Friday, January 17, 2025
Novel

പ്രണയമഴ : ഭാഗം 22

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ


ശിവയുടെ പിണക്കം മാറ്റാൻ ഉള്ള വഴികൾ ആലോചിച്ചപ്പോൾ താൻ പോലും അറിയാതെ ഗീതുവിന്റെ മുഖത്തു നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി വിരിഞ്ഞു.

പെട്ടന്ന് ആണ് ഗീതുവിന്റെ കവിളിൽ ആരുടെയോ കൈ പതിഞ്ഞതു… പെട്ടന്നുള്ള ആ അടിയിൽ ഗീതു പിറകിലേക്ക് മറിഞ്ഞു.പക്ഷേ നിലത്തു വീഴും മുന്നേ രണ്ടു കൈകൾ അവളെ താങ്ങി നിർത്തി…..

രണ്ടല്ല…. ടോട്ടൽ ആറു കൈകൾ ഗീതുവിനെ താങ്ങാൻ ഉണ്ടായിരുന്നു….വരുണും കാർത്തിയും രാഹുലും ആയിരുന്നു ആ കൈകളുടെ അവകാശികൾ.

അതിനു പുറമേ ഒരു കൈ കൊണ്ടു അടിച്ചിട്ട് മറ്റേ കൈ കൊണ്ടു വീഴാൻ നേരം പിടിച്ച വ്യക്തിയെ ഗീതു ആദ്യമായി കാണും പോലെ നോക്കി നിന്നു….പതിയെ ആ ചുണ്ടുകളിൽ രണ്ടു വർഷം മുൻപുള്ള പോലത്തെ കുസൃതി ചിരി വിരിഞ്ഞു.

“എന്തെടി പട്ടി നീ എന്റെ കൈ കവിളിൽ പതിഞ്ഞിട്ടും നിന്നു ചിരിക്കുന്നത്….. ഇവിടെ എന്താ വല്ല കോമഡി ഫിലിം നടക്കുവാണോ???”

ഹിമക്ക്‌ ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല….ഹിമയുടെ ദേഷ്യം കണ്ടിട്ട് ആണെന്നു തോന്നുന്നു ഇത്രയും നേരം ചെറു പുഞ്ചിരി തൂകി നിന്ന ഗീതു സുരാജേട്ടന്റെ കോമഡി കേട്ടതു പോലെ തല തല്ലി ചിരിക്കുന്നു.

“എന്തെടി ഞാൻ ഇത്രയും ദേഷ്യപ്പെടുന്നതു കണ്ടിട്ട് നീ നിന്നു കിളിക്കുന്നതു?? രണ്ടു വർഷം കൊണ്ടു തലയിൽ ഉണ്ടായിരുന്ന ബാക്കി സ്ക്രൂ കൂടി ഇളകി പോയോ?? ”

“നീ ആദ്യം പോയി ചിരിക്കാതെ ദേഷ്യപെടാൻ പഠിച്ചിട്ട് വാ… അല്ലാണ്ട് ഇങ്ങനെ ചിരിച്ചു കൊണ്ടു ദേഷ്യപെട്ടാൽ ഞാൻ ചിരിച്ചു പോകും…. ഇനി പേടിച്ചേ പറ്റൂ എന്നു ആണെങ്കിൽ ഒന്നു മുൻകൂട്ടി പറഞ്ഞിട്ട് ദേഷ്യപെടണം… എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് വേണ്ടി ഞാൻ കുറച്ചു പേടി അഭിനയിക്കാം….എന്റെ ഹിമക്കു വേണ്ടി, എന്റെ വരുൺ ബ്രോയുടെ പെണ്ണിനു വേണ്ടി, ആ വകയിൽ എന്റെ ഭാവി നാത്തുനു വേണ്ടി ഞാൻ ഇത്ര എങ്കിലും ചെയ്യണ്ടേ??? ” ഗീതു കളിയാക്കും പോലെ ചോദിച്ചു.

ഗീതുവിന്റെ കളിയാക്കൽ കണ്ടു ഹിമ ദേഷ്യത്തിൽ നടന്നു പോയി….അവളുടെ പിണക്കം മാറ്റാൻ വേണ്ടി ഗീതു അവളുടെ പിറകെയും…. രണ്ടും കൂടി തമ്മിൽ തല്ലി ചാകാൻ നോക്കിയാൽ പിടിച്ചു മാറ്റാൻ ഒരാളു വേണമല്ലോ എന്നു ഓർത്തു നമ്മുടെ ചെക്കൻമാരും അവരുടെ പിറകെ വിട്ടു.

“എന്റെ പൊന്നു ഹിമേ ഒന്നു നിക്ക്…. ഞാൻ ഒന്നു പറഞ്ഞോട്ടെ”… ഗീതു ഹിമയുടെ കൈയിൽ പിടിച്ചു നിർത്തി.

“എന്തോന്ന് പറയാൻ ആണ് നിനക്ക്??? രണ്ടു വർഷം മുൻപ് ആരോടും ഒരു വാക്ക് പോലും പറയാതെ പോകുമ്പോൾ നിനക്ക് ഇങ്ങനെ എന്നോടു സംസാരിക്കാൻ തോന്നിയില്ലല്ലോ???
എന്നും കൂടെ നടന്നവൾ ആണ്… സ്വന്തം പെങ്ങളെ പോലെ കൊണ്ടു നടന്നവൾ ആണ്… അവളോട്‌ എങ്കിലും ഒന്നു പറഞ്ഞിട്ട് പോകാൻ നിനക്ക് തോന്നിയില്ലല്ലോ???

ഓഹ്… എന്തിനു തോന്നണം… പുതിയ കൂട്ടുകാരെ ഇനി എന്തായാലും കിട്ടുമല്ലോ… പിന്നെ ഇനി ഒരു ഉപയോഗവും ഇല്ലാത്ത ഇവളൊടോക്കെ പറഞ്ഞിട്ട് എന്തിനാ എന്നു കരുതി കാണും അല്ലേ??

അതു പിന്നെ അങ്ങനെ ആണല്ലോ… ചിലർക്ക് സ്വന്തം കാര്യം കാണും വരെ അല്ലെങ്കിൽ നമ്മുടെ സ്ഥാനത്തു പുതിയ ഒരാളെ കിട്ടും വരെ മാത്രം ആണല്ലോ സ്നേഹം ഉണ്ടാവുക…. അതു കഴിഞ്ഞാൽ പിന്നെ നമ്മൾ ചത്താൽ എന്താ ജീവിച്ചാൽ എന്താ?? ഇതു ഇനി പ്രണയത്തിന്റെ കാര്യത്തിൽ ആയാലും സൗഹൃദത്തിന്റെ കാര്യത്തിൽ ആയാലും ഇപ്പോൾ ഇങ്ങനെ ആണല്ലോ? പുതിയ ആൾക്കാർ വന്നു കഴിഞ്ഞാൽ കുറച്ചു നാളു മുൻപ് വരെ സ്നേഹിച്ചു കൂടെ നിർത്തിയവർ വേണ്ടാതെ ആകും….

വേണ്ട ഗീതു… എനിക്ക് നിന്നോട് ഒന്നും സംസാരിക്കണ്ട… വീണ്ടും ഒരിക്കൽ കൂടി നീ ഒന്നും പറയാതെ പോയാൽ എനിക്ക് ചെലപ്പോൾ സഹിക്കാൻ പറ്റി എന്നു വരില്ല”… ഇതു പറയുമ്പോൾ ഹിമ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു.

“രണ്ടു വർഷം നിന്റെ കൂടെ നടന്ന എന്നെ കുറിച്ച് നീ ഇങ്ങനെ ആണോ ഹിമ മനസിലാക്കി വെച്ചിരിക്കുന്നത്??? ഒന്നു സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ എന്നെ ചേർത്തു പിടിച്ചു ഒരു നിഴൽ പോലെ കൂടെ നടന്ന നിന്നെ ഞാൻ മറക്കും എന്നു നിനക്ക് തോന്നുന്നുണ്ടോ??? ആരെയും പരിചയം ഇല്ലാത്ത ഒരു ക്ലാസ്സിൽ വന്നു കേറുമ്പോൾ കൈ പിടിച്ചു കൂടെ ഇരുത്തിയ സ്നേഹം കൊണ്ടു പൊതിഞ്ഞ നിന്നെ ഞാൻ എങ്ങനെ മറക്കാൻ ആണെടാ???

പുതിയ ആൾക്കാരെ കിട്ടുമ്പോൾ ആപത്തു സമയത്തു ചേർത്തു പിടിച്ചു സ്നേഹിച്ചവരെ മറക്കുന്നവൾ അല്ല ഹിമ നിന്റെ ഗീതു…. ഞാൻ എന്റെ കിച്ചുവിനു ശേഷം ഇത്രയും സ്നേഹിക്കുന്ന മറ്റൊരു കൂട്ടുകാരി ഈ ലോകത്ത് നീ അല്ലാണ്ട് വേറെ ആരും ഇല്ല.

നിങ്ങളൊടു പറയാതെ ഞാൻ പോയി…. ഞാൻ ചെയ്തത് തെറ്റാണ്…. പക്ഷേ ആ സമയം എനിക്ക് പോയാലെ പറ്റുള്ളൂ എന്ന അവസ്ഥ ആയിരുന്നു. നിങ്ങളോട് യാത്ര പറയാൻ ഉള്ള ശക്തി എനിക്ക് ഉണ്ടായിരുന്നില്ല…. തിരിച്ചു വരും എന്നു പോലും ഉറപ്പില്ലാതെ ഞാൻ എങ്ങനെ നിന്നോട് യാത്ര പറയും ആയിരുന്നു? ….. ആ യാത്രയുടെ അവസാനം എന്നെ കാത്തിരിക്കുന്നതു ചെലപ്പോൾ മരണം ആയിരിക്കും എന്നു എങ്ങനെ പറയും ആയിരുന്നു ഹിമ ഞാൻ നിന്നോട്?? നിങ്ങളെ കൂടി എങ്ങനെ സങ്കടപെടുത്തുമായിരുന്നു ഞാൻ??? പറ ഹിമ നിങ്ങളെ കൂടി ഞാൻ വിഷമിപ്പിക്കണം ആയിരുന്നോ??

ഒരു വാക്ക് പോലും പറയാതെ പോയത് തെറ്റാണ്…. അതിനു ഞാൻ നിന്റെ കാലു പിടിക്കാം… പക്ഷേ പുതിയ ആൾക്കാർ വന്നപ്പോൾ നിന്നെ ഞാൻ മറന്നു എന്നു മാത്രം പറയല്ലേ ഹിമ…കൂടെ ചേർത്ത് നിർത്തിയവരെ പുതിയ ആൾക്കാർക്കു വേണ്ടി വിഷമിപ്പിക്കുന്ന അവരെ ഒഴിവാക്കുന്ന കൂട്ടത്തിൽ നീ എന്നെ പെടുത്തരുത്…. പ്ലീസ് ഹിമ…. അങ്ങനെ മാത്രം നീ പറയരുത്…വേണം എങ്കിൽ ഞാൻ നിന്റെ കാലു പിടിക്കാം”…

ഗീതു ഹിമയുടെ കാലിലേക്ക് വീഴാൻ ഒരുങ്ങിയത് അവൾ തടഞ്ഞു…. ഒരു നിമിഷം പരസ്പരം നോക്കി നിന്ന ശേഷം കെട്ടിപിടിച്ചു…. അപ്പോഴും രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.

“നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ലേടാ…സങ്കടം കൊണ്ടു പറഞ്ഞു പോയത് ആണ്….നീ പോയപ്പോൾ ഞങ്ങൾ എന്തുമാത്രം വിഷമിച്ചു എന്നു അറിയോ?? ഞങ്ങൾടെ കാര്യം വീടു….ശിവ…അവൻ എന്തു മാത്രം വേദനിച്ചു എന്നു അറിയോ?? നീ പോയ ശേഷം മനസറിഞ്ഞു ചിരിക്കാൻ പോലും അവൻ മറന്നു….അതെല്ലാം കൂടി ഓർത്തപ്പോൾ വായിൽ നിന്നു അറിയണ്ടു വീണു പോയത് ആണ്…. സോറിടി”… ഹിമ ഗീതുവിനെ ചേർത്ത് പിടിച്ചു കൊണ്ടു പറഞ്ഞു.

“നീ എന്തിനാ സോറി പറയുന്നത്? നിങ്ങളോട് ഒരു വാക്ക് പോലും പറയാതെ പോയത് ഞാൻ അല്ലേ?? അപ്പോൾ ഞാൻ അല്ലേ സോറി പറയേണ്ടതു. സോറി ഹിമു… എന്നോടു ക്ഷമിക്കു.

“ആഹ് സോറി ഒക്കെ പറഞ്ഞത് കൊണ്ടു ഞാൻ ക്ഷമിച്ചു…. പക്ഷേ ഇനി ഞങ്ങളുടെ ശിവയെ വിഷമിപ്പിക്കരുത്…. പ്രോമിസ്??” ഹിമ കൈ മുന്നോട്ടു നീട്ടി.

“പ്രോമിസ്…. ഞാൻ കാരണം ഒരിക്കലും ഇനി ശിവ വിഷമിക്കില്ല…അവന്റെ ജീവിതത്തിലെ സകല വിഷമങ്ങളും ദൈവം എനിക്ക് തരട്ടെ… എന്റെ ജീവിതത്തിൽ വിധിച്ചിട്ടുള്ള സന്തോഷങ്ങൾ കൂടി എന്റെ ശിവക്കു കിട്ടിക്കോട്ടേ…. അവനു വേണ്ടി ജീവിതത്തിൽ ഇനി ഞാൻ കരയേണ്ടി വന്നാലും ശരി ഞാൻ കാരണം എന്റെ ശിവ ഒരിക്കലും കരയില്ല…. ഞാൻ വാക്ക് തരുന്നു ഹിമ…. ഈ വാക്ക് തെറ്റിക്കുന്ന നിമിഷം വന്നാൽ അന്ന് ഗീതുവിന്റെ മരണം ആയിരിക്കും. പ്രോമിസ്”…. ഗീതു ഹിമക്ക് സത്യം ചെയ്തു കൊടുത്തു.

“അതേയ്….. നിങ്ങൾ പെങ്ങന്മാരുടെ കരച്ചിലും പിഴിച്ചിലും കഴിഞ്ഞു എങ്കിൽ ഇവിടെ 3 ആങ്ങളമാർ വെയിറ്റിങ് ആണ്… ഞങ്ങളും കഴിഞ്ഞ രണ്ടു വർഷം നിന്നെ കാത്തിരുന്നവർ ആണ്… ഞങ്ങളെ കൂടി ഒന്നു മൈൻഡ് ചെയ്യാം കേട്ടോ”… കാർത്തിക്ക് ചിരിച്ചു കൊണ്ടു പറഞ്ഞു.

“ഓഹ്… സോറി ബ്രോ…. നിങ്ങളും എന്റെ പൊന്നങ്ങളമാർ അല്ലേ?? നിങ്ങളെയും ഓർക്കാത്ത ഒരു ദിവസവും ഇല്ല എന്റെ ജീവിതത്തിൽ… നിങ്ങൾക്കും എന്നോട് ദേഷ്യം ആകും അല്ലേ?? കണ്ടില്ലേ വരുണിന്റെ മുഖം കണ്ടാൽ അറിയാം എന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടെന്ന്”… വരുണിനെ നോക്കി ആണ് ഹിമ അതു പറഞ്ഞത്.

“ദേഷ്യം ഉണ്ടായിരുന്നു… നല്ല ദേഷ്യം ഉണ്ടായിരുന്നു… പക്ഷേ നീ ഇപ്പോൾ അവസാനം ഒരു കാര്യം പറഞ്ഞില്ലേ?? ഇനി എന്തൊക്കെ വന്നാലും നീ കാരണം നിന്റെ ശിവ വിഷമിക്കേണ്ടി വരില്ല എന്നു… അതു മതി…അതു മാത്രം മതി നിന്നോടുള്ള എല്ലാ ദേഷ്യവും മറക്കാൻ…. കാരണം ഞങ്ങൾക്ക് ഞങ്ങളുടെ ശിവയുടെ സന്തോഷത്തേക്കാളും വലുത് അല്ല ഒരു വാശിയും പിണക്കവും”…. വരുൺ പറഞ്ഞത് കേട്ടു ഗീതു പുഞ്ചിരിച്ചു… ആരെയും മയക്കുന്ന പഴയ അതേ പുഞ്ചിരി.

“അതേ ഗീതു….പിണക്കം ഉണ്ടായിരുന്നു…. ഇപ്പോൾ അതെല്ലാം മാറി… ഇനി ഞങ്ങളെ വിട്ടിട്ടു പോവല്ലേ… പ്ലീസ്..ശിവയെ ഓർത്തു എങ്കിലും പോവരുത്. അതു മാത്രം ആണ് പറയാൻ ഉള്ളത്. ” രാഹുലിനും ഗീതുവിനോടു ഒരു പിണക്കവും ഉണ്ടായിരുന്നില്ല.

“ഇല്ല രാഹുൽ…. ഇനി ശിവയെ വിട്ടു ഞാൻ പോകില്ല… ഒരു പണി കൂടി ബാക്കി ഉണ്ട്…. സാരമില്ല…. അതു ഞാൻ ഇവിടെ ഇരുന്നു തന്നെ ചെയ്തോളാം.”

ഗീതു അതു പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് അവളുടെ അച്ഛനും അമ്മയും പ്രിയയും മറ്റൊരു പെൺകുട്ടിയും അവിടെ എത്തിയത്.

“ആഹാ…. എല്ലാരും ഉണ്ടല്ലോ??? ഇതെന്താ എല്ലാരും കൂടി ഇവിടെ?? പ്രിയക്കു നമ്മളെ ഒക്കെ ഓർമ ഉണ്ടോ?? മോൾ ഇപ്പോൾ പത്താം ക്ലാസ്സിൽ ആയി അല്ലേ??? ഇതാരാ പുതിയ ഒരാൾ കൂട്ടത്തിൽ…. കണ്ടാൽ മോളുടെ ചേച്ചി ആണെന്നെ തോന്നുള്ളൂ. ” ഹിമ ഒരായിരം ചോദ്യങ്ങൾ ഒരുമിച്ചു അങ്ങ് ചോദിച്ചു.

“അയ്യോ… എന്റെ ഹിമ ചേച്ചി ഒന്നു ശ്വാസം എടുത്തിട്ട് ചോദിക്ക്…. ഞാൻ ചേച്ചിയെ ഒക്കെ മറക്കുമെന്ന് തോന്നുന്നുണ്ടോ?? പിന്നെ ഞങ്ങൾ എല്ലാരും കൂടി മഹി ചേച്ചി…സോറി… ഗീതുചേച്ചിയെ കൊണ്ടാക്കാൻ വന്നത് ആണ്… ചേച്ചി ഇവിടെ BA എക്കണോമിക്സിനു ജോയിൻ ചെയ്തു…. പിന്നെ കൂടെ ഉള്ളതു ആരാണ് എന്നു ചോദിച്ചാൽ ബന്ധം പറഞ്ഞു വരുമ്പോൾ എന്റെ ഒരു മൂത്ത ചേച്ചി ആയിട്ട് വരും… പേര് കൃഷ്ണപ്രിയ.” പ്രിയക്കുട്ടി ഹിമയുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം നൽകി.

“ആഹാ….. രണ്ടു വർഷം കറങ്ങി നടന്നിട്ട് ഇപ്പോൾ ജൂനിയർ ആയിട്ട് വന്നു ജോയിൻ ചെയ്തു അല്ലേ?? ശെരി ആക്കി തരാട്ടോ ഗീതു…. പിന്നെ അങ്കിളിനും ആന്റിക്കും സുഖം ആണോ??” രാഹുൽ ചോദിച്ചു.

“അതേ മോനെ…. സുഖം ആയി പോകുന്നു… ഓപ്പറേഷൻ കഴിഞ്ഞു ഇവൾക്ക് ശബ്ദം കൂടി കിട്ടിയപ്പോൾ എല്ലാ അർഥത്തിലും ഹാപ്പി ആണ്.” ഗീതുവിന്റെ അച്ഛൻ പറഞ്ഞു.

“ഹിമ ചേച്ചി… ശിവ ഏട്ടൻ എവിടെയാ?? എനിക്ക് ഒന്നു സംസാരിക്കണം ആയിരുന്നു. കണ്ടിട്ടും കൊറേ നാളായില്ലേ? ” പ്രിയയുടെ കണ്ണുകൾ ശിവക്ക് വേണ്ടി അലഞ്ഞു നടന്നു.

“ശിവ മിക്കവാറും ലൈബ്രറിയിൽ കാണും മോളേ… ദോ ആ കാണുന്നത് ആണ് ലൈബ്രറി… മോൾ അവിടെ ഒന്നു ചെന്നു നോക്കു. ” ഹിമ ലൈബ്രറി ചൂണ്ടി കാണിച്ചു കൊണ്ടു പറഞ്ഞു. പ്രിയ എല്ലാരോടും ഇപ്പോൾ വരാം എന്നും പറഞ്ഞു ശിവയെ കാണാൻ ആയി പോയി.

“ഇന്നു എങ്കിലും ശിവേട്ടനോട് എല്ലാം തുറന്നു പറയണം…അല്ലാതെ വേറെ വഴി ഇല്ല… ബാക്കി ഒക്കെ ഏട്ടൻ തീരുമാനിക്കട്ടേ…” മനസ്സിൽ ഓരോ കണക്കു കൂട്ടലുകളുമായി പ്രിയ ശിവക്ക് അരികിലേക്ക് നടന്നു….

തുടരും…

പ്രണയമഴ : ഭാഗം 1

പ്രണയമഴ : ഭാഗം 2

പ്രണയമഴ : ഭാഗം 3

പ്രണയമഴ : ഭാഗം 4

പ്രണയമഴ : ഭാഗം 5

പ്രണയമഴ : ഭാഗം 6

പ്രണയമഴ : ഭാഗം 7

പ്രണയമഴ : ഭാഗം 8

പ്രണയമഴ : ഭാഗം 9

പ്രണയമഴ : ഭാഗം 10

പ്രണയമഴ : ഭാഗം 11

പ്രണയമഴ : ഭാഗം 12

പ്രണയമഴ : ഭാഗം 13

പ്രണയമഴ : ഭാഗം 14

പ്രണയമഴ : ഭാഗം 15

പ്രണയമഴ : ഭാഗം 16

പ്രണയമഴ : ഭാഗം 17

പ്രണയമഴ : ഭാഗം 18

പ്രണയമഴ : ഭാഗം 19

പ്രണയമഴ : ഭാഗം 20

പ്രണയമഴ : ഭാഗം 21