Thursday, May 2, 2024
Novel

അറിയാതെ ഒന്നും പറയാതെ – ഭാഗം 19

Spread the love

നോവൽ
എഴുത്തുകാരി: ദീപ ജയദേവൻ

Thank you for reading this post, don't forget to subscribe!

ഡോർ തുറന്നു ചന്ദ്രോത്ത് മൃദുല ആ മുറ്റത്തേക്ക് കാൽ വച്ചതും എവിടെ നിന്നെന്നറിയാതൊരു പിശറൻ കാറ്റ് മരച്ചില്ലകളുലച്ചു കൊണ്ട് അവിടമാകെ വീശിയടിച്ചു പടിപ്പുര വാതിൽ വലിയ ശബ്ദത്തിൽ വലിച്ചടച്ചു വഴിയിലേക്കിറങ്ങി വയലിലൂടെ തെക്കെപ്പോട് കുളക്കര ലക്ഷ്യമാക്കി കടന്നുപോയി.

കാറ്റ് കടന്നുപോയ വഴിയിലെ വിളക്കുകളൊക്കെ അണഞ്ഞു പോയിരുന്നു.

മൃദുല ആ വീടിന്റെ മുകൾനിലയിലേക് മിഴികളുയർത്തി.

അവിടെ വരാന്തയിലെ ഉരുളൻ തൂണുകളിലേക്ക് കയ്യുയർത്തിവച്ചു ഒരതികായനെപ്പോലെ അയാൾ നിൽക്കുന്നുണ്ടായിരുന്നു….മേലെവീട്ടിൽ തൃപ്പടിയോട്ട് ഹരിശങ്കർ….!!

മൃദുലയുടെയും ഹരിശ്ങ്കറിന്റെയും കണ്ണുകൾ തമ്മിലിടഞ്ഞു.

മൃദുല മെല്ലെ അടിവെച്ചടിവെച്ചു പൂമുഖത്തേക്ക് നടന്നു…പിന്നാലെ ഉണ്ണിലക്ഷ്മിയും.

ഒരു തിരി മാത്രം തെളിഞ്ഞു കത്തുന്ന വിളക്കിന്റെ അരികിലൂടെ മൃദുല പൂമുഖപ്പടിയിലേക്ക് കയറി. വാതിൽ കടന്നു ഹാളിലേക്ക് ചെല്ലുമ്പോൾ ശ്രീകാന്ത് അടുക്കള ഒഴികെ ബാക്കിയുള്ള മുറികളെകളെല്ലാം പൂട്ടി താക്കോൽ ഷർട്ട് ഇത്തിരി പൊക്കി ഇടുപ്പിലേക്ക് താഴ്ത്തുകയായിരുന്നു. കാൽപ്പെരുമാറ്റം കേട്ട് ശ്രീ മുഖം തിരിച്ചു നോക്കി.

മൃദുല, ഉണ്ണിലക്ഷ്മി… പിന്നെ അവരുടെ പിന്നാലെ ബ്രിഗേഡിയർ രാജശേഖര പൊതുവാൾ. അവന്റെ രക്തം തിളച്ചു….ചെവിക്കുള്ളിൽ ഗ്രനേടുകൾ പൊട്ടിത്തെറിക്കുന്ന ഒച്ചമുഴങ്ങി. ഇന്ദുവിന്റെയും സിദ്ധുവിന്റെയും നിലവിളി അതിനു മീതെ കൂടെ കേട്ടു. കടപ്പല്ലുകൾ ഞെരിച്ചമർത്തിക്കൊണ്ടവൻ മുഖത്തൊരു ചിരി വരുത്തി.,

” ആ…നിങ്ങളോ…ഇത്രയും നേരായപ്പോ ഞാൻ കരുതി ഇനി വരില്ലാരിക്കുമെന്നു…. അമ്പലത്തിലേക്ക് പോകാന്ന് ഞാൻ പറയുവാരുന്നു…” എന്നിട്ട് അകത്തേക്ക് നോക്കി ‘ ഹരീ …..’ ന്നു നീട്ടിവിളിച്ചു.

മൃദുല മിഴികൾ തിരിച്ചു കോണിപ്പടിക്ക് നേരെ നോക്കി. കൂടെ ബ്രിഗേഡിയറും.

കോണിപ്പടിയിറങ്ങി ഇരപിടിക്കാൻ പുലിവരുന്നതുപോലെ മെല്ലെ വരുന്നുണ്ടായിരുന്നു ഹരിശങ്കർ. അയാളുടെ ദൃഷ്ടി മൃദുലയിൽ നിന്നും മാറ്റിയതെയില്ല.

“ടാ..ശ്രീകാന്തേ…നിന്റെയൊക്കെ കൂടെ ഉത്സവം ഘോഷിക്കാൻ വന്നതാണ് ഞാനന്നു ധരിച്ചോ നീ…” മൃദുലയുടെ വായില്നിന്നും അമർത്തിയ ഗർജനം പോലെ വാക്കുകൾ ഉതിർന്നു വീണു.

” ഇയ്യോ…അരവിന്ദന്റെ ഇളയമ്മ അങ്ങനെയാണോ വിചാരിച്ചേ..” അവന്റെ സ്വരത്തിൽ പരിഹാസം ഉണ്ടൊന്നു അവരൊന്നു സംശയിച്ചു. അവരവനെ കണ്കോനിലൂടെ ഒന്നു ക്രുദ്ധിച്ചു നോക്കി.

“….അങ്ങനെ വിചാരിച്ചെങ്കിൽ അതു തെറ്റിപ്പോയി കേട്ടോ…” ശ്രീ അവരുടെ മുന്നിലേക്ക് നടന്നുചെന്നുകൊണ്ട് പറഞ്ഞു.
അപ്പോഴേക്കും ഹരിശങ്കർ താഴെയെത്തി. ശ്രീയുടെ അടുത്തായി അവരുടെ മുന്നിൽ വന്നു മാറിൽ കൈകൾ പിണച്ചു വച്ച അവൻ നിന്നു.

” മ്മ്…” താടിയല്പം ഉയർത്തി ചോദ്യരൂപേണ അവനൊന്നു മൂളി. മൃദുല അവനെ നോക്കി പുച്ഛിച്ചു ഒന്നു ചിരിച്ചു.

” അരവിന്ദൻ എവിടെ… അവനെ കാണാനും സംസാരിക്കാനും വേണ്ടിയാണ് ഞാൻ വന്നത്… അല്ലാതെ നിന്റെ ഈ കാരണവര് ചമയൽ കാണാനല്ല… നീ എന്നെ വെല്ലുവിളിച്‌ നിന്റെ അനിയനേം കൊണ്ട് പോന്നില്ലേ… ന്നിട്ടെന്തായടാ ഹരിശങ്കരാ… അവനെ നീ വല്ല്യ പോലീസ് സാറാക്കിയിട്ട് എനിക്കിട്ട് അങ്ങു ഏതാണ്ട് കാണിക്കുമെന്നാണല്ലോ നീ വീമ്പു പറഞ്ഞത്…ന്നിട്ടെന്തായടാ….” അവർ ഹരിയുടെ മുന്നിൽ ചെന്നു പരിഹസിച്ചു.

” …..നീ നോക്കിക്കോടാ…അവനെ ഞാൻ കൊണ്ടുപോകും….അവന്റെ തന്തേം തള്ളേം ആ കിളവനേം തീർത്തപോലെ ഒരുകുഞ്ഞും അറിയാതെ അവനേം തീർക്കും…പണ്ട് നീ നോക്കി നിന്നില്ലെ… അതുപോലെ…ഒരു ചുക്കും ചെയ്യാൻ പറ്റാതെ നിന്റെ അനിയന്റെ അവസാനോം നീ കണ്ടു നിൽക്കും…ന്നിട്ട് വേണം നിന്നേം നിന്റെ തള്ളേം ഇതിരിയില്ലാത്ത നിന്റെ ആ കൊച്ചിനേം എനിക്കിവിടുന്നു അടിച്ചിറക്കാൻ… അരവിന്ദന്റെ കാലം കഴിഞ്ഞാൽ പിന്നെ ഇക്കണ്ട സ്വത്തിനൊക്കെ ഒരേയൊരു അവകാശിയെ ഉള്ളു…ന്റെ ഉണ്ണിമോള്..” അവർ വർധിച്ച ഗർവോടെ ഹരിയുടെ മുന്നിൽ നിന്നു ഉറഞ്ഞു തുള്ളി.

ഉണ്ണിലേക്ഷ്മിയും പൊതുവാളും വെറും കാഴ്ചക്കാരെപോലെ നോക്കി നിന്നു . ഇരുവരുടെയും മുഖത്തു പുച്ഛം കലർന്ന ചിരിയുണ്ടായിരുന്നു.

“അപ്പൊ…അതിനാണ് ചന്ദ്രോത്ത് മൃദുല കൊച്ചമ്മ ദേ ഈ സാറിനെ കൂട്ടി വന്നത് ല്ലേ..?.. ” ഹരി അവരുടെ കണ്ണുകളിലേക്ക് ചൂഴ്ന്നു നോക്കി.

” അതേടാ….നീ അരവിന്ദനെ വിളിക്ക്…അവനു നടക്കാനൊക്കെ ആകുവോടാ …പൊതിഞ്ഞു പിടിച്ചു നീ അവനെ ഇത്രനാളും കൊണ്ടു നടന്നില്ലേ..” അവർ പിന്നേം പരിഹസിച്ചു.

” മ്മ്…അവൻ നടക്കുവോ നടക്കാതിരിക്കുവോ ഒക്കെ ചെയ്യുമാരിക്കും.. പക്ഷെ, ഇന്ന് നിങ്ങൾ ഓടും…അല്ലെങ്കിൽ ഈ ഹരിശങ്കർ നിങ്ങളെ ഇവിടെ നിന്നും ഓടിച്ചിരിക്കും…നിങ്ങളുടെ അവസാനത്തെ ഓട്ടം…” അവന്റെ മുഖത്തൊരു ക്രൂരഭാവം ഉണ്ടെന്നു പെട്ടന്നവർ തിരിച്ചറിഞ്ഞു. അതവരെ തെല്ലൊന്നു അലോസരപ്പെടുത്തി.
അവർ തിരിഞ്ഞു പൊതുവാളിന്റെ മുഖത്തേക്ക് ഒന്നു നോക്കി. അയാൾ ഇതൊക്കെ വെറുതെ പേടിപ്പീരല്ലേ ന്നാ ഭാവത്തിൽ അവരെ നോക്കി.

“നീ അരവിന്ദനെ വിളിക്കടാ…ബാക്കിയൊക്കെ ഞാൻ അവനോട് സംസാരിച്ചോളാം …” അവർ അകത്തേക്ക് നടക്കാനാഞ്ഞു.

” നിൽക്കവിടെ…” പെട്ടന്നാണ് ഹരിയുടെ ഒച്ചയുയർന്നത്. മൃദുല വെട്ടിത്തിരിഞ്ഞു ഹരിയെ നോക്കി അവരുടെ കണ്ണുകളിൽ രോക്ഷം പുകഞ്ഞു. അവരുടെ നോട്ടത്തെ എതിരിട്ട ഹരിയുടെ കണ്ണുകളിൽ തീയാളി.

” ഇനിയൊരടി നിങ്ങൾ അകത്തേക്ക് വെക്കരുത്..ഇവിടെ വരെ നിങ്ങളെ കയറാൻ അനുവദിച്ചത് എന്തിനാണെന്ന് നിങ്ങൾക്ക് വഴിയേ മനസിലാകും…” അയാൾ അണപല്ല് ഞെരിച്ചു.

” ചന്ദ്രോത്ത് മൃദുലേ… നിങ്ങൾ ചക്രവ്യൂഹത്തിലാണ് അകപ്പെട്ടിരിക്കുന്നത്..” അയാൾ പറഞ്ഞതും ശ്രീ പെട്ടന്ന് ഹരിയെ നോക്കി. അയാളുടെ പുരികം ചുളിഞ്ഞുയർന്നു. ഹരി പെട്ടന്ന് നിർത്തി ന്നിട്ട്
ശ്രീക്ക് മുഖം കൊടുക്കാതെ പൊതുവാളിന് നേരെ ദൃഷ്ടി തിരിച്ചു. ശ്രീ പെട്ടന്ന് ഹരിയുടെ നേരെ നടക്കാനാഞ്ഞു.

” ഇയ്യോ…ആരാദ്…ഇളയമ്മയോ….എപ്പോ എത്തി..”വാതിൽക്കൽ നിന്നും അരവിന്ദന്റെ ശബ്ദമുയർന്നു. എല്ലാവരും ഒന്നിച്ചു വതിൽക്കലേക്ക് തിരിഞ്ഞു. അവിടെ മുഖം നിറയെ ചിരിയുമായി അരവിന്ദൻ നിൽക്കുന്നുണ്ടായിരുന്നു.

” ഹാ..വന്ന കാലിൽ നിക്കുവാണോ…ന്താ ഹരിയെട്ടാ ഇതു…ബാംഗ്ലൂർന്നു ഇത്ര ദൂരം വന്നതല്ലേ…അതും അങ്കിൾ ഡ്രൈവ് ചെയ്തു ക്ഷീണിച്ചു കാണില്ലേ…ഒന്നിരിക്കാൻ പറയാരുന്നില്ല്യേ…” അരവിന്ദൻ മൃദുലക്ക് നേരെ കൈ ചുണ്ടിക്കൊണ്ട് ഹരിയോട് ചോദിച്ചു.

” ഇളയമ്മേം അങ്കിളും ഉണ്ണിലക്ഷ്മിം ഇരിക്കുട്ടോ…ഞാൻ കുടിക്കാനെടുക്കാം… നല്ലൊരു ദിവസായിട്ട് വന്നിട്ട്…ശെ..” അരവിന്ദൻ അകത്തേക്ക് കയറി കൈകൾ പിന്നിലേക്കാക്കി വാതിൽ അടച്ചു. പുറത്തു കുറ്റി വീഴുന്ന ശബ്ദം കേട്ട് പൊതുവാൾ ഞെട്ടിത്തിരിഞ്ഞു അങ്ങോട്ടി നോക്കി.

” ഇയ്യോ.. അങ്കിള് പേടിച്ചോ…ഉത്സവല്യേ.. പുറത്തെ വല്ല്യ ഒച്ചയും ബഹളോകയല്ല്യേ.. നമുക്കൊരു പ്രൈവസി വേണ്ടേന്നു… സാരക്കണ്ടട്ടോ..” അവൻ ചിരിച്ചോണ്ട് അകത്തേക്ക് നടന്നു.

മൃദുല ഹരിയേം ശ്രീയെം മാറി മാറി നോക്കി. ശ്രീയവരെ കണ്ണടച്ചു കാണിച്ചു പുഞ്ചിരിച്ചു. ഹരിയുടെ മുഖത്തു ഗൂഢമായൊരു പുഞ്ചിരി വിടർന്നു നിന്നിരുന്നു.

അരവിന്ദൻ ഒരു ട്രേയിൽ മൂന്ന് ഗ്ലാസ് ജ്യൂസുമായി അങ്ങോട് വന്നു അവർക്ക് നേരെ നീട്ടി. ആരും അതേടുക്കാൻ കൂട്ടാക്കിയില്ല.

” ഇളയമ്മ ഇരിക്ക്..”അരവിന്ദൻ പറഞ്ഞു.
അവർ അവനെ ഒന്നു നോക്കിയിട്ട് സെറ്റിയിലേക്ക് ഇരുന്നു അടുത്തായി പൊതുവാളും. ഉണ്ണിലക്ഷ്മി വെറുതെ അവിടെയും ഇവിടെയുമൊക്കെ നോക്കി അലക്ഷ്യമായി നിന്നു. അവനതു അരികിൽ കിടന്ന മേശമേലേക്ക് വച്ചു അവരുടെ നേരെ തിരിഞ്ഞു.

” മ്മ്…ഇനി പറയൂ…ഇളയമ്മേ…ന്താണ് വന്നത്…” അരവിന്ദൻ ഹരിയുടെ അടുത്തേക്ക് നിങ്ങി നിന്നു ചോദിച്ചു.

മൃദുല മൂന്നുപേരെയും മാറിമാറി നോക്കി.
പിന്നെ ഹരിയുടെ മുഖത്തേക്ക് തറച്ചുനോക്കി. പിന്നെ അരവിന്ദനെ നോക്കി ദയനീയ ഭാവം മുഖത്തു വരുത്തി ചോദിച്ചു.

“അരവിന്ദാ…നീ എന്തിനാണ് അവിടെ നിന്നും ഇങ്ങു പോന്നത്…അച്ഛന്റെ മരണ ശേഷം എനിക്കും ഇവൾക്കും നീ അല്ലെ ഉള്ളു….” അവർ ആദ്യത്തെ അസ്ത്രം തൊടുത്തു.

അവനൊന്നും മിണ്ടിയില്ല. അവർ തുടർന്നു.

” ഏതൊരു കാര്യത്തിനും നീയല്ലാതെ ആരാ ഞങ്ങൾക്കുള്ളത്…നിനക്കറിയല്ലോ ഏതൊരു കാര്യത്തിനും ഇവൾക്ക് നീ കൂടെ വേണമെന്ന്…” അവർ മുഖം കുനിച്ചു കണ്ണുനീർ തുടച്ചു ഉണ്ണിലക്ഷ്മിയെ നോക്കി മിഴികൾകൊണ്ട് ആംഗ്യം കാട്ടി…

അവൾ പെട്ടന്ന് മുഖം പൊത്തി വിങ്ങിക്കരയാൻ തുടങ്ങി. മൃദുല പെട്ടന്ന് എഴുന്നേറ്റ് അരവിന്ദന്റെ അടുത്തേക്ക് ചെന്നു.,

” നോക്ക്…ദേ.. ഇവൻ പറയുന്നത് ഒന്നും ന്റെ മോൻ വിശ്വസിക്കരുത്…ഒക്കെ കളവാണ്… ഇവൻ ശെരിക്കും ആരാണെന്നറിഞ്ഞാൽ നീ ഞെട്ടിപ്പോകും…” അവർ അവന്റെ ചുമലിൽ കൈവച്ചു.

അരവിന്ദൻ തീപാറുന്നതുപോലെ അവരെ നോക്കി. അവരുടെ ഉള്ളിൽ അതൊരു സംശയമായി. പെട്ടന്നവർ പിന്നോക്കം മാറി.
അരവിന്ദന്റെ ഉള്ളിൽ തീപിടിച്ചു കഴിഞ്ഞിരുന്നു. അവൻ അവരുടെ നേരെ അടുത്തു.

” എങ്കിൽ ഇളയമ്മ പറ… ആരാ ശെരിക്കും ഹരിയേട്ടൻ.. ഇനിയതറിഞ്ഞിട്ട് ബാക്കി..”
അവർ വിജയിഭാവത്തിൽ ഹരിയെ നോക്കി.

“അരവിന്ദാ…നിന്റെ വലിയച്ചൻ മേളക്കമ്പക്കാരൻ ആയിരുന്നു… പണ്ടൊരിക്കൽ വടക്ക് തെന്നാലിപ്പുറം അലഞ്ചേരി മഹാദേവന്റെ ആറാട്ടിനു മേളം കേൾക്കാൻ പോയപ്പോ ആനയിടഞ്ഞു ഉത്സവം അലങ്കോലമാക്കി …ആ ഉത്സവപറമ്പിൽ നിന്ന് നിന്റെ വലിയച്ചൻ കൂട്ടിക്കൊണ്ട വന്നതാ ഈ ഗോമതിയേട്ടത്തിയെം ദേ ഇവനേം…” അവർ പുച്ഛത്തിൽ ഹരിശങ്കറെ നോക്കി.

” ആണല്ലേ….എനിക് പോലും അറിയാത്ത ഈ രഹസ്യം ഇളയമ്മ എങ്ങന്യാ അറിഞ്ഞത്…എന്തുകൊണ്ടാ പിന്നെ ഇത്ര നാളും ഇതെന്നെ അറിയിക്കണ്ടിരുന്നെ..? ” അരവിന്ദൻ അവരുടെ മുന്നിലെത്തി.

മൃദുല ഒന്നു പകച്ചു. മുന്നിൽ അരവിന്ദനും ഹരിയും ചമച്ചിരിക്കുന്ന ചക്രവ്യൂഹത്തിലേക്ക് അറിയാതെ അവർ ചെന്നു കയറി…!!

” പറ ഇളയമ്മേ…എങ്ങനെയാണ് ഇതറിഞ്ഞത്….”

“അത്…അതുപിന്നെ…ഇടക്കാട്ട് മാരാർ ആയിരുന്നു അന്ന് മേളം നടത്തിയത്… അയാൾ പറഞ്ഞാണ് ഇതൊക്കെ അറിഞ്ഞത്…”

” മ്മ്..അപ്പൊ ഇടക്കാട്ട് മാരാർ ആണ് ഇടനിലക്കാരൻ…അല്ലെ…” അരവിന്ദൻ ഒന്നമർത്തി മൂളി. മൃദുല അവൻ പറഞ്ഞതു കേട്ട് ഒന്നു ഞെട്ടി. പെട്ടന്നത്‌ മറച്ചു.

“മ്മ്…ഇടക്കാട്ട് മാരാരെ എങ്ങനെയാ ഇളയമ്മക്ക് പരിചയം…”

” അത്…അതുപിന്നെ അച്ഛന്റയും ഏട്ടന്റെയും ഒക്കെ ലോഹ്യക്കാരൻ ആരുന്നു…”

” ഓ…അങ്ങനെ..അപ്പൊ ങ്ങനെയാ… തറവാട്ടിൽ വരവൊക്കെ ഉണ്ടാകുമാരിക്കും ല്ല്യേ..?” അരവിന്ദൻ അവരുടെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി.

അവരൊന്നും മിണ്ടിയില്ല.

” ന്താ..ഏട്ടാ…ഇതു…ഇത്രയൊക്കെ ഉണ്ടായിട്ട് ന്നോട് ഒരു വാക്ക് പറയാതെ മറച്ചു വച്ചില്ല്യേ…..വല്ല്യ ചതിയായി പോയിട്ടാ..” അവൻ ഹരിയുടെ നേരെ തിരിഞ്ഞു…
ഹരിയൊന്നു ചിരിച്ചു.

” അതു…പിന്നെ മോനെ…ഞാനിതു പറഞ്ഞാൽ…ഈ ഇടക്കാട്ട് മാരാർ നിന്റെ ഇളയമ്മക്ക് ചെയ്തുകൊടുത്ത ബാക്കി സഹായങ്ങൾക്കൂടി പറയേണ്ടി വരില്ലേ… അതാ…ഞാൻ..” ഹരിപറഞ്ഞു നിർത്തി.

“ഓ..അപ്പോ ഇനിം ഉണ്ടാരുന്നില്ല്യേ…” അരവിന്ദൻവീണ്ടും മൃദുലക്ക് നേരെ തിരിഞ്ഞു.

” ശെരി….ശെരി…പിന്നെ ഈ മാരാർ ന്തൊക്കെ സഹായം ചെയ്തു തന്നിട്ടുണ്ട് ഇളയമ്മക്ക്…പറഞ്ഞേ…കേൾക്കട്ടെ…”

മൃദുലയുടെ നെഞ്ചിടിച്ചു പോയി….പെട്ടു ന്നവർക്ക് തീർച്ചയായി..അവരൊരു സഹായത്തിനായി പൊതുവാളിന് നോക്കി.
അയാൾ ചാടി എഴുന്നേറ്റു.

” ടാ… ചള്ളു ചെറുക്കാ…നീ ആരോടാ സംസാരിക്കുന്നതെന്നറിയമോ…എനിക്ക് നിമിഷങ്ങൾ വേണ്ട നിന്നെ തൂക്കിയെടുത്തു കൊണ്ടുപോകാൻ…” അയാളുടെ ശബ്ദം ഇടിമുഴക്കം പോലെ ആ മുറിക്കുള്ളിൽ മുഴങ്ങി.

‘ടപ്പേ…’ ന്നു ഒരടി ചെവിയും കവിളും താടിയെല്ലും കൂട്ടി മുഖത്തു വീണു രണ്ടു മിനിറ്റ് കഴിഞ്ഞാണ് അയാൾക്ക് ബോധം വീണത്‌…ചുണ്ടിന്റെ അരികിലൂടെ ചോര പൊടിച്ചുവന്നു താഴെക്കൊഴുകാൻ തുടങ്ങി

ഹരിയുടെ അരികിൽ നിന്ന് ശ്രീകാന്ത് കൈ കുടഞ്ഞു. അയാൾ അന്ധാളിച്ചു അവനെ നോക്കി

” സോറി…സർ…പിന്നെ ഇതു തരാൻ പറ്റിയില്ലെങ്കിലൊന്നു വച്ചിട്ടാണ്…ഹോ… ന്തൊരു ബലാണ്…” ശ്രീ അയാളുടെ മുഖത്തേക്ക് നോക്കി മുഖം ചുളിച്ചു.

അരവിന്ദൻ അയാളുടെ കോട്ടിന്റെ കോളറിന് കുത്തിപിടിച്ചു വലിച്ചു സെറ്റിയിലേക്കിട്ടു… കാലുയർത്തി അയാളുടെ അരികിലേക്ക് ചവിട്ടി, കഷണ്ടി കയറിതുടങ്ങിയ അയാളുടെ ഉച്ചിയുടെ പിന്നിലുള്ള മുടിയിൽ കുത്തിപ്പിടിച്ചു തല പിന്നിലേക്ക് വളച്ചു. പിന്നെ അയാളുടെ മുഖത്തേക്കു മുഖമടുപ്പിച്ചു…

” ശബ്ദിച്ചു പോകരുത്….ഇതു നിന്റെ പട്ടാള ക്യാമ്പോ, നിന്റെ തായ് വഴിയുള്ള ചന്ദ്രോത്തു വീടോ അല്ല…തൃപ്പടിയോട്ട് അരവിന്ദന്റെ തറവാടാണ്…കൊന്നു നിലവറക്കുള്ളിൽ താക്കും ഞാൻ…”

അരവിന്ദൻ മെല്ലെ മൃദുലക്ക് നേരെ തിരിഞ്ഞു..അവരുടെ മിഴികൾ നിന്നു കത്തി. ഉണ്ണിലക്ഷ്മി വാതിലിനു നേരെ കുതിച്ചു. അവളതു വലിച്ചു തുറക്കാൻ നോക്കി.

” ഇല്ല മോളെ..ഇനിയിതു അരവിന്ദൻ പറയാതെ തുറക്കില്ല..” അവൻ അവളെ നോക്കി പല്ലിളിച്ചു. അവൾ പേടിയോടെ മൃദുലയുടെ പിന്നിലേക്ക് മാറി.

” അരവിന്ദാ..നീ ആരോടാണ് കളിക്കുന്നതെന്നു നിനക്കറിയില്ല..അവർ ഗർജിച്ചു.”

” ആ..അതൊക്കെ അവിടെ നിക്കട്ടെ… ഇളയമ്മ ബാക്കി പറയു…” അവൻ ലാഘവത്തോടെ പറഞ്ഞു. അവരൊന്നും മിണ്ടിയില്ല.

” ബാക്കി ഞാൻ പറയാം അരവിന്ദാ… തെറ്റിപ്പോയാൽ നിന്റെ ഇളയമ്മ തിരുത്തും…ന്താ..” ഹരിശങ്കർ പറഞ്ഞുകൊണ്ട് അവരുടെ മുന്നിലേക്ക് വന്നു.

” മേളക്കമ്പക്കാരൻ ആയ എന്റെ അച്ചൻ, ദേ ഇവന്റെ വലിയച്ചൻ തൃപ്പടിയോട്ട് മുരളീകൃഷ്ണനെ മാത്രേ നിങ്ങൾക്കറിയു .. ല്ലേ..? അപ്പൊ ബാലചന്ദ്രൻ എങ്ങനെയാ നിങ്ങടെ സംബന്ധക്കാരൻ ആയത്… ഇടക്കാട്ട് മാരാരുടെ മേളക്കമ്പം തലക് പിടിച്ചിട്ട് അയാളുടെ ഒപ്പം നാടുമുഴുവൻ ചുറ്റാൻ പോയ ബാലചന്ദ്രൻ….ഒരു നാൾ ഊരുചുറ്റലും കഴിഞ്ഞു ചന്ദ്രോത്ത് വന്നു തങ്ങി…” ഹരിശങ്കർ ഒന്നു നിർത്തി മൃദുലയെ നോക്കി . അവർക്കൊരു ഭാവമാറ്റം പോലും ഉണ്ടായില്ല.

” …മാരാരുടെ വായ്താരിയിൽ നിന്നും മുന്നിൽ വന്നു പെട്ടിരിക്കുന്നത് നല്ലൊരു പുളിങ്കൊമ്പ് ആണെന്ന് മറഞ്ഞു നിന്നു കേട്ട ചന്ദ്രോത് മൃദുല, സമ്പത്തു ക്ഷയിക്കാൻ തുടങ്ങിയ ചന്ദ്രോത്തു നിന്നും രക്ഷപെടാൻ പറ്റിയ അവസരമായി കണ്ട്….മാരാരും കൂട്ടരും തിരിച്ചുപോകുന്ന മൂന്നു ദിവസത്തിനുള്ളിൽ ….തൃപ്പാടിയോട്ട് ബാലചന്ദ്രൻ തന്നെ അപമാനിച്ചു ദേഹോപദ്രവം ചെയ്തു എന്ന് വരുത്തി തീർത്തു….മേളവും കള്ളും തലക്ക് പിടിച്ചു സുബോധം കെട്ടുപോയ ബാലചന്ദ്രന് എങ്ങനെയാണ് തന്റെ നിരപരാധിത്തം തെളിയിക്കേണ്ടത് എന്നറിയില്ലരുന്നു…

…യഥാർത്ഥത്തിൽ അതിനുള്ള സമയം നിങ്ങൾ കൊടുത്തില്ല എന്നു പറയുന്നതാണ് ശെരി… ല്ലേ..മൃദുലേ..?” ഹരിശങ്കർ ഒന്നു നിർത്തി അവരുടെ മുഖത്തേക്ക് ഉറ്റുനോക്കി.

” മൃദുലയുടെ ആദ്യത്തെ ചതി…” പറഞ്ഞു തീർന്നതും അരവിന്ദന്റെ കൈ അവരുടെ മുഖത്തു ആഞ്ഞു പതിച്ചതും ഒരുമിച്ചായിരുന്നു…മുഖം പൊത്തി ഒരു നിലവിളിയോടെ അവർ താഴേക്ക് പതിച്ചു… അവരുടെ മുടിക്ക് ചുറ്റിപ്പിടിച്ചു വലിച്ചെഴുന്നേല്പിച്ചു അരവിന്ദൻ.

പെട്ടന്ന് ശ്രീകാന്ത് ഒരു കസേര അവരുടെ പിന്നിലേക്ക് തള്ളിവച്ചു . അരവിന്ദന്റെ കയിൽ നിന്നും അവർ ഊർന്ന് കസേരയിലേക്ക് വീണു.

ഉണ്ണിലക്ഷ്മി വല്ല്യ വായിലെ നിലവിളിച്ചു… വാതിലിൽ ആഞ്ഞടിച്ചു…അരവിന്ദൻ അവളെ പിടിച്ചു പൊതുവാളിന്റെ അരികിലേക്ക് എറിഞ്ഞു…അവൾ അലച്ചുതല്ലി അയാളുടെ ദേഹത്തേക്ക് മറിഞ്ഞു.

“…ഇടക്കാട്ട് മാരാർ കൂട്ടുനിന്ന ചതി..അതിന് നിങ്ങൾ അയാൾക്ക് കൊടുത്ത സമ്മാനം തൃപ്പങ്ങോട്ട് ഗ്രാമപഞ്ചായത്തിന്റെ തെക്കേയറ്റത്തുള്ള ഒന്നരയേക്കർ കരക്കണ്ടം. അരവിന്ദന്റെ അച്ഛൻ വക പുരയിടം…” മൃദുല ഞെട്ടിപ്പോയി.

“അവസാനം അങ്ങേര്ത് മകൾക്ക് വിവാഹസമ്മാനം കൊടുക്കാൻ നോക്കിയപ്പോളല്ലേ വെട്ടിലായത് അറിയുന്നത്…ല്ലേ..മൃദുലേ..? അങ്ങേരു തെറ്റി.. മൃദുലമായിട്..അതു വഴിയേ പറയാം..”

“…നാട്ടുകാരും വീട്ടുകാരും കൂടി രായ്ക്കരാമാനം ബാലചന്ദ്രന്റെ കൂടെ മൃദുലേ തൃപ്പടിയോട്ടേക്ക് കടത്തി..പക്ഷെ….ഈ പടികടന്നെത്തിയപ്പോഴാ മൃദുല അറിയുന്നെ ബാലചന്ദ്രന് ഒരു ഭാര്യേം ആറുമാസം പ്രായമായ ഒരു കുഞ്ഞും ഉണ്ടെന്ന്…ഇടക്കാട്ട് മാരാർ അതറിഞ്ഞിരുന്നില്ല്യാ..” ഹരിശങ്കർ ഒന്നു ചിരിച്ചു.

പൊതുവാൾ പോക്കറ്റിൽ നിന്നും ഫോണ് എടുത്തുകൊണ്ട് എഴുന്നേൽക്കാൻ ആഞ്ഞു. ശ്രീകാന്ത് അയാളുടെ നേരെ പാഞ്ഞു ചെന്നു. “ഡോ…കിളവാ…. പട്ടാളം ആണെന്നൊന്നും നോക്കില്ല ഞാൻ ഇവിടുന്ന് അനങ്ങിയൽ തന്നെ ഞാനാരിക്കും കൊല്ലുന്നത്…ഈ പെണ്ണുംപിള്ളേടെ ഒന്നു കഴിഞ്ഞോട്ടെ…തനിക്കുള്ളത് വരുന്നുണ്ട്…” അയാൾ ഫോണ് പിടിച്ചു വാങ്ങിക്കൊണ്ട് പറഞ്ഞു.

“….ഈ പടി കടന്നു നിങ്ങൾ വന്ന അന്ന് പോയതാണ് ന്റെ ഉറക്കം…ന്തെന്നില്ലാത്ത ഭീതി…നിങ്ങൾ വന്നു കേറുമ്പോ കാവിലെ വിളക്കിനു കൃത്യം അഞ്ചുദിവസം…അഞ്ചാം ദിവസം വെളുപ്പിന് എല്ലാവരും കാവിലേക്ക് പോയി , ന്തോ മനസുറപ്പില്ലാതെ വെളുപ്പിനെ ഞാൻ തിരിച്ചു വരുമ്പോൾ ന്റെ അരവിന്ദന്റെ അടുത്തു കിടന്ന ഉറങ്ങുന്നു നിങ്ങൾ…. അവന്റെ അമ്മയെ ചോദിച്ചപ്പോൾ അറിയില്ലാന്നു നിങ്ങളുടെ മറുപടി….കുറച്ചു നേരം പുലർന്നപ്പോൾ നാട്ടാരും കാരക്കാരും ഓടിവരുന്നു…തൃപ്പാടിയോട്ട ബാലചന്ദ്രന്റെ ഭാര്യ….തെക്കെപ്പോട് കുളത്തിൽ മരിച്ചു കിടക്കുന്നു…” ഹരിയുടെ ഒച്ചയിടറി…
അരവിന്ദന്റെ നെഞ്ചു തകർന്നു.

“….മുങ്ങി മരിച്ചു…ല്ലേ….? മൃദുലേ… ചെറിയമ്മേ വെള്ളത്തിലേക്ക് ചവിട്ടിത്താഴ്ത്താൻ നീ ചുറ്റുവട്ടത്ത് കിങ്കരന്മാരെ നിർത്തിയിരുന്നത് പാവം ന്റെ ചെറിയമ്മ അറിഞ്ഞിരുന്നില്ല്യാ…

…പിന്നെ ഞാനെങ്ങനെ അറിഞ്ഞുന്നാവും ഇല്ല്യേ…പറഞ്ഞുതരാം….

…ആർക്കും ഒരു സംശയോം തോന്നാതെ ന്റെ അരവിന്ദന്റെ അമ്മയെ നീ വകവരുത്തി… നീയും നിന്റെ ആൾക്കാരും എപ്പോഴോ പറഞ്ഞതിന്റെ പൊട്ടും പൊടിയും ന്റെ അച്ഛച്ഛൻ കേട്ടിരുന്നു. ‘ ന്തൊക്കെ വന്നാലും ഹരിക്കുട്ടാ….നമ്മുടെ അരവിന്ദനെ മോൻ ആർക്കും വിട്ടുകൊടുക്കരുത്’ ന്ന് ഒരിക്കൽ ന്നോട് പറഞ്ഞു…പക്ഷെ…നീ..നീയിതൊന്നും അറിഞ്ഞില്ല മൃദുലേ…

….അവിടാണ് നിനക്ക് പിഴച്ചത്….”

അയാൾ പറഞ്ഞു നിർത്തി. അരവിന്ദന് മൃദുലയുടെനേരെ ഒരു കസേര വലിച്ചിട്ടിരുന്നു.
അമ്പലത്തില്നിന്നും ഇടക്കാട്ട് മാരാരുടെ മേളം മൈക്കിലൂടെ ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു.

“….ദേ ഇവന് നാലഞ്ച് വയസ് ആയിട്ടുണ്ടാകും…അതിനിടയിൽ നിനക്ക് ദേ ഇവൾ…ഈ…ഉണ്ണിലക്ഷ്മി ജനിച്ചു… അപ്പോഴെങ്കിലും നിനക്ക് മര്യാദ ആകാമായിരുന്നു മൃദുലേ….പക്ഷെ….നീ അടങ്ങിയില്ല…

….. ഒരു ദിവസം സ്കൂൾ വിട്ട് ഞാൻ വരുമ്പോ വീടിനുള്ളിൽ തല്ലും ബഹളവും…ന്താ കാര്യം…മൃദുല ചന്ദ്രോത് നിന്നും എതിയിട്ടുണ്ടെന്നു എനിക്ക് ബോധ്യമായി…. മറഞ്ഞു നിന്നു ഞാൻ ഒക്കെ കണ്ടിരുന്നു…നീ അന്ന് വിളിച്ചുകൂവിയതൊക്കെ ഞാനും കേട്ടിരുന്നു… അന്ന് ഇക്കണ്ട സ്വത്തുക്കൾ മുഴുവൻ ഉണ്ണിലക്ഷ്മിയുടെ പേരിലാക്കാൻ വേണ്ടി നീ അച്ഛച്ഛനെ നിർബന്ധിച്ചു… അച്ഛച്ഛൻ വഴങ്ങാതെ വന്നപ്പോൾ നീ നിന്റെ കിങ്കരന്മാരെ കൊണ്ട് അടിച്ചു തളർത്തി ന്റെ അച്ഛച്ഛനെ….ഒച്ചയുണ്ടാക്കാതെ അകത്തുകയറി ന്റെ അരവിന്ദനെ എടുത്തുകൊണ്ട് പുറത്തേക്കൊടുമ്പോൾ ഞാനെന്റെ അമ്മയെ പോലും ഓർത്തില്ല…” ഹരിയൊന്ന് എങ്ങിയതുപോലെ തോന്നി അരവിന്ദനും ശ്രീകാന്തിനും.

“…..അതുകഴിഞ്ഞു ഒച്ചയും അനക്കവും നഷ്ട്ടപ്പെട്ട മൂന്നരവർഷത്തെ നരകയാതന കഴിഞ്ഞു അച്ഛച്ഛൻ പോകുമ്പോ… അതിനൊക്കെ എത്രയോ മുൻപേ അരവിന്ദനെ മാത്രമല്ല അവന്റെ ആയിരപ്പറ സ്വത്തും എന്നെ ഏൽപ്പിച്ചിരുന്നു എന്നു നീ അറിയുന്നത് വളരെ വൈകിയാണ്…. ല്ലേ..മൃദുലേ…? ”

” …..വന്നു നീ പിന്നേം…ചെറിയച്ഛനെ കൊണ്ട്….മദ്യത്തിനടിമയാക്കി ഒരു പാവ കണക്കെ…ഉണ്ണിലക്ഷ്മിക്ക് മാത്രമായിട്ട് സ്വത്ത് എഴുതാൻ വിസമ്മതിച്ച ചെറിയച്ഛനേം നീ വകവരുത്തി…കോണിപ്പടിക്ക് മേലെന്നു മദ്യം തലക്കുപിടിച്ചു മറിഞ്ഞുവീണു ചെറിയച്ഛൻ മരിച്ചു ന്ന്..ല്ല്യേ… മൃദുലേ..?..”

” മൃദുലയുടെ പിന്നത്തെ രണ്ടു ചതികൾ…” ഹരി പറഞ്ഞു തീർന്നതും അരവിന്ദൻ കൈവലിച്ചു മൃദുലയുടെ ഇരുചികിടത്തും മാറിമാറി അടിച്ചു.

” വിടില്ല..മൃദുലേ..നിന്നെ ഞാൻ… ഒന്നും ന്റെ അരവിന്ദനെ അറിയിക്കേണ്ടന്ന് കരുതിയതാണ് ഞാൻ..പക്ഷെ നീ സമ്മതിക്കില്ല്യാ…ഒക്കെ ഇപ്പോ അവനറിയാം..

….പിന്നെ നീ അരവിന്ദനെ പാട്ടിലാക്കാൻ നോക്കുന്നത് ദാ ഇതിനു വേണ്ടിയല്ലേ…” മേശയുടെ ഡ്രോ വലിച്ചു തുറന്നു അതിൽ നിന്നും ആയിരപ്പറ പാടത്തിന്റെയും ചുറ്റുമുള്ള നാൽപ്പതേക്കറിന്റെയും പ്രമാണത്തിന്റെ ഒരുകെട്ടു പേപ്പർ കോപ്പി അവരുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു ഹരി. അവരുടെ മുഖത്തു തട്ടി മുറിയിലാകെ ചിതറി വീണു. അവര് ഞടുങ്ങി അതിലേക്ക് തുറിച്ചു നോക്കി.

” …അരവിന്ദന് അവന്റെ അച്ഛച്ഛൻ ഇഷ്ടദാനമായി കൊടുത്തതാണ് ഈ തൃപ്പങ്ങോട്ട് ദേശം…നീ നിന്റെ ബിനമികളുടെ പേരിൽ കള്ള പ്രമാണം ചമച്ച് നടത്തിയ ഇടപാടുകളൊക്കെ മുപ്പതു ദിവസത്തിനുള്ളിൽ അസാധു ആകും….അതിനുള്ളത് എല്ലാം ഞാൻ ഒരുക്കിവച്ചിട്ടുണ്ട്.” ഹരിയൊരു വന്യമായ ചിരിയോടെ കസേരയിൽ നിന്നും എഴുന്നേറ്റു.

” പിന്നെ ഇതൊക്കെ തത്ത പറയുംപോലെ പറയിപ്പിച്ചിട്ടുണ്ട് ഞാൻ ഇടക്കാട്ട് മാരാരെ കൊണ്ട്….കുറച്ചു മുൻപ് പറഞ്ഞില്ലേ മകളുടെ സ്ത്രീധന കഥ….നീ കൊടുത്ത ഒന്നാരയേക്കറിൽ ഒന്നും നടക്കാതെ വന്നപ്പോൾ എന്നെ തേടി വന്നിരുന്നു… മാരാരും… പിന്നെ രജിസ്ട്രാറും…”

മൃദുലയുടെ ശ്വാസം നിലച്ചു പോയി. അമ്പലത്തിലല്ല തന്റെ നെറുകയിലാണ്‌ മേളം നടക്കുന്നതെന്ന് അവർക്ക് തോന്നി. കെട്ടിപ്പൊക്കിയതൊക്കെ ഒന്നൊന്നായി തകരാൻ തുടങ്ങിയെന്ന് അവർക്ക് ബോധ്യമായി.

എങ്ങനെയും രക്ഷപെട്ടെ മതിയാവൂ എന്നവർക്ക് മനസിലായി. അരവിന്ദൻ മെല്ലെ എഴുന്നേറ്റ് പൊതുവാളിന്റെ മുന്നിലേക്ക് ചെന്നു.

” ഇനി തനിക്കുള്ളത്…..” അയാൾ പുച്ഛഭാവത്തിൽ അരവിന്ദനെ ഒന്നു നോക്കി.

” ടാ.. ചെറുക്കാ…ഞാൻ ജീവനോട് ഉള്ളിടത്തോളം നിനക്കും നിന്റെ ചേട്ടനും മൃദുലയെ ഒന്നും ചെയ്യാൻ കഴിയില്ല…എന്റെ ഹോൾഡ് ന്തന്നെന്നു ഈ ഗ്രാമം വിട്ടു പുറത്ത് പോയിട്ടില്ലാത്ത നിനക്കും ദോ അവനും അറിയില്ല..” അയാൾ പുച്ഛത്തിൽ ചിരിച്ചു.

” ഓ…സമ്മതിച്ചു…പക്ഷെ…ദേ ഇവൾ ഉണ്ടല്ലോ…ഈ ഉണ്ണിലക്ഷ്മി.. ഇവൾ ന്റെ അനിയത്തി ല്ല്യേ…അപ്പൊ എനിക്കും കുറച്ചു തീരുമാനങ്ങൾ എടുക്കാമല്ലോ ല്ലേ…?” അരവിന്ദൻ അയാളെ നോക്കി ഇളിച്ചു. അതൊരു കാശപ്പുകരന്റെ ചിരി പോലെ തോന്നി പൊതുവാളിന്..

അവൻ ഉണ്ണിലക്ഷ്മിയെ പിടുത്തമിട്ടു.
” പറയെടി….സിദ്ധാർഥിന് എന്താണ് സംഭവിച്ചത്…അവൻ നിന്നോട് എന്ത് തെറ്റാണ് ചെയ്‌ത്…”

“ഹി ഇസ് എ ചീറ്റ്…” ഉണ്ണിലക്ഷ്മി അവന്റെ കയിൽ കിടന്നു പിടച്ചു.

” ആരു പറഞ്ഞു…നിന്റെ ഈ തന്തയോ… അതോ…ആ തള്ളയോ…”

“ഇതു ന്റെ അങ്കിളാണ്.. നിനക്കെന്താ ഭ്രാന്തയോ അരവിന്ദാ…വിടടാ…ന്നെ വിടാൻ…” അവൾ കുതറി.

“ന്നരാണ് നിന്നോട് പറഞ്ഞതു…ഇയാളോ അതോ അവരോ…” പൊതുവാളിനും മൃദുലക്കും അപകടം മണത്തു. രക്ഷപെടാൻ അവർ നാലുപാടും മാർഗം നോക്കി.

ആ സമയം പൂമുഖവാതിൽ തുറക്കപ്പെട്ടു.

വാതിൽ കടന്നു ഇന്ദുമിത്ര അകത്തേക്ക് വന്നു. അവൾക്ക് പിന്നിൽ വീണ്ടും വാതിലടഞ്ഞു.

ഉണ്ണിലക്ഷ്മിയും മൃദുലയും പൊതുവാളും ഇന്ദുവിനെ കണ്ടു ഞടുങ്ങി ശ്വാസമെടുക്കാൻ മറന്നു നിന്നുപോയി.

(തുടരും…)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

അറിയാതെ ഒന്നും പറയാതെ – ഭാഗം 1

അറിയാതെ ഒന്നും പറയാതെ – ഭാഗം 2

അറിയാതെ ഒന്നും പറയാതെ – ഭാഗം 3

അറിയാതെ ഒന്നും പറയാതെ – ഭാഗം 4

അറിയാതെ ഒന്നും പറയാതെ – ഭാഗം 5

അറിയാതെ ഒന്നും പറയാതെ – ഭാഗം 6

അറിയാതെ ഒന്നും പറയാതെ – ഭാഗം 7

അറിയാതെ ഒന്നും പറയാതെ – ഭാഗം 8

അറിയാതെ ഒന്നും പറയാതെ – ഭാഗം 9

അറിയാതെ ഒന്നും പറയാതെ – ഭാഗം 10

അറിയാതെ ഒന്നും പറയാതെ – ഭാഗം 11

അറിയാതെ ഒന്നും പറയാതെ – ഭാഗം 12

അറിയാതെ ഒന്നും പറയാതെ – ഭാഗം 13

അറിയാതെ ഒന്നും പറയാതെ – ഭാഗം 14

അറിയാതെ ഒന്നും പറയാതെ – ഭാഗം 15

അറിയാതെ ഒന്നും പറയാതെ – ഭാഗം 16

അറിയാതെ ഒന്നും പറയാതെ – ഭാഗം 17

അറിയാതെ ഒന്നും പറയാതെ – ഭാഗം 18