Sunday, October 6, 2024
Novel

ചാരുലത : ഭാഗം 10 – അവസാനിച്ചു

നോവൽ
എഴുത്തുകാരി: തമസാ

ഐ സി യൂ വിലേക്ക് ചാരുവിനെ മാറ്റിയപ്പോൾ തൊട്ട് ഒരു പ്രതിമ കണക്കെ അതിന് മുൻപിൽ ഇട്ടിരിക്കുന്ന തടി ബെഞ്ചിൽ ഇരിക്കാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ..

ബ്ലഡ്‌ അറേഞ്ച് ചെയ്യാനും മരുന്ന് മേടിക്കാനും ആയി ബാക്കി എല്ലാവരും ഓടുമ്പോൾ എനിക്ക് എന്റെ പ്രതീക്ഷകൾ എല്ലാം നശിച്ചു കഴിഞ്ഞിരുന്നു..

അമ്നിയോട്ടിക് ഫ്‌ല്യൂയിഡ് എംബോളിസം വന്നാൽ കാർഡിയാക് അറസ്റ്റ് വരാൻ സാധ്യത ഉണ്ടെന്ന് എനിക്ക് നേരത്തേ അറിയാമായിരുന്നത് കൊണ്ട് എനിക്ക് ഏറെക്കുറെ അവളെ നഷ്ടപ്പെട്ടു എന്ന് തന്നെ ഞാൻ കരുതി….വയ്യ… അവളില്ലാതെ ഒരു ജന്മം ജീവിച്ചു തീർക്കാൻ.. .

ഇടയ്ക്ക് കണ്ണാടി ചില്ലിനിടയിലൂടെ അവളെ ഞാനൊന്ന് കണ്ടിരുന്നു.. ഞാൻ ആഗ്രഹിച്ച പോലെ എനിക്ക് തൂവെണ്ണക്കുടം പോലൊരു മകളെ തന്നിട്ട് എല്ലാം ഏറ്റു വാങ്ങി കുറേ യന്ത്രങ്ങൾക്ക് നടുവിൽ ഒന്നും അറിയാതെ അവൾ കിടക്കുന്നത് കണ്ടപ്പോൾ ചങ്ക് പൊടിയുന്നുണ്ടായിരുന്നു എനിക്ക്..

മോളേ പോലും കാണാൻ പറ്റിയിട്ടില്ല അവൾക്ക് ഇതുവരെ…

എല്ലാവരും ഒറ്റപ്പെടുത്തി ആട്ടിപ്പായിച്ചപ്പോളും ജീവിക്കാൻ ഒരു ഗതിയും ഇല്ലാതിരുന്നിട്ടും നുള്ളി കളയാതെ അവൾ കാത്ത് വെച്ച്…

ജീവൻ പറിഞ്ഞു പോവുന്ന വേദന സഹിച്ചു ജന്മം നൽകിയിട്ട് ആ മകളെ പോലും ഒരു നോക്ക് കാണാൻ പോലും സാധിക്കാതെ പോവുന്ന നിർഭാഗ്യവതിയായ അമ്മ ആവല്ലേ അവൾ എന്ന് സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു ഞാൻ..

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

അടുത്ത ദിവസം രാവിലെ തന്നെ നന്ദിതയും അമ്മായിയും വന്നു… കുഞ്ഞിനെ വെളുപ്പിന് ഞങ്ങൾക്ക് തന്നിരുന്നു….റൂം എടുത്തു.. അച്ഛനും അമ്മയും മോളെയും കൊണ്ട് റൂമിൽ ഉണ്ട്..

ഫ്രണ്ട്‌സ് ഫ്രഷ് ആവാൻ വേണ്ടി തിരിച്ചു പോയിരുന്നു.. ആ നേരത്താണ് ഇവരുടെ വരവും… കൂടെ ഞാനും റൂമിലേക്ക് ചെന്നു..

മോള് അച്ഛന്റെ ചൂടുപറ്റി മടിയിൽ കിടക്കുന്നുണ്ട്… പൊതിഞ്ഞു പിടിച്ചേക്കുവാണ് അവളെ…

” എന്റെ ഓപ്പേ.. ഈ പെണ്ണ് വീട്ടിൽ കിടന്ന് എന്ത് ബഹളം ആയിരുന്നെന്നോ കുഞ്ഞിനെ കാണണം എന്ന് പറഞ്ഞ്.. രണ്ട് മാസം കഴിഞ്ഞാൽ സ്വന്തം കുഞ്ഞു വരും..

പിന്നെന്തിനാ ഇവളിങ്ങനെ കിടന്ന് തുള്ളുന്നത് എന്നാ മനസിലാവാത്തത്.. ”

നെറ്റി ചുളിച്ച് എന്തോ അരുതാത്തത് സംഭവിച്ചത് പോലെ ആണ് അമ്മായി അത് പറഞ്ഞത്..

” എന്റെ ഏട്ടന്റെ കുഞ്ഞെന്നു പറഞ്ഞാൽ അത് എന്റെ കൂടി ചോരയാണ് അമ്മായീ….എനിക്കെങ്ങനെ വെറുക്കാൻ പറ്റും…

ഞങ്ങളെ അമ്മായി സ്വന്തം മക്കളെ പോലെ തന്നെ അല്ലേ കണ്ടത്.. അത് പോലെ തന്നെ ആണ് എനിക്ക് എന്റെ നന്ദൂട്ടന്റെ കുഞ്ഞും..

പിന്നെ അമ്മായിക്ക് ചാരുലതയെ ഇഷ്ടപ്പെട്ടില്ലെങ്കിൽ എനിക്ക് എന്ത് ചെയ്യാൻ പറ്റും.. എനിക്ക് എന്റെ കുഞ്ഞിനോളം വലുതാണ് എന്റെ ഏട്ടന്റെ കുഞ്ഞും…

സ്വന്തം കൂടപ്പിറപ്പിന്റെ ചോരയിലുണ്ടായ കുഞ്ഞെന്നു പറഞ്ഞാൽ അത് ഒരു വികാരം ആണ് അമ്മായീ.. എന്റെ ഏട്ടൻ ഇക്കാലത്തോളം ചെയ്ത തെറ്റിന് ഇങ്ങനൊക്കെ എങ്കിലും പ്രായശ്ചിത്തം ആവട്ടെ ”

എനിക്കവളുടെ വാക്കുകൾ ഒരു ആശ്വാസം ആയിരുന്നു… ഇന്ന് എന്നെപ്പോലെ തന്നെ ചാരുവിന്റെ മടങ്ങി വരവിനെ ഇവരൊക്കെ ആഗ്രഹിക്കുന്നല്ലോ..

” അച്ഛാച്ഛയുടെ നന്ദുമോള് നോക്കിയേ.. പൊന്നിനെ കാണാൻ വേണ്ടി ദേ അമ്മായി ഓടി വന്നിട്ടുണ്ട് ”

അച്ഛൻ മോളേ കുഞ്ഞോൾക്ക് കാട്ടി കൊടുക്കുവാണ്.. അമ്മയും അവളും എല്ലാം മോളേ നിധി പോലെ നോക്കി കാണുന്നുണ്ട്..

” അച്ഛാ.. എന്റെ മടിയിൽ വെച്ച് തായോ… എനിക്ക് കൊതിയാവുന്നു കണ്ടിട്ട്… ”

” ഒന്ന് അനങ്ങാതിരിക്ക് കൊച്ചേ… വല്ല കാട്ടുവാസി പെണ്ണും പെറ്റിട്ടതിനെ എടുക്കാൻ നടക്കുവാ.. കുടുംബത്തിന് മൊത്തത്തിൽ വട്ടായോ…. ഇതിന്റെ തള്ള എവിടെ.. കണ്ടില്ലല്ലോ.. അതോ പ്രസവത്തോടെ മരിച്ചോ.. ”

കാര്യം പറഞ്ഞാൽ അവളെ ICU വിലേക്ക് മാറ്റിയതൊന്നും വീട്ടിലേക്ക് വിളിച്ചു പറഞ്ഞിരുന്നില്ല.. എന്നാലും….

എനിക്കെന്റെ ദേഷ്യം അടക്കാൻ സാധിച്ചില്ല.. അവിടെ കിടന്ന പ്ലാസ്റ്റിക് കസേര എടുത്ത് ഞാൻ തറയിലേക്ക് അടിച്ചു.. അതിന്റെ കാലൊക്കെ ഒടിഞ്ഞു…

എന്നിട്ടും എനിക്കെന്റെ കോപം താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല.. ശബ്ദം കേട്ട് കുഞ്ഞും എണീറ്റ് ഉറക്കെ കരഞ്ഞു തുടങ്ങിയിരുന്നു..

” അമ്മായി എന്ന് വിളിച്ച നാവ് കൊണ്ട് വേറെ ഒന്നും വിളിപ്പിക്കരുത് എന്നെക്കൊണ്ട്.. അല്ലെങ്കിൽ തന്നെ എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുവാ ഞാൻ.. അവൾ മാത്രമല്ല.. ഞാനും കൂടി ചത്തു തരാം..

അപ്പനും അമ്മയും ഇല്ലാതെ വളരട്ടെ എന്റെ കുഞ്ഞ്.. എന്നിട്ട് എന്നെ പോലെ ഉള്ള കഴുകന്മാർ കൊത്തിപ്പറിക്കട്ടെ എന്റെ കുഞ്ഞിനെ.. അപ്പോഴെങ്കിലും ആശ്വാസം കിട്ടട്ടെ നിങ്ങൾക്കൊക്കെ….

ഒരു തുള്ളി മുലപ്പാൽ പോലും കുടിക്കാൻ പറ്റാതെയാ എന്റെ കുഞ്ഞീ കിടപ്പ് കിടക്കുന്നത്.. വെറും പൊടി കലക്കിയത് കുടിച്ച്…

നിങ്ങളുടെ ഒറ്റൊരാളുടെ ഭ്രാന്ത് കാരണം.. ഇന്നലെ നിങ്ങളൊന്നു വായടച്ചിരുന്നെങ്കിൽ എന്റെ കുഞ്ഞും ചാരുവും സുഖമായിട്ടിരുന്നേനെ..

നിങ്ങൾക്കെന്താ വേണ്ടത്… എന്റെ ചാരു മരിച്ചു കാണണോ.. എങ്കിൽ പോയി നോക്ക്… ICU വിൽ അനക്കം ഇല്ലാതെ കിടപ്പുണ്ട്..

ഇത്ര നേരം ആയിട്ടും അച്ഛനോടും അമ്മയോടും പോലും ഞാൻ എന്റെ സങ്കടം പറഞ്ഞില്ല..

റിക്കവർ ആവും എന്നാ പറഞ്ഞത്.. പക്ഷേ എന്നോട് ഡോക്ടർ എന്താ പറഞ്ഞതെന്ന് നിങ്ങൾക്കറിയുമോ… അവൾ കോമയിൽ ആണെന്ന്…

എന്തും സംഭവിക്കാം.. ചിലപ്പോൾ… ചിലപ്പോൾ എന്റെ കുഞ്ഞിനെ ഒന്ന് കാണാൻ പോലും നിൽക്കാതെ അവൾ പോവുമെന്ന്…

അല്ലെങ്കിൽ എന്നെയും കുഞ്ഞിനേയും ഓർമ പോലും ഇല്ലാതെ അവൾ ജീവിക്കും എന്ന്.. മെമ്മറി ലോസ് സംഭവിക്കാം എന്ന്..

“നിങ്ങളൊക്കെ എനിക്ക് പറഞ്ഞു താ ഞാൻ എന്താ ചെയ്യണ്ടതെന്ന്…. ”

കുഞ്ഞിനെ അച്ഛന്റെ കയ്യിൽ നിന്ന് വാരി എടുത്ത് നെഞ്ചോട് ചേർക്കുമ്പോൾ എന്റെ മോള് കരയുകയായിരുന്നു… ഞാനും കൂടെ കരഞ്ഞു.. അല്ലാതെനിക്കെന്ത് പറ്റും…

” ഒരിക്കൽ അവളെന്നോട് പറഞ്ഞതാ, ഞാൻ അവളെയും കുഞ്ഞിനേയും സ്നേഹിച്ചു സ്നേഹിച്ച്,

അതിന്റെ കൊടുമുടിയിൽ എത്തുമ്പോൾ അവളെന്നെ തനിച്ചാക്കി പോവുമെന്ന്…
ഇപ്പോൾ അത് അങ്ങനെ തന്നെ ആയില്ലേ..

നിങ്ങൾക്കൊക്കെ ഒരു ശല്യമാണെങ്കിൽ എന്റെ കുഞ്ഞിനെ ഞാൻ തന്നെ കൊന്നേക്കാം.. പിന്നെ എനിക്കും ചാരുവിനും സമാധാനമായി മരിക്കാലോ.. ”

നന്ദിത വേഗം വന്ന് കുഞ്ഞിനെ എന്റെ കയ്യിൽ നിന്ന് വാങ്ങി…

” ഏട്ടന്റെ മോളെ ഞാൻ പൊന്നുപോലെ നോക്കില്ലേ ഏട്ടാ.. ആര് വെറുത്താലും ഏട്ടന്റെ കുഞ്ഞോൾക്ക് പറ്റുവോ ഈ കുഞ്ഞിനെ വെറുക്കാൻ..

ചാരുവിനൊന്നും വരില്ല.. നമ്മുടെ വീട്ടിലേക്ക് നമ്മൾ കൊണ്ട് പോവും ജീവനോടെ തന്നെ നമ്മുടെ പൊന്നു വാവയെയും അവളുടെ അമ്മയെയും.. ”

അമ്മ മോളെയും കൊണ്ട് നഴ്സിംഗ് റൂമിലേക്ക് പോയി..

ഒന്നും മിണ്ടാതെ ഞാനും അമ്മായിയും അച്ഛനും കുഞ്ഞോളും മാത്രം..

അച്ഛൻ വന്ന് എന്റെ തോളിൽ പിടിച്ചു..

” വിഷമിക്കല്ലേ മോനെ.. ഒരു കുഴപ്പവും ഉണ്ടാവില്ല.. നമുക്ക് അവളെ തിരികെ കിട്ടും.. ”

” പിന്നെ ദേവൂ… നമുക്ക് ഇനി ഇങ്ങനൊരു സംഭാഷണം വേണ്ട.. എന്റെ മോൻ ചതിച്ച് ഗർഭിണിയാക്കി ഉപേക്ഷിച്ചിട്ടും അവനേ വെറുക്കാതെ…

ആ കുഞ്ഞിനെ കളയാതെ കാത്തതാണ് ആ മോള്…

നമുക്കൊന്നും അവളുടെ അടുത്ത് നിൽക്കാൻ പോലും യോഗ്യത ഇല്ല.. ഇവന്റെ കുഞ്ഞല്ലെന്ന് പറഞ്ഞ് ആക്ഷേപിച്ചിട്ടും പിടിച്ച് നിന്നതാ ആ മോള്..

നമ്മൾ കൊടുത്ത വിഷമം താങ്ങാൻ പറ്റാതെ ആണ് ഈ കുഞ്ഞിനെ പ്രസവിച്ചതും ഒന്നും അറിയാതെ അവിടെ കിടക്കുന്നതും..

ഇവനോട് ക്ഷമിക്കാൻ പറ്റുമെങ്കിൽ നമുക്ക് അവളെയും അംഗീകരിച്ചേ പറ്റുള്ളൂ… കാരണം എന്റെ കുടുംബത്തിൽ പുതിയ തലമുറയിലെ ആദ്യ കുഞ്ഞിനെ തന്നത് അവളാ.. എന്റെ നന്ദിതയെ പറച്ചു വെച്ച പോലൊരു കുഞ്ഞും..

എന്നെ സംബന്ധിച്ചിടത്തോളം ദേവിയാ അവൾ… സ്വന്തം കുഞ്ഞിനായി എല്ലാം സഹിച്ചവൾ… ഇരു കയ്യും നീട്ടി ഞാൻ സ്വീകരിക്കും അവളെ എന്റെ വീട്ടിലേക്ക്….

നീയും അങ്ങനെ തന്നെ ആവണം അവളെ കാണുന്നത് .. കാട്ടിൽ പിറന്നതോ വളർന്നതോ എന്തുമാവട്ടെ അവൾ… ഇപ്പോൾ അവളെനിക്ക് എന്റെ വീടിന്റെ ലക്ഷ്മിയാ..

ഇനി അവളെ പറഞ്ഞാൽ ക്ഷമിക്കില്ല ഞാൻ.. മനസ്സിലായോ ദേവൂ നിനക്ക്.. അവന്റെ അമ്മായി അല്ലേ നീ.. അതിന്റെ പക്വത കാണിക്ക്.. ”

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

ഇന്നെന്റെ മോളുടെ നൂലുകെട്ട് ചടങ്ങാണ്.. അമ്പത്തിയാറ്‌.. വലിയ ആഘോഷം വേണ്ടെന്ന് പറഞ്ഞതാണ് ഞാൻ.. പക്ഷേ അച്ഛന് നിർബന്ധം..

ആദ്യത്തെ കുട്ടി അല്ലേ… അതുകൊണ്ട് വിട്ടു വീഴ്ച ഇല്ലത്രെ ആ കാര്യത്തിൽ.. മോൾക്കും അച്ഛനെ വലിയ കാര്യമാണ്… അച്ഛൻ നന്ദുമോളെ എന്ന് വിളിക്കുമ്പോഴേക്കും കണ്ണ് മിഴിച്ചു ചുറ്റും നോക്കും…

ഓഫീസിൽ നിന്ന് വന്നാൽ അച്ഛൻ വേഗം കുളിച്ച് ഓടി ചെല്ലും എന്ന് അമ്മ പറഞ്ഞു കേൾക്കാറുണ്ട്.. നന്ദിതയ്ക്കും അഡ്മിറ്റ്‌ ആവേണ്ട ഡേറ്റ് ആയി..

പിന്നെ അന്ന് ബുക്ക്‌ ചെയ്ത സ്ത്രീ വരുന്നത് കൊണ്ട് വലിയ ബുദ്ധിമുട്ടൊന്നും ഇല്ല.. എല്ലാ വീകെൻഡിലും സംഗിയും നവീനും ഗ്രീഷ്മയും ആനും ഇവിടെ കാണും… കൊച്ചിന്റെ മ്യാമന്മാർ…. 👌

” നന്ദൂ.. സമയമായി വന്നിരിക്ക്…”

എത്തി അച്ഛന്റെ കല്പന..

” മോളെയും കൊണ്ട് വേഗം വാ ”

മുകളിലെ എന്റെ മുറിയിൽ നിന്നും സ്റ്റെപ്പിറങ്ങി അവൾ വന്നു…എന്റെ ചാരു… അമ്മ കയ്യിൽ പിടിച്ചിട്ടുണ്ട്…

അത് കാണുമ്പോൾ എന്റെ കണ്ണ് നിറയുവാ..
തിരിച്ചു കിട്ടും എന്ന് കരുതിയില്ല.. ഇപ്പോൾ എന്റെ മോളുടെ അമ്മയായി എന്റെ അടുത്ത് അവളിരിക്കുമ്പോൾ, അന്ന് അവളെ ചതിച്ചു സ്വന്തമാക്കിയതിനേക്കാൾ സന്തോഷമാണെനിക്ക്..

അച്ഛൻ മോളേ എന്റെ മടിയിലേക്ക് കിടത്തി..

” വേഗം കെട്ടി എണീറ്റോ.. ചാരു മോളെ അധിക നേരം ഇരുത്താൻ പറ്റില്ല ഇങ്ങനെ.. “(അമ്മായി )

ഇപ്പോൾ ചക്കരയും അടയും ആണ് രണ്ടും..

കറുത്ത ചരട് അരയിൽ കെട്ടി ഞാൻ മോളുടെ ചെവിയിൽ പേര് വിളിച്ചു. –

“ആത്മജ ”

ആത്മജ എന്നാൽ മകൾ എന്നർത്ഥം…
ഇതെന്റെ മകളാണ്, ഞാൻ ചതിച്ചു സമ്മാനിച്ച മകൾ…

പക്ഷേ ഇന്നവളെന്റെ ജീവനാണ്… എന്റെ രാവും പകലും അവളെ ചുംബിച്ചാണ് തുടങ്ങുന്നത് ..

അന്ന് ഒരാഴ്ച കഴിഞ്ഞാണ് ചാരുവിനെ ICU വിൽ നിന്ന് ഞങ്ങൾക്ക് തന്നത്.. അതും നല്ലപോലെ കെയർ ചെയ്യണം.. എന്നൊക്കെ പറഞ്ഞു തന്നതാ… ഇതുവരെ അവളെ എന്റെ വീട്ടുകാര് നിലത്തു വെച്ചിട്ടില്ല…

ഇടയ്ക്ക് അവൾ പറഞ്ഞു, നന്ദാ എന്റെ ഭാഗ്യമാണ് നീയെന്ന്… അല്ലെങ്കിൽ അവൾക്ക് ഇത് പോലെ സ്നേഹിക്കുന്നൊരു അച്ഛനെയും അമ്മയെയും നാത്തൂനെയും കിട്ടില്ലായിരുന്നെന്ന്…

ഒരു മാസം മുൻപ് ഞങ്ങൾ വിവാഹം രജിസ്റ്റർ ചെയ്തു… ഇപ്പോൾ ലീഗലി ” ചാരുലത നന്ദകിഷോർ ” ആണ്…

അതൊക്കെ ഓർക്കുമ്പോൾ കണ്ണും ചുണ്ടും നിറഞ്ഞൊരു ചിരി എന്നിലും അവളിലും നിറഞ്ഞു.. ഞങ്ങൾ മുഖത്തോട് മുഖം നോക്കി…

എന്റെ മോൾക്കും അവളെ സമ്മാനിച്ച ചാരുവിനും ഞാൻ ഓരോ ഉമ്മകൾ നൽകി…
എന്റെ നിർവൃതി ..

എല്ലാവരും സ്വർണം കൊണ്ട് പൊതിയുന്നുണ്ടെന്റെ മോളെ…

അച്ഛൻ -മാല… കുഞ്ഞോള് കമ്മൽ… അമ്മായി -വള… പിന്നെ എന്റെ വക ഒരു പൊന്നരഞ്ഞാണം എന്റെ നന്ദുമോൾക്ക്..

അച്ഛൻ ഇട്ടപേരാണിപ്പോൾ എല്ലാവരും വിളിക്കുന്നത്…

കൂട്ടുകാരൊക്കെ ചേർന്നൊരു ജോഡി പാദസരവും …

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

നൂലുകെട്ടിന്റെ തിരക്കെല്ലാം കഴിഞ്ഞ് എല്ലാരും മയക്കത്തിലാണ്… മോള് അമ്മായിയുടെ കൂടെയും…

ചാരു കിടക്കുന്ന മുറിയിൽ അവളെ എന്റെ മടിയിൽ കിടത്തി ചിന്താമഗ്നനായി ഞാൻ ചാരി ഇരുന്നു..

” ചാരൂ ”

” പറ നന്ദാ ”

” ഡീ എനിക്കൊരു പേടി ഉള്ളിൽ, ചില ദിവസങ്ങളിൽ ഒന്നും ഉറങ്ങാൻ പറ്റണില്ല ”

“എന്താ കാര്യം എന്ന് എന്നോട് പറയ്.. അപ്പോൾ കുറച്ച് ആശ്വാസം കിട്ടുമായിരിക്കും”

” നമുക്ക് ഉള്ളത് ഒരു മോള് അല്ലേ ചാരൂ.. എന്നും ഓരോ വാർത്തകൾ കാണുമ്പോൾ ഉള്ളിലൊരു പേടി തോന്നുവാ..

ഈ സമൂഹത്തിലേക്ക് എങ്ങനെയാ നമ്മുടെ കുഞ്ഞിനെ വളർത്തി വലുതാക്കി നമ്മൾ ഇറക്കി വിടുന്നത്..

എല്ലായിടത്തും കഴുകന്മാർ റോന്ത് ചുറ്റുന്നുണ്ടാവും… ഞാൻ നിന്നെ എന്നിലേക്കെത്തിച്ച പോലെ എന്റെ മോളും അങ്ങനെ ചതിക്കുഴിയിൽ വീഴുവോ ചാരൂ.. ”

“അവള് കുഞ്ഞല്ലേ നന്ദാ.. വലുതാവുമ്പോൾ നമുക്ക് ഈ ലോകം എങ്ങനെയാണെന്ന് പറഞ്ഞു കൊടുത്തു വളർത്തണം അവളെ… ”

എന്നിട്ടും എന്റെ മനസ് ശാന്തമായില്ല..

” അതല്ല ചാരൂ… ഇപ്പോൾ അങ്ങനെ പ്രായം ഒന്നുമില്ല.. പിഞ്ചു കുഞ്ഞിനെ പോലും പീഡിപ്പിക്കുന്നവരുടെ കാലമാണ്.. പിന്നെങ്ങനെ സമാധാനമായി ഉറങ്ങാൻ ഒരു പെൺകുഞ്ഞിന്റെ അച്ഛന് പറ്റും… ”

💢 ” നാളെ തനിക്കും ഒരു പെൺകുഞ്ഞുണ്ടാവുമെന്നും, അവള് സമൂഹത്തിൽ സുരക്ഷിതയായിരിക്കാൻ അന്നത്തെ തലമുറ അല്ല…

ഇപ്പോഴേ നല്ലത് ചെയ്ത് ശീലിച്ച്, അവർക്ക് അന്ന് മാതൃകയാക്കാൻ എന്നെപ്പോലെ ഉള്ളവർ തന്നെ വേണമെന്ന് ഓരോരുത്തരും ചിന്തിച്ചാൽ നാളെ ഏത് പെണ്ണിനും ധൈര്യമായി ജീവിക്കാൻ പറ്റുന്നൊരു സമൂഹം ഉണ്ടാകും..

നമ്മൾ ഇന്ന് മുതൽ തന്നെ അവർക്ക് മാതൃക ആവണമെന്ന് മാത്രം…”. 💢

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

” നന്ദൂ.. മോള് കരയുന്നു…വിശന്നിട്ടാ. .. ഇനി എന്നെകൊണ്ട് സ്റ്റെപ്പ് കയറാൻ വയ്യ.. നീ മോളെ ചാരുവിന്റെ അടുത്തേക്ക് കൊണ്ട് പൊയ്ക്കോ.. വാ… ” ( അമ്മായി )

താഴെ ചെന്ന് മോളെ എടുത്തുകൊണ്ടു വന്നു… വയർ നിറഞ്ഞു കഴിഞ്ഞപ്പോൾ എന്റെ പൊന്നുമോൾക്ക് പിന്നെ ചിരിയാണ്.. അവളോട് മിണ്ടിയില്ലെങ്കിൽ മുഖത്തേക്ക് നോക്കി വിങ്ങിപൊട്ടും..

ചാരു പറയും, അച്ഛന്റെ മോള് തന്നെയാ.. കാര്യം കാണാൻ നല്ല അഭിനയം ആണെന്ന്..

നീ പോടീ… ഞങ്ങൾ അച്ഛനും മോളും ഒരു ചോരയാടീ… നീയേതാ..? …. അല്ലേ ഡാ നന്ദുമോളെ എന്ന് ഞാൻ ചോദിക്കുമ്പോൾ അവളും കൂടെ ചിരിക്കും…

ഇത് ഞങ്ങളുടെ സ്വർഗമാണ്…. നന്ദകിഷോറെന്ന ഞാനും, ഈ നന്ദന്റെ കാട്ടുപൂവും കുഞ്ഞിപ്പൂവും വിരിഞ്ഞു നിന്ന് സുഗന്ധം പരത്തുന്ന നന്ദവൃന്ദാവനം…..

ആരും കൊതി പറയല്ലേ ഞങ്ങളുടെ ഈ സ്വർഗത്തെ കുറിച്ച്…

ജീവിച്ചും ആസ്വദിച്ചും കൊതി തീർന്നിട്ടില്ല ഞങ്ങൾക്ക് …..

❤️❤️❤️❤️ ശുഭം ❤️❤️❤️❤️

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

ചാരുലത : ഭാഗം 1

ചാരുലത : ഭാഗം 2

ചാരുലത : ഭാഗം 3

ചാരുലത : ഭാഗം 4

ചാരുലത : ഭാഗം 5

ചാരുലത : ഭാഗം 6

ചാരുലത : ഭാഗം 7

ചാരുലത : ഭാഗം 8

ചാരുലത : ഭാഗം 9