Saturday, January 18, 2025
Novel

ഋതു ചാരുത : ഭാഗം 5

എഴുത്തുകാരി: സേഷ്മ ധനേഷ്‌


“തേടി നടന്ന സുഹൃത്തിനെ കിട്ടി…. ഫ്രണ്ട്‌സ്” ശ്രീകുട്ടിക്ക് കൈ കൊടുക്കുമ്പോൾ ക്രൂരമായ ചിരി അവന്റെ ചുണ്ടിലും ശ്രീകുട്ടിയുടെ കണ്ണുകളിലും തിളങ്ങി നിന്നു. “ശ്രീകുട്ടിക്ക് എന്താ അവളോട്‌ ഇത്ര ദേഷ്യം” കൗശലത്തോടെ അരുൺ അവളുടെ ഉള്ളറിയാൻ ശ്രമിച്ചു.

“അതു… അതു പിന്നെ…. ” ശ്രീകുട്ടിയൊന്നു നിർത്തി. അല്ലെങ്കിലും ശത്രുവിന്റെ ശത്രുവിനോട് കൂട്ടു കൂടുമ്പോൾ എല്ലാം പറയുന്നത് നല്ലതാണെന്നു അവൾക്കു തോന്നി.

മാത്രമല്ല തനിക്കുള്ളിൽ കുറെ നാളുകളായി എരിയുന്ന കനലുകൾ ആരോടെങ്കിലും പറയണമെന്ന് അവൾക്കു തോന്നിയിരുന്നു. പറയണം… അരുൺ ആ കനലുകൾ ആളി കത്തിക്കുമെന്ന് അവൾക്കറിയാമായിരുന്നു.

അറിഞ്ഞുകൊണ്ട് തന്നെ കൂട്ടുതേടി ചെല്ലുന്നതാണ് താൻ എന്ന ബോധം അവളിൽ നന്നായിയുണ്ടായിരുന്നു.

“ഡോക്ടറിന് അറിയാലോ അനുവും ഋതുവും അനന്തുവുമൊക്കെ ആദ്യം മുതലേ അറിയുന്നവരാണ്.

ഒരുമിച്ചു പഠിച്ചവർ. ഞാൻ അവരുടെ കൂട്ടത്തിൽ എത്തുന്നത് നഴ്സിങ് പഠിക്കുന്ന സമയത്താണ്.

അന്ന് തൊട്ടു മനസിൽ കയറി കൂടിയ ഒരു മുഖമുണ്ട് …. അനുവിന്റെ… ഒരു ചാവലി പട്ടിയെ പോലെ ഞാൻ അവന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.

എന്തു പറഞ്ഞാലും ഋതുവിന്റെ സ്വഭാവ മഹിമയോട് ഉപമിക്കുന്നത് കേൾക്കുമ്പോഴേ എനിക്ക് ചൊറിഞ്ഞു വരും. അവനെയെനിക്ക് അത്രക്കും ഇഷ്ടമാണ്.

പക്ഷെ… എൻറെയ ഇഷ്ടം ഒരിക്കൽ പോലും… ഒരു നോട്ടം കൊണ്ടുപോലും അംഗീകരിക്കുന്നില്ല അവൻ.

അവനു എന്നും ഋതുമയമാണ് എല്ലാം. അവന്റെ നോട്ടത്തിൽ ഋതു അല്ലാതെ ഒരു പെണ്കുട്ടിയും നല്ലതല്ല.

അവനു വേണ്ടിയാണ് എന്റെ വീടും വീട്ടുകരെയുമൊക്കെ വിട്ടു ഇത്ര ദൂരം വന്നു ജോലി ചെയ്യുന്നത്.

അവനു വേണ്ടിയാണ് അവളെ ഇഷ്ടമല്ലാതിരുന്നിട്ടു കൂടി കൂട്ടുകൂടി നടക്കുന്നത്.

എല്ലാം അവനു വേണ്ടിയാണ്. അത്രക്കും ഭ്രാന്തമാണ് എനിക്ക് അവനോടുള്ള സ്നേഹം… ”

ഒരേ സമയം ശ്രീകുട്ടിയുടെ കണ്ണുകളിൽ സ്നേഹവും പ്രണയവും മാറി മാറി വരികയും…

പകയുടെയും ദേഷ്യത്തിന്റെയും നേരിപോട് ചുവപ്പായി അവളുടെ കണ്ണുകളിൽ പടരുകയും ചെയ്തിരുന്നു.

പക്ഷെ…. അരുൺ താടിയിൽ വിരൽചേർത്തു വച്ചു ചെയറിൽ ചാഞ്ഞിരുന്നു അവളെ കേൾക്കുകയായിരുന്നു.

അവനറിയാം… അനുവും ഋതുവും തമ്മിലുള്ള കൂട്ടുകെട്ടിന്റെ….. ആ ബന്ധത്തിന്റെ ആഴപ്പരപ്പ്.

ഒരിക്കലും അനുവിന്റെയുള്ളിൽ ഋതുവിനെ മറ്റൊരു കണ്ണുകൾകൊണ്ടു കാണില്ലയെന്നു അരുണിന് തീർച്ചയായിരുന്നു.

അനുവും ഋതുവും അനന്തുവും…

അവരുടേത് ആർക്കും അസൂയ തോന്നുന്ന ഒരു സുഹൃത് വലയമാണ്. അതാണ് ഇവൾ തെറ്റിദ്ധരിച്ചിരിക്കുന്നത്.

പക്ഷെ ഇവളുടെ ഈ തെറ്റിദ്ധാരണ തനിക്കു പ്രയോജനകമാകുന്ന രീതിയിൽ ഉപയോഗപ്പെടുത്താനാണ് അരുൺ ആ നിമിഷം ചിന്തിച്ചത്. പിന്നെയും അവളുടെ പക മുറ്റിയ വാക്കുകൾക്കായി അരുൺ കാതോർത്തു.

“എനിക്ക് ഉറപ്പാണ് ഡോക്ടർ അനുവിന്റെ മനസിൽ ഋതുവിന് സുഹൃത്തിന് അപ്പുറം ഒരു സ്ഥാനമുണ്ട്. അതുകൊണ്ടു…

അതുകൊണ്ടു മാത്രമാണ് അവൻ എന്നെ തഴയുന്നത്. അതല്ലാത്ത ഒരു കാരണം ഞാൻ കാണുന്നില്ല… എനിക്കെന്താ സൗന്ദര്യമില്ലേ…

അത്യാവശ്യത്തിനു ഋതുവിനെക്കാൾ സാമ്പത്തികവും ബന്ധുബലവും ഒക്കെയുണ്ട്.

എന്നിട്ടും അവനു എന്നെ കണ്ണിൽ പിടിക്കുന്നില്ലയെങ്കിൽ അതിനു ഒരു കാരണമെയുള്ളൂ… ഋതു… അവൾ മാത്രം”

ശ്രീകുട്ടിയുടെ ഓരോ വാക്കിലും ഋതുവിനോടുള്ള ദേഷ്യം കലർന്നിരുന്നു… അരുൺ ശ്രീകുട്ടിയെ കണ്ണുകൾ കൊണ്ടുഴിഞ്ഞു…

എങ്കിലും അവന്റെ മനസിൽ ഋതുവിന്റെ അഴകളവുകളായിരുന്നു. കയ്യെത്തും ദൂരെ വന്നിട്ടും കൈ വിട്ടുപോയ ആ തേൻകനിയിലായിരുന്നു അവന്റെ ഉള്ളം.

പിന്നീട് രണ്ടുപേരും ആ തേൻകനിയെ എങ്ങനെ വരുതിയിലാക്കാം എന്ന കൊണ്ടുപിടിച്ച ചർച്ചയിലായിരുന്നു. രണ്ടുപേരുടെ കണ്ണുകളും തിളങ്ങിയിരുന്നു… ഇരയെ കെണിവെച്ചു പിടിക്കുന്ന വേട്ടക്കാരനെപോലെ…

അരുണിന്റെ റൂമിൽ നിന്നും ഋതു കണ്ണുകൾ തുടച്ചു നേരെ ചെന്നത് അനുവിന്റെയും അനന്തുവിന്റെയും അടുത്തേക്കായിരുന്നു.

സങ്കടങ്ങൾ ഒഴുക്കി കളഞ്ഞു സന്തോഷത്തിന്റെ നിറ പുഞ്ചിരി അവളുടെ ചുണ്ടിൽ തത്തി കളിച്ചിരുന്നു.

“ഇത്രയും പുകിലുണ്ടായിട്ടും നീയെന്ത ഇങ്ങനെ ചിരിച്ചു കളിച്ചു വരുന്നേ… ഇങ്ങനെയല്ലലോ പതിവ്… കരഞ്ഞു നിലവിളിച്ചു…

ഇതെന്താ നിനക്കു വല്ല ലോട്ടറിയും അടിച്ചോ ടി ” അനുവിന്റെ ചിരിച്ചും കൊണ്ടുള്ള വരവ് കണ്ടു അനന്തു കണ്ണും തള്ളി ചോദിച്ചു.

“ഒരു മയത്തിലൊക്കെ കണ്ണു തള്ളിപിടിക്കെടാ… അതിങ്ങു താഴെ പോയാലെ നീ പിന്നെ എങ്ങിനെ വായിനോക്കും…”

അനന്തുവിന്റെ മണ്ടക്കു കൊട്ടികൊണ്ടായിരുന്നു ഋതു മറുപടി പറഞ്ഞതു.

“ദേ പെണ്ണേ നിന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട് എന്റെ മണ്ടക്കു ഇങ്ങനെ കൊട്ടരുതെന്നു… അയ്യോ എന്റെ തല” അനന്തു തലയിൽ കൈ വച്ചു അവളെ നോക്കി കെർവിച്ചു കൊണ്ടു പറഞ്ഞു.

“ആണോ… വേദനിച്ചോ നിനക്കു… എന്ന ഇതും കൂടെ ഇരിക്കട്ടെ” മുഷ്ടി ചുരുട്ടി ഒന്നുകൂടി കൊടുത്തു അനന്തുവിന്റെ മണ്ടക്കു…. അനന്തു ദേഷ്യം പിടിച്ചു ഋതുവിനെ തിരിച്ചു തല്ലാനും ഓടിച്ചിട്ടു.

ഋതു അനുവിന്റെ പുറകിലൂടെ കറങ്ങി കറങ്ങി കൊണ്ടിരുന്നു.

അനുവിനാണെങ്കിലും അനന്തുവിനാണെങ്കിലും തങ്ങളുടെ പഴയ ഋതുവിനെ കിട്ടിയ സന്തോഷത്തിലായിരുന്നു.

ഒരുപാട് നാളുകളായിരുന്നു അവളുടെ കളിച്ചിരികൾ ഇതുപോലെ കണ്ടിട്ടു.

ഋതു അനുവിനെ ചുറ്റി പിടിച്ചു നിൽക്കുന്നതും കണ്ടാണ്‌ ശ്രീക്കുട്ടി അവരുടെ അടുത്തേക്ക് വന്നത്.

ഋതുവിന്റെ മേലെ തോന്നിയ തന്റെ കണ്ണിൽ വിടർന്ന ദേഷ്യം മറ്റുള്ളവർ കാണാതെ ഇരിക്കാൻ ശ്രീക്കുട്ടി ഒരുപാട് കഷ്ടപ്പെട്ടു.

ശ്രീകുട്ടിയെ കണ്ടപ്പോൾ ഋതുവിന്റെ കൈകൾ മാറ്റി അനു മുന്നോട്ടു നടന്നു.

അവർക്കിടയിൽ നിൽക്കാൻ താൽപര്യമില്ലാത്ത പോലെ… ഋതുവിനു മനസിലായി ശ്രീകുട്ടി നിൽക്കുന്നതുകൊണ്ടാണ് അവൻ മാറി പോകുന്നതെന്ന്.

അനന്തുവും ഋതുവും എന്തൊക്കെയോ പറഞ്ഞു കൊണ്ടു ശ്രീകുട്ടിയെ ഒഴിവാക്കി വിട്ടു അനുവിന്റെ പുറകെ പോയി. അവരുടെ പോക്ക് തീ പാറും നോട്ടതോടെ ശ്രീക്കുട്ടി നോക്കി നിന്നു.

അനന്തു വേഗത്തിൽ നടന്നു അനുവിന്റെ തോളിൽ കൈയിട്ടു നടന്നു.

“നീയെന്താടാ ഒരുമാതിരി കുഞ്ഞി പിള്ളേരെ പോലെ ശ്രീകുട്ടിയോട് പിണങ്ങി നടക്കുന്നത്. അവൾ ഇഷ്ടം ആണെന്ന് പറഞ്ഞു നീ അല്ലായെന്നും. അതു അവിടെ കഴിഞ്ഞില്ലേ…

പിന്നെയും നിനക്കു എന്താ” അനന്തുവിന്റെ ചോദ്യത്തിന് ഉത്തരമായി ദേഷ്യത്തോടെ ഒരു നോട്ടം മാത്രം നൽകി കൊണ്ടു അവന്റെ കൈകൾ വലിച്ചെറിഞ്ഞു കാലുകൾ വലിച്ചു വെച്ചു നടന്നു.

അതുകണ്ട ഋതു അനന്തുവിന്റെ മണ്ടക്കു ഒരിക്കൽ കൂടി ഒരു കൊട്ട് കൊടുത്തു അനുവിന്റെ മുന്നിൽ കയറി നിന്നു. ഇനിയെന്ത് എന്നവൻ കണ്ണുകളുയർത്തി ചോദിച്ചു.

അപ്പോഴും അവന്റെ ഗൗരവം അവൻ വിട്ടിരുന്നില്ല.

“നിങ്ങൾ അരുതെന്ന് പറഞ്ഞിട്ടും ഞാൻ ചെയ്തുകൊണ്ടിരുന്ന ഒരു തെറ്റു ഞാൻ ഇന്ന് തിരുത്തി.

ഇപ്പൊ പൂർണ്ണമായും ഞാൻ നിങ്ങളുടെ പഴയ ഋതുവാണ്” അതു പറയുമ്പോഴും ഋതുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

പക്ഷെ അതു സന്തോഷത്തിന്റെയാണെന്നു അനുവിനും അനന്തുവിനും മനസ്സിലായിരുന്നു.

അനു പരിഭവം മറന്നു അവളെ ചേർത്തു പിടിച്ചിരുന്നു. ഒപ്പം അനന്തുവും. മൂവരും കുറച്ചു നേരത്തേക്ക് അവരുടെ ലോകത്തായിരുന്നു.

ഒടുവിൽ സുപ്പീരിയർ സിസ്റ്റർ ദീന വന്നു കണ്ണുരുട്ടാൻ തുടങ്ങിയപ്പോ മൂവരും സ്ഥലം വിട്ടു.

പതിവ് ബിസിനസ്സ് ചർച്ചകളിലും ഫയലുകൾ തമ്മിലുള്ള യുദ്ധത്തിലുമായിരുന്നു നന്ദനം വീട്. അമ്മുവും കൂടെയുണ്ട് ഫയൽ പഠിക്കാൻ.

ചേതൻ രഞ്ജുവിന്റെ അത്രയും സംസാരിക്കാറില്ല. പൊതുവെ കുറച്ചു ഗൗരവ പ്രകൃതമാണ് അവൻ.

ഫയലുകൾ നോക്കി കൊണ്ടിരിക്കുകയായിരുന്നു അവൻ.

ചാരു എതിർ വശത്തു ഇരിക്കുന്നുണ്ട് എങ്കിലും അവൾ എന്തോ ചിന്തയിലാണെന്നു ചേതന് തോന്നി.

അവൻ ഇടക്കിടക്ക് മിഴികളുയർത്തി നോക്കി. അപ്പോഴും കാര്യമായ ചിന്തയിൽ തന്നെ.

“ഏട്ടാ… ഞാൻ ഒരു സംശയം ചോദിക്കട്ടെ” പെട്ടന്ന് സാവിത്രിയമ്മയുടെ അടക്കം എല്ലാ കണ്ണുകളും അവൾക്കു നേരെയായി.

ബിസിനസിന്റെ ഒരു കാര്യവും ചേതനോട് അവൾ ചോദിക്കില്ല. എല്ലാം രഞ്ജുവിനോടും അമ്മയോടും ചോദിച്ചറിയാറാണ് പതിവ്.

“എന്താ മോളെ”

“നമ്മുടെ ഹോസ്പിറ്റൽ നല്ല ലാഭത്തിൽ തന്നെയല്ലേ”

ചേതൻ അര്ഥഗര്ഭമായി ചിരിച്ചുകൊണ്ട് ഫയലിലേക്കു തന്നെ ഊളിയിട്ടു. കാരണം അവളുടെയുള്ളിൽ എന്താണെന്ന് അവൻ മാത്രം മുൻകൂട്ടി കണ്ടിരുന്നു.

“അതേ. കഴിഞ്ഞ വർഷത്തേക്കാൾ 10% അധികം തന്നെയാണ് ഇത്തവണയും. പിന്നെ ഹോസ്പിറ്റലിലെ ലാഭം നമ്മൾ എടുക്കറില്ലലോ..

അതു അധികവും ട്രസ്റ്റിലേക്കും പിന്നെ പാവപ്പെട്ടവരുടെ ചികിത്സയിലേക്കും ഒക്കെയല്ലേ പോകുന്നത്.

എന്താ ചാരു” രഞ്ജു കുറച്ചു വാക്കുകളിൽ വിശദീകരിച്ചു കൊടുത്തു.

“ഇന്ന് ഹോസ്പിറ്റലിൽ നടന്ന സംഭവം ഏട്ടനും അറിഞ്ഞല്ലോ.

ഞാൻ അപ്പോൾ മുതൽ ഒരു കാര്യമാലോചിക്കുകയായിരുന്നു.

നമ്മൾ ഹോസ്പിറ്റലിൽ നിന്നും കിട്ടുന്ന ലാഭം ട്രസ്റ്റിനും പിന്നെ സാധുക്കളുടെ ചികിത്സക്കും മാത്രമല്ലേ ഉപയോഗിക്കുന്നത്…

നമുക്ക് ആ കൂട്ടത്തിൽ സ്റ്റാഫിനെ കൂടി പരിഗണിച്ചുകൂടെ” ചേതൻ ഒഴികെ എല്ലാവരുടെ കണ്ണുകളും വിടർന്നു.

“നീയെന്താ ഉദേശിക്കുന്നത്” സാവിത്രിയമ്മയുടെ ആയിരുന്നു ആ ചോദ്യം.

“അതു അമ്മേ… നഴ്സിങ് സ്റ്റാഫുകളുടെ കാര്യമാണ്. എത്ര പൈസ ചിലവാക്കിയാണ് ഒട്ടുമിക്കവരും പഠിക്കുന്നത്. എത്ര വർഷം പണിയെടുത്താലാണ് ആ കടങ്ങളൊക്കെ വീടുന്നത് തന്നെ…”

“നീ ഉദേശിക്കുന്നത് എന്താണ് അതു ആദ്യം പറയു..” കർക്കശകാരിയായ സാവിത്രിയമ്മക്കു ചാരുവിന്റെ ഉദ്ദേശം മാത്രം അറിഞ്ഞാൽ മതി.

“അതു വേറെ ഒന്നുമല്ല. സ്റ്റാഫിന് ഒരു ലോൺ സിസ്റ്റം. മനസിലായില്ല അല്ലെ…

നമ്മുടെ ഫൈനാൻസ് ആയി കണക്ട് ചെയ്തു നഴ്സിങ് സ്റ്റാഫിന് പലിശ ഇല്ലാതെ ലോൺ അനുവദിക്കുക.

മാസ ശമ്പളത്തിൽ നിന്നും തന്നെ അവരുടെ കയ്യിൽ നിന്നും ഒരു തുക പിടിക്കുക.

അത്യാവശ്യകാർക്കു അതൊരു വലിയ സഹായകരമാകുകയും നഴ്സിങ് സ്റ്റാഫ് ലോങ് ടെം ഹോസ്പിറ്റലിൽ ജോലി ചെയ്യുകയും ചെയ്യും.”

ചേതൻ ഫയലിൽ നിന്നും മുഖം ഉയർത്താതെ പറഞ്ഞു നിർത്തിയപ്പോൾ എല്ലാവർക്കും അതിശയമായി.

തന്റെ മനസിലോർത്തത് ചേതൻ കൃത്യമായി എങ്ങനെ കണ്ടുപിടിച്ചെന്ന് ചാരു ചിന്തിക്കാതെ ഇരുന്നില്ല…

പക്ഷെ തന്റെ ശ്വാസം പോലും പങ്കിട്ടെടുക്കുന്ന ചേതന് അതു മനസിലായില്ലെങ്കിൽ പിന്നെ ആർക്കാണ് എന്നൊരു മറു ചിന്ത അപ്പോൾ തന്നെ അവളുടെ മനസിൽ കുടിയേറിയപ്പോൾ അതൊരു പുഞ്ചിരിയായി അവളുടെ ചുണ്ടുകളിൽ മാറി.

“ഇതൊരു നല്ല കോണ്സെപ്റ്റ് ആണ്.

സ്റ്റാഫുകളുടെ കാര്യവും നമ്മൾ പരിഗണിക്കണമല്ലോ” രഞ്ജുവിനും എതിരഭിപ്രായം ഒന്നും തോന്നിയില്ല.

എങ്കിലും അവസാന വാക്ക് സാവിത്രിയമ്മയുടെ ആയതിനാൽ എല്ലാവരുടെയും കണ്ണുകൾ അവരിൽ തങ്ങി നിന്നു.

“ചാരുവിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നുണ്ട്. വേണ്ടത് എന്താണെന്ന് വച്ചാൽ തീരുമാനിച്ചോളൂ….

പിന്നെ അധികം ആർക്കുവേണ്ടിയ സമ്പാദിക്കുന്നത് അല്ലെ… കുട്ടിയും വട്ടിയും ഒന്നുമില്ലലോ…

അപ്പൊ പിന്നെ നാട്ടുകർക്കെങ്കിലും ഉപകാരപെടട്ടെ” സാവിത്രിയമ്മ ചാരുവിന്റെ മിഴികളിൽ ഊന്നി പറഞ്ഞു കൊണ്ടു എഴുനേറ്റു പോയി”

മിഴികളെ ശാസനയോടെ പിടിച്ചുകെട്ടി ചുണ്ടുകളിൽ പുഞ്ചിരി വിരിയിക്കാൻ ഇതിനോടകം ചാരു തയ്യാറായി കഴിഞ്ഞിരുന്നു.

അതുകൊണ്ടുതന്നെ അവളുടെ ചുണ്ടുകളിൽ പുഞ്ചിരി മാത്രമായിരുന്നു.

“നീയെൻ ഹൃദയ വീണ… സപ്ത സ്വരങ്ങളാകുന്ന നിൻ പ്രണയ രാഗത്തിൽ അലിഞ്ഞു ചേർന്നു… നിന്നിലെ എന്നെയും… എന്നിലെ നിന്നെയും…

ബന്ധനത്തിലാക്കിയ ഒരേ ചുടുനിശ്വാസങ്ങളെ പുല്കുവാൻ… നിന്നിലെ സ്വരങ്ങൾ ഒരിക്കൽ കൂടി മീട്ടുമോ പ്രിയ സഖി….”

ചേതൻ തന്റെ പ്രണയാലസ്യത്തിൽ ചാരുവിന്റെ നഗ്നമായ വയറിൽ തലവെച്ചു കിടന്നുകൊണ്ട് തന്റേയുള്ളിലെ അവൾക്കായി മാത്രം കുറിച്ച വരികൾ അവൾക്കായി പാടി.

ചേതന്റെ പ്രണയവരികൾ ആസ്വദിച്ചു കേൾക്കുന്നുണ്ടെങ്കിലും അമ്മയുടെ വാക്കുകൾ ചാരുവിന്റെ നെഞ്ചിൽ ഒരു വിങ്ങലായി കിടന്നു കണ്ണുനീരായി പൊഴിഞ്ഞു കൊണ്ടിരുന്നു.

ചേതന്റെ മുടിയിഴകളിൽ തലോടി കൊണ്ടിരുന്നു.

പൊടുന്നനെ അവൻ എഴുനേറ്റു അവളുടെ മേലെ കിടന്നു മുഖത്തെ തന്റെ കൈകൾക്കുള്ളിലാക്കി.

“എനിക്കെന്നും ഈ ഇന്ദ്രനീലം തിളക്കമറ്റാതെ കാണണം.

നീയെന്നും എന്നിൽ ഇന്ദ്രനീല ശോഭയിൽ തിളങ്ങി നിൽക്കണം എന്റെ ഹൃദയത്തിൽ… ഈ കണ്ണുകളിൽ പോലും കണ്ണുനീരിന്റെ ഉറവ കാണരുത്….

എനിക്ക് നിന്നിലെ നിന്നെ മാത്രം മതി… നിന്നിലെ നിന്നോട് ആണ് പ്രണയം… നിന്നോട് മാത്രം.”

അവളുടെ ഇന്ദ്രനീല മൂക്കുത്തിയിൽ അമർത്തി ചുംബിച്ചു കൊണ്ടു അവളിലേക്ക് വീണ്ടും അലിഞ്ഞു ചേർന്നു.

പിറ്റേന്ന് അരുൺ ഡോക്ടർക്ക് ഒരു സന്തോഷ വാർത്തയുമായാണ് ശ്രീക്കുട്ടി വിളിച്ചത്.

ഋതുവിനെ അവളുടെ ഏടത്തി വീട്ടിൽ താമസിക്കാൻ സമ്മതിക്കുന്നില്ലയെന്നും ശ്രീകുട്ടിയുടെ കൂടെ ഹോസ്റ്റലിൽ താമസം തുടങ്ങുവാൻ പോവുകയാണെന്നും…

അതു മാത്രമല്ല താൻ വിദേശത്തു പോകാൻ ശ്രമിക്കുന്നുണ്ട് അതുപോലെ അവൾക്കും വരാൻ താല്പര്യം പറയുന്നുവെന്നും.

അരുൺ കെണിയൊരുക്കാൻ പദ്ധതിയിട്ടു തുടങ്ങിയിരുന്നു.

എങ്ങനെ വേണമെന്ന് പതുക്കെ ആലോചിക്കാമെന്നു ശ്രീകുട്ടിയും പറഞ്ഞു.

അവസാന ശ്രമം എന്ന നിലയ്ക്ക് അനുവിനെ കണ്ടു സംസാരിക്കണം എന്നു ശ്രീകുട്ടിക്ക് തോന്നിയിരുന്നു.

ഹോസ്പിറ്റലിൽ കോറിഡോറിൽ വച്ചു അനു വരുന്നത് കണ്ടു ശ്രീക്കുട്ടി ഓടി അവനൊപ്പം നടന്നു.

അവളുടെ ഒപ്പം നടക്കാൻ ഇഷ്ടമില്ലാതെ അവൻ കുറച്ചുകൂടി സ്പീഡിൽ വേഗം നടക്കാൻ തുടങ്ങി.

ശ്രീക്കുട്ടി പെട്ടന്ന് അവനെ കൈകളിൽ പിടിച്ചു നിർത്തി.

ശ്രീകുട്ടിയുടെ മുഖത്തേക്കും അവന്റെ കൈകളിലേക്കും ഒന്നു നോക്കി… അവൾ പേടിച്ചു പെട്ടന്നു കൈ വിട്ടു.

“അനു… എനിക്ക് സംസാരിക്കണം” അതു കേട്ടതും എന്താണ് എന്ന ഭാവത്തിൽ അവൾക്കുമുന്നിൽ നെഞ്ചിൽ കൈ കെട്ടി അവൻ നിന്നു.

“ഇനിയെങ്കിലും ഈ മനസിന്‌ ഒരു മാറ്റം ഉണ്ടാകുമോ.

പ്ളീസ്… എത്ര നാളുകളായെടോ തന്റെ പുറകെ ഇങ്ങനെ നടക്കാൻ തുടങ്ങിയിട്ട്…” ശ്രീകുട്ടിയെ മുഴുവൻ പറയാൻ സമ്മതിക്കാതെ നെഞ്ചിൽ കുറുകെ വച്ച കൈ നിവർത്തി സംസാരം നിർത്താൻ പറഞ്ഞു.

അവന്റെ മുഖത്തെ ദേഷ്യം പരമാവധി അവൻ നിയന്ത്രിക്കുന്നുണ്ടായിരുന്നു.

“ഇതിനുള്ള മറുപടി ഞാൻ ആദ്യമേ തന്നു കഴിഞ്ഞു. എനിക്ക് തന്നെ അത്തരത്തിൽ കാണാനാകില്ലയെന്നു. പിന്നെയും താൻ ഇതു തന്നെ പറഞ്ഞു വരുന്നതെന്താണ്.

എന്റെ മനസിൽ തന്നെ കുറിച്ചു അത്തരത്തിലൊരു ചിന്തപോലും വരില്ല… ഇതുവരെ വന്നിട്ടില്ല… താൻ എനിക്ക് വേണ്ടി ഇവിടെയിങ്ങനെ കടിച്ചു തൂങ്ങി നിൽക്കേണ്ട” രോക്ഷത്തോടെ അവൻ പറഞ്ഞു നിർത്തി അവളെ നോക്കി.

അവളുടെ കണ്ണുകൾ നിറഞ്ഞു നിൽക്കുന്നത് അവൻ കണ്ടു. എങ്കിലും അവന്റെയുള്ളിൽ ഒരു ലവലേശം വിഷമം ഉണ്ടയിരുന്നില്ല.

കാരണം… അവനു ഇഷ്ടമല്ലായിരുന്നു ശ്രീകുട്ടിയെ.

അനു പിന്നെയും മുന്നോട്ടു ആഞ്ഞപ്പോൾ എന്തോ ഒരു ആവേശത്തിൽ ശ്രീക്കുട്ടി അവനെ ഇറുകെ പുണർന്നു നിന്നു.

ഒരു നിമിഷം കൊണ്ട് തന്നെ അനു അവളെ അടർത്തി മാറ്റി കൈ വീശി കരണം പുകച്ചു ഒരു അടിയും കൊടുക്കാൻ മറന്നില്ല.

ശ്രീകുട്ടിക്ക് കവിൾ പുകഞ്ഞിട്ടു കൈ പോലും ചേർത്തു വയ്ക്കാൻ കഴിഞ്ഞില്ല.

വായിൽ കൂടി രക്തം അറിച്ചിറങ്ങുന്നത് അവളറിഞ്ഞു.

അടുത്ത അടിക്കു കൂടി കൈ ഉയർത്തിയെങ്കിലും ഋതു അപ്പോഴേക്കും അവിടെയെത്തി അവനെ തടഞ്ഞു. മറ്റു പല സ്റ്റാഫ് അവരെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

അനുവിന്റെ കണ്ണിൽ ദേഷ്യം കൊണ്ടു ചുവന്നിരുന്നു.

അവൻ ശ്രീകുട്ടിയുടെ അടുത്തേക്ക് നീങ്ങി… അവൾ മുഖം കുനിച്ചു നിൽക്കുകയായിരുന്നു.

അനു മുഖം താഴ്ത്തികൊണ്ടു അവളോടായി പറഞ്ഞു… ”

നീയി പറയുന്ന പ്രണയം എനിക്ക് നിന്റെ കണ്ണിൽ കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

മറിച്ച് വാശിയോടെ ആഗ്രഹിച്ചതെന്തും നേടിയെടുത്ത നിനക്കു നടക്കാതെ പോയ ഒരു വാശി മാത്രമാണ് ഞാനും.

ആ ആഗ്രഹമാണ് നിന്റെ കണ്ണിൽ ഞാൻ കാണുന്നത്…. ഇനി.. ഇനി മേലാൽ ഇതും പറഞ്ഞു എന്റെ കണ്മുന്നിൽ വന്നാൽ…”

അതിനും മേലെ അവൻ ഒന്നും പറഞ്ഞില്ല. മുഷ്ടി ചുരുട്ടി അവൻ ദേഷ്യത്തിൽ അവിടെ നിന്നും പോയി….

ഋതുവും സഹതാപത്തോടെ അവളെ നോക്കി കൊണ്ടു അനുവിന്റെ പുറകെ പോയി….

ചുണ്ടിലൂടെ ഊർന്നിറങ്ങിയ രക്തം പുറം കൈകൾ കൊണ്ടു തുടച്ചു ശ്രീക്കുട്ടി തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ കണ്ടു ഈ രംഗങ്ങൾ വീക്ഷിച്ചു കൊണ്ടു നിൽക്കുന്ന അരുൺ ഡോക്ടറിനെ…

അവളുടെ കണ്ണുകൾ അവനെ കണ്ടപ്പോൾ ഒന്നു തിളങ്ങി…

അവന്റെയുള്ളിൽ കെണിയൊരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ആ നിമിഷം…!

തുടരും

ഋതു ചാരുത : ഭാഗം 1

ഋതു ചാരുത : ഭാഗം 2

ഋതു ചാരുത : ഭാഗം 3

ഋതു ചാരുത : ഭാഗം 4