Monday, November 18, 2024
Novel

സിദ്ധ ശിവ : ഭാഗം 5

എഴുത്തുകാരി: വാസുകി വസു


കേട്ടത് വിശ്വസിക്കാൻ കുറച്ചു പ്രയാസം തോന്നി ജീവന്.ആകെ തകർന്ന് അവൻ ദക്ഷിതയെ നോക്കി.അവളിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകി.

“ശരിയാണോ ദക്ഷി…സിദ്ധ പറഞ്ഞത്.ഇതെന്റെ മകളാണോ”

അതേയെന്ന് അർത്ഥത്തിൽ ദക്ഷിത മുഖം ചലിപ്പിച്ചു.ഗദ്ഗദത്താൽ അവളിൽ നിന്ന് വാക്കുകൾ പുറത്തേക്ക് വന്നില്ല.ശബ്ദിക്കാൻ കഴിയാതെ കുറച്ചു സമയം അങ്ങനെ നിന്നു.

നെഞ്ചിനുള്ളിലൊരു കനത്തഭാരം അനുഭപ്പെടുന്നത് പോലെ തോന്നിയപ്പോൾ തളർച്ചയോടെ കസേരയിലേക്ക് കുഴഞ്ഞിരുന്നു.നിശബ്ദത ഭാഷയായപ്പോൾ മൗനം അവർക്കിടയിൽ വളർന്നു. ദക്ഷിത ജീവന് അരികിലേക്ക് കുറച്ചു നീങ്ങി നിന്നു.

“ജീവേട്ടന് ഓർമ്മയില്ലേ എന്നെ കാണണമെന്ന് പറഞ്ഞു വന്നൊരു മഴയുളള ദിവസം”

ദക്ഷിതയിൽ നിന്ന് അടർന്ന് വീണ ഓരോ വാക്കുകളും അവനെ ചുട്ടുപൊള്ളിച്ചു.

“ശരിയാണ് ദക്ഷി പറഞ്ഞത്..തന്നെ മറക്കണമെന്ന് പറയാനായാണ് അവളെ വിളിച്ചു വരുത്തിയത്.സാധാരണ തമ്മിൽ കാണാറുള്ള സ്ഥലത്ത് ആയിരുന്നു വരാൻ പറ ഞ്ഞത്.വീട്ടിൽ നിന്ന് കുറച്ചു അകലെയായി ഒഴിഞ്ഞ കുറെ പറമ്പുണ്ട്.അതിൽ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നയൊരു വീടും.ആൾ താമസമില്ല.അതിന്റെ അവകാശികൾ ആക്സിഡന്റിൽ മരിച്ചു പോയിരുന്നു. രാത്രി കാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ഒളിത്താവളമാണ്.

ദക്ഷിയെ കാത്ത് നിൽക്കയെയാണ് മഴ ചാറിയത്.പതിയെ തുടങ്ങിയ വർഷത്തിന് പിന്നീട് ശക്തി കൂടി. ഇനി അവൾ വരില്ലെന്ന് കരുതി നിൽക്കുമ്പോഴാണ് മഴ നനഞ്ഞ് ദക്ഷിത ഓടി വന്നത്.അവൾ ധരിച്ചിരുന്ന പാവാടയും ബ്ലൗസും ഈറനണിഞ്ഞ് അംഗലാവണ്യം തെളിഞ്ഞ് കാണാമായിരുന്നു. പെണ്ണിന്റെ ശരീരം കണ്ടപ്പോൾ സിരകളിൽ വികാരം ജ്വലിച്ചുയർന്നു.ഇന്നുവരെ നോക്കാത്ത ഭാവത്തിൽ ദക്ഷിയെ നോക്കി.അവൾക്ക് പതിന്മടങ്ങ് സൗന്ദര്യം ഏറിയത് പോലെ..

മനസ്സും ശരീരവും വികാരത്തിന് അടിമപ്പെട്ടതോടെ ദക്ഷിയുടെ എതിർപ്പിനെ മറി കടന്ന് അവളെ പ്രാപിച്ചു. എല്ലാം കഴിഞ്ഞു തളർന്നിരുന്ന് കരയുന്ന ദക്ഷിതയെ കണ്ടപ്പോൾ ചെയ്ത തെറ്റിന്റെ ആഴം എത്രത്തോളമാണെന്ന് ബോദ്ധ്യപ്പെട്ടത്.വരാൻ പറഞ്ഞതും വന്നപ്പോൾ പറയാൻ മറന്ന കാര്യവും ഓർമ്മകളുടെ ഭൂതകാലത്തിൽ ഒളിപ്പിച്ചു മഴയിലേക്കിറങ്ങി..അവളെ ഒന്നും ആശ്വസിപ്പിക്കാതെ..

കുറച്ചു ദിവസങ്ങൾക്ക് ശേഷം വീട്ടിൽ വിവാഹക്കാര്യത്തെ കുറിച്ച് ജീവൻ സംസാരിക്കുമ്പോഴും അവന്റെ നന്മയെ കരുതി കണ്ണുനിറച്ച് തനിക്ക് സംഭവിക്കാൻ പോകുന്ന ദുരന്തമറിയാതെ സ്വയം പിൻ വാങ്ങി. പ്രഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോഴേക്കും ജീവന്റെ വിവാഹവും കഴിഞ്ഞു. മകൾ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ അവളുടെ മാതാപിതാക്കൾ ആകെ തകർന്നു. പിന്നെയൊരു ഒളിച്ചോട്ടമായിരുന്നു ജനിച്ച നാടും വീടും ഉപേക്ഷിച്ച്. മകളുടെ അവിഹിത സന്തതി പിറന്നപ്പോൾ അച്ഛൻ ജീവനൊടുക്കി.അച്ചന്റെ വേർപാട് സഹിക്കാൻ കഴിയാതെ പിന്നാലെ അമ്മയും.വിധിയുടെ നിസ്സഹായതിൽ തളർന്നു കുഞ്ഞുമായി ദക്ഷിത ഒറ്റപ്പെട്ടു പോയി.

ദക്ഷിതയിൽ നിന്ന് അടർന്ന് വീണ ഓരോ വാക്കുകളും ജീവനെ ജീവനോടെ എരിച്ചു.ചെയ്ത തെറ്റിന്റെ ആഴം മനസ്സിലായതോടെ ഇരുകരങ്ങളാലും മുഖം പൊത്തി പൊട്ടിക്കരഞ്ഞു. ഒരു പ്രായ്ശ്ചിത്തം പോലെ.

“മാപ്പ്…ചോദിക്കാന് അർഹതയില്ലെന്ന് അറിയാം.എങ്കിലും ഒരു മനസമാധാനത്തിന്”

ആണാണെന്ന് പോലും മറന്ന് ഇരുകരങ്ങളുമെടുത്ത് ജീവൻ ദക്ഷിതയെ തൊഴുതു. പശ്ചാത്താപ വിവശനായി അവനാകെയുരുകി തുടങ്ങി.

“സാരമില്ല ജീവൻ..തെറ്റുകൾ പറ്റാത്തവരായി ആരുമില്ല.ചെയ്ത തെറ്റ് തിരുത്താൻ കഴിയുമ്പോഴാണ് മനുഷ്യനാകുന്നത്.അതുപോലെ പൊറുക്കാനും കഴിയില്ലെങ്കിൽ സ്ത്രീയെന്ന പദത്തിന് യാതൊരു മ്യൂല്യവുമില്ല”

കുഞ്ഞുമായി സിദ്ധ മുമ്പോട്ട് വന്നു.അപ്പോഴും ജീവനും ദക്ഷിതയും ശിലയായി നിൽക്കുകയാണ്.

“ഞാനും ജീവനോടും ദക്ഷിതയോടും തെറ്റ് ചെയ്തിട്ടുണ്ട്.. അതിന്ന് തിരുത്താൻ പോകുന്നു”

കുഞ്ഞിനെ ദക്ഷിതയുടെ കയ്യിൽ ഏൽപ്പിച്ചിട്ട് ജീവന്റെയും അവളുടെയും കയ്യ് സിദ്ദ ചേർത്തു വെച്ചു.അങ്ങനെയൊരു നീക്കം അവരാരും പ്രതീക്ഷിച്ചില്ല.

“ചേരേണ്ടത് തമ്മിൽ ചേരണം…എങ്കിലേ കാണാൻ ഭംഗിയും ആകർഷണവും ഉണ്ടാകും”

സിദ്ധയിൽ നിന്ന് നീർമണിത്തുള്ളികൾ കവിളിലൂടെ ഒഴുകി..ജീവൻ പറിച്ചെടുക്കുന്ന വേദനയുണ്ടെങ്കിലും മനസ്സിലത് അടക്കം ചെയ്യാൻ ശ്രമിച്ചു.. കഴിഞ്ഞില്ല..എത്രയൊക്കെ നിയന്ത്രിച്ചിട്ടും അവൾ പൊട്ടിക്കരഞ്ഞു..

“കുഞ്ഞുമായി ദക്ഷിത ഒരുദിവസം കുഞ്ഞിനെയും കൂട്ടി വീട്ടിൽ വന്നു. അന്നാണ് കൂടുതൽ വിവരങ്ങൾ അറിയുന്നത്.ഒഴിവാക്കാൻ തോന്നിയില്ല അനാഥയായ ദക്ഷിക്ക് ഈ വീടും ചെറിയ ഒരു ജോലിയും വാങ്ങിക്കൊടുത്തു.കൂട്ടിനു പ്രായമായ സ്ത്രീയേയും ഏർപ്പാടാക്കി. ഇടക്കിടെ വന്ന് ഞാൻ സുഖവിവരങ്ങൾ തിരക്കും”

സിദ്ധയെ ജീവൻ ആദ്യമായി മനസ്സിലാക്കുകയായിരുന്നു .ഇങ്ങനെയൊരു മുഖം കൂടിയുണ്ടെന്ന്.എപ്പോഴും തന്നെ അടിച്ചമർത്തി ഭരിക്കാൻ വരുന്ന സിദ്ധയെ അവനറിയൂ…

“വീട്ടിൽ നിന്നാൽ അച്ഛൻ ഏത് വിധേയനേയും ജീവനെ ഇല്ലാതാക്കാൻ ശ്രമിക്കും.ഇവിടെ ആകുമ്പോൾ സേഫ് ആയിരിക്കും. ജീവിക്കാൻ നല്ലൊരു ജോലിയും രണ്ടു പേരുടേയും അക്കൗണ്ടിൽ ജീവിതകാലം വരെ സുഖമായി ജീവിക്കാനുള്ള പണം ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.. പിന്നെ മോളൂന്റെ പേരിലൊരു ഫിക്സ്ഡ് ഡിപ്പോസിറ്റും ഉണ്ട്. അവളുടെ പഠനത്തിനും വിവാഹത്തിനും ആ പണം മതിയാകും..”

സിദ്ധയുടെ നല്ല മനസ്സ് ജീവനെ അമ്പരപ്പിച്ചു.. അവളുടെ സംസാരം ദക്ഷിതയും അത്ഭുതത്തോടെ കേട്ടു നിന്നു..

“ഡിവോഴ്സ് ചെയ്തിട്ട് നിയമപരമായി ദക്ഷിതയെ വിവാഹം കഴിക്കണം ജീവൻ..ഇനിയെങ്കിലും നിങ്ങൾക്കിടയിൽ ഞാനൊരു തടസ്സമാകരുത്.ഞാനായി നഷ്ടപ്പെടുത്തിയ സൗഭാഗ്യങ്ങൾ ഞാനായി വീണ്ടെടുത്തു തരുന്നു”

“എങ്കിൽ യാത്രയില്ല..ഞാനിറങ്ങട്ടെ…ഒരിക്കലും തമ്മിൽ കണ്ടുമുട്ടാതിരിക്കാൻ പ്രാർത്ഥിക്കാം”

ഇനി അവിടെ നിന്നാൽ തളർന്നു പോകുമെന്ന് അറിയാമെന്നതിനാൽ സിദ്ധ വേഗം അവിടെ നിന്ന് ഇറങ്ങി.കാറ് ഓടിക്കുമ്പോൾ അസഹ്യമായ വേദന അനുഭവപ്പെട്ടത് കടിച്ചു പിടിച്ചു. അസ്ഥികൾ നുറുങ്ങി പൊടിഞ്ഞ് പോകുന്നത് പോലെ തോന്നി.എങ്കിലും മനസാന്നിധ്യം കൈവിടാതെ വീട്ടിലേക്ക് കാറ് ഒറ്റക്ക് ഡ്രൈവ് ചെയ്തു…

*****************************

ജീവൻ കയ്യെത്തി കുഞ്ഞിനെ ദക്ഷിതയിൽ നിന്ന് വാങ്ങി.യാതൊരു മടിയുമില്ലാതെ മോള് അവന്റെ കയ്യിൽ കരയാതെ ഇരുന്നു.രക്തം രക്തത്തെ തിരിച്ചറിയാൻ മറ്റൊന്നിന്റെയും ആവശ്യം ഇല്ലായിരിക്കും.കൊതിയോടെ കണ്ണുകൾ നിറച്ച് തന്റെ കുഞ്ഞിനെ അവൻ കണ്ടു.വാരിയെടുത്ത് കവിളുകൾ ഉമ്മവെച്ചു.

“മോളുടെ പേരെന്താണ്””

ആകാംഷയോടെ അവൻ ദക്ഷിതയോട് ചോദിച്ചു..

“ദക്ഷി”

അവൾ പതിയെ മന്തിച്ചത് കേട്ട് അവൻ തെല്ലൊന്ന് അമ്പരന്നു.. ദക്ഷിതയുമായി സ്വകാര്യ നിമിഷങ്ങൾ പങ്കിടുമ്പോൾ ജീവൻ പറയാറുണ്ട്.. പെൺകുട്ടി ആണെങ്കിൽ ദക്ഷിതയിൽ നിന്ന് അടർത്തിയെടുത്ത ദക്ഷി എന്ന പേര് ഇടണമെന്ന്..ആ കൊതി തീർക്കാൻ ഇടക്കിടെ അവളെ ദക്ഷിയെന്ന് വിളിക്കും.

ഓർമ്മകളിൽ മിഴികൾ നനഞ്ഞു…കുഞ്ഞിനെ വാരിയെടുത്ത് നെഞ്ചോട് ചേർത്തു.. ഒരു കുഞ്ഞിനെ ലാളിക്കാൻ കൊതിക്കുമ്പോൾ ഒരിക്കലും അറിഞ്ഞിരുന്നില്ല സ്വന്തം മകൾ ദക്ഷിതയിൽ നിന്ന് ഭൂമിയിൽ പിറന്നെന്ന്..

“സിദ്ദ പാവമാണ് അല്ലേ ജീവേട്ടാ”

“അതേ..അവൾ പാവമാണെന്ന് അറിയാൻ ഞാൻ വൈകിപ്പോയി.. എനിക്ക് അറിയാവുന്ന സിദ്ധ കടിച്ചു കീറാൻ വരുന്നവൾ ആയിരുന്നു..”

ജീവേട്ടനെ കടിച്ചു കീറുമ്പോഴും ആ മനസ്സിൽ നിറയെ അവനോട് സിദ്ദക്ക് സ്നേഹം ആയിരുന്നെന്ന് പറയാൻ ദക്ഷിതയുടെ മനം തുടിച്ചു.ഇപ്പോഴും പൂർണ്ണ മനസ്സോടെയല്ല ജീവനെ വിട്ടു നൽകിയതെന്ന് മറ്റാരെക്കാളും അവൾക്ക് അറിയാം..പക്ഷേ സിദ്ദക്ക് നൽകിയ വാക്കിൽ സത്യങ്ങൾ തുറന്നു പറയാൻ കഴിയാതെ അവൾ പിടഞ്ഞു.

“എല്ലാവരും ഒരിക്കൽ അറിയും സിദ്ദയെ….അറിഞ്ഞുകൊണ്ട് അല്ലെങ്കിലും താൻ പോലും അറിയാതെ തെറ്റിലേക്ക് വീണുപോയ ഒരു പാവം പെൺകുട്ടിയെ കുറിച്ച്”

ദക്ഷിത മനസ്സിൽ മന്ത്രിച്ചു…അവളിൽ നിന്ന് രണ്ടു തുള്ളി മിഴിനീര് ഒഴുകി താഴേക്ക് വീണു…സിദ്ദക്കായിട്ട്..അവളുടെ മനസ്സിന്റെ നന്മക്കായി….

*********************************

“വിവാഹത്തിന് വേണ്ടപ്പെട്ടവരെയെല്ലാം വിളിച്ചോളൂ”

അമ്മുക്കുട്ടി ശിവയുടെ മടിയിൽ ഇരിക്കുമ്പോഴാണ് മീരവ് അവർക്ക് അരികിലെത്തിയത്.

“എനിക്ക് അങ്ങനെ പ്രത്യേകിച്ച് ക്ഷണിക്കാനായി ഈ ഭൂമിയിൽ ഒരാളെയുള്ളൂ മീരേട്ടാ”

“അതാരാണ് ഞാനറിയാത്ത ആ ഒരാൾ”

അവൻ തെല്ലൊരു അമ്പരപ്പോടെ ചോദിച്ചു..അവനെ സംബന്ധിച്ച് ശിവക്ക് പരിചയക്കാർ ഉണ്ടെന്നുളള അറിവില്ല.

“മീരേട്ടന് ആളെ അറിയില്ല…ഇവിടെ നിന്ന് കുറച്ചു അകലെയുളളതാണ്..പേര് സിദ്ധ..ഒരിക്കൽ ഒരു അപകടത്തിൽ നിന്ന് എന്നെ രക്ഷിച്ചിട്ടുണ്ട് ആൾ”

“ങേ”

“ഒരിക്കൽ കോളേജിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിൽ വൈകിയാണ് ഇറങ്ങിയത്..രാത്രി ഏറെയായി ബസ് സ്റ്റോപ്പിൽ ഒറ്റപ്പെട്ടു പോയ എന്നെ കുറച്ചു ചെറുപ്പക്കാർ ആക്രമിക്കാൻ ശ്രമിച്ചു. അതുവഴി കാറിൽ വന്ന സിദ്ദയാണ് എന്നെ രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചത്.അന്ന് ക്രിസുമായി പ്രണയത്തിലായ ടൈമാണ്”

“അപ്പോൾ തീർച്ചയായും വിളിക്കണം…നിനക്ക് വീടറിയാമോ”

“അതൊന്നും അറിയില്ല മീരേട്ടാ…ഒരു കാർഡ് തന്നിട്ടുണ്ട്..ഇപ്പോഴും ഭദ്രമായിട്ടുണ്ട്.അതിൽ അഡ്രസ് ഉണ്ട്.. ഒരിക്കലേ വിളിച്ചിട്ടുള്ളൂ..പിന്നീട് അവരുടെ നമ്പർ മാറിയെന്ന് തോന്നുന്നു. വിളിച്ചിട്ട് കിട്ടിയില്ല.കാർഡിൽ വീടിന്റെ അഡ്രസ് ഉണ്ട്”

“എങ്കിൽ അതുമതി”

“മ്മ്”

ശിവ മൂളി..ശിവയും മീരവും കൂടി ആലോചിച്ച് വിവാഹം കഴിച്ചു ഒന്നാകാൻ തീരുമാനിച്ചു.ക്രിസിൽ നിന്ന് ഒരു ആക്രമണം ഏത് രീതിയിലും ഉണ്ടായേക്കാമെന്ന് അവൾ ഭയന്നു.തന്നെയുമല്ല ഒന്നിച്ചു ഒരുവീട്ടിൽ താമസിക്കുമ്പോൾ ആൾക്കാർ പലതും പറഞ്ഞു ഉണ്ടാക്കും‌.അതുമല്ല ശിവ ഇപ്പോൾ മീരവിനെ ആത്മാർത്ഥമായി സ്നേഹിക്കുന്നുമുണ്ട്..

“അച്ഛനേയും അമ്മയേയും കൂടി ക്ഷണിക്കണം”

മീരവ് പറഞ്ഞതുകേട്ട് ശിവ അമ്പരന്നു.. അതു വേണമോ എന്ന രീതിയിൽ അയാളെ നോക്കി.

“സാരമില്ലടോ..അച്ഛനോടും അമ്മയോടും പറയണം..അവരെ ക്ഷണിക്കുകയും ചെയ്യാം…വരുന്നെങ്കിൽ വരട്ടെ.നമുക്ക് നമ്മുടെ കടമകൾ ചെയ്യണം..തെറ്റുകൾ തിരുത്തി അവർ വന്നാൽ നമുക്ക് നല്ലതല്ലേ..എനിക്കാണെങ്കിൽ മാതാപിതാക്കൾ പോലുമില്ല. അതുകഴിഞ്ഞു നമുക്ക് സിദ്ധയെ ക്ഷണിക്കാൻ അവരുടെ വീട്ടിലും പോകാം”

ശിവയുടെ കണ്ണുകൾ നിറഞ്ഞു.അച്ഛനേയും അമ്മയേയും ഓർക്കാത്ത ഒരുദിവസം പോലുമില്ല.. അവരെ ഒരിക്കൽ കൂടി നേരിട്ടു കണ്ട് മാപ്പ് പറയണം.ആ പാദങ്ങളിൽ വീണു ഒന്ന് പൊട്ടിക്കരയണം..മീരവിന്റെ തീരുമാനം ശരിയാണെന്ന് സമ്മതിച്ചു വീട്ടിലേക്കുള്ള യാത്രക്ക് അവൾ സമ്മതിച്ചു..

അമ്മ വീട്ടിൽ പോകുകയാണെന്ന് അറിഞ്ഞ് അമ്മുക്കുട്ടി കൂടുതൽ സന്തോഷിച്ചു. കഥകളിലൂടെ മോള് മുത്തശ്ശിയേയും മുത്തശനേയും കുറിച്ച് കേട്ടിട്ടുള്ളൂ..

ഞായറാഴ്ച ദിവസം രാവിലെ ശിവയും മീരവും അമ്മുക്കുട്ടിയും കൂടി അവളുടെ വീട്ടിലേക്ക് യാത്ര തിരിച്ചു… വീട്ടിലേക്കുള്ള വഴി ശിവ പറഞ്ഞു കൊടുത്തു.. മൂന്നാലു മണിക്കൂറത്തെ യാത്രക്ക് ഒടുവിൽ ജീർണ്ണിച്ചു തുടങ്ങിയ തഋവാടിനു മുമ്പിൽ കാറ് ചെന്നു നിന്നു…

“പ്രതികരണം നെഗറ്റീവ് ആയാലും കരയരുത്…കൂടെയുണ്ട്”

കരുതലോടെ ശിവക്ക് ധൈര്യം പകർന്ന് അവളുടെ കയ്യിൽ അവൻ മുറുക്കിപ്പിടിച്ചു.എന്നിട്ട് ആ കരങ്ങളിൽ ചുംബിച്ചു. അമ്മുക്കുട്ടി നാണം ഭാവിച്ച് കുഞ്ഞിക്കൈകളാൽ മുഖം പൊത്തിപ്പിടിച്ചു…

*********************

ഓർമ്മകൾ ശിവയുടെ മനസ്സിനെ വർഷങ്ങൾക്ക് പിന്നിലേക്ക് കൂട്ടിക്കൊണ്ട് പോയി.മുറ്റത്തുകൂടി അമ്മയെ വെട്ടിച്ച് മുട്ടിലിഴഞ്ഞ് നീങ്ങുന്ന ഒരു കുഞ്ഞു ശിവ.മണ്ണുവാരി തിന്നുമ്പോൾ കുഞ്ഞ് വടിയുമെടുത്ത് അമ്മ പിന്നാലെ വരുമ്പോൾ കുഞ്ഞരിപ്പല്ലുകൾ കാട്ടി മയക്കും.വർഷങ്ങൾ പിന്നിടുമ്പോൾ ആ കുഞ്ഞ് ഓടിക്കളിച്ച് വളർന്ന മുറ്റത്ത് നിന്നപ്പോൾ അവളിൽ നിന്ന് രണ്ടു തുള്ളി കണ്ണുനീരിറ്റ് നിലത്തേക്ക് വീണു. മിഴികൾ അടച്ചു പിടിച്ചു ശില പോലെ നിന്നു.

ശിവ കരയുകയാണെന്ന് മനസ്സിലായതോടെ മീരവ് അവളുടെ അരികിലെത്തി..

“എന്തിനാടോ കരയുന്നത്..എത്രയൊക്കെ ആയാലും തന്റെ മാതാപിതാക്കൾ ക്ഷമിക്കാതിരിക്കില്ല.എത്രയൊക്കെ വളർന്നാലും താനിപ്പോഴും അവരുടെ കുഞ്ഞല്ലേ”

മീരവ് തന്നാൽ കഴിയുന്ന വിധത്തിൽ ശിവയെ ആശ്വസിപ്പിച്ചു.. അവൾക്ക് ആത്മവിശ്വാസമേകാൻ ശിവയുടെ വാക്കുകൾ മതിയായിരുന്നു.

“അമ്മയെന്തിനാ കരയുന്നത്”

അമ്മിണിക്കുട്ടിക്കൊന്നും മനസ്സിലായില്ല.കുഞ്ഞ് കാണുന്നത് കരയുന്ന അമ്മയെയാണ്.

“ഒന്നൂല്ലെടാ മുത്തേ..സന്തോഷം കൊണ്ട് അമ്മ കരഞ്ഞതാ”

മോളെ വാരിയെടുത്ത് കവിളുകളിൽ മാറി മാറി ഉമ്മവെച്ചു.കുഞ്ഞ് മുഖത്ത് സന്തോഷം വന്നു.

“വാടോ അകത്തേക്ക്.”

ശിവയുടെ കൈ പിടിച്ചു മീരവ് അകത്തേക്ക് കയറി.. കുഴമ്പിന്റെയും പച്ചമരുന്നിന്റെയും ഇടകലർന്ന ഗന്ധം അന്തരീക്ഷത്തിൽ തങ്ങി നിന്നു. ആദ്യത്തെ മുറിയിൽ ചാരുകസേരയിലായി തളർന്നു കിടക്കുന്ന ഒരു വൃദ്ധന്റെ മുഖത്ത് ശിവയുടെ നയനങ്ങൾ പതിഞ്ഞു.മുടിയും മീശയുമൊക്കെ നരച്ചിരിക്കുന്നു.

“അച്ഛൻ”

ശിവയിൽ നിന്നൊരു നിലവിളി ഉയർന്നു. കുഞ്ഞുമായി ഓടിയവൾ അയാൾക്ക് അടുത്തെത്തി നീട്ടി വിളിച്ചു..

“അച്ഛാ…”

അയാൾ പ്രയാസപ്പെട്ട് മിഴികൾ വലിച്ചു തുറന്നു.. മുന്നിൽ നിൽക്കുന്ന മകളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. പതിയെ അയാളുടെ നയനങ്ങളിൽ കണ്ണുനീര് വന്നുമൂടി.

“എന്നോട് ക്ഷമിക്കണം അച്ഛാ..ചെയ്തു പോയ തെറ്റിനുളള ശിക്ഷ അനുഭവിച്ചു. ഇനിയും എന്നെ ശപിക്കരുത്”

അമ്മ കരയുന്നത് കണ്ട് അമ്മിണിക്കുട്ടിയും കൂടെ കരഞ്ഞു.മീരവ് മുമ്പോട്ട് വന്ന് കുഞ്ഞിനെ എടുത്തു. ശിവയിൽ നിന്നൊഴുകിയ മിഴിധാര അച്ഛന്റെ പാദങ്ങളെ നനയിച്ചു.പതിയെ അദ്ദേഹം ചാരുകസേരയിൽ നിന്ന് എഴുന്നേറ്റു.. പാദങ്ങളെ പുണർന്ന് കരയുന്ന മകളെ പതിയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.

“അച്ഛന് പഴയപോലെ ആര്യോഗ്യമില്ല..എന്റെ കുട്ടി എഴുന്നേൽക്കൂ”

പഴയ ഘനഗാംഭീര്യമൊന്നും സ്വരത്തിൽ ഇല്ലായിരുന്നു.. എല്ലാം കാലം മാറ്റി മറിച്ചു..ഏതൊരു മനുഷ്യനും പരിണാമം സംഭവിക്കുന്നത് പോലെ..

“തെറ്റ് പറ്റിയത് ഞങ്ങൾക്കാ മോളേ..നിനക്ക് ഇഷ്ടപ്പെട്ടൊരാളെ വിവാഹം കഴിച്ചപ്പോൾ നിങ്ങളെ സ്വീകരിക്കാതെ ആട്ടിയിറക്കി.ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കാൻ വർഷങ്ങൾ വേണ്ടി വന്നു. ജാതിയും മതവുമല്ല വലുത് മനുഷ്യനായി ജീവിക്കുകയെന്നതാണെന്ന്”

“സാരമില്ല അച്ഛാ…എനിക്കും എല്ലാം മനസ്സിലാക്കാൻ വർഷങ്ങൾ വേണ്ടി വന്നു”

അച്ഛന്റേയും മകളുടേയും ഒത്തു ചേരൽ മീരവിനെ സന്തോഷിപ്പിച്ചു.. അയാളുടെ മിഴികൾ സന്തോഷത്താൽ നിറഞ്ഞു.പാവം അമ്മുക്കുട്ടിക്ക് മാത്രം ഒന്നും മനസ്സിലായില്ല..

“അമ്മയെവിടെ അച്ഛാ”

അമ്മക്കായി ശിവയുടെ മിഴികൾ മുറിയിലൂടെ വട്ടം കറങ്ങി.തന്റെ ശബ്ദം കേട്ടിട്ടും അമ്മ ഇറങ്ങി വന്നില്ലല്ലോന്ന് അവളെ വിഷമിപ്പിച്ചു.

“അമ്മ കിടപ്പിലായിട്ട് വർഷങ്ങളായി.. എപ്പോഴും പറയും നിന്നെയൊന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്.ഈ വൃദ്ധൻ എവിടെ വന്ന് തിരക്കാനാണ്.എങ്കിലും പ്രാർത്ഥനകളിൽ എന്റെ മോളെയും ഉൾപ്പെടുത്താറുണ്ട്”

അച്ഛനു ഇപ്പോൾ തന്നോട് വെറുപ്പില്ലല്ലോയെന്ന് ശിവയെ കൂടുതൽ സന്തോഷിപ്പിച്ചു..

“വാ ..രണ്ടാളും”

അവരെ ക്ഷണിച്ചു കൊണ്ട് ആ വൃദ്ധൻ മറ്റൊരു മുറിയിലേക്ക് നടന്നു..കുഴമ്പിന്റെയും പച്ചമരുന്നിന്റെ സമ്മിശ്ര ഗന്ധം കൂടുതൽ അവിടെ നിറഞ്ഞു നിന്നു.

കട്ടിലിൽ കിടക്കുന്ന അമ്മയെ നിറകണ്ണുകളോടെ ശിവ കണ്ടു.അമ്മയുടെ പാദങ്ങളിൽ മുഖം അമർത്തി അവൾ പൊട്ടിക്കരഞ്ഞു.. കണ്ണുനീരിൽ പാദങ്ങൾ കുതിർന്നപ്പോൾ അവർ കണ്ണ് തുറന്നു.

“മോളേ”

ക്ഷീണിച്ചു തളർന്ന സ്വരം…ശിവ മെല്ലെ തലയുയർത്തി അമ്മയെ നോക്കി…അമ്മയുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ട്

“അമ്മേ…”

എന്തോ പറയാനായി ഒരുങ്ങിയെങ്കിലും ശിവക്ക് വാക്കുകൾ കിട്ടിയില്ല..അമ്മ ഓരോന്നും പറഞ്ഞു കരഞ്ഞു കൊണ്ടിരുന്നു. ശിവ അമ്മയുടെ കണ്ണുനീര് കൈകളാൽ ഒപ്പിയെടുത്തു.

“മതിയമ്മേ കരഞ്ഞത്..ഇനി എന്റെ അമ്മ കരയരുത്”

അമ്മയും മകളും കൂടി സംസാരിക്കുന്നത് കണ്ടു മീരവും ശിവയുടെ അച്ഛനും ആ മുറിക്ക് പുറത്ത് നിന്നിറങ്ങി.ശിവയുടെ കയ്യിൽ നിന്ന് അമ്മുക്കുട്ടിയെ വാങ്ങി മീരവ് എടുത്തിരുന്നു..

“അമ്മയും മകളും കൂടി കുറച്ചു സമയം കഥകൾ പറയട്ടെ”

വൃദ്ധൻ പറഞ്ഞത് ശരിയാണെന്ന് മീരവനും തോന്നിയിരുന്നു.മീരവ് വൃദ്ധന് തന്നെ പരിചയപ്പെടുത്തി.. ശിവക്ക് സംഭവിച്ചത് മുതൽ ഒന്നും വിട്ടൊഴിയാതെ വിശദീകരിച്ചു.മകൾക്ക് സംഭവിച്ച ദുരിതമോർത്ത് പിന്നെയും വൃദ്ധഹൃദയം വേദനിച്ചു.

“എല്ലാം എന്റെ തെറ്റാണ് മോനേ.. ഞാനൊന്ന് ക്ഷമിച്ചിരുന്നെങ്കിൽ എന്റെ കുഞ്ഞിന്റെ ജീവിതം തകരില്ലായിരുന്നു.അന്ന് അഭിമാനം മുറുക്കിപ്പിടിച്ചു”

“അതൊക്കെ വിട്ടേക്ക് അച്ഛാ…ശിവ രക്ഷപ്പെട്ടൂന്ന് കരുതിയാൽ മതി..അച്ഛാന്ന് വിളിച്ചത് ബുദ്ധിമുട്ട് ആയെങ്കിൽ ക്ഷമിക്കണം.. എന്റെ മാതാപിതാക്കൾ ചെറുപ്പത്തിലേ മരിച്ചു പോയതാണ്.അമ്മുക്കുട്ടിയെ സമ്മാനിച്ചു ആത്മജ കൂടി മടങ്ങിയപ്പോൾ മോളും ഞാനും മാത്രമായി ജീവിതത്തിൽ.ശിവ കടന്നു വന്നപ്പോൾ വീണ്ടും ഒറ്റക്കല്ലെന്ന തോന്നൽ”

“ന്റെ കുട്ടി അങ്ങനെ വിളിച്ചാൽ സന്തോഷം മാത്രമേയുള്ളു.. എന്റെ കുട്ടിക്കൊരു ജീവിതം കൊടുക്കാനുള്ള മനസ് കാണിച്ചുവല്ലോ”

മീരവിന് ശിവയുടെ അച്ഛനെ ഇഷ്ടമായി..അമ്മുക്കുട്ടി ഇടക്കിടെ അയാളെ ശ്രദ്ധിച്ചിരുന്നു..

“ഇതാണോ അച്ഛാ മുത്തശ്ശൻ”

മീരവിനോട് ആയിരുന്നു കുഞ്ഞിന്റെ ചോദ്യമെങ്കിലും മിഴികൾ തങ്ങിയത് വൃദ്ധനിലായിരുന്നു.

“ഞാൻ തന്നെയാ മോളുടെ മുത്തശ്ശൻ..ഇങ്ങട് വാ”

അയാൾ കൈകൾ നീട്ടിയപ്പോൾ അമ്മുക്കുട്ടി സന്തോഷത്തോടെ ചാടിയെഴുന്നേറ്റ് അയാളുടെ അടുത്ത് ചെന്നു..മോളെ എടുത്തു മടിയിലിരുത്തി ഉമ്മകൾ സമ്മാനിച്ചു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ ശിവ അവർക്ക് അരികിലെത്തി.

“മീരേട്ടാ ഒന്ന് വര്യോ”

മീരവ് എഴുന്നേറ്റു അവളുടെ അടുത്തേക്ക് ചെന്നു..

“അമ്മക്കൊന്ന് കാണണം”

അതുകേട്ട് അയാളും കൂടി മുറിയിലേക്ക് കയറി.. അമ്മ മീരവിന്റെ കൈകളിൽ പിടിച്ചു.

“എന്റെ കുട്ടി പാവമാണ് മോനേ..കരയിപ്പിക്കരുത്..ഈയൊരു അപേക്ഷ മാത്രമേയുള്ളു”

“ഇല്ലമ്മേ ശിവ ഒരുപാട് കരഞ്ഞവളാണ്..ഒരിക്കലും ഞാനായിട്ട് ആ മിഴികൾ നിറക്കില്ല”

അമ്മയുടെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട് മറുപടി നൽകി ഒരു ഉറപ്പ് പോലെ..ആ സമയത്താണ് അമ്മുക്കുട്ടി ഓടി അവിടേക്ക് എത്തിയത്. ശിവയുടെ അമ്മ കുഞ്ഞിനെ വലത് കയ്യാൽ തലോടി.

“മോളുടെ മുത്തശ്ശിയാണ്”

അമ്മുക്കുട്ടിയുടെ മുഖം വികസിച്ചു.

“മുത്തശ്ശി എനിക്ക് കഥ പറഞ്ഞു തരാമോ?”

നിഷ്കളങ്കത നിറഞ്ഞ ചോദ്യം.

“അതിനെന്താ മുത്തശ്ശി ഇഷ്ടം പോലെ കഥകൾ പറഞ്ഞു തരാം.”

അമ്മുക്കുട്ടിക്ക് സന്തോഷമായി.. അവൾക്ക് ഇതുവരെ ഇല്ലാതിരുന്ന മുത്തശ്ശനേയും മുത്തശ്ശിയേയും കിട്ടി.

“അമ്മേയേയും അച്ഛനേയും ഞങ്ങൾ കൂട്ടിക്കൊണ്ട് പോകുവാ..വരില്ലെന്ന് മാത്രം പറയരുത്. ഞങ്ങൾക്ക് മറ്റാരുമില്ല.അമ്മക്ക് അവിടെ നല്ല ട്രീറ്റ്മെന്റ് കൊടുക്കാം.”

മീരവ് പറഞ്ഞത് കേട്ട് ശിവക്ക് അത്ഭുതം തോന്നി..മീരേട്ടനോട് എങ്ങനെ ഇതിനെ കുറിച്ച് ചോദിക്കുമെന്ന് കരുതി അവൾ സങ്കടപ്പെട്ട് ഇരിക്കുവായിരുന്നു.അതേ സമയത്താണ് മനസ്സറിഞ്ഞത് പോലെ മീരവ് പറഞ്ഞത്.

ശിവ യുടെ അച്ഛൻ എതിർത്തില്ല..ഒരു പ്രായ്ശ്ചിത്തമായി ശേഷിച്ച കാലം മകളോടൊത്ത് ജീവിക്കാൻ തീരുമാനിച്ചു..

ഉച്ചക്ക് മുമ്പായി എല്ലാവരും കൂടി മീരവിന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു.. അമ്മയെ പിന്നിലെ സീറ്റിൽ ചാരിയിരുത്തി.അച്ഛൻ അമ്മയുടെ ചുമലിലൂടെ കൈകൾ ചേർത്തു പിടിച്ചിരുന്നു.അവരുടെ ഇടത് ഭാഗമാണ് തളർന്നു പോയത്.

തിരികെ വീട്ടിൽ എത്തിയപ്പോൾ സമയം നാല് മണി കഴിഞ്ഞു. ഈ പ്രാവശ്യം പതിയെയാണ് മീരവ് കാറോടിച്ചത്.താഴത്തെ നിലയിൽ ഒരു റൂം അച്ഛനും അമ്മക്കുമായി ശിവ ഒരുക്കി.മുകളിലത്തെ നിലയിൽ ഇപ്പോൾ ആരും താമസമില്ലാത്തതിനാൽ മീരവ് അവിടെ താമസമാക്കി. ശിവയും അമ്മിണിക്കുട്ടിയും അമ്മയുടെ അടുത്ത മുറിയിലാണ് കിടന്നത്.

അടുത്ത ദിവസം തന്നെ മീരവ് അമ്മയുടെ ട്രീറ്റ്മെന്റിനുളള ഏർപ്പാടുകൾ ചെയ്തു.മുത്തശ്ശിയോയും മുത്തശ്ശനേയും ലഭിച്ചതോടെ കൂടുതൽ സന്തോഷവതിയായി കാണപ്പെട്ടു.ഇപ്പോഴാണ് വീട് ശരിക്കും ഉണർന്നതെന്ന് മീരവിനും ശിവക്കും തോന്നി..

രണ്ടു മൂന്ന് ദിവസം കൂടി കഴിഞ്ഞപ്പോഴാണ് സിദ്ധയെ വിവാഹത്തിന് ക്ഷണിച്ചില്ലല്ലോയെന്ന് മീരവിനെ ഓർമ്മിപ്പിച്ചത്.അമ്മയും അച്ഛനും കൂടി മടക്കയാത്രയിൽ കൂടെയുണ്ടായിരുന്നതിനാൽ സിദ്ധയുടെ വീട്ടിലേക്ക് പോകാൻ കഴിഞ്ഞില്ല.

“നമുക്ക് ഇന്ന് തന്നെ പോയാലോ”

മീരവ് ശിവയോട് അഭിപ്രായം ചോദിച്ചു.. അവൾ സമ്മതിക്കുകയും ചെയ്തു.

“ഞാൻ റെഡി”

രണ്ടു പേരും കൂടി സിദ്ധയുടെ വീട്ടിലേക്ക് പോകാനായി ഒരുങ്ങി. കഥ പറഞ്ഞു തരാൻ മുത്തശ്ശനും മുത്തശ്ശിയേയും ഉള്ളതിനാൽ അമ്മുക്കുട്ടി കൂടെ പോയില്ല.

“നിങ്ങൾ രണ്ടു പേരും കൂടി പോയിട്ടു വാ ..മോളെ ഞാൻ നോക്കിക്കോളാം”

അച്ഛൻ അങ്ങനെ പറഞ്ഞതോടെ അമ്മുക്കുട്ടിയെ നിർബന്ധിച്ചില്ല.മീരവും ശിവയും ചെല്ലുമ്പോൾ സിദ്ധ വീട്ടിൽ ഉണ്ടായിരുന്നു.

സമ്പന്നതയുടെ പ്രൗഢി വിളിച്ചോതുന്ന വലിയ ഒരു ഇരുനില മാളിക.കാർപോർച്ചിൽ മൂന്ന് നാല് കാറുകൾ കിടപ്പുണ്ട്.മുറ്റത്ത് ഒരു വശത്തായി പൂന്തോട്ടവും അതിനോട് ചേർന്ന് ഒരു സിമ്ലിംഗ് പൂളും.വീടിനു നാലുവശവും രണ്ടാൾ പൊക്കത്തിൽ വലിയൊരു മതിൽ പണി കഴിപ്പിച്ചിരുന്നു.

സെക്യൂരിറ്റിയോട് പെർമിഷൻ വാങ്ങി അകത്തേക്ക് കയറുമ്പോൾ സിദ്ദ തന്നെ ഓർത്തിരിക്കുമോ എന്നാണ് ശിവയുടെ മനസ്സിനെ അലട്ടിയത്.പക്ഷേ സിദ്ദ അവളെ മറന്നിരുന്നില്ല.കണ്ടപ്പോഴെ ചോദിച്ചു..

“ഹായ്.. ശിവ..എത്ര നാളായി കണ്ടിട്ട്”

പുഞ്ചിരിയോടെ സിദ്ധ ശിവയെ ആലിംഗനം ചെയ്തു.. അവൾക്ക് ആശ്വാസമായി…ഹാവൂ സിദ്ദ മറന്നട്ടില്ല.

“വിവാഹം ക്ഷണിക്കാൻ വന്നതാണ്”

ഇൻവിറ്റേഷൻ ലെറ്റർ നീട്ടിക്കൊണ്ട് ശിവ പറഞ്ഞു.. എന്നിട്ട് മീരവിനെ സിദ്ദക്ക് പരിചയപ്പെടുത്തി..

സിദ്ദ പഴയതിൽ നിന്ന് ഒരുപാട് മാറിയെന്ന് ശിവക്ക് തോന്നി..സൗന്ദര്യമൊക്കെ പോയി ആൾ വളരെ ക്ഷീണിതയായി കാണപ്പെട്ടു.

“സിദ്ദയുടെ വിവാഹം കഴിഞ്ഞു അല്ലേ”

അവളുടെ സീമന്തരേഖയിലെ സിന്ദൂരച്ചുവപ്പ് ശിവ കണ്ടു..സിദ്ദ പതറാതെ പുഞ്ചിരിയോടെ ചോദ്യത്തെ നേരിട്ടു.

“എല്ലാം പെട്ടെന്ന് ആയിരുന്നു”

കുറച്ചു സമയം കൂടി സംസാരിച്ചിരുന്ന ശേഷം മീരവും ശിവയും ഇറങ്ങി..അവരുടെ ഒത്തൊരുമ്മ സിദ്ധക്ക് അതിശയമായി.നല്ല ചേർച്ചയുളള ജോഡികൾ..മീരവിന് കുറച്ചു പ്രായം ഉണ്ടെന്ന് തോന്നുമല്ലാതെ തെറ്റ് പറയത്തക്കതായൊന്നും സിദ്ധക്ക് തോന്നിയില്ല..

“വരണം മറക്കരുത്.. എനിക്ക് സിദ്ദയെ മാത്രമേ ക്ഷണിക്കാനുള്ളൂ”

കാറിലേക്ക് കയറുന്നതിനിടയിൽ ശിവ സിദ്ധയെ ഒന്നുകൂടി ഓർമ്മിപ്പിച്ചു.

“ഉറപ്പായും വന്നിരിക്കും”

സിദ്ധ ഉറപ്പു നൽകി…അവർ പോയി കഴിഞ്ഞപ്പോൾ സിദ്ദ ചിന്തയിലാണു..ജീവനെയൊന്ന് കാണാനും അവന്റെ സ്വരമൊന്ന് കേൾക്കുവാനും കൊതിച്ചു.പല പ്രാവശ്യം വിരലുകൾ ജീവന്റെ കോണ്ടാക്റ്റ് നമ്പരിലേക്ക് നീണ്ടു.എങ്കിലും അവൾ സ്വയം ശ്വാസിച്ചു.

“വേണ്ടാ…ജീവൻ ഇന്ന് മറ്റൊരാളുടെ സ്വന്തമാണ്..സ്വയം വിട്ടു നൽകിയത്”

സങ്കടം സഹിക്കാൻ കഴിയാതെ വന്നപ്പോൾ തലയണയെ കെട്ടിപ്പിടിച്ചു കരഞ്ഞു.വഴക്കിട്ടാലും ആൾ കൂടെയുണ്ടല്ലോന്ന് ഒരു ആശ്വാസം ഉണ്ടായിരുന്നു..

ചിന്തകൾ മനസ്സിലൂടെ കടന്നു പോയി.. ഒരാളുടെ മുഖം ഓർമ്മ വന്നപ്പോൾ കണ്ണുകൾ തീക്കട്ട പോലെ ജ്വലിച്ചു..

“തന്റെ ജീവിതം നശിപ്പിച്ചിട്ട് അവൻ മാത്രം സുഖമായി ജീവിക്കാൻ പാടില്ല…എന്തായാലും തന്റെ മരണം അനിവാര്യമാണ്.. അപ്പോൾ അവനെയും കൂടെ കൂട്ടണം…

” നവീനിനെ…”

അലമാരയിൽ ഭദ്രമായി വെച്ചിരിക്കുന്ന റിവോൾവർ എടുത്തു അതിൽ ഫുൾ ലോഡാണെന്ന് സിദ്ദ ഉറപ്പു വരുത്തി…പതിയെ അതിൽ ചുംബിച്ചു..

“നവീൻ…. എന്റെയൊപ്പം നീയും കാണണം.. കൊണ്ടു പോകും കൂടെ ഞാൻ…”

സിദ്ധയുടെ മുഖം കൂടുതൽ ഭയനകാമായി തീർന്നു.ഇപ്പോൾ അവളെ കണ്ടാൽ വായിച്ച കഥകളിലെയും കണ്ട സിനിമകളിലെയും ദുഷ്ട സ്ത്രീ കഥാപാത്രമായി തോന്നും…

(തുടരും)

സിദ്ധ ശിവ : ഭാഗം 1

സിദ്ധ ശിവ : ഭാഗം 2

സിദ്ധ ശിവ : ഭാഗം 3

സിദ്ധ ശിവ : ഭാഗം 4