Friday, January 17, 2025
Novel

പ്രണയമഴ : ഭാഗം 7

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ


സംസാരശേഷി ഇല്ലാത്ത ഒരു പെണ്ണിനെ സ്നേഹിക്കേണ്ട ഗതികേട് ഒന്നും ഈ വരുണിനു ഇല്ല. അഥവാ അവൾ എല്ലാം തികഞ്ഞവൾ ആണേലും അവളെ എനിക്ക് എന്റെ പെണ്ണായിട്ട് വേണ്ട. ഈ ജന്മത്തിൽ എന്നു അല്ല ഒരു ജന്മത്തിലും.”

വരുണിന്റെ സംസാരം കേട്ടു ശിവ ദേഷ്യം കൊണ്ടു വിറക്കാൻ തുടങ്ങി.

ഡാ………. ശിവ അലറി.

അവൾക്കു സംസാരിക്കാൻ കഴിയില്ല എന്നു മനസിലായപ്പോൾ നിന്റെ സ്നേഹവും തീർന്നോ ഡാ? ഇത്ര ആത്മാർത്ഥയെ ഉണ്ടായിരുന്നുള്ളോ എന്റെ കൂട്ടുകാരന്റെ സ്നേഹത്തിനു.. ഇത്ര ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളോ അവന്റെ പ്രണയത്തിനു ?

നീ അവളെ പൊന്നു പോലെ നോക്കിക്കൊള്ളും എന്നു കരുതിയ എനിക്ക് ആണോ തെറ്റ് പറ്റിയത്? സ്നേഹിച്ച പെണ്ണ് പറ്റിച്ചു കടന്നു കളഞ്ഞപ്പോഴും അവളുടെ അവസ്ഥ കൊണ്ടു ആക്കുമെടാ എന്നും പറഞ്ഞു അവളെ ന്യായീകരിക്കാൻ നോക്കിയ എന്റെ വരുൺ തന്നെ ആണോ ഇത്?

എല്ലാരുടെയും മുന്നിൽ പെണ്ണിനോട് വെറുപ്പ് ആണെന്ന് പറഞ്ഞു നടന്നിട്ട് തന്നെ പറ്റിച്ചിട്ടു പോയ അക്ഷരയെ കുറിച്ചു ഒരു വാക്ക് പോലും മോശമായി പറയാത്ത നിനക്ക് എങ്ങനെ ഗീതുനെ ഉപേക്ഷിക്കാൻ പറ്റും.

തെറ്റ് ചെയ്തവളോട് പോലും ക്ഷമിച്ച നിനക്ക് എങ്ങനെ ഒരു തെറ്റും ചെയ്യാത്ത ആ പാവത്തിനോട് ഉള്ള സ്നേഹം മറക്കാൻ പറ്റുന്നു.

മാലാഖ എന്നല്ലെടാ നിങ്ങൾ അവളെ പറഞ്ഞത് എന്നിട്ടു അസുരനെ പോലെ എന്തിനാ വരുൺ നീ അവളോട് പെരുമാറുന്നത്?? എന്തിനാ??? ശിവ വരുണിന്റെ കോളറിൽ പിടിച്ചു കുലുക്കി കൊണ്ടു ചോദിച്ചു. അല്ല ചോദിക്കുവായിരുന്നില്ല… അലറുക ആയിരുന്നു. തന്റെ ദേഷ്യം മുഴുവനും വാക്കുകളിൽ പ്രതിഫലിപ്പിക്കുവായിരുന്നു.

ആ സമയം അവന്റെ ഉള്ളിൽ താൻ സ്നേഹിച്ച പെണ്ണിനെ വിട്ടു കൊടുത്ത വിഷമമോ അവൾ സംസാരിക്കാൻ കഴിയാത്ത കുട്ടി ആണെന്ന് ഓർത്തുള്ള വിഷമമോ ആയിരുന്നില്ല.

തന്നെക്കാളും നന്നായി തന്റെ പെണ്ണിനെ നോക്കും എന്നു വിശ്വാസിച്ചു സ്വന്തം മനസിനെ ആർക്കു വേണ്ടിയാണോ ആശ്വാസിപ്പിച്ചത്; ആ കൂട്ടുകാരന്റെ പെരുമാറ്റത്തിൽ ഉള്ള വേദന ആയിരുന്നു.

മറ്റുകുട്ടികൾ ശിവയുടെ പെരുമാറ്റം ശ്രെദ്ധിക്കും എന്നു കരുതി കാർത്തിയും രാഹുലും കൂടി അവനെ ഗ്രൗണ്ടിലേക്ക് പിടിച്ചു കൊണ്ടു പോയി.

വരുണും അവർക്ക് ഒപ്പം ഗ്രൗണ്ടിലേക്ക് നടന്നു. ശിവയുടെ പെരുമാറ്റം ഓർത്തു പാവം വരുൺ ഒരുപാട് വിഷമിച്ചു എന്നൊക്കെ കൊന്നാലും ഞാൻ പറയൂല.. അവൻ മനസ്സിൽ തലതല്ലി ചിരികുവായിരുന്നു. ഈ സമയം രാഹുലും കാർത്തിക്കും ചിന്തിച്ചതു ശിവ സത്യം അറിയുമ്പോൾ ഉള്ള അവസ്ഥയെ കുറിച്ചു ആയിരുന്നു…

സത്യം അറിയുമ്പോൾ ഉള്ള അവന്റെ ചമ്മിയ മോന്ത കാണാൻ വേണ്ടിയാണ് അവർ കാത്തിരിക്കുന്നത്. ഗ്രൗണ്ടിൽ എത്തിയ ശേഷം വരുൺ ശിവയുടെ ചോദ്യങ്ങൾക്കു മറുപടി നൽകാൻ തുടങ്ങി.

നീ എന്താ ചോദിച്ചത്…അവൾക്കു സംസാരശേഷി ഇല്ലന്ന് അറിഞ്ഞത് കൊണ്ടു എന്റെ സ്നേഹം തീർന്നൊന്ന് അല്ലേ? ഞാൻ പറഞ്ഞത് മുഴുവനായി ശിവദത്ത് കേട്ടില്ലെന്നു തോന്നുന്നു. ഞാൻ പറഞ്ഞത് അവൾക്കു എല്ലാ കഴിവുകളും ഉണ്ടെങ്കിലും ഞാൻ അവളെ സ്നേഹിക്കില്ല എന്നാണ്. അതു അവിടുന്ന് കേട്ടില്ലാന്നു ഉണ്ടോ?

അതു എന്തു കൊണ്ടു ആണെന്ന് ആണ് ഞാനും ചോദിക്കുന്നത്. അവളോടുള്ള സ്നേഹം പെട്ടെന്ന് അസ്തമിക്കാൻ മാത്രം ഇവിടെ എന്താ സംഭവിച്ചത്? അതിനുള്ള ഉത്തരം എനിക്ക് കിട്ടിയേ തീരൂ. ശിവ തനിക്കുള്ള ഉത്തരത്തിനായി വരുണിനെ നോക്കി.

കാരണം…എനിക്ക് എന്റെ പെങ്ങളെ പ്രേമിക്കാൻ പറ്റില്ല….കൂട്ടുകാരന്റെ പെണ്ണ് മരണം വരെയും എനിക്ക് എന്റെ പെങ്ങൾ തന്നെ ആയിരിക്കും. വരുൺ ഒളികണ്ണിട്ട് ശിവയെ നോക്കി കൊണ്ടു പറഞ്ഞു.

ഇതു കേട്ടു ഒരുനിമിഷം ശിവ ഞെട്ടി. തന്റെ മനസ്സിൽ ഉള്ളത് വരുൺ അറിഞ്ഞോ എന്നു സംശയിച്ചു. പക്ഷേ ആ ഞെട്ടൽ മറച്ചു കൊണ്ടു അവൻ ചോദിച്ചു ” പെങ്ങളോ? കൂട്ടുകാരന്റെ പെണ്ണോ? നീ എന്തൊക്കെയാ വരുൺ ഈ പറയുന്നത്? നിനക്ക് എന്താ ഭ്രാന്ത് പിടിച്ചോ? ”

അയ്യോ ഒന്നും അറിയാത്ത ഒരു ഇള്ളകുട്ടി…. ഡാ പുല്ലേ എന്നെ കൊണ്ടു കൂടിയതു ഒന്നും നീ പറയിക്കല്ലേ. ഇനി എങ്കിലും ഒന്നു സമ്മതിച്ചു താ..

ഈ കാട്ടുപോത്തിന്റെ മനസ്സിൽ ആദ്യ കാഴ്ച്ചയിൽ തന്നെ ആ മാലാഖ…ഓഹ് സോറി….വെള്ള ഉടുപ്പിട്ട നിന്റെ കുട്ടിയക്ഷി അങ്ങു കേറി കൂടിന്നു. ഈ നെഞ്ചിൽ അങ്ങു കൂടു കൂട്ടിയെന്നു…വരുൺ ശിവയുടെ നെഞ്ചിൽ തട്ടി കൊണ്ടാണ് അതു പറഞ്ഞത്.

വരുണിനു എല്ലാ സത്യങ്ങളും അറിയാം എന്ന തിരിച്ചു അറിവ് ശിവയിൽ ഞെട്ടൽ ഉണ്ടാക്കി. തന്റെ മനസ്സിൽ ഗീതു ഉണ്ടെന്നു അറിഞ്ഞിട്ട് വരുൺ ഇങ്ങനെ ഒരു നാടകം എന്തിനു കളിച്ചു എന്ന സംശയം ആണ് അവന്റെ മനസ്സിൽ അപ്പോഴും അവശേഷിച്ചത്. ശിവയുടെ മനസ്സു മനസിലാക്കി എന്നോണം വരുൺ വീണ്ടും സംസാരിച്ചു തുടങ്ങി.

എനിക്ക് എല്ലാം അറിയാമായിരുന്നിട്ടും ഞാൻ എന്തിനാ ഇങ്ങനെ ഒരു നാടകം കളിച്ചതു എന്നാകും നീ ആലോചിക്കുന്നതു എന്നു എനിക്ക് അറിയാം.

അതിനു ഉള്ള മനോഹരമായ ഉത്തരവും ഞാൻ തന്നെ പറയാം. നിന്റെ ഓഞ്ഞ അഭിനയം കാരണം ആണ് ഞാൻ ഇങ്ങനെ ഒരു നാടകം കളിച്ചതു. അങ്ങനെ നീ മാത്രം നമ്മുടെ മുന്നിൽ അഭിനയിച്ചു തകർക്കണ്ട. കുറച്ചു അഭിനയം ഒക്കെ നമുക്ക് അറിയാടാ മോനെ ശിവദത്തേ.

അവൾ വന്നു കേറിയപ്പോ അവളെയും വായിനോക്കി ഇരുന്നിട്ട് നമ്മുടെ മുന്നിൽ അവന്റെ മറ്റേടത്തെ ഒരു ആക്ടിങ്… അവളെ കണ്ടപ്പോ യക്ഷി ആയിട്ട് തോന്നി പോലും. അതിനു പ്രതികാരം വീട്ടിയതാ ഞാൻ… നീ അവളെയും നോക്കി ഇരിക്കുന്ന കണ്ടപ്പോഴേ എനിക്ക് മനസിലായി അവളു നിന്റെ മനസ്സിൽ കേറിയെന്നു… അതു തെറ്റിയതുമില്ല.

പക്ഷേ ഒരിടത്തു എനിക്ക് തെറ്റിപോയി കേട്ടോടാ ചങ്കേ… ഞാൻ കരുതിയതു ഞാൻ അവളെ നോക്കുന്നു എന്നു കേക്കുമ്പോൾ എങ്കിലും നീ സത്യം പറയും എന്നാണ്. പക്ഷേ നീ എനിക്ക് വേണ്ടി നിന്റെ ആദ്യ പ്രണയം ഒളിപ്പിച്ചതു കണ്ടപ്പോൾ മനസു പതറി പോയി… എങ്കിലും അവൾ നല്ല കുട്ടി ആണോ അല്ലയോ എന്നു അറിഞ്ഞിട്ട് മതി നീ സത്യം അറിയുന്നത് എന്നു കരുതിയിട്ടാ ഞാൻ എല്ലാം ഒളിച്ചു വെച്ചത്.

കാരണം ലാസ്റ്റ് ഞാൻ അനുഭവിച്ച വിഷമം നീ അറിയരുത് എന്നു തോന്നി. അതോണ്ടാ ഞാൻ നിന്നോട് എല്ലാം മറച്ചു വെച്ചത്. അല്ലാണ്ട് നിന്നെ പറ്റിക്കാനോ വിഷമിക്കാനോ വേണ്ടി ആയിരുന്നില്ല. സോറി ടാ അളിയാ…..

ടാ നീ എന്തിനാ സോറി പറയുന്നത് നീ എന്റെ നന്മ ഓർത്തു അല്ലേ എല്ലാം ചെയ്തത്… അതിനു സോറി പറയേണ്ട കാര്യം ഇല്ല. പിന്നെ അന്ന് നിങ്ങൾ എന്നെ കളിയാക്കും എന്നു ഓർത്ത് ആണ് ഞാൻ ഉരുണ്ടു കളിച്ചതു. സോറി ടാ… എന്നും പറഞ്ഞു ശിവ വരുണിനെ കെട്ടിപിടിച്ചു. അതു കണ്ടു രാഹുലും കാർത്തിയും ഒപ്പം കൂടി.

ടാ അവൾ പാവം കൊച്ചാണ്… ഞങ്ങൾ അവളോട്‌ ഇപ്പൊ നല്ല കൂട്ടായി. അതോണ്ട് നന്നായിട്ട് അറിയാം. സംസാരിക്കാൻ പറ്റാത്തതു കൊണ്ടു ആൾക്ക് ഇത്തിരി ഉപദ്രവം കൂടുതൽ ആണ്. നിന്നെ സ്നേഹിച്ചു തുടങ്ങിയാൽ അവൾ ഇട്ടിട്ട് പോകില്ല. ആ ഉറപ്പ് ഉണ്ട്. പക്ഷേ അവളു നിന്നെ പ്രേമിക്കും എന്ന കാര്യത്തിൽ ഒരു ഉറപ്പും ഇല്ല……..കഴിഞ്ഞ ആഴ്ച്ച ഒരു സീനിയർ ചേട്ടൻ ഇവളോട് ഇഷ്ടം പറഞ്ഞു.

അവളു അപ്പോഴേ ഹിമയെ കൊണ്ടു നോ പറയിച്ചു. അവൻ ഇവളുടെ കൈയിൽ കേറി പിടിച്ചു.. കൈ വിടിയിക്കാൻ അവളു മാക്സിമം നോക്കി…അവൻ ഒരു രീതിലും കേട്ടില്ല. കൈ രണ്ടും പിടിച്ചു വെച്ചതു കൊണ്ട് അവളുടെ കാലിന്റെ ചൂട് അറിയാൻ ഉള്ള ഭാഗ്യം ആണ് അവനു കിട്ടിയതു.

ഓൺ ദ സ്പോട്ടിൽ അവൾ അവനു നല്ലൊരു ഉഗ്രൻ ചവിട്ട് കൊടുത്തു..അവന്റെ ബാല്യവും കൗമരവും എന്തിന് വാർദ്ധക്യം വരെ പകച്ചു പോയി കാണും. നിനക്ക് ഊഹിക്കമല്ലോ ചവിട്ട് എവിടാകും കിട്ടിയത് എന്നു…രണ്ടു ദിവസം കഴിഞ്ഞു അങ്ങേരു വന്നു ഇവളോട് എന്താ പറഞ്ഞത് എന്നു അറിയോ? “സഹോദരി ആരെയും ഇങ്ങനെ ചവിട്ടരുത്.. അവന്റെ വംശ പരമ്പര തന്നെ ചെലപ്പോ നിന്നു പോകും എന്നു.” അവളുടെ ഒരു ചവിട്ട് കൊണ്ടു ഭൂലോക കോഴി വരെ നന്നായി…. അവൾ ചെറുതായിട്ട് കളരിയും കരോട്ടയും ഒക്കെ പഠിച്ച മാലാഖ ആണ്.

നിങ്ങൾ രണ്ടും കൂടി ചേർന്നാൽ ഒരു ഗുണ്ട സംഘത്തേ തന്നെ ഉണ്ടാക്കാം. നിനക്ക് ഇതിലും പെർഫെക്ട് പെണ്ണിനെ ലോകത്തു എങ്ങും കിട്ടില്ല…. കാർത്തി ഒരു വീര പുരാണകഥ പറഞ്ഞു നിർത്തി.

അപ്പൊ സത്യത്തിൽ യക്ഷി ആയിരുന്നു അല്ലേ? ശിവ ദയനീയമായി ചോദിച്ചു.

അങ്ങനെ ഒന്നും അല്ലടാ… ആളു പാവം ആണ്. എല്ലാർക്കും അവളെ ഇഷ്ടം ആണ്. അങ്ങോട്ട് ചെന്ന് പ്രശ്നം ഉണ്ടാക്കിയാൽ പണി കിട്ടും… ഇല്ലേൽ നല്ല സ്നേഹം ആണ്. നിന്റെ അതെ സ്വഭാവം… പിന്നെ ആള് നിന്നെ പോലെ സർവകലവല്ലഭ ആണ്.

നന്നായി പഠിക്കും… എപ്പോഴും എന്തേലും ബുക്കും കൊണ്ടു നടക്കുന്നത് കാണാം. അവൾ നിനക്ക് ചേരും. പക്ഷേ അവളുടെ മനസ്സിൽ കേറേണ്ട ചുമതല നിനക്ക് മാത്രം ആണ്. രാഹുൽ ശിവയുടെ തോളിൽ തട്ടി പറഞ്ഞു.

അത് ഞാൻ ഏറ്റു… നിങ്ങളുടെ ഫുൾ സപ്പോർട്ട് ഉണ്ടായാൽ മതി… ഈ ശിവക്കു ഒപ്പം നിങ്ങൾ കാണില്ലേ അവന്റെ പാർവതിയെ സ്വന്തം ആകാൻ???? ….

നിനക്ക് ഗീതുനെ മാത്രം പോരേ?? ഇനി പാർവതിയും വേണോ?? വേണേൽ അതിന്റെ അടുത്ത ക്ലാസ്സിൽ നിന്ന് ലക്ഷ്മി കൂടി ആയിക്കോട്ടെ എന്താ??? ഈ മണ്ടത്തരത്തിന്റെ ഉപജ്ഞാതാവ് എപ്പോഴത്തെയും പോലെ രാഹുൽ മാത്രം ആയിരുന്നു.

ഇവനോട് ഇങ്ങനെ പറയാൻ പോയ എന്നെ പറഞ്ഞാമതിയല്ലോ ശിവ ആത്മഗതം പറഞ്ഞു…… എനിക്ക് ഒരു പാർവതിയും വേണ്ട ലക്ഷ്മിയും വേണ്ട. എനിക്ക് എന്റെ ഗീതു മാത്രം മതി…. ഗീതുനെ ഈ ശിവന്റെ സ്വന്തം ആക്കാൻ നിങ്ങൾ കൂടെ നിക്കില്ലെ?? ശിവ ചോദിച്ചു.

ഞങ്ങൾ ഉണ്ട് ചങ്കെ നിന്റെ കൂടെ… മൂവരും ഒരേ സ്വരത്തിൽ പറഞ്ഞു.

********

ദിവസങ്ങൾ വീണ്ടും കടന്നു പൊയ്ക്കോണ്ടിരുന്നു…. ഗീതുവിന്റെ മനസിൽ കേറാൻ മാത്രം ശിവയ്ക്ക് പറ്റിയില്ല. മനസ്സിൽ കേറാൻ പോയിട്ട് അവളോട് ഒന്നു മിണ്ടാൻ പോലും പറ്റിയില്ല. ക്ലാസ്സിൽ എല്ലാരോടും നല്ല കമ്പനി ഉള്ള ഗീതു ശിവയെ മാത്രം മൈൻഡ് ചെയ്യില്ല. അവൻ അങ്ങോട്ട് മിണ്ടാൻ ചെന്നാലും അവൾ ഒഴിഞ്ഞു മാറി പോകും…. രാഹുലും കാർത്തിയും വരുണും എന്തിന് ഹിമ വരെ ശ്രെമിച്ചു നോക്കിയിട്ടും ശിവയോട് മിണ്ടാൻ അവൾ കൂട്ടാക്കിയില്ല.

അവൾ ചെലപ്പോ ഫസ്റ്റ് ഇമ്പ്രെഷൻ ഈസ്സ് ദ ബെസ്റ്റ് ഇമ്പ്രെഷൻ എന്നതിൽ വിശ്വാസിക്കുന്ന കൂട്ടത്തിൽ ആയിരിക്കും. പാവം ശിവ കൂട്ടുകാരനു വേണ്ടി ആദ്യ കാഴ്ച്ചയിൽ തന്നെ അവളുടെ മനസ്സിൽ വെറുപ്പ് ഉണ്ടാക്കാൻ നോക്കി ഇപ്പൊ സ്വയം ആ വെറുപ്പ് മാറ്റാൻ കെടന്നു കഷ്ടപ്പെടുന്നു. ഹെല്പ്നു കാർത്തിയും രാഹുലും വരുണും ഇപ്പൊ ഹിമയും.

പക്ഷേ നോ യൂസ്… ശിവ കടുവ ആണേൽ ഗീതു ആ കടുവയെ പിടിക്കുന്ന കിടുവ ആണ്. ശിവ ഒറ്റയാൻ ആണെങ്കിൽ അവൾ ഒറ്റയാനെ പോലും മെരുക്കുന്ന തപ്പാന…ചുരുക്കി പറഞ്ഞാൽ ഈ കലിപ്പനു ഒത്ത എതിരാളി & പങ്കാളി.

+1ൽ ഒഫീഷ്യൽ ഓണം എക്സാം ഒന്നും എല്ലാത്തിരുന്നിട്ടും കുട്ടികളോട് ഉള്ള സ്നേഹം കാരണം ടീച്ചർമാർ ടെസ്റ്റ്‌ പേപ്പർ എന്നൊരു ചെറു ആഘോഷം നടത്തി. അതിനു എല്ലാം ശേഷം ഇന്ന് ആണ് ഓണം സെലിബ്രേഷൻ. നമ്മടെ പയ്യൻമാരു രാവിലെ തന്നെ മുണ്ടോക്കെ ഉടുത്തു ബ്ലൂ കളർ ഷർട്ട്‌ ഒക്കെ ഇട്ടു സ്റ്റൈലിൽ സ്കൂളിൽ എത്തി. (അല്ലേലും പയ്യൻമാർക്ക്‌ ഈ ബ്ലൂ കളറിനോട് വല്ലാത്ത ഒരു ഇഷ്ടം ആണ്. അതിൽ അവരെ കാണാനും പൊളി ആണ്…അതു വേറെ ഒരു സത്യം.)

നാലു പേരും സ്റ്റെപ് കയറി മുകളിൽ എത്തിയതും ഒരു പെണ്ണ് ശിവയുടെ നെഞ്ചോലോട്ട് വീണതും ഒരുമിച്ചു ആയിരുന്നു. പെട്ടെന്ന് അവൻ അവളെ വീണു പോവാതിരിക്കാൻ ചേർത്ത് പിടിച്ചു. നോക്കുമ്പോൾ നമ്മുടെ നായിക നീല പട്ടുപാവാട ഒക്കെ ഇട്ടു മുല്ലപൂ ഒക്കെ ചൂടി ചെത്തി വന്നിരിക്കുന്നു.

ശിവയുടെ കൈയിൽ കിടന്നു ഉണ്ടക്കണ്ണ് ഉരുട്ടി ശിവയെ നോക്കി. അതു കണ്ടു ശിവ മനസ്സിൽ പറഞ്ഞു “ഈ പെണ്ണ് മനുഷ്യന്റെ കണ്ട്രോൾ കളഞ്ഞിട്ടേ അടങ്ങു…” ഇരുവരുടെയും കണ്ണുകൾ പരസ്പരം ഇടഞ്ഞു…

കണ്ണും കണ്ണും…..തമ്മിൽ തമ്മിൽ…. കഥകൾ കൈമാറും അനുരാഗമെ…നീ അറിഞ്ഞോ നിന്നിലൂറും മോഹ ഗംഗാജലം… മധുര ദേവാമൃതം… മധുര ദേവാമൃതം.

(ഇത്ര റൊമാന്റിക് സീൻ വരുമ്പോ ബാക്ക്ഗ്രൗണ്ട് മ്യൂസിക് വേണ്ടേ… നിങ്ങൾ ഒന്നു കൂടെ പാട്…ഇങ്ങനെ നോക്കി കൊണ്ടിരിക്കാതെ)

തുടരും…

പ്രണയമഴ : ഭാഗം 1

പ്രണയമഴ : ഭാഗം 2

പ്രണയമഴ : ഭാഗം 3

പ്രണയമഴ : ഭാഗം 4

പ്രണയമഴ : ഭാഗം 5

പ്രണയമഴ : ഭാഗം 6