Friday, November 22, 2024
Novel

രുദ്രാക്ഷ : ഭാഗം 15

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

കൈകളിൽ മുഖം താങ്ങി കട്ടിലിൽ ഇരിക്കുകയാണ് രുദ്ര.
കരയുന്നതിനോടൊപ്പം അവളുടെ ഉടൽ വിറച്ചു കൊണ്ടിരുന്നു.

രുദ്രൂ… സഞ്ജുവിന്റെ സ്വരം ഇടറിയിരുന്നു.

പ്ലീസ് ഡി.. അവൻ കെഞ്ചി.

തലയുയർത്തി അവനെ തന്നെ അവൾ ഉറ്റുനോക്കി.

അവളുടെ മിഴികൾ കരഞ്ഞു കലങ്ങാൻ കാരണം താനാണെന്ന തിരിച്ചറിവ് അവനിൽ കുറ്റബോധം സൃഷ്ടിച്ചു.

ഇത്രയും വർഷങ്ങൾ മൂടി വച്ച രഹസ്യം. ഒരിക്കൽ അവളോട് ഇഷ്ടമാണെന്ന് പറഞ്ഞതല്ലാതെ മറ്റൊന്നും പറഞ്ഞില്ല.
എന്നാൽ ഇന്ന് പറയേണ്ടി വന്നു.
അതിലവന് സ്വയം പുച്ഛം തോന്നി.

ഇത്രയും കാലം ഇത് മനസ്സിൽ വച്ചിട്ടാണോ സഞ്ജു നീയെന്നോട് പെരുമാറിയതെല്ലാം അത് ചോദിക്കുമ്പോൾ രുദ്രയുടെ സ്വരo ഇടറിയിരുന്നു.

ഞെട്ടലോടെ സഞ്ജു മുഖമുയർത്തി നോക്കി.

നിനക്കങ്ങനെ ഇതുവരെ തോന്നിയിട്ടുണ്ടോ രുദ്രൂ. എനിക്കറിയില്ല നിന്നെ എങ്ങനെയാണ് പറഞ്ഞ് വിശ്വസിപ്പിക്കേണ്ടതെന്ന്. ഒന്ന് പറയാം ഞാൻ ശ്വസിച്ച ശ്വാസം കൊണ്ട് പോലും ഞാൻ നിന്നെ എന്റേതെന്ന രീതിയിൽ നോക്കിയിട്ടില്ല. ശരിയാണ് വർഷങ്ങളോളം മനസ്സിൽ കൊണ്ട് നടന്നു. പക്ഷേ ഇപ്പോഴെങ്കിലും ഇത് തുറന്ന് പറയണമെന്ന് തോന്നി.
അത് സിദ്ധുവിനെ ഒഴിപ്പിച്ചു കൊണ്ട് കുടിയേറാനല്ല. നിനക്കൊപ്പം എന്നും കൂടെയുണ്ടാകണമെന്ന് തോന്നി. നിന്റെ സങ്കടങ്ങളിൽ സന്തോഷങ്ങളിൽ ഒക്കെ താങ്ങാകണമെന്ന് തോന്നി. അതിലെനിക്ക് നിന്റെ ഭർത്താവാണെന്ന പദവി വേണ്ട രുദ്രൂ.
ഞാൻ എന്റെ മനസ്സ് തുറന്നെന്നേയുള്ളൂ. നിനക്ക് തീരുമാനിക്കാം. എന്റെ ഇഷ്ടങ്ങളെ നിന്നിൽ അടിച്ചേൽപ്പിക്കാനല്ല നിന്റെ ഇഷ്ടങ്ങളിലും സ്വപ്നങ്ങളിലും പങ്ക് ചേരാനാണ് ഞാൻ ആഗ്രഹിച്ചത്.
ഞാൻ പറഞ്ഞതെല്ലാം നീ മറന്നേക്ക് രുദ്രൂ. എങ്കിലും നീയിങ്ങനെ തകർന്നിരിക്കുന്നത് കാണാൻ എനിക്ക് പറ്റുന്നില്ല.

ഒന്നും മിണ്ടാതെ രുദ്ര തിരിഞ്ഞു കിടന്നു.

നെഞ്ചിൽ ആകെ നീറ്റൽ പടരുന്നതായി സഞ്ജുവിന് തോന്നി.
അവനും മിണ്ടാതെ കട്ടിലിൽ കിടന്നു. അടഞ്ഞ കൺപോളകൾക്കിടയിലൂടെ അപ്പോഴും നീർമണികൾ പൊഴിയുന്നുണ്ടായിരുന്നു.

പിറ്റേന്ന് ഡിസ്ചാർജ് സമയത്തും രുദ്ര അവന്റെ മുഖത്ത് നോക്കാതിരിക്കാൻ ശ്രദ്ധിച്ചു.

എന്നെ എന്റെ വീട്ടിൽ ആക്കിയാൽ മതി. ഞാൻ അവിടെ കഴിഞ്ഞോളാം. എനിക്ക് വേണ്ടി നീ ബുദ്ധിമുട്ടേണ്ട.. സഞ്ജു പറഞ്ഞു.

രൂക്ഷമായൊരു നോട്ടമായിരുന്നു രുദ്രയുടെ ഭാഗത്തുനിന്നുള്ള മറുപടി.

വീട്ടിലെത്തി വൃത്തിയാക്കിയിട്ടിരുന്ന റൂമിൽ ഇളം നീല നിറമുള്ള ഒരു ബെഡ്ഷീറ്റ് കുടഞ്ഞു വിരിയിച്ചശേഷം അവൾ സഞ്ജുവിനെ താങ്ങി കിടത്തി.

കൃത്യമായി ഭക്ഷണവും മരുന്നും കൊടുത്തും വൈകുന്നേരങ്ങളിൽ അവനെ ബാൽക്കണിയിൽ പിടിച്ചു കൊണ്ട് ഇരുത്തിയും അവളവനെ ശുശ്രൂഷിച്ചു പോന്നു.

അത്യാവശ്യകാര്യങ്ങൾക്കല്ലാതെ അവൾ അവനോട് സംസാരിച്ചിരുന്നില്ല.

അവൻ ഇത്രയും കാലം മനസ്സിൽ സൂക്ഷിച്ചിരുന്ന ഇഷ്ടം തന്നോട് തുറന്നു പറയാത്തതിന്റെ പരിഭവമായിരുന്നു അവൾ കാട്ടിയിരുന്നത്.
സിദ്ധു എന്ന മനുഷ്യന്റെ കൂടെ ഇനിയൊരു ജീവിതം ഇനിയില്ല. അയാളോട് ഒരിക്കലും ക്ഷമിക്കുവാനോ അയാളുമായി തുടർന്നുള്ള ഒരു ജീവിതമോ അവളിലെ സ്ത്രീ ആഗ്രഹിച്ചിരുന്നില്ല. കാരണം സിദ്ധാർഥ്‌ എന്ന ഭർത്താവ് അവളെ അത്രയേറെ തകർത്തെറിഞ്ഞിരുന്നു.

എങ്കിലും നിയമപരമായി സിദ്ധാർഥിന്റെ ഭാര്യ എന്ന പദവി നിലനിൽക്കെ മറ്റൊരു പുരുഷന്റെ ജീവിതത്തിന്റെ ഭാഗമാകാൻ അവൾ ആഗ്രഹിച്ചിരുന്നില്ല.
എല്ലാ സ്ത്രീകളെയും പോലെ ഭർത്താവും കുഞ്ഞുങ്ങളുമായുള്ള സന്തോഷകരമായ ജീവിതം രുദ്രയുടെ മനസ്സിലൊളിപ്പിച്ചു വച്ചിരുന്ന സ്വപ്നങ്ങളിൽ ഒന്നായിരുന്നു.

അഡ്വക്കേറ്റ് നന്ദിതയുടെ ഓഫീസിൽ ഇരിക്കുമ്പോൾ വല്ലാത്തൊരു സന്തോഷം രുദ്രയിൽ നിറഞ്ഞു നിന്നിരുന്നു. തന്റെ ജീവിതത്തെ കാർന്നു തിന്നിരുന്ന സിദ്ധു എന്ന ചിതൽപ്പുറ്റിനെ എന്നെന്നേക്കുമായി നിയമപരമായി തന്നിൽ നിന്നും അടർത്തി മാറ്റുവാനുള്ള ഡിവോഴ്സ് പേപ്പർ തയ്യാറാക്കുവാൻ വന്നതായിരുന്നു അവളവിടെ.

നോക്കൂ രുദ്രാക്ഷ.. വിവാഹം കഴിഞ്ഞ് ഒൻപത് വർഷമായിരിക്കുന്നു. ഒൻപതാം മാസത്തിൽ നിങ്ങൾ അയാളിൽ നിന്നും അകന്ന് ജീവിക്കുകയായിരുന്നു. ഇപ്പോൾ നിങ്ങൾക്ക് അയാളിൽ നിന്നും നിയമപരമായി മോചനം നേടണം.
സാധാരണ പിരിഞ്ഞയുടൻ ഡിവോഴ്സ് എന്ന ആവശ്യമായി എന്നെ സമീപിക്കുന്നവരാണ് അധികവും. ഇതിപ്പോൾ നല്ല കാലതാമസം ഉണ്ടല്ലോ.
താൻ പറഞ്ഞതനുസരിച്ച് കാര്യങ്ങൾ പോകുകയാണെങ്കിൽ ഡിവോഴ്സ് പെട്ടെന്ന് ലഭിക്കും.സ്ത്രീ എന്ന നിലയിൽ അയാൾ നിങ്ങളോട് ചെയ്ത അതിക്രമങ്ങൾ പിന്നെ കുഞ്ഞ് നഷ്ടപ്പെട്ട സാഹചര്യം അതിനയാൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നത് എല്ലാം പെറ്റിഷനിൽ ചേർക്കാം.
നന്ദിത പറഞ്ഞു.

അമ്മയുടെയും സിദ്ധാർഥിന്റെ അച്ഛന്റെയും മരണം അയാളുടെ കൈകൾ കൊണ്ടാണെന്ന വസ്തുത മനപ്പൂർവ്വം അവൾ ചേർത്തിരുന്നില്ല.

നന്ദിതയുടെ ഓഫീസിൽ നിന്നും വീട്ടിലെത്തുമ്പോൾ നാണത്തിൽ കലർന്നൊരു പുഞ്ചിരി അവളിൽ നിറഞ്ഞു നിന്നു.
കാരണം സഞ്ജുവുമായുള്ള ജീവിതം അവൾ ആഗ്രഹിച്ചിരുന്നു.
ഇത്രയും ദിവസത്തിനിടയിൽ സിദ്ധാർഥിന്റെ വിവരമൊന്നും അറിഞ്ഞതുമില്ല.
എന്നാൽ പൂർണ്ണമായും സിദ്ധുവിൽ നിന്നും അകലുന്ന നിമിഷമേ സഞ്ജുവിനോട് അവന്റെ പാതിയാകുവാനുള്ള സമ്മതം അറിയിക്കൂ എന്നവൾ ഉറപ്പിച്ചു.

കാർ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ വീടിന്റെ കതക് തുറന്നിരുന്നു.

ഈ സഞ്ജു.. ഏത്ര പറഞ്ഞാലും കേൾക്കില്ല നടക്കരുതെന്ന്.. ഇന്നവനെ നോക്കിക്കോ.. സ്വയം പറഞ്ഞുകൊണ്ട് അരിശത്തോടവൾ മുന്നോട്ട് നടന്നു.

എന്നാൽ അകത്തുനിന്നും ഇറങ്ങി വന്ന ആളെക്കണ്ട് ഒരുനിമിഷം അവളുടെ ശ്വാസം നിലച്ചുപോയി.

സഞ്ജുവിന്റെ മുഖം മനസ്സിലേക്ക് കടന്നു വന്നതും അവളുടെ കാലുകൾ വിറച്ചുകൊണ്ട് മുന്നോട്ട് ചലിച്ചു.
അപായത്തിന്റെ മണി അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു അവളുടെ കാതുകളിൽ..

(തുടരും )

കുടുംബത്തിലേക്കൊരു കുഞ്ഞുവാവ വന്നൂട്ടോ. റോസാപ്പൂവ് പോലൊരു മാലാഖക്കുട്ടി ‘ അവ്നി ‘.

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

രുദ്രാക്ഷ : PART 1

രുദ്രാക്ഷ : PART 2

രുദ്രാക്ഷ : PART 3

രുദ്രാക്ഷ : PART 4

രുദ്രാക്ഷ : PART 5

രുദ്രാക്ഷ : PART 6

രുദ്രാക്ഷ : PART 7

രുദ്രാക്ഷ : PART 8

രുദ്രാക്ഷ : PART 9

രുദ്രാക്ഷ : PART 10

രുദ്രാക്ഷ : PART 11

രുദ്രാക്ഷ : PART 12

രുദ്രാക്ഷ : PART 13

രുദ്രാക്ഷ : PART 14