ചോദിച്ചതാ. ”

” ഒന്നു പോടീ കൊച്ചേ. എന്നെ അച്ഛൻ കൊണ്ട് വിട്ടതാ ”

” ആയിക്കോട്ടെ ”

ഞാൻ വേഗം കുളിച്ച് നിസ്കരിച്ചു റെഡിയാവാൻ ചെന്നു. ബ്യൂട്ടിഷൻ ചേച്ചി വന്നിട്ടുണ്ട്. എനിക്ക് ലൈറ്റ് മേക്കപ്പ് മതീന്ന് ഞാൻ നേരത്തെ തന്നെ പറഞ്ഞു ഏപ്പിച്ചു.

ഡാർക്ക്‌ റെഡ് കളർ ലെഹെങ്കയായിരുന്നു. ഒരുക്കമെല്ലാം കഴിഞ്ഞ് കണ്ണാടി നോക്കി സ്വയം തൃപ്തി പ്പെട്ടു. ആ ചെറിയ മൊഞ്ചോക്കെ ഉണ്ട്. ഇനി എന്റെ ചെക്കനായുള്ള കാത്തിരിപ്പ്.

പതിനൊന്നു മണിയായപ്പോ ചെക്കൻ എത്തിയെന്നു പറയണ കേട്ടു. ചേട്ടായീം ഹബീക്കയും എല്ലാ കാര്യങ്ങളും ഓടി നടന്ന് ചെയ്യണുണ്ട്.

ദിവ്യയും ചേച്ചിം മൊഞ്ചത്തികളായി വിലസനുണ്ട്. ഉമ്മാമയും ഉപ്പയും മാമയും നിക്കാഹിനു വന്നവരെ സൽക്കരിക്കണ തിരക്കിലാ. കുഞ്ഞോനും ആമീം പാറി പറന്ന് നടക്കേണ്.

ഇത്രേം നേരം ആയിട്ടും മാമിയെ മാത്രം കണ്ടില്ല.
നിക്കാഹ് കഴിഞ്ഞ് എല്ലാരും ഹാളിലേക്ക് എത്തി. എന്റെ കൈ പിടിച്ചു എന്റെ ചങ്കത്തിയും നാത്തൂനും ബാക്കി വാലുകളും കൂടെ സ്റ്റേജിലേക്ക് കേറ്റി.

നെഞ്ചോക്കെ പടപടാന്ന് ഇടിക്കേണ്. ഇപ്പൊ പൊട്ടി പോകും എന്ന അവസ്ഥ. നേരെ എന്റെ ചെക്കന്റെ അടുത്ത് ചെന്ന് സലാം പറഞ്ഞു.
പുള്ളിക്കാരൻ ഒരു ചിരിയോടെ സലാം മടക്കി.

യാ റബ്ബി എന്താ ചിരി. എന്താ ഒരു മൊഞ്ചു. ഷാനിക്കാനേ തന്നെ നോക്കി നിന്നപ്പോഴാ ആ കുരിപ്പ് എന്നെ നുള്ളണത്. വേറെ ആര് ഞമ്മടെ ചങ്ക് ദിവ്യ തന്നെ. പിന്നെ നമ്മള് ഡീസന്റ് ആയി.

പിന്നെ ഫോട്ടോ എടുപ്പ് പരിചയപ്പെടൽ പരിചയപ്പെടുത്തൽ ആകെ കൂടെ എടങ്ങേറായി. പെട്ടെന്നാണ് മാമി സ്റ്റേജിലേക്ക് കേറി വന്നത്.

സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു. കൂടെ നിന്ന് ഫോട്ടോ ഒക്കെ എടുത്ത്. പക്ഷെ എന്നോട് ഒന്നും മിണ്ടീല. ഷാനൂക്കനോട് സംസാരിക്കണുണ്ട്. അപ്പോഴാ മാമിടെ അടുത്ത് നിന്ന ആളെ കണ്ടേ.
ഹാഷിം..

ഈ പഹയൻ എപ്പോഴാ സ്റ്റേജിൽ കേറിയേ. ഇങ്ങനെ ആലോചിച്ചോണ്ട് ഇരുന്നപ്പോഴാ ആ വെടക്ക് എന്റെ അടുത്തേക്ക് വന്നത്. എന്നിട്ട് എനിക്ക് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു.
” ഇവന്റെ കൂടെ സുഖായിട്ട് ജീവിക്കാന്ന് നീ വിചാരിക്കണ്ടടി. മോള് കരുതി ഇരുന്നോ ”

ന്റെ ഹൃദയം നിന്ന് പോണ പോലെ തോന്നുവായിരുന്നു. ഹബീക്കയും ചേട്ടായീം ഇതൊക്ക കണ്ടോണ്ട് നില്പണ്ടായിരുന്ന്. അവര് ഒന്നും ഇല്ലെന്ന് കണ്ണ് അടച്ചു കാണിച്ചു. അപ്പൊഴാ എന്റെ ശ്വാസം നേരെ വീണത്.

എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങാൻ നേരം കരഞ്ഞു പോയി ഞാൻ. പിന്നെ അവിടൊരു കൂട്ട കരച്ചിൽ ആയിരുന്നു. കുഞ്ഞോനും ആമീം എന്നെ കെട്ടിപ്പിടിച്ചു കരയേര്ന്നു.

പോവണ്ടാന്ന് പറഞ്ഞു. ഇത്രേം ദിവസത്തെ സന്തോഷം ഒന്നും ഇപ്പൊ അവര്ടെ മുഖത്തില്ല. എന്നെ പിരിയണ സങ്കടം മാത്രം. മാമിയെ അവിടെ എങ്ങും കണ്ടില്ല.

കാറിൽ കയറി പുതിയ ജീവിതത്തെ കുറിച്ചുള്ള ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഷാനിക്കാടെ വീട്ടിലേക്ക് തിരിച്ചു അവിടെ കാത്തിരിക്കുന്നതെന്തെന്നറിയാതെ…

തുടരും

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 1

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 2

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 3