Saturday, April 27, 2024
Novel

കവചം 🔥: ഭാഗം 27

Spread the love

രചന: നിഹ

Thank you for reading this post, don't forget to subscribe!

കുറച്ച് അകത്തേക്ക് കയറിയാണ് മനയിരിക്കുന്നത് .എന്നാൽ ഒറ്റപ്പെട്ട വീട് അല്ലതാനും… നടവഴി ചെന്ന് നിൽക്കുന്നത് റോഡിലേക്കാണ് . അവിടെ നിന്നും വലത് വശത്തെ നാലാമത്തെ വീടാണ് ദേവകിയുടെത്. ആദ്യത്തെ ദിവസം രാമൻ പറഞ്ഞ് കേട്ട ഓർമ്മയാണ്. മനയുടെ അടുത്ത് തന്നെയാണ് അവരുടെ വീടും. ആതിര ചുറ്റുമുള്ള കാഴ്ചകൾ നോക്കി മുന്നോട്ടു നടന്നു. മനസ്സ് നിറയെ കുഞ്ഞിയാണ് അതിനിടയിൽ അവൾ തനിച്ചാണെന്നുള്ള സത്യം അവൾ മറന്നു പോയിരുന്നു…..

ഉം …. ഉം…..ഉം…… പുറകിൽ നിന്നും ആരോ മൂളുന്നത് അവൾ കേട്ടു. ഒരു ഞെട്ടലോടെ അവൾ തിരിഞ്ഞുനോക്കി. പുറകിൽ ആരും ഉണ്ടായിരുന്നില്ല. പക്ഷേ ആതിരയ്ക്ക് പേടി തോന്നി. ഇടവഴിയുടെ ചുറ്റിലും വലിയ മരങ്ങൾ തിങ്ങി നിൽക്കുകയാണ്. ഇടവഴിയുടെ അപ്പുറത്തും ഇപ്പുറത്തുമുള്ള സ്ഥലം അവരുടേതാണ്. ആതിര കുറച്ചു വേഗത്തിൽ നടക്കാൻ തുടങ്ങി. എങ്കിലും പുറകിൽ നിന്ന് ആരോ പിന്തുടരുന്നതുപോലെയും എന്തൊക്കെയോ ശബ്ദങ്ങളും അവൾ കേട്ടു . അവൾക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി.

തിരികെ പോകാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ഓടിയും നടന്നും അവൾ വേഗത്തിൽ ഇടവഴി പിന്നിട്ടു. പ്രത്യേകിച്ച് ഒന്നും ഓർക്കാതെ ഇറങ്ങിയതാണ് എന്നാൽ ഇപ്പോൾ തനിച്ച് ഇറങ്ങണ്ടായിരുന്നുവെന്ന് അവൾക്ക് തോന്നിപ്പോയി. ഇടവഴി കഴിഞ്ഞ് റോഡിലേക്ക് കയറിയതും അവൾക്ക് സമാധാനം തോന്നി. താൻ ഇതുവരെ കേട്ട ശബ്ദം നിന്നുവെന്ന് അവൾക്ക് മനസ്സിലായി. ആതിര പേടിയോടെ വീണ്ടും പുറകിലേക്ക് തിരിഞ്ഞു നോക്കി. അവൾ പ്രതീക്ഷിച്ചത് പോലെ ഒന്നും പുറകിൽ ഉണ്ടായിരുന്നില്ല .

എങ്കിലും അവളുടെ ഹൃദയം നിർത്താതെ ഇടിച്ചു കൊണ്ടിരുന്നു. റോഡിന്റെ ഇരുഭാഗത്തും നിറയെ വീടുകളാണ്. മുറ്റത്തും പറമ്പിലുമായി ആളുകളുടെ സാന്നിധ്യവും ഉണ്ട്. അതുകൊണ്ട് ഒന്നും പേടിക്കാനില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു . ആതിര ദേവകിയുടെ വീടിന്റെ മുറ്റത്തേക്ക് കയറി . കാണാൻ ഭംഗിയും വൃത്തിയുമുള്ള ഒരു ചെറിയ വീട്. ആതിര ഒരു നിമിഷം അവിടെ നിന്ന് ചുറ്റിലും കണ്ണോടിച്ച് പരിസരം വീക്ഷിച്ചു. മുറ്റത്തിന്റെ നടുവിലായി ചെറിയ തുളസിത്തറയുണ്ട് . വീടിൻ്റെ മുൻഭാഗത്ത് ചെറിയ വിളക്ക് തൂക്കി ഇട്ടിട്ടുണ്ട്. പതിവായി അതിൽ ദീപം തെളിക്കാറുമുണ്ട് .

മുറ്റത്ത് മനോഹരമായ പൂച്ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അതിൽ നിറയെ പൂക്കളും മൊട്ടും കാച്ചു നിൽപ്പുണ്ട്. മുല്ല , മന്ദാരം , നന്ത്യാർവട്ടം, ചെമ്പരത്തി, റോസ, വാടാമല്ലി ,കോളാമ്പി, തെച്ചിപ്പൂവ് ഡാലിയ … ഇവയെല്ലാം അവിടെയുണ്ട്. മുല്ലപ്പൂവിന്റെ സുഗന്ധം കാറ്റിൽ പാറി നടക്കുന്നുണ്ട്. ” ചേച്ചി …. ദേവകി ചേച്ചി …..” തുറന്നു കിടക്കുന്ന വാതിൽ നോക്കി ആതിര ഉറക്കെ വിളിച്ചു. ദേവകി പുറത്തേക്ക് വരുന്നതും കാത്ത് ആതിര മുറ്റത്ത് നിന്നു. “ചേച്ചി … അകത്ത് ആരും ഇല്ലേ?” കുറച്ചുനേരം നിന്നിട്ടും ദേവകിയെ കാണാത്തതുകൊണ്ട് ആതിര വീണ്ടും ഉറക്കെ അവരെ വിളിച്ചു.

മറുപടിയൊന്നും കേൾക്കാത്തത് കൊണ്ടും ആരെയും പുറത്തേക്ക് കാണാത്തതുകൊണ്ടും അവർ തമ്മിലുള്ള പരിചയം കൊണ്ട് ആതിര അകത്തേക്ക് കയറാൻ തീരുമാനിച്ചു. ഒന്നും മടിച്ചു നിന്നിട്ട് അവൾ വാതിൽ തട്ടി അകത്തേക്ക് കയറി. “ദേവകി ചേച്ചി ….” അകത്ത് ആരുടെയും ശബ്ദം പോലും കേൾക്കാൻ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആതിരയ്ക്ക് ചെറിയൊരു പേടി തോന്നി. ഹാളിൽ ഒരു സോഫയും രണ്ടുമൂന്നു കസേരയും കിടപ്പുണ്ടായിരുന്നു. ഹാളിൽ നിന്നാൽ തന്നെ അടുക്കള കാണാമായിരുന്നു. അത് കൂടാതെ രണ്ട് മുറികളാണുള്ളത്. ഒരു തോന്നലിന്റെ പ്രേരണയാൽ ആതിര തുറന്നിട്ടിരിക്കുന്ന മുറിയിലേക്ക് കയറി.

മനോഹരമായി പുഞ്ചിരിക്കുന്ന വിടർന്ന കണ്ണുകൾ ഉള്ള ഒരു കൊച്ചു സുന്ദരിയുടെ മുഖത്തേയ്ക്കാണ് അവളുടെ കണ്ണുകൾ ഉണ്ടാക്കിയത്. ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ആ ഫോട്ടോയ്ക്ക് വല്ലാത്ത ആകർഷണം ഉണ്ടായിരുന്നു. രാമന്റെയും ദേവകിയുടെയും മകൾ ചെറുപ്പത്തിലെ മരിച്ചുപോയതാണെന്ന് അനന്തൻ പറഞ്ഞുള്ള അറിവ് ആതിരക്കുണ്ട്. ഈ കുട്ടി ആയിരിക്കും അതെന്ന് അവൾ ഊഹിച്ചു. പെട്ടെന്നാണ് ബോധമില്ലാതെ നിലത്ത് കിടക്കുന്ന ദേവകിയെ അവൾ കണ്ടത്. ഞെട്ടലോടെ ആതിര ദേവകിയുടെ അരികിലേക്ക് ഓടിച്ചെന്നു. ” ചേച്ചി… ചേച്ചി…. ” അവൾ ദേവികയെ കുലുക്കി വിളിച്ചു. പക്ഷേ ദേവകി കണ്ണുകൾ തുറന്നില്ല. ” ചേച്ചി … ഇത് എന്താ പറ്റിയേ…? കണ്ണ് തുറക്ക്… ദേവേച്ചി…”

ആതിര വെപ്രാളത്തോടെ വീണ്ടും വീണ്ടും അവരെ കുലുക്കി വിളിച്ചു. ഒരു വേള എന്താണ് ചെയ്യേണ്ടതെന്ന് പോലും ആതിര മറന്ന് നിന്നു. പിന്നെ അവൾ വെള്ളം എടുക്കാനായി അടുക്കളയിലേക്ക് ഓടി. ” ഈശ്വരാ ..ദേവകി ചേച്ചിക്ക് എന്താ സംഭവിച്ചത് ?വിളിച്ചിട്ട് ആണെങ്കിൽ അനങ്ങുന്നുമില്ല …സഹായത്തിന് ഇവിടെ ആരും ഉണ്ടെന്ന് തോന്നുന്നില്ല.. രാമേട്ടൻ എവിടെപ്പോയി ? ” പാത്രത്തിൽ വെള്ളമെടുക്കുന്നതിൻ്റെ ഇടയിൽ ആതിര ആലോചിച്ചു. വെള്ളം നിറച്ച പാത്രവുമായി ആതിര വേഗം ദേവകിയുടെ അടുത്തേക്ക് പോയി. അവൾ വെള്ളമെടുത്ത് ദേവകിയുടെ മുഖത്തേക്ക് തളിച്ചു. കണ്ണുകൾ പതിയെ ചിമ്മി കൊണ്ട് ദേവകി കണ്ണുതുറന്നു.

” മീനു … മോള്….” ദേവകി പെട്ടെന്ന് എഴുന്നേറ്റിരുന്നു. സ്വബോധം നഷ്ടപ്പെട്ട് ദേവകി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അതെല്ലാം കണ്ട് ആതിര ഒന്നും മനസ്സിലാകാതെ നോക്കി നിന്നു. ” ദേവേച്ചി…. ” ആതിര പേടിയോടെ ദേവകിയെ വിളിച്ചു. അപ്പോഴാണ് ആതിര മുൻപിൽ നിൽക്കുന്ന ബോധം അവർക്ക് വന്നത്. ” മോളന്താ ഇവിടെ ? ” അതിശയത്തോടെ ദേവകി അവളെ നോക്കി. ” ഞാൻ …വീട്ടിൽ തനിച്ച്.. അത്… ചേച്ചിയെ നോക്കി… വന്നതാ…” പേടികൊണ്ട് അവളുടെ വാക്കുകൾ ഇടമുറിഞ്ഞുപോയി . ” എനിക്കെന്തോ പെട്ടെന്ന്… ഞാനിപ്പോൾ വരാം..” ദേവകി മുഖം കഴുകി തുടയ്ക്കാനായി പുറത്തേക്ക് പോയി. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

കീ ഉപയോഗിച്ച് റൂം തുറന്ന് ശ്രീരാഗ് റൂമിൻ്റെ അകത്തേയ്ക്ക് കയറി. ബാഗ് നിലത്തേക്ക് വച്ച് വന്നപ്പാടെ ബെഡിലേക്ക് കിടന്നു. യാത്ര ക്ഷീണം നല്ലത് പോലെ അവനുണ്ടായിരുന്നു. അവൻ്റെ പിന്നാലെ സഹപ്രവർത്തകനായ ഒരു പോലീസ്ക്കാരൻ കൂടി റൂമിലേയ്ക്ക് വന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ആതിരയെയും അനന്തനെയും അന്വേഷിച്ചാണ് അവർ വന്നിരിക്കുന്നത്. തൽക്കാലം അവർക്ക് തങ്ങാനായി ഒരു ഹോട്ടൽ റൂം എടുത്തു. ” ഇന്ന് ഈവനിംഗ് നമുക്ക് സിറ്റി മുഴുവൻ തിരയണം. പുതിയതായി ആരെങ്കിലും താമസം വന്നിട്ടുണ്ടോ ?ആരെങ്കിലും താമസം മാറി പോയിട്ടുണ്ടോ ?

തുടങ്ങിയ കാര്യങ്ങളൊക്കെ കൃത്യമായി അന്വേഷിക്കണം. ഇവിടത്തെ സ്റ്റേഷനുമായി കോൺടാക്ട് ചെയ്ത് വിവരങ്ങൾ കളക്ട് ചെയ്യണം…” അവരുടെ പദ്ധതികൾ ശ്രീരാഗ് അൻവറിനോട് അവതരിപ്പിച്ചു കൊണ്ടിരുന്നു. ” ഇവർ താമസിച്ചുവെന്ന് പറയപ്പെടുന്ന വീട് സെർച്ച് ചെയ്യണം. അവരുടെ അയൽക്കാരെ ചോദ്യം ചെയ്യണം. അവരെ ഇവിടെ വച്ച് കണ്ടിട്ടുണ്ടെന്ന് പലരും പറഞ്ഞതല്ലേ. എനിക്കും തോന്നുന്നു അവർ വേറെ എങ്ങും പോയിട്ടില്ല ഇവിടെത്തന്നെ കാണും..” ഉറപ്പോടെ ശ്രീരാഗ് അത് പറയുമ്പോൾ എങ്ങനെയും അവരെ കണ്ടെത്തിയിരിക്കുമെന്ന വാശി അവനുണ്ടായിരുന്നു.

” നമുക്ക് മാക്സിമം ട്രൈ ചെയ്യാൻ സാർ. അവരെ കണ്ടുപ്പിടിച്ചിരിക്കും … ഈ കേസ് നമ്മുടെ മുഴുവൻ അഭിമാന പ്രശ്നമായി മാറിയില്ലേ …? ” അയാൾക്കും അവരോട് അമർഷമായിരുന്നു. വൈകുന്നേരം മുതൽ അന്വേഷണം തുടങ്ങാമെന്ന് വിചാരിച്ച് അവർ ഫ്രഷായിട്ട് യാത്ര ക്ഷീണം അകറ്റാൻ റെസ്റ്റ് എടുത്തു. ✨✨✨✨✨✨✨✨✨✨✨✨✨✨✨ ദേവകി മുറിയിൽ നിന്നും പോയപ്പോൾ ആതിര മുറിയിൽ തനിച്ചായി. മുറിക്ക് ചന്ദന ഗന്ധമായിരുന്നു. ദേവകി അടുത്ത് വരുമ്പോഴും ചന്ദന ഗന്ധമാണ് ഉണ്ടാകാറുള്ളത്. മുറിയിലെ മൂന്ന് ഫോട്ടോകളും കുട്ടിയുടെതാണ് . ദേവകിയുടെ സൗന്ദര്യവും ഭംഗിയും രാമേട്ടന്റെ മുഖച്ഛായമുള്ള അവരുടെ കുഞ്ഞ്. ആതിര മുറിയിൽ നിന്നും പുറത്തേക്കിറങ്ങി.

ദേവകി അപ്പോൾ ആതിരയ്ക്ക് വേണ്ടി ചായ ഉണ്ടാക്കുകയായിരുന്നു. ദേവകിയുടെയും രാമന്റെയും മുറിയുടെ എതിർഭാഗത്തായി മറ്റൊരു മുറിയുണ്ട് . വർഷങ്ങളായി പൂട്ടിയിട്ടിരിക്കുന്ന ഒരു മുറി .., അത് പൂട്ടിയതിൽ പിന്നെ ഒന്നു രണ്ട് വട്ടം മാത്രമാണ് അത് തുറന്നിട്ടുള്ളത്. വാതിലിൻ്റെ മുകളിൽ വെള്ളപ്പൊടി കൊണ്ട് മൂന്ന് വര വരച്ചിട്ടുണ്ട്. പൂട്ടിന്റെ മുകളിൽ മഞ്ഞളും കുങ്കുമവും ചേർത്ത് പുരട്ടിയിട്ടുണ്ട്. ആ മുറിക്കകത്ത് എന്താണെന്നറിയാൻ ആതിരയ്ക്ക് അതിയായ ആകാംക്ഷ തോന്നി. അങ്ങനെയൊരു മുറി അവർ താമസിക്കുന്ന വീടിൻറെ അകത്ത് എന്തിനാണെന്ന് അവൾ ആലോചിച്ചു. ” ചായ കുടിച്ചോ…” ദേവകി ചൂട് ചായ അവളുടെ മുന്നിൽ വച്ചു.

എന്നിട്ട് തിരികെ പോയി ഒരു പാത്രം നിറയെ ഉണ്ണിയപ്പം എടുത്ത് കൊണ്ട് വന്നു. ” ഇതൊന്നും വേണ്ടിയിരുന്നില്ല ചേച്ചി…” ചായ ഊതി കുടിച്ച് കൊണ്ട് ആതിര പറഞ്ഞു. ” മോള് ആദ്യമായിട്ടല്ലേ വീട്ടിൽ വരുന്നത് ? ഒരു ചായ എങ്കിലും തരാതെ എങ്ങനെയാ ? ” ആതിര അവരെ പുഞ്ചിരിച്ചു കാണിച്ചു. അപ്പോളും അവളുടെ ശ്രദ്ധ ആ മുറിയിലായിരുന്നു. ” ഉണ്ണിയപ്പം ഞാനുണ്ടാക്കിയതാ.. രാമേട്ടന് വല്ല്യ ഇഷ്ടമാ… ആതിരയ്ക്കും ഇഷ്ടമാണെന്ന് എനിക്കറിയാം .. എടുത്ത് കഴിച്ചോ …?” ആതിരയെ സൽക്കരിക്കാനുള്ള തിടുക്കമായിരുന്നു ദേവകിയ്ക്ക്. ” രാമേട്ടൻ എവിടെ പോയതാ… കണ്ടില്ലല്ലോ ..,?” ഉണ്ണിയപ്പം കടിച്ചുകൊണ്ട് അവൾ ചോദിച്ചു. ” രാമേട്ടൻ പുറത്തുപോയതാണെന്ന് തോന്നുന്നു.. ഞാൻ വന്നപ്പോൾ കണ്ടില്ല..” ആതിരയും ദേവകിയുടെ ഓരോന്നും സംസാരിച്ചുകൊണ്ടിരുന്നു .

മരിച്ചു പോയ കുട്ടിയുടെ കാര്യവും ആ മുറിയുടെ കാര്യവും അവരോട് ചോദിക്കണമെന്ന് ആതിരക്ക് ഉണ്ടായിരുന്നു. എന്നാൽ അവൾക്ക് അതിന് കഴിഞ്ഞില്ല. കുട്ടിയുടെ കാര്യം ദേവകിക്ക് സങ്കടം ഉണ്ടാകുമെന്നും മുറിയുടെ കാര്യം അവർ പറയുകയില്ലെന്നും ആതിര തോന്നി. ആതിര എന്താ തനിച്ച് ഇങ്ങോട്ടേക്കു പോന്നത് ?” ” വീട്ടിൽ ഞാൻ തനിച്ചായിരുന്നു .. അവിടെയിരുന്ന് മടുത്തപ്പോൾ ഇങ്ങോട്ടേക്കു പോരാൻ തോന്നി. ചേച്ചിയെ അങ്ങോട്ടേക്ക് കണ്ടില്ലല്ലോ ..”

ഇനിയും മിണ്ടികൊണ്ട് നിന്നാൽ ആതിര മറ്റെന്തെങ്കിലും ചോദിക്കുമോയെന്ന് ഓർത്ത് ദേവകി പെട്ടെന്ന് അകത്തേയ്ക്ക് മാറി . അവർ പോയതും അവളുടെ ശ്രദ്ധ വീണ്ടും ആ മുറിയിലായി മനപ്പൂർവം അല്ലെങ്കിലും അവൾ അതിലേക്ക് ആകർഷിക്കപ്പെട്ടു കൊണ്ടിരുന്നു.കണ്ണുകളെ തടഞ്ഞിട്ടും അവൾ പോലും അറിയാതെ നോട്ടം അവിടേയ്ക്ക് പൊയ്ക്കൊണ്ടിരുന്നു. ആകർഷണം മൂലം ആതിര മുറിയുടെ അടുത്തേക്ക് പോയി. അവൾ അവിടേയ്ക്ക് ആനയിക്കപ്പെട്ടു. അത്യധികം കൗതുകത്തോടെ അവൾ വാതിലിൽ തൊട്ടതും ദേവകി വിളിച്ചതും ഒപ്പമായിരുന്നു .….… തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…