പ്രിയനുരാഗം – ഭാഗം 20
നോവൽ
എഴുത്തുകാരി: ഐഷണി മഹാദേവ്
ഗൗതമിന്റെ ബൈക്കിൽ ആയിരുന്നു കാർത്തിക്ക് .കിരണും റഹീമും കിരണിന്റെ ബൈക്കിലും . മൂന്ന് പേരും ഗൗതമിനോട് അവിടന്ന് ഇറങ്ങിയത് മുതൽ ഒന്നും സംസാരിച്ചില്ല .അവരുടെ ഫ്ലാറ്റിന്റെ മുന്നിൽ എത്തിയതും ഗൗതം ബൈക്ക് നിർത്തി .
“എന്ന നീ വിട്ടോ . നമുക്ക് നാളെ കോളേജിൽ വെച്ച് കാണാം .” ഗൗതം പറഞ്ഞു .
“മോഞേ .. നീ അങ്ങനെ ഇപ്പൊ പോവണ്ട . റൂമിൽ വന്നിട്ട് പോയ മതി. നിന്നോട് കുറച്ചു വർത്താനം പറയാൻ ഉണ്ട് . ഇങ്ങോട്ട് വാടാ പുല്ലേ ” കാർത്തിക് പറഞ്ഞു . ഗൗതം അവനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു .
“അല്ല…. അത് …ഇപ്പൊ … ഞാൻ പോയിട്ട് വരാം ” ഗൗതം തടി തപ്പാൻ ഉള്ള ശ്രമം നടത്തി .അപ്പോഴാണ് കിരണും റഹീമും അവരുടെ ബൈക്കിൽ അങ്ങോട്ട് എത്തിയത് .
“എന്താടാ ഇവിടെ നിർത്തിയത് ” കിരൺ ചോദിച്ചു .
“ഇവൻ നമ്മുടെ റൂമിലേക്ക് വരുന്നില്ലെന്ന് ” കാർത്തിക്ക് ഗൗതമിനെ നോക്കി കിരണിനോട് പറഞ്ഞു .
“എന്തോ … എങ്ങനെ … എന്നാ നീ വീട്ടിൽ പോടാ . ഞങ്ങൾക്ക് ചോദിക്കാനും നിനക്കു പറയാനും ഉള്ളത് ഒക്കെ ഞങ്ങൾ അവിടെ വന്നു നടത്താം .” കിരൺ ഗൗതമിനെ നോക്കി പറഞ്ഞു .ഗൗതമിനു തൃപ്തിയായി . അവൻ ബൈക്ക് ഫ്ലാറ്റിന്റെ പാർക്കിങ്ങിലേക്ക് എടുത്തു . പിറകെ കിരണും . റൂമിൽ എത്തിയതും റഹീം ഗൗതമിനെ പിടിച്ചു തള്ളി അവൻ നേരെ പോയി അവിടത്തെ സോഫയിൽ വീണു .
“എടാ …കള്ള സുബറെ ” റഹീം അവനെ നോക്കി പറഞ്ഞു . ഗൗതം ഒന്ന് ഇളിച്ചു കാണിച്ചു .
“എന്തായിരുന്നു ഡയലോഗ് ഒക്കെ . പ്രേമിച്ചു നടക്കാൻ അവന്റെ പട്ടി പോവും . കല്യാണം കഴിച്ചാൽ ഫ്രീഡം പോവും . എന്നിട്ട് എവിടെടാ നിന്റെ പട്ടി ” കിരൺ ചോദിച്ചു .ഗൗതം ആ ഇളി തന്നെ .
“ഞങ്ങൾ വല്ല പെമ്പിള്ളാരെ പിന്നാലെ എങ്ങാനും നടന്നാൽ നിനക്കു പുച്ഛം . എന്നിട്ട് ഇപ്പോൾ ഡയലോഗ് എന്തായിരുന്നു . ഗൗതം ആദ്യമായും അവസാനമായും പ്രേമിക്കുന്ന പെണ്ണ് … ഓഹോഹോ .” കാർത്തിക്ക് പറഞ്ഞു .
“എന്നിട്ട് നമ്മുടെ മുന്നിൽ എന്തായിരുന്നു ഇവന്റെ അഭിനയം . അച്ഛനും അമ്മയും ശ്രദ്ധിക്കാൻ പറഞ്ഞത് കൊണ്ടാണ് പോലും ” റഹീം പുച്ഛം വാരി വിതറി പറഞ്ഞു .
“ഇപ്പോൾ പറഞ്ഞോണം ഫുൾ ഡീറ്റെയിൽസ് . എപ്പോൾ തുടങ്ങി . എങ്ങനെ തുടങ്ങി . പറയെടാ പുല്ലേ . ” കിരൺ പറഞ്ഞു .
“പ്രിയയെ ഒന്ന് കാണുന്നുണ്ട് ഞങ്ങളുണ്ട് മുന്നിൽ രണ്ടും കൂടെ ഒളിച്ചു കളിച്ചത് എന്തിനാണെന്ന് ചോദിക്കണം .” കാർത്തിക്ക് പറഞ്ഞു .
“അവൾക്ക് അറിയില്ല ” ഗൗതം വളിച്ച ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു .
“നീ ഇതുവരെ പറഞ്ഞിട്ടില്ലേ .. എപ്പോ തുടങ്ങി പ്രേമപ്പനി ” റഹീം പറഞ്ഞു .
“കുറച്ചായി .. ” ഗൗതം ചിരിച്ചു .
“ഞങ്ങളുടെ മുന്നിൽ ഫുൾ ജാഡ .. എന്നിട്ട് കൊറച്ചായി പോലും . ” റഹീം പറഞ്ഞു .
“വെറുതെ ആണോ അവള് വീണപ്പോഴേക്കും ഓടി വരുന്നു . കോരി എടുക്കുന്നു . കാലിൽ ഐസ് വെക്കുന്നു . ബൈക്കിൽ കയറ്റുന്നു . പൊന്നു മോൻ പറ ” കാർത്തിക് പറഞ്ഞു.
“മതിയെടാ അവനിട്ടു വാരിയത് . അവൻ പറയട്ടെ . നീ ഡീറ്റെയിൽസ് പറ മോനെ കള്ള കണ്ണാ ” റഹീം പറഞ്ഞു .
ഗൗതം അവര് ആദ്യമായിട്ട് അമ്പലത്തിൽ വെച്ച് കണ്ടകാര്യം മുതൽ പറഞ്ഞു തുടങ്ങി .
“അന്ന് കണ്ടത് മുതൽ അവളുടെ മുഖം മനസ്സിൽ നിന്ന് മായുന്നില്ലായിരുന്നു . ആരാണെന്നു പോലും അറിയാത്ത ഒരു പെണ്ണ് മനസിനെ വല്ലാതെ ഡിസ്റ്റർബ് ചെയ്‌യാൻ തുടങ്ങിയപ്പോൾ ആദ്യമൊക്കെ അത്ഭുദം ആയിരുന്നു .
അവളെ വീട്ടിൽ ആദ്യമായി കണ്ടപ്പോൾ എനിക്ക് തോന്നിയ വികാരം ഇന്നും എനിക്ക് പറയാൻ കഴിയില്ല .
ഞാൻ പോലും അറിയാതെ എന്റെ മനസ് അവളിലേക്ക് അടുക്കുകയായിരുന്നു . അകലാൻ ഒരുപാട് വഴിക്കിട്ട് നോക്കി പക്ഷെ അപ്പോഴൊക്കെ അവളിലേക്ക് മനസുകൊണ്ട് ഞാൻ കൂടുതൽ അടുത്തു .
അപ്പോൾ മുതലാണ് ഞാൻ മനസിലാക്കി തുടങ്ങിയത് . എന്താണ് പ്രണയം എന്ന് . പിന്നെ അത് എങ്ങനെ അറിയിക്കും എന്നായിരുന്നു .
അവൾ ജീവിതത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട് അച്ഛനും അമ്മയും വിചാരിക്കാതെ ഈ ലോകത്തു നിന്ന് തന്നെ പോവുമ്പോൾ അവളെത്രത്തോളം ഒറ്റപെട്ടു പോയിട്ടുണ്ടെന്ന് അവളത് പറഞ്ഞപ്പോൾ എനിക്ക് മനസിലായി .
ഇപ്പോൾ അവൾക്ക് സ്വന്തം എന്ന് പറയാൻ എന്റെ വീട്ടിലെ എല്ലാവരും ഉണ്ട് . അവിടെ എല്ലാവര്ക്കും അവൾ ജീവനാണ് .
ഞാൻ എന്റെ ഇഷ്ട്ടം പറഞ്ഞാൽ അവൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അവൾ എന്റെ കൺമുന്നിൽ നിന്ന് പോയാലോ എന്നൊരു പേടി അതാണ് ഇപ്പഴും അവളോട് ഇത് തുറന്നു പറയാൻ എന്നെ പിന്തിരിപ്പിക്കുന്നത് .
അവൾ എന്റെ ഇഷ്ട്ടം പറയാതെ അറിയട്ടെ എന്ന് തോന്നി . ഞാൻ കാരണം അവൾക്ക് ഇപ്പോൾ ഉള്ള സന്തോഷം നഷ്ട്ടപെടരുത് .
പക്ഷെ ഇപ്പോൾ അവളും അത് മനസിലാക്കി തുടങ്ങിയിട്ടുണ്ടാവും എന്നൊരു തോന്നൽ അത് കൊണ്ട് ഇനി തുറന്നു ചോദിക്കാൻ ഒരു സിറ്റുവേഷൻ കിട്ടിയാൽ ഞാൻ ചോദിക്കും .” ഗൗതം ഒരു കള്ള ചിരിയോടെ പറഞ്ഞു നിർത്തി .
“അതെന്താ നിനക്കു പെട്ടന്നു അങ്ങനെ തോന്നാൻ ” കിരൺ പുരികം പൊക്കി ചോദിച്ചു .
“അതൊക്കെ ഉണ്ട് മക്കളെ ” ഗൗതം ചിരിച്ചുകൊണ്ട് പറഞ്ഞു .
“ഇത്രേം മനസ്സിൽ വെച്ചിട്ടാണ് ഈ &@&@@&@&@ നമ്മളോട് പറയാതിരുന്നത് . ” കാർത്തിക് പറഞ്ഞു .
“ഞാൻ അവൾക്കും കൂടെ ഇഷ്ട്ടം ഉണ്ടോന്ന് അറിയട്ടെ എന്ന് വിചാരിച്ചാണ് പറയാതെ ഇരുന്നത് . പിന്നെ ഇതിപ്പോ നമ്മൾ അല്ലാതെ ആരും അറിയരുത് .
പ്രത്യേകിച്ച് കിച്ചു . അവൻ അറിഞ്ഞാൽ അവൻ അമ്മയെക്കൊണ്ട് പ്രിയയോട് സംസാരിപ്പിക്കും .
എന്റെ ഇഷ്ട്ടം ഞാൻ പറയുന്നതാണ് എനിക്ക് ഇഷ്ട്ടം. വേറെ ആരും പറഞ്ഞു അറിയരുത് .അത് മാത്രമല്ല അമ്മ പറഞ്ഞാൽ അവൾ ഇഷ്ടമല്ലെങ്കിലും സമ്മതിക്കും .
അവൾ പൂർണമനസോടെ എന്നെ സ്നേഹിക്കണം അതാണ് എനിക്ക് വേണ്ടത് . ” ഗൗതം പറഞ്ഞു .
“കിച്ചുവിന് ആൾറെഡി നിന്റെ കാര്യത്തിൽ ഡൌട്ട് ഉണ്ട് അവൻ ഞങ്ങളോട് പറഞ്ഞതാ .” കിരൺ പറഞ്ഞു .
“വെറുതെ അല്ല അവൻ ഇടക്കിടക്ക് എനിക്കിട്ട് താങ്ങുന്നത് ” ഗൗതം പറഞ്ഞു .
കുറച്ചുനേരം കൂടെ അവർ അവനെ അവിടെ പിടിച്ചിരുത്തി സംസാരിച്ചു . ഗൗതമിനു എത്രയും പെട്ടന്ന് പ്രിയയെ പോയി കാണണം എന്നുണ്ടായിരുന്നു . സമയം ഒരുപാട് വൈകിയിരുന്നു . പ്രിയ വീട്ടിൽ പോയിട്ട് ഉണ്ടാകുമോ എന്നായിരുന്നു അവന്റെ ചിന്ത .
“എന്ന ഞാൻ പോട്ടെ ” ഗൗതം പറഞ്ഞു .
” ഓ കാമുകന് ഇവിടെ ഇരുന്നിട്ട് ഇരുപ്പ് ഉറക്കുന്നില്ല ” റഹീം അവനെ കളിയാക്കി .
“അതല്ലെടാ ഞാൻ നേരത്തെ അവളെ ഒന്ന് തല്ലി . ഇപ്പോൾ ആലോചിച്ചപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നുവാ ” ഗൗതം മടിച്ചു മടിച്ചു പറഞ്ഞു .
“എന്തിനു ?!” മൂന്ന് പേരും ഒരേ പോലെ ചോദിച്ചു .
“അത് അവളെ അവന്മാരെ ഇടയിൽ നിന്നും രക്ഷിക്കാൻ പോയപ്പോൾ എനിക്ക് ദേഷ്യം വന്നു അവൾ ജെനിയുടെ കൂടെ പോയത് ആലോചിച്ച് . കലികേറി ഒന്ന് പൊട്ടിച്ചു കുറേ ചീത്തയും വിളിച്ചു .” ഗൗതം പറ്റി പോയി എന്ന ഭാവത്തോടെ പറഞ്ഞു .
“അടിപൊളി . പ്രേമം പറയുന്നതിന് മുൻപ് അവൾക്കിട്ട് ഒന്ന് പൊട്ടിച്ചിട്ട് വന്നിരിക്കുന്നു . നിന്റെ ഈ കലിപ്പ് സ്വഭാവം എന്നാ നീ മാറ്റുന്നെ ” കിരൺ പറഞ്ഞു .
“അവളെ തെറ്റ് പറയാൻ പറ്റോ . ജെനി അവളോട് ഇടക്കൊക്കെ ഇപ്പോൾ വന്നു സംസാരിക്കുന്നത് ഞാൻ പല വട്ടം കണ്ടിട്ടുണ്ട് . അങ്ങനെ അറിയുന്ന ഒരാള് ഒരു ലിഫ്റ്റ് ചോദിച്ചപ്പോൾ കൊടുത്തതല്ലേ . നീ ഈ മുന്നും പിന്നും നോക്കാതെ അവളെ തല്ലണ്ടായിരുന്നു .” കാർത്തിക് പറഞ്ഞു .
ഗൗതമിനു ചെയ്തതിൽ കുറ്റബോധം തോന്നി.
“എന്ന നീ വേഗം ചെല്ല് . പ്രിയ വീട്ടിൽ ഉണ്ടാവുമോ ടൈം ഒരുപാട് ആയില്ലേ ” റഹീം പറഞ്ഞു .
“അറിയില്ല . വീട്ടിൽ പോയി നോക്കട്ടെ ” അതും പറഞ്ഞു ഗൗതം അവിടെ നിന്നും ഇറങ്ങി അവന്റെ ബൈക്ക് എടുത്തു .
ഡ്രൈവ് ചെയ്യുമ്പോൾ മുഴുവൻ അവന്റെ ചിന്ത പ്രിയയെ കുറിച്ചായിരുന്നു . ഗൗതം വീട്ടിൽ എത്തിയതും രാത്രി ഒരുപാട് വൈകിയിരുന്നു . സാവിത്രി വന്നു വാതിൽ തുറന്നു കൊടുത്തു .
“നീ എവിടെ ആയിരുന്നു കണ്ണാ എപ്പോ പോയതാ നീ ” സാവിത്രി പറഞ്ഞു .
“പ്രിയ ?” ഗൗതം ചോദിച്ചു . അത് കേട്ട് കൊണ്ടാണ് കൃഷ്ണൻ അങ്ങോട്ട് വന്നത് .
“മോള് പോയി .അച്ഛൻ അവളുടെ വീട്ടിൽ കൊണ്ട് ചെന്നാക്കി . അവിടെ രാധിക തനിച്ചല്ലേ . അവള് പറഞ്ഞു നടന്ന കാര്യങ്ങൾ ഒക്കെ . നിന്നെ ഈശ്വരനാ അവിടെ എത്തിച്ചത് . എനിക്ക് എന്റെ മോളെ ഉപദ്രവിക്കാൻ ശ്രമിച്ച ആ കുട്ടിയെ ഒന്ന് കാണണം കണ്ണാ . ” സാവിത്രി ദേഷ്യത്തോടെ പറഞ്ഞു .
“അതെ കണ്ണാ നമുക്ക് ഇത് കേസ് ആക്കണം ” കൃഷ്ണൻ പറഞ്ഞു .
“ഞാൻ കണ്ടിട്ട് പറയാൻ ഉള്ളതൊക്കെ അവളോടും വീട്ടുകാരോടും പറഞ്ഞിട്ടാണ് വന്നത്.. കേസ് ഒന്നും വേണ്ട അച്ഛാ അവന്മാർക്ക് ഞാൻ കൊടുക്കാനുള്ളതൊക്കെ കൊടുത്തു . പിന്നെ അവളുടെ വീട്ടിൽ പോയി അവരോട് ഇതൊക്കെ പറഞ്ഞു .അവളുടെ അച്ഛനും അമ്മയും ഒരു പാവങ്ങൾ ആണ് . ഇനി അവളെ കോളേജിൽ വിടില്ല എന്ന പറഞ്ഞത് . കേസ് ആകാതിരിക്കാൻ അവര് എന്നോട് കെഞ്ചി പറഞ്ഞു . ..” ഗൗതം പറഞ്ഞു .
“അതിനാണോ നീ പോയത് ” സാവിത്രി അതിശയത്തോടെ ചോദിച്ചു .
ഗൗതം അതിനു ഒരു മൂളൽ മാത്രം മറുപടി കൊടുത്തു .
“അത് എന്തായാലും നന്നായി . ” കൃഷ്ണൻ പറഞ്ഞു .
“എന്നാലും ദേവു മോളോട് അവൾക്ക് ഇതിനു മാത്രം എന്താ ദേഷ്യം എന്നാണ് .” കൃഷ്ണൻ ചോദിച്ചു .
“ഇനി നിങ്ങൾ അതൊന്നും ആലോചിക്കേണ്ട അതൊക്കെ ഞാൻ പറഞ്ഞു തീർത്തിട്ടുണ്ട് ” ഗൗതം പറഞ്ഞു .
“ഹമ്മ് .. ശെരി .. നീ ഒന്നും കഴിച്ചില്ലല്ലോ ” കൃഷ്ണൻ ചോദിച്ചു .
“നീ ഫ്രഷ് ആയി വാ ഭക്ഷണം എടുത്ത് വെക്കാം ” സാവിത്രി പറഞ്ഞു .
അതും പറഞ്ഞു സാവിത്രി ഡൈനിങ്ങ് റൂമിലേക്ക് പോയി കൂടെ കൃഷ്ണനും .
ഗൗതമിനു പ്രിയയെ കുറിച്ച് ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ അത് സാധിച്ചില്ല .
ഗൗതം ഫ്രഷ് ആയി വന്നതും സാവിത്രി അവനു ഭക്ഷണം വിളമ്പി കൃഷ്ണൻ റൂമിലേക്ക് പോയിരുന്നു .
“നിങ്ങളൊക്കെ കഴിച്ചോ അമ്മേ ” ഗൗതം ചോദിച്ചു .
“ഞങ്ങള് കഴിച്ചു മോനെ . കിച്ചു കഴിച്ചിട്ട് അവന്റെ ഫ്രണ്ട്‌സ് വിളിച്ചിട്ട് പുറത്തു പോയതാ ” സാവിത്രി പറഞ്ഞു .
“അമ്മേ….പിന്നെ ..പ്രിയക്ക് …കുഴപ്പൊന്നും ഇല്ലല്ലോ ” ഗൗതം ചോദിച്ചു .
“കവിളിൽ നല്ല നീര് വെച്ചിട്ടുണ്ടായിരുന്നു . ഞാൻ കുറെ ഐസ് വെച്ച് കൊടുത്തിരുന്നു . കുറച്ചു മുൻപ് വിളിച്ചപ്പോൾ രാധിക ആണ് എടുത്തത് . മോള് കിടക്കുകയാണെന്ന് കുറവുണ്ടെന്ന് പറഞ്ഞു . ” സാവിത്രി പറഞ്ഞു . ഗൗതമിനു അത് കേട്ടപ്പോൾ വിഷമം തോന്നി . അവൻ ഭക്ഷണം കഴിക്കുന്നത് നിർത്തി തല കുമ്പിട്ടിരുന്നു .
“വെറുതെ പറഞ്ഞതായിരിക്കും സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവും . നീരുള്ളതോണ്ട് ന്റെ കുട്ടി ഒന്നും കഴിച്ചിട്ടും ഉണ്ടാവില്ല .” സാവിത്രി സങ്കടത്തോടെ പറഞ്ഞു .
“അമ്മേ .. ഞാൻ അവളെ .. വേണം എന്ന് വെച്ചല്ല .. പെട്ടന്ന് ” ഗൗതം സങ്കടത്തോടെ പറഞ്ഞു തുടങ്ങിയതും .
“മോള് പറഞ്ഞു . അവന്മാരെ തല്ലുമ്പോൾ നിന്റെ കൈ അറിയാതെ വന്നു തട്ടിയതാണെന്നു . അല്ലാതെ അവന്മാർ മോളെ ഒന്നും ചെയ്യാൻ നീ വിട്ടു കൊടുത്തിട്ടില്ല എന്ന് . എന്റെ മോൻ അങ്ങോട്ട് പോയത് ഈശ്വര കൃപ കൊണ്ടാണ് .” സാവിത്രി അത് പറഞ്ഞതും ഗൗതം ഒന്ന് ഞെട്ടി .
ഗൗതം ഒന്നും മിണ്ടാതെ എഴുന്നേറ്റു കൈ കഴുകി .
“നീ ഒന്നും കഴിച്ചില്ലല്ലോ കണ്ണാ ” സാവിത്രി ചോദിച്ചു .
“മതി. വിശപ്പില്ല ” അതും പറഞ്ഞു ഗൗതം റൂമിലേക്ക് പോയി .
‘അമ്മയോട് അവളെന്തിനാ കള്ളം പറഞ്ഞത് . എന്നെ ഇവിടന്ന് ആരും വഴക്ക് പറയാതിരിക്കാൻ രക്ഷിച്ചതാണ് . വിളിച്ചു നോക്കിയാലോ . വേണ്ട അമ്മ വിളിച്ചപ്പോൾ പോലും സംസാരിച്ചിട്ടില്ലെങ്കിൽ അവൾക്ക് സംസാരിക്കാൻ കഴിയാത്തത് കൊണ്ടാവും . ഛെ ഞാൻ തല്ലണ്ടായിരുന്നു . പെണ്ണിന് നല്ലോണം വേദനിച്ചിട്ടുണ്ടാവും . അവളുടെ വീട്ടിൽ പോയി നോക്കിയാലോ . പാതിരാത്രി ഞാൻ എങ്ങനെ അങ്ങോട്ട് പോകും . ആരേലും കണ്ടാൽ അതും മോശമാണ് . നാളെ കോളേജിൽ വെച്ച് സംസാരിക്കാം .’ ഗൗതം മനസ്സിൽ ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്നു .
തന്റെ റൂമിൽ കണ്ണാടിക്ക് മുന്നിൽ നിൽക്കുകയായിരുന്നു പ്രിയ .അവൾ അവളുടെ വീർത്തു കിടക്കുന്ന കവിളിൽ തൊട്ടു നോക്കി .
‘ശ് … … ആ …. ഇങ്ങേരെ കൈ എന്താ ഇരുമ്പോ .. എന്റെ കവിളിൽ ഒരു കൊട്ടാരം പണിതു വെച്ചിരിക്കുവല്ലേ . നീര് കുറയുന്നതും ഇല്ലല്ലോ .
എന്നെ തല്ലിയതിനു ആരും ചീത്ത പറയണ്ടാന്ന് വെച്ചിട്ടാണ് എല്ലാവരോടും കള്ളം പറഞ്ഞത് .
എന്നാലും എന്നെ തല്ലണ്ടേ കാര്യം ഉണ്ടോ . ഞാൻ വിചാരിച്ചോ അവൾ എന്നോട് ഇങ്ങനെ ചെയ്‌യും എന്ന് . അതിനു മാത്രം ഞങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ .
അവളെന്നെ വീഴ്ത്തിയിട്ടതിനു ഞാൻ കൊടുക്കേം ചെയിതു . അത് ഒക്കെ അവള് മറന്നെന്നും പറഞ്ഞല്ലേ എന്റെ അടുത്തു വന്നത് . അറിയാതെ അവളെ വിശ്വസിച്ചു കൂടെ പോയി അതിനു എന്നെ തല്ലണോ .
എന്നിട്ടോ എന്നെ അവിടെ ഇറക്കി വിട്ടിട്ട് ഒറ്റ പോക്കും . ഞാൻ വരുന്നവരെ വന്നിട്ടില്ല . ഒന്നന്വേഷിച്ചു കൂടി ഇല്ല . എന്നാലും പാവം ആണ് എന്റെ പിന്നാലെ വന്നത് കൊണ്ടല്ലേ .
എനിക്ക് അവരുടെ മുന്നിൽ പിടിച്ചു നില്ക്കാൻ ചിലപ്പോൾ കഴിഞ്ഞില്ലെങ്കിൽ എന്താകുമായിരുന്നു . ഒരു താങ്ക്സ് പറയണം എന്നൊക്കെ ഉണ്ടായിരുന്നു . അപ്പോഴല്ലേ വായ തുറക്കാൻ പറ്റാത്ത കോലം ആക്കി തന്നത് .
ഞാൻ ആ നെഞ്ചിൽ ചാഞ്ഞപ്പോൾ എങ്കിലും എന്റെ മനസൊന്നു മനസിലാക്കണ്ടേ .കുറച്ചു ദിവസം എന്തായാലും ഞാൻ മൈൻഡ് ചെയ്യില്ല .’ പ്രിയ മനസ്സിൽ പറഞ്ഞു .
പിറ്റേന്ന് രാവിലെ ഗൗതം പ്രിയയെ നോക്കി കോളേജ് ഗേറ്റിന്റെ അടുത്തു തന്നെ നിന്നു പക്ഷെ കാണാൻ കഴിഞ്ഞില്ല .
ബ്രേക്ക് ടൈമിൽ പ്രിയയുടെ ക്ലാസ്സിൽ ചെന്ന് നോക്കിയപ്പോൾ അവിടെയും അവൾ ഇല്ല . അപ്പോഴാണ് ശിവാനി ഗൗതമിനെ കണ്ട് അവന്റെ അടുത്തേക്ക് വരുന്നത് .
“ഗൗതം ചേട്ടാ പ്രിയ എന്താ വരാത്തത് എന്നറിയോ ” ശിവ ചോദിച്ചു .
“വന്നിട്ടില്ലേ. ! ” ഗൗതം ചോദിച്ചു .
“ഇല്ല .” ശിവ പറഞ്ഞു .
“താൻ ഒന്ന് അവളെ വിളിച്ചു നോക്ക് ” ഗൗതം പറഞ്ഞു .
ശിവ വിളിച്ചപ്പോൾ പ്രിയ കോൾ കട്ട് ചെയിതു . ഇപ്പോൾ സംസാരിക്കാൻ പറ്റില്ല .പിന്നീട് വിളിക്കാം എന്ന് പ്രിയ മെസ്സേജ് ചെയിതു . ശിവ അത് ഗൗതമിനോട് പറഞ്ഞു . ഗൗതം അത് കേട്ടതും അവിടെ നിന്നും പോയി .
ഗൗതമിനു പ്രിയയെ എങ്ങനെ എങ്കിലും കണ്ടാൽ മതി എന്ന് തോന്നി . പ്രൊജക്റ്റ് വർക്ക് ഉണ്ടായിരുന്നതിനാൽ അവനു കോളേജിൽ നിന്നും നേരത്തെ ഇറങ്ങാൻ സാധിച്ചില്ല .
വൈകീട്ട് വീട്ടിൽ ചെന്നിട്ട് അമ്മയെ കൂട്ടി പോകാം എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു . വൈകീട്ട് വീട്ടിലേക്ക് പോകുമ്പോൾ എത്രയും പെട്ടന്ന് പ്രിയയെ കാണണം എന്ന ചിന്തയായിരുന്നു ഗൗതമിനു . പക്ഷെ വീട്ടിൽ എത്തിയപ്പോൾ വീട് പൂട്ടിയിരുന്നു .
ആരും വീട്ടിൽ ഉണ്ടായിരുന്നില്ല . ഗൗതം വാതിൽ തുറക്കുമ്പോൾ ആണ് കൃഷ്ണന്റെ കാർ അങ്ങോട്ട് വന്നത് . അതിൽ നിന്നും കൃഷ്ണനും സാവിത്രിയും കിച്ചുവും ഇറങ്ങി .
“നിങ്ങൾ എവിടെ പോയതാ ” ഗൗതം ചോദിച്ചു .
“ദേവു മോളെ കാണാൻ ” സാവിത്രി പറഞ്ഞു .
“അവളെ കാണാനോ …പോയി വന്നോ !” ഗൗതം നിരാശയോടെ പറഞ്ഞു .
“അതെന്താ കണ്ണാ അത് കേട്ടപ്പോ നിനക്കൊരു നിരാശ . നിനക്കു വരണായിരുന്നോ ” കിച്ചു ആക്കി ചോദിച്ചു .
“ഞാൻ ചോദിച്ചൂന്നെ ഉള്ളു ” അതും പറഞ്ഞു ഗൗതം വാതിൽ തുറന്നു അകത്തേക്ക് കടന്നു .
“അല്ല നീ ഇപ്പൊ സൂപ്പർ ഹീറോ ഒക്കെ ആയില്ലേ .” കിച്ചു പറഞ്ഞു .
ഗൗതം അവനെ നോക്കി ഒന്ന് കണ്ണുരുട്ടി .
“അല്ല അമ്മേ .. ഇതിപ്പോ സിനിമയിലും കഥകളിലും ഒക്കെ കാണിക്കുന്ന പോലായല്ലോ . ആദ്യം നായകനും നായികയും മുട്ടൻ വഴക്ക് ഉണ്ടാക്കുന്നു . പിന്നെ വഴക്കൊക്കെ മാറുന്നു . നായികയ്ക്ക് ഒരു പ്രശ്‍നം വരുമ്പോൾ നായകൻ വന്നു രക്ഷിക്കുന്നു . ഇനി ഇത് എപ്പഴാണാവോ പ്രേമം ആകുന്നത് ” കിച്ചു ഗൗതമിനെ ഇടം കണ്ണിട്ട് നോക്കി പറഞ്ഞു .
“ഓ വല്യ കണ്ടുപിടുത്തം .. ഒന്ന് പോടാ അവിടന്ന് ” ഗൗതം അതും പറഞ്ഞു മുകളിലെ അവന്റെ റൂമിലേക്ക് പോയി .
കുളിച്ചു ഫ്രഷ് ആയി താഴെ വന്ന ഗൗതം സാവിത്രിയുടെ പിന്നാലെ ഓരോന്ന് പറഞ്ഞു നടന്നപ്പഴേ സാവിത്രിക്ക് മനസിലായി പ്രിയയെ കുറിച്ച് അറിയാൻ ആണെന്ന് . പ്രിയക്ക് ഇപ്പോൾ കുഴപ്പമൊന്നും ഇല്ലെന്നും നാളെ മുതൽ കോളേജിൽ വരും എന്ന് അറിഞ്ഞതും ഗൗതം നൈസ് ആയിട്ട് മുങ്ങി .
രാത്രി ഫോണും കയ്യിൽ വെച്ച് വിളിക്കണോ വേണ്ടയോ എന്ന ചിന്തയിൽ ആയിരുന്നു ഗൗതം . പിന്നെ എന്തോ നേരിട്ട് സംസാരിക്കുന്നതാണ് നല്ലത് എന്ന് അവനു തോന്നി . അവന്റെ ഇഷ്ട്ടം തുറന്നു പറയാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു ഗൗതം .
രാവിലെ കോളേജിൽ എത്തിയ ഗൗതം പ്രിയയെ കണ്ടെങ്കിലും അവൾ ഗൗതമിനെ ശ്രദ്ധിക്കാതെ ക്ലാസ്സിലേക്ക് പോയി .
ഗൗതം ബ്രേക്ക് ടൈമിൽ അവളുടെ ക്ലാസ്സിൽ എത്തിയതും പ്രിയ അവനെ കാണാത്ത ഭാവത്തിൽ നിന്നു . ശിവാനിയോട് പ്രിയ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു .
“ഡി ഗൗതം ചേട്ടൻ നിന്നെയാ നോക്കുന്നെ ” ശിവ പറഞ്ഞു .
“നോക്കട്ടെ .. എന്നെ തല്ലിയത് അല്ലേ ” പ്രിയ പരിഭവത്തോടെ പറഞ്ഞു .
ശിവാനി അത് കേട്ടതും കിടന്നു ചിരിക്കാൻ തുടങ്ങി .
“എന്താടി പുല്ലേ ” പ്രിയ ചോദിച്ചു .
“ഇത്രേം ബോൾഡ് ആയ നീ ആണല്ലോ ഈ പിണക്കം കാണിക്കുന്നത് എന്നാലോചിച്ചു ചിരിച്ചത് ആണ് . അങ്ങേരോട് നിനക്കു മുഴുത്ത പ്രേമം ആണെടി പൊട്ടി .. അതാ നിനക്കു ഈ പരിഭവം ഒക്കെ . കൈ വിട്ടു കളയാതെ പോയി പറയാൻ നോക്ക് ” ശിവാനി ചിരിച്ചു കൊണ്ട് പറഞ്ഞു .
പ്രിയയുടെ ചുണ്ടിൽ ഒരു നനുത്ത ചിരി വിരിഞ്ഞു . അപ്പോഴാണ് ഗൗതം അങ്ങോട്ട് വന്നത് .
“പ്രിയ എനിക്ക് കുറച്ചു സംസാരിക്കണം പുറത്തേക്ക് വാ ” ഗൗതം പറഞ്ഞു .
“ഇപ്പൊ പറ്റില്ല “പ്രിയ കുറച്ചു ഗൗരവത്തിൽ ആണ് പറഞ്ഞത് .പക്ഷെ ഗൗതമിന്റെ മുഖത്തേക്ക് നോക്കിയില്ല .
“നിന്നോട് വരാനാ പറഞ്ഞെ ” ഗൗതവും അതെ ഗൗരവത്തിൽ പറഞ്ഞു .
“ഇല്ലെന്നല്ലേ പറഞ്ഞത് എനിക്ക് ഇപ്പോൾ ക്ലാസ് ഉണ്ട് . ഗൗതം പൊക്കോളൂ എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല . പിന്നെ താങ്ക്സ് ഫോർ എവെരിതിങ് .” പ്രിയ പറഞ്ഞു .
“പ്രിയ .. നീ വരുന്നുണ്ടോ ” ഗൗതം വീണ്ടും പറഞ്ഞു .പ്രിയ ഇല്ലെന്നു തലയാട്ടി . ഗൗതം എന്തോ പറയാൻ തുടങ്ങിയതും പ്രിയയുടെ ക്ലാസ്സിൽ ലെക്ചർ വന്നത് കൊണ്ട് ഗൗതം ഇറങ്ങി പോയി .
ഗൗതം അവന്റെ ക്ലാസ്സിൽ ഇരിക്കുമ്പോൾ ആണ് കിരൺ വന്നു ജെനി വന്നിട്ടുണ്ട് ഡിപ്പാർട്മെന്റിൽ എന്ന് പറയുന്നത് .
പ്രിയ ക്ലാസ്സിൽ ഇരിക്കുമ്പോൾ ഒരു കുട്ടി വന്നു പ്രിയയോട് ക്ലാസ് റെപ്രെസെന്റിറ്റീവ്സ്ന്റെ മീറ്റിംഗ് ഉണ്ട് ലൈബ്രറിയിലേക്ക് വരാൻ പറഞ്ഞു എന്ന് വന്നു പറഞ്ഞു .
പ്രിയ ലൈബ്രറിയിലേക്ക് പോയി കൊണ്ടിരിക്കുമ്പോൾ ആരോ അവളെ ഒരു ഒഴിഞ്ഞ ക്ലാസ് മുറിയിലേക്ക് പിടിച്ചു വലിച്ചു .
തുടരും