Thursday, January 9, 2025
Novel

ഋതു ചാരുത : ഭാഗം 9

എഴുത്തുകാരി: സേഷ്മ ധനേഷ്‌


അമ്മുവിന്റെ മുറിയിലെ ജനലിൽ പിടിച്ചു തന്നിലേക്ക് പൊഴിയുന്ന നിലാവിനെ നോക്കി നിൽക്കുകയായിരുന്നു ഋതു… ഇന്ന് തനിക്കു സംഭവിച്ച കാര്യങ്ങൾ ഓരോന്നായി മനസിൽ ആലോചിച്ചു ഒന്നുകൂടി ഒരു ഓട്ട പ്രദക്ഷിണം നടത്തി… കുറച്ചു മണിക്കൂറുകൾ കൊണ്ട് തന്റെ മാറി മറിഞ്ഞ ജീവിതത്തെ ഒരു വിസ്മയത്തോടെ നോക്കി കണ്ടു…

പൂർണ്ണ ചന്ദ്രനെ നോക്കി ചിരിതൂക്കി… എന്തുകൊണ്ടോ ആ പൂർണ്ണ ചന്ദ്രന്റെയുള്ളിൽ ചേതന്റെ മുഖം കണ്ടു… ആ മുഖത്തെ കണ്ണുകളിൽ തെളിഞ്ഞ പ്രണയത്തെ കണ്ടു…. !!

രാവിലെ സാവിത്രിയമ്മ പൂജാമുറിയിൽ വിളക്ക് വച്ചു പ്രാർത്ഥന കഴിഞ്ഞു വരുമ്പോൾ കണ്ടു കുളി കഴിഞ്ഞു തലയിൽ തുവർത്തു ചുറ്റി… അമ്മുവിന്റെ ഡ്രസ് ഇട്ടുകൊണ്ടു താഴേക്കു വരുന്ന ഋതുവിനെ. കണ്പോളകൾ തടിച്ചു കിടക്കുന്നുണ്ട്.

കരഞ്ഞും ഉറങ്ങാതെയും കണ്ണുകൾക്ക്‌ ഒരു വിശ്രമം കൊടുത്തിട്ടില്ലയെന്നു മനസിലായി.

സാവിത്രിയമ്മ അവൾക്കു നേരെ ഒന്നു പുഞ്ചിരിച്ചു. ഇരു നിറമാണെങ്കിലും നല്ല ഐശ്വര്യമുള്ള മുഖമാണ് ഋതുവിനെന്നു അവരോർത്തു.

അവളും സാവിത്രിയമ്മയെ നോക്കി ചിരിച്ചുകൊണ്ട് പൂജാമുറിയിൽ കയറി തൊഴുതു ഭസ്മം തൊട്ടു. തിരികെ അവർക്കരികിലേക്കു തന്നെ വന്നു.

“എന്നും ഇത്ര നേരത്തെ എഴുന്നേൽക്കുമോ”

“ഉവ്വ് മാഡം…”

”അമ്മ… അങ്ങനെ വിളിച്ചാൽ മതി”. അതും പറഞ്ഞു അവർ ഋതുവിന്റെ കവിളിൽ തലോടി കൊണ്ടു അടുക്കളയിലേക്കു നടന്നു. അവരുടെ തൊട്ടു പുറകിൽ ഇതൊക്കെ വീക്ഷിച്ചു കൊണ്ടു ശ്രുതിയും നിന്നിരുന്നു.

എന്തുകൊണ്ടോ ശ്രുതിക്കു അവളെ ഇഷ്ടമായില്ല. അതു അവളുടെ മുഖഭാവം വിളിച്ചോതുന്നുണ്ടായിരുന്നു.

ഋതു ശ്രുതിയെ നോക്കിയൊന്നു ചിരിച്ചുകൊണ്ട് അടുക്കളയിലേക്കു നടന്നു.

ശ്രുതിയും പ്രാർത്ഥിച്ചു തിരികെ വരുമ്പോൾ ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സാവിത്രിയമ്മയേയും ഋതുവിനേയും കണ്ടു.

അമ്മ കുറെ നാളുകളായി ഗൗരവം വിട്ടു ഇങ്ങനെ ചിരിക്കുന്നതെന്നു ശ്രുതിയോർത്തു.

താൻ പതിവായി ചെയ്യുന്ന തന്റെ പാചകം ഇന്ന് ഋതു ഏറ്റെടുത്തു… അതവൾക്കു തെല്ലു അലോസരം ഉണ്ടാക്കി.

അതു മനസിലാക്കിയ സാവിത്രിയമ്മ പറഞ്ഞു.

“ഋതു നന്നായി പാചകം ചെയ്യുമെന്ന് പറഞ്ഞു… എങ്കിൽ പിന്നെ നോക്കി കളയാം എന്നു കരുതി” ശ്രുതിക്കു ആ മറുപടി അത്ര ഇഷ്ടപെട്ടില്ലെങ്കിലും എന്തൊക്കെയോ ചിന്തിച്ചു കൊണ്ടു രഞ്ജുവിനെ വിളിക്കാനായി അവൾ മുകളിലേക്ക് പോയി.

അമ്മ ഇത്ര പെട്ടന്ന് ആരോടും അടുക്കാത്തതാണല്ലോ… എന്തുകൊണ്ടോ ഋതുവിനെ വല്ലാതെ ബോധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അടുക്കളയിൽ പാചകം പോലും വിട്ടുകൊടുത്തത്. എന്തെങ്കിലും ആകട്ടെ.

രഞ്ജുവിനെ കുത്തി പൊക്കി എഴുന്നേൽപ്പിച്ചു. ഫ്രഷായി രണ്ടുപേരും ഒരുമിച്ചു ഹാളിലേക്ക് വരുമ്പോഴാണ് ചാരു പതിവ് ജോഗിംഗ് കഴിഞ്ഞെത്തിയത്.

“ഇന്നത്തെ കസർത്തു കഴിഞ്ഞോ ചാരുവേ”

കിതപ്പ് വിട്ടുപോകാത്തതിനാൽ മറുപടി ഒരു ചിരിയിലൊതുക്കി ചാരു.

“നാളെ തൊട്ടു ഏട്ടനും കൂടിക്കോ അവളുടെ കൂടെ… ഷുഗറും കൊളസ്‌ട്രോൾ ബിപി എല്ലാം ബോര്ഡറിൽ ആണ്”

“ബിപി ബോര്ഡറിൽ അല്ല… ഹൈ ആകാനാണ് സാധ്യത… അല്ലെ ഏട്ടാ..” രഞ്ജുവിനോട് കണ്ണിറുക്കി കൊണ്ടു പതിയെ ചാരു ചോദിച്ചു…

“നീയി ഉദ്ദേശിച്ച ബിപി… ഭാര്യയെ പേടിയാണോ മോളെ…. അതുവേണ്ട… അതുവേണ്ട”

“എന്താണ് ചേട്ടനും അനിയത്തിയും നിന്നു കുശ് കുശുക്കുന്നത്”

“ഒന്നുമില്ലേ” ചാരുവും രഞ്ജുവും ഒരുപോലെ കൈ മലർത്തി.

“ദേ ചാരു… നീ ഇന്നലെ എടുത്തു വച്ച വയ്യാവേലി ഇന്ന് ദേ അടുക്കളയിൽ പാചകം വരെ എത്തി… അതും കുറഞ്ഞ സമയംകൊണ്ട്” കുശുമ്പ് പറയുന്ന ഭാവത്തോടെ ശ്രുതി പറഞ്ഞു കൊണ്ടു ചുണ്ട് കോട്ടി.

അതു കണ്ടതും രഞ്ജു അവളുടെ ചുണ്ടിൽ വിരലുകൾ കൂട്ടി അടി കൊടുത്തു… ചാരു ചെറു ചിരിയോടെ നോക്കി കണ്ടു അടുക്കളയിലേക്കു നടന്നു.

അപ്പോൾ കണ്ടു ചിരിച്ചു കൊണ്ടു സംസാരിക്കുന്ന അമ്മയെയും ഋതുവിനേയും.

കറിയുടെ രുചി നോക്കുവാനായി ഒരു ടീസ്പൂണിൽ കറിയെടുത്തു അമ്മയുടെ കൈകളിൽ ഒഴിച്ചു കൊടുക്കുന്നുണ്ട്. അമ്മയതു രുചിച്ചു നോക്കി നന്നായെന്നു കണ്ണുകൾ കൊണ്ട് പറയുന്നു.

ആ കണ്ണുകളിലും നിറയുന്നത് സ്നേഹവും സന്തോഷവുമായിരുന്നു.

ചാരു അടുക്കള വാതിലിൽ ചാരി നിന്നു രംഗം വീക്ഷിക്കുയായിരുന്നു. കുളിക്കാത്തതിനാൽ അടുക്കളയിലേക്കു പ്രേവേശനമില്ലായിരുന്നു അവൾക്കു.

ആരുടെയോ നിഴൽ നിൽക്കുന്നതുപോലെ തോന്നി സാവിത്രിയമ്മ കണ്ണുകളുയർത്തി നോക്കി… ചാരുവിന്റെ നിൽപ്പ് കണ്ടു അവരുടെ മുഖം വീണ്ടും മങ്ങി.

അവരെ ഇരുവരെയും വീക്ഷിച്ചുകൊണ്ടു ഋതുവും. ചാരുവിന്റെ കുളിക്കുകയും നനക്കുകയും ചെയ്യാതെയുള്ള നിൽപ്പാണ് അമ്മക്ക് മുഖം മങ്ങിയ കാരണമെന്ന് അവളൂഹിച്ചു.

കാരണം കുറച്ചു നേരം കൊണ്ട് സാവിത്രിയമ്മ പറഞ്ഞതു അത്രയും പെണ്കുട്ടികൾ നേരത്തെ എഴുന്നേൽക്കാൻ പഠിക്കണം… കുളിക്കാതെ അടുക്കളയിൽ കയറരുത്…

പൂജാമുറിയിൽ വിളക്കു വച്ചു തൊഴണം തുടങ്ങിയ കാര്യങ്ങളായിരുന്നു. ചാരുവിന്റെ നിൽപ് ഈ പറഞ്ഞതിനെല്ലാം എതിരാണെന്ന് അവൾ മനസിലാക്കിയിരുന്നു.

ചാരുവിനെ രൂക്ഷമായി നോക്കി സാവിത്രിയമ്മ രണ്ടടി മുന്നോട്ടു വച്ചു. ചാരു വേഗം അവിടെ നിന്നും മുകളിലേക്ക് പോകാൻ തുടങ്ങി.

“ചാരു…” സാവിത്രിയമ്മയുടെ വിളി അവളുടെ കാലുകളെ കൂച്ചുവിലങ്ങിട്ടു നിർത്തി. അവൾ പതുക്കെ മിഴികളുയർത്തി നോക്കി.

കുട്ടികൾ ഇല്ലാത്ത പേരും പറഞ്ഞു തമ്മിലുള്ള കമ്മ്യൂണിക്കേഷൻ കുറവായിരുന്നു അമ്മയുമായി കുറച്ചു ദിവസങ്ങളായി…

അവളുടെ കണ്ണുകൾ അവരോടു എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു.

സാവിത്രിയമ്മയുടെ മുഖത്തിന്റെ അഴവ് കണ്ടപ്പോൾ ചാരുവിന്റെയുള്ളിൽ ഒരു മഞ്ഞു വീണ സുഖം.

അവൾ കാറ്റുപോലെ പാഞ്ഞു ചെന്നു അമ്മയുടെ രണ്ടു കവിളുകളിലും ഉമ്മ വച്ചുകൊണ്ട് പുറത്തേക്കു ഓടി ചെന്നു.

കവിളിൽ കൈത്തലം അമർത്തി ഒരു ചിരിയോടെ അവർ നിൽക്കുന്നത് ഋതു നോക്കി നിന്നു കണ്ടു.

സാവിത്രിയമ്മ ആഗ്രഹിക്കുന്നപോലെയല്ല ചാരുവിന്റെ പെരുമാറ്റം എങ്കിലും ചാരുവിനെ അവർക്ക് ഒരുപാട് ഇഷ്ടമാണെന്ന് ഋതുവിന് മനസിലായി.

പതിവ് പോലെ ചേതൻ ഡയറിയുമായി ഇരിക്കുകയായിരുന്നു. തനിക്ക് ഏറെ ഇഷ്ടപെട്ട കവിതയുമായി….

തല തിരിഞ്ഞ ഓർമ്മകളുടെ
വാൽമീകത്തിലാണിന്നു ഞാൻ-
പ്രണയം വിരഹത്തോടു ചേരു-
മ്പോൾ പൂർണ്ണമാകുമോ..?
നുണയാണ്……
അവിടെയൊരു പുനർജന്മാണ്
ദേഹി വിട്ടൊഴിഞ്ഞ ദേഹത്തിന്റെ.
എങ്കിലും എന്റെ പ്രണയം
ഞാൻ നില നിർത്തുന്നു.
എന്നെങ്കിലും പ്രണയത്തിന്റെ
റാന്തലുയർത്തി എന്റെ ഇട-
നാഴികളിൽ നീ കടന്നെത്തുന്നതും കാത്തു

എന്റെ പ്രണയത്തിനു ആകാശത്തിന്റെ
നീലിമയായിരുന്നു, കടലിന്റെ
അഗാദതയായിരുന്നു …
വർണ്ണ വിസ്മയങ്ങളുടെ വൈവിധ്യമൊളിപ്പിച്ച
പവിഴപ്പുറ്റുകൾ പോലെ
മോഹിപ്പിക്കുന്നതായിരുന്നു.

ഇന്ന് ഞാൻ കുടിച്ചിറക്കുന്ന കൈപ്പുനീർ
നാളെയെനിക്കമൃതാകും
പാതി കത്തിത്തീർന്ന വിളക്കുപോലെ
ഞാൻ…
കരിന്തിരി മണം പരന്നുകൊണ്ടൊരു
സായാഹ്നത്തിൽ
ഞാൻ കുറിക്കട്ടെ
വിരഹം വേദനയാണ്
നിന്നോട് ചേരുമ്പോൾ മാത്രം പൂർണമാകുന്ന
പ്രണയവും കൊണ്ട് ഞാൻ കാത്തിരിക്കുന്നു

“പതിവില്ലാതെ തന്റെ ആദ്യ പ്രണയവുമായി ഇരിക്കയണല്ലോ ചേതൻ” ചേതനെ പുറകിലൂടെ ചേർത്തു ചാരു ചോദിച്ചു.

“ഉം…. പതിവില്ലാതെ എന്തുകൊണ്ടോ ഓർത്തുപോയി”…. ചാരുവിന്റെ തലയിൽ നെറ്റി മുട്ടിച്ചുകൊണ്ടു അവൻ മറുപടി നൽകി. ചാരു ഒരിക്കൽ കൂടി ആ വരികളിലൂടെ മിഴികൾ പായിച്ചു. പലവട്ടം വായിച്ചു തീർത്തതാണ് ഇതു.

ചേതന് ഏറ്റവും ഇഷ്ടപെട്ട കവിത. സ്കൂൾ സമയത്തു മാഗസിനിൽ ആണ് ആദ്യം കാണുന്നത്.

അന്ന് തൊട്ടു അന്വേഷിച്ചു നടക്കുകയാണ് ഇതെഴുതിയ വ്യക്തിയെ… അത്രയും ഹൃദ്യമായ വരികൾ…

അത്രയും കാണാപാടം ആയിരുന്നു ചേതന് ആ കവിത… ഒരുവേള തന്റെ ആദ്യ പ്രണയം പോലും ആ കവിതയാണെന്നു തോന്നിയിരുന്നു…

പതിവുപോലെ എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കാനായി ഇരുന്നു. പതിവ് തെറ്റിച്ചുകൊണ്ടു അമ്മുവും ഋതുവും ഭക്ഷണം വിളമ്പാനായി നിന്നു.

ശ്രുതിയുടെ മുഖം മാത്രം കുറച്ചു നീരസത്തിൽ ഇരുന്നു. ചേതനെ ഋതു ഇടക്കിടക്ക് പാളി നോക്കി. പക്ഷെ ഇങ്ങനെയൊരു അതിഥി അവിടെ ഉണ്ടെന്നുള്ള ഭാവം പോലും അവനുണ്ടായില്ല.

ഋതുവിന് ചേതനോട് ഒന്നു സംസാരിക്കണം എന്നുണ്ടായിരുന്നു.

ഇന്നലെ ഒരു നിമിഷത്തേക്ക് അവനെ തെറ്റിദ്ധരിച്ചു പോയതിനു മാപ്പു പറയണമെന്ന് ആഗ്രഹിച്ചിരുന്നു.

ഋതുവിന്റെ മുഖത്തേക്ക് പോലും അവൻ നോക്കിയിരുന്നില്ല. എന്തോ വല്ലാത്ത നിരാശ തോന്നി അവൾക്കു.

ഉച്ചയോടെ അനുവും അനന്തുവും കൂടെ നന്ദനത്തു എത്തി. ചേതനും രഞ്ജുവും മറ്റെങ്ങും പോകാതെ അവർക്കുവേണ്ടി തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.

“അരുൺ… അവൻ രാജ്യം തന്നെ വിട്ടു ഇന്നലത്തെ ഒറ്റ രാത്രികൊണ്ട് തന്നെ” രഞ്ജു അന്വേഷിച്ചറിഞ്ഞത് എല്ലാവരോടുമായി പറഞ്ഞു.

“ശ്രീയും ഹോസ്റ്റൽ വിട്ടു… നാട്ടിലേക്കായിരിക്കും പോയിരിക്കുക… അല്ലെങ്കിൽ ബാംഗ്ലൂരിൽ” അനുവും അനന്തുവും അന്വേഷിച്ചറിഞ്ഞത് അവരും പങ്കുവച്ചു.

“അപ്പൊ… ഒരു കാര്യം തീരുമാനമായി…

അരുണും ശ്രീയും കൂടി ചേർന്നുകൊണ്ടു തന്നെ മനപൂർവ്വം ഋതുവിനെ കുടുക്കാൻ വേണ്ടി ചെയ്തതാണ്…

ഇടക്ക് ചേതൻ അപ്രതീക്ഷിതമായി രംഗത്തേക്ക് വന്നപ്പോൾ പ്ലാനിങ് ചെറിയ മാറ്റം വരുത്തിയതാണ്” രഞ്ജു പറഞ്ഞു നിർത്തുമ്പോൾ കാര്യങ്ങൾ എല്ലാവർക്കും മനസിലായി.

“ഇനി മുന്നോട്ടു എന്തു വേണമെന്ന് തീരുമാനിക്കൂ” സാവിത്രിയമ്മ ഋതുവിന്റെ കരഞ്ഞ കണ്ണുകളിൽ നോക്കി പറഞ്ഞു. അവരുടെ നോട്ടത്തിൽ അവളോടുള്ള അലിവും ദയയും നിറഞ്ഞിരുന്നു.

“ഋതുവിന്റെ ഹോസ്റ്റൽ എത്രയും പെട്ടന്ന് തന്നെ ശരിയാക്കാം… ഏറി പോയാൽ ഒരു ദിവസം… അതുവരെ…” അനന്തു എല്ലാവരുടെയും മുൻപാകെ ഒരു അപേക്ഷ പോലെ പറഞ്ഞു.

“ഋതു ഇവിടെ തന്നെ നിന്നോട്ടെ…. അതിൽ ആർക്കും ഒരു പ്രശ്നവുമില്ല…

ഇവിടെ നിന്നുകൊണ്ട് തന്നെ ഹോസ്പിറ്റലിൽ ജോലിക്കും പോകാമല്ലോ” സാവിത്രിയമ്മയുടെ ആ വാക്കുകൾ തീരുമാനിച്ചു ഉറപ്പിച്ചതുപോലെയായിരുന്നു.

അതു കേട്ടിരുന്ന എല്ലാവരുടെ നെറ്റിയും ഒന്നു ചുളുങ്ങി… പതിവില്ലാതെ എന്തോ കേൾക്കാൻ പാടില്ലാത്തത് കേട്ടപോലെയുള്ള ഭാവമായിരുന്നു. ചേതൻ ഒന്നും മിണ്ടാതെ എഴുനേറ്റു പോയി.

സാവിത്രിയമ്മ പറഞ്ഞതു ഋതുവിന് സന്തോഷം ഉണ്ടാക്കിയെങ്കിലും ചേതൻ ഒന്നു നോക്കുക കൂടി ചെയ്യാതെ പോയത് അവളെ വിഷമിപ്പിചു.

ബാൽക്കണിയിൽ കണ്ണെത്താ ദൂരം കാണുന്ന വയലുകൾ നോക്കി നിൽക്കുകയായിരുന്നു ചേതൻ. ചാരു അവനരികിലേക്കു ചെന്നു അവന്റെ മുന്നിൽ ചെന്നു മാറിൽ കൈകൾ കെട്ടി നിന്നു….

“ഈ നെഞ്ചിൽ എന്തോ കിടന്നു തുടി കൊട്ടുന്നുണ്ടല്ലോ… എന്താ അതു.. എന്താ പറ്റിയത് എന്റെ മഹാകവിക്കു”

ചേതന്റെ നെഞ്ചിൽ ചൂണ്ടുവിരൽ ആഴ്ത്തിയാണ് ചാരു ചോദിച്ചത്.

“എനിക്കറിയില്ല ചാരു… എന്തോ ഒന്നു തുടിക്കുന്നുണ്ട്….” ചേതൻ തന്റെ നെഞ്ചിലേക്ക് അവളെ കൂടുതൽ ചേർത്തു നിർത്തി അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി പറഞ്ഞു.

കുറച്ചു നേരം ചേതന്റെ മുടിയിഴകളിൽ വിരലുകൾ കോർത്തു രസിപ്പിച്ചു ചാരു നിന്നു… അവന്റെ ഹൃദയം ഇഷ്ടത്തിന് മിടിക്കുന്നതവൾ കേൾക്കുന്നുണ്ടായിരുന്നു….

ചേതന്റെ അധരങ്ങളും പതിയെ പുത്തൻ സഞ്ചാര പാത തേടി കൊണ്ടിരിക്കുന്നത് അവളറിഞ്ഞു…

ചേതനെ കണ്ടു ക്ഷമ ചോദിക്കാൻ അവനെ അന്വേഷിച്ചിറങ്ങിയതായിരുന്നു ഋതു. അന്വേഷണം ചെന്നു നിന്നത് ചാരുവിന്റെയും ചേതന്റേയും സ്വകാര്യതയിലും….

അവരുടെ പ്രണയനിമിഷങ്ങൾ കാണുംതോറും അവളുടെ കണ്ണുകളിൽ കണ്ണീർ കൊണ്ട് മൂടൽ മഞ്ഞു പതിഞ്ഞു… ആ മഞ്ഞിൽ അവൾ കണ്ടു….

കണ്ണുകളിൽ വ്യക്തമല്ലാത്ത എന്നാൽ മനസിൽ എന്നും മിഴിവോടെ നിൽക്കുന്ന നന്ദനം വീട്ടിലെ ചേതൻ….

ആരും അറിയാതെ മനസിൽ കൊണ്ടു നടന്ന തന്റെ ആദ്യ പ്രണയത്തെ

തുടരും

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

ഋതു ചാരുത : ഭാഗം 1

ഋതു ചാരുത : ഭാഗം 2

ഋതു ചാരുത : ഭാഗം 3

ഋതു ചാരുത : ഭാഗം 4

ഋതു ചാരുത : ഭാഗം 5

ഋതു ചാരുത : ഭാഗം 6

ഋതു ചാരുത : ഭാഗം 7

ഋതു ചാരുത : ഭാഗം 8