Sunday, December 22, 2024
Novel

പ്രണയകീർത്തനം : ഭാഗം 9

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌


ബസ് വിടുന്നതിനു മുൻപ് ഒരിക്കൽ കൂടി അവൾ തിരിഞ്ഞു നോക്കി…

മെഡിക്കൽ ഷോപ്പിൽ നിന്നു ഒരു കവറുമായി ഉണ്ണ്യേട്ടൻ ഇറങ്ങുന്നു..
ബുള്ളെറ്റിനടുത്തേക്ക് നടന്നു നീങ്ങുന്നു…

അവൾ ചിരിച്ചു കൊണ്ടു നിൽക്കുന്നു…

കീർത്തന കണ്ണുകൾ പൂട്ടിയിരുന്നു…

എങ്കിലും അത് അനുസരണ ഇല്ലാതെ പെയ്യാൻ തുടങ്ങിയിരുന്നു…

എങ്ങനെയൊക്കെയോ വീട്ടിലെത്തി..ഡോർ തുറന്നു സ്വന്തം മുറിയിൽ പോയി പെയ്യാൻ വെമ്പി നിന്നതൊക്കെയും പെയ്തൊഴുക്കി…

എത്രനേരം അങ്ങനെ കിടന്നു എന്നു അവൾക്കറിയില്ല…

രാജലക്ഷ്മി ജനലിൽ തട്ടുന്ന ശബ്ദം കേട്ടാണ് അവൾ ഉണർന്നത്…

“ചിന്നൂ…ഡാ.. വാതിൽ തുറക്ക്..”എത്ര നേരമായി വിളിക്കുന്നു..”

അവൾ ചെന്നു വാതിൽ തുറന്നു…

“നിനക്കെന്തു പറ്റി.. ഇതെന്താ കണ്ണും മുഖവുമൊക്കെ വീർത്തിരിക്കുന്നെ” അവർ ചോദിച്ചു..

“ഉറങ്ങിയതിന്റെയാവും…തലവേദന ഉണ്ടായിരുന്നു അപ്പച്ചി”..അവൾ ചിരിക്കാൻ ശ്രെമിച്ചു കൊണ്ടു പറഞ്ഞു..

“ഞാനൊന്ന് കുളിച്ചിട്ടു വരാം”

അവൾ ബാത്റൂമിലേക്കു പോയി..

ഷവർ തുറന്നു അതിന്റെ അടിയിൽ നിൽക്കുമ്പോൾ…ഈ തണുത്ത വെള്ളത്തിനു പോലും തന്റെ നെഞ്ചിലെ തീ അണ്യ്ക്കാൻ കഴിയുന്നില്ലല്ലോ എന്നവൾ ഓർത്തു…

ഇത്രമേൽ സ്നേഹിക്കണ്ടായിരുന്നു….വിശ്വസിക്കണ്ടായിരുന്നു…
അല്ലെങ്കിലും ഉണ്ണ്യേട്ടൻ പരിധി വിട്ടൊരു അടുപ്പം കാണിച്ചിട്ടില്ല…

താനാണല്ലോ ഓരോ നിമിഷവും ഓർതോർത്തു കൊണ്ടിരുന്നത്..
ആവശ്യമില്ലാത്ത സ്വപ്നങ്ങൾ നെയ്തതു കൂട്ടിയത്….

ഒരകൽച്ചയും വെറുപ്പിന്റെ നുരകളും തന്നിൽ വന്നു നിറയുന്നത് ഭീതിയോടെ അവൾ മനസിലാക്കി…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
പോകാൻ ഇറങ്ങും നേരം ആരുടെയോ ഫോൺ വന്നു ഉണ്ണി സംസാരിച്ചു കൊണ്ടു നിൽക്കുന്നത് കണ്ടാണ് ചിത്ര അവന്റെ അടുത്തേക്ക് ചെന്നത്…

എന്തൊക്കെയോ ചിരിച്ചു സംസാരിക്കുന്നു..

ഫോൺ വെച്ചു കഴിഞ്ഞു അവർ ചോദിച്ചു..

“ആരായിരുന്നു മോനെ”..

ശ്രീക്കുട്ടി ആയിരുന്നു അമ്മേ…അമ്മയെ അന്വേഷിച്ചുന്നു പറയാൻ പറഞ്ഞു…

“എന്നാൽ ഞാൻ പോട്ടെ”അവൻ പോകാനിറങ്ങി..

ചിത്രയുടെ മനസ്സു നിറഞ്ഞു…ഒരു പുഞ്ചിരി ആ മുഖത്തു തത്തി കളിച്ചു….

ഉണ്ണി പൊയ്ക്കഴിഞ്ഞാണ്‌ ആരോ കോളിംഗ് ബെൽ അടിക്കുന്നത് കേട്ട് ചിത്ര വന്നു വാതിൽ തുറന്നത്..

പുറത്തു ശ്രീബാലൻ ആയിരുന്നു…

“ആഹ്! ഏട്ടനോ…”

“ഉം…എറണാകുളം വരെ വരേണ്ട ഒരു കാര്യം ഉണ്ടായിരുന്നു”

“ഏട്ടൻ വരൂ…”അവർ അയാളെ അകത്തേക്ക് ക്ഷണിച്ചു…

അകത്തു നിന്നും ഗിരിജ ഇറങ്ങി വന്നു..

അയാളെ കണ്ടു ഉടനെ തന്നെ കിച്ചനിലേക്ക് കയറി ചായ ഇടാൻ തുടങ്ങി…

“ഇവർ രണ്ടുപേരും നിങ്ങളുടെ കൂടെ തന്നെയാണോ താമസം?”

“രാവിലെ മുതൽ ഇവിടെ തന്നെ..കിടക്കുന്നത് ഔട്ട് ഹവ്സ്സിൽ ആണ്…”

“ഉം…”അയാൾ ഒന്നു ഇരുത്തി മൂളി..

“ഞാൻ വന്നത്…’അമ്മ എന്നോട് ഒരു കാര്യം പറഞ്ഞായിരുന്നു..”

“അതിൽ എനിക്ക് താത്പര്യകുറവൊന്നുമില്ല..”

“അവനു ഇഷ്ടമാണോ” അയാൾ ചോദിച്ചു..

“ഇഷ്ടമാകും…ഇഷ്ടപ്പെടാതെ ഇരിക്കാൻ കാരണമൊന്നുമില്ല”ചിത്ര മറുപടി നൽകി..

“ഞങ്ങൾ ശ്രീകുട്ടിയോട് ഇതേപ്പറ്റി സംസാരിച്ചില്ല…അവന്റെ താത്പര്യം അറിഞ്ഞിട്ടു പറയാമെന്നു വെച്ചു…”

“ആം..കുഴപ്പമൊന്നുമില്ല ഏട്ടാ..” അവർ അത്യന്തം ആത്മവിശ്വാസത്തോടെ പറഞ്ഞു…

“എന്നാൽ ഇനിയിപ്പോ അവളോട് പറയാം അല്ലെ”….അയാൾ ചായകപ്പ് താഴെ വെച്ചു കൊണ്ട് ചോദിച്ചു…

“അതിനെന്താ ഏട്ടൻ പറഞ്ഞോളൂ…”

പ്രസാദം നിറഞ്ഞ മുഖവുമായാണ് ശ്രീബാലൻ തിരികെ പോയത്…
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ആശയെ ഡിസ്ചാർജ് ചെയ്തു…

അമ്മയും കുഞ്ഞുമായി അപ്പു വീട്ടിലെത്തി…

അവളെ നോക്കാനായി ഇരു സ്ത്രീയെ ഏർപ്പാട് ചെയ്തു…

അച്ചു വീട്ടിലുണ്ടായിരുന്നത് വലിയ സഹായമായിരുന്നു…

അത്യന്തം സന്തോഷത്തിലായിരുന്നു അപ്പു….
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

കീർത്തനയുമായി കുറച്ചു സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയതാണ് രോഹിത്…

ഇടക്ക് കാർ ഒരു ബില്ഡിങ്ങിന്റെ പാർക്കിങ് എരിയയിലേക്കു കയറ്റി നിർത്തുന്നത് കണ്ടു അവൾ ആ കെട്ടിടത്തിലേക്ക് നോക്കി..

“ചൈത്രം ജൂവലറി”!!!അതു കണ്ടപ്പോൾ അവളുടെ നെഞ്ചിടിപ്പേറി..

“വാ..”കാറിൽ നിന്നിറങ്ങി രോഹിത് പറഞ്ഞു…

“ഞാൻ ഇവിടിരുന്നോളാം..ഏട്ടൻ പോയിട്ടു വാ”

കൂടുതൽ നിര്ബന്ധിക്കാതെ അവൻ അകത്തേക്ക് പോയി…

അവൾ സീറ്റിൽ ചാരി കണ്ണുകൾ അടച്ചിരുന്നു…

അന്ന് “ആ കാഴ്ച്ച” കണ്ടിട്ടു ഇന്നേക്ക് നാലാമത്തെ ദിവസമാണ്..

ഇതിനിടയിൽ ഒരു തവണ ഉണ്ണ്യേട്ടൻ വിളിച്ചിരുന്നു…

എന്തോ എടുക്കാൻ തോന്നിയില്ല…ഒന്നു രണ്ടു വട്ടം റിങ് ചെയ്തു നിന്നു…

അപ്പ്വേട്ടൻ ആശചേച്ചിയെ കൊണ്ട് ഹോസ്പിറ്റലിൽ നിന്നു വന്നതിനു ശേഷം വീട്ടിലേക്കു വന്നിട്ടില്ല…

വന്നിരുന്നെങ്കിൽ തന്നിലുള്ള മാറ്റം കണ്ടുപിടിച്ചേനെ എന്നവൾ ഓർത്തു…

ഇപ്പോൾ ഈ കെട്ടിടത്തിന് മുന്നിൽ വന്നിട്ടും ഒരു സന്തോഷവും തനിക്കു തോന്നുന്നില്ലല്ലോ…എന്തൊ ഒരു അന്യത ബോധം…

ഒരു വിളിപ്പാടകലെ തന്റെ ഉണ്ണ്യേട്ടൻ ഉണ്ട്…പക്ഷെ കാണാനോ, ഒരു വിളി വിളിക്കാനോ ഉള്ള ആഗ്രഹം തന്നിൽ നിന്നു നഷ്ടപ്പെട്ടു പോകുന്നത് അവളറിഞ്ഞു…

വേണമെങ്കിൽ ചോദിക്കാം..
“എന്താ ഈ കണ്ടതിന്റെയൊക്കെ അര്ഥമെന്നു”…

°°°°°°പക്‌ഷേ അങ്ങനെ ചോദിച്ചു ആ മനസിൽ തനിക്കുള്ള സ്ഥാനം ഒന്നാമത്തേത് തന്നെയാണോന്ന് ഉറപ്പിക്കാൻ അവളുടെ ആത്മാഭിമാനം സമ്മതിച്ചില്ല..°°°°°°°°

അച്ഛനെ ഓർത്തപ്പോൾ ഒരു വിങ്ങൽ മനസിൽ നിറഞ്ഞു…

കഴിഞ്ഞ തവണത്തെ പോലെ റാങ്ക് വാങ്ങുമെന്ന് അച്ഛൻ വിചാരിക്കുന്നുണ്ടാകുമോ..?

ഈ പരീക്ഷ എങ്ങനെയായിത്തീരുമെന്നു അവൾക്കറിയില്ലായിരുന്നു..

അത്രമേലുണ്ടായിരുന്നു ആത്മസംഖർഷവും ആത്മാഭിമാനവും തമ്മിലുള്ള അവളുടെ മനസിലെ വടംവലി….

രോഹിതേട്ടനോടൊപ്പം കാറിനടുത്തേക്കു നടന്നു വരുന്ന ഉണ്ണിയെ അവൾ മിററിലൂടെ കണ്ടു..

ദേഹത്തിലൂടെ ഒരു തരിപ്പ് അരിച്ചിറങ്ങുന്നത് അവളറിഞ്ഞു…

കാറിനടുത്തേക്ക് വന്ന ഉണ്ണി അവളെ കണ്ടു ആശ്ചര്യപ്പെട്ടു…

“ചിന്നു ഉണ്ടായിരുന്നോ?..എന്താ അകത്തേക്ക് വരാഞ്ഞെ”

അവൾ ഒന്നു ചിരിക്കാൻ ശ്രെമിച്ചു…
രോഹിതേട്ടൻ ഒന്നും മനസിലാക്കരുതല്ലോ…

“പോട്ടെടാ..”.രോഹിത് കാർ എടുത്തു…

വരുണ് കയ്യുയർത്തി കാണിച്ചു..

കീർത്തന മനപൂർവം നോക്കിയില്ല…

സന്ധ്യ കഴിഞ്ഞ നേരം…

അപ്പച്ചിയോടൊപ്പം ഇരുന്നു നാമം ചൊല്ലിയ ശേഷം കീർത്തന എഴുന്നേറ്റു..

അങ്കിളും രോഹിതേട്ടനും ഋതുവും കൂടി ഒരു റീസെപ്ഷനു പോയി…

ഫോൺ ബെല്ലടിക്കുന്നത് കേട്ടു അവൾ റൂമിലേക്ക് പോയി…

ഉണ്ണ്യേട്ടനാണ്…

അവൾക്കു എടുക്കാൻ തോന്നിയില്ല..

രണ്ടു വട്ടം അടിച്ചു നിന്നു അത്…

കീർത്തന കുറച്ചു നേരം റൂമിൽ നിന്ന ശേഷം പുറത്തേക്കിറങ്ങി…

അപ്പോഴാണ് ബുള്ളെറ്റ് വീടിന്റെ മുൻവശത് വന്നു നിന്നത്…

അകത്തേക്ക് കയറിയതും കീർത്തന അവിടെ നിൽക്കുന്നത് അവൻ കണ്ടു..

പോക്കെറ്റിൽ നിന്ന് മൊബൈൽ എടുത്തു അവൻ അവളുടെ നമ്പർ ഡയൽ ചെയ്തു…

അത് നല്ല ശബ്ദത്തിൽ അടിക്കുന്നത് ഇരുവരും കേട്ടു…

വരുണ് കീർത്തനയെ രൂക്ഷമായൊന്നു നോക്കിയിട്ട് ഫോൺ ഓഫ് ചെയ്തു…

“നിനക്കെന്തു പറ്റി”

അവൾ അകത്തേക്ക് പാളി നോക്കി..അപ്പച്ചി ഉണ്ടവിടെ…

“പറ..എന്താ പ്രശ്നം”

“പ്രത്യേകിച്ചു ഒന്നുമില്ല”

“അല്ല…എന്തോ ഉണ്ട്…”

“നിന്നെ കണ്ടാൽ തന്നെയറിയാം..
പഴയ ആളെ അല്ല ഇപ്പോൾ..പെരുമാറ്റവും..”

വീടിന്റെ സൈഡിലെ ഗേറ്റ് തുറക്കുന്ന ശബ്ദം കീർത്തന കേട്ടു…

അവൾ ജനലിലൂടെ നോക്കി…

“ദാ ഫ്രണ്ട് വരുന്നുണ്ട്…കുറച്ചു നേരം ഇരുന്നു സാംസാരിക്ക്….”

അങ്ങനെ പറഞ്ഞുകൊണ്ടവൾ തന്റെ റൂമിലേക്ക് പോയി…

കുറച്ചു കഴിഞ്ഞപ്പോൾ ബുള്ളറ്റിന്റെ ശബ്ദം അകന്നു പോകുന്നത് അവൾ അറിഞ്ഞു…..

പുസ്തകം തുറന്നു വെച്ചു അതിലേക്ക് മിഴികൾ നാട്ടി അവളിരുന്നു…

കണ്ണുകൾ മനസുപോലെ തന്നെ ഒന്നിലും ഉറക്കുന്നുണ്ടായിരുന്നില്ല….

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°പ്രാക്ടിക്കൾസ് ചെയ്തു നോക്കാനായി ആനന്ദ് സർ കോളേജിൽ ചെല്ലാൻ പറഞ്ഞ ദിവസം…

രോഹിതാണ് അവളെ രാവിലെ കൊണ്ടു ചെന്നാക്കിയത്…

മൂന്നു മണി വരെയാണ് ലാബിൽ അനുവദിച്ചിരിക്കുന്ന സമയം..

കഴിയുമ്പോൾ തനിയെ പൊയ്ക്കൊളാം എന്നവനോട് പറഞ്ഞു അവൾ..

ഉച്ചക്ക് ഫുഡ് പോലും കഴിക്കാതെ നിന്നാണവൾ എല്ലാം ചെയ്തു നോക്കിയത്…

മൂന്നുമണിയോടെ എല്ലാം അവസാനിപ്പിച്ചു ഇറങ്ങുമ്പോൾ നല്ല ആത്മസംതൃപ്തി തോന്നിയവൾക്ക്…

ഇനി തിയറി കൂടി നന്നായി നോക്കണം…റാങ്ക് കിട്ടിയില്ലെങ്കിലും നല്ല പേഴ്‌സന്റേജ് ഒപ്പിച്ചെടുക്കണം…അവൾ മനസ്സിലോർത്തു…

കോളേജിന് എതിർവശത്തുള്ള ബുക്സ്റ്റാളിൽ നിന്ന് താനുദ്ദേശിച്ച ബുക് കിട്ടാതെ തിരിച്ചിറങ്ങുമ്പോൾ ആണ് അടുത്തു കൊണ്ടു ആക്ടിവ നിർത്തിയ കൂട്ടുകാരി മീരയെ കണ്ടത്..

“എന്താടാ…ബുക് കിട്ടിയില്ലേ?”

“ഇവിടില്ലെന്നു”

“നീ കയറു…കുറച്ചു മുന്നോട്ട് പോയി ലെഫ്റ്റ് തിരിയുമ്പോൾ ഒരു കടയുണ്ട്…അവിടെ കാണും…അതിന്റെ അപ്പുറത് തന്നെ നിനക്ക് പോകാനുള്ള ബസും കിട്ടും….”മീര പറഞ്ഞു..

കീർത്തന മീരയുടെ പുറകിലേക്ക് കയറി….

ഒരു ബുക്സ്റ്റാളിന്റെ മുന്നിൽ വണ്ടി നിർത്തി അവളെ ഇറക്കിയിട്ടു മീര യാത്ര പറഞ്ഞു പോയി…

കീർത്തന അവിടെ കയറി തനിക്കാവശ്യമായ ബുക്കും വാങ്ങി മീര പറഞ്ഞ ബസ് സ്റ്റോപ്പിൽ വന്നു നിന്നു…

മാർക്കറ്റ് റോഡ് പോലെ ഒരു സ്ഥലം…

കുറച്ചുനേരം നിന്നിട്ടും ബസ് ഒന്നും കണ്ടില്ല..അവൾ അക്ഷമയോടെ കാത്തുനിന്നു…

ആ സമയത്താണ് എതിർവശത്തുള്ള ഉള്ളിലേക്കുള്ള ഒരു കടയുടെ മുന്നിലായി റോഡിൽ ഒരു കാർ വന്നു നിന്നത് …..

ആ കടയുടെ പിന്നിലായി അതിനോട് ചേർന്നു ഒരു ചെറിയ കെട്ടിടം ഉണ്ടായിരുന്നു..

ഡോർ തുറന്നു പുറത്തേക്കിറങ്ങിയ വരുണിനെ എതിർ വശത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നു കീർത്തന കണ്ടു..

അവൻ ആ കടയിലേക്ക് പോകുന്നു…

ഒരു നിമിഷം കഴിഞ്ഞു ഇപ്പുറത്തെ വശത്തെ ഡോർ തുറന്നു സ്വപ്ന ഇറങ്ങി അവന്റെ പുറകെ ഓടിയെത്തി….

വീണുപോകാതിരിക്കുവാനായി കീർത്തന വെയ്റ്റിങ് ഷെഡിന്റെ തൂണിൽ മുറുകെപിടിച്ചു…

കരളിലൂടെ മൂർച്ചയുള്ള ഒരു വാൾ ചൂഴ്ന്നിറങ്ങുന്നതവൾ അറിഞ്ഞു…

പിടിച്ചുനിൽക്കാനാവാതെ തളർച്ചയുടെ താഴെക്കിരിക്കുമ്പോൾ ആരൊക്കെയോ ഓടി കൂടുന്നത് അവളറിഞ്ഞു…

“എന്തു പറ്റി..? വെള്ളം വേണോ..?ഹോസ്പിറ്റലിൽ പോണോ” എന്നൊക്കെയുള്ള ചോദ്യങ്ങൾക്കു മുന്നിൽ “ഒന്നും വേണ്ടാ ഒരു ഓട്ടോ വിളിച്ചു തന്നാൽ മതി”എന്നു പറഞ്ഞു അവൾ ആ സ്ഥലത്തേക്ക് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഒരിക്കൽ കൂടി നോക്കി…

കടയുടെ പുറകിലെ കെട്ടിടത്തിലേക്ക് അതിന്റെ സൈഡിലുള്ള ഒരാൾക്ക് മാത്രം നടക്കാൻ കഴിയുന്ന ഇടവഴിയിലൂടെ നടന്നു നീങ്ങുന്ന വരുണ്…പുറകിലായി സ്വപ്നയും…

ഓട്ടോയിൽ വീടിന്റെ മുന്നിലെത്തി ഇറങ്ങി നടക്കുമ്പോൾ കാലുകൾക്ക് പതിവില്ലാത്ത ഭാരം…

മുന്നിലുള്ളതൊന്നും കാണാൻ കഴിയാതെ ഇരുട്ടിലൂടെ എന്നവണ്ണം തപ്പിത്തടഞ്ഞു ചെന്നു സിറ്റ് ഔട്ടിന്റെ തിണ്ണയിലേക്കിരിക്കുമ്പോൾ…

ഇത്രനേരവും നെഞ്ചിൽ മുട്ടി നിന്നൊരാ കരച്ചിൽ ശബ്ദമില്ലാതെ പുറത്തേക്കു വമിച്ചു..

അടുത്താരോ ഉണ്ടെന്ന തോന്നലിൽ ഒരാശ്രയതത്തിനായി കൈകൾ പരതിയപ്പോൾ ശൂന്യത തൊട്ടവളുടെ കൈകൾ മരവിച്ചു…

നെഞ്ചിന്കൂട് പിളർക്കുന്ന വേദന വന്നു മൂടിയപ്പോൾ തളർച്ചയോടെ അത് താങ്ങാനാവാതെ…തന്റെ ബാഗ് തുറന്നു ഫോണെടുത്തു അപ്പൂനെ വിളിച്ചു
“ഒന്നു വീട് വരെ വരുമോ” എന്നു പറയുമ്പോൾ ഇടക്ക് വെച്ചു മുറിഞ്ഞുപോയ ആ ശബ്ദത്തിന്റെ കൂടെ ശക്തമായ ഒരു എങ്ങലടിയോടെ അവൾ പുറകിലേക്ക് മറിഞ്ഞു…

മുഴുമിക്കാതെ നിശബ്ദമായ ആ വിളിയിലേക്കു അപ്പു തിരിച്ചു വിളിക്കുമ്പോൾ എടുക്കേണ്ട ആളില്ലാതെ അത് മുറ്റത്തെ പിച്ചകച്ചുവട്ടിൽ കിടന്നു കിതച്ചു..

തുടരും

പ്രണയകീർത്തനം : ഭാഗം 1

പ്രണയകീർത്തനം : ഭാഗം 2

പ്രണയകീർത്തനം : ഭാഗം 3

പ്രണയകീർത്തനം : ഭാഗം 4

പ്രണയകീർത്തനം : ഭാഗം 5

പ്രണയകീർത്തനം : ഭാഗം 6

പ്രണയകീർത്തനം : ഭാഗം 7

പ്രണയകീർത്തനം : ഭാഗം 8