താദാത്മ്യം : ഭാഗം 6
നോവൽ
എഴുത്തുകാരി: മാലിനി വാരിയർ
“ഹായ്… അച്ചു.. ”
മിഥുന വിടർന്ന മുഖത്തോടെ അവനെ സ്വാഗതം ചെയ്തു..
“ഹായ്… മിഥൂ… സുഖമല്ലേ… ”
അവൻ പുഞ്ചിരിയോടെ ചോദിച്ചു.
“സുഖം… നിനക്കോ..
അതല്ല… നീ എന്താ വരാൻ വൈകിയേ… ”
അവൾ അല്പം പരിഭവത്തോടെ ചോദിച്ചു.
“ജോലി തിരക്കായിരുന്നെടി.. എന്തായാലും ഇപ്പൊ ഇങ്ങെത്തിയില്ലേ.. ഇനി നമുക്കെല്ലാവർക്കും അടിച്ചു പൊളിക്കാം.. ”
അവൻ പുഞ്ചിരി കൈവിടാതെ പറഞ്ഞു..
“ഉം.. ശരി.. നീ അകത്തേക്ക് വാ… എല്ലാരും നിന്നെ കാത്തിരിക്കുവാ.. ”
മിഥുന അവനെ അകത്തേക്ക് വിളിച്ചുകൊണ്ട് മുന്നിൽ നടന്നു..
“അല്ലാ… ആരാ ഇത് അർജുനോ… കയറി വാടാ… ”
മഹേന്ദ്രൻ അവനെ സന്തോഷത്തോടെ സ്വാഗതം ചെയ്തു.. അർജുൻ എല്ലാവരോടും വിശേഷങ്ങൾ പങ്കുവെച്ച ശേഷം മുറിയിലേക്ക് നടന്നു..
അവൻ കുളികഴിഞ്ഞു വന്നപ്പോഴേക്കും മീനാക്ഷി എല്ലാവർക്കുമുള്ള ഭക്ഷണം തയ്യാറാക്കി വെച്ചിരുന്നു…
“ഇരിക്കെടാ.. ”
മീനാക്ഷി സ്നേഹത്തോടെ പറഞ്ഞു..
അവനോടൊപ്പം മഹേന്ദ്രനും കഴിക്കാനിരുന്നു..
“അതിരിക്കട്ടെ മിഥൂ… മിലു, അഞ്ചു… ആരെയും കാണുന്നില്ലല്ലോ… ”
അവൻ മുറിക്കുള്ളിലേക്ക് കണ്ണോടിച്ചുകൊണ്ട് ചോദിച്ചു..
“എല്ലാരും പാടത്തേക്ക് പോയിരിക്കുവാ… ”
ഒരു ഉത്സാഹമില്ലായ്മയോടെ അവൾ പറഞ്ഞു..
“ഒറ്റയ്ക്കോ… ”
“അല്ലേടാ.. സിദ്ധുവിന്റെ കൂടെയാ… ഇന്ന് പാടത്ത് ഞാറ് നാടുവാ… കുട്ടികൾക്കെല്ലാം അത് കാണണമെന്ന് ഒരേ വാശി.. അവൻ എല്ലാരേം കൂട്ടി പോയിരിക്കുവാ.. ”
അർജുന്റെ ചോശ്യത്തിന് മീനാക്ഷിയാണ് മറുപടി പറഞ്ഞത്…
“ഓഹ്… അവന്റെ ജീവിതമോ നശിച്ചു.. ഇനി ആ കുട്ടികളെ കൂടി നശിപ്പിക്കാനാണോ അവന്റെ ഉദ്ദേശം..”
അർജുൻ അല്പം ഗൗരവത്തോടെ പറഞ്ഞു..
“അവൻ എന്ത് നശിച്ചൂന്നാ നീയീ പറയണേ…
നാടിന്റെ തന്നെ വിശപ്പ് മാറ്റുന്നവനാ അവൻ..
ഇതിനേക്കാൾ നന്മ വേറെന്ത് ചെയ്താൽ കിട്ടും..”
മഹേന്ദ്രൻ മറുപടി കൊടുത്തു..
“അതല്ല അമ്മവാ… ഈ കൃഷിയൊക്കെ ചെയ്തിട്ട് എന്ത് കിട്ടാനാ.. ലോകം മാറിക്കൊണ്ടിരിക്കുകയാണ് കൃഷി ചെയ്ത് മുന്നേറാം എന്നത് തന്നെ മണ്ടൻ ചിന്താഗതിയാണ്..അവൻ പഠിച്ചതല്ലേ.. എത്രയെത്ര നല്ല ജോലികൾ വന്നതാ… അതൊക്കെ വേണ്ടാന്ന് വെച്ച് ഈ മണ്ണിലും ചേറിലും കിടന്ന് കഷ്ടപ്പെടേണ്ട വല്ല കാര്യമുണ്ടോ..”
“അർജുൻ… കൃഷിയെക്കുറിച്ചുള്ള നിന്റെ കാഴ്ചപ്പാട് തന്നെ തെറ്റാണ്…എല്ലാവരും ജീവിക്കുന്നത് ഒരുനേരത്തെ ഭക്ഷണത്തിന് വേണ്ടിയാണ്.. നീ ബിസ്നെസ്സ് ചെയ്യുന്നവനാണ്… നിന്റെ കീഴിൽ ഒരുപാട് ജോലിക്കാരും ഉണ്ടാകും..എന്നാൽ എല്ലാവർക്കും ആവശ്യമായ ഒന്നാണ് അരി….ആ നെല്ല് മണ്ണിൽ വിതയ്ക്കുന്ന കർഷകനാണവൻ..
അത്കൊണ്ട് അവനെക്കാൾ മികച്ചവനായി ആരും ഇവിടെ ഇല്ല…
അതുപോലെ തന്നെ ഇവിടെ എന്തൊക്കെ മാറ്റം ഉണ്ടായാലും വിശപ്പിനെ ആർക്കും മാറ്റാൻ കഴിയില്ല… വിശന്നാൽ കാശ് ചുരുട്ടി തിന്നാൻ പറ്റുമോ..? ഈ ഭൂമിയിൽ മനുഷ്യൻ ഉള്ളത് വരെ കൃഷിയും ഉണ്ടാവും.. എങ്കിൽ മാത്രമേ എല്ലാവരും ജീവനോടെ ഉണ്ടാവൂ..
ഇന്നത്തെ തലമുറയ്ക്ക് സിദ്ധു ഒരു മാതൃകയാണ്..ഇനിയെങ്കിലും നിന്റെ ജോലിയും അവനെയും താരതമ്യപ്പെടുത്തി സംസാരിക്കരുത്.. കാരണം.. അവൻ നമ്മൾ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ്..”
മഹേന്ദ്രൻ അർജുനിന്റെ വായടപ്പിച്ചുകൊണ്ട് പറഞ്ഞു നിർത്തി..
“ഏട്ടാ… ആദ്യം ഭക്ഷണം കഴിക്ക്… കഴിക്കുമ്പോൾ സംസാരിക്കരുത്..”
മീനാക്ഷി രംഗം സൗമ്യമാക്കാൻ മെല്ലെ പറഞ്ഞു.. മഹേന്ദ്രൻ പിന്നെ ഒന്നും മിണ്ടാതെ ഭക്ഷണത്തിൽ മുഴുകി..
മിഥുന അത്ഭുതത്തോടെ തന്റെ അച്ഛനെ നോക്കിയിരിക്കുകയായിരുന്നു..അദ്ദേഹം ഇങ്ങനെ ദേഷ്യത്തിൽ സംസാരിച്ച് അവൾ കണ്ടിട്ടില്ല..
“അവനെ പറഞ്ഞതിന് അച്ഛൻ എന്തിനാ ദേഷ്യപ്പെടുന്നെ..”
അവൾ മനസ്സിൽ ഓർത്തു..
അർജുൻ ഭക്ഷണം മുഴുവിപ്പിക്കാതെ ദേഷ്യത്തോടെ എഴുന്നേറ്റു തന്റെ മുറിയിലേക്ക് പോയി..
“മോനെ അച്ചു… നീ നേരാവണ്ണം ഒന്നും കഴിച്ചില്ലല്ലോ..”
അവന്റെ അമ്മ ആശ മുറിയിലേക്ക് കയറികൊണ്ട് ചോദിച്ചു.
“അമ്മ കണ്ടതല്ലേ… അങ്ങേർക്ക് ഇത് എന്തിന്റെ കേടാ..എപ്പോഴും അവനെ സപ്പോർട്ട് ചെയ്ത് സംസാരിക്കാനേ നേരമുള്ളൂ.. വർഷം എത്ര കഴിഞ്ഞാലും എന്നെ കുറ്റപ്പെടുത്താതെ അയാൾക്ക് ഉറക്കം വരില്ലേ..”
അവൻ ദേഷ്യത്തോടെ പറഞ്ഞു..
“മഹിയേട്ടൻ നിന്നെ കുറച്ചു പറഞ്ഞതല്ലടാ…
കാര്യമല്ലെ പറഞ്ഞേ… അത് നീ തെറ്റായി എടുക്കണ്ട..”
അവർ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..
“അമ്മ എനിക്ക് വേണ്ടി സ്വന്തം ചേട്ടനെ വിട്ടൊന്നും തരണ്ട.. എന്തിനാ അയാള് എപ്പോഴും സിദ്ധുവിനെയും എന്നെയും കമ്പയർ ചെയ്തു സംസാരിക്കുന്നെ.. അവൻ വലിയവൻ.. ഞാനൊക്കെ ഏതോ അന്യഗ്രഹത്തീന്ന് വന്നത് പോലെയാണ്, ഓരോ തവണയും എന്നെ അപമാനിക്കുന്നത്..”
“അങ്ങനെയൊന്നും അല്ല മോനെ..”
ആശ എന്തോ പറയാൻ വന്നതും അവൻ തടഞ്ഞു.
“അമ്മയൊന്നും പറയണ്ട..നോക്കിക്കോ.. ഇതിനെല്ലാം ഞാൻ അയാളെക്കൊണ്ട് മറുപടി പറയിക്കും..”
അവൻ വാശിയോടെ പറഞ്ഞു..
“അങ്ങനെ ഒന്നും പറയെല്ലേടാ.. അദ്ദേഹം നിന്റെ അമ്മാവനാണ്.. അത് മറക്കരുത്..”
അവർ വിഷമത്തോടെ പറഞ്ഞു..
“ഒരമ്മാവൻ വന്നിരിക്കുന്നു…”
അവന്റെ കണ്ണിൽ പക നിറഞ്ഞു..
ചെറുപ്പം മുതൽ തന്നെ അർജുനും സിദ്ധാർത്ഥനും ഒത്തു പോകില്ല..രണ്ട് പേരും രണ്ട് ദിശയിൽ സഞ്ചരിക്കുന്നവരാണ്..മിഥുനയും സിദ്ധുവിനെ വെറുക്കുന്നത് കൊണ്ട് തന്നെ രണ്ട് പേരും ചേർന്ന് സിദ്ധുവിന് എതിരെ ഓരോന്ന് ചെയ്തു കൂട്ടും..
അർജുന്റെ അനുജത്തി അഞ്ജുവും സിദ്ധുവിന്റെ പക്ഷമായതിനാൽ അവൻ അവനെ കൂടുതൽ വെറുത്തു..മിഥുനയുടെ അച്ഛൻ ചെറുപ്പം മുതലേ സിദ്ധുവിനെയും അവനെയും താരതമ്യപ്പെടുത്തി അവനെ കൊച്ചാക്കുകയാണെന്നാണ് അവന്റെ വിചാരം..അതുകൊണ്ട് തന്നെ മിഥുനയുടെ അച്ഛനേയും അവന് ഇഷ്ടമല്ല..അവരെ തമ്മിൽ പിരിക്കാൻ അവൻ പലതും ചെയ്തിട്ടുണ്ട്.
മിഥുന ചെറുപ്പത്തിൽ സിദ്ധുവിനെ കല്ലിനെറിയാനുള്ള മൂലകാരണം അർജുനാണ്..അവളെ പിരിക്കേറ്റി വിട്ട വിദ്വാൻ. അതുപോലെ പലതവണ സിദ്ധുവിനെതിരെ ഒളിപ്പോര് നടത്തിത്തിയിട്ടുണ്ട് ഈ മഹാൻ.. ഇതെല്ലാം സിദ്ധുവിന് അറിയാം എങ്കിലും..തന്റെ കുടുംബത്തിന്റെ നന്മയെ കരുതി ഒന്നും പുറത്ത് കാട്ടാതെ നടന്നു..
“അച്ഛാ…. അമ്മേ…അമ്മായി…”
മൃദുലയുടെ ശബ്ദം കേട്ട് എല്ലാവരും സ്വീകരണമുറിയിലേക്ക് വന്നു..ചേറിൽ കുളിച്ചു നിൽക്കുകയാണ് അവൾ.
“ഇതെന്താ മോളെ..”
മീനാക്ഷി ചോദിച്ചു..
“ഇന്ന് പാടത്ത് ഞാനും ഞാറ് നട്ടു.. ”
എന്തോ വലിയ കാര്യം ചെയ്‌തെന്ന മട്ടിൽ ഉത്സാഹത്തോടെ സംസാരിക്കുന്ന മകളെ മഹേന്ദ്രനും ശോഭയും ആശ്ചര്യത്തോടെ നോക്കി.
“ആഹാ… നീ ഞാറ് നടാനും പഠിച്ചോ..”
പുഞ്ചിരിയോടെ ശോഭ ചോദിച്ചു.
“അമ്മേ ഞാൻ മാത്രമല്ല.. ഞങ്ങൾ എല്ലാരും…ഉണ്ട്..”
അവൾ തിരിഞ്ഞതും അവളുടെ അതെ കോലത്തിൽ മറ്റ് കുട്ടികളും പുഞ്ചിരിയോടെ വന്നു നിന്നു.
“സിദ്ധുവേട്ടനാ ഞങ്ങൾക്ക് ഞാറ് നടാൻ പഠിപ്പിച്ചു തന്നത്…”
അഞ്ജുവിന്റെ ആവേശത്തോടെയുള്ള വാക്കുകൾ എല്ലാവരുടെയും ചുണ്ടിൽ പുഞ്ചിരി നിറച്ചു.
കുളിക്കഴിഞ്ഞ് വന്ന് ഭക്ഷണം കഴിക്കാൻ ഇരുന്ന കുട്ടികളെ, ഞാറ് നട്ട് വന്നപ്പോൾ ഉണ്ടായ അവരുടെ സന്തോഷം മനസിൽ കണ്ട് ആസ്വദിക്കുകയായിരുന്നു മീനാക്ഷി.
“വളരെ നല്ല കാര്യമാണ് സിദ്ധു നീ ഇന്ന് ചെയ്തിരിക്കുന്നത്.. കൃഷിയെ കുറിച്ചുള്ള പുതുതലമുറയ്ക്ക് ഒരുപാട് തെറ്റിദ്ധാരണയുണ്ട്.. കഴിക്കുന്ന ഭക്ഷണത്തിനു പിന്നിലെ കഷ്ടപ്പാട് ഇന്ന് ഇവർക്ക് മനസ്സിലായിക്കാണും…”
മഹേന്ദ്രൻ അവനെ പ്രശംസയോടെ തോളിൽ തട്ടി ചേർത്ത് പിടിച്ചു.
“അതെ.. അമ്മാവാ… എല്ലാരും അതറിയണം.. പിന്നെ കുട്ടികൾ ആഗ്രഹത്തോടെ ചോദിച്ചത് കൊണ്ടാണ്… വളരെ നന്നായി തന്നെ അവർ ജോലി ചെയ്തു..”
സിദ്ധു പുഞ്ചിരിയോടെ പറഞ്ഞു..അത് കേട്ട് ആ വീട്ടിലെ എല്ലാവരും സന്തോഷിച്ചു.. ഒരാൾ ഒഴികെ… അവന് ഒരിക്കലെങ്കിലും സിദ്ധുവിനെ ജയിക്കണം എന്ന് മാത്രമായിരുന്നു ചിന്ത.
അവൻ ചിന്തിച്ചത് പോലെ അങ്ങനെ ഒരു സന്ദർഭം അടുത്ത ദിവസം തന്നെ ലഭിക്കുമെന്ന് അവന് അപ്പോൾ അറിയില്ലായിരുന്നു.
അടുത്ത ദിവസം..
കുടംബത്തിൽ ഉള്ളവരെല്ലാം ഒന്നിച്ച് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.. പ്രതിഷ്ഠാദിന ചടങ്ങുകൾ സമൃദ്ധിയിൽ നടക്കുകയാണ്. ഉത്സവത്തോടനുമ്പന്ധിച്ച് വർഷാവർഷം നടത്തി വരുന്ന മൂരിയോട്ടവും നടന്നു കൊണ്ടിരിക്കുന്നു..
വിശാലമായി പരന്നു കിടക്കുന്ന ചെളിക്കണ്ടത്തിൽ ഓടാൻ തയ്യാറായി നിൽക്കുകയാണ് മൂരിക്കുട്ടന്മാർ..
“സിദ്ധു…. സിദ്ധു….”
നാട്ടിലെ തരുണീമണികൾ അവന് വേണ്ടി ശബ്ദമുയർത്തി..
“ഹേയ്… അഞ്ചു…ദേ നിന്റെ ചേട്ടനും ഉണ്ടല്ലോ..”
സിദ്ധുവിന്റെ തൊട്ടടുത്തായി മൂരിയുടെ മൂക്ക് കയറിൽ പിടിച്ചു നിൽക്കുകയാണ് അർജുൻ…
“അച്ചുവേട്ടന് ഇതൊക്കെ അറിയോ…? ”
മൃദുല അത്ഭുതത്തോടെ ചോദിച്ചു..
“ഉം… ചേട്ടൻ ഗുസ്തിയൊക്കെ പഠിച്ചിട്ടുണ്ട്… രണ്ട് മൂരിയുടെ വലിപ്പമുള്ള ആളെയൊക്കെ ഒറ്റയ്ക്ക് പൊക്കിയെറിയും..”
“ആഹ്..”
അഞ്ചുവിന്റെ വാക്കുകൾ കേട്ട് മൃദുല പറഞ്ഞു…
ആ രംഗം കണ്ട് ആ കുടുംബത്തിൽ ഉള്ളവർ കൂടുതൽ സന്തോഷിച്ചു.. കാരണം കുടുംബത്തിലെ ആൺമക്കൾ ആര് ജയിച്ചാലും അവർക്ക് സന്തോഷമേ ഉള്ളൂ.. എന്നത് തന്നെ..
സിദ്ധു മുണ്ടിന്റെ തുമ്പ് മടക്കി പിന്നിലേക്ക് കുത്തി.. ശേഷം തോളത്തിരുന്ന തോർത്തെടുത്ത് തലയിൽ വരിഞ്ഞു കെട്ടി..
മത്സരം തുടങ്ങാനുള്ള കദന പൊട്ടിയതും മൂരികൾ കുതിച്ചു തുടങ്ങി… മൂരികൾക്ക് പിന്നാലെ അവരുടെ കയ്യാളുകളും..
“സിദ്ധുവേട്ടൻ….. സിദ്ധു…..”
കാണികൾ ആവേശത്തോടെ കരഘോഷം മുഴക്കി..ഇടയിൽ തെളിഞ്ഞു കണ്ട ശ്രീലക്ഷ്മിയുടെ മുഖം അവന്റെ ആവേശം കൂട്ടി..
അവന്റെ തൊട്ട് പിന്നാലെ വാശിയോടെ പാഞ്ഞു വരികയാണ് അർജുൻ.. അതൊന്നും വക വയ്ക്കാതെ അവൻ വീറോടെ കുതിച്ചു പാഞ്ഞു..
മനുഷ്യന്മാരെ കൈകാര്യം ചെയ്യുന്നത് പോലെ അത്ര എളുപ്പമുള്ള കാര്യമല്ല മൂരികളെ മെരുക്കാൻ എന്ന് അര്ജുന് മനസ്സിലായെങ്കിലും അവന് സിദ്ധുവിനെ തോൽപിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു.. പലതവണ മൂക്ക് കയർ കയ്യിൽ നിന്ന് വഴുതി പോകാൻ പോയെങ്കിലും അവൻ വാശിയോടെ പൊരുതി..
ചെളിക്കണ്ടത്തിലെ ചേറുകൾ തെറിപ്പിച്ചു മൂരിക്കുട്ടന്മാർ മുന്നോട്ട് കുതിക്കുകയാണ്..
എല്ലാവരും ആവേശഭരിതരായി നിന്ന രംഗം..
ഒരു നിമിഷം അർജുൻ മുന്നിലെത്തിയെങ്കിലും.. സിദ്ധുവിന്റെ പരിചയ സമ്പന്നത അവനെ നിഷ്പ്രയാസം പിന്തള്ളിക്കൊണ്ട് ഒന്നാമതെത്തിച്ചു..
“സിദ്ധു….സിദ്ധു…”
കാണികൾ സന്തോഷത്തോടെ സിദ്ധുവിനെ പൊക്കി സന്തോഷത്തോടെ തുള്ളി ചാടി.
സിദ്ധു വിജയിച്ചത് അർജുന് താങ്ങാൻ കഴിഞ്ഞില്ല..ഒരിക്കലെങ്കിലും അവനെ തോൽപിക്കണം എന്ന ചിന്തയോടെയാണ് അവൻ ആയോധന കല അഭ്യസിച്ചത്.. പക്ഷെ അത് തനിക്ക് ഇവിടെ സഹായകമായില്ല.. അതോടെ അർജുന് സിദ്ധുവിനോടുള്ള പക കൂടുകയാണുണ്ടായത്.
സിദ്ധുവിന്റെ കണ്ണുകൾ ശ്രീലക്ഷ്മിയെ തേടി നടക്കുകയായിരുന്നു.. ആൾ കൂട്ടത്തിനിടയിൽ പുഞ്ചിരിയോടെ നിൽക്കുകയാണ് ശ്രീലക്ഷ്മി.. അവളുടെ മുഖത്തെ പുഞ്ചിരി അവന്റെ വിജയത്തിന്റെ സന്തോഷമാണെന്ന് അവന് മനസിലായി..
ആ നിമിഷം അവന്റെ മനസ്സ് സന്തോഷത്തിൽ തുള്ളി ചാടി..
ചേറു പറ്റിയ വസ്ത്രം മാറ്റി വരുന്ന വഴിയായിരുന്നു അവൻ..
“സിദ്ധുവേട്ടാ…”
ആൽത്തറ ചുവട്ടിൽ എത്തിയപ്പോൾ പിന്നിൽ നിന്നും മധുരം ശബ്ദം കേട്ട് അവൻ പിന്തിരിഞ്ഞു നോക്കി..
” നന്നായിട്ടുണ്ടായിരുന്നു… ആശംസകൾ..”
തെളിഞ്ഞ മുഖത്ത് പുഞ്ചിരിയോടെ നിൽക്കുകയാണ് ശ്രീലക്ഷ്മി..
“നന്ദി..”
മുന്നിൽ നടക്കുന്നത് സ്വപ്നമാണോ എന്നവൻ ഓർത്ത് പോയി..
മനോഹരമായ പുഞ്ചിരിയും സമ്മാനിച്ചുകൊണ്ട് അവൾ മെല്ലെ നടന്നകന്നു..
അവൾ പോയ വഴിയേ അവൻ മിഴിചിമ്മാതെ നോക്കി നിന്നു.
അവൾ അവനോട് പറഞ്ഞ മധുരമായ വാക്കുകൾ അവന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി.. ആ മൃദുല ശബ്ദം ജീവിതാവസാനവരെ കേൾക്കണമെന്ന് അവൻ കൊതിച്ചു.
“ഏട്ടാ…. ചേച്ചി എന്താ പറയുന്നേ…”
കുട്ടിക്കൂട്ടം അവന്റെ ചുറ്റും കൂടി..
“ഏയ്.. പ്രേത്യേകിച്ചു ഒന്നും പറഞ്ഞില്ല… മത്സരം നന്നായിരുന്നു.. ആശംസകൾ പറയാൻ വന്നതാ..”
അവൻ അല്പം ഭവ്യമായ ശബ്ദത്തിൽ പറഞ്ഞു..
“അത്രയല്ലേ പറഞ്ഞുള്ളു… ഏട്ടന്റെ ചിരി കണ്ടാൽ തോന്നും ചേച്ചി പ്രൊപ്പോസ് ചെയ്തു പോയ പോലെ ഉണ്ടല്ലോ…”
കുട്ടിക്കുറുമ്പി മാളവിക കുസൃതിയോടെ പറഞ്ഞു..
“അമ്പടി… മുട്ടേന്നു വിരിഞ്ഞിട്ടില്ല… വായീന്ന് വീഴുന്ന വാക്ക് കേട്ടില്ലേ…”
അവൻ കൗതകത്തോടെ അവളെ പിടിക്കാൻ ശ്രമിച്ചതും അവൾ പൊട്ടിചിരിച്ചുകൊണ്ട് അവനിൽ നിന്നും മുന്നോട്ട് ഓടി..
തുടരും…