Sunday, December 22, 2024
Novel

പ്രണയവിഹാർ: ഭാഗം 9

നോവൽ: ആർദ്ര നവനീത്‎


ശ്രീക്കുട്ടീ…
സഞ്ജുവും ദീപുവും പിടഞ്ഞെഴുന്നേറ്റ് റൂമിലേക്കോടി.
പിന്നാലെയെത്തിയ ആവണി റൂമിലെ ലൈറ്റ് ഓൺ ചെയ്തു.
പ്രകാശം റൂമാകെ പരന്നു.

കിതച്ചുകൊണ്ട് കട്ടിലിൽ ഇരിക്കുകയായിരുന്നു വിഹാൻ.
വിയർത്തൊഴുകുന്നുമുണ്ട്.
എന്തോ സ്വപ്നം അവൻ കണ്ടെന്നവർക്ക് മനസ്സിലായി.

ടാ… സഞ്ജു അവന്റെ ചുമലിൽ തട്ടി.

ടാ എന്റെ ശ്രീക്കുട്ടി.. വിഹാൻ വിതുമ്പി.
കണ്ട് നിന്നവർക്കത്‌ സഹിക്കാൻ കഴിഞ്ഞില്ല.

സമയം അഞ്ച് കഴിഞ്ഞു.
കുറച്ചുനേരം കൂടി കഴിഞ്ഞിട്ട് നമുക്കിറങ്ങാം.
ആദ്യം ഒന്നുകൂടി നമുക്കാ വെള്ളച്ചാട്ടത്തിന്റെ അടുത്ത് പോകാം. അതുകഴിഞ്ഞ് ഉള്ളിലോട്ടു പോകാം.
ഇവിടെ എനിക്ക് പരിചയമുള്ള ഒരു ആളുണ്ട്
മുരുകണ്ണൻ.
അയാൾക്കറിയാം ഉള്ളിലോട്ടുള്ള സ്ഥലങ്ങളൊക്കെ.
ആറരയാകുമ്പോൾ അയാൾ വരാമെന്ന് പറഞ്ഞിട്ടുണ്ട്.

മ്… വിഹാൻ മൂളിയതേയുള്ളൂ.

കാണണം.. കണ്ടു പിടിച്ചേ തീരൂ അവളെ.
ഇല്ലെന്ന് നൂറാവർത്തി മനസ്സിനെ പറഞ്ഞു പഠിപ്പിക്കുമ്പോഴും പ്രതീക്ഷയുടെ ഒരു നറുവെട്ടം എപ്പോഴോ ഉള്ളിലുണ്ടായിരുന്നിരിക്കണം സഞ്ജു.

വിഹാൻ എന്ന ജന്മം പൂർണമാകണമെങ്കിൽ ശ്രീക്കുട്ടി വേണം കൂടെ.
കാത്തിരിപ്പുണ്ട് ഒരു വീടും വീട്ടുകാരും.

അവൾക്ക് ആവോളം സ്നേഹം നൽകാൻ.
ഒരമ്മയുടെ വാത്സല്യചൂടുമായി.. പ്രാർത്ഥനയോടെ.

കാരണം അവളെ അത്രയേറെ സ്നേഹിക്കുന്നു അവർ.
വിഹാൻ പറഞ്ഞത് അക്ഷരംപ്രതി സത്യമാണെന്നവർക്ക് അറിയാമായിരുന്നു.
കാരണം അവർ കണ്ടറിഞ്ഞതാണ് അവൾക്ക് അവരോടുള്ള സ്നേഹം.. തിരിച്ചവർക്ക് അവളോടുള്ള വാത്സല്യവും.

* * * * * *

“വിഹാൻ നമുക്ക് നിന്റെ വീട്ടിൽ പോകാമോ. എനിക്കമ്മയെ കാണാൻ തോന്നുന്നു. ”
ശ്രീക്കുട്ടിയുടെ വാക്കുകൾ കേട്ട് അവർ അവളെ അന്തംവിട്ട് നോക്കി.

പതിനൊന്ന് മണിയടുപ്പിച്ച് ആകുന്നതേയുള്ളൂ. കോളേജിലെ തണൽ മരത്തിന് ചുവട്ടിലിരിക്കുമ്പോഴാണ് ശ്രാവണി ചോദിച്ചത്.

ഒടുവിൽ മൂന്ന് ബൈക്കുകളിലായവർ വിഹാന്റെ വീട്ടിലെത്തി.

പുറത്തേക്കിറങ്ങിവന്ന അമ്മയുടെ അരികിലേക്ക് പൂത്തുമ്പിയെപ്പോലെ പാറിയവൾ ചെന്നണഞ്ഞു.

അമ്മയെ പുണർന്നുകൊണ്ടാ മാറിലേക്ക് ചേർന്നു നിന്നവൾ കൊഞ്ചുന്നത് അത്ഭുതത്തോടെയാണ് ബാക്കിയുള്ളവർ കണ്ടതെങ്കിൽ വിഹാന് അതിൽ തെല്ലും അത്ഭുതമില്ലായിരുന്നു.

കാരണം അവളങ്ങനെയാണ്.
സ്നേഹിക്കാൻ മാത്രം അറിയാവുന്നവൾ.

കോളേജ് കട്ട്‌ ചെയ്ത് വന്നത് എന്തായാലും ശരിയായില്ല കേട്ടോ.. സ്നേഹം കലർന്ന ശാസനയോടെ അമ്മ പറഞ്ഞു.

എന്റെ അമ്മയെ കാണാനുള്ള കൊതി കൊണ്ടല്ലേ. ഇനിയാവർത്തിക്കില്ല കേട്ടോ.. ചുണ്ട് പിളർത്തി കുഞ്ഞിനെപ്പോലവൾ പറഞ്ഞു.

ഉച്ചയായപ്പോഴേക്കും അച്ഛനും എത്തി.

അച്ഛാ.. എന്ന് വിളിച്ചു കൊണ്ടവൾ ഓടിയണഞ്ഞു.

മേലപ്പിടി മണ്ണാ മോളേ.
കോൺക്രീറ്റ് ആയിരുന്നു ഇന്ന്.

അധ്വാനിക്കുന്നത് കൊണ്ടല്ലേ അതിനെന്താ.

എന്തിനും നിനക്ക് നിന്റേതായ ന്യായമുണ്ടല്ലോ. ഞാൻ സമ്മതിച്ചു.. പോരേ.
ഏതായാലും ഞാനൊന്ന് കുളിച്ചിട്ട് വരാം.

ഊണിന് ശേഷം എല്ലാവരും വരാന്തയിൽ ഒത്തുകൂടി.

കോളേജിലെ വിശേഷങ്ങളും വിഹാന്റെ കുട്ടിക്കാലവുമെല്ലാം അവർക്കിടയിൽ കടന്നുവന്നു .

ഇഷാൻ നഴ്സറിയിലും നിഹാരേട്ടനും നവിച്ചേച്ചിയും ജോലിക്കും പോയി കഴിഞ്ഞാൽ അമ്മയിവിടെ ഒറ്റയ്ക്കല്ലേ..
ശ്രീക്കുട്ടി ചോദിച്ചു.

അതേ മോളേ..
രാവിലെ ജോലിയൊക്കെ കഴിയും. പിന്നെയീ പറമ്പും ചെടികളുമൊക്കെയാണ് അവർ വരുന്നതുവരെ എന്റെ ലോകം…

എന്നാൽ പിന്നെ ആ ലോകത്തേക്ക് ഞാനും വന്നോട്ടെ..
നിഷ്കളങ്കതയോടെ അവൾ പെട്ടെന്ന് ചോദിച്ചു.
എന്നാൽ ആ വാക്കുകളിൽ അവളുടെ മോഹവും സ്നേഹവും ദയനീയതയുമെല്ലാം അടങ്ങിയിരുന്നു.

കുടിച്ചു കൊണ്ടിരുന്ന വെള്ളം നെറുകിൽ കയറി വിഹാൻ ചുമച്ചു.
മറ്റുള്ളവരും കിളി പോയിരിക്കുകയാണ്.

അച്ഛന്റെയും അമ്മയുടെയും മുഖത്തെ ഭാവം എന്തെന്ന് വ്യക്തമല്ല.

കുട്ടിക്കാലം മുതൽക്കേ ഒറ്റപ്പെട്ടാ വളർന്നത്.
ചോദിക്കുന്നതെന്തും മുന്നിലെത്തിയിരുന്നു.
എല്ലാം സാധിച്ചു തരാൻ അമ്മയും അച്ഛനും ശമ്പളം നൽകി ആളെയും വച്ചിരുന്നു.
എനിക്കാവശ്യമായ എല്ലാം നൽകുമ്പോഴും എനിക്ക് വേണ്ട സ്നേഹം നൽകാൻ മാത്രം എല്ലാവരും മറന്നു.
ഒരമ്മയുടെ സ്നേഹവും തലോടലുമെല്ലാം അറിഞ്ഞത് ഈ അമ്മയിൽ നിന്നുമാണ്.
ഒരച്ഛന്റെ വാത്സല്യമറിഞ്ഞത് ഈ അച്ഛനിൽ നിന്നും.
എന്നെകൂടി കൂട്ടാമോ നിങ്ങളുടെ കൂടെ..
ഈ സ്വർഗ്ഗത്തിലേക്ക്..
ഇടറിപ്പോയിരുന്നു ആ സ്വരം.

മരുമകളായാണോ.. അച്ഛൻ ചോദിച്ചു.

അവൾ തലയാട്ടി.

അച്ഛൻ നിഷേധാർഥത്തിൽ തലയാട്ടി.
അവളുടെ മുഖം വിളറി.
ആവണിയും ഐഷുവും സങ്കടത്തോടെ അവളെ നോക്കി.

ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരു പെൺകുഞ്ഞിനായിട്ട്.
തന്നതിനെയാണെങ്കിൽ കണ്ട് കൊതിതീരും മുൻപേ ദൈവം അങ്ങ് എടുത്തു.
ഞങ്ങൾക്ക് മരുമകളെയല്ല മകളെയാണ് ആവശ്യം.
എന്റെ വിഹൂന്റെ പെണ്ണായിട്ട് ഞങ്ങളുടെ മകളായിട്ട് കൊണ്ടു വരാം ഞങ്ങൾ. അതുപോരെ..
ഇപ്പോഴല്ല പഠിത്തമൊക്കെ കഴിഞ്ഞ് രണ്ടുപേരും ഓരോ ജോലിയൊക്കെ വാങ്ങിയതിനുശേഷം..
ചെറുചിരിയോടെ അച്ഛൻ പറയുമ്പോൾ കരഞ്ഞുപോയി അവൾ.
ആ അച്ഛനും അമ്മയും അപ്പോഴും അവളെ പൊതിഞ്ഞു പിടിച്ചിട്ടുണ്ടായിരുന്നു.

* * * *

തണുപ്പുള്ള അന്തരീക്ഷത്തിലൂടെ കുറ്റിച്ചെടികൾക്കിടയിലൂടെ
വെള്ളച്ചാട്ടത്തിന് നേർക്കവർ നടന്നു.
വഴികാട്ടിയായി മുരുകനും കൂടെയുണ്ടായിരുന്നു.

മുരുകണ്ണന് ഇവിടൊക്കെ നന്നായി അറിയാമോ..
സഞ്ജു ചോദിച്ചു.

അറിയാം കുഞ്ഞേ..
ചിലർ കഥയെഴുതാനും കാഴ്ചകൾ കാണാനുമൊക്കെ വന്നിട്ടുണ്ട്.
അറിഞ്ഞു വരാൻ മാത്രം പ്രശസ്തമായ സ്ഥലമൊന്നുമല്ലല്ലോ അതുകൊണ്ട് ചുരുക്കം ചിലരെ വന്നിട്ടുള്ളൂ.

ഇവിടുന്ന് കിഴക്കേ വശത്തോട്ട് നടന്നാൽ പിന്നെയൊരു ഇറക്കമാണ്.
ഇറക്കമിറങ്ങി ചെറിയൊരു നീർച്ചാൽ കടന്നാൽ കുറച്ച് വീടുകളുണ്ട്.
പത്തോ ഇരുപത്തിയഞ്ചോ പേരെ കാണുള്ളൂ.

പണ്ട് മുതലേ അല്ലറ ചില്ലറ മുറിവൈദ്യമൊക്കെയായി ജീവിച്ചവരാണ്.
വിഷചികിത്സയാണ് പ്രധാനം.

പിന്നീട് പലരും ഇവിടെ നിന്ന് വനം വിട്ട് പുറത്തേക്ക് പോയെങ്കിലും ഈ കൂട്ടർ മാത്രം പോകാൻ കൂട്ടാക്കിയില്ല..
മുരുകൻ പറഞ്ഞു നിർത്തി.

വെള്ളച്ചാട്ടത്തിന് സമീപം ആരെയും കാണാനവർക്ക് കഴിഞ്ഞില്ല.
നിരാശയോടെ അവർ പരസ്പരം നോക്കി.

നമുക്ക് ഇറക്കമിറങ്ങി പോകാം ചേട്ടാ… വിഹാന്റെ വാക്കുകൾ കേട്ടവർ പരസ്പരം നോക്കി.
അവന്റെ മുഖത്തെ പ്രതീക്ഷയുടെ തിരിനാളം അവർക്കും പ്രതീക്ഷയേകി.

ഇടയ്ക്കിടെ ഉരുൾപൊട്ടലൊക്കെ ഉള്ളയിടമാണ്.
അവർ താമസിക്കുന്നത് ഒരുപാട് മരങ്ങളും മറ്റുമൊക്കെയുള്ള തുരുത്ത് പോലെയൊന്നിലാണ്.
അതുകൊണ്ട് തന്നെ അവിടെ മലവെള്ളപ്പാച്ചിൽ എത്തില്ല..
ഇറക്കമിറങ്ങുമ്പോൾ അയാൾ പറഞ്ഞു കൊണ്ടിരുന്നു.

ഐഷുവിന്റെ കൈകൾ സഞ്ജു പിടിച്ചിരുന്നു.
ആവണിയെയും സൂക്ഷിച്ചാണ് ദീപു കൈപിടിച്ച് ഇറക്കിയത്.

സൂക്ഷിക്കണം.. നിറയെ കരിയിലയാണ്.
വിഷജന്തുക്കൾ കാണും.
അയാളോർമ്മിപ്പിച്ചു.
കൈയിലുള്ള വടി ഉച്ചത്തിൽ അടിച്ചും കാലിട്ട് ശബ്ദം കേൾക്കുമാറ് ഉരച്ചുമാണ് അയാൾ മുന്നിൽ നടന്നത്.

ദേ അവിടെയാണ് നീർച്ചോല.
മലമുകളിൽ നിന്നുമാണ് ഒലിച്ചിറങ്ങുന്നത്.ഒട്ടേറെ ഔഷധസസ്യങ്ങൾ ഉള്ള മലനിരകളാണ്.
അതുകൊണ്ടുതന്നെ ആ സസ്യങ്ങളുടെയൊക്കെ സത്ത് വഹിച്ചുകൊണ്ടാണ് ചോല ഒലിച്ചു വരുന്നതെന്നാണ് പറയുന്നത്.

ഈ ചോലയിൽ ഒന്ന് കുളിച്ചെഴുന്നേറ്റാൽ പോലും ഉഷാറാ.. പല്ലുകൾ മുഴുവൻ പുറത്ത് കാട്ടി ചിരിച്ചു കൊണ്ടയാൾ പറഞ്ഞു.

ചെറുതും വലുതുമായ അനേകം ഉരുളൻ പാറകൾ അവിടെ ഉണ്ടായിരുന്നു.
അതിനിടയിൽ കൂടെ വെള്ളം ഒഴുകുന്നുണ്ടായിരുന്നു.

കണ്ണാടി പോലെ തെളിഞ്ഞ വെള്ളമായിരുന്നു അത്.
ഒരാൾ വീതി അതിനുണ്ടെന്നവൻ ഓർത്തു.

ഈ നീർച്ചാൽ കടന്ന് കുറേ കൂടി പോയാൽ ഞാൻ പറഞ്ഞ സ്ഥലമെത്തി.
വല്ലാത്ത ആളുകളാണ്.
അവരുടെ സ്വകാര്യതയിലേക്ക് ആരും ഇടിച്ചു കയറി ചെല്ലുന്നതൊന്നും അവർക്കിഷ്ടമല്ല.
എന്നാലോ സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരികയും ചെയ്യും.
അവർക്ക് വേണ്ടി അവിടൊരു ക്ഷേത്രമുണ്ട്.
വലിയ ക്ഷേത്രമൊന്നുമല്ല.
അവർ തന്നെ വിളക്ക് വച്ച് ആരാധിക്കുന്ന മൂർത്തി.
ദൂരേക്ക് കൈചൂണ്ടി അയാൾ പറഞ്ഞു.

ആവണി കാലുകൾ വെള്ളത്തിലേക്കിട്ടു.

നല്ല തണുപ്പുണ്ട്.. കാൽ കൊണ്ട് വെള്ളം തട്ടിക്കൊണ്ടവൾ പറഞ്ഞു.
ദീപു ഇറങ്ങി മുഖം കഴുകി.
പിന്നാലെ ബാക്കിയുള്ളവരും.
വിഹാന്റെ മിഴികൾ അപ്പോഴും ചുറ്റും പരതുകയായിരുന്നു അവന്റെ പ്രാണന് വേണ്ടി..

മുരുകൻ നീർച്ചോലയിലിറങ്ങി കൈക്കുമ്പിളിൽ വെള്ളം കോരി കുടിച്ചു.

അയ്യേ.. ഈ വെള്ളമാണോ കുടിക്കുന്നത്.. ഐഷു മുഖം ചുളിച്ചുകൊണ്ട് ചോദിച്ചു.

ഞാൻ പറഞ്ഞില്ലേ കൊച്ചേ ഇത് മലമുകളിൽ നിന്നും വരുന്ന വെള്ളമാണ്.
നിങ്ങൾ പെട്ടിക്കകത്ത് വച്ച് തണുപ്പിച്ചും കുപ്പിയിൽ കളറ് കലക്കിയും വാങ്ങിക്കുടിക്കുന്നതിനെക്കാളുമെല്ലാം നൂറുമടങ്ങ് ശുദ്ധമായ ജലം.

മുഖം കഴുകി കൈകൾ കുടഞ്ഞുകൊണ്ട് അയാൾ വലിയൊരു പാറപ്പുറത്ത് കയറിയിരുന്നു.

വിഹാൻ ആ നീർച്ചോലയിലേക്കിറങ്ങി.
തെളിഞ്ഞുകിടക്കുന്ന വെള്ളത്തിൽ ശ്രീക്കുട്ടിയുടെ ചിരിക്കുന്ന മുഖം തെളിഞ്ഞു വരുന്നതവൻ കണ്ടു.

പ്രണയത്താൽ അവന്റെ മിഴികൾ വെട്ടി.
കൈകൾ കൊണ്ട് തൊട്ടതും അത് മാഞ്ഞുപോയി.
അവന്റെ കണ്ണിൽനിന്നും കണ്ണുനീർത്തുള്ളികൾ ആ വെള്ളത്തിലേക്ക് ഇറ്റുവീണു.

കൈക്കുമ്പിളിൽ വെള്ളമെടുത്തവൻ മുഖത്തേക്ക് ഒഴിച്ചു.
നീണ്ട മുടി പിന്നിലേക്ക് മാടിയൊതുക്കി കൊണ്ടവൻ കണ്ണുകൾ അമർത്തി തുടച്ചു.

വെള്ളത്തുള്ളികൾ വീണ് പീലികൾ നനഞ്ഞത് കൊണ്ടാകാം കാഴ്ച വ്യക്തമായില്ല.
ഒന്നുകൂടവൻ കൈകളാൽ കണ്ണുകൾ ഒപ്പി.

ദൂരെ നിന്നും നാലഞ്ച് കുട്ടികൾ ഓടി വരുന്നുണ്ടായിരുന്നു.
അവർക്ക് പിന്നാലെ ദാവണിയുടുത്ത ഒരു പെൺകുട്ടി കൈയിലൊരു മുളങ്കമ്പുമായി ഓടിവരുന്നുണ്ട്.

അവളുടെ നീണ്ട മുടികൾ ഉലയുന്നുണ്ടായിരുന്നു.
അവന്റെ ഹൃദയതാളം ഉയർന്നു.

കൺപീലികൾ ഇടംവലം വെട്ടി.
ഇടനെഞ്ച് എന്തിനോ വേണ്ടി തുടിച്ചു.

അമൂല്യമായതെന്തോ കൈവന്ന് ചേർന്നതുപോൽ അവന്റെ മിഴികൾ ആഹ്ലാദത്താൽ നിറഞ്ഞു.
ചുണ്ടുകൾ വിറച്ചു.

ശ്രീക്കുട്ടി…
വിഹാന്റെ സ്വരം അൽപ്പം ഉച്ചത്തിലായിരുന്നു.
പാറപ്പുറത്തിരുന്ന സഞ്ജുവും ദീപുവും പിടഞ്ഞെഴുന്നേറ്റു.
പിന്നാലെ ഐഷുവും ആവണിയും.
അവരും കാണുകയായിരുന്നു അവളെ.

രണ്ടരവർഷങ്ങൾക്ക് ശേഷം അവർ കാണുകയായിരുന്നു തങ്ങളുടെ ശ്രാവുവിനെ.
ഇനിയൊരിക്കലും കൂട്ട് കൂടാനെത്തില്ലെന്ന് വിചാരിച്ചിരുന്നതാണ്..

അവളുടെ ചിരിയും സ്നേഹവും അനുഭവിക്കാൻ കഴിയില്ലെന്ന് കരുതിയതാണ്.. എന്നാൽ അതിനും മുകളിലാണ് സർവ്വേശ്വരന്റെ തീരുമാനം.

വിധി എന്ന രണ്ടക്ഷരത്താൽ നഷ്ടമായെന്ന് കരുതിയതാണ്.
ഈ ഭൂമിയിൽ നിന്നും മാഞ്ഞുപോയെന്ന് കരുതിയ തന്റെ പ്രാണനാണ് മുൻപിൽ.
ഹൃദയത്തോട് ചേർത്തുവച്ച തന്റെ പെണ്ണ്… വിഹാൻ കണ്ണുകൾ ചിമ്മി തുറന്നു.

കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി.
ഒന്നും മനസ്സിലാകാതെ മുരുകൻ അവരെ മാറിമാറി നോക്കി.

ശ്രീക്കുട്ടീ…
വിഹാന്റെ ശബ്ദം പാറക്കൂട്ടങ്ങൾക്കിടയിൽ പ്രതിധ്വനിച്ചു..

..

പ്രണയവിഹാർ: ഭാഗം 1

പ്രണയവിഹാർ: ഭാഗം 2

പ്രണയവിഹാർ: ഭാഗം 3

പ്രണയവിഹാർ: ഭാഗം 4

പ്രണയവിഹാർ: ഭാഗം 5

പ്രണയവിഹാർ: ഭാഗം 6

പ്രണയവിഹാർ: ഭാഗം 7

പ്രണയവിഹാർ: ഭാഗം 8