Friday, November 15, 2024
Novel

പ്രണയവിഹാർ: ഭാഗം 23

നോവൽ: ആർദ്ര നവനീത്‎

രാത്രിയിൽ സോപാനത്തിലിരുന്ന് വിണ്ണിലെ നക്ഷത്രങ്ങളെ നോക്കുകയായിരുന്നു ശ്രാവണി. കറുത്ത പരവതാനിയിൽ അങ്ങിങ്ങായി വാരിവിതറിയതുപോലെ നക്ഷത്രങ്ങൾ മിന്നുന്നുണ്ടായിരുന്നു. അവളുടെ മനസ്സ് അപ്പോൾ പൊന്നിമലയിലായിരുന്നു. അപ്പയുടെയും അമ്മയുടെയും അരികിൽ. അവരുടെ കൂടെയുള്ള നിമിഷങ്ങൾ. തേന്മൊഴിയോടും കല്യാണിയോടുമൊപ്പം കാട്ടിലൂടെ തുള്ളിച്ചാടി നടക്കുന്നതുമൊക്കെ അവൾ കാണുകയായിരുന്നു. മിഴിക്കോണിലൂറിയ കണ്ണുനീർത്തുള്ളി അവൾപോലുമറിയാതെ കവിളിലൂടെ ചാലിട്ടൊഴുകി. വിഹാന്റെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ അവനുമൊത്തുള്ള നിമിഷങ്ങൾ ഓർത്തെടുക്കാൻ അവൾ ശ്രമിച്ചു. നേരിയ തലവേദന അനുഭവപ്പെടാൻ തുടങ്ങിയിട്ടും അവൾ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു. വെറും അന്ധകാരം മാത്രമായിരുന്നു അവളിൽ തെളിഞ്ഞത്.

തലവേദന ശക്തി പ്രാപിക്കാൻ തുടങ്ങിയതിന്റെ ഫലമായി ചെന്നിയിലെ ഞരമ്പുകൾ പിടച്ചുയർന്നു. ഓർമ്മയില്ലായ്‌മ എത്ര ഭയാനകമായ അവസ്ഥയാണെന്ന് അവളോർത്തു. ഏറെ പ്രിയമുള്ളവരെപ്പോലും മനസ്സിലാക്കാനാകാതെ അവർക്ക് മുൻപിൽ നിൽക്കേണ്ടി വരിക അതിനോളം ക്രൂരമായ അവസ്ഥ വേറെയൊന്നുമില്ലെന്നവൾക്ക് തോന്നി. തല കൈകളാൽ താങ്ങിയവൾ നെറ്റി തൂണിന്മേൽ ചേർത്തു. ചുമലിലെ നനുത്ത സ്പർശം അറിഞ്ഞവൾ തിരിഞ്ഞ് ആ മാറിലേക്ക് ചേർന്നു. ഒരു സാമീപ്യം തലചായ്ക്കാനൊരു ചുമൽ അതവൾക്ക് ആ നിമിഷം ആവശ്യമായിരുന്നു. അതറിഞ്ഞെന്നപോൽ വിഹാന്റെ കൈകൾ അവളുടെ തലയിൽ മെല്ലെ തഴുകി. അവളുടെ കണ്ണുനീർ അവന്റെ നെഞ്ച് നനച്ചു. വേദനയും പരിഭവവുമെല്ലാം ആ കണ്ണുനീരിൽ അടങ്ങിയിരുന്നു. തന്റെ പ്രിയപ്പെട്ടവളുടെ വേദനയും കണ്ണുനീരും അവൻ തന്നിലേക്ക് ഏറ്റുവാങ്ങി. എത്രനേരം നിന്നുവെന്നറിയില്ല.

ഒടുവിലെപ്പോഴോ അവളവനിൽ നിന്നും അടർന്നുമാറി. കുനിഞ്ഞുനിന്ന അവളുടെ മുഖം തന്റെ ഇരുകൈകളാലും അവൻ കോരിയെടുത്തു. അവന്റെ ആർദ്രമായ നോട്ടം ചെന്നുപതിച്ചത് അവളുടെ ഹൃദയത്തിലായിരുന്നു. ആ നിമിഷം ഹൃദയതാളം ഒന്നുയർന്നുവോ.? എനിക്കറിയാം നിന്റെ അവസ്ഥ സ്വന്തമായി കരുതിയവർ തനിക്കാരുമല്ലെന്ന് പെട്ടെന്നൊരു നിമിഷം തിരിച്ചറിയുമ്പോഴുണ്ടാകുന്ന വേദന. അപരിചിതരായ കുറച്ചുപേർ സ്വന്തമെന്ന് പറയുമ്പോഴുണ്ടാകുന്ന ആശങ്ക. കിണഞ്ഞു പരിശ്രമിച്ചിട്ടും നേടിയെടുക്കാനാകാത്ത ഓർമ്മകൾ.. എന്തിനാണ് പെണ്ണേ നീ വേദനിക്കുന്നത്. നിന്റെ കണ്ണുനീരൊപ്പാൻ എന്റെ കൈകളും വേദനകൾ പെയ്തു തീർക്കുവാൻ എന്റെ നെഞ്ചും നിന്നെ താങ്ങുവാൻ എന്റെ കരങ്ങളും സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കാൻ എന്റെ ഹൃദയവും ഉള്ളപ്പോൾ നീ നൊമ്പരമെല്ലാം അടക്കി വയ്ക്കുന്നതെന്തിനാണ്.

നീ എത്ര അകന്നാലും നിന്നെ ചേർത്തു നിർത്തും ഞാൻ. കാരണം നാളെ നിനക്ക് ഓർമ്മകൾ തിരികെ കിട്ടുമ്പോൾ എന്നെ അകറ്റിയെന്ന പേരിൽ വ്യസനിക്കാൻ ഇടവരരുത്. എനിക്കറിയാം ഉള്ളിന്റെയുള്ളിൽ എനിക്കായ് ഒരിടം നിന്നിലുണ്ടെന്ന്. അതുമാത്രം മതി നിന്റെ ഓർമ്മകൾ തിരികെ നേടുന്നതിനായി. കാരണം എന്റെ ശ്രീക്കുട്ടിയുടെ ഓരോ ഹൃദയത്തുടിപ്പുകളും എനിക്ക് വേണ്ടിയായിരുന്നു.. അവളുടെ വിഹാന് വേണ്ടി. അവളുടെ കണ്ണുകൾ ഇടതടവില്ലാതെ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. അത് അപ്പയ്ക്കും അമ്മയ്ക്കും വേണ്ടിയായിരുന്നില്ല.. കാരണമറിയാത്ത മറ്റെന്തിനോ വേണ്ടിയായിരുന്നു. പിറ്റേന്ന് രാവിലെ വിഹാനും ശ്രാവണിയും ഹോസ്പിറ്റലിൽ പോകാനിറങ്ങി. ദാവണിയായിരുന്നു വേഷം. ഈറൻ മുടി വിടർത്തിയിട്ടിരുന്നു. പൂജാമുറിയിൽ ദൈവങ്ങൾക്ക് മുൻപിൽ അവൾ കൈകൂപ്പി നിന്നു.

ഒഴിഞ്ഞ മനസ്സോടെ. എന്ത് പ്രാർത്ഥിക്കണമെന്നറിയാതെ.. അൽപ്പസമയം കാത്തിരുന്നതിന് ശേഷമാണ് ഡോക്ടർ അനന്തമൂർത്തി അയ്യരെ കാണാൻ കഴിഞ്ഞത്. വെളുത്ത് നരച്ച പൊക്കമുള്ള സൗമ്യനായ മനുഷ്യനായിരുന്നു അദ്ദേഹം. വല്ലാത്തൊരു ചൈതന്യം ആ മുഖത്തുണ്ടായിരുന്നു. എല്ലാം വിശദമായി വിഹാനിൽ നിന്നും കേൾക്കുമ്പോഴും അദ്ദേഹത്തിന്റെ കണ്ണുകൾ ശ്രാവണിയിലായിരുന്നു. അവളുടെ മുഖത്തെ ഓരോ ഭാവവും അദ്ദേഹം ഒപ്പിയെടുക്കുകയായിരുന്നു. അതിനുശേഷം ശ്രാവണിയോടാണ് അദ്ദേഹം കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. പലപ്പോഴും അവളുടെ കണ്ണുകൾ നിറയുന്നത് അദ്ദേഹം ശ്രദ്ധിച്ചു. എല്ലാം കേട്ടതിന് ശേഷം അദ്ദേഹം താടിയിൽ കൈകോർത്ത് അൽപ്പനേരം ആലോചിച്ചു. പലതരത്തിലുള്ള അംനേഷ്യയുണ്ട്. ചിലപ്പോൾ ആക്‌സിഡന്റ് സംഭവിക്കുന്നതിന് വർഷങ്ങൾക്ക് മുൻപുള്ള ഓർമ്മകൾ ഭാഗികമായി മാത്രമേ പോകുകയുള്ളൂ.

ചിലപ്പോൾ പൂർണ്ണമായും പോകാം. തലയ്ക്ക് ക്ഷതം സംഭവിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. നാട്ടുചികിത്സ അല്ലേ നടത്തിയത്. നമുക്ക് സ്കാൻ ചെയ്യാം. അതിനുശേഷം ബാക്കിയുള്ളവ പറയാം. തലച്ചോറിനെയും സുഷുമ്‌നാ നാഡിയെയും കാണാൻ എം‌ആർ‌ഐ സ്കാനുകൾ വളരെ നല്ലതാണ്, മാത്രമല്ല ഈ പ്രദേശങ്ങളിൽ ട്യൂമറുകൾ കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗ്ഗമായി കണക്കാക്കപ്പെടുന്നു. അവർ നൽകുന്ന ചിത്രങ്ങൾ സാധാരണയായി സിടി സ്കാനുകളിൽ നിന്നുള്ള ചിത്രങ്ങളേക്കാൾ കൂടുതൽ വിശദമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു. സ്കാൻ ചെയ്തശേഷം റിപ്പോർട്ടിനായി അവർ വെയിറ്റ് ചെയ്തു. അദ്ദേഹം വിളിച്ചു പറഞ്ഞതിനാൽ ഒരുപാട് താമസിക്കാതെ സ്കാൻ റിപ്പോർട്ട്‌ കിട്ടി. അദ്ദേഹം വിശദമായി റിപ്പോർട്ട് നോക്കി . ശേഷം കസേരയിൽ നിന്നും മുന്നോട്ട് ആഞ്ഞിരുന്നു. തലയ്‌ക്കേറ്റ ക്ഷതം മൂലമാണ് ശ്രാവണിയ്ക്ക് ഓർമ്മകൾ നഷ്ടമായിരിക്കുന്നത്. ഒരുപക്ഷേ അന്ന് നല്ല ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ പെട്ടെന്ന് റിക്കവർ ആയേനെ. നമുക്ക് ട്രീറ്റ്മെന്റ് തുടങ്ങാം.

അതിന് ആദ്യം വേണ്ടത് ശ്രാവണിയുടെ മനസ്സാണ്. അധികം സ്‌ട്രെയിൻ ചെയ്യാതെ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുന്നത് നല്ലതാണ്. യോഗ ചെയ്യുന്നത് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും. ശക്തമായ ആഘാതം തലയ്ക്ക് ഏറ്റാൽ മാറും ചിലത്. നമുക്ക് തുടങ്ങാമെടോ താൻ ധൈര്യമായിരിക്ക്.. വിഹാന്റെ നിറഞ്ഞ കണ്ണുകൾ കണ്ട് അദ്ദേഹം ധൈര്യം പകർന്നു. തിരികെ ഇറങ്ങിയപ്പോൾ വിഹാൻ മെഡിസിൻ എടുക്കുവാനായി ഫാർമസിയിൽ കയറി. ശ്രാവണി വിസിറ്റിങ് ചെയറിൽ ഇരുന്നു. തിരികെ അവനോടൊപ്പം ബൈക്കിൽ കയറാൻ തുടങ്ങുമ്പോഴാണ് പിന്നിൽനിന്നും വിളി കേട്ടത്. ശ്രാവണീ… മധ്യവയസ്കയായ ഒരു സ്ത്രീ സാരിയാണ് വേഷം. അവരുടെ പകച്ച മുഖഭാവവും നിറഞ്ഞ കണ്ണുകളും അവളുടെ മുഖത്ത് ആശങ്ക നിറഞ്ഞു. അവൾ വിഹാനെ നോക്കി. കനലിൽ നിന്നും ചുട്ടെടുത്തെന്നപോലെ അവന്റെ മുഖം കടുത്തിരുന്നു. അവൾ ഇരുവരെയും മാറിമാറി നോക്കി.

മോളേ.. അവർ അരികിലേക്ക് വരാൻ തുടങ്ങി. എന്നാൽ ഉടൻ തന്നെ അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. അവരെയൊന്ന് നോക്കിയതിനുശേഷം അവൾ അവന് പിന്നിൽ കയറി. അവർ അടുത്തെത്തിയപ്പോഴേക്കും ബൈക്ക് പാഞ്ഞുപോയിരുന്നു. പിന്നാലെ ഓടിവന്ന സ്ത്രീ നിരാശയോടെ നിറകണ്ണുകളോടെ നിൽക്കുന്നത് ബൈക്ക് അകന്നുപോകുമ്പോഴും അവൾ കാണുന്നുണ്ടായിരുന്നു. ആരായിരുന്നു അത്.. അല്പദൂരം പിന്നിട്ടപ്പോൾ അവൾ മെല്ലെ വിഹാനോട് ചോദിച്ചു. അവൻ പകരമായി ബൈക്കിന്റെ വേഗത കൂട്ടി. പേടിയോടെ കണ്ണുകൾ ഇറുകെയടച്ചവൾ അവന്റെ വയറ്റിൽ പിടി മുറുക്കി. റിയർവ്യൂ മിററിലൂടെ കണ്ണുകളടച്ച് അവൾ ഇരിക്കുന്നത് കണ്ടോ വയറിലെ കൈയുടെ മുറുക്കത്തിലൂടെ അവളുടെ ഭയത്തിന്റെ തീവ്രതയറിഞ്ഞോ അവൻ സ്പീഡ് കുറച്ചു. വീടിന് മുൻപിൽ എത്തിയതും അവളെയും വലിച്ചുകൊണ്ടവൻ അകത്തേക്ക് കയറി.

വിഹാന്റെ ആ ഭാവം അവൾക്കന്യമായിരുന്നു. അവളുടെ പേടിച്ചരണ്ട നിൽപ്പും വിഹാന്റെ ദേഷ്യവും കണ്ട് എല്ലാവരും അമ്പരന്നു. എന്താടാ.. എന്ത് പറ്റി മറുപടി പറയാതെ അവൻ മുടി കോർത്തു വലിച്ചു. അവൾ ഭയന്ന് നവിയോട് ഒട്ടിച്ചേർന്നു. നവി അവളെ ചുറ്റിപ്പിടിച്ചു. മുറ്റത്ത് ഒരിരമ്പലോടെ കാർ വന്നുനിന്ന ശബ്ദം കേട്ടതും അവൻ പിടഞ്ഞെഴുന്നേറ്റ് ശ്രാവണിയെ ചേർത്തു പിടിച്ചു. അവൾക്കൊന്നും മനസ്സിലായില്ല. അകത്തേക്ക് കയറിവന്നത് അൽപ്പം മുൻപ് ഹോസ്പിറ്റലിൽ വച്ചുകണ്ട സ്ത്രീയാണെന്ന് അവൾ തിരിച്ചറിഞ്ഞു. കൂടെയുള്ള മധ്യവയസ്കനെ അവൾക്ക് മനസ്സിലായില്ല. മോളേ.. അവർ അവളുടെ അടുത്തേക്ക് വരാൻ തുനിഞ്ഞതും വിഹാൻ കൈയെടുത്ത് വിലക്കി. വേണ്ട.. വരരുത് എന്റെ പെണ്ണിന്റെ അടുത്തേക്ക്. ഒരിക്കൽ നിങ്ങൾ കാരണം നഷ്ടമായവളാണ് എനിക്കിവൾ.

അവൻ ചീറി. വിഹാൻ അവളെന്റെ മോളല്ലേ. ഞാൻ ജന്മം നല്കിയവൾ. മരിച്ചുവെന്ന് വിശ്വസിച്ചിരുന്നവൾ എന്റെ മുൻപിൽ. അവർ വാക്കുകൾ കിട്ടാതെ വിഷമിച്ചു. ശ്രാവണി ഞെട്ടി നിൽക്കുകയായിരുന്നു. ഡോക്ടർ തരുണി അവൾ മെല്ലെ ഉരുവിട്ടു. ആവണി പറഞ്ഞ കഥകളിലെ കഥാപാത്രം. തന്റെ അമ്മ. ജന്മം തന്ന സ്ത്രീ. അവൾ പറഞ്ഞ കഥയിലെ മകളെ സ്നേഹിക്കാത്ത സ്ത്രീയാണോ ഈ കണ്ണുനീർ വാർക്കുന്നത്.. അവൾ അവരെ തുറിച്ചു നോക്കി. ഭയത്തോടെ ഒന്നുകൂടി നവിയിലേക്ക്‌ പറ്റിച്ചേർന്നു. ജന്മം നൽകിയ മകൾ. ഇതിപ്പോഴായിരുന്നില്ല ഡോക്ടർ തരുണീനാഥും ഡോക്ടർ നിരഞ്ജൻ വാര്യത്തും ഓർക്കേണ്ടിയിരുന്നത്. രണ്ടരവർഷം മുൻപായിരുന്നു. ജന്മം നൽകിയ മകളെന്നില്ലാതെ അവളെയൊന്ന് സ്നേഹിക്കുവാൻ സമയമില്ലാതെ നിങ്ങൾ പണത്തിന് പിന്നലെ പാഞ്ഞപ്പോൾ… വിഹാൻ മതി നിർത്ത് വേണ്ട… അച്ഛൻ വിലക്കി. ഇല്ലച്ഛാ.. എനിക്ക് പറയണം.അവൻ തുടർന്നു.

പണം മാത്രം മുന്നിൽ കണ്ട് ഇഷ്ടമല്ലാത്ത ഒരുവനുമായി ഇല്ലാക്കഥകൾ മെനഞ്ഞ് അഭിനയിച്ചു നടിച്ച് അവളുടെ വിവാഹം ഉറപ്പിച്ചപ്പോൾ. അന്ന് നിങ്ങൾ ചിന്തിക്കേണ്ടിയിരുന്നു ഇത് മകളായിരുന്നുവെന്ന്. അന്ന് ആ പുഴയിൽ ചാടി അവസാനിച്ചത് അവളായിരുന്നു നിങ്ങളുടെ മകൾ ശ്രാവണി. ശവം വരെ നിങ്ങൾ ദഹിപ്പിച്ചില്ലേ.. അവൻ കോപത്തോടെ അലറി. ആർക്കുമവനെ തടയാൻ കഴിഞ്ഞില്ല. കഴിഞ്ഞ രണ്ടരവർഷം അവൻ ഉള്ളിലൊതുക്കിയ വേദനകളാണ് അവൻ പറഞ്ഞു തീർക്കുന്നതെന്ന് അവർക്കറിയാമായിരുന്നു. ഈ നിൽക്കുന്നത് ഈ വിഹാൻ താലി ചാർത്തിയ എന്റെ പെണ്ണാണ് ശ്രീക്കുട്ടി. ഈ വീട്ടിലെ രാജകുമാരി. അവരുടെ കണ്ണുകൾ അപ്പോഴാണ് അവളുടെ കഴുത്തിലെ താലിയിലും സീമന്തരേഖയിലെ സിന്ദൂരത്തിലും പതിഞ്ഞത്. ഒരാവകാശവാദവും പറയുന്നില്ല.

ചെയ്തതെല്ലാം തെറ്റ് തന്നെയാണ്. തിരിച്ചറിയാൻ വൈകിയ തെറ്റുകൾ. ഇന്ന് ഹോസ്പിറ്റലിൽ വച്ച് കണ്ടപ്പോൾ കൂടെ നിന്നെയും കണ്ടപ്പോൾ എന്റെ കുഞ്ഞിനെ കാണാനാണ് വന്നത്. ഞങ്ങൾ നല്ല അച്ഛനോ അമ്മയോ ആയിരുന്നില്ല. അവളുടെ ഭാവിയെക്കരുതിയാണ് മൗലിയുമായി വിവാഹം ഉറപ്പിച്ചതും. മക്കളുടെ ഭാവി സുരക്ഷിതമാക്കുവാനല്ലേ ഏതൊരു മാതാപിതാക്കളും ശ്രമിക്കുള്ളൂ.. ഇടറിയ വാക്കുകൾ പെറുക്കിവച്ചുകൊണ്ട് അവർ തുടർന്നു. ഹ്മ്മ്.. മകളുടെ ഭാവി. മക്കളുടെ ഭാവി പണത്തിലാണെന്ന് കരുതുന്ന നിങ്ങളെപ്പോലുള്ള രക്ഷകർത്താക്കൾ ലജ്ജിക്കണം. അവളെ സ്നേഹിക്കുന്ന സ്വന്തം മകളെപ്പോലെ നോക്കുന്ന അച്ഛനമ്മമാരുള്ള കുടുംബത്തിലേക്കാണ് ഓരോ പെൺമക്കളുടെയും ഭാവി ഭദ്രമാക്കേണ്ടത്. സ്നേഹിക്കുന്ന ഒരുവന്റെ ഹൃദത്തിലേക്കാകണം അവളെ ചേർത്തു വയ്ക്കേണ്ടത്.

സ്വത്തോ പണമോ ഒന്നുമല്ല സ്നേഹമാണ് കുടുംബത്തിൽ വേണ്ടത്. പരസ്പരവിശ്വാസവും കരുതലുമാണ് വേണ്ടത്. പണം കൊടുത്ത് നേടിയെടുക്കാവുന്നതല്ല പെണ്മക്കളുടെ സന്തോഷം. സ്നേഹവും പണവും ഇരുതുലാസ്സിലുമായി നിൽക്കുമ്പോൾ സ്നേഹത്തിന്റെ തട്ട് താഴ്ന്നു തന്നെയിരിക്കും. അവരുടെ മുഖം കുനിഞ്ഞുപോയി. നിങ്ങൾ അന്ന് പ്രവർത്തിച്ചതിന്റെ പരിണിതഫലവും കൂടി നിങ്ങൾക്കറിയണ്ടേ. ദേ നിൽക്കുന്നില്ലേ ഇവളുടെ മുഖത്തെ ഭാവമെന്താണെന്ന് നിങ്ങൾ ശ്രദ്ധിച്ചോ.. നവിയുടെ അരികിൽ നിന്നുമവളെ വലിച്ച് മുന്നോട്ട് നിർത്തിയവൻ ചോദിച്ചു. പേടിച്ചരണ്ട മിഴികളോടെ അപരിചിതഭാവത്തോടെ ഏവരെയും വീക്ഷിക്കുന്ന അവളെ അമ്പരപ്പോടെയാണ് അവർ നോക്കിയത്. അവരുടെ കണ്ണുകൾ വിഹാനിൽ തെളിഞ്ഞു. കഴിഞ്ഞതൊന്നും ഓർമ്മയില്ല ഇവൾക്ക്.

ഈ നിൽക്കുന്ന നിങ്ങൾ ഇവൾക്ക് ജന്മം നൽകിയ മാതാപിതാക്കളാണെന്നോ.. അച്ഛന്റെയും അമ്മയുടെയും വാത്സല്യം അനുഭവിച്ചറിഞ്ഞത് ഈ നിൽക്കുന്ന എന്റെ അച്ഛനമ്മമാരിൽ നിന്നുമാണെന്നോ.. ഈ നിൽക്കുന്നത് തനിക്ക് സഹോദരിയെപ്പോലെ ആയിരുന്നുവെന്നോ.. എന്തിനേറെ ഈ ഞാൻ അവളെ ഹൃദയം നൽകി സ്നേഹിക്കുന്നവനാണെന്നോ ഇവളുടെ ഹൃദയത്തുടിപ്പ് പോലും ഈ വിഹാനാണെന്നോ പോലും ഇവൾക്കോർമ്മയില്ല.. പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൻ നിലത്തേക്ക് മുട്ടുകുത്തിയിരുന്നു. വലിയൊരു ചുഴിയിൽ പെട്ടതുപോലെ ആ വീടാകെ കറങ്ങുന്നതായി അവർക്ക് തോന്നി. ഒരാശ്രയമെന്നോണം അവർ നിരഞ്ജനിലേക്ക് ചാരി. നിസ്സഹായയായി ശ്രാവണി എല്ലാവരെയും നോക്കി. മറ്റാർക്കും ഇങ്ങനൊരു അവസ്ഥ വരരുതേയെന്നവൾ മൗനമായി തേങ്ങി. ഒന്നും ഓർമ്മിച്ചെടുക്കാൻ കഴിയാത്ത ജന്മം നല്കിയവരെയോ പ്രാണനായി കരുതിയവനെയോ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ അത്രമേൽ പരിതാപകരമായിരുന്നു.

(തുടരും )

പ്രണയവിഹാർ: ഭാഗം 1

പ്രണയവിഹാർ: ഭാഗം 2

പ്രണയവിഹാർ: ഭാഗം 3

പ്രണയവിഹാർ: ഭാഗം 4

പ്രണയവിഹാർ: ഭാഗം 5

പ്രണയവിഹാർ: ഭാഗം 6

പ്രണയവിഹാർ: ഭാഗം 7

പ്രണയവിഹാർ: ഭാഗം 8

പ്രണയവിഹാർ: ഭാഗം 9

പ്രണയവിഹാർ: ഭാഗം 10

പ്രണയവിഹാർ: ഭാഗം 11

പ്രണയവിഹാർ: ഭാഗം 12

പ്രണയവിഹാർ: ഭാഗം 13

പ്രണയവിഹാർ: ഭാഗം 14

പ്രണയവിഹാർ: ഭാഗം 15

പ്രണയവിഹാർ: ഭാഗം 16

പ്രണയവിഹാർ: ഭാഗം 17

പ്രണയവിഹാർ: ഭാഗം 18

പ്രണയവിഹാർ: ഭാഗം 19

പ്രണയവിഹാർ: ഭാഗം 20

പ്രണയവിഹാർ: ഭാഗം 21

പ്രണയവിഹാർ: ഭാഗം 22