Thursday, September 19, 2024
Novel

രുദ്രാക്ഷ : ഭാഗം 12

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

ദിവസങ്ങൾ കടന്നുപോയി.
പുറമേ ബോൾഡ് ആയിരുന്നെങ്കിലും ഉള്ളിന്റെയുള്ളിൽ ഒരു പേടി അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു. തന്റെ ജീവനെ കരുതിയായിരുന്നില്ല അത് പകരം സഞ്ജുവിനെ ഓർത്തായിരുന്നു ആ പേടി. സിദ്ധു എന്ന മനുഷ്യനെ തന്നെക്കാൾ നന്നായി മറ്റാർക്കാണ് നന്നായി അറിയുക.താൻ കാരണം സഞ്ജുവിനെന്തെങ്കിലും സംഭവിച്ചാൽ.. ഇല്ല അതോർക്കുവാൻ കൂടി രുദ്രയ്ക്ക് കഴിയുമായിരുന്നില്ല.

ഓഫീസിലേക്ക് വന്ന ആളെക്കണ്ട് രുദ്ര അതിശയിച്ചു. കൃഷ്ണയുടെ അമ്മ. അവരെ തന്റെ ക്യാബിനിൽ വിളിച്ചിരുത്തി സംസാരിക്കുകയായിരുന്നു രുദ്ര.
കൃഷ്ണയെ ഡിസ്ചാർജ് ചെയ്‌തെന്നും ഇപ്പോൾ മകളെ കൂട്ടി ഒരു വാടക വീട്ടിലാണ് താമസമെന്നും അവർ അവളോട് പറഞ്ഞു. വീട് ശരിയാക്കി കൊടുത്തത് കൂടെ ജോലി ചെയ്തിരുന്ന സ്ത്രീയാണെന്നും അവർ പറഞ്ഞു.
പല പ്രാവശ്യം വന്നെങ്കിലും ഭർത്താവിനെ ഇനിയും സ്വീകരിക്കാൻ അവർ തയ്യാറായില്ല.
തന്റെ മക്കൾക്കുവേണ്ടി ഭാര്യ എന്ന സ്ഥാനം ത്യജിച്ച്
സ്വന്തം കാലിൽ നിൽക്കുവാൻ പ്രാപ്തയായിക്കഴിഞ്ഞ ആ സ്ത്രീയുടെ മാറ്റം രുദ്രയ്ക്ക് സന്തോഷമേകി.
അത് തന്റെ ജീവിതം നൽകിയ അനുഭവങ്ങളാണെന്ന് അവളോർത്തു.

ഭർത്താവും കുഞ്ഞുങ്ങളുമായി തന്റെ കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കുന്ന എത്രയോ സ്ത്രീകളുണ്ടാകും ചുറ്റും. പരസ്പര വിശ്വാസവും സ്നേഹവുമാണ് ഒരു ദാമ്പത്യത്തിന്റെ അടിത്തറ.
അതിൽ ഏതെങ്കിലും ഒന്നില്ലെങ്കിലും അതിന്റെ അടിത്തറ ഇളകും. അതാണല്ലോ തനിക്കും സംഭവിച്ചത്. സിദ്ധുവിന്റെ സംശയം കലർന്ന മുഖം ഒരുനിമിഷം അവളുടെ മനസ്സിൽ മിന്നിമറഞ്ഞു.

ഇതിനിടയിൽ
ഫയൽ നൽകാൻ വന്ന സിദ്ധു ഫയൽ ഏൽപ്പിച്ച് രുദ്രയെ നോക്കാതെ പിൻവാങ്ങി.

ഇത് ആരാ മോളേ.. അവർ ചോദിച്ചു.

ഇവിടുത്തെ അക്കൗണ്ടന്റ് ആണ് സിദ്ധാർഥ്. എന്താ അറിയുമോ അയാളെ.. അവൾ ചോദിച്ചു.

ഉച്ചയ്ക്ക് സഞ്ജു പാഞ്ഞെത്തുന്നതും രുദ്രയോടൊപ്പം ഉടൻ തന്നെ ഇറങ്ങിപ്പോകുന്നതും സിദ്ധു ക്യാബിനിൽ ഇരുന്ന് കാണുന്നുണ്ടായിരുന്നു.

സഞ്ജുവിന്റെ മുഖം മനസ്സിൽ തെളിയുമ്പോഴെല്ലാം സിദ്ധുവിന്റെ മനസ്സിൽ പക എരിഞ്ഞുകൊണ്ടിരുന്നു.
സഞ്ജയ്‌ എന്ന വ്യക്തി ഇനി രുദ്രയുടെ മനസ്സിൽ മാത്രമല്ല അരികിൽ പോലും ഉണ്ടായിക്കൂടാ. എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ സിദ്ധു മൊബൈലിന്റെ കാൾ ഹിസ്റ്ററിയിൽ നിന്നും ഒരു നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു.

ബീച്ചിന്റെ ആളൊഴിഞ്ഞ ഒരു വശത്തായി ഇരിക്കുകയായിരുന്നു സഞ്ജുവും രുദ്രയും.
ആദ്യമായിട്ടാണവൾ ഇത്രയേറെ കരഞ്ഞു കാണുന്നതെന്ന് അവനോർത്തു.
ഇടയ്ക്കിടെ അവളുടെ മേനി വിറച്ചു കൊണ്ടിരുന്നു.

രുദ്രൂ.. കരയ്.. മനസ്സ് തെളിയുന്നതുവരെ നീ കരയ്. പക്ഷേ എല്ലാ കണ്ണുനീരും ഇന്ന് നീ ഇവിടെ ഉപേക്ഷിച്ചു കളയണം. എന്നിട്ട് നിന്റെ ജീവിതം തകർത്ത.. നീയെന്ന സ്ത്രീയെ ചവിട്ടി മെതിച്ച.. നിന്നിലെ അമ്മയെ തകർത്തുകളഞ്ഞ.. നിനക്ക് ഈ ഭൂമിയിൽ സ്വന്തമെന്ന് ചൂണ്ടിക്കാണിക്കാൻ ഉണ്ടായിരുന്ന നിനക്ക് ജന്മം തന്ന അമ്മയെ ഈ ലോകത്ത് നിന്നും മായ്ച്ചു കളഞ്ഞ അവനോടുള്ള പ്രതികാരം അത് മാത്രം മതി നിന്റെ മനസ്സിൽ.
സഞ്ജുവിന്റെ അവസാനവാക്കുകൾ ആഞ്ഞടിക്കുന്ന തിരമാലകളോടൊപ്പം അവളുടെ മനസ്സിൽ അലയടിച്ചു.

കരഞ്ഞു വിങ്ങിയ മുഖം അമർത്തി തുടച്ചവൾ തിരമാലകൾ അലതല്ലുന്ന സാഗരത്തിലേക്ക് മിഴികൾ നട്ടു.

കൃഷ്ണയുടെ അമ്മയുടെ വാക്കുകൾ അവളുടെ കർണ്ണപടങ്ങളിൽ മുഴങ്ങിക്കേട്ടു.

അറിയാം മോളേ. അത്രയ്ക്ക് ദുഷ്ടനാണിവൻ. വലിയ ബിസിനസ്സുകാരനാണ്. സ്വന്തം ഭാര്യയുടെ അമ്മയെ കൊന്നവനാണ് ആ നീചൻ. അതിനവൻ കൊട്ടേഷൻ കൊടുത്തത് ആർക്കാണെന്നറിയാമോ. എന്റെ കഴുത്തിൽ താലികെട്ടിയ ആ മനുഷ്യന്.. അവരുടെ വാക്കുകളിൽ അവനോടുള്ള വെറുപ്പ് നിറഞ്ഞു കുമിയുന്നുണ്ടായിരുന്നു.

ഭൂമിയെല്ലാം പ്രകമ്പനം കൊള്ളുന്നതുപോലെ.. ചുറ്റിലും ഇരുട്ട് പടർന്നതുപോലെ.. കാതിലൊരു വിസ്ഫോടനം ഉണ്ടായതുപോലെ അവൾ ആടിയുലഞ്ഞു. ഒരു ബലത്തിനായവൾ ടേബിളിൽ മുറുകെ പിടിച്ചു.

അവളുടെ ഭാവമാറ്റം കാണാതെ അവർ തുടർന്നു. എന്റെ കൃഷ്ണമോളെ കൂടാതെ എനിക്കൊരു മകൻ കൂടിയുണ്ടായിരുന്നു. കിഷോർ. എന്റെ പൊന്നുമോൻ. നന്നായി പഠിക്കുമായിരുന്നു. ഒരിക്കൽ സ്കൂളിൽ വച്ചവൻ തല കറങ്ങി വീണു. അന്നവൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. ടീച്ചർ വിവരം പറഞ്ഞതനുസരിച്ചാ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തുന്നത്. എന്നാൽ ബ്ലഡ് ടെസ്റ്റ്‌ ചെയ്ത ഡോക്ടർക്ക് ഒരു സംശയം അവന്റെ തുടർ പരിശോധനകൾ നടന്നു. ഒടുവിൽ അവർ ഉറപ്പിച്ചു. ബ്രെയിൻ ട്യൂമർ.
അന്ന് എന്റെ ഭർത്താവ് കുടിക്കുമായിരുന്നെങ്കിലും എന്നെയും മക്കളെയും ജീവനായിരുന്നു.വണ്ടിയോടിച്ച് കിട്ടുന്ന പങ്കിൽ ഞങ്ങൾ സന്തുഷ്ടരുമായിരുന്നു.
ഇത് കേട്ട് അയാൾ ഒരുപാട് തകർന്നുപോയി. ഉടൻ ട്യൂമർ നീക്കം ചെയ്യണമെന്നും അതിനായി എട്ടൊമ്പത് ലക്ഷം രൂപ ചിലവ് വരുമെന്നും പറഞ്ഞു. നുള്ളിപ്പെറുക്കിയും കടം വാങ്ങിയും ഒന്ന് രണ്ട് ലക്ഷം ഒപ്പിച്ചു വച്ചു. അപ്പോഴാണ് ആരോ പറഞ്ഞത് എ കെ ഗ്രൂപ്സ് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുമെന്നും അതിന്റെ മുതലാളിയെ ഒന്ന് കാണുവാനും.
ഓപ്പറേഷന് പണം ശരിയായെന്നും നാളെ ഉച്ചയ്ക്ക് കൊടുക്കാമെന്നും ഉടൻ തന്നെ ഓപ്പറേഷനുള്ള ഒരുക്കങ്ങൾ തുടങ്ങാനും അയാൾ ഡോക്ടറോട് പറഞ്ഞു.
എന്നാൽ പിറ്റേന്നയാൾ പണവുമായെത്തിയപ്പോഴേക്കും എന്റെ മോൻ പോയി മോളേ.
പിന്നീടാണ് അറിഞ്ഞത് അതും മദ്യപിച്ച് ലക്ക് കെട്ടിരുന്നപ്പോൾ സിദ്ധാർഥ്‌ അയാളുടെ ഭാര്യയുടെ അമ്മയെ ടിപ്പർ ഇടിപ്പിച്ച് കൊന്നതിനുള്ള പ്രതിഫലം കൊടുത്തതാണ് ഈ പണമെന്നും. ഒരു ജീവനെ അയാൾ എടുത്തപ്പോൾ ദൈവം കരുതിക്കാണും കുരുതി കൊടുത്തുണ്ടാക്കിയ പണം കൊണ്ട് മറ്റൊരു ജീവൻ രക്ഷിക്കേണ്ടെന്നും. അന്നുമുതൽ അയാൾ കുടി തുടങ്ങിയാ. പിന്നീട് പത്രത്തിൽ കണ്ടിരുന്നു സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയെന്നും ഭാര്യയെ ദ്രോഹിച്ചെന്നുമൊക്കെ. ഏതോ പാവം പിടിച്ച വീട്ടിലെ കൊച്ചായിരുന്നെന്നാ കേട്ടത്. ദുഷ്ടനാ ഒരു കാലത്തും ഗതി പിടിക്കാത്തവൻ.
രുദ്ര ഓർമയിൽ നിന്നുണർന്നു.

സിദ്ധു.. അവനിനി ഈ ലോകത്ത് വേണ്ട സഞ്ജു. എന്നെ ഇത്രയും ദ്രോഹിച്ചതിന് അവനെയും മാനസികമായി തകർക്കണം ഇതുവരെയും അത്രയേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇത്രയും നീചൻ അവനിനി വേണ്ട ഈ ഭൂമിയിൽ. പക്ഷേ അതിലെനിക്ക് ഒരാളുടെ കൂടെ അനുവാദം വേണം. രുദ്രാക്ഷയെ ദ്രുവാസ് എന്ന സ്ഥാപനം കെട്ടിപ്പടുർക്കാൻ എന്റെ കൂടെ നിന്ന എന്നെ ഇന്നത്തെ രുദ്രയാക്കിയ വ്യക്തിയുടെ. ദ്രുവാസിന്റെ സി ഇ ഒ നാളെ എത്തും. എന്നിട്ട് തീരുമാനിക്കണം സിദ്ധുവിന്റെ പതനം എങ്ങനെ വേണമെന്ന്. രുദ്രാക്ഷ രുദ്ര ആകുകയാ സംഹാരരുദ്ര. മൂർച്ചയേറിയ അവളുടെ വാക്കുകൾ കേട്ട് സഞ്ജു അവളുടെ കൈകളിൽ അമർത്തിപ്പിടിച്ചു. കൂടെ എന്നും എന്തിനും ഞാനുണ്ടെന്ന് പറയാതെ പറയുന്നതുപോലെ… അവൾക്ക് കൊടുക്കുന്ന വാക്കുപോലെ…

(തുടരും )

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

രുദ്രാക്ഷ : PART 1

രുദ്രാക്ഷ : PART 2

രുദ്രാക്ഷ : PART 3

രുദ്രാക്ഷ : PART 4

രുദ്രാക്ഷ : PART 5

രുദ്രാക്ഷ : PART 6

രുദ്രാക്ഷ : PART 7

രുദ്രാക്ഷ : PART 8

രുദ്രാക്ഷ : PART 9

രുദ്രാക്ഷ : PART 10

രുദ്രാക്ഷ : PART 11