Saturday, January 18, 2025
Novel

താദാത്മ്യം : ഭാഗം 19

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

MV


അകത്തേക്ക് കയറിയതും, മിഥുന ഇരുന്നുകൊണ്ട് ഉറങ്ങുന്നത് കണ്ട് അവൻ അവളുടെ അരികിലേക്ക് ചെന്നു.. ജനലിനോട് ചേർന്നിട്ടിരുന്ന ആ കസേരയിൽ കിടന്നുറങ്ങുകയാണ് മിഥുന..

“മിഥു… മിഥു…

അവൻ അവളെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും അവൾ നല്ല ഉറക്കത്തിലായിരുന്നു…

“ഇങ്ങനെ കിടന്നാൽ നാളെ കഴുത്ത് വേദനിക്കുമല്ലോ… എന്താ ഇപ്പൊ ചെയ്യാ…”

എന്ന ചിന്തയോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കി നിന്നു…

സുഖമായി കിടന്നുറങ്ങുന്ന അവളെ ഉണർത്താൻ അവന്റെ മനസ്സനുവദിച്ചില്ല, എങ്കിലും നാളെ എഴുന്നേൽക്കുമ്പോൾ അവൾക്ക് കഴുത്ത് വേദനിക്കുമല്ലോ എന്ന് ചിന്തിച്ച് വീണ്ടും എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.

അവളുടെ തോളിൽ കുലിക്കി വിളിച്ചിട്ടും അനക്കമൊന്നും ഇല്ലാതിരുന്നതിനാൽ അവളെ എടുത്ത് കട്ടിലിൽ കിടത്താൻ തീരുമാനിച്ചു. ഒരു കൈക്കൊണ്ട് കഴുത്തിന്റെ ഭാഗത്തും മറുകൈക്കൊണ്ട് കാലുകളിലും പിടിച്ചുകൊണ്ട് ഒരു കുഞ്ഞിനെ എടുക്കുന്ന ലകവത്തോടെ നിസ്സാരമായി എടുത്തുയർത്തി. അവളും ഒരു കൊച്ചു കുഞ്ഞിനെ പോലെ അവന്റെ കൈകളിൽ സുഖ നിദ്രയിൽ മുഴുകി. അവൻ മെല്ലെ കട്ടിലിനടത്തേക്ക് നടന്നു.. ശേഷം അവളെ പതുക്കെ കട്ടിലിനു മുകളിലേക്ക് കിടത്തി..

പെട്ടെന്ന് മിഥുനയിൽ ചെറിയ അനക്കം കണ്ടതും അവൻ സ്തംഭിച്ചു നിന്നു..

“ഈശ്വരാ… പെട്ടോ… ഇപ്പൊ അവൾ കണ്ണ് തുറക്കും… ഇപ്പോഴാണ് അവളൊന്ന് സംസാരിച്ച് തുടങ്ങിയത്.. ഇനി അതും ഇല്ലാണ്ടാവുമല്ലോ… ”

അവൻ മനസിൽ ചിന്തിച്ചുകൊണ്ട് അവളെ നോക്കിയതും അവൾ ഉറക്കത്തിൽ അവനെ നേരെ തിരിഞ്ഞു കിടന്നു…

“ഹാവൂ രക്ഷപ്പെട്ടു… ”

അവൻ ആശ്വാസത്തോടെ പറഞ്ഞു അവന്റെ കൈകൾ അവളുടെ കഴുത്തിന്റെ ഭാഗത്ത് നിന്നും എടുക്കാൻ ശ്രമിച്ചതും അവളുടെ കൈകൾ അവന്റെ കയ്യിൽ പിടിമുറുക്കി.. അവൻ ആശ്ചര്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി..

അവൾ നല്ല ഉറക്കത്തിലാണെന്ന് അവന് മനസ്സിലായി. അവന്റെ കൈകളിൽ കെട്ടിപ്പിടിച്ചു സമാധാനത്തോടെ ഉറങ്ങുന്ന അവളെ കണ്ടതും അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നതുപോലെ അവന് തോന്നി.. അവൻ എന്ത് ചെയ്യാമെന്നറിയാതെ അവൻ മെല്ലെ തറയിലേക്ക് ഇരുന്നു.. ശേഷം കട്ടിലിനുമുകളിൽ തല വെച്ചുകൊണ്ട് അവളെ തന്നെ നോക്കി നിന്നു..

ഇപ്പൊ താൻ കൈകൾ വലിച്ചെടുത്താൽ അവൾ ഉറക്കമുണർന്നാലോ എന്നവൻ ഓർത്ത്, അവളായി തന്നെ തന്റെ കൈകൾ വിടട്ടെ എന്ന് തീരുമാനിച്ചുകൊണ്ട് അവൻ അങ്ങനെ തന്നെ ഇരുന്നു..

രാത്രി അതിന്റെ വേഗത കൂടിക്കൊണ്ടിരുന്നു, എന്നിട്ടും അവൾ തന്റെ കൈ വിടുന്ന ലക്ഷണമില്ലല്ലോ, അവൻ അവളുടെ ഉറക്കത്തെ ആസ്വദിച്ചുകൊണ്ട് ചിന്തിച്ചു..
പെട്ടെന്ന് ജനൽ വഴിയേ ഒരു നിശാശലഭം മുറിയിലേക്ക് കയറി വന്നു.. തിളക്കമുള്ള നീല ചിറകുകളുള്ള ആ ശലഭം അവളുടെ കാതുകളിൽ വന്നിരുന്നു..

അവന്റെ കണ്ണുകൾ വിടർന്നു..മനോഹരമായ പൂവിലേക്ക് തേൻ നുകരാൻ വരുന്നതുപോൽ അത് പാറി നടന്നുകൊണ്ട് അവളുടെ മൂക്കിലും കവിളിലും വന്നിരിക്കുന്നത് അവൻ അത്ഭുതത്തോടെ നോക്കി നിന്നു.. അവൻ തന്റെ മറ്റൊരു കൈകൊണ്ട് അതിനെ മെല്ലെ ചിറകളിൽ പിടിച്ചുയർത്തി..

“അവൾ ഉറങ്ങുവല്ലേ.. പുറത്ത്‌ ഒരുപാട് പൂക്കൾ ഉണ്ടല്ലോ…”

അവൻ ജനൽ വഴിയേ അതിനെ പറത്തി വിട്ടു..

കുറച്ചു കഴിഞ്ഞതും അവൾ മറുവശത്തേക്ക് തിരിഞ്ഞു കിടന്നു അവന്റെ കൈ സ്വാതന്ത്രമായി.. ഒരു പുഞ്ചിരിയോടെ അവളെ നോക്കികൊണ്ട് അവൻ എഴുന്നേറ്റു.. ശേഷം അവളെ കമ്പിളി കൊണ്ട് പുതപ്പിച്ച ശേഷം മെല്ലെ പുറത്തേക്ക് നടന്നു..

സൂര്യപ്രകാശം അവളുടെ മുഖത്തേക്ക് പതിഞ്ഞതും, കണ്ണുകൾ തിരുമ്മിക്കിക്കൊണ്ട് ഒരു കോട്ടുവായോടെ മിഥുന കണ്ണുകൾ തുറന്നു. വീണ്ടും ഒന്ന് നടു നിവർത്തി എഴുന്നേറ്റു ഇരുന്നപ്പോഴായാണ് താൻ കട്ടിലിലാണെന്ന് സത്യം അവൾക്ക് മനസ്സിലായത്, അവൾ അത്ഭുതത്തോടെ ചുറ്റിലും നോക്കി..

“ഞാനെങ്ങനെ ഇവിടെ വന്നു..? ജനലിനരികിലാണല്ലോ ഞാൻ ഇരുന്നത്.. ഇതെങ്ങനെ..? ”

അവൾ രാത്രിയിലെ സംഭവം ഓർക്കാൻ ശ്രമിച്ചു..പക്ഷെ രാത്രി കട്ടിലിൽ വന്ന് കിടന്നതായി അവൾക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല..

“ദൈവമേ… ഇനി വല്ല സോമനാമ്പുലിസം വല്ലതുമാണോ..🙄? ”

എന്ന് ചിന്തിച്ചുകൊണ്ട് മുറിയുടെ പുറത്തേക്ക് നടന്നു..അവിടെയും ആരെയും കാണാത്തത് കൊണ്ട് താൻ തന്നെ രാത്രി കട്ടിലിൽ വന്ന് കിടന്നതാണെന്ന് അവൾ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ച് തന്റെ ദിനചര്യയിലേക്ക് കടന്നു.

മൃദുലയെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു.. കഴിഞ്ഞ ദിവസത്തേതിനേക്കാൾ മികച്ചൊരു മാറ്റം അവളുടെ മുഖത്ത് കണ്ടത് അവളെ കൂടുതൽ സന്തോഷിപ്പിച്ചു.

“മിലു..!ഇപ്പൊ നിനക്ക് എങ്ങനെയുണ്ട്… തലവേദന കുറഞ്ഞോ..? ”

അവൾ കരുതലോടെ ചോദിച്ചു..

“എല്ലാം മാറി മിഥുവേച്ചി.. ഒരാശയ കുഴമുണ്ടായിരുന്നു, സിദ്ധുവേട്ടൻ എന്റെ എല്ലാ കൺഫ്യൂഷനും മാറ്റി തന്നു..”

നിറഞ്ഞ മനസ്സോടെ അവൾ പറഞ്ഞതും മിഥുനയുടെ ചുണ്ടുകളിൽ മന്ദഹാസം വിടർന്നു.

“നിന്നെ ഇങ്ങനെ സന്തോഷത്തോടെ കാണാനാ എനിക്കിഷ്ട്ടം.? അതെപ്പോഴും അങ്ങനെ തന്നെ വേണം.. അതാണ് നിനക്ക് ഭംഗി..”

അവളുടെ കവിളിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു.

മൃദുല ചിരിച്ചുകൊണ്ട് തലയാട്ടി..
തനിക്ക് സിദ്ധുവിനോടുള്ള വെറുപ്പ് കുറേശ്ശേ കുറേശ്ശേ കുറയുന്നതായി മിഥുന മനസ്സിലാക്കി.

“ചേച്ചി…. ഞാനൊന്ന് ചോദിച്ചാൽ ചേച്ചി ഉത്തരം പറയുമോ..”

മൃദല ചോദിച്ചതും മിഥുന ശരിയെന്ന അർത്ഥത്തിൽ തലയനക്കി..

“ചേച്ചിക്ക് എന്താ സിദ്ധുവേട്ടനെ ഇഷ്ടമല്ലാത്തത്…? ”

പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ടതും എന്ത് പറയണമെന്നറിയാതെ അവൾ മിഴിച്ചു നിന്നു. ആഴത്തിൽ ചിന്തിച്ചു നോക്കിയപ്പോൾ അവനെ വെറുക്കാൻ അവളുടെ മനസിൽ ഒരു കാരണവുമില്ലെന്ന് അവൾക്ക് ബോധ്യമായി..എങ്കിലും അവളുടെ ആത്മാഭിമാനം അതിനെ അംഗീകരിക്കാൻ വിസമ്മതിച്ചു..

“ഒരാളെ ഇഷ്ടപ്പെടാനല്ലേ കാരണങ്ങൾ വേണ്ടത്.. ഇഷ്ടപെടാതിരിക്കാൻ ഒരു കാരണവും ആവശ്യമില്ല… മിലു..”

അവൾ അടുത്ത ചോദ്യം ചോദിക്കും മുൻപേ മിഥുന അവിടെ നിന്നും മെല്ലെ തടി തപ്പി.
“പൊയ്ക്കോ… ചേച്ചിയുടെ ഈ മനസ്സ് പെട്ടെന്ന് തന്നെ മാറട്ടെ…”

മൃദുല അവൾ പോയ ദിശയിലേക്ക് നോക്കികൊണ്ട് പറഞ്ഞു…

ഒരാഴ്ച ഒരു ദിവസം പോലെ കടന്നുപോയി.
കാർഷികോത്സവം വളരെ നന്നായി തന്നെ ആഘോഷിച്ചുകൊണ്ട് മിഥുനയും കുടുംബവും തിരിച്ച് ബാംഗ്ലൂരിലേക്ക് മടങ്ങി.താൻ അവിടെയുണ്ടായിരുന്ന ആ ഒരാഴ്ചക്കാലം അവനോട് ദേഷ്യപ്പെട്ടില്ല എന്ന കാര്യം അവളെ ചിന്തിപ്പിച്ചു.. ആദ്യമായി അവന്റെ വീട്ടിൽ നിന്നും മടങ്ങിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു..

“എന്ത് പറ്റി നിനക്ക്… അവിടെ നിന്നും തിരികെ വന്നിട്ടും അവിടെ ഉള്ളത് പോലെ തന്നെ തോന്നുന്നല്ലോ…? നീ ആരെയെങ്കിലേയും മിസ്സ്‌ ചെയ്യുന്നുണ്ടോ..? ”

അവളുടെ മനസ്സ് അവളോട് ചോദിച്ചു..അവൾക്ക് അതിനുള്ള ഉത്തരം അറിയില്ല എന്നതിനാൽ ആ ചിന്തയിൽ നിന്നും പുറത്ത്‌ കടക്കാൻ അവൾ മറ്റു ജോലികളിൽ ശ്രദ്ധചെലുത്തി.

“മിഥൂ….”

ശോഭ അവളെ വിളിച്ചു..

“ദാ വരുന്നമ്മേ…”

അവൾ താഴേക്ക് ഇറങ്ങികൊണ്ട് പറഞ്ഞു.

“അടുത്ത ആഴ്ച നീ ഫ്രീയാണോ മിഥു..? ”

“ഇല്ലമ്മേ… അടുത്ത ആഴ്ച എനിക്ക് പരീക്ഷയുണ്ട്… എന്താമ്മേ…”

ശോഭയുടെ ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ട് അവൾ അവരെ നോക്കി..

“അടുത്ത ആഴ്ചയല്ലേ എന്റെ ഏട്ടന്റെ മോളുടെ കല്യാണം.. ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ… മറന്ന് പോയോ നീ..”

ശോഭ പറഞ്ഞപ്പോഴാണ് അവളും ആ കാര്യം ഓർത്തത്..

“അയ്യോ… അമ്മേ സത്യമായിട്ടും ഞാനാ കാര്യമേ മറന്നു..ഒരു കാര്യം ചെയ്യ്.. നിങ്ങള് പോയിട്ട് വാ… ഞാനിവിടെ നിന്നോളാം..”

അവൾ ഉറപ്പോടെ പറഞ്ഞു..

“നിന്നെ ഒറ്റയ്ക്കാക്കി ഞങ്ങൾ എങ്ങനെ സമാധാനത്തോടെ പോകും. ”

ശോഭ വിഷമത്തോടെ അവളെ നോക്കി..

“ഒരു കുഴപ്പോം ഉണ്ടാവില്ലമ്മേ.. നിങ്ങൾ പോയിട്ട് വാ.. ഞാൻ മീരയോട് ഇവിടെ വന്ന് നിൽക്കാൻ പറയാം..”

അവൾ അമ്മയെ സമ്മതിപ്പിക്കാൻ ശ്രമിച്ചു..
ആ സമയത്താണ് മഹേന്ദ്രനും അവിടെ എത്തിയത്..

“എന്താ ശോഭേ.. എന്താ പ്രശ്നം…”

അയാൾ ചോദിച്ചതും ശോഭ കാര്യങ്ങൾ അയാളെ അറിയിച്ചു.

“ശരി… അങ്ങനെ എങ്കിൽ സിദ്ധുവിനോട് വരാൻ പറയാം…മിഥൂന് ഒരു കൂട്ടവുമല്ലോ”

കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം അയാൾ പറഞ്ഞു.അത് കേട്ടതും മിഥുന ഒരു ഞെട്ടലോടെ അച്ഛനെ നോക്കി..

“അത് ശരിയാണല്ലോ…അത് തന്നെയാണ് നല്ലത്…”

ശോഭയും അതിനെ അനുകൂലിച്ചപ്പോൾ മിഥുന ഇരുവരെയും മാറിമാറി നോക്കി..

“എന്താ നോക്കണേ… അച്ഛൻ പറഞ്ഞതാണ് ശരി… സിദ്ധു വരട്ടെ നിനക്ക് കൂട്ടിന്..”

ശോഭ തറപ്പിച്ചു പറഞ്ഞു..

“അമ്മേ… അങ്ങേരെന്തിനാ ഇവിടെ വരുന്നേ.. ഞാൻ എന്താ ചെറിയ കുട്ടിയാണോ..? എനിക്ക് ഒറ്റയ്ക്ക് ഇരിക്കാനൊക്കെ അറിയാം… എനിക്ക് ആരുടെയും കൂട്ട് വേണ്ടാ…”

അവൾ ദേഷ്യത്തിൽ പറഞ്ഞു..

“ഇവിടെ നോക്ക് മോളെ… എന്തായാലും നിന്നെ ഒറ്റയ്ക്ക് നിർത്തി ഞങ്ങൾ പോവില്ല..
വെറുതെ ഉള്ള മനസമാധാനം കളയുന്നതെന്തിനാ..നിന്നെ ഇവിടെ ഒറ്റയ്ക്ക് നിർത്തി ഒരാഴ്ച അവിടെ ഒന്നിലും ശ്രദ്ധിക്കാതെ നിന്നെക്കുറിച്ചു മാത്രം ഓർത്ത് വിഷമിക്കേണ്ടി വരും..അത് നിന്റെ അമ്മയുടെ ഏട്ടന്റെ മോളുടെ കല്യാണമാണെന്ന് മറക്കണ്ട. അതുകൊണ്ട് സിദ്ധുവിനോട് വരാൻ പറയുന്നതാണ് നല്ലത്.. നീ മറിച്ചൊന്നും പറയരുത്..”

മഹേന്ദ്രൻ സൗമ്യമായി പറഞ്ഞു..

“അച്ഛാ… ഈ ചെറിയ കാര്യത്തിന് അദ്ദേഹം ഇത്രയും ദൂരം വരണോ..? അദ്ദേഹത്തിന് അവിടെ ഒരുപാട് ജോലികൾ ഉണ്ടാവും..അതെല്ലാം മാറ്റിവെച്ച് ഒരാഴ്ച ഇവിടെ വന്ന് അദ്ദേഹം എന്ത് ചെയ്യാനാ…”

അവൾ കാരണങ്ങളുണ്ടാക്കി അതിന് തടസ്സം നിന്നു..

“ശരി…എങ്കിൽ അത് അവനോട് തന്നെ ചോദിച്ചു നോക്കാം..”

മഹേന്ദ്രൻ ഫോണെടുത്ത് സിദ്ധുവിനെ വിളിച്ചു.

അദ്ദേഹം അവനോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അവന് വേറെ എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ടോയെന്നു ചോദിച്ചറിഞ്ഞു.. അവൻ മറുപടി പറഞ്ഞതും..” ശരി മോനെ…” എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.അവൻ എന്താവും പറഞ്ഞതെന്നറിയാൻ അവൾ ആവേശത്തോടെ കാത്തിരുന്നു..

“അടുത്ത ആഴ്ച അവന് പ്രേത്യേകിച്ചു പണിയൊന്നുമില്ല… വരാമെന്ന് പറഞ്ഞിട്ടുണ്ട്..”

മഹേന്ദ്രൻ സന്തോഷത്തോടെ പറഞ്ഞതും അവൾക്കത് ഉൾകൊള്ളാൻ കഴിഞ്ഞില്ല.. മുഖം വീർപ്പിച്ചുക്കൊണ്ട് മുറിയിലേക്ക് നടന്നു.

ഒരാഴ്ച അവർ രണ്ടുപേരും ഒരുമിച്ചു താമസിച്ചാൽ.. അവർക്ക് പരസ്പരം മനസ്സിലാക്കാനുള്ള ഒരു സന്ദർഭമായിരിക്കും അതെന്ന് ഓർത്ത് ശോഭ കൂടുതൽ സന്തോഷിച്ചു..എന്നാൽ അവളുടെ പ്രവർത്തികൾ അവരിൽ വേദനയുണ്ടാക്കി.. അവളുടെ മനസ്സ് മാറിയില്ലെങ്കിലോ എന്നവർ ഭയന്നു.

“ഏയ്…ഈ മിഥുവിന്റെ മനസ്സ് ഇനി മാറാതെ ഇരിക്കുമോ..? ”

ശോഭ വിഷമത്തോടെ ചോദിച്ചു.

“മാറി തുടങ്ങി ശോഭേ…”

മഹേന്ദ്രൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.അത് കേട്ട് ശോഭ അത്ഭുതപ്പെട്ടു..

“നിങ്ങൾ എന്താ പറയുന്നേ…”

ശോഭ ആശ്ചര്യത്തോടെ ചോദിച്ചു..

“നീ നോക്കിക്കോ… കുറച്ചു നാളുകൾ കൂടി കഴിഞ്ഞാൽ… അവൾ പൂർണമായും അവനെ മനസ്സിലാക്കും.. സിദ്ധുവിനെ അവൾ പൂർണ്ണമനസ്സോടെ അംഗീകരിക്കും..”

മഹേന്ദ്രൻ ഉറപ്പിച്ചു പറഞ്ഞതും ശോഭയുടെ മനസ്സ് ആനന്ദ താണ്ഡവമാടി.

മുറിയിലെത്തിയ മിഥുന, അവൻ വരുന്നുണ്ടെന്ന് അച്ഛൻ ഉറപ്പിച്ചു പറഞ്ഞതിൽ മനസ്സിൽ സന്തോഷം നിറയുന്നത് തിരിച്ചറിഞ്ഞു.അവനെ താൻ എന്നും ഓർത്ത് കൊണ്ടിരിക്കുകയാണ് എന്നത് അതോടെ അവൾക്ക് ബോധ്യമായി.
എങ്കിലും അത് ഉൾകൊള്ളാൻ അവളുടെ മനസ്സ് സമ്മതിച്ചില്ല..സത്യത്തെ അംഗീകരിക്കാൻ കഴിയാതെ അവൾ മുഖത്ത് കൂടുതൽ ഗൗരവം വരുത്തി..

“അദ്ദേഹം വരുന്നുണ്ട് എന്ന് കേട്ടപ്പോൾ.. എനിക്ക് എന്തിനാണ് ഇത്ര സന്തോഷം…”

അവൾ കോപത്തോടെ സ്വയം ചോദിച്ചു.

“എന്നോട് തന്നെ എനിക്ക് ദേഷ്യം വരുന്നു..”

അവൾ തലയിൽ അടിച്ചുകൊണ്ട് പിറുപിറുത്തു.

*************

“ഹലോ മേഡം… എന്തോ പ്രശ്നമുണ്ടെന്നു തോന്നുന്നല്ലോ…? ”

മീര പുഞ്ചിരിയോടെ ചോദിച്ചു..

“ഒന്നുമില്ല…”

അവൾ ഒഴിഞ്ഞു മാറി..

“മുഖം കണ്ടാൽ അങ്ങനെ പറയില്ലല്ലോ..? ”

അവൾ ഉറപ്പോടെ പറഞ്ഞുകൊണ്ട് പിരികം ഉയർത്തി.

“ഒന്നുമില്ലെന്ന് പറഞ്ഞില്ലേ… വെറുതെ എന്തിനാ ഇങ്ങനെ ചോദ്യം ചെയ്യണേ…”

മിഥുന ദേഷ്യത്തോടെ പറഞ്ഞു..

“ഒന്നുമില്ലേൽ വേണ്ടാ… ഞാനൊന്നും ചോദിക്കുന്നില്ല.. ഞാൻ പഠിക്കാൻ പോകുവാ.. അടുത്ത ആഴ്ച പരീക്ഷയാ.. ഓർക്കുമ്പോൾ തന്നെ പേടിയാവുന്നു..”

അവളിരിക്കുന്ന ബെഞ്ചിൽ നിന്ന് രണ്ടടി മാറി മാറിയിരുന്നുകൊണ്ട് അവൾ പുസ്തകം തുറന്നു..മിഥുന ഒന്നും മിണ്ടാതെ മനസ്സിന്റെ ഗതിയെ കുറിച്ച് ചിന്തിക്കുകയായിരുന്നു..

“ഒരാഴ്ചയിൽ അവൻ നിന്റെ മനസ്സിൽ കയറി കൂടിയോ..”

അവൾ മനസ്സിനോട് ചോദിച്ചു.

“ഒരാഴ്ചയിലോ… അപ്പൊ അതിന് മുൻപ് നിനക്കവനെ ഇഷ്ടമായിരുന്നില്ലേ…”

മനസ്സ് തിരിച്ചു ചോദിച്ചു..

ആ ചിന്തകളിൽ നിന്നും രക്ഷനേടാൻ അവൾ മീരയുടെ നേർക്ക് തിരിഞ്ഞു.. മീരയോടൊപ്പം പഠനത്തിൽ ശ്രദ്ധ ചെലുത്തിക്കൊണ്ട് അവൾ അതെല്ലാം മറന്നു..

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6

താദാത്മ്യം : ഭാഗം 7

താദാത്മ്യം : ഭാഗം 8

താദാത്മ്യം : ഭാഗം 9

താദാത്മ്യം : ഭാഗം 10

താദാത്മ്യം : ഭാഗം 11

താദാത്മ്യം : ഭാഗം 12

താദാത്മ്യം : ഭാഗം 13

താദാത്മ്യം : ഭാഗം 14

താദാത്മ്യം : ഭാഗം 15

താദാത്മ്യം : ഭാഗം 16

താദാത്മ്യം : ഭാഗം 17

താദാത്മ്യം : ഭാഗം 18