Sunday, December 22, 2024
Novel

രുദ്രഭാവം : ഭാഗം 5

നോവൽ
എഴുത്തുകാരി: തമസാ

മുമ്പത്തെപ്പോലെ ഇപ്പോൾ വീട്ടിൽ വിളിച്ചു സംസാരിക്കാൻ പറ്റുന്നില്ല… എന്തോ മനസ്സിൽ ഇരുന്ന് ഞാൻ തെറ്റ് ചെയുന്നു എന്ന് പറയുന്നപോലെ…

കുറഞ്ഞ വാക്കുകളിൽ ആ സംസാരം അവസാനിപ്പിക്കും…. മനസ്സിൽ മുഴുവൻ തീയായിട്ട് എങ്ങനെ ആണ് അവരോടു ചിരിച്ചു കളിച്ചു സംസാരിക്കാൻ പറ്റുക……

ദിവ്യ ഇന്നും മിണ്ടിയില്ല…. കണ്ണുനീർ കൺകോണിൽ വന്നു നിൽക്കുന്നു… രാത്രി അവളൊന്നുറങ്ങാൻ ഞാൻ കാത്തിരുന്നു.. എന്നിട്ട് വേണം എനിക്ക് പടവിലേക്കിറങ്ങാൻ….. 12:30 ആയിട്ടും അവളുറങ്ങിയില്ല….

കുറച്ചു കഴിഞ്ഞപ്പോൾ അവൾ ടേബിളിൽ തല വെച്ചുറങ്ങി…. അടുത്ത് പോയി വിളിച്ചു റൂമിൽ കൊണ്ട് പോയി കിടത്തി… എന്നിട്ട് പതിയെ ഇറങ്ങി നടന്നു… പേടിയാ….

വേറെ ഏതെങ്കിലും ആണുങ്ങൾ ഞാൻ പോവുന്നത് കണ്ട് പുറകെ വന്ന് ഉപദ്രവിക്കുമോ എന്ന്….. തിരിഞ്ഞു നോക്കി നോക്കി കല്പടവുകളിലേക്കിറങ്ങി…..

പറന്നു കിടക്കുന്ന ചിറയാണത്…നല്ല വെള്ളം ഉണ്ട്… അതുകൊണ്ട് ആ ചിറയ്ക്ക് ചുറ്റും നല്ല തണുപ്പാണ്.. പതിയെ ഏറ്റവും അവസാനത്തെ പടവിലേക്കിറങ്ങി ഇരുന്നു….

ആകാശത്തെ ചന്ദ്രനിപ്പോഴും തെളിഞ്ഞ ജലാശയത്തിൽ കുളിച്ചുകൊണ്ടിരിക്കുകയാണ്…

ഇനി വരാതിരിക്കുവോ… ഇന്നലെ ഞാൻ പറ്റിച്ചതിനു പകരമായി എന്നെ പറ്റിക്കുമോ…..

കണ്ണടച്ച് തലയും താങ്ങി ഇരുന്നു….

കുറച്ചു കഴിഞ്ഞു കണ്ണ് തുറന്നപ്പോൾ വെള്ളത്തിൽ ഒരു നിഴലായി കസവു മുണ്ട് കാണുന്നുണ്ട്… ഒന്നുകൂടി നോക്കി മുണ്ടും കാവി കുർത്തയും ഇട്ട് നിൽക്കുകയാണ് ഒരാൾ… ചന്ദ്രബിംബവും കാണാം….. പെട്ടെന്ന് തിരിഞ്ഞു നോക്കി……

എന്താടോ… ഇങ്ങനെ ഞെട്ടി നോക്കുന്നത്…. പേടിച്ചു പോയോ….?

പിരിച്ചു വെച്ച മീശയോടെ ഒരാൾ… ഇതാണോ എന്റെ രുദ്രൻ…… നെറ്റികൂർപ്പിച്ചു ഞാൻ ആളെയൊന്നിരുത്തി നോക്കി…. നല്ല ഉയരം.. അതിനൊത്ത വണ്ണം….

നെറ്റിയിലേക്ക് ചെരിച്ചു ചീകിയ മുടിയിലെ കുറച്ചു നിര വീണു കിടക്കുന്നു….

നീളം കൂടിയ പുരികങ്ങൾക്ക് മേലെ ഭസ്മക്കുറി……ഇരുപത്തി അഞ്ചിനോടടുത്തു പ്രായമുണ്ടാവും… കണ്ണെടുക്കാൻ തോന്നില്ല…..

എന്താടോ…. തലയിൽ ചന്ദ്രക്കല ഇല്ലല്ലോ എന്നാണോ നോക്കിയത്… ചന്ദ്രൻ കുളത്തിലുണ്ടല്ലോ… അതാണ്‌ കാണാത്തത്…

മീശയിൽ പിടിച്ചു വലിച്ചു കൊണ്ടാണ് പറയുന്നത്…..

ഞാൻ….. ഈ വേഷം കണ്ടു നോക്കിയതാ….. എങ്ങനെയാ വരികയെന്നറിഞ്ഞുകൂടായിരുന്നല്ലോ….. !!!

പിന്നേ ഞാൻ എങ്ങനെ വരണമായിരുന്നു?. തലയോട്ടിയും കയ്യിൽ പിടിച്ചു വരണോ…. എന്താണ് ഭാവ…. ഇതൊരുമാതിരി കുഞ്ഞുകുട്ടികളെപോലെ…. !

ഭാവയാമി മുഖം വീർപ്പിച്ചു താഴേക്ക് നോക്കി നിന്നു……

അതുകണ്ടു ചിരിച്ചുകൊണ്ട് അവളുടെ രുദ്രൻ കല്പടവുകളിലേക്കിരുന്നു…

ഭാവ……. ഇവിടെ വന്നിരിക്ക്‌…

അനുസരണയോടെ അവൾ വന്നവന്റെ അടുത്തിരുന്നു…

ഇനി പറയ്‌… എന്താണ് നിനക്കെന്നെ കുറിച്ച് സംശയം…. ഞാൻ നിന്നെ പ്രണയിക്കുന്നുണ്ടോ എന്നാണോ ഭാവ…. വിശ്വസിക്കുന്നില്ലേ എന്നെ….

വിശ്വസിക്കുന്നുണ്ട് രുദ്രാ… പക്ഷേ… എങ്ങനെ ഞാൻ പറഞ്ഞു കൊടുക്കും എല്ലാവരോടും എന്റെ പ്രണയത്തെക്കുറിച്ച്……

ആരാണെന്ന് ചോദിച്ചാൽ ഞാൻ എന്ത് പറയുക….. എനിക്കറിയില്ല ഒന്നും നിന്നെക്കുറിച്ചു പറയാൻ….

എല്ലാവരോടും പ്രണയം വിളിച്ചു പറയണമെന്ന് ലോക നിയമമുണ്ടോ ഭാവ… ഇതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങളല്ലേ… അതെന്തിന് മറ്റുള്ളവരെ അറിയിക്കാൻ ശ്രമിക്കണം????

എന്നാലും…… ഇതൊക്കെ നേരാണോ…. ഗന്ധർവന്മാരെ പോലെ നീയെന്നെ പറ്റിച്ചു പോകുമോ…..

ഗന്ധർവന്മാർ എപ്പോഴാ പറ്റിച്ചു പോവുന്നത്?……

മ്മ്….
🤔

മനസിലായിട്ടോ… അതോ അഭിനയിക്കുവാനോ ഭാവയാമീ നീ…. അതൊക്കെ പോട്ടെ…. എനിക്ക് നിന്നെക്കുറിച്ചു കുറേ അറിയണം… അതിനു വേണ്ടിയാ ഞാൻ നിന്നെ തേടി വന്നത്… പറയണം… എല്ലാം… വീടും വീട്ടുകാരും… എല്ലാം അതിൽ വരണം….

ഭാവയാമിയും അച്ഛനും അമ്മയും അമ്മമ്മയും തറവാടും, അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹവും ഒറ്റപ്പെടലും ജീവിക്കാനുള്ള കഷ്ടപ്പാടും എല്ലാം അതിലെ കഥാപാത്രങ്ങളായിരുന്നു….

കടങ്ങൾക്ക് നടുവിൽ നിന്നും ഇവിടെ വരെ എത്താൻ അവർ നടത്തിയ ചെറുത്തു നിൽപ്പിന്റെ കഥയായിരുന്നു അത്….

പ്ലസ് ടുവിന് പഠിക്കുന്ന കുഞ്ഞനിയനുമെല്ലാം അവളുടെ വാക്കുകളിലൂടെ തന്റേത് കൂടി ആക്കുകയായിരിന്നു രുദ്രൻ….

തന്റെ തോളോട് ചേർത്ത് പൊതിഞ്ഞു പിടിച്ച് ഇരിക്കുകയായിരുന്നു അവൻ…

ഇടയ്ക്ക് ചെറുകാറ്റ് അവരെ തലോടി വന്നു…. ഒന്നുകൂടി രുദ്രനോട് ചേർന്നിരുന്നു ഭാവ…..

നിനക്കെന്നെ കുറിച്ച് എന്തറിയാം ഭാവ….. നിന്റെ മനസിലെ ഞാൻ രണ്ടാം കെട്ടുകാരൻ അല്ലേ… രണ്ടു ഭാര്യമാരും മക്കളും ഉള്ളവൻ….അല്ലാതെ ഈ രുദ്രനെ കുറിച്ചെന്തറിയാം നിനക്ക്….

എനിക്കിനി ഒന്നും അറിയണ്ട….. നമുക്ക് ഒന്നിക്കാൻ പറ്റുമോ എന്ന് മാത്രം അറിഞ്ഞാൽ മതി…

ഭാവയാമി.. എന്നുവെച്ചാൽ ഞാൻ നിന്നെ ധ്യാനിക്കുന്നു എന്നർത്ഥം… ഞാൻ നിന്നെ എപ്പോഴും ധ്യാനിച്ച് കൊണ്ടിരിക്കുകയാണ്….

പക്ഷേ ഞാൻ പറയും വരെ ആരോടും പറയരുത് നമ്മുടെ കാര്യം… നിന്റെ കൂടെ പലപ്പോഴും ഞാൻ വന്നു നില്കുമായിരിക്കും….

പക്ഷേ ഞാൻ നിന്നോട് മിണ്ടും വരെ നീയെന്നോട് മിണ്ടരുത്….. ആരെയും അറിയിക്കരുത്….

കൊതിപ്പിച്ചിട്ട്‌ കടന്ന് കളയല്ലേ രുദ്രാ…..

മരിക്കുവോളം രുദ്രൻ ചതികില്ലിനി ഭാവയാമിയെ…..

നേരം വെളുത്തു തുടങ്ങി… എങ്ങനെയാ വന്നത്?

വണ്ടിയിൽ…

എന്ത് വണ്ടിയിൽ???

രുദ്രന്റെ വാഹനത്തിൽ…. നന്തിയുടെ പുറത്തു കേറിയാ വന്നത്… പോയി കിടക്ക്‌.. നാളെ ക്ലാസ്സിൽ പോവണ്ടേ… ഇനി എന്നെക്കുറിച്ച് ആലോചിച്ചു പഠിത്തത്തിൽ ഉഴപ്പരുത്… നീ ഉള്ളിൽ കയറിയിട്ടേ ഞാൻ പോവുള്ളു…

തൊട്ടുമുകളിലെ പടവിൽ കയറി നിന്ന് ഭാവയാമി രുദ്രന്റെ നെറ്റിത്തടത്തിലെ ഭസ്മത്തിൽ ചുണ്ടുകൾ ചേർത്തു…

രുദ്രാ… നീയായിരുന്നുവോ കയ്യിൽ ഭസ്മം തന്നിട്ട് പോയത്?

അതേലോ…. ഭസ്മം മണത്തു നോക്കുന്ന നിന്നെ ഞാൻ പലവട്ടം ശ്രദ്ധിച്ചിട്ടുണ്ടല്ലോ… അറിയാമായിരുന്നു കർപ്പൂരത്തിന്റെ മണം ഇഷ്ടമാണെന്ന്…..

തിരിച്ചു നടക്കുമ്പോൾ തന്റെ ചുണ്ടുകൾക്ക് പോലും കർപ്പൂരത്തിന്റെ ചുവയാണെന്നവളറിഞ്ഞു…. ഒപ്പം മുഖത്തു സന്തോഷത്തിന്റെ തൃക്കാർത്തികയുമായിരുന്നു…

(തുടരും )

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4