Tuesday, January 21, 2025
Novel

ഋതു ചാരുത : ഭാഗം 7

എഴുത്തുകാരി: സേഷ്മ ധനേഷ്‌


ഇതെന്താ ഇവിടെ… ചേതനെ കാണാൻ ആണോ… സൂര്യയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ചാരു കാർ പാർക്ക് ചെയ്യാൻ കീ സെക്യൂരിറ്റി കൈവശം കൊടുത്തു വേഗം തന്നെ അരുണിന്റെ റൂമിലേക്ക് നടന്നു.

സൂര്യ ചാരുവിന്റെ ഒപ്പമെത്താൻ കുറച്ചു പാടുപെട്ടു.

ബെൽ അടിച്ചിട്ട് കുറച്ചു നിമിഷങ്ങൾ കഴിഞ്ഞു ഡോർ തുറക്കതായപ്പോൾ ചാരു ഡോർ തള്ളി നോക്കി.

അതു മലർക്കെ തുറന്നു വന്നു… സൂര്യക്കു ഒന്നും മനസിലായില്ല.

വല്ലാത്തൊരു ഉൾകിടിലത്തോടെയാണ് ചാരു റൂമിന്റെ വാതിൽ തുറന്നതു… അവിടെ കണ്ട കാഴ്ച… സൂര്യയും ചാരുവും ഒരു നിമിഷം ഹൃദയം നിലച്ചപോലെ നിന്നു… ചാരുവിന്റെ കണ്ണിൽ നീർ മണികൾ ഉരുണ്ടു കൂടി….!!

ചേതന്റെ നെഞ്ചിൽ ചേർന്നു ഋതു… ചേതൻ ഒരു കൈകൾ കൊണ്ടു ഋതുവിനെ പൊതിഞ്ഞു പിടിച്ചിട്ടുണ്ട്. മയക്കത്തിലാണ് രണ്ടാളും.

തോളിൽ സൂര്യയുടെ കൈത്തലം പതിഞ്ഞപ്പോൾ ചാരുവൊന്നു ഞെട്ടിയുണർന്നു.

അപ്പോൾ മാത്രമാണ് തന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് അവളറിഞ്ഞത്.

ചേതന്റെ അടുത്തേക്ക് നടന്നുവെങ്കിലും അവളുടെ ഹൃദയതാളം വല്ലാതെ കൂടുന്നുണ്ടെന്നു സൂര്യക്കു മനസിലായി.

ചേതനെ തട്ടി വിളിച്ചെങ്കിലും എഴുന്നേൽക്കുന്നില്ലയെന്നു കണ്ടു.

സൂര്യ ഋതുവിനെ ഒരുവിധത്തിൽ ചേതന്റെ അരികിൽ നിന്നും മാറ്റി കിടത്തി. സ്ഥാനം തെറ്റി കിടന്നിരുന്ന വസ്ത്രങ്ങൾ നേരെയാക്കിയിട്ടു കൊടുത്തു. ചാരു ചിന്തകളോടെ റൂമിനു പുറത്തേക്കു നടന്നു.

മനസിൽ നിറയെ ചോദ്യങ്ങളായിരുന്നു… എങ്ങനെ രണ്ടുപേരും ഒരുമിച്ചെത്തിയെന്നു ഒരു പിടുത്തവുമില്ല.

അവൾ പുറത്തെ സെറ്റിയിലിരുന്നു കൊണ്ടു വീണ്ടും ആലോചനയിലാണ്ട്.

പെട്ടന്നാണ് ഫോൺ ശബ്ധിക്കുന്നത് കേട്ടത്… അവിടെ കിടന്നിരുന്ന ഹാൻഡ് ബാഗിൽ നിന്നാണ്…. ഋതുവിന്റേതാണെന്നു ചാരു ഊഹിച്ചു.

കൈനീട്ടി ബാഗ് വലിച്ചെടുത്തു ഫോൺ എടുത്തു നോക്കി.

‘അനു കാളിങ്’

ചാരു ഒന്നു സംശയിച്ചെങ്കിലും ഫോൺ കാതോരം ചേർത്തു.

“ഋതു… മോളെ നീ എവിടെയാ… ആ ശ്രീകുട്ടിയുടെ കൂടെ നീ എവിടേക്കോ പോയത്… അവളോട്‌ കൂടെ നടക്കരുതെന്നു പലവട്ടം ഞാൻ പറഞ്ഞിട്ടുണ്ട്.

ഇന്ന് ഇന്റർവ്യൂ ഒന്നുമില്ല എവിടെയും” ഫോണിൽ നിന്നും അനു നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു. മറുപടി കേൾക്കാതായപ്പോൾ അനു ഒന്നു സംശയിച്ചു.

“ഹലോ… ഋതു… ഋതു”

“അനു”… മരുതലക്കൽ പരിചിതമല്ലാത്ത സ്ത്രീ ശബ്ദം….

“അനു… ഞാൻ ചാരുവാണ്.

എത്രയും പെട്ടന്ന് നന്ദനം ഹോട്ടലിലേക്ക് വായോ”. മറ്റൊന്നും പറയാതെ ചാരു ഫോൺ കട്ട് ചെയ്തിരുന്നു.

വല്ലാത്തൊരു ആധിയോടെ അനന്തുവിനെയും കൂട്ടി അനു അപ്പോൾ തന്നെ പുറപ്പെട്ടു.

സൂര്യ വന്നു ചാരുവിന് അടുത്തിരുന്നു.

“നീയെന്താ ഇങ്ങനെ ഇരിക്കുന്നെ” എന്തെങ്കിലും ചോദിക്കണമല്ലോ എന്ന പോലെ സൂര്യ ചോദിച്ചു.

മറുപടി നിര്വികാരതയോടെയുള്ള ഒരു നോട്ടം മാത്രം ചാരു നൽകി. ആ ചോദ്യം പോലും വേണ്ടായിരുന്നുവെന്നു സൂര്യക്കു തോന്നി പോയി.

ചാരു കണ്ണുകൾ അമർത്തി തുടച്ചു സെറ്റിയിൽ ചാരി ഇരുന്നു… “അവരുടെ മയക്കം വിട്ടു എഴുന്നേൽക്കട്ടെ… അല്ലാതെയിപ്പോ എന്തു ചെയ്യാൻ കഴിയും…

ഞാൻ രെഞ്ചുവേട്ടനു മെസ്സേജ് വിട്ടിട്ടുണ്ട്… ആൾ മീറ്റിംഗിൽ ആണ്. കഴിയുമ്പോൾ ഇവിടേക്കെത്തും… ഇതു നമ്മുടെ കയ്യിൽ ഒതുങ്ങില്ല”

എത്ര സമയം മുന്നോട്ടു പോയെന്നു അറിയില്ല.

തലയിൽ വല്ലാത്ത ഭാരം തോന്നി… കണ്ണുകൾ തുറക്കാൻ പാടുപെട്ടു കൊണ്ടു ഋതു…

കൈകൾ മുടിയിൽ പിടിച്ചു വലിച്ചു തല ഒന്നുകൂടി വേദനിച്ചു… എങ്ങനെയൊക്കെയോ എഴുനേറ്റു ഇരിക്കാൻ ശ്രമിച്ചു… ജ്യൂസ് കുടിച്ചത് മാത്രമേ ഓര്മയുള്ളൂ… ശ്രീക്കുട്ടി… അവളെവിടെ… തന്റെ മുടിയൊക്കെ ആകെ…

പതുക്കെ പതുക്കെ ഋതുവിനെ ഭയം വന്നു മൂടാൻ തുടങ്ങിയിരുന്നു. യാഥാസ്ഥികതയിലേക്കു അവളുടെ മനസു എത്തി തുടങ്ങിയപ്പോൾ തൊണ്ടയിൽ വലിയൊരു നിലവിളി കുരുങ്ങി കിടന്നു…

ആ ശബ്ദമില്ലാത്ത കരച്ചിൽ അവളെ ശ്വാസം മുടയിക്കുന്നതവളറിഞ്ഞു.

പേടിയും സങ്കടവും ദേഷ്യവുമെല്ലാം കൂടി ചേർന്നു അവളുടെ മുഖം വലിഞ്ഞു മുറുകി… കവിളുകളിൽ ചുവപ്പു നിറം പടർന്നു….

വർധിച്ചു വന്ന ശങ്കയോടെ അവൾ പതുക്കെ ചുറ്റും നോക്കി… തന്റെ നേരെ കിടക്കുന്ന ചേതന്റെ മുഖം കണ്ടവൾ ഞെട്ടി പിടഞ്ഞു എഴുനേറ്റു.

കട്ടിലിന്റെ അറ്റത്തു ഇരുന്നിരുന്ന അവൾ ചേതനെ കണ്ട മാത്രയിലെ ഞെട്ടലിൽ താഴെ വീണു… ഞെട്ടി പിടഞ്ഞെഴുനേറ്റു ചുമരിൽ ചാരിയിരുന്നു മുട്ടുകാലുകൾക്കുള്ളിൽ മുഖമമർത്തി വലിയ ശബ്ദത്തിൽ കരയാൻ തുടങ്ങി… അവളുടെ കരച്ചിൽ ചാരുവിനെയും സൂര്യയെയും ചിന്തകളിൽ നിന്നുമുയർത്തി.

സൂര്യ ചാടി പിടഞ്ഞു ഋതുവിന് അരികിലേക്ക് പോകാൻ തുടങ്ങിയതും ചാരു കണ്ണുകൾ കൊണ്ടു വിലക്കി. എന്തിനാണെന്ന് ഒരുവേള സൂര്യക്കു മനസിലായില്ല.

സൂര്യയുടെ നോട്ടത്തിൽ നിന്നും മനസിലാക്കിയ ചാരു പറഞ്ഞു…

“അവൾ കരയട്ടെ… ഉറക്കെ… ഉറക്കെ കരയട്ടെ… ആ സങ്കടപാച്ചിൽ നിലക്കുമ്പോൾ നമ്മൾ പോയാൽ മതി” ചാരുവിന്റെ വാക്കുകൾ കേട്ടു ഒരുതരത്തിൽ അതാണ് നല്ലതെന്ന് സൂര്യക്കും തോന്നിയിരുന്നു.

അൽപസമയം കഴിഞ്ഞപ്പോൾ അനുവും അനന്തുവും റൂമിലേക്ക് കേറി വന്നു. രണ്ടുപേരുടെയും കണ്ണുകൾ ഋതുവിനെ തിരയുകയായിരുന്നു.

“മാഡം… ഋതു… ഋതു എവിടെ” അനു അവളെ കാണാതെ വേവലാതി പൂണ്ട് ചോദിച്ചു. പക്ഷെ ഋതുവിന്റെ കരച്ചിൽ അവന്റെ കാതുകളിൽ വന്നു പതിച്ചു.

റൂമിലേക്ക് പോകാൻ ആഞ്ഞ അനുവിനെ ചാരു വിലക്കി നിർത്തി.

കുറച്ചു നേരം കൊണ്ടു തന്നെ അവളുടെ കരച്ചിൽ വിതുമ്പലായും തേങ്ങലുകളായും മാറിയിരുന്നു.

കരചിലടക്കി ഋതു പതുക്കെ റൂമിന്റെ പുറത്തേക്കു വന്നു. ഋതുവിന്റെ ആദ്യം കാണുന്നത് അനുവിനെയും അനന്തുവിനെയുമായിരുന്നു.

അവളോടിചെന്നു അവരുടെ നെഞ്ചിൽ വീണു കരഞ്ഞു. അവരുടെ കണ്ണുകളും നിറഞ്ഞൊഴുകി… അവളെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ വല്ലാതെ നീറി പുകഞ്ഞു നിൽക്കാൻ മാത്രമേ അവർക്കായുള്ളൂ… “ഞാൻ നശിച്ചു പോയി… ഞാൻ നശിച്ചു…”

ഇത്ര മാത്രം പതം പറഞ്ഞു കരഞ്ഞു കൊണ്ടേയിരുന്നു ഋതു.

അനുവിന്റെ നെഞ്ചിൽ തല തല്ലി കരച്ചിലും ദേഷ്യവും സങ്കടവുമെല്ലാം അവൾ തീർക്കാൻ ശ്രമിച്ചു.

അനുവിന് വേദനിച്ചിട്ടും അവളെ അടർത്തി മാറ്റാതെ ചേർത്തു തന്നെ പിടിച്ചിരുന്നു. അനന്തുവിനും കണ്ണീർ തോരുന്നുണ്ടായില്ല.

“ചാരു… ചാരു എന്താ ഇവിടെ നടക്കുന്നത് ” മയക്കം വിട്ടെഴുനേറ്റ ചേതൻ കണ്ണുകൾ വലിച്ചു തുറന്നു കൊണ്ട് ഡോറിനടുത്തു നെറ്റി തിരുമ്മി നിന്നു.

ശബ്ദം കേട്ടിടത്തെക്കു ഋതു കരച്ചിൽ നിർത്തി പെട്ടന്ന് തിരിഞ്ഞു നോക്കി.

ചേതനെ കണ്ട നിമിഷത്തിൽ അവളുടെ കണ്ണുകളിൽ തീ പാറി… തന്റെ ജീവിതം നശിപ്പിചവൻ മുന്നിൽ നിൽക്കുന്നതായിട്ടാണ് അവൾക്കു തോന്നിയത്… അവൾ കാറ്റുപോലെ പാഞ്ഞു ചെന്നു ചേതന്റെ ഷർട്ട് കുത്തി പിടിച്ചു…. ”

താൻ… താൻ ഇത്രക്കും ചീപ് ആയിരുന്നോ… ഒരു.. ഒരു പിമ്പ് ആയിരുന്നോ താൻ” ഋതുവിന്റെ കത്തുന്ന മിഴികൾ കണ്ടു ചേതൻ ഒരു നിമിഷം ഭയന്നു…

സത്യത്തിൽ ഋതു പറഞ്ഞതൊന്നും അവനു മനസ്സിലായിരുന്നില്ല…

അവൻ അവളുടെ കൈകൾ വിടുവിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…

ഋതു പിന്നെയും അവന്റെ നെഞ്ചിൽ കൈകൾ കൊണ്ടു അടിക്കുവാനും ഇടിക്കുവാനുമൊക്കെ തുടങ്ങി…

ചേതന് മയക്കം വിടാത്ത ക്ഷീണവും ഉള്ളതുകൊണ്ട് ഋതുവിന്റെ ദേഷ്യത്തിനും സങ്കടത്തിനും മുന്നിലെ കരുത്തിനെ തടയുവാനായില്ല.

ഋതുവിനെ അടക്കി നിർത്താൻ പാട് പെടുന്നത് കണ്ട ചാരു അവൾക്കരികിലേക്കു ചെന്നു… ചാരുവിനെ കണ്ടമാത്രയിൽ… ” ഇത്രയും നല്ലൊരു ഭാര്യ കൂടെയുണ്ടായിട്ടാണോ താൻ.. എന്നെ ..”

ഋതു വാക്കുകൾ പൂർത്തിയാകാൻ കഴിയാതെ… എന്നാൽ തന്റേയുള്ളിലെ ദേഷ്യത്തെയും സങ്കടത്തെയും തടുക്കാൻ കഴിയാതെ വീണ്ടും വീണ്ടും പുലമ്പി കൊണ്ടിരുന്നു…

പിന്നെയും ചേതനെ ചീത്ത വിളിക്കാൻ തുടങ്ങിയ ഋതുവിനെ ചാരു ബലമായി പിടിച്ചു മാറ്റി കരണം പുകച്ചൊരു അടി കൊടുത്തു….

ഋതു പുറകിലേക്ക് വേച്ചു വീണുപോയിരുന്നു. അവൾ അവിടെത്തന്നെ തളർന്നിരുന്നു മുഖം പൊത്തി കരഞ്ഞു.

“നീ ഇത്രനേരം ചീത്ത വിളിച്ച ഈ ചേതൻ ഉള്ള കാരണമാണ് നിനക്കു ഇപ്പോഴും ഒന്നും നഷ്ടപ്പെടാതെ ഇങ്ങനെ ഇരിക്കാൻ കഴിഞ്ഞത്” ചാരുവിന്റെ ശബ്ദം വല്ലാതെ ഉയർന്നിരുന്നു.

അനുവിനും അനന്തുവിനും ചേതനും ഒന്നും മനസിലായില്ല… സൂര്യ പതുക്കെ ഋതുവിന് അടുത്തേക്ക് ചെന്നു അവളെ താങ്ങിയിരുത്തി.

ആ സമയം ഒരു അമ്മയുടെ തലോടൽ അവൾക്കാവശ്യമായിരുന്നു. സൂര്യയുടെ നെഞ്ചിൽ ചേർന്നു അവൾ കരഞ്ഞു കൊണ്ടിരുന്നു. സൂര്യ അവളെ തലോടി കൊണ്ടും.

“ഋതു നിനക്കു ഒന്നും സംഭവിച്ചിട്ടില്ല… ഒരു പെണ്ണിന് നഷ്ടപ്പെടേണ്ടതായ ഒന്നും തന്നെയില്ല മോളെ അവളുടെ മനസൊഴികെ…

ആ മനസു ഇന്നും പരിശുദ്ധമാണ് നിന്റേത്… ശരീരത്തിന് ഒരു പ്രസക്തിയുമില്ല…

എങ്കിൽ കൂടിയും പറയുകയാണ്… നിന്നെയൊന്നു നുള്ളി നോവിച്ചിട്ടു കൂടിയില്ല… നിനക്കു ഒന്നും സംഭവിച്ചിട്ടില്ല… പേടിക്കണ്ട എന്റെ കുട്ടി…”

സൂര്യയുടെ വാക്കുകൾ ഒരു അമ്മയുടെ ആശ്വാസമാണ് അവൾക്കു നൽകിയത്… നഷ്ടപ്പെട്ട അമ്മയുടെ സാന്നിധ്യം തിരികെ കിട്ടിയപ്പോലെ തോന്നി ഋതുവിന് ആ നിമിഷത്തിൽ….

ഋതുവിന്റെ കരച്ചിലൊന്നടങ്ങിയപ്പോൾ അവൾ മുഖമുയർത്തി ചാരുവിനെ ക്ഷമാപണത്തോടെ നോക്കി.

ചാരുവിന് ആ നിമിഷത്തിൽ അവളോട്‌ അലിവും സഹതാപവും തോന്നി.

ചാരു ചേതനരികിലേക്കു നീങ്ങി… അവന്റെ കൈകൾ നെഞ്ചോടു ചേർത്തു ഋതുവിനെ നോക്കി…

“ഋതു… ഇതു എന്റെ ചേതനാണ്… നീയെന്നല്ല ലോകത്തിലെ ഏറ്റവും വലിയ സുന്ദരി വന്നു ചേതന്റെ മുന്നിൽ നിന്നാലും ഈ മനസിലെ വികാരത്തിന് തീ പിടിക്കണമെങ്കിൽ ഈ ചാരുവിന്റെ ചുടു നിശ്വാസത്തിനു മാത്രമേ കഴിയൂ…

ഇതൊരു ഭാര്യയുടെ ഭർത്താവിന് മേലുള്ള വിശ്വാസമാണ്… ചുരുക്കം ചില ഭാര്യമാർക്കെ ഇത്രയും ഉറപ്പിച്ചു ഭർത്താവിന്റെ മേലുള്ള വിശ്വാസത്തെ കുറിച്ചു പറയാനാകൂ… എന്റെ ചേതന്… എന്റെ ചേതൻ സ്ത്രീയെ ബഹുമാനിക്കാൻ പടിച്ചാണ് വളർന്നത്…

അങ്ങനെയാണ് സാവിത്രിയമ്മ വളർത്തിയത്… താൻ… താൻ ഒന്നു റിലക്സഡ് ആകു… എന്നിട്ടു ഇതുവരെ സംഭവിച്ചതെല്ലാം പറയു”.

ഋതു പതുക്കെ എഴുനേറ്റു… അനന്തു വേഗം കുറച്ചു വെള്ളം അവൾക്കു കുടിക്കാനായി കൊടുത്തു.

ഒരു ബലത്തിനായി അനന്തുവിന്റെ കൈകളിൽ ഋതു മുറുകെ പിടിച്ചിരുന്നു.

അതുവരെ സംഭവിച്ചതെല്ലാം ഋതു അവരോടു പറഞ്ഞു. ശ്രീക്കുട്ടി ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞതു മുതൽ എല്ലാം തന്നെ…

“അപ്പൊ… ശ്രീകുട്ടി എന്തിനാ ഇങ്ങനെയൊക്കെ ചെയ്തെ… അവൾ… അവൾ എന്തിനാ ഋതുവിനെ അരുണിന്റെ മുന്നിൽ എത്തിച്ചത്…”

സൂര്യയുടെ സംശയങ്ങൾ തന്നെയായിരുന്നു അവിടെയുണ്ടായിരുന്ന എല്ലാവരുടെയും മനസിൽ.

“എന്നോടുള്ള ദേഷ്യമായിരിക്കും ഋതുവിനോട് തീർത്തത്… അതിനുവേണ്ടി ഋതുവിനെ കരുവാക്കിയതാകും… ഇവൾക്ക് വേദനിച്ചാൽ മാത്രമേ എനിക്കുള്ള ശിക്ഷയാകു എന്നവൾക്കു നന്നായി അറിയാം”

അനു തന്റെ മുഷ്ടി ചുരുട്ടി സ്വയം തുടയിൽ ഇടിച്ചു കൊണ്ടു വലിഞ്ഞ മുഖത്തോടെ പറഞ്ഞു. അവന്റെ കണ്ണുകളിലും ദേഷ്യത്തിന്റെ ചുവപ്പു തങ്ങിയിരുന്നു.

“അതിനുവേണ്ടി അവൾ അരുൺ ഡോക്ടറെ കൂട്ടു പിടിച്ചതാകും… ഇടയിൽ ചേതൻ സാർ വന്നതുകൊണ്ട് അവൻ… അവൻ ”

അനന്തുവും വാക്കുകൾ തൊണ്ടയിൽ കുരുങ്ങി നിന്നു. പലപ്പോഴും കഥകളിലും സിനിമകളിലും വാർത്തയിലുമൊക്കെ കേൾക്കുന്നത് തങ്ങളുടെ ജീവിതത്തിൽ നേരിട്ടു അനുഭവിക്കേണ്ടി വന്ന ഷോക്കിലായിരുന്നു അവർ.

“ചാരു… ചേതൻ…. എന്താ സംഭവിച്ചത്…” വാതിൽക്കൽ രഞ്ജു എത്തിയിരുന്നു. രഞ്ജു അവർക്കരികിലേക്കു ചെന്നു…

ഋതുവും അനുവും അനന്തുവും പുറകിലേക്ക് നീങ്ങി നിന്നു… ചേതൻ കുറച്ചു വെള്ളവും കുടിച്ചു കൊണ്ട് സെറ്റിയിലേക്കു അമർന്നിരുന്നു കണ്ണുകളടച്ചു…. അവനു വല്ലാതെ തല വേദനിക്കുന്നുണ്ടായിരുന്നു.

അതുവരെ നടന്നതെല്ലാം ചാരു രഞ്ജുവിനെ അറിയിച്ചു… പലപ്പോഴും ഋതുവിന്റെ കണ്ണുകൾ ചേതന്റെ മുഖത്തേക്ക് നീങ്ങി…

കാര്യമറിയാതെ അവനെ എന്തൊക്കെയാ പറഞ്ഞതെന്ന് ആലോചിച്ചപ്പോൾ അവൾക്കു വല്ലാത്ത വിഷമം തോന്നി…

“ചേതൻ… അരുണിനെ പൊക്കാം നമുക്ക്… വാ ഇപ്പൊ വീട്ടിലേക്കു പോകാം… ” രഞ്ജു ചേതന്റെ തോളിൽ കൈ വച്ചു… ആ നിമിഷം അവന്റെ മുഖം ദേഷ്യത്തിൽ വലിഞ്ഞു മുറുകിയിരുന്നു.

ചേതന്റെ കണ്ണുകൾ ദേഷ്യത്തിൽ തിളങ്ങി… പത്തി വിടർത്തി വിഷം ചീറ്റുന്ന നാഗത്തിന്റെ കണ്ണുകൾപോലെ തോന്നിച്ചു അവന്റെ കണ്ണുകൾ… ചാരുവിന് പോലും അന്യമായിരുന്നു ചേതന്റെയ മുഖം.

“ഋതു… വരു വീട്ടിൽ കൊണ്ടാക്കാം… ഇപ്പൊ ഒരുപാട് നേരം വൈകി… എന്തു തന്നെയാണെങ്കിലും നമുക്ക് നാളെ തീരുമാനിക്കാം ” ചാരു ഋതുവിനുവരികിലേക്കു എത്തി അവളുടെ തോളിൽ തട്ടി പറഞ്ഞു.

ഋതു വീണ്ടും നിന്ന് കരഞ്ഞതല്ലാതെ ഒന്നും പറഞ്ഞില്ല… ” ഋതു…” ചാരു ഒന്നുകൂടി വിളിച്ചു.

“മാഡം… അവൾക്ക് വീട്ടിൽ താമസിക്കാൻ ആകില്ല.. അവളുടെ വീട്ടിലെ അവസ്ഥയങ്ങനെയാണ്… മാത്രവുമല്ല…

ഇങ്ങനെയെന്തെങ്കിലും സംഭവിച്ചെന്നു അറിഞ്ഞാൽ പിന്നെ… ” അനു ഋതുവിന്റെ അവസ്ഥ എന്താണെന്ന് അവർക്ക് മുന്നിൽ പറഞ്ഞു നിർത്തി.

“രണ്ടു ദിവസമായി വർക്കിങ് വുമൻസ് ഹോസ്റ്റലിൽ ആണ് ഋതു…

ഇപ്പൊ ഈ നേരമായത് കൊണ്ട്… ” ബാക്കി ഭാഗം അനന്തുവാണ് പറഞ്ഞതു. നിസ്സഹായവസ്ഥയിൽ തല കുനിച്ചു നിൽക്കാൻ മാത്രമേ ഋതുവിനായുള്ളൂ.

“ഋതുവിനെ ഞങ്ങൾ കൊണ്ടുപോകാം… നിങ്ങൾ രണ്ടാളും നാളെ ഉച്ചതിരിഞ്ഞു നന്ദനത്തിലേക്കു വരണം” ചാരുവിന്റെ വാക്കുകൾ ഉറച്ചതായിരുന്നു. രഞ്ജുവും ചേതനും സൂര്യയും ആദ്യമൊന്നു അതിശയിച്ചു…

ചാരുവിന്റെ വാക്കുകൾ എതിർക്കാനും തോന്നിയില്ല അവർക്ക്…. തങ്ങളുടെ വീട്ടിലേക്കു മാത്രമല്ല ജീവിതത്തിലേക്ക് കൂടിയാണ് ഋതുവിന്റെ വരവെന്നു ആ നിമിഷത്തിൽ ചാരു അറിഞ്ഞില്ല..

തുടരും

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

ഋതു ചാരുത : ഭാഗം 1

ഋതു ചാരുത : ഭാഗം 2

ഋതു ചാരുത : ഭാഗം 3

ഋതു ചാരുത : ഭാഗം 4

ഋതു ചാരുത : ഭാഗം 5

ഋതു ചാരുത : ഭാഗം 6