Friday, April 12, 2024
Novel

കവചം 🔥: ഭാഗം 4

Spread the love

രചന: നിഹ

Thank you for reading this post, don't forget to subscribe!

ഓരോന്നും ആലോചിച്ചപ്പോൾ അവളുടെ മനസ്സിൽ ചെറിയൊരു ഭയം നിറഞ്ഞു . എന്താണ് വിശ്വസിക്കേണ്ടത് വിശ്വസിക്കേണ്ടാത്തതെന്ന് തിരിച്ചറിയാൻ ഗൗരിയ്ക്ക് കഴിയുന്നില്ലായിരുന്നു . അവൾ അങ്ങനെ ഓരോന്നും ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ് ആ കൈകൾ അവൾക്ക് നേരെ നീണ്ടു വന്നത്. പുറകിൽ ആരോ നിൽക്കുന്നത് പോലെ തോന്നിയതുകൊണ്ട് ഗൗരി പെട്ടെന്ന് തിരിഞ്ഞു നോക്കി. പക്ഷേ അവൾ വിചാരിച്ചതു പോലെ ആരും അവിടെ ഉണ്ടായിരുന്നില്ല. ”

ഏട്ടത്തിയെ പോലെ എനിക്കും ഓരോന്ന് തോന്നി തുടങ്ങിയോ എന്റെ ദേവി…” ആതിര തിരിഞ്ഞുനിന്ന് വീണ്ടും അവളുടെ ജോലി തുടർന്നു. വീണ്ടും ആ കൈകൾ അവൾക്കു നേരെ നീണ്ടു വന്നു. പുറകിൽ എന്തോ ശബ്ദം കേട്ടതുപോലെ തോന്നിയത് കൊണ്ട് അവൾ വീണ്ടും തിരിയാൻ ശ്രമിച്ചതും ആ കൈകൾ അവളുടെ പുറത്തൂടെ വിരൽ ഓടിച്ചു കൊണ്ട് അപ്രതീക്ഷമായി. ചെറിയൊരു നീറ്റലും പുകച്ചിലും ഗൗരിയ്ക്ക് അനുഭവപ്പെട്ടു.

അവൾ പുറത്തൊന്ന് തപ്പി നോക്കി. പക്ഷേ പ്രത്യേകിച്ച് ഒന്നും അവൾക്ക് തോന്നിയില്ല. എന്നാൽ ചെറിയ ഒരു ഭയം അവളെ കീഴടക്കി. പെട്ടെന്നാണ് വേദ മോൾ അടുക്കളയിലേക്ക് ഓടിയെത്തിയത്. ” ഓ… നീയാണോ കുഞ്ഞി ചിറ്റയെ പേടിപ്പിച്ചത്….” പൊടി പറ്റിയ കൈകൾ തുടച്ചുകൊണ്ട് ഗൗരി കുനിഞ്ഞ് വേദയെ എടുത്തു. അവൾ അപ്പോൾ തന്റെ കുഞ്ഞി പല്ലുകൾ കാട്ടി ഗൗരിയെ നോക്കി ചിരിച്ചു. ”

നീ ചിരിച്ചോ ഞാനങ്ങ് പേടിച്ചുപോയി….” അതും പറഞ്ഞ് അവൾ കുഞ്ഞിനെ എടുത്ത് അടുക്കളയിലെ സ്ലാബിന്റെ മുകളിലിരുത്തി. ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങിയപ്പോഴാണ് അവൾ വീണ്ടും അതിനെക്കുറിച്ച് ചിന്തിച്ചത്. ” ആരോ പുറത്തു തൊട്ടു… പക്ഷേ കുഞ്ഞിയാണെങ്കിൽ… അവൾക്ക് എൻ്റെ പുറത്തു തൊടാൻ പറ്റുന്ന തരത്തിൽ പൊക്കമില്ലല്ലോ.. പിന്നെ ആരാ…” അത് ആലോചിക്കുംതോറും അവളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചുകൊണ്ടിരുന്നു.

അതുകൊണ്ടുതന്നെ കൂടുതൽ ഒന്നും അവൾ ചിന്തിക്കാൻ പോയില്ല. അവൾ ഭക്ഷണം പാകം ചെയ്യുന്നതിൽ ശ്രദ്ധിച്ചു. രാവിലെ കഴിക്കാൻ ഉള്ളതെല്ലാം തയ്യാറായി കഴിഞ്ഞപ്പോഴേക്കുമാണ് ആതിര അങ്ങോട്ട് വന്നത്. ഇന്നലെ രാത്രി വൈകി ഉറങ്ങിയത് കൊണ്ട് എഴുന്നേൽക്കാനും അവൾ താമസിച്ചു പോയിരുന്നു. ” ഗൗരി എല്ലാം തനിയെ ചെയ്തോ ഇന്നലെ കിടക്കാൻ വൈകിയത് കൊണ്ട് ഞാൻ എണീക്കാനും താമസിച്ചുപോയി…..”

ആതിര ഗൗരിയുടെ കൈയിൽ നിന്നും പാത്രമെല്ലാം മേടിച്ച് ടൈനിംഗ് ടേബിളിൽ വയ്ക്കാൻ സഹായിച്ചു. ആതിരയെ കണ്ടപ്പോഴേക്കും വേദ കൈ നീട്ടിക്കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു. ആതിര കുനിഞ്ഞു വേദയെ എടുത്ത് എളിയിൽ വച്ചു .അവളുടെ മുടിയൊക്കെ മാടിയെതുക്കി മുഖമൊക്കെ തുടച്ചു കൊണ്ട് അവൾ കുട്ടിയെ ചേർത്തുപിടിച്ചു. അപ്പോഴാണ് ആതിര ഗൗരിയുടെ പുറത്ത് അത് കണ്ടത്. ”

എടീ… നിന്റെ പുറത്തെന്താ…” തിരിഞ്ഞു നിൽക്കുന്ന ഗൗരിയുടെ പുറത്ത് തൊട്ടുകൊണ്ട് ആതിര ചോദിച്ചു. ” പുറത്തോ…” ആതിര ഞെട്ടലോടെ തിരിഞ്ഞു. ” നിന്റെ പുറത്ത് എന്തോ വരഞ്ഞതുപോലെ….” ഗൗരിക്ക് പെട്ടെന്ന് ഒന്നും പറയാൻ കഴിഞ്ഞില്ല . തൻ്റെ തോന്നൽ ശരിയാണെന്ന് അവൾക്ക് ബോധ്യമായി . ആലോചിക്കുംതോറും അവൾ വിയർക്കാൻ തുടങ്ങി. അവളുടെ മാറ്റം ആതിരയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ” കഴിക്കാനുള്ളത് റെഡിയായോ….”

പുറത്തുനിന്ന് അനന്തൻ അകത്തേക്ക് കയറി.കൂടെ കാര്യസ്ഥൻ രാമൻ നായരും ഉണ്ടായിരുന്നു. ഗൗരിയും ആതിരയും ചേർന്ന് എല്ലാവർക്കും ഭക്ഷണം വിളമ്പി. എല്ലാവരും സന്തോഷത്തോടുകൂടി കൊച്ചു വർത്താനം പറഞ്ഞ് ഭക്ഷണം കഴിച്ചു . സമയം വീണ്ടും മുന്നോട്ടു പോയിക്കൊണ്ടിരുന്നു. കാട് വെട്ടി തെളിക്കാൻ വന്നവർക്കൊപ്പം അവരും കൂടി. പരിസരമെല്ലാം ചുറ്റി നടന്നു കണ്ടു. ചെറുതായി സന്ധ്യ മയങ്ങി തുടങ്ങിയപ്പോഴേക്കും രാമൻ നായർ എല്ലാവരെയും പറഞ്ഞയക്കാൻ തുടങ്ങി.

അയാളും ധൃതിപിടിച്ച് വീട്ടിലേക്ക് പോയി. സന്ധ്യ മയങ്ങിയാൽ പിന്നെ ആരും കീഴാറ്റൂർ മനയിലേക്ക് വരുന്ന പതിവ് ഉണ്ടായിരുന്നില്ല. അതിനുള്ള ധൈര്യം ആർക്കും ഉണ്ടായിരുന്നില്ല. സന്ധ്യ മയങ്ങിയപ്പോൾ ആതിര കത്തിച്ച നിലവിളക്കുമായി പുറത്തേക്ക് വന്നു. ഉമ്മറത്തിണ്ണയിൽ വിളക്ക് വച്ച് നാമം ജപിച്ചുകൊണ്ടിരുന്നപ്പോഴാണ് ആതിര ആ കാഴ്ച കണ്ടത്. വേദ ബോളുമായി മാവിന്റെ ചുവട്ടിലിരുന്ന് കളിക്കുന്നു .

ആതിര വേഗം എഴുന്നേറ്റു. ” ഈ ത്രിസന്ധ്യാനേരത്ത് ആരെങ്കിലും മുറ്റത്ത് തനിച്ചിരുന്ന് കളിക്കുമോ..? അല്ലെങ്കിൽ അവൾക്ക് എന്തറിയാം അവൾ കുഞ്ഞല്ലേ…” ഉച്ചത്തിൽ പറഞ്ഞുകൊണ്ട് ആതിര വേദയുടെ അടുത്തേക്ക് വേഗത്തിൽ നടന്നു . ഇതൊന്നും ശ്രദ്ധിക്കാതെ വേദ പന്ത് തട്ടി കളിക്കുകയാണ്. പെട്ടെന്ന് അവളുടെ കയ്യിൽ നിന്നും പന്ത് നിലത്തു ചാടി. ശക്തിയായി ചാടിയ പന്ത് വേഗത്തിൽ ഉരുണ്ട് ഉരുണ്ടു മാവിന്റെ അടുത്തുള്ള ഇടവഴിയിലൂടെ പന്ത് മുന്നോട്ടു പോയിക്കൊണ്ടിരുന്നു.

വേദ അതിന്റെ പുറകെ ഓടാൻ തുടങ്ങി. ” കുഞ്ഞി …..മോളെ … നിക്ക് …പോകല്ലേ….” ആതിര പേടിയോടെ അവളെ വിളിച്ചു കൊണ്ട് പുറകെ ഓടി . ആതിര മാവിന്റെ ചുവട്ടിൽ എത്തിയപ്പോഴേക്കും വേദയും പന്തും വളരെ വേഗത്തിൽ ഇടവഴിയിലൂടെ മുന്നോട്ട് ഓടിക്കൊണ്ടിരുന്നു. ചെറുതായി ഇരുട്ട് പരന്നതോടെ ആതിരയ്ക്ക് നല്ലപോലെ പേടി തോന്നി. സ്വന്തം കുട്ടിയെ രക്ഷിക്കാൻ അമ്മ ഏതറ്റം വരെയും പോകും. അതുകൊണ്ട് തന്നെ ഇരുട്ട് പടർന്നത് ശ്രദ്ധിക്കാതെ ആതിരയും ഇടവഴിയിലൂടെ മുന്നോട്ടു ഓടി .

കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ പന്ത് നിന്നു. വേദയും അവിടെ നിന്നു. കുട്ടി താഴെക്കിടന്ന പന്ത് കൈകളിൽ എടുത്തു. അപ്പോഴാണ് വേദ ചുറ്റും നോക്കിയത് .ഇരുട്ട് പടർന്നു തുടങ്ങിയതോടെ വഴിയിൽ തനിച്ചായത് കൊണ്ട് പേടിച്ച് അവൾ ഉറക്കെ ആതിരയെ വിളിച്ച് കരയാൻ തുടങ്ങി. ” കുഞ്ഞി …..അമ്മ അടുത്തുണ്ട്.. മോള് …..കരയണ്ട….” ആതിര ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് വേദയുടെ അടുത്തേക്ക് ഓടിയെത്തി. കുഞ്ഞിന്റെ അടുത്തെത്തിയതും അവൾ ഒരു നിമിഷം നിന്നു .

അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു. ആതിര കുട്ടിയെ എടുത്തു. എന്നിട്ട് അവൾ ചുറ്റും നോക്കി. ആ പ്രദേശം നിറച്ച് മരങ്ങൾ ആയതിനാൽ നല്ല രീതിയിൽ മൊത്തം ഇരുട്ടായിരുന്നു. നിലം കാണാൻ പാകത്തിന് മാത്രമേ ചെറിയൊരു വെളിച്ചം അവിടെ ഉണ്ടായിരുന്നുള്ളൂ. അവർ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നുവെന്ന് അപ്പോഴാണ് അവൾക്ക് മനസ്സിലായത്. ” കുഞ്ഞി …..നീയെങ്ങനെ ഇത്രയും ദൂരം ഓടിയത്.. നിനക്ക് ഇത്രയും ദൂരം ഓടാൻ കഴിയില്ല…..”

അപ്പോഴാണ് ആ യാഥാർത്ഥ്യം അവൾക്ക് മനസ്സിലായത്. അവൾ പെട്ടെന്ന് തന്റെ കൈയിലിരുന്ന വേദയെ നോക്കിയപ്പോൾ.. നിമിഷം നേരം കൊണ്ട് കുട്ടി അപ്രതീക്ഷമായി. ആതിരയ്ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ” കുഞ്ഞി…. മോളെ….” അവൾ ഉറക്കെ കരഞ്ഞുകൊണ്ട് വിളിച്ചു. അവളുടെ പ്രതിധ്വനികൾ ആ കാട്ടിലൂടെ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരുന്നു. ഹ…..ഹ…ഹ… ആതിരയുടെ കാതടപ്പിക്കുന്ന തരത്തിൽ പൊട്ടിച്ചിരി മുഴങ്ങി കേട്ടുകൊണ്ടിരുന്നു.

അവൾ പേടിച്ചു വിറച്ചു. പെട്ടെന്ന് എന്തു ചെയ്യണമെന്ന് അറിയാതെ അവൾ അവിടെത്തന്നെ ശിലപോലെ നിന്നു . അപ്പോഴേക്കും പൂർണമായി ഇരുട്ട് വ്യാപിച്ചിരുന്നു. രാത്രിയായതോടെ ചന്ദ്രന്റെ നിലാവ് ഭൂമിയിലേക്ക് പതിച്ചു തുടങ്ങിയിരുന്നു. വെളിച്ചം പരന്നതും ആതിര എത്രയും പെട്ടെന്ന് തിരികെ പോകാൻ തീരുമാനിച്ചു. ആതിര പോകാൻ പുറകോട്ട് തിരിഞ്ഞതും അവളുടെ കവിളിൽ കൈ പതിഞ്ഞതും ഒപ്പമായിരുന്നു. ശക്തിയായി അവളുടെ കവിളിൽ കൈ പതിഞ്ഞതും അവൾ പുറകോട്ടു വീണു പോയി.

പെട്ടെന്ന് ഉച്ചത്തിൽ ചിരിച്ചു കൊണ്ട് ഒരു നിഴൽ രൂപം അതിലെ മിന്നി മാഞ്ഞു . ആതിര പേടിയോടെ അവളുടെ കവിളത്ത് കൈ അമർത്തി . വല്ലാത്ത വേദനയും നീറ്റലും …. ആതിര പിടഞ്ഞെഴുന്നേറ്റ് വേഗത്തിൽ മുന്നോട്ട് ഓടി. ഓടുന്ന വഴിയിൽ ആരോ തനിക്ക് പുറകെ ഉച്ചത്തിൽ ചിരിച്ചുകൊണ്ട് , കരഞ്ഞുകൊണ്ട് … അവളെ പിന്തുടരുന്നത് വ്യക്തമായി അവൾ അറിഞ്ഞു. തിരിഞ്ഞു നോക്കാനുള്ള ധൈര്യം അവൾക്ക് ഉണ്ടായിരുന്നില്ല. ശക്തമായ കാറ്റത്ത് മരങ്ങൾ ആടിയുലയാൻ തുടങ്ങി.

മരങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്ന ശബ്ദം ആരിലും പേടിയുളവാക്കുന്ന ഒന്നായി മാറി. ഓരോ നിമിഷം കഴിയുംതോറും അവളുടെ ഹൃദയമിടിപ്പ് അവൾക്ക് നിയന്ത്രിക്കാൻ കഴിയുന്നതിലും അധികമായി മാറിക്കൊണ്ടിരുന്നു. ഓടിയിട്ടും ഓടിയിട്ടും വഴി തീരാത്തതുപോലെ…. ഒരു നിമിഷം എല്ലാം കെട്ടടങ്ങി അന്തരീക്ഷം ശാന്തമായി മാറി. അവൾ പേടിച്ചു നിന്നു. കൊടുങ്കാറ്റിന് മുന്നെയുള്ള ശാന്തത പോലെ അവൾക്ക് തോന്നി. പെട്ടെന്ന് തന്നെ പാലപ്പൂവിന്റെ രൂക്ഷ ഗന്ധം ചുറ്റിലും വ്യാപിക്കാൻ തുടങ്ങി.

ആതിരയുടെ നാസികയിലൂടെ ആ ഗന്ധം ശരീരത്തിൽ പടർന്നതും അവൾക്ക് തലചുറ്റുന്നതു പോലെ തോന്നി. ” അമ്മാ …… അമ്മാ….. ” കണ്ണ് മുന്നിലൂടെ വേദമോൾ കരഞ്ഞു കൊണ്ട് ഓടുന്നു. ഒരു നിമിഷം അവളുടെ ഹൃദയം പിടഞ്ഞു പോയി. ” മോളേ …. കുഞ്ഞി….” അവൾ ഉറക്കെ കരഞ്ഞു. പെട്ടെന്ന് ആ കുട്ടി തിരിഞ്ഞു. വേദയുടെ അതേ രൂപം . അതെ വേദമോൾ തന്നെ ….. ” കുഞ്ഞീ ….. കുഞ്ഞീ ……” മോളേ വിളിച്ചു കൊണ്ട് ആതിര മുന്നോട്ട് ഓടി. ആ നിമിഷം തന്നെ അവൾ അവിടെ നിന്നു .

” അല്ല … അതെന്റെ മോളല്ല…. അത് വേറെ ആരോ …. ആരോ …” അവൾ അങ്ങനെ ചിന്തിച്ചു നിന്നപ്പോൾ തന്നെ വേദ ഒരു കരിനാഗമായി ഇഴഞ്ഞിഴഞ്ഞ് കാട്ടിലേയ്ക്ക് കയറി പോയി. ആതിര എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. അവളുടെ തൊണ്ടയിലെ വെള്ളമെല്ലാം പറ്റി പോകുന്നതു പോലെ …. ശരീരത്തിന്റെ ബലമെല്ലാം ചോർന്നു പോകുന്നതു പോലെ …. “ഉം….. ഉം….. ” കൂട്ടത്തോടെ മൂങ്ങകൾ മൂളാനും പുള്ളുകൾ ചിലയ്ക്കാൻ തുടങ്ങി. അവയുടെ ശബ്ദം കേട്ടതോടെ നായ്ക്കളുടെ ഓരിയിടൽ ശബ്ദവും മുഴങ്ങി കേൾക്കാൻ തുടങ്ങി. ആതിര ഉറക്കെ കരയാൻ തുടങ്ങി.

പക്ഷേ അവളുടെ ശബ്ദം പുറത്തേയ്ക്ക് വരുന്നില്ല. തൊണ്ടയിൽ ആരോ അമർത്തി പിടിച്ചതു പോലെ … ചുറ്റിലും ഒരിരമ്പൽ ശബ്ദം കേട്ടപ്പോൾ ആതിര അങ്ങോട്ടേയ്ക്ക് നോക്കി. ഒരു കൂട്ടം കാട്ടുപക്ഷികൾ പറന്നു വരുന്നു. ആതിര പേടിച്ച് വിറച്ച് അവൾ തിരിഞ്ഞ് ഓടാൻ തുടങ്ങി. ഓടി പിന്നിട്ട വഴികൾ തിരിച്ച് വീണ്ടും ഓടി . അവൾ വേഗത്തിൽ ഓടിയിട്ടും വഴികൾ പിന്നിടാൻ കഴിയുന്നില്ലായിരുന്നു. കാലുകൾ കുഴഞ്ഞ് അവൾ വഴിയിൽ വീണു. അപ്പോഴേക്കും പക്ഷികൾ വന്ന് അവളെ ആക്രമിക്കാൻ തുടങ്ങി.

ആതിരയുടെ ദേഹമെല്ലാം കൊത്തി പറിക്കാൻ തുടങ്ങി. അവൾ വേദന കൊണ്ട് അലറി കരഞ്ഞു. ആതിര കണ്ണടച്ച് മനസ്സിൽ ദൈവത്തെ ധ്യാനിച്ചു കൊണ്ട് നാമം ജപിക്കാൻ തുടങ്ങി. അവളുടെ നാമ ജപം കേട്ടതും അവളുടെ ചെവികളിൽ കരച്ചിലിന്റെയും പൊട്ടിചിരികളുടെയും അപേക്ഷകളുടെയും സ്വരം മാറിമാറി കേട്ടുക്കൊണ്ടിരുന്നു. ആ സ്വരത്തിന്റെ ശക്തിയിൽ ശ്രദ്ധ മാറി പോകുന്നു. അവൾ നാമം ജപിച്ചതും കാട്ടുപക്ഷികൾ കൂട്ടത്തോടെ കരഞ്ഞു കൊണ്ട് വടക്കുഭാഗത്തേക്കു പറന്നകന്നു.

നല്ല നിലാവിന്റെ വെളിച്ചത്തിൽ കാഴ്ച്ചകളെല്ലാം വളരെ വ്യക്തമായിരുന്നു. അവൾ തന്റെ ദേഹത്തേയ്ക്ക് നോക്കി. പക്ഷികൾ കൊത്തി പറിച്ച് ദേഹമാകെ ചോര . ദേഹമാകെ നന്നായി വേദനിക്കുന്നു. ആദ്യം കവിളിൽ പതിഞ്ഞ കൈയുടെ പാടുകൾ അഗ്നിപോലെ ചുട്ടുപൊള്ളിക്കുന്നുണ്ട്. അതിന്റെ നീറ്റലും പുകച്ചലും പോകുന്നതിനെ മുന്നെ തന്നെ പക്ഷികളുടെ ആക്രമണവും . രക്ഷപ്പെടാൻ അവളുടെ മനസ്സ് വെമ്പി. ഭയം പാതിയും അവളുടെ ശരീരത്തെയും മനസ്സിനെയും കീഴടക്കിയിരുന്നു.

അവൾ വീണ്ടും എഴുന്നേറ്റ് ഓടാൻ ശ്രമിച്ചതും കാട്ടുവള്ളികൾ വന്ന് അവളുടെ ദേഹമാകെ വലിഞ്ഞു മുറുക്കി അനങ്ങാൻ കഴിയാത്ത വിധം അവളെ ഞെരിച്ചു കൊണ്ടിരുന്നു. നിമിഷം നേരം കൊണ്ട് അവൾ അന്തരീക്ഷത്തിലേയ്ക്ക് ഉയരാൻ തുടങ്ങി. അവളുടെ കരച്ചിൽ അവിടെ മുഴുവൻ അലയടിക്കാൻ തുടങ്ങി. കണ്ണടച്ചു തുറന്ന നിമിഷം തന്റെ മുന്നിലുള്ള രൂപം കണ്ട് ആതിരയുടെ പാതിജീവനും പോയി. അവളുടെ കണ്ണ് മുന്നിൽ അഴുകി ദ്രവിച്ച ഒരു വികൃത രൂപം .

പാറി പറന്ന ജട കെട്ടിയ മുടികൾ , ദ്രവിച്ച കണ്ണുകളിലൂടെ പുഴുകൾ പുറത്തേയ്ക്ക് ചാടുന്നു. മൂക്കിന്റെ ഭാഗത്ത് രണ്ട് തുളകൾ , ചോര ഇറ്റു ചാടുന്ന പല്ലുകളുടെ ഇടയിലൂടെ നീണ്ട നാക്കുകൾ ചാടി വന്ന് ആതിരയുടെ കഴുത്തിൽ നക്കി വലിച്ചു. കാറ്റത്താടുന്ന ആലില പോലെ അവളുടെ ശരീരം വിറയ്ക്കാൻ തുടങ്ങി. ആ അഴകി ദ്രവിച്ച രൂപം അവളുടെ അടുത്തേയ്ക്ക് കൂടുതൽ അടുക്കും തോറും ചീഞ്ഞ ശവത്തിന്റെ ഗന്ധം അസഹനീയമായി തോന്നി.

നിമിഷ നേരം കൊണ്ട് ആ രൂപം മിന്നി മറഞ്ഞു. ആതിര ശക്തിയോടെ നിലംപതിച്ചു. ശരീരമാകെ വേദന തോന്നിയെങ്കിലും അവൾ മുന്നോട്ട് സർവ്വ ശക്തിയുമെടുത്ത് ഓടാൻ തുടങ്ങി. ഓടി അവൾ ചെന്നു നിന്നത് കുളത്തിന്റെ അടുത്തായിരുന്നു. കാലുകൾ തളർന്ന് ഒരടി പോലും മുന്നോട്ട് വയ്ക്കാൻ കഴിയാത്ത വിധം അവൾ ശരീരം തളർന്നു നിന്നു . ഹൃദയം പൊട്ടാൻ പോകുന്ന വിധത്തിൽ ഇടിച്ചു കൊണ്ടിരുന്നു. ആതിര കിതപ്പ് സഹിക്കാൻ കഴിയാതെ നിന്ന് അണച്ചുകൊണ്ടിരുന്നു. അടുത്ത നിമിഷം ഒറ്റത്തള്ള് …..

ആതിര മുന്നോട്ട് വേച്ച് കുളക്കടവിന്റെ പടികളിലൂടെ വെള്ളത്തിലേക്ക് ചാടി. ഉടനെ വെള്ളത്തിലാകെ ചുഴികൾ രൂപപ്പെട്ടു. ആതിര ശ്വാസം കിട്ടാതെ വെളളത്തിൽ കിടന്ന് പിടഞ്ഞു . മണ്ണിന്റെ അടിയിൽ നിന്നും പൊങ്ങി വന്ന അതേ കൈകൾ വെള്ളത്തിന്റെ അടിയിൽ നിന്നും പൊങ്ങി വന്നു. ആതിരയുടെ കഴുത്തിൽ പിടിച്ച് ആ കൈകൾ വെള്ളത്തിന്റെ അടിയിലേയ്ക്ക് അവളെ മുക്കി താത്തി കൊണ്ടിരുന്നു. ആതിര ശ്വാസം കിട്ടാതെ കൈകാലിട്ട് അടിച്ചു. “അയ്യോ ….. ആ…. രക്ഷിക്ക്….” മുങ്ങി താഴുന്നതിന്റെ ഇടയിൽ പാതി മുറിഞ്ഞ വാക്കിൽ അവൾ നിലവിളിച്ചു. ശ്വാസം കിട്ടാതെ ആതിരയുടെ ശരീരം തളർന്നു . അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു തുടങ്ങി…… തുടരും….

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…