Wednesday, December 18, 2024
Novel

താദാത്മ്യം : ഭാഗം 15

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

MV


മെറൂൺ നിറത്തിലുള്ള ആ ലഹങ്കയിൽ നക്ഷത്രങ്ങൾ ഉദിച്ചു നിൽക്കും പോലെ മുത്തുക്കൾ പതിച്ചിരുന്നു. എംബ്രോയിഡറി ചെയ്ത് പ്രേത്യേകം തയ്യാറാക്കിയ ആ വേഷം അവളെ കൂടുതൽ സുന്ദരിയാക്കി..

മിതമായരീതിയിലാണ് അണിയിച്ചൊരുക്കിയതെങ്കിലും അവളെ കാണാൻ സ്വർഗ്ഗ സുന്ദരിയെ പോലെ തോന്നിച്ചു.. ഒരുങ്ങി വന്ന മിഥുനയെ കണ്ടതും മൃദുല അവളെ ഓടിപോയി പുണർന്നു..

“ചേച്ചി… സുന്ദരിയായിട്ടുണ്ട്… എന്റെ ചക്കര ചേച്ചി… ”

അവളുടെ കവിളിൽ മുത്തികൊണ്ട് മൃദുല പുഞ്ചിരിയോടെ പറഞ്ഞു. അവളുടെ കൂട്ടുകാരികളും അത് തന്നെ പറഞ്ഞപ്പോൾ അവളുടെ മുഖം നാണത്താൽ ചുവന്നു. അവൾക്ക് അത്ര താല്പര്യമില്ലാതിരുന്നിട്ട് കൂടി തന്റെ മാതാപിതാക്കൾക്ക് വേണ്ടി താൻ സന്തോഷത്തോടെയാണ് ഉള്ളതെന്ന് അഭിനയിക്കുകയായിരുന്നു അവൾ.

മിഥുനയെ കണ്ടതും ശോഭയുടെ കണ്ണുകൾ സന്തോഷത്തിൽ നിറഞ്ഞു..

“എന്റെ കണ്ണ് തന്നെ കിട്ടുമെന്ന് തോന്നുന്നല്ലോ… എന്റെ പൊന്നെ..”

ശോഭ വാത്സല്യത്തോടെ അവളുടെ നെറ്റിയിൽ ചുംബിച്ചു.ശേഷം അവർക്ക് വേണ്ടി പ്രേത്യകം തയ്യാറാക്കിയ ആ മനോഹരമായ വേദിയിലേക്ക് അവളെ ആനയിച്ചു..

അല്പസമയത്തിനു ശേഷം മഹേന്ദ്രൻ സിദ്ധുവിനേയും പുഞ്ചിരിയോടെ വേദിയിലേക്ക് കൊണ്ട് വന്നു..മെറൂൺ നിറത്തിലുള്ള കോട്ടും സൂട്ടും ഉള്ളിലെ ക്രീം നിറത്തിലുള്ള സിൽക്ക് ഷർട്ടും അവന് നന്നായി ചേരുന്നുണ്ടായിരുന്നു.

ചുണ്ടിൽ ഒരു പുഞ്ചിരിയോടെ വേദിയിലേക്ക് കയറി വരുന്ന സിദ്ധുവിനെ മിഥുനയുടെ കൂട്ടുകാരികൾ അത്ഭുതത്തോടെ നോക്കി നിന്നു..

“ഏയ്.. മിഥൂ.. ഇതാണോ നിന്റെ ചെറുക്കൻ.. നീ ഗ്രാമത്തിലെ മുറചെറുക്കാനാണ് കൃഷിക്കാരനാണ് എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ കരുതി വല്ല കാട്ടുമാക്കാനും ആയിരിക്കുമെന്ന്… ഇതിപ്പോ സിനിമാനടനെ പോലുണ്ടല്ലോടി… നീ ഭാഗ്യം ചെയ്തവളാ….”

കൂട്ടുക്കാരികളിൽ ഒരുവൾ അവനെ പുകഴ്ത്തി സംസാരിച്ചപ്പോൾ മറ്റുള്ളവരും അതേറ്റു പിടിച്ചു.. അത് മിഥുനയ്ക്ക് ഒട്ടും ഇഷ്ടമായില്ല..

“മതി… മതി… എല്ലാരും പോയെ..”

അവൾ ദേഷ്യത്തോടെ അവരെ ഉന്തി തള്ളി വിട്ടു..

“കണ്ടോടി… ഞങ്ങൾ അവളുടെ ചെറുക്കനെ കണ്ണ് വെക്കുമെന്ന് പേടിച്ചു നമ്മളെ തള്ളി വിടുന്നത്..വാ… ഇനിയും ഇവിടെ നിന്നാൽ അവൾ നമ്മളെ കൊല്ലാനും മടിക്കില്ല..”

അവളെ കളിയാക്കികൊണ്ട് അവർ വേദിയിൽ നിന്നും താഴേക്ക് ഇറങ്ങി.

“ഈ മരമൊന്തകളെ വിളിച്ച എന്നെ പറഞ്ഞാൽ മതി..”

എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് ശാന്തമായി നിന്നു. സിദ്ധു അത്ര ഗംഭീരമായി അവളുടെ അടുത്ത് നിൽക്കുമ്പോൾ, എന്തോ ഒരുതരം പേരറിയാത്ത അനുഭൂതി അവളുടെ ഉള്ളിൽ നിറയുന്നതായി അവൾക്ക് അനുഭവപ്പെട്ടു..

എന്നാലും അത് മുഖത്ത് കാണിക്കാതെ അവനും താനും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന മട്ടിൽ മുഖം വീർപ്പിച്ചു നിന്നു.

ക്ഷണം സ്വീകരിച്ചെത്തിയ എല്ലാവരും അവർ തമ്മിലുള്ള ചേർച്ചയെ പ്രശംസിച്ചു സംസാരിച്ചുകൊണ്ടിരുന്നു.. ശോഭയുടെ മനം സന്തോഷത്താൽ തുള്ളിച്ചാടി… അവരെ രണ്ടുപേരേയും അങ്ങനെ ഒരുമിച്ച് കാണുമ്പോൾ വളരെ മനോഹരമായ കാഴ്ചയായ് ശോഭയ്ക്ക് അനുഭവപ്പെട്ടു..

“പെണ്ണിന് ചേർന്ന പയ്യനെ തന്നെ കണ്ടു പിടിച്ചല്ലോ..? അവൾക്ക് വേണ്ടി ജനിച്ചവനെ പോലെ തന്നെ, രണ്ട് പേരും നല്ല ചേർച്ചയാ..”

ബന്ധുക്കളിൽ ഒരാൾ പറഞ്ഞപ്പോൾ ശോഭയുടെ കണ്ണിൽ ആനന്ദാശ്രുക്കൾ പൊഴിഞ്ഞു.

ഫോട്ടോ എടുക്കാനായി ക്യാമറാമാൻ മുന്നോട്ട് വന്നതും സിദ്ധു അയാളെ തടഞ്ഞു. പിന്നീട് ശോഭയുടെ നിർബന്ധത്തിനു വഴങ്ങി, വേറെ വഴിയില്ലാതെ അവൻ നിന്നുകൊടുത്തു.

“സാർ.. മാഡത്തിന്റെ തോളിൽ കയ്യിട്ടു നിൽക്കാമോ..? ”

ഫോട്ടോഗ്രാഫർ ചോദിച്ചതും സിദ്ധു അയാളെ ദേഷ്യത്തോടെ നോക്കി..

“അതൊന്നും വേണ്ടാ… ഇങ്ങനെ രണ്ട് മൂന്ന് സ്റ്റിൽ എടുക്കാമെങ്കിൽ എടുത്തോ..? ”

അവൻ ദേഷ്യത്തോടെ പറഞ്ഞു..

അയാളും മറ്റൊന്നും പറയാതെ ശരിയെന്നു പറഞ്ഞുകൊണ്ട് തലയാട്ടി.. മിഥുനയാകട്ടെ ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ ക്യാമറയ്ക്ക് പോസ് കൊടുത്തു.

ഫോട്ടോസ് എടുത്ത ശേഷം ഇരുവരേയും ഭക്ഷണം കഴിക്കാനായി വിളിച്ചു.. മിഥുന താഴെ ഉരഞ്ഞു പോകുന്ന വസ്ത്രം അല്പം പൊക്കി പിടിച്ചുകൊണ്ട് മുന്നിൽ നടന്നു, സിദ്ധു അവൾക്ക് പിന്നിലും..

വേദിയിൽ വിരിച്ചിരുന്ന കാർപ്പെറ്റിന്റെ ഒരുഭാഗം മുഴച്ചു നിൽക്കുന്നത് ശ്രദ്ധിക്കാതെ മിഥുന പടവുകൾ ഇറങ്ങാൻ തുടങ്ങിയതും, അതിൽ തട്ടി വീഴാൻ പോയതും ഒന്നിച്ചായിരുന്നു.. എന്നാൽ അവൾ താഴേക്ക് വീഴും മുന്നേ ഒരു വലിയ കരം അവളെ സുരക്ഷിതമായി താങ്ങി പിടിച്ചിരുന്നു. അവൾ താഴേക്ക് വീഴുമോ എന്ന ഭയത്തിൽ അവളുടെ ഹൃദയമിടിപ്പ് കൂടുകയും, കണ്ണുകൾ ഇറുക്കി അടക്കകയും ചെയ്തു..

തനിക്കൊന്നും സംബവിച്ചിട്ടില്ല എന്ന ബോധത്തിൽ അവൾ മെല്ലെ കണ്ണുകൾ തുറന്നു..സിദ്ധു തന്നെ അവന്റെ കരങ്ങളിൽ താങ്ങി പിടിച്ചു നിൽക്കുകയാണ്..

അത്രയും നേരം തൊട്ടടുത്ത് നിന്നിരുന്ന അവനെ ഒരു നോക്ക് പോലും നോക്കാതിരുന്ന അവൾ, അവന്റെ മുഖം അത്ര അടുത്തു കണ്ടതും മിഴിച്ചു നിന്നു.. കൂർമ്മതയുള്ള അവന്റെ കണ്ണുകൾ അവളുടെ ഉള്ളിലേക്കിറങ്ങി എന്തൊക്കെയോ ചെയ്യുന്നതായി. അവൾക്ക് തോന്നി..

സദസ്സിലിരുന്നവരുടെ കരഘോഷം അവളെ ചിന്തയിൽ നിന്നുണർത്തി.. അവളൊന്നും മിണ്ടാതെ മെല്ലെ അവനിൽ നിന്നും അകന്ന് മാറി..

“സൂപ്പർ ഷോട്ട്.. ഫെന്റാസ്റ്റിക്.. ഇതുപോലൊരു ഷോട്ടാണ് ഞാൻ ആഗ്രഹിച്ചത്…. വെരി നൈസ്..”

മനസ്സിൽ ചിന്തിച്ചുകൊണ്ട് ആ ചെറിയ മനോഹരമായ നിമിഷത്തെ തന്റെ ക്യാമറയിൽ ഒപ്പിയെടുത്തു ആ ഫോട്ടോഗ്രാഫർ..

മിഥുനയും സിദ്ധുവും ഒന്നിച്ചിരുന്നു തന്നെ ഭക്ഷണം കഴിച്ചു… ശോഭയും മഹേന്ദ്രനും മുന്നിൽ നിന്നു തന്നെ സ്നേഹത്തോടെ അവരെ പരിപാലിച്ചു. മൃദുല സ്നേഹത്തോടെ അവൾക്ക് വാരിക്കൊടുത്തത് കണ്ട് നിന്നവരുടെ മനം കവർന്നു..

അങ്ങനെ ആ ദിവസം വളരെ മനോഹരമായി അവസാനിച്ചു.. അതിഥികളായി വന്നവർ നവമിഥുനങ്ങൾക്ക് അഭിനന്ദനപ്രവാഹങ്ങൾ നൽകി മടങ്ങി.

************

മിഥുന തന്റെ മുറിയിൽ കട്ടിലിൽ കിടക്കുകയായിരുന്നു..

“മിഥു… എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്..”

അവന്റെ ശബ്ദം കേട്ടതും അവൾ എഴുന്നേറ്റിരുന്നു.

“ഇന്ന് നടന്ന റിസെപ്ഷന് നിനക്ക് ഒട്ടും താല്പര്യമില്ലായിരുന്നു… അല്ലെ.. എനിക്കറിയാം..”

“അതെ… എനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു.. അതിനിപ്പോ എന്താ…? ”

അവൻ പറഞ്ഞു തീർക്കും മുന്നേ അവൾ ഇടയിൽ കയറി..

“ഇന്നത്തെ മാത്രമല്ല… അന്ന് നിങ്ങളോടൊപ്പം നടന്ന കല്യാണത്തിലും എനിക്ക് താല്പര്യമില്ലായിരുന്നു… അത് നിങ്ങൾക്ക് മനസിലായില്ല അല്ലെ… ഇപ്പൊ മാത്രം, വല്ലാതെ ഫീൽ ആയെന്ന് തോന്നുന്നല്ലോ..”

അവൾ ദേഷ്യത്തോടെ പറഞ്ഞു..

“അങ്ങനെയല്ല മിഥു..ഞാൻ പറഞ്ഞു വന്നത് അതല്ല..”

“മതി… നിർത്ത്.. നിങ്ങളൊന്നും പറയണ്ട..ഇന്ന് നടന്നതൊന്നും എനിക്ക് ഇഷ്ടമായിട്ടില്ല..നിങ്ങളോടപ്പം നടക്കുന്ന ഒരു കാര്യവും എനിക്ക് ഇഷ്ടമല്ല..നിങ്ങൾ നിങ്ങളുടെ അമ്മയ്ക്ക് വേണ്ടി ഒരു പെണ്ണിന്റെ ജീവിതം നശിപ്പിക്കുന്നതിന് മുൻപ്, അതെ കുറിച്ച് ആലോചിചിട്ടുണ്ടോ..

അത് പോലെ തന്നെ എന്റെ അമ്മയുടെ സന്തോഷത്തിനു വേണ്ടിയാണ് ഞാനും ഈ ഫങ്ക്ഷന് സമ്മതിച്ചത്.. മതിയോ…?
ഇനി എനിക്കൊന്നും സംസാരിക്കാനില്ല.. എനിക്ക് ഉറക്കം വരുന്നു.. എന്നെ ശല്യം ചെയ്യരുത്..”

ഗൗരവത്തോടെ പറഞ്ഞുകൊണ്ട് അവൾ അവനിൽ നിന്നും തിരിഞ്ഞു കിടന്നു..

“മിഥു… എനിക്ക് നിന്റെ അവസ്ഥ മനസ്സിലാകും… ഈ അവസ്ഥ മാറും.. ഉറപ്പായും മാറും.. നീ ആഗ്രഹിച്ച ജീവിതം നിനക്ക് ലഭിക്കും..അതിന് ഞാൻ ഉറപ്പ് തരുന്നു.. നിന്റെ സ്വപ്‌നങ്ങൾ ഇനി എന്റെ ഉത്തരവാദിത്തമാണ്..”

അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് ആ തറയിൽ തല ചായ്ച്ചു..

താൻ അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങുകയാണ് എന്ന് പറയാനാണ് സിദ്ധു അവളെ വിളിച്ചത്..എന്നാൽ അവനെ ഒരു വാക്ക് പോലും പറയിപ്പിക്കാതെ വീണ്ടും അവൾ അവന്റെ മനസ്സിനെ വൃണപ്പെടുത്തി..

എങ്കിലും അവളുടെ വാക്കുകളെ ഒരിക്കലും അവൻ വെറുപ്പോടെ കണ്ടില്ല… ദേഷ്യത്തോടെ വാശി പിടിക്കുന്ന ഒരു കൊച്ചു കുഞ്ഞിനെ പോലെ മാത്രമേ അവൻ അതിനെ കണ്ടിരുന്നുള്ളൂ..

അർദ്ധരാത്രി, സമയം പന്ത്രണ്ട് മണി ആയിക്കാണും, ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് സിദ്ധു വാതിൽ തുറന്നു.

“Happy new year… സിദ്ധുവേട്ടാ..”

വാതിൽ തുറന്നതും മൃദുല സന്തോഷത്തോടെ പറഞ്ഞു..

“പുതുവത്സരാശംസകൾ.. മിലുക്കുട്ടി..”

അവൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു..

“ചേച്ചി എവിടെ..? ഉറങ്ങുവാണോ..? ”

അവൾ മെല്ലെ അകത്തേക്ക് കയറികൊണ്ട് ചോദിച്ചു..

നല്ല സുഖമായ ഉറക്കത്തിലായിരുന്നു മിഥുന..

“Happy new year… ചേച്ചി..”

അവൾ മിഥുനയുടെ ചെവിയിൽ ഉച്ചത്തിൽ പറഞ്ഞു.. മിഥുന ഞെട്ടിയുണർന്നു..

“പേടിച്ചു പോയല്ലോ…”

അവൾ ദേഷ്യത്തോടെ പറഞ്ഞു..

“ചേച്ചി എന്താ ഉറങ്ങി കളഞ്ഞേ.. സാധാരണ എല്ലാ വർഷവും ഈ ദിവസം നമ്മൾ ഉറങ്ങാതെ കാത്തിരിക്കുന്നതല്ലേ..”

മൃദുല പറഞ്ഞതും,

“നല്ല ക്ഷീണം തോന്നി.. അതാ പെട്ടെന്ന് ഉറങ്ങി പോയി..ശരി വാ., കേക്ക് മുറിക്കണ്ടേ.. അച്ഛനും അമ്മയും എഴുന്നേറ്റോ..? ”

ദേഷ്യം മറന്നുകൊണ്ട് ചുണ്ടിൽ ചെറു പുഞ്ചിരി വിടർത്തികൊണ്ട് മിഥുന അവളോടൊപ്പം താഴെ ഹാളിലേക്ക് നടന്നു..

താഴെ അവരുടെ അച്ഛനും അമ്മയും അവർക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു… അവരെ കണ്ടതും പുതുവത്സരാശംസകൾ പറഞ്ഞ് അവരെ സ്വാഗതം ചെയ്തു.. ശേഷം കേക്ക് മുറിച്ച് ആഘോഷിച്ചു..

സിദ്ധുവിന് അതൊരു പുതിയൊരു അനുഭവമായി തോന്നി..അവൻ ഇതുവരെ ഇംഗ്ലീഷ് പുതുവത്സരം ആഘോഷിച്ചിട്ടില്ല.. മലയാള വർഷാരംഭം അവന്റെ നാട്ടിൽ ഒരു ഉത്സവ പ്രതീതി തന്നെ സൃഷ്ട്ടിക്കും.. ചെറു പുഞ്ചിരിയോടെ അവരോടൊപ്പം അവനും ആ പുതുവത്സരം ആഘോഷിച്ചു..

**********
അടുത്ത ദിവസം,

“അമ്മാവാ….അമ്മായി.. എന്നെ അനുഗ്രഹിക്കണം..”

അവൻ അവരുടെ കാലിൽ തൊട്ട് വണങ്ങി..

“നന്നായി വരും മോനെ…”

അവരും നിറഞ്ഞ മനസ്സോടെ അവനെ അനുഗ്രഹിച്ചു..

“അമ്മാവാ… എന്നാൽ ഞാൻ ഇറങ്ങട്ടെ… ഇടയ്ക്ക് വരാം…”

“ശരി മോനെ… അമ്മയെ അന്വേഷിച്ചെന്ന് പറ..ശ്രദ്ധിച്ച് പോയിട്ട് വാ..”

അവർ അവനെ സന്തോഷത്തോടെ യാത്രയയച്ചു.

“ഈ മിഥു ഇതെവിടെ പോയി കിടക്കുവാ.. അവനിറങ്ങുമ്പോൾ അവളല്ലേ മുന്നിൽ നിന്ന് യാത്ര അയക്കേണ്ടത്… ”

ശോഭ വിഷമത്തോടെ പറഞ്ഞു..

“ശോഭേ… ഇവിടെ നോക്ക്… അവർക്ക് പരസ്പരം മനസ്സിലാക്കാൻ കുറച്ചു സമയം ആവശ്യമാണ്… നമ്മൾ വിചാരിക്കും പോലെ എല്ലാം എളുപ്പത്തിൽ നടക്കണമെന്നില്ല.. നടക്കേണ്ട സമയത്ത് എല്ലാം നല്ലത് പോലെ തന്നെ നടക്കും.. അതുകൊണ്ട് ഇപ്പോൾ അതേക്കുറിച്ചോർത്ത് നീ വെറുതെ മനസ്സ് വിഷമിപ്പിക്കണ്ട..”

മഹേന്ദ്രൻ ശോഭയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.. ഭർത്താവ് പറഞ്ഞതിലും കാര്യമുണ്ടെന്ന് ശോഭയും മനസ്സിലാക്കി..

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6

താദാത്മ്യം : ഭാഗം 7

താദാത്മ്യം : ഭാഗം 8

താദാത്മ്യം : ഭാഗം 9

താദാത്മ്യം : ഭാഗം 10

താദാത്മ്യം : ഭാഗം 11

താദാത്മ്യം : ഭാഗം 12

താദാത്മ്യം : ഭാഗം 13

താദാത്മ്യം : ഭാഗം 14